page

Friday, 28 July 2017

മയ്യിത്തിന് ഖുർആനോത്ത് - നവവി ഇമാം പറഞ്ഞതെന്ത്?

ഇമാം നവവി(റ) പറഞ്ഞത്? 

 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ; 

وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)

'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:     

അർത്ഥം:
   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു:    

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)  

ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:  

അർത്ഥം:
ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.



وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)

ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322) 

അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു:   

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു:    

 അർത്ഥം:
മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്