page

Thursday, 20 July 2017

അല്ലാഹു പോരേ അടിമക്ക്‌?

അല്ലാഹു പോരേ അടിമക്ക്‌?        
======================        

അല്ലാഹു പോരേ അവന്റെ അടിമക്ക്‌ എന്ന് സംശയിക്കുന്നവരുണ്ട്‌. അവർ ചോദിക്കുന്നത്‌ അല്ലാഹു പറഞ്ഞത്‌

اليس الله بكاف عبده(الزمر36
തന്റെ ദാസന്‌ അല്ല്ലാഹു മതിയായവനല്ലയോ(സുമർ36)എന്നാണ്‌. ആസ്ഥിതിക്ക്‌ എന്തിനാണീ മഹാത്മാക്കൾ? ‌ ഈ ചോദ്യം വേണ്ടത്ര ചിന്തിക്കാത്തത്‌ കൊണ്ടാണ്‌ വരുന്നത്‌. സഹായം ചോദിച്ച്‌ വാങ്ങാൻ നമുക്ക്‌ കഴിവ്‌ നൽകുകയും നമ്മെ സഹായിക്കാൻ മഹാത്മാക്കളെ നിശ്ചയിക്കുകയും ചെയ്തത്‌ അല്ലാഹുവാണ്‌ ആ അല്ലാഹുവാണ്‌ ചോദിക്കുന്നത്‌ ദാസന്‌ അല്ലാഹു പോരേ എന്ന് അല്ലാതെ എല്ലാവരും സകല കാര്യത്തിനും അല്ലാഹുവെ മാത്രം ഉപയോഗപ്പെടുത്തുകയെന്നല്ല അതേസമയം അന്തിമ വിശകലനത്തിൽ അല്ലാഹു തന്നെയാണ്‌ എല്ലാം തരുന്നത്‌. ഈ വീക്ഷണത്തിലാണ്‌ ഈ ചോദ്യം (അല്ലാഹു പോരേ എന്നത്‌)പ്രസക്തമാകുന്നത്‌. അല്ലാതെ ഇനി മുതൽ ഭാര്യക്ക്‌ ഭർത്താവോ ശിഷ്യന്‌ ഗുരുവോ മകന്‌ പിതാവോ അനുയായിക്ക്‌ നേതാവോ സാധാരണക്കാരന്‌ മഹാത്മാവോ വേണ്ടെന്നല്ല മറിച്ച്‌ ഇങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ബന്ധങ്ങളും നൽകിയ അല്ലാഹു- അതു ഉപയോഗപ്പെടുത്താൻ അനുവദിച്ച അല്ലാഹു- അവൻ പോരേ തന്റെ അടിമക്ക്‌ എന്ന് ചോദിച്ചാൽ മതി എന്ന് തന്നെയാണുത്തരം. അതിനർത്ഥം ഇനിമേൽ ആരെയും ഒന്നിനും ആശ്രയിക്കരുതെന്നല്ല. അവൻ വെച്ച സംവിധാനങ്ങൾ സ്വീകരിക്കലാണ്‌ ശരി. എന്നാൽ രസകരമായ ഒരു കാര്യം മഹാന്മാരെ തള്ളാൻ, അല്ലാഹു പോരേ ? എന്ന് വലിയ വായിൽ പറയുന്നവർ മറ്റു കാര്യങ്ങൾക്കൊക്കെ അല്ലാഹു അല്ലാത്തവരെ സമീപിക്കുന്നു എന്നതാണ്‌. അതിനു അവർക്കു പറയാനുള്ള എല്ലാ ന്യായവും ഇവിടെയും ഉണ്ടെന്നാണ്‌ അന്തിമ വിശകലനത്തിൽ തെളിയുന്നത്‌. ഈ കാര്യം അല്ലാഹു തന്നെ ഖുർആനിൽ പലയിടത്തും സൂചിപ്പിച്ചത്‌ കാണാം ഉദാഹരണമായി സൂറ:അൻഫാലിൽ അല്ലാഹു പറയുന്നു.

ياايها النبي حسبك الله ومن اتبعك من المؤمنين(الأنفال 64

ഓ നബിയേ! അങ്ങേക്ക്‌ അല്ലാഹുവും അങ്ങയെ അനുഗമിച്ച വിശ്വാസികളും മതി(അൻഫാൽ 64)

وان يريدوا ان يخدعوك فان حسبك الله هو الذي ايدك بنصره وبالمؤمنين(الأنفال 62

അവർ തങ്ങളെ വഞ്ചിക്കാനുദ്ദേശിക്കുന്ന പക്ഷം തീർച്ചയായും തങ്ങൾക്ക്‌ അല്ലാഹു മതി അവനാണ്‌ അവന്റെ സഹായം മുഖേനയും വിശ്വാസികൾ മുഖേനയും തങ്ങൾക്ക്‌ പിൻബലം നൽകിയവൻ(അൻഫാൽ 62)

ഇങ്ങനെ എത്രയോ സൂക്തങ്ങൾ കാണാം ഇതൊന്നും അല്ലാഹു പോരാത്തത്‌ കൊണ്ടല്ല മറിച്ച്‌ അവൻ മതിയായത്‌ കൊണ്ടാണ്‌ അവൻ അനുവദിച്ച കാരണങ്ങളിൽ മാത്രം നാം ഒതുങ്ങിയത്‌ ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും അല്ലാഹു നമ്മുടെ രക്ഷിതാവും സംരക്ഷകനും പരമ സഹായിയുമാണ്‌ അതിനാൽ നമ്മുടെ ഏറ്റവും വലിയ വണക്കവും വിധേയത്വവും അവന്‌ മാത്രം സമർപ്പിക്കുകയും പരമമായ സഹായം അവനിൽ നിന്ന് മാത്രം നാം തേടുകയും ചെയ്യുന്നു ഈ പ്രൗഢമായ ആശയത്തിന്റെ നിഷ്ക്കളങ്കമായ പ്രകാശനമാണ്‌ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത്‌..