page

Wednesday, 9 August 2017

ഇമാമുമാർ - 1

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)
💐💐💐💐💐💐💐💐💐💐💐

ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ജനിച്ചതെന്ന് തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:431 ല്‍ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടുണ്ട്. ജന്മനാട് ബഗ്ദാദാണെന്നും വളര്‍ന്നതും വലുതായതും അവിടെ വെച്ചു തന്നെയാണെന്നും ഇബ്നു അസാകിര്‍ (റ) തന്റെ താരീഖുദ്ദിമശ്ഖ്: വാ:2, പേ:31 ല്‍ പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദ്ബ്നു ഹമ്പലിന്റെ ഹദീസ് പാണ്ഢിത്യം അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും ഉസ്താദുമാരില്‍ പ്രധാനിയായ അഹ്മദ്ബ്നു ഹമ്പല്‍ (റ) ഇമാം ശാഫിഈ (റ) യുടെ ശിഷ്യഗണങ്ങളിലെ പ്രധാനിയും കൂടിയാണ്.
ഹാരിസുബ്നു അബ്ബാസി (റ) ല്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: ഹാരിസ് (റ) പറഞ്ഞു: അബൂമിസ്ഹറി (റ) നോട് ഞാന്‍ ഇങ്ങനെ ചോദിച്ചു. ഈ ഉമ്മത്തിന്റെ ദീന്‍ കാര്യങ്ങളെ പൂര്‍ണ്ണമായും മനഃപാഠമാക്കിയ വല്ല വ്യക്തിയെയും താങ്കള്‍ അറിയുമൊ? മറുപടി ഇപ്രകാരമായിരുന്നു. കുറച്ച് കിഴക്ക് ഭാഗത്തുള്ള ഒരു യുവാവിനെയല്ലാതെ അങ്ങനെയുള്ള ഒരു വ്യക്തിയെ ഞാനറിയില്ല. പ്രസ്തുത യുവാവ് കൊണ്ടു വിവക്ഷ ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) യായിരുന്നു. (കിതാബുല്‍ ജര്‍ഹിവത്ത അ്ദീല്‍: വാ:1, പേ:292 )
ഹുശൈമ്, ഇബ്രാഹീമുബ്നു സഅദ്, സുഫ്യാനുബ്നു ഉയൈയ്ന, അബ്ബാദ്, യഹ്യബ്നു അബീസാഇദ (റ.ഹും) തുടങ്ങിയവരില്‍ നിന്നും ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. ഇമാം ബുഖാരി (റ), മുസ്ലിം, അബൂദാവൂദ്, അബൂസര്‍അ, അബ്ദുല്ലാഹിബ്നു അഹ്മദ്, അബുല്‍ ഖാസിമില്‍ ബഗ്വി (റ) തുടങ്ങിയ ഒരു പണ്ഢിത വ്യൂഹം ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് ഹദീസുകള്‍ കേട്ടവരുമാണ്. ഇബ്രാഹീമുല്‍ ഹറബി (റ) യുടെ വാക്കുകള്‍ ഇപ്രകാരമാണ്. “മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും സര്‍വ്വ വിജ്ഞാനങ്ങളും അല്ലാഹു ശേഖരിച്ച് കൊടുത്ത ഒരു വ്യക്തിയായിട്ടാണ് അഹ്മദ്ബ്നു ഹമ്പലി (റ) നെ ഞാന്‍ കാണുന്നത് (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:431).
മുഹമ്മദ്ബ്നുല്‍മുസ്ലിമി (റ) ല്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: മുഹമ്മദ ്(റ) നോട് അലിയ്യുല്‍ മദീനി (റ), യഹ്യബ്നു മഈന്‍ (റ) എന്നീ രണ്ടു വ്യക്തികളില്‍ കൂടുതല്‍ ഹദീസ് മന:പാഠമുള്ള വ്യക്തി ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം മറുപടി നല്‍കി. “കൂടുതല്‍ ഹദീസ് ശേഖരിച്ച വ്യക്തി അലിയ്യുല്‍ മദീനി (റ) യും ഹദീസിന്റെ ബലാബലം കൊണ്ട് കൂടുതല്‍ ജ്ഞാനി യഹ്യബ്നു മഈനു (റ) മാണ്. എന്നാല്‍ അവരേക്കാളെല്ലാം കൂടുതല്‍ ഹദീസ് ശേഖരിച്ച വ്യക്തിയാണ് അഹ്മദ് ബ്നു ഹമ്പല്‍ (റ). അവര്‍ വിജ്ഞാനത്തിന്റെയും മനഃപാഠത്തിന്റെയും കര്‍മ്മശാസ്ത്രത്തിന്റെയും ഉടമയായിരുന്നു” (കിതാബുല്‍ ജര്‍ഹി വത്തഅ്ദീല്‍: വാ:1, പേ:294 ).
ഇമാം സുയൂഥി (റ) അബൂസര്‍അയില്‍ നിന്നുദ്ധരിക്കുന്നു. അഹ്മദ്ബ്നു ഹമ്പല്‍ (റ) പത്തു ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയിരുന്നു. ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഇങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി നല്‍കി. ഞാന്‍ അഹ്മദ്ബ്നു ഹമ്പലു (റ) മായി നേരില്‍ സം സാരിച്ചതും അവരില്‍ നിന്ന് എല്ലാ അദ്ധ്യായങ്ങളും പഠിച്ചതുമാണ് എന്റെ രേഖ. (തദ്രീബുര്‍റാവി: വാ:1, പേ:50).
തദ്രീബുര്‍റാവി തന്നെ വാ:1, പേ:100ല്‍ പറയുന്നു: “അഹ്മദ്ബ്നു ഹമ്പല്‍ (റ) പ്രസ്താവിച്ചു. ഏഴു ലക്ഷത്തില്‍പരം ഹദീസുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. ഏഴ് ലക്ഷത്തി അന്‍പതിനായിരത്തിലധികം വരുന്ന ഹദീസുകളില്‍ നിന്നാണ് എന്റെ മുസ്നദിനെ ഞാന്‍ ക്രോഡീകരിച്ചത് ”.
സഈദുബ്നു അംറില്‍ (റ) നിന്ന് ഇബ്നു അബീ ഹാതിം നിവേദനം. അവര്‍ പറഞ്ഞു: താങ്കളാണോ അഹ്മദ്ബ്നു ഹമ്പലാണോ കൂടുതല്‍ ഹദീസ് മനഃപാഠമാക്കിയതെന്ന് ഞാന്‍ അബൂസര്‍അയോട് ചോദിച്ചു. അബൂസര്‍അ (റ) ഇപ്രകാരം പ്രതികരിച്ചു. അഹ്മദ് ബ്നു ഹമ്പല്‍ തന്നെ. ഇതു താങ്കള്‍ക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്ന് വീണ്ടും ചോദിച്ചതിന് അവിടുന്ന് ഇങ്ങനെ പ്രതിവചിച്ചു. അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ ഗ്രന്ഥങ്ങളിലൊന്നും ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ നാമങ്ങളും ചരിത്രങ്ങളും ഇല്ല. അവ മുഴുക്കെയും അവരുടെ ഹൃദയത്തിലായിരുന്നു. ഇപ്രകാരം മനഃപാഠമാക്കാന്‍ ശേഷിയുള്ളവനല്ല ഞാന്‍”. (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:296)
അബൂസര്‍അ (റ )യില്‍ നിന്നു നിവേദനം: “അഹ്മദ്ബ്നു ഹമ്പല്‍ (റ) വഫാത്തായ ദിവസം അവിടു ത്തെ ഹദീസ് ഗ്രന്ഥങ്ങളുടെ കണക്ക് നോക്കിയപ്പോള്‍ അവ പന്ത്രണ്ട് ചുവടുകള്‍ വരുന്നതായിരുന്നു. അവയില്‍ നിന്നുള്ള ഒന്നിന്റെ മുകളിലും മുസ്നദു ഫുലാന്‍ (ഇന്നയാള്‍ മുഖേനയുള്ള ഹദീസുകള്‍) എന്നെഴുതിവെച്ചിട്ടില്ല. അതുപോലെ അവ ഒന്നിന്റെ ഉള്ളിലും നിവേദക പരമ്പരയും വിവരിച്ചിട്ടില്ല. അതെല്ലാം അവിടുത്തെ വിശാലമായ മനസ്സില്‍ സൂക്ഷിപ്പുണ്ടായിരുന്നു” (ത്വബഖാത്: വാ:1, പേ:200).
ഹര്‍മലതു (റ) പറയുന്നു. “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ബഗ്ദാദില്‍ നിന്ന് ഞാന്‍ പുറപ്പെടുമ്പോള്‍ അഹ്മദ്ബ്നു ഹമ്പലി (റ) നേക്കാള്‍ കര്‍മ്മ ശാസ്ത്രത്തിലും പാണ്ഢിത്യത്തിലും ശ്രേഷ്ഠതയിലും മുന്‍പന്തിയിലുള്ള മറ്റൊരാളെ ഞാനവിടെ പ്രതിനിധിയാക്കിയിട്ടില്ല” (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:432).
ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പുത്രന്‍ അബ്ദുല്ലാഹ് (റ) പറയുന്നു: “എന്റെ പിതാവ് ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു. പ്രബലമായ ഹദീസുകള്‍ കൊണ്ട് കൂടുതല്‍ ജ്ഞാനി താങ്കളാണെന്നും സ്വഹീഹായ ഹദീസ് ലഭിച്ചാല്‍ എനിക്കറിയിച്ചു തരണമെന്നും ഇമാം ശാഫിഈ (റ) പിതാവിനോട് പറയാറുണ്ടായിരുന്നു” സിയറ്: വാ:10, പേ:33, ഹില്‍യത്ത്: വാ:9, പേ:170, ത്വബഖാതുല്‍ ഹനാബില: വാ:1, പേ:282, ശദറാതുദ്ദഹബ്: വാ:2, പേ:10 എന്നിവ നോക്കുക.
അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് പുത്രന്‍ അബ്ദുല്ലാഹ് (റ) തന്നെ ഉദ്ധരിക്കുന്നു.: “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു. നമ്മള്‍ അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് ഹദീസ് കേട്ടതിനേക്കാള്‍ എത്രയൊ അധികം ഹദീസുകള്‍ അഹ്മദ്ബ്നു ഹമ്പല്‍ (റ) നമ്മളില്‍ നിന്ന് കേട്ടിട്ടുണ്ട്”. അബ്ദുല്ലാഹ് (റ) തുടരുന്നു. “ഇമാം ശാഫിഈ (റ) യുടെ കിതാബുകളില്‍ ഒരു യോഗ്യന്‍ എന്നോട് ഹദീസ് പറഞ്ഞു” എന്ന് പറയുന്നിടത്ത് വിവക്ഷിക്കുന്നതു എന്റെ പിതാവിനെയാണ് ” (താരീഖു ഇബ്നി അസാകിര്‍: വാ:2, പേ:38 ).
“മുഖദ്ദിമതു ബയാനി ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ”പേ:22 ല്‍ പറയുന്നു: “എന്നാല്‍ ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്ത വാക്കിലും ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പാണ്ഢിത്യം ഇമാം ശാഫിഈ (റ) സമ്മതിച്ചതിലും ഇമാം ശാഫിഈ (റ) ക്ക് ഹദീസ് പാണ്ഢിത്യമില്ലെന്നതിനു യാതൊരു രേഖയുമില്ല. പ്രത്യുത അത് ഇമാം ശാഫിഈ (റ) യുടെ വിനയത്തെ കുറിക്കുന്നതു മാത്രമാണ്. ഇബ്നു അബീ ഹാതിമി (റ) ന്റെ മനാഖിബുശ്ശാഫിഈ 95 നോക്കുക. അബ്ബാസുബ്നു മുഹമ്മദി (റ) ല്‍ നിന്ന് നിവേദനം: യഹ്യബ്നു മഈന്‍ (റ) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടു. ഞാന്‍ അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകണമെന്നാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നത്. അല്ലാഹുവാണ് സത്യം. അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകാന്‍ ഞാനൊരിക്കലും ശേഷിയുള്ളവനല്ല. (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:298)
“ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഹിജ്റ 241 റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്ന് വെള്ളിയാഴ്ചയാണ് വഫാത്തായത്. അന്നവര്‍ക്കു 79 വയസ്സുണ്ടായിരുന്നു”. (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:32).
ഇബ്നു അബീ ഹാതിം (റ) പറയുന്നു. “അബൂസര്‍അ (റ) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടു. ഭരണാധികാരിയായ മുതവക്കില്‍ അഹ്മദ്ബ്നു ഹമ്പലിന്റെ ജനാസ നിസ്കാരം നിര്‍വ്വഹിച്ച സ്ഥലം അളന്നു നോക്കാന്‍ കല്‍പിച്ചുവെന്നും അപ്പോള്‍ 25 ലക്ഷം പേര്‍ക്ക് നില്‍ക്കാന്‍ മാത്രം വിസ്തീര്‍ണ്ണമുള്ളതായിരുന്നു ആ സ്ഥലമെന്നുമുള്ള റിപ്പോര്‍ട്ട് എനിക്ക് ലഭിച്ചു”. (ത്വബഖാത്: വാ:1, പേ:204).
മദ്ഹബിന്റെ ഇമാമുകളെക്കാള്‍ കൂടുതല്‍ ഹദീസ് പാണ്ഢിത്യമുള്ളവരാണെന്ന് ഇന്നു ചിലര്‍ വിശേഷിപ്പിക്കുന്ന ഇമാം ബുഖാരി (റ), മുസ്ലിം തുടങ്ങിയവരുടെ ഹദീസ് പാണ്ഢിത്യത്തെ സംബന്ധിച്ച് ഇമാം സുയൂഥി (റ) രേഖപ്പെടുത്തുന്നതു കാണുക. ഇമാം ബുഖാരി (റ) പ്രസ്താവിച്ചു: “സ്വഹീഹായ ഒരു ലക്ഷം ഹദീസുകളും അല്ലാത്ത രണ്ടു ലക്ഷം ഹദീസുകളും ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട്”. ഇമാം മുസ്ലിം (റ) പറഞ്ഞു: “എന്റെ ഈ സ്വഹീഹിന്റെ രചന നടത്തിയിരിക്കുന്നത് ഞാന്‍ കേട്ട മൂന്നു ലക്ഷം ഹദീസുകളില്‍ നിന്നാണ്’”. ഇമാം അബൂദാവൂദ് (റ) പറഞ്ഞു: “നബി (സ്വ) യില്‍ നിന്നുള്ള അഞ്ചു ലക്ഷം ഹദീസുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ എന്റെ കിതാബുസ്സുനന്‍ രചിച്ചത്”. ഇമാം ഹാകിം റ) തന്റെ മദ്ഖലില്‍ പറഞ്ഞു. “ഇന്നുള്ള ഹദീസ് പണ്ഢിതന്മാരില്‍ ഏതൊരു വ്യക്തിയും അഞ്ചു ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയവരാണ് ” (തദ്രീബുര്‍റാവി: വാ:1, പേ:50).
മദ്ഹബിന്റെ ഇമാമുകളെ ആക്ഷേപിക്കുന്നവര്‍ വലിയ ഹദീസ് പണ്ഢിതരായി കണ്ട ഇവരെല്ലാം ഹദീസ് മനഃപാഠത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്ക് താഴെയാണെന്നാണ് വസ്തുത. അതുകൊണ്ട് തന്നെയാണ് ഇവരാരും തന്നെ ഇജ്തിഹാദ് പദവി അവകാശപ്പെടാതിരുന്നത്. പ്രത്യുത ഇവരെല്ലാം ശാഫിഈ മദ്ഹബ് അംഗീകരിച്ചവരായിരുന്നു. ഇതു ആക്ഷേപകരുടെ പുസ്തകം തന്നെ അംഗീകരിച്ചതാണ്. അതു കൊണ്ടാണ് ശാഫിഈ മദ്ഹബിലെ പ്രഗത്ഭ ഹദീസ് പണ്ഢിതരുടെ മാത്രം ചരിത്രങ്ങള്‍ ക്രോഡീകരിച്ച ഇമാം സുബ്കി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യയിലും മറ്റും ഇവരുടെ നാമങ്ങള്‍ ഉള്‍കൊള്ളിച്ചത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം സുയൂഥി (റ)
💐💐💐💐💐💐💐

ഹി.849 റജബ് ഒന്നിനാണ് ജമാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ കമാലുദ്ദീന്‍ അസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോള്‍ പിതാവ് വിട പറഞ്ഞെങ്കിലും പില്‍ക്കാലത്തു പഠന മേഖലയിലേക്കു ശ്രദ്ധ തിരിക്കുന്നതിനു അത് തടസ്സമായില്ല. അക്കാലത്തെ ഏതാണ്ട് എല്ലാ പ്രശസ്ത പണ്ഢിതന്മാരുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ സുയൂഥി ഇമാമിനു ഭാഗ്യം ലഭിച്ചു. അതു കൊണ്ട് തന്നെ നൂററി അമ്പതില ധികം അധ്യാപകരില്‍ നിന്ന് വിദ്യ നുകര്‍ന്നിട്ടുണ്ട്.
അറുനൂറില്‍ പരം രചനകളുടെ കര്‍ത്താവാണ് ഇമാം സുയൂഥി. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്ന ചെറുഗ്രന്ഥങ്ങളും വാള്യങ്ങള്‍ തന്നെയുള്ള ബൃഹത്തായ ഗ്രന്ഥങ്ങളും ഇതില്‍ പെടും. പൌരാണിക പണ്ഢിതരുടെ ധാരാളം രചനകള്‍ക്കു സംക്ഷേപം തയ്യാറാക്കിയിട്ടുണ്ട് ഇമാം സുയൂഥി.
തിരുദൂതരുടെ എല്ലാ ഹദീസുകളും ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കാന്‍ കൊതിച്ചിരുന്ന ഇബ്നു ഹജര്‍ (റ) (മരണം 852) പക്ഷേ, തന്റെ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. ശേഷം ഇതേ വഴിയില്‍ ഇമാം സുയൂഥി ചിന്തിക്കുകയും ‘അല്‍ ജാമിഉല്‍ കബീര്‍’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. തിരുനബിയുടെ മൊഴിമുത്തുകള്‍, പ്രവൃത്തികള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. ഒന്നാമത്തേതില്‍ അക്ഷരമാല ക്രമമനുസരിച്ച് റസൂലുല്ലാഹിയുടെ വാക്കുകള്‍ സംവിധാനിച്ചിരിക്കുന്നു. രണ്ടാം ഭാഗം  സംവിധാനിച്ചി രിക്കുന്നത് കൂടെയുണ്ടായിരുന്ന ആളുകളെ പരിഗണിച്ചു കൊണ്ടാണ്. സനദു പറയുന്ന സ്വഭാവം ഇതില്‍ ഉപേക്ഷിച്ചിരിക്കുകയാണ് രചയിതാവ്.
വിജ്ഞാന സമ്പാദനത്തിനായി ശാം, ഹിജാസ്, യമന്‍, ഇന്ത്യ, മഗ്രിബ് തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ച സുയൂഥി ഇമാം 911 ല്‍ വഫാത്തായി. മരണം 913 ല്‍ ആയിരുന്നുവെന്ന് പറയുന്ന ചരിത്രകാരന്മാരുമുണ്ട്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം ത്വബ്റാനി (റ)
💐💐💐💐💐💐💐💐

ഹി. 260 ലെ സ്വഫര്‍ മാസത്തിലാണ് അബുല്‍ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തില്‍ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം മുതല്‍ക്കെ ഹദീസ് പഠിക്കാന്‍ പറഞ്ഞയച്ചു. ഹി. 273 ല്‍ അഥവാ പതിമൂന്നാം വയസ്സില്‍ തന്നെ ത്വബ്റാനി ഹദീസ് പഠനം തുടങ്ങിയെന്ന് ദഹബി പറയുന്നുണ്ട്. ഹി. 274 ല്‍ ഖുദുസും 75 ല്‍ ഖൈസാരിയയും ഹദീസ് പഠന ആവശ്യാര്‍ഥം സന്ദര്‍ശിച്ച ത്വബ്റാനി പിന്നീട് സിറിയ, ഈജിപ്ത്, യമന്‍, ഇറാന്‍, അഫ് ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലും ഇതേ ആവശ്യാര്‍ഥം സന്ദര്‍ശിക്കുകയുണ്ടായി.
മുപ്പത് വര്‍ഷക്കാലം ഹദീസ് പഠനത്തിനായി വിനിയോഗിച്ച ത്വബ്റാനിയുടെ ഗുരുക്കന്മാര്‍ നൂറില്‍ കവിയും. 290 ല്‍ ഹദീസ് പഠനത്തിനായി അഫ്ഗാന്‍ സന്ദര്‍ശിച്ച ത്വബ് റാനി പിന്നീടു പലയിടങ്ങളില്‍ വീണ്ടും അഫ്ഗാനില്‍ വരികയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അരനൂററാണ്ടിലധികം അവിടെ കഴിച്ചു കൂട്ടി. ഹി. 360 ദുല്‍ഖ അ്ദഃ 28 നു അഫ്ഗാനില്‍ വച്ചു തന്നെ വഫാത്താവുകയുണ്ടായി. 101 വയസ്സു തികയാന്‍ 2 മാസം ബാക്കിയായിരിക്കെയാ യിരുന്നു മരണം.
മുപ്പതോളം ഗ്രന്ഥങ്ങള്‍ ത്വബ്റാനി രചിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പില്‍ക്കാല അനുവാചകരുടെ കൈകളില്‍ എത്തിയില്ല. ഇന്ന് ഏതാണ്ട് പത്തോളം ഗ്രന്ഥങ്ങളേ ത്വബ്റാനിയുടേതായി കാണാനൊക്കൂ.
ഇവയില്‍ ഏററവും പ്രസിദ്ധം അല്‍ മജ്മഉല്‍ കബീര്‍ എന്ന 12 വാള്യങ്ങളുള്ള കിതാബാണ്. ഹദീസുകളുടെ വിജ്ഞാന ലോകം എന്നു തന്നെ വിശേഷിപ്പിക്കപ്പെടാവുന്ന ഇതില്‍ തിരുനബിയുടെ മൊഴിമുത്തുകള്‍ മാത്രമല്ല ചരിത്രപരമായ വിജ്ഞാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹദീസുകളെക്കുറിച്ചു അപൂര്‍വങ്ങളായ വിവരങ്ങള്‍ പറഞ്ഞു തരുന്ന അല്‍മജ്മഉല്‍ ഔസത്വ് ആണ് ശ്രദ്ധേയമായ മറെറാരു ഗ്രന്ഥം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം മാലിക്ബ്നു അനസ് (റ)
💐💐💐💐💐💐💐💐💐💐💐

“ഉമ്മാ, എനിക്കു പഠിക്കാന്‍ പോകണം”. “എങ്കില്‍ മോനേ, നീ അതിനുള്ള വസ്ത്രം ധരിക്കൂ”. ഉമ്മ പറഞ്ഞു. തുടര്‍ന്ന് ഉമ്മ എന്റെ തലയില്‍ തൊപ്പിയിട്ടുതന്നു. അതിനു മീതെ തലപ്പാവണിയിച്ചു. എന്നിട്ടു പറഞ്ഞു : “ഇനി യാത്രയാവാം.” തന്റെ പഠനത്തിന്റെ തുടക്കത്തെക്കുറിച്ചു മഹാനായ ഇമാം മാലിക് വിശദീകരിക്കുന്നതിങ്ങനെയാണ്.
ഹിജ്റ 93 ല്‍ ജനിച്ചു 179 ല്‍ വഫാത്തായ ഇമാം മാലിക (റ), സുഹ്രി, യഹ്യബ്നു സഈദ്, നാഫിഅ്, മുഹമ്മദ് ബ്നു മുന്‍കദിര്‍, ഹിശാമുബ്നു ഉര്‍വ, സയ്ദ്ബ്നു അസ്ലം, റബീഅതുബ്നു അബീ അബ്ദിര്‍റഹ്മാന്‍ തുടങ്ങി ധാരാളം ഉസ്താദുമാരില്‍ നിന്നു വിദ്യ നുകര്‍ന്നു. ഇമാം ശാഫിഈ, മുഹമ്മദ്ബ്നു ഇബ്റാഹീം, അബൂഹിശാം, മഅ്നുബ്നു ഈസാ, യഹ്യബ്നു യഹ്യ, അബ്ദുല്ലാഹിബ്നു മസ്ലമതുല്‍ ഖഅ്നബി, അബ്ദുല്ലാഹിബ്നു വഹബ് തുടങ്ങി ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും അബൂദാവൂദിന്റെയും തിര്‍മുദിയുടെയും അഹ്മദ്ബ്നു ഹമ്പലിന്റെയും (റ) ശൈഖുമാരും അല്ലാത്തവരുമായ ധാരാളം പ്രമുഖര്‍ ഉള്‍കൊള്ളുന്നതാണ് അവിടുത്തെ ശിഷ്യഗണം.
പതിനേഴാം വയസ്സില്‍ അധ്യാപനം തുടങ്ങിയ മാലികിന്റെ ക്ളാസില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഏറെ ഔല്‍സുക്യം കാണിക്കുമായിരുന്നു. തന്റെ ഉസ്താദുമാര്‍ ജീവിച്ചിരിക്കെ തന്നെ അവരുടെ തിനേക്കാളും വലിയ സദസ്സ് മാലികിന്റേതായിരുന്നു. എഴുപതോളം ഇമാമുകള്‍ ഫത്വ നല്‍കാന്‍ അര്‍ഹനാണെന്ന അംഗീകാരം നല്‍കിയതിനു ശേഷമേ ഞാന്‍ ഫത്വ നല്‍കിയിട്ടുള്ളൂവെന്ന മഹാനവര്‍കളുടെ വാക്കില്‍ നിന്നു ജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ ക്കുമിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അംഗീകാരം എത്രത്തോളമായിരുന്നു വെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല.
ഹദീസും ഫിഖ്ഹും പഠിക്കാന്‍ മാലിക് (റ) ന്റെ കവാടത്തില്‍ ജനങ്ങള്‍ തിക്കിത്തിരക്കുമായിരുന്നു; അധികാരത്തിന്റെ ഉമ്മറപ്പടിക്കല്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്നതു പോലെ. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന മാലിക് (റ) നാവിനെ ഏറെ സൂക്ഷിക്കുന്ന ആളുമായിരുന്നു.
കര്‍മശാസ്ത്ര ചര്‍ച്ചക്കിരിക്കുമ്പോള്‍ ഹിതമാകുന്ന ഏതു രൂപത്തിലും മാലിക് (റ) ഇരിക്കും. പക്ഷേ, ഹദീസിനു വേണ്ടിയാണെങ്കില്‍ കുളിച്ചു സുഗന്ധം പുരട്ടി നല്ല വസ്ത്രം ധരിച്ചു തൊപ്പിയും തലപ്പാവുമണിഞ്ഞു ഏറെ ഭക്ത്യാദരപൂര്‍വമായിരുന്നു ഇരിക്കുക. തിരുനബിയുടെ ഹദീസിനെ ആദരിച്ചു ഹദീസ് സദസ്സുകളില്‍ ‘ഊദ്’ കത്തിച്ചു പരിമണം പരത്തുമായിരുന്നു.
അബ്ദുല്ലാഹിബ്നു മുബാറക് (റ) ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു: മാലിക് (റ) ഹദീസ് പറയുന്ന ഒരു സദസ്സില്‍ ഞാന്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹത്തെ ഒരു തേള്‍ പതിനാറ് തവണ കുത്തി. ഇത് കാരണം മാലിക് തങ്ങള്‍ വിവര്‍ണ്ണനായെങ്കിലും ഹദീസ് പറയുന്നത് നിര്‍ത്തിവെക്കാന്‍ അവിടുന്ന് ഒരുക്കമില്ലായിരുന്നു. ജനങ്ങളൊക്കെ പിരിഞ്ഞുപോയ ശേഷം മാലിക് (റ) ഇങ്ങനെ പറഞ്ഞു: “ഹദീസിനെ ആദരിച്ചതു കൊണ്ടാ ണ് ഞാന്‍ ഇത്രത്തോളം ക്ഷമിച്ചത്.”
തിരുനബിയുടെ ഹദീസിനെ അങ്ങേയററം ആദരിച്ച ഇമാം മാലിക് (റ) തിരുനബിയുടെ പട്ടണമായ മദീനയില്‍ വാഹനം ഉപയോഗിക്കുമായിരുന്നില്ല: എത്ര തന്നെ പരിക്ഷീണിതനാണെങ്കിലും. ‘ഇല്ല, തിരുനബിയുടെ ശരീരം മറപെട്ട മദീനയില്‍ ഞാന്‍ വാഹനം കയറില്ല’ എന്നായിരുന്നു ഇതേ കുറിച്ചു പറഞ്ഞത്.
ഒരു ഞായറാഴ്ച ദിവസം മാലിക് (റ) രോഗബാധിതനായി. ഇരുപത്തിരണ്ട് ദിവസങ്ങളോളം രോഗം നീണ്ടുനിന്നു. ഈ രോഗത്തിലായി ഹി. 179 റബീഉല്‍ അവ്വല്‍ 20 ന് മാലിക് (റ) വഫാത്തായി.
ദീനിന്നും ഉമ്മതിനും ദീനീ വിജ്ഞാനത്തിനും അതിമഹത്തായ സേവനങ്ങളര്‍പ്പിച്ച ഇമാം മാലിക് (റ)  ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അര്‍റദ്ദു അലല്‍ ഖദ്രിയ്യ, അര്രിസാലത്തു ഇലര്‍റശീദി, കിത്താബുന്നുജൂം, രിസാലത്തുന്‍ ഫില്‍ അഖാഇദ്, തഫ്സീറുല്‍ ലി ഗരീബില്‍ ഖുര്‍ആന്‍, രിസാല ഇലാ അബൂഗസ്സാല്‍, കിത്താബുല്‍ മനാസിക്, കിത്താബുല്‍ മുവത്വ തുടങ്ങിയവ അവയില്‍ പ്രഥമ  സ്ഥാനത്തു നില്‍ക്കുന്നവയാണ്. പക്ഷേ, പല ഗ്രന്ഥങ്ങളും നമുക്കിന്ന് ലഭ്യമല്ല.
ഇവയില്‍ ഏററം പ്രസിദ്ധം മുവത്വ ആണെന്നതില്‍ രണ്ടു പക്ഷമില്ല. പ്രസ്തുത ഗ്രന്ഥം തന്നെയാണ് മാലികി മദ്ഹബിന്റെ അടിത്തറ. തിരുനബിയുടെ വിശുദ്ധ ഹദീസുകള്‍ മാത്രമല്ല, മുന്‍കാല മഹത്തുക്കളുടെ ഫത്വകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രസ്തുത ഗ്രന്ഥങ്ങളില്‍ ഇടം നല്‍കിയിട്ടുണ്ട്.
പ്രഥമ ഘട്ടത്തില്‍ ധാരാളം ഹദീസുകള്‍ മുവത്വയില്‍ ഉള്‍കൊള്ളിച്ചിരുന്നുവെങ്കിലും പിന്നീടു പല ഘട്ടങ്ങളിലായി പലവിധ മാററങ്ങളും അതില്‍ വരുത്തുകയും  ഹദീസുകളുടെ എണ്ണം ചുരുക്കുകയും ചെയ്തിട്ടുണ്ട്. മുവത്വയില്‍ ഉള്‍കൊണ്ടിരിക്കുന്ന ഹദീസുകളുടെ എണ്ണത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സംക്ഷേപം നടന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം ഇബ്നു മാജഃ (റ)
💐💐💐💐💐💐💐💐


ഇബ്നുമാജഃ അല്‍ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്നു യസീദ്ബ്നു മാജഃ ഹര്‍റബീഈ അല്‍ ഖസ്വീനി ജനിക്കുന്നത് ഹി 209 ലാണ്. ഏതു പ്രായം മുതല്‍ക്കാണു ഹദീസ് പഠനം തുടങ്ങിയതെന്നു വ്യക്തമല്ലെങ്കിലും 233 ല്‍ വഫാതായ അലിയ്യുബ്നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്നു മാജഃയുടെ അധ്യാപകരില്‍ പ്രഥമന്‍. ഇതില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്  ഇബ്നു മാജഃ 15 അല്ലെങ്കില്‍ 20 വയസ്സു മുതല്‍ ഹദീസ് പഠനം തുടങ്ങിയിരിക്കു മെന്നാണ്. ആ കാലഘട്ടത്തില്‍ ഹദീസ് പഠനം തുടങ്ങുന്ന പ്രായവും അതാണല്ലോ.
ഹി. 230 മുതല്‍ ഹദീസ് പഠനത്തിനായി യാത്ര തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഖുറാസാന്‍, ഇറാഖ്, സിറിയ, ഈജിപ്ത്, തുടങ്ങിയ ദേശങ്ങളില്‍ ഈ ആവശ്യാര്‍ഥം സഞ്ചരിച്ചിട്ടുമുണ്ട്. വഫാത്ത് ഹി 273 റമളാന്‍ 21 ന് തിങ്കളാഴ്ചയായിരുന്നുവെന്നാണ് പ്രബലാഭിപ്രായം.
തഫ്സീര്‍, അത്താരീഖ്, സുനനു ഇബ്നു മാജഃ എന്നിവ രചനകളായിട്ടുണ്ടെങ്കിലും ആദ്യത്തെ രണ്ടെണ്ണത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. പില്‍ക്കാലക്കാ ര്‍ക്കു ലഭിക്കാതെ പോയ മുന്‍കാല പണ്ഢിതരുടെ അമൂല്യങ്ങളായ രചനകളുടെ പട്ടികയിലാണു ഇവ രണ്ടിന്റെയും സ്ഥാനമെന്നനുമാനിക്കാം. മൂന്നാമത്തെ ഗ്രന്ഥം ഏറെ പ്രശസ്തവും അംഗീകൃതവും ‘സ്വിഹാഹുസ്സിത്ത’യില്‍ സ്ഥാനം ലഭിച്ചിട്ടുള്ളതുമാണ്.
32 പ്രധാന അധ്യായങ്ങളിലായി 1500 ഉപ അധ്യായങ്ങള്‍ ഉള്‍കൊള്ളുന്ന ഈ ഗ്രന്ഥത്തി ലെ  മൊത്തം ഹദീസുകള്‍ 4341 ആണ്. ഇതില്‍ 3,002 എണ്ണം ‘സ്വിഹാഹുസ്സിത്ത’ യിലെ മററു അഞ്ചു ഗ്രന്ഥങ്ങളിലും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നിലെങ്കിലും  ഉദ്ധരിച്ച ഹദീസുകളാണ്. ശിഷ്ടമുള്ള 1339 ഹദീസുകള്‍ ഇബ്നു മാജഃ അല്ലാതെ ഉദ്ധരിച്ചിട്ടില്ല. ഇവയില്‍ 428 ഹദീസുകള്‍ സ്വഹീഹും 199 എണ്ണം ഹസനും 613 എണ്ണം സനദ് ളഈഫും 99 എണ്ണം മുന്‍കറുമാണ്.
മററുള്ളവരില്‍ നിന്നു വ്യത്യസ്തമായി ദുര്‍ബലമായ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ അവയെക്കുറിച്ചു ഇബ്നു മാജഃ? വിശദീകരണം നല്‍കാറില്ല. ഇക്കാരണത്താലാണ് ഈ കിത്താബിനെ സ്വിഹാഹുസ്സിത്തയില്‍ എണ്ണുന്നതിനോടു ചില പണ്ഢിതര്‍ വിയോജിച്ചതെന്ന നിഗമനത്തിലെത്തിച്ചേര്‍ന്ന ഗവേഷകരുണ്ട്. എന്തു തന്നെയായാലും സ്വിഹാഹിനെ അഞ്ചെണ്ണമായി പരിഗണിക്കുന്നവരും മുസ്നദുദ്ദാരിമിയെ ആറാമതായി എണ്ണിയിരുന്നുവെങ്കില്‍ അതായിരുന്നു ഉചിതമെന്നു പറയുന്നവരുമുണ്ട്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം നസാഈ (റ)
💐💐💐💐💐💐💐

ഹിജ്റ 215 ല്‍ ‘നസാഅ്’ എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥലത്താണ് അബൂ അബ്ദില്‍റഹ്മാന്‍ അഹ്മദ്ബ്നു ശുഐബ് ബ്നു അലിയ്യുബ്നു സിനാനുബ്നു ബഹ്ര്‍ അല്‍ ഖാറാസി അന്നസാഈ ജനിക്കുന്നത്.
ഹദീസ് പഠിക്കാനായി 15 വയസ്സു മുതല്‍ യാത്ര  തുടങ്ങിയിട്ടുണ്ട്. ഇറാഖ്, ശാം, മിസ്വ്റ്, ഹിജാസ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലുള്ള പണ്ഢിതന്മാരില്‍ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബൂദാവൂദ്, സിജിസ്ഥാനി, ഇസ്ഹാഖ്ബ്നു റാഹവൈഹി, ഇസ്ഹാഖുബ്നു ഹുബൈബ്, സുലൈമാന്‍ ബ്നു അശ്അസ് തുടങ്ങിയവര്‍ ഇവരില്‍ പെടും. അബുല്‍ ഖാസിം അത്ത്വബ്റാനി, ഇമാം അബൂ ജഅ്ഫര്‍ അത്ത്വഹാവി, അഹ്മദ്ബ്നു ഉമൈര്‍ബ്നു ഈസാ തുടങ്ങിയ ധാരാളം പ്രമുഖര്‍ ശിഷ്യഗണത്തിലുണ്ട്.
ധാരാളം ഗ്രന്ഥങ്ങള്‍ നസാഈ ഇമാമിനുണ്ട്.  ഇതില്‍ ഏററം പ്രസിദ്ധം അവിടുത്തെ സുനന്‍ തന്നെയാണ്.  ബുഖാരിക്കും മുസ്ലിമിനും ശേഷം വളരെ കുറച്ചുമാത്രം ളഈഫായ ഹദീസുകളുള്ള ഗ്രന്ഥമാണിതെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ഹിജ്റ 303 ലാണ് മഹാനവര്‍കള്‍ വഫാത്തായത്. വഫാത്തായ ഇടത്തെക്കുറിച്ചും മാസത്തെക്കുറിച്ചും പണ്ഢിതര്‍ ഭിന്നാഭിപ്രായത്തിലാണ്. സ്വഫര്‍ മാസത്തില്‍ ഫലസ്തീനില്‍ വച്ചായിരുന്നു വഫാത്തെന്ന അഭിപ്രായത്തിനു പല പ്രമുഖരുടെയും പിന്തുണയുണ്ട്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം തിര്‍മിദി (റ)
💐💐💐💐💐💐💐

ഹിജ്റ 209 ലാണ് മുഹമ്മദ്ബ്നു ഈസബ്നു സൌറബ്നു ളഹ്ഹാക് അത്തിര്‍മിദി ജനിക്കുന്നത്. ഹിജ്റ 235  മുതല്‍ ഹദീസ് പഠനത്തിനായി യാത്ര  തുടങ്ങി. 250 ആയപ്പോഴേക്കും ജന്മദേശമായ ഖുറാസാനില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് രചനയുടെ മേഖലയിലേക്കു കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്. ബുഖാരി ഇമാമിനെ പോലു ള്ള ഒരാളെ ഇറാഖിലോ ഖുറാസാനിലോ ഞാന്‍ കണ്ടിട്ടില്ലെന്നു തന്റെ അല്‍ ഇലലില്‍ വ്യക്തമാക്കി തിര്‍മിദി ഇമാം ബുഖാരിയില്‍ ഏറെ ആകൃഷ്ടനും അവരാല്‍ ഏറെ സ്വാ ധീനിക്കപ്പെട്ടവരുമായിരുന്നു.
പത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയില്‍ ഏററം പ്രശസ്തവും പ്രധാനവും അല്‍ജാമിഅ് ആണ്. ഇതില്‍ ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ്:
1) തിരുദൂതരുടെ ഹദീസുകള്‍ ക്രമാനുഗതമായി സമാഹരിക്കുക.
2) വിഷയവുമായി ബന്ധപ്പെട്ട് മുന്‍കാല ഇമാമുകള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുക.
3) ഹദീസിന്റെ നിലവാരം ചര്‍ച്ച ചെയ്യുക. വല്ല ദുര്‍ബലതയും  ഉണ്ടെങ്കില്‍ അതിനെ വിശദീകരിക്കുക.
അമ്പത് പ്രധാന അധ്യായങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഈ ഗ്രന്ഥം. 3,956 ഹദീസുകളാണ് ഇവയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിന്റെ രചന പൂര്‍ത്തീകരിച്ചത് ഹി. 270 ദുല്‍ഹി ജ്ജഃ പത്തിനാണ്. ഹി: 279 റജബ് 13 ന് തിര്‍മിദി വിടവാങ്ങുകയുണ്ടായി.
അല്‍ ജാമിഅ് എന്നതു കൊണ്ട് വിവക്ഷിക്കുന്നത് എല്ലാ ഇനം ഹദീസുകളും ഉള്‍ കൊണ്ട ഗ്രന്ഥത്തെയാണ്. അഥവാ സിയര്‍, ആദാബ്, തഫ്സീര്‍, അഖാഇദ്, ഫിതന്‍, അഹ്കാം, അശ്റാത്വ്, മനാഖിബ് തുടങ്ങിയ എല്ലാ ഇനങ്ങളെയും സുനനുത്തിര്‍മിദി ഉള്‍ കൊള്ളുന്നു.
ഇബ്നുല്‍ യഖ്ള ഇമാം തിര്‍മിദിയെ ഉദ്ധരിക്കുന്നു: “ഞാന്‍ ഈ മുസ്നദുസ്സ്വഹീഹിനെ രചിച്ച ശേഷം ഹിജാസിലേയും ഇറാഖിലേയും പണ്ഢിതര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു. അവര്‍ അതിനെ സ്വീകരിച്ചു അംഗീകരിച്ചു.” ബുഖാരി, മുസ്ലിം എന്നിവയില്‍ നിന്നു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഹദീസ് ശാസ്ത്രത്തില്‍ നൈപുണ്യമുള്ളവര്‍ക്കേ കഴിയുകയുള്ളൂവെന്നും എന്നാല്‍ ‘തിര്‍മിദിയില്‍’ ഹദീസുകളുടെ വിശദീകരണം കൂടി ഉള്‍കൊള്ളുന്നതിനാല്‍ കര്‍മശാസ്ത്ര പണ്ഢിതര്‍ക്കും മുഹദ്ദിസുകള്‍ക്കും മറെറല്ലാവര്‍ക്കും കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം അബൂദാവൂദ് (റ)
💐💐💐💐💐💐💐💐

ഹിജ്റ 202 ല്‍ ജനിച്ച് 275 ശവ്വാല്‍ 15 ന് വെള്ളിയാഴ്ച വഫാത്തായ അബൂദാവുദ് സുലൈമാന്‍ബ്നു അശ്അസി അല്‍ അസ്ദി അസ്സിജിസ്താനി വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നായ സുനനു അബൂ ദാവുദിന്റെ രചയിതാവാണ്. അവിടുത്തെ ചെറുപ്പകാലത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചെറുപ്പം മുതല്‍ക്കേ ഹദീസ് പഠനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നെന്നു കാണാം. ഹദീസ് പഠനത്തിനായി കൌമാരത്തില്‍ തന്നെ യാത്ര ചെയ്തിട്ടുണ്ട്. ഖുറാസാന്‍, റയ്യ്, ഹിറാത്ത്, കൂഫ, ബഗ്ദാദ്, തര്‍സൂസ്, ഡമസ്കസ്, ഈജിപ്ത്, ബസ്വറ തുടങ്ങിയ ഇടങ്ങളിലെ പണ്ഡിതരെ സമീപിക്കുകയും ഹദീസ് പഠിക്കുകയും ചെയ്തിട്ടുണ്ട്. തര്‍സൂസില്‍ തന്നെ 20 വര്‍ഷക്കാലം  ചെലവിട്ടുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ജനങ്ങള്‍ക്കിടയില്‍ ഏറെ ആദരവും പ്രശസ്തിയും ഉണ്ടായിരുന്ന അബൂദാവുദിനെ ബഗ്ദാദിലെ വീട്ടില്‍ ചെന്നു ഗവര്‍ണര്‍  ബസ്വറയിലേക്കു താമസം മാററാന്‍  അപേക്ഷിച്ചിരുന്നു. 257 ലെ കാലവിപത്തില്‍ ജനശൂന്യമായ ബസ്വറയെ അബൂദാവുദിന്റെ സാന്നിധ്യം കൊണ്ടു ജനനിബിഢമാക്കുകയായിരുന്നു ഗവര്‍ണറുടെ ലക്ഷ്യം.
ധാരാളം പണ്ഢിതരില്‍ നിന്നു അബൂദാവുദ് വിദ്യ നുകര്‍ന്നിട്ടുണ്ട്്. 300 ല്‍ പരം ശൈഖുമാര്‍ ഇമാം അബൂദാവൂദിനുണ്ടെന്ന് ഇബ്നു ഹജറുല്‍ അസ്ഖലാനി അഭിപ്രായപ്പെടുന്നു. അഹ്മദ്ബ്നു ഹമ്പല്‍, ഇമാം യഹ്യബ്നു മുഈന്‍, ഇസ്ഹാഖ് ബ്നു റാഹവൈഹി തുടങ്ങിയവര്‍ ഇവരില്‍ പെടും. തിര്‍മുദി, നസാഈ തുടങ്ങിയ ധാരാളം പ്രമുഖര്‍ ശിഷ്യന്‍മാരായിട്ടുണ്ട്.
ഇരുപതില്‍പരം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അബൂദാവുദ്. ഇതില്‍ ഏററം പ്രസിദ്ധം സുനന്‍ തന്നെ. ഇത് രചിച്ചത് തിര്‍സൂസില്‍ താമസിച്ചപ്പോഴായിരുന്നു. അഞ്ചുലക്ഷം ഹദീസുകളില്‍ നിന്നു തിരഞ്ഞെടുത്ത 4800 ഹദീസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവിടുത്തെ ജീവിത കാലത്തു തന്നെ ഈ ഗ്രന്ഥം ഏറെ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങള്‍ സുനനു അബീദാവൂദിനുണ്ട്. ബദ്ലുല്‍ മജ്ഹൂദ് ഫീ ഹല്ലി അബൂ ദാവുദ്, ഔനുല്‍ മഅ്ബൂദ് ശറഹു സുനനി അബീ ദാവുദ് തുടങ്ങിയവ പ്രസിദ്ധങ്ങളാണ്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം മുസ്ലിം (റ)
💐💐💐💐💐💐

ഹിജ്റ മൂന്നാം നൂററാണ്ടില്‍ ജീവിച്ച, ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുല്‍ ഹുസൈന്‍ മുസ്ലിമുബ്നു ഹജ്ജാജ് ബ്നു മുസ്ലിം അല്‍ ഖുശൈരി അന്നൈസാബൂരി. ഇസ്ലാമിക നാഗരികതക്കു ഏറെ ശോഭന കഥകള്‍ പറയാനുള്ള ഈ നൂററാണ്ടിലാണ് ഇമാം ബുഖാരി, തിര്‍മുദി, ഇബ്നുമാജ പേലെയുള്ള മഹത്തുക്കളായ പണ്ഡിതര്‍ ജീവിച്ചിരുന്നത്.
ഇമാം മുസ്ലിം ജനിച്ച കാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. പ്രബലാഭിപ്പായം 204 ലാണെന്നും മറെറാരഭിപ്രായം 206 ലാണെന്നുമാണ്. ദഹബി, ഇബ്നു ഹജര്‍ തുടങ്ങിയവര്‍ ഒന്നാം അഭിപ്രായക്കാരാണ്. ചെറുപ്പകാലത്തെ കുറിച്ച് വ്യക്തമായ ചരിത്രം ലഭ്യമല്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ ഖുര്‍ആനും അറബി വ്യാകരണവും സാഹിത്യവും പഠിച്ചിട്ടുണ്ടെന്നു അനുമാനിക്കാവുന്നതാണ്. കാരണം ആ കാലഘട്ടത്തിന്റെ സ്വഭാവമായിരുന്നു അത്. ഹദീസ് പഠനം ആരംഭിച്ചത് പതിനഞ്ചാം വയസ്സിലായിരുന്നു.
ഇമാം മുസ്ലിം, ഏതാണ്ട് അക്കാലത്തെ എല്ലാ പാഠശാലകളിലേക്കും യാത്ര തിരിച്ചിട്ടുണ്ട്. പ്രഥമയാത്ര 220 ല്‍ നടത്തിയ ഹജ്ജ് യാത്രയായിരുന്നു. പിന്നീട് 230 മുതല്‍ ഇറാഖ്, ഹിജാസ്, സിറിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രയായിട്ടുണ്ട്. അവസാനമായി ഇറാഖ് സന്ദര്‍ശിച്ചതു വഫാതാകുന്നതിന്റെ മുമ്പ് അഥവാ ഹി. 259 ല്‍ ആണ്.
സുഹൈര്‍ബ്നു ഹര്‍ബ്, സൈദ്ബ്നു മന്‍സ്വൂര്‍, ഇബ്നു അബീ ശൈബ, ബുഖാരി, ഇബ്നുല്‍ മഊന്‍ തുടങ്ങിയവരാണ് ഉസ്താദുമാര്‍. തിര്‍മുദി, ഇബ്നു അബീഹാതിം, ഇബ്നു ഖുസൈമഃ തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. ഇമാം ബുഖാരി നൈസാപൂരില്‍ വന്നപ്പോള്‍ ഇമാം മുസ്ലിം അവിടുത്തെ സവിധത്തില്‍ ചെല്ലുകയും പിന്നീട് പലപ്പോഴായി സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ബുഖാരിയുടെ ശൈലിയും മററും ഇമാം മുസ്ലിമിന്റെ രചനകളെ സ്വാധീനിച്ചിട്ടുണ്ട്.
ഇരുപതില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മുസ്ലിം. ഇവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ചിലതു കൈയെഴുത്തു പ്രതികളിലായി തന്നെ ചില ലൈബ്രറികളില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. അവിടുത്തെ രചനകളില്‍ ഏററം പ്രധാനവും പ്രസിദ്ധവും സ്വഹീഹു മുസ്ലിം തന്നെയാണ്. അല്‍ മുസ്നദുസ്വഹീഹ് എന്ന ഈ കിതാബിനു ധാരാളം വ്യാഖാനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. മഹാനായ ഇമാം നവവി (റ) രചിച്ച അല്‍മി ന്‍ഹാജ് ഫീ ശറഹി സ്വഹീഹില്‍ മുസ്ലിം ആണ് ഇതില്‍ ഏററം പ്രസിദ്ധം.
ഇസ്ലാമിക പ്രബോധനത്തിലും ദീനീ വിജ്ഞാനത്തിന്റെ പ്രകാശനത്തിലും അമൂല്യങ്ങളായ സംഭാവനകളര്‍പിച്ച മഹാനായ ഇമാം മുസ്ലിം ഹി.261 റജബ് മാസത്തില്‍ നൈ സാപൂരില്‍ വഫാത്തായി.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം ബുഖാരി (റ)
💐💐💐💐💐💐💐

ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങള്‍. ഇതില്‍ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഹദീസുകള്‍ക്ക് ആശ്രയിക്കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാമത് സ്വഹീഹുല്‍ ബുഖാരിയാണ്. മുഹമ്മദ് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് ഹദീസ്. നബി വചനങ്ങള്‍ എന്നു പൊതുവെ പറയാറുണ്ട്.
മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജഃ, തിര്‍മുദി, നസാഈ എന്നിങ്ങനെ അവലംബനീയ ഹദീസ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഹദീസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം, നിവേദക പരമ്പരയുടെ വിശുദ്ധി തുടങ്ങിയ കാര്യങ്ങളില്‍ പുലര്‍ത്തിയ സൂക്ഷ്മത ഒരുപടി മൂമ്പിലാണ് എന്നതാണ് സ്വഹീഹുല്‍ ബുഖാരിയുടെ അദ്വിതീയതക്കാധാരം. അല്‍ ജാമിഉല്‍ മുസ്നദു സ്വഹീഹുല്‍ മുഖ്തസ്വറു മിന്‍ ഉമൂരി റസൂലില്ലാഹി വ സുനനിഹി എന്നാണ് ഈ ഗ്രന്ഥത്തിന്റെ പൂര്‍ണ പേര്.
വിശ്വപ്രസിദ്ധ പ്രതിഭാശാലിയായ ഇമാം ബുഖാരിയാണ് രചയിതാവ്. പഴയ സോവിയററ് യൂണിയനിലെ ബുഖാറയില്‍ ഹിജ്റ 194 ശവ്വാല്‍ 14 വെള്ളിയാഴ്ച ജുമുആനന്തരമായിരുന്നു ജനനം. പുരാതന ഖുറാസാനിലായിരുന്ന ഈ പട്ടണത്തില്‍ വേറെയും പല മഹാന്മാരും ജന്മമെടുത്തിട്ടുണ്ട്്.
പേര് : മുഹമ്മദ്. ഓമനപ്പേര് അബൂ അബ്ദില്ല. സ്ഥാനപ്പേര് ഇമാമുല്‍ മുഹദ്ദിസീന്‍. പിതാവ് ഇസ്മാഈല്‍. പരമ്പര : മുഹമ്മദ്ബിന്‍ ഇസ്മാഈല്‍ ബിന്‍ ഇബ്റാഹീം ബിന്‍ മുഗീറഃ ബിന്‍ ബര്‍ദസ്ബഹ് ബിന്‍ ബദിദ്ബഹ്. വംശം : ജുഹ്ഫി.
ഇമാം ബുഖാരി അനറബി വംശജനാണ്. ഒടുവില്‍ പറഞ്ഞ രണ്ട് പിതാമഹന്മാരും പാര്‍സികളാണ്. ബദര്‍സ്ബഹ് എന്നാല്‍ കര്‍ഷകന്‍. മൂന്നാമത്തെ പിതാമഹന്‍ മുഗീറഃ ബുഖാറയിലെ ന്യായാധിപന്‍ യമാനു ജുഅ്ഫി മുഖേന ഇസ്ലാം സ്വീകരിക്കുകയും ബുഖാറയില്‍ തന്നെ സ്ഥിര താമസമാക്കുകയുമാണുണ്ടായത്. ആര് മുഖേന മുസ്ലിമാകുന്നുവോ അദ്ദേഹത്തിന്റെ വംശ – ഖബീല- ത്തിലേക്ക് ചേര്‍ത്ത് പറയുന്ന പതിവുള്ളത് കൊണ്ടാണ് മുഗീറഃ മുതല്‍ക്കുള്ള പില്‍ക്കാലക്കാര്‍ക്ക് ജുഅ്ഫി എന്ന കുടുംബപ്പേര് കൈവന്നത്. ഇമാം ബുഖാരിയടക്കം ആരേയും സ്വന്തം വംശമായ ‘റഖ്’ലേക്ക് ചേര്‍ത്ത് പറയാറില്ല.
ബുഖാരി ചെറുപ്പത്തില്‍ അന്ധനായിരുന്നു. ജന്‍മനാ അന്ധനായിരുന്നു. അതല്ല രോഗം മൂലം അന്ധത പിടിപെട്ടതാണെന്നും അഭിപ്രായമുണ്ട്. ഏതാകട്ടെ ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലായിരുന്നുവെന്നതും ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ കേസായിരുന്നുവെന്നതും തര്‍ക്കമററ സംഗതിയാണ്. സാത്വികയായ മാതാവ്, മകന്റെ ഈ ദൈന്യാവസ്ഥയില്‍ മനം നൊന്ത് കാഴ്ച തിരികെ കിട്ടാനായി അല്ലാഹുവോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. ആ പുണ്യവതിയുടെ ഉള്ളുരുകിയുള്ള പ്രാര്‍ഥനക്ക് ഫലമുണ്ടായി. കണ്‍മണിയുടെ കണ്ണുകളില്‍ നിന്നു ഇരുട്ടകന്നു. ‘നിങ്ങളുടെ തീരാ കരച്ചിലും പ്രാര്‍ഥനയും കാരണമായി മകന് കാഴ്ച ലഭിച്ചു’വെന്ന് ഇബ്റാഹീം നബി (അ) തന്നോട് പറയുന്നതായി ആ മഹിളാ രത്നത്തിന് സ്വപ്നത്തില്‍ ദര്‍ശനമുണ്ടാകുകയായിരുന്നു. ഉറക്കമുണര്‍ന്ന് ചെന്നു നോക്കിയപ്പോള്‍ മകന്റെ മിഴിവാര്‍ന്ന കണ്ണുകളാണവരെ വരവേററത്. അവര്‍ ആഹ്ളാദം കൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു.
ബാപ്പയും മകനും മുഹദിസാവുകയെന്ന അപൂര്‍വ ബഹുമതിയും ഇമാം ബുഖാരിക്കുണ്ട്. ബുഖാരിയുടെ പിതാവ് അല്ലാമാ ഇസ്മാഈല്‍ വലിയ ധനികനും ഒപ്പം പ്രമുഖ ഹദീസ് പണ്ഢിതനുമായിരുന്നു. ഇമാം മാലിക് (റ), ഹമ്മാദുബ്നു സൈദ് (റ), അബൂ മുആവിയ (റ) തുടങ്ങിയ വിശ്വ വിശ്രുത മുഹദ്ദിസുകളുടെ ശിഷ്യത്വം കൊണ്ട് അനുഗൃഹീതനാണ് അദ്ദേഹം. ആത്മ ജ്ഞാനികളായ അബ്ദുല്ലാഹിബ്നു മുബാറകു (റ) മായി സഹവസിക്കുകയും അവിടുത്തെ ശിക്ഷണത്തിലായി കഴിഞ്ഞു കൂടുകയും ചെയ്തിട്ടുണ്ട്. ഇറാഖ് വാസികളായ, അഹ്മദ് ബിന്‍ ഹഫ്സ്വ്, നസ്വ്റ് ബ്നുല്‍ ഹുസൈന്‍ മുതലായവര്‍ ഇസ്മാഈലി (റ) ന്റെ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്. അദ്ദേഹത്തിന് രചനകള്‍ ഉള്ളതായി അറിവില്ല. അല്ലാമാ ഇസ്മാഈല്‍ (റ) വളരെ ഭക്തനും സൂക്ഷ്മാലുവുമായിരുന്നു. ഭീമമായ സമ്പത്തിന്റെ ഉടമയായിരുന്നിട്ടും അറിവിന്റെയും ആത്മീയതയുടെയും വഴിയില്‍ വ്യാപരിക്കുന്നതിന് അത് അശേഷം തടസമായിരുന്നില്ല. പാവങ്ങളുടെ അത്താണിയുമായിരുന്നു അദ്ദേഹം. ധനം അല്ലാഹുവിന്റെ ഔദാര്യമാണെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അത് തീര്‍ത്തും സത്യസന്ധമായാണ് കൈകാര്യം ചെയ്തിരുന്നത്. ഉഹീദുബ്നു ഹഫ്സ്വ് പറയുന്നു : അബൂ അബുദില്ലയുടെ പിതാവ് ഇസ്മാഈല്‍ മരണാസന്നനായ വേളയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അരികെയെത്തി. അപ്പോള്‍ എന്റെ ധനത്തില്‍ ഹറാം ആയതോ ശുബ്ഹ-ഹറാമോ ഹലാലോയെന്ന് തിട്ടമില്ലാത്തത്- തായതോ ആയ ഒരു ദിര്‍ഹം പോലും ഉള്ളതായി എനിക്കറിവില്ല എന്ന് അദ്ദേഹം പറയുന്നത് കേട്ടു. (ഫത്ഹുല്‍ ബാരിയുടെ മുഖവുര 479) ഓര്‍മവയ്ക്കും മുമ്പേ വിടപറഞ്ഞ പിതാവിനെ പററി ചരിത്ര രേഖകളുടെ വെളിച്ചത്തില്‍ തന്റെ താരീഖുല്‍ കബീറി (1/342-44) ല്‍ ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്. ബുഖാരിയുടെ ഭക്തയും മഹാത്മാവുമായ മാതാവില്‍ നിന്ന് നിരവധി കറാമതുകള്‍ – അമാനുഷിക സംഗതികള്‍ – പ്രകടമായതായി ചരിത്രം പറയുന്നു.
‘വിത്തുഗുണം പത്തുഗുണം’ എന്നാണല്ലോ. ശ്രേഷ്ഠകുടുംബ പശ്ചാത്തലമുള്ള ബുഖാരിയുടെ ജീവിത യാത്രയും അത് പ്രതിഫലിക്കുന്ന തരത്തിലായിരുന്നു. പിച്ചവച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ പിതാവ് മരിച്ചതിനാല്‍ മകന്റെ സംരക്ഷണം മാതാവിന്റെ ചുമലിലായി. അവര്‍ മകനെ ഇസ്ലാമിക ചിട്ടയില്‍ വളര്‍ത്തി. ചെറുപ്രായത്തിലേ അസാമാന്യമായ സ്വഭാവ വൈശിഷ്ട്യവും വിജ്ഞാന ദാഹവും ബുഖാരിയില്‍ പ്രകടമായിരുന്നു. അന്വേഷണ തൃഷ്ണ, ക്രാന്തദര്‍ശിത്വം, നിരീക്ഷണ പാടവം, ഓര്‍മശക്തി തുടങ്ങിയ സിദ്ധികളിലെല്ലാം, മററുള്ളവരില്‍ നിന്നു ഏറെ മുന്നിലായിരുന്നു അദ്ദേഹം. വിജ്ഞാന സമ്പാദന – ഹദീസ് ശേഖരണ വഴിയില്‍ എന്തും ത്യജിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് ഒരാളുടെ പക്കല്‍ ഒരു ഹദീസ് ഉണ്ടെന്നു കേട്ടാല്‍ എത്ര ക്ളേശം സഹിച്ചും അത് സ്വായത്തമാക്കുകയും അയാളുടെ സമഗ്ര ചരിത്രവും ഹദീസിന്റെ നിവേദക പരമ്പരയും ഗ്രഹിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ എല്ലാ അര്‍ഥത്തിലും ഇമാം ബുഖാരി വേറിട്ടു നിന്നു. പത്താം വയസില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും കൌമാരമാകുമ്പോഴേക്ക് 70,000 ഹദീസുകള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു. എന്തും ഒരു പ്രാവശ്യം കേട്ടാല്‍ മതി. കരിങ്കല്ലില്‍ കൊത്തിയ മാതിരി അത് മനസ്സില്‍ പതിഞ്ഞിരിക്കും. അത് കൊണ്ട് ആദ്യ കാലത്ത് എഴുതിവയ്ക്കുന്ന സ്വഭാവമില്ലായിരുന്നു. ഇതേ പററി ഗുരുവര്യന്‍ ഗുണദോഷിച്ചപ്പോള്‍ അങ്ങ് പറഞ്ഞു തന്ന ഹദീസുകള്‍ മുഴുവന്‍ എനിക്ക് മനഃപാഠമാണ്. പിന്നെ ഞാന്‍ എന്തിന് എഴുതി വയ്ക്കണം? എന്നായിരുന്നു ബുഖാരിയുടെ പ്രതികരണം. എന്നാല്‍ ഒന്നു പരീക്ഷിക്കാമെന്നായി. ബുഖാരി വള്ളിപുള്ളി വിടാതെ ഒക്കെയും ഉരുവിട്ടു കേള്‍പിച്ചു. പ്രിയ ശിഷ്യന്റെ പ്രതിഭയില്‍ ഗുരു അഭിമാനം കൊണ്ടു.
ബുഖാറയിലെ പ്രമുഖ പണ്ഢിതനായ ഇമാം ദാഖിലി (റ) യുടെ പതിവ് ഹദീസ് സദസ്. തലയെടുപ്പുള്ള പണ്ഢിതരുള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അതില്‍ സന്നിഹിതരായിട്ടുണ്ട്. അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്നുതിരുന്ന അപ്രതിഹതമായ വിജ്ഞാന പ്രവാഹത്തില്‍ മതിമറന്നിരിക്കുകയാണവര്‍. അതിനിടക്ക് ഹദീസ് നിവേദക പരമ്പര-സനദ് വിവരണത്തില്‍ അദ്ദേഹത്തിന് ചെറിയൊരു പിശക് പററി. ‘ഇബ്റാഹീമില്‍ നിന്ന് അബൂസുബൈര്‍ വഴി സുഫ്യാന്‍ നിവേദനം’ എന്നിങ്ങനെയാണ് പറഞ്ഞത്. ഉടനെ സദസ്സില്‍ നിന്ന് ഒരു കൊച്ചു കുട്ടി എഴുന്നേററ് പറഞ്ഞു. ‘അബൂ സൂബൈര്‍ ഇബ്റാഹീമില്‍ നിന്ന് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.’ ഇത് കേട്ട് ദാഖിലി (റ) അമ്പരന്നു. അധ്യാപന ജീവിതത്തിലെ ആദ്യത്തെ അനുഭവം. താന്‍ പറഞ്ഞ സനദാണ് ശരി എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ട്. പക്ഷേ, വിദ്യാര്‍ഥി വിട്ടു കൊടുത്തില്ല. ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി മൂലഗ്രന്ഥം പരിശോധിച്ചു. അദ്ദേഹത്തിനു സ്വന്തം പിശകു ബോധ്യപ്പെട്ടു. ശരിയായ സനദ് ശിഷ്യന്മാരെ കേള്‍പിക്കുകയും ചെയ്തു. അബൂ സുബൈറിന്റെ സ്ഥാനത്ത് ‘സുബൈറുബ്നു അദിയ്യ്’ എന്നതായിരുന്നു വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയ തിരുത്ത്. മുഹമ്മദ്ബ്നു ഇസ്മാഈല്‍ ബുഖാരി (റ) ആയിരുന്നു ആ അവിസ്മരണീയ ബാലന്‍. അന്ന് അദ്ദേഹത്തിന്റെ പ്രായം കേവലം പതിനൊന്ന് വയസ്സ്.
നന്നേ ചെറുപ്പത്തില്‍ തന്നെ ഹദീസുകള്‍ തേടിപ്പിടിക്കാനും മനഃപാഠമാക്കാനും ആരംഭിച്ച ഇമാം ബുഖാരിയില്‍ ഓരോ ദിവസം കഴിയും തോറും അതിലുള്ള ഔത്സുക്യം കൂടിവന്നു. പണ്ഢിത സദസുകള്‍ ഒന്നു പോലും ഒഴിവാക്കിയില്ല. ഹദീസ് ശേഖരണത്തിലെന്ന പോലെ അവയുടെ പ്രാമാണികത നിര്‍ണയിക്കുന്നതിലും അതീവ ശുഷ്കാന്തി കാണിച്ചു. ഹദീസുകളുടെ ബലാബലം നിശ്ചയിക്കുന്നത് അവ റിപ്പോര്‍ട്ട് ചെയ്തവരുടെ അവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. ഹദീസുകളെന്ന പേരില്‍ കൈമാറി കിട്ടുന്ന വാചകങ്ങളും വിവരങ്ങളും ഖുര്‍ആനിന്നും സര്‍വാംഗീകൃതമായ സത്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാകാനും പാടില്ല. അത് കൊണ്ട് തന്നെ ഹദീസ് പണ്ഢിതര്‍ ആ വക കാര്യങ്ങളിലും അവഗാഹം നേടേണ്ടതുണ്ട്. ഈ വിഷയത്തിലും മുന്‍നിരയിലായിരുന്നു ഇമാം ബുഖാരി (റ). ഹദീസ് നിവേദക പരമ്പരയിലെ ഓരോ വ്യക്തിയെപ്പററിയും അദ്ദേഹം അതിസൂക്ഷ്മമായി പഠിച്ചു. ഇത് മറെറാരു വിജ്ഞാന ശാഖയായി മാറുകയും ചെയ്തു. നിവേദകരുടെ നീതി ബോധം, വിശ്വസ്തത, സത്യസന്ധത, ഓര്‍മ ശക്തി, ജീവിത രീതി, താമസം, ജനനം, മരണം, നിവേദകര്‍ തമ്മില്‍ കാണല്‍, കാണാതിരിക്കല്‍, നിവേദക കണ്ണികളിലെ ചേര്‍ച്ച, വിടവ് തുടങ്ങി എല്ലാം ബുഖാരി പഠന വിധേയമാക്കി. ഹദീസ് വിജ്ഞാനീയങ്ങളില്‍ ആണ്ടിറങ്ങിയ അദ്ദേഹം ഒററ നോട്ടത്തില്‍ പരസ്പര വിരുദ്ധങ്ങളായി തോന്നാവുന്ന ഹദീസുകള്‍ കൂട്ടിയോജിപ്പിക്കുന്നതിലും ഹദീസുകളെ ഖുര്‍ആനികാശയങ്ങളുമായി ബന്ധിപ്പിക്കുന്നതിലും നിപുണനായിരുന്നു.
അക്കാലത്തെ ഒന്നാംനിര പണ്ഢിതരായ മുഹമ്മദ്ബ്നു സ്വലാമുല്‍ ബൈകന്ദി, മുഹമ്മദ്ബ്നു യൂസുഫുല്‍ ബൈകന്ദി, അബ്ദുല്ലാഹിബ്നു മുഹമ്മദുല്‍ മുസ്നദി, ഇബ്റാഹീമുല്‍ അശ്അശ് തുടങ്ങിയവരായിരുന്നു ബുഖാറയില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥന്മാര്‍. പതിനഞ്ച് വയസ്സായപ്പോഴേക്കും ഈ പണ്ഢിത ശ്രേഷ്ഠന്മാരില്‍ നിന്നെല്ലാമായി 70,000 ഓളം ഹദീസുകളും അവയുടെ നിവേദക പരമ്പരയും സ്വായത്തമാക്കി. ഇതിനു പുറമേ ഇബ്നുല്‍ മുബാറകിന്റെയും വകീഇന്റെയും ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കുകയും ഗവേഷണപടുക്കളായ പണ്ഢിതരുടെ വീക്ഷണങ്ങളും വിധികളും ഗ്രഹിക്കുകയും ചെയ്തു.
പിന്നീട്, ഇസ്ലാമിക കേന്ദ്രവും അറിവിന്റെ ഉദ്യാനവും പ്രവാചക ശ്രേഷ്ഠരുടെ പാദസ്പര്‍ശമേററനുഗൃഹീതവുമായ ഹിജാസിലേക്ക്. (മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവക്കു പൊതുവായ പേരാണ് ഹിജാസ്) ഹിജ്റ 210 ല്‍ ബുഖാരിയുടെ പതിനാറാം വയസിലായിരുന്നു ഈയാത്ര. ബുഖാറ വിട്ടുള്ള ആദ്യയാത്രയും ഇതു തന്നെ. ഉമ്മയോടും ജ്യേഷ്ഠ സഹോദരന്‍ അഹ്മദിനോടുമൊപ്പം ഇമാം മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജ് കഴിഞ്ഞ ശേഷം ഉമ്മയും സഹോദരനും നാട്ടിലേക്ക് മടങ്ങി. ബുഖാരി വിജ്ഞാന സമ്പാദനാര്‍ഥം മക്കയില്‍ തങ്ങി. അവിടത്തെ മഹാ പണ്ഢിതന്മാരെ ഓരോരുത്തരെയായി സമീപിച്ചു ഹദീസുകള്‍ കരസ്ഥമാക്കി. ഇമാം അബ്ദുല്‍വലീദ്, അഹ്മദ്ബ്നുല്‍ ഔറഖ്, അബ്ദുല്ലാഹിബ്നു യസീദ്, ഇസ്മാഈല്ബ്നു സാലിമിസ്സാനിഅ്, അബൂബക്ര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍, അല്ലാമാ ഹുമൈദി തുടങ്ങിയവരാണ് മക്കയില്‍ ഇമാം ബുഖാരിയുടെ ഗുരുവര്യന്മാര്‍.
തുടര്‍ന്ന് മദീനയിലേക്ക് തിരിച്ചു. ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നു വിജ്ഞാന കുതുകികള്‍ പ്രവാചക നഗരിയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു. ഹിജ്റ 212 ല്‍ പതിനെട്ടാം വയസ്സിലായിരുന്നു ബുഖാരിയുടെ മദീനാ യാത്ര. മദീനയിലെ അക്കാലത്തെ വിശ്രുത പണ്ഢിതരായിരുന്ന ഇബ്റാഹീമുബ്നു മുന്‍ദിര്‍, മുത്വ്റഫ്ബ്നു അബ്ദില്ല, ഇബ്റാഹീമുബ്നു ഹംസ, അബൂസാബിത് മുഹമ്മദ്ബ്നു ഉബൈദില്ലാഹില്‍ ഉവൈസി മുതലായവുടെ ശിഷ്യത്വം സ്വീകരിച്ചു. ഇക്കാലത്താണ് ഇമാം ബുഖാരിയുടെ ആദ്യ ഗ്രന്ഥമായ താരീഖുല്‍ കബീര്‍ വിരചിതമാകുന്നത്. റൌളാ ശരീഫിന്റെ ചാരത്തിരുന്ന് നിലാവുള്ള രാത്രികളിലായിരുന്നു ഗ്രന്ഥ രചന. ഹദീസ് നിവേദകരെ വസ്തു നിഷ്ഠമായി പരിചയപ്പെടുത്തുകയാണ് താരീഖുല്‍ കബീറില്‍. നിഷ്കൃഷ്ടമായ നിഷ്പക്ഷതയോടും ഗവേഷണാഭിമുഖ്യത്തോടും തയാറാക്കിയ താരീഖുല്‍ കബീര്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വലിയ ചരിത്ര ഗ്രന്ഥമാണ്. ഇമാം ബുഖാരിയിലെ പ്രാമാണികനായ ചരിത്രകാരനെ ഇതില്‍ നിന്നു വായിച്ചെടുക്കാം. താരീഖുല്‍ കബീറിനെ കൂടാതെ താരീഖുല്‍ ഔസത്വ്, താരീഖുസ്വഗീര്‍ എന്നീ ചരിത്ര ഗ്രന്ഥങ്ങളും ഇമാം ബുഖാരിയുടേതായുണ്ട്. ഹിജാസില്‍ ആറ് വര്‍ഷം താമസിച്ചു. ഒററ യാത്രയില്‍ തുടര്‍ച്ചയായിട്ടായിരുന്നില്ല ഈ ആറുവര്‍ഷ വാസം എന്നാണ് ചരിത്ര മതം.
ഹിജാസില്‍ നിന്ന് നേരെ പോയത് ബസ്വറയിലേക്കാണ്. ഹദീസ് വിജ്ഞാനീയങ്ങള്‍ക്ക് പേരുകേട്ട പ്രദേശമായിരുന്നു അന്ന് ബസ്വറ. അവിടെ വെച്ച് ഇമാം അബൂ ആസ്വിമുന്നബീല്‍, സ്വഫ്വാനുബ്നു ഈസാ, ബദലുബ്നുല്‍ മുഹീര്‍, ഹര്‍മബ്നു അമ്മാറഃ, ഹഫ്ഫാനുബ്നു മുസ്ലിം, മുഹമ്മദുബ്നു അറത്, സുലൈമാനുബ്നു ഹര്‍ബ്, അബുല്‍ വലീദിത്വയാലീസി, ആരിം, മുഹമ്മദ്ബ്നു സിനാന്‍ തുടങ്ങിയ പ്രതിഭാശാലികളുടെ ശിഷ്യത്വം സ്വീകരിച്ചു. ബസ്വറയിലേക്ക് നാല് തവണ തീര്‍ഥാടനം നടത്തിയിട്ടുണ്ട്. പിന്നീട് കൂഫയിലേക്ക്. അവിടെ പലതവണ പോയിട്ടുണ്ട്. അതു പോലെ ബഗ്ദാദിലേക്കും. “ഹദീസ് പണ്ഢിതരോടൊപ്പം ബഗ്ദാദിലും കൂഫയിലും പലകുറി ഞാന്‍ പോയിട്ടുണ്ട്. എത്രയെന്ന് എനിക്കു തിട്ടമില്ല”. എന്നു ബുഖാരിയെ അദ്ദേഹത്തിന്റെ എഴുത്തുകാരനായ വര്‍റാഖ് ഉദ്ധരിച്ചിട്ടുണ്ട്. കൂഫയില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥരില്‍ ചിലരുടെ പേരുകള്‍ ഇമാം നവവി (റ) തന്റെ തഹ്ദീബുല്‍ അസ്മാഇ വ ല്ലുഗാത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മൂസാ, അബൂ നഈം അഹ്മദ്ബ്നു യഅ്ഖൂബ്, ഇസ്മാഈലുബ്നു അബാന്‍, ഖാലിദ്ബ്നുല്‍ മുഖല്ലദ്, സഈദുബ്നു ഹഫ്സ്, ത്വല്‍ഖ്ബ്നു ഗിനാം, ഉമറുബ്നു ഹഫ്സ്, ഉര്‍വതുബ്നു ബബീസ്വതുബ്നു അഖബത്, അബൂഗസാന്‍ എന്നിവരാണവര്‍.
അക്കാലത്ത് അബ്ബാസിയാ ഭരണത്തിന്റെ ആസ്ഥാനമായിരുന്നു ബഗ്ദാദ്. ഭരണാധികാരികള്‍ മുന്തിയ പരിഗണന നല്‍കിയിരുന്നതിനാല്‍ വൈജ്ഞാനിക വിളനിലമായി മാറിയിരുന്ന അവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പണ്ഢിതരും പ്രതിഭാശാലികളും ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇമാം അഹ്മദ്ബ്നു ഹമ്പലിനെ പോലുള്ള വിശ്വപ്രതിഭകളുടെ സാന്നിധ്യവും ഇമാം ബുഖാരിയെ ഇവിടേക്കാകര്‍ഷിച്ചു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍, മുഹമ്മദ്ബ്നു ഈസാ സ്വബാഹ്, മുഹമ്മദ്ബ്നു സാഇഖ്, ശരീഹുബ്നു അഅ്മാന്‍ (റ) എന്നിവര്‍ ബഗ്ദാദില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്.
പരമ സാത്വികരായ പ്രതിഭാശാലികളെ കൊണ്ടനുഗൃഹീതമായിരുന്ന ബഗ്ദാദില്‍, പക്ഷേ, സ്വഭാവ ശുദ്ധിയില്ലാത്ത പണ്ഢിത വേഷധാരികളുമുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പ്രശസ്തിയിലും അവിടുത്തെ വിജ്ഞാന സദസുകളിലേക്കുള്ള അഭൂത പൂര്‍വമായ ജനപ്രവാഹത്തിലും അസൂയ പൂണ്ട അവര്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍ അവസരം പാര്‍ത്തു കഴിയുകയായിരുന്നു. അവര്‍ ഒരു സ്വീകരണ സദസ്സൊരു’ക്കി ബുഖാരിയെ അവിടേക്കാനയിച്ചു. അദ്ദേഹത്തെ പരീക്ഷിക്കാനുദ്ദേശിച്ച് പത്ത് പണ്ഢിതരെ ശട്ടം കെട്ടി. അവര്‍ ആറ് ഹദീസുകള്‍ തെരഞ്ഞെടുത്ത് അവയുടെ മത്നും (മൂലവാക്യം) സനദും (നിവേദക പരമ്പരയും) പരസ്പരം കൂട്ടിക്കുഴച്ചു സദസുമുമ്പാകെ അവതരിപ്പിച്ചു. ശേഷം അവയെപ്പററി ഇമാം ബുഖാരിയോട് ചോദിച്ചു. ‘എനിക്കറിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവര്‍ കാത്തിരുന്നതും ഈ മറുപടിയായിരുന്നു. സദസിനും ബുഖാരിയോടുള്ള മതിപ്പ് കുറയാന്‍ ഇതിടയാക്കി. പക്ഷേ, ഒട്ടും സമയം കളയാതെ ഇമാം ബുഖാരി ആ പണ്ഢിതര്‍ നിരത്തിയ പരമ്പരയുടെ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ശരിയായ സനദ് സഹിതം ആ ഹദീസുകള്‍ ഉദ്ധരിക്കുകയും ചെയ്തു. ഇതോടെ ഇമാമിന്റെ പദവിയും പാണ്ഢിത്യവും ബോധ്യപ്പെട്ട സദസ് ഒന്നടങ്കം അദ്ദേഹത്തെ പ്രശംസിച്ചു. ഗൂഢാലോചകരായ പരീക്ഷകര്‍ക്കും അവര്‍ക്കൊപ്പം ചേരാതിരിക്കാനായില്ല.
എട്ടാമത്തേയും അവസാനത്തേയും ബഗ്ദാദ് യാത്ര കഴിഞ്ഞ് യാത്ര ചോദിക്കാന്‍ ചെന്നപ്പോള്‍ ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) വളരെ ദുഃഖിക്കുകയുണ്ടായി. ബുഖാരി ബഗ്ദാദില്‍ സ്ഥിരതാമസമാക്കണമെന്നാണ് ഇമാം ആഗ്രഹിച്ചിരുന്നത്.
ബഗ്ദാദില്‍ നിന്നു നേരെ പോയത് ശാമിലേക്ക്. അവിടെ വച്ച് യൂസുഫ്ബ്നുല്‍ ഫര്‍യാബി, അബൂ നസ്വ്ര്‍ ഇസ്ഹാഖ്ബ്നു ഇബ്രാഹിം, ആദമുബ്നു അബീ ഇയാസി, അബുല്‍ യമാനില്‍ ഹകമിബ്നു നാഫിഅ്, ഹയാതുബ്നു ശരീഹ് തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു.
പിന്നീട് ഈജിപ്തിലേക്കു തിരിച്ച ബുഖാരി അവിടെ ഉസ്മാനുബ്നു സ്വാനിഅ്, സഈദുബ്നു അബീമര്‍യം, അബ്ദുല്ലാഹിബ്നു സ്വാലിഹ്, അഹ്മദുബ്നു സ്വാലിഹ്, അഹ്മദുബ്നു ശബീബ്, അസ്വ്ബഗുബ്നുല്‍ ഫറജ്, സഈദുബ്നു അബീഈസാ, സഈദുബ്നു കസീറുബ്നു ഗഫീര്‍, യഹ്യബ്നു അബ്ദില്ലാഹിബ്നു ബുകൈര്‍ എന്നീ ഗുരുനാഥന്മാരില്‍ നിന്ന് അറിവ് നുകര്‍ന്നു.
തുടര്‍ന്ന് ജസീറത്തിലേക്കു പോയ ബുഖാരി അഹ്മദുബ്നു അബ്ദില്‍ മലികില്‍ ഹറാനി, അഹ്മദുബ്നു യസീദില്‍ ഹറാനി, അംറുബ്നു ഖലഫ്, ഇസ്മാഈലുബ്നു അബ്ദില്ലാഹില്‍ റഖി തുടങ്ങിയ പണ്ഢിതരുടെ ശിഷ്യത്വം നേടി. ഖുറാസാനിലും അയല്‍ നാടുകളിലും ചുററിസഞ്ചരിച്ച് നിരവധി ഗുരുവര്യന്മാരെ സമ്പാദിച്ചു. അതുപോലെ നൈസാബൂരിലും പര്യടനം നടത്തി പ്രമുഖ പണഢിതന്മാരില്‍ നിന്ന് ഹദീസുകള്‍ കരസ്ഥമാക്കി. രാജോചിതമായ വരവേല്‍പാണ് ബുഖാരിക്ക് നൈസാബൂരില്‍ ലഭിച്ചത്. ജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയ സ്വീകരണ പരിപാടിയുടെ മുന്‍നിരയിലുണ്ടായിരുന്നത് സ്വന്തം ഗുരുവര്യന്‍ മുഹമ്മദുബ്നു യഹ്യദ്ദുഹ്ലി (റ) തന്നെയായിരുന്നു. നൈസാബൂരില്‍ ഇമാം മുഹമ്മദ്ബ്നു യഹ്യദ്ദുഹ്ലി (റ) യുടെ ശിഷ്യനായിരിക്കുമ്പോള്‍ തന്നെ ഇമാം മുസ്ലിമിനെ പോലുള്ള വിശ്വപ്രതിഭകളുടെ ഗുരുനാഥനുമായിരുന്നു ബുഖാരി. അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സില്‍ പങ്കുകൊള്ളാന്‍ ഉസ്താദ് ദുഹ്ലി ജനങ്ങളെ ആഹ്വാനം ചെയ്തു. ആ വിജ്ഞാന സദസ് അനുദിനം വലുതായിക്കൊണ്ടിരുന്നു. പക്ഷേ, അസൂയാലുക്കള്‍ അവിടെയും തലപൊക്കി. അവര്‍ ബുഖാരിക്കെതിരെ പലതരം കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. ജനം അതെല്ലാം പുച്ഛിച്ചു തള്ളി. എന്നാല്‍ താന്‍ മുഖേന സമൂഹത്തില്‍ ഛിദ്രതയുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ബുഖാരി താമസിയാതെ നൈസാബൂരിനോട് വിട പറഞ്ഞു. നേരെ പോയത് ജന്മനാടായ ബുഖാറയിലേക്കാണ്. ഓമന പുത്രന്റെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ് ബുഖാറ വാസികളെ ഉള്‍പുളകമണിയിച്ചു. വന്‍ വരവേല്‍പാണ് ബുഖാരിക്ക് പിറന്ന മണ്ണില്‍ ലഭിച്ചത്. ഇമാം തിരിച്ചെത്തിയതറിഞ്ഞ് ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് വിജ്ഞാന കുതുകികള്‍ ബുഖാറയിലേക്ക് പ്രവഹിച്ചു.
ഇമാം ബുഖാരിയുടെ അധ്യാപന വേദികള്‍ വിജ്ഞാനത്തിന്റെ മഹാപ്രവാഹവും ഫത്വകള്‍ ഖണ്ഡിതവുമായിരുന്നു. ഹദീസ് ശാസ്ത്രത്തില്‍ അക്കാലത്തെ അഗ്രേസരന്മാര്‍ കേട്ടിട്ടു പോലുമില്ലാത്ത വിജ്ഞാന മുത്തുകള്‍ അദ്ദേഹം ആര്‍ജിച്ചിരുന്നു. ബുഖാരിയുടെ ദര്‍സിനും മതവിധികള്‍ക്കുമായി തലമുതിര്‍ന്ന പണ്ഢിതരുള്‍പെടെ അത്യാഗ്രഹം പ്രകടിപ്പിക്കുകയും അതിനായി അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇമാം ഒരു നിമിഷം പോലും വിനയം കൈവെടിഞ്ഞില്ല.
ഗുരുനാഥന്മാരും സമകാലിക പണ്ഢിതരും ഇമാം ബുഖാരിയുടെ പ്രതിഭാത്വവും പദവിയും മനസ്സിലാക്കിയതിനാല്‍ അദ്ദേഹം തങ്ങളുടെ സദസ്സിലിരിക്കുന്നതില്‍ അവര്‍ അഭിമാനം കൊണ്ടു. നിവേദക പരമ്പരയില്‍ പിഴവ് സംഭവിക്കുമോ എന്ന ഭയം കൊണ്ട് വളരെ കരുതലോടെയായിരുന്നു അവര്‍ ഹദീസുകള്‍ ഉദ്ധരിച്ചിരുന്നത്. സമകാലീനര്‍ അവരവരുടെ കൈവശമുള്ള ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരിയെ കാണിച്ച് പ്രാമാണികത ഉറപ്പുവരുത്തുമായിരുന്നു.
രാപ്പകല്‍ ഭേദമന്യെ വിജ്ഞാന സമ്പാദനത്തില്‍ മുഴുകിയ ഇമാം ബുഖാരിയുടെ നാവും ഹൃദയവും സദാ പരിശുദ്ധ ഹദീസുകള്‍ കൊണ്ട് ആര്‍ദ്രമായിരുന്നു. ആര്‍ജിച്ച അറിവുകള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ സൂക്ഷിക്കുന്നതിലും അതീവ ശുഷ്ക്കാന്തി കാണിച്ചു. രാത്രി പലതവണ ഉണര്‍ന്നെഴുന്നേററ് ഓര്‍മയിലെ വിജ്ഞാന ശകലങ്ങള്‍ എഴുതിവയ്ക്കാറുണ്ടായിരുന്നു.
“ആയിരവും അതിലധികവും പണ്ഢിതന്മാരില്‍ നിന്ന് ഞാന്‍ ഹദീസുകള്‍ സ്വീകരിച്ചിട്ടുണ്ട്. നിവേദക പരമ്പരയോടു കൂടിയല്ലാതെ ഒരു ഹദീസ് പോലും എന്റെ പക്കലില്ല.” എന്ന് ഇമാം ബുഖാരി പറഞ്ഞതായി ജഅ്ഫറുബ്നു മുഹമ്മദില്‍ ഖത്വാന്‍ രേഖപ്പെടുത്തുന്നു.(താരീഖ് ബഗ്ദാദ് 2/3) ‘അതിലധികവും’ എന്ന പ്രയോഗത്തില്‍ എണ്ണൂറോളം പണ്ഢിതര്‍ വരുമെന്ന് ചരിത്രം പറഞ്ഞു തരുന്നു.
ഹദീസ് തേടിപ്പിടിക്കുകയെന്നത് പോലെ അതിന്റെ ബലാബലങ്ങള്‍ നിര്‍ണയിക്കുന്നതിലും അതീവ നൈപുണ്യം ഇമാം ബുഖാരിക്കുണ്ടായിരുന്നു. ഹദീസ് ശാസ്ത്രത്തില്‍ അത്യഗാധമായ പരിജ്ഞാനമുള്ളവര്‍ക്കേ ഹദീസുകളുടെ നിജസ്ഥിതി കണ്ടെത്താനാകൂ. ബാഹ്യമായി എല്ലാം സുരക്ഷിതമായിരിക്കെ ഹദീസുകളുടെ പ്രാമാണികതയെയും സ്വീകാര്യതയെയും ബാധിക്കുന്ന അതിസൂക്ഷ്മ ഘടകങ്ങള്‍/കാരണങ്ങള്‍ എന്ന് നിര്‍വചിക്കപ്പെട്ടിട്ടുള്ള ‘ഇലല്‍’ ഗ്രഹിക്കുന്നതില്‍ ഇമാം ബുഖാരി മറെറല്ലാ മുഹദ്ദിസുകളെയും കവച്ചു വെച്ചിരുന്നു. ഹാഫിള് അഹ്മദുബ്നു ഹംദൂന്‍ പറയുന്നു: ഒരു മരണച്ചടങ്ങില്‍ ഞാന്‍ ബുഖാരിയെ കാണാനിടയായി. മുഹമ്മദുബ്നു യഹ്യദ്ദുഹ്ലി നിവേദകരെ പററിയും ഹദീസിലെ ‘ഇലലിനെ പററിയും അദ്ദേഹത്തോട് ചോദിക്കുന്നു. അതിന് അമ്പിന്റെ വേഗത്തിലായിരുന്നു ബുഖാരിയുടെ വിവരണം. അദ്ദേഹം ‘ഖുല്‍ഹുവല്ലാഹു’ ഓതുന്നത് പോലെ തോന്നി.(മുഖദിമതുല്‍ ഫത്ഹ് 4 : 88, മുഖദ്ദിമതു ഖസ്ത്വല്ലാനി 1 : 30) അത്രയും എളുപ്പത്തില്‍ എന്നു വിവക്ഷ.
അബൂഹാമിദുല്‍ അഅ്മശി പറയുന്നു: നൈസാബൂരില്‍ ഒരിക്കല്‍ ഞങ്ങള്‍ മുഹമ്മദ്ബ്നു ഇസ്മാഈലുല്‍ ബുഖാരിയുടെ അരികിലായിരിക്കെ മുസ്ലിമുബ്നു ഹജ്ജാജ് വന്ന് ‘നബി (സ്വ) ഞങ്ങളെ ഒരു സമരത്തിന് അയച്ചു. ഞങ്ങളോടൊപ്പം അബൂഉബൈദതും ഉണ്ടായിരുന്നു……..’ എന്ന ഉബൈദുല്ലാഹിബ്നു ഉമര്‍ വഴി സുബൈര്‍ വഴി ജാബിര്‍ വഴി ഉദ്ധരിക്കപ്പെട്ട ഹദീസിനെപററി ചോദിച്ചു. താബിഅ് ആയ ഉബൈദുല്ലാഹിബ്നു ഉമറിന്റെ മുമ്പുള്ള നിവേദകരെ ഒഴിവാക്കി കൊണ്ടാ (മുഅല്ലഖ്) യിരുന്നു ചോദ്യകര്‍ത്താവ് ഹദീസ് ഉദ്ധരിച്ചത്. ബുഖാരിക്ക് ആ ഹദീസ് അറിയുമോ, അറിയുമെങ്കില്‍ നിവേദക പരമ്പര കൈവശമുണ്ടോ, ഉണ്ടെങ്കില്‍ അത് ന്യൂനമോ (മുഅല്ലല്‍) അന്യൂനമോ( സ്വഹീഹ്), ന്യൂനമാണെങ്കില്‍ ന്യൂനതയുടെ സ്വഭാവത്തെപററി അറിയുമോ എന്നെല്ലാം പരിശോധിക്കുകയാകാം ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം. ബുഖാരിയാകട്ടെ ആ നിമിഷം തന്നെ പൂര്‍ണ പരമ്പരയോടെ (മുത്തസ്വില്‍) ഹദീസ് മുഴുവനായും ചൊല്ലി. ‘ഇബ്നു അബീ ഉവൈസ് വഴി സഹോദരന്‍ സുലൈമാനുബ്നു ബിലാല്‍ വഴി ഉബൈദുല്ലാഹിബ്നു ഉമര്‍ വഴി……. എന്നിങ്ങനെ നിവേദക പരമ്പര പൂര്‍ത്തീകരിച്ചു കേള്‍പിച്ചു. ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘ഹദീസുകളുടെ ‘ഇലലി’ നെയും നിവേദക പരമ്പരയെയും പററി ബുഖാരിയേക്കാള്‍ സൂക്ഷ്മ ജ്ഞാനമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല’ എന്നാണ് ഇമാം തുര്‍മുദി അഭിപ്രായപ്പെട്ടിട്ടുള്ളത്.
ആളുകളുടെ ന്യൂനതകള്‍ ചുഴിഞ്ഞന്വേഷിക്കാനോ പരസ്യപ്പെടുത്താനോ പാടില്ല. വലിയ പാതകമായിട്ടാണ് ഇസ്ലാം ഇതിനെ കാണുന്നത്. എന്നാല്‍ പവിത്രമായ ലക്ഷ്യങ്ങള്‍ക്കും പൊതു നന്മക്കും വേണ്ടി ചിലപ്പോഴിത് വേണ്ടിവരും. അപ്പോഴും ആവശ്യത്തിലധികം ഒരു അണുത്തൂക്കം പോലും പാടില്ല. ഇങ്ങനെ വ്യക്തി നിരൂപണത്തിന് അധികാരം നല്‍കപ്പെട്ടവരാണ് ഹദീസ് പണ്ഢിതരും ന്യായാധിപന്മാരും. വ്യാജവാര്‍ത്തകളില്‍ നിന്ന് വിശുദ്ധ ഹദീസ് വേര്‍തിരിച്ച് മനസ്സിലാക്കപ്പെടണമെങ്കില്‍ ലക്ഷണമൊത്ത സത്യസന്ധരായ വ്യക്തികളിലൂടെ അത് കൈമാറിക്കിട്ടേണ്ടതുണ്ട്. അത് കൊണ്ടുതന്നെ കൈമാററ പ്രക്രിയയില്‍ കണ്ണികളായ ആളുകളെ നിഷ്കൃഷ്ടമായി നിരൂപണ വിധേയമാക്കപ്പെടണം. അതേസമയം അത് വ്യക്തിഹത്യയായി മാറുകയുമരുത്. ഈ വിഷയത്തിലും അതീവ സൂക്ഷ്മത പുലര്‍ത്തിയ മുഹദ്ദിസായിരുന്നു ഇമാം ബുഖാരി. ഇസ്ലാമിക വ്യക്തിത്വവും ഉന്നത പദവിയും വിളിച്ചോതുന്നതായിരുന്നു ഇമാമിന്റെ രീതികള്‍. നിരൂപിക്കപ്പെടുന്ന വ്യക്തിക്കെതിരെ തിരിയാന്‍ മററുള്ളവര്‍ക്ക് അവസരം കൊടുക്കാത്ത അളന്നു മുറിച്ച പരാമര്‍ശങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഹദീസ് സ്വീകരിക്കാന്‍ അസ്വീകാര്യരായി താന്‍ ഗണിച്ച നിവേദകരെ പററിയുള്ള ബുഖാരിയുടെ പ്രയോഗങ്ങള്‍ കാണുക: ‘അവര്‍ അദ്ദേഹത്തെ വിട്ടു കളഞ്ഞിട്ടുണ്ട്. (തറകഹൂ), ‘ജനം അദ്ദേഹത്തെ നിരാകരിച്ചു.’ (അന്‍കറഹുന്നാസ്), ഒഴിവാക്കപ്പെട്ടവന്‍ (അല്‍മത്റൂകു), ‘കൊള്ളരുതാത്തവന്‍’ (സാഖിത്വ്), ‘അദ്ദേഹത്തെപ്പററി സംശയമുണ്ട്. (ഫീഹി നളറുന്‍), ‘അദ്ദേഹത്തെപ്പററി അവര്‍ മൌനമവലംബിച്ചു’ (സഖതൂ അന്‍ഹു).
ഇമാം ബുഖാരി പരമാവധി പറഞ്ഞത് ‘മുന്‍കിറുല്‍ ഹദീസ്’ എന്നാണ്. ‘ഹദീസ് നിഷേധി/ഹദീസിനെ കളങ്കപ്പെടുത്തുന്നവന്‍’ എന്നൊക്കെ പരിഭാഷപ്പെടുത്തിയാല്‍ പൂര്‍ണമാകണമെന്നില്ല. ഇമാം ബുഖാരി ഒരാളെ പററി ‘മുന്‍കിറുല്‍ ഹദീസ്’ എന്നു നിരൂപിച്ചാല്‍ അയാളില്‍ നിന്ന് ഹദീസ് ഉദ്ധരിക്കാന്‍ പാടില്ല. ‘നിവേദകരില്‍ ഒരാളെപ്പററി അഭിപ്രായ ഭിന്നതയുള്ളതിനാല്‍ പതിനായിരം ഹദീസുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. മറെറാരാളെപററി അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ അത്രതന്നെയോ അതിലധികമോ ഹദീസുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരിക്കല്‍ ഇമാം ബുഖാരി പറയുകയുണ്ടായി. (ഒരു നിവേദക പരമ്പരയില്‍ ഒഴിവാക്കിയ ഹദീസ് കുററമററ മറെറാരു പരമ്പരയിലൂടെ സ്വീകരിക്കാം.)
ഇമാം ബുഖാരിയുടെ വിജ്ഞാന സദസുകള്‍ അതിവേഗം പ്രചുരപ്രചാരം നേടിക്കൊണ്ടിരുന്നു. കാല്‍വെക്കാനിടമില്ലാത്ത വിധം നാനാദിക്കുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ കൊണ്ടവ നിറഞ്ഞു കവിഞ്ഞിരുന്നു. ബസ്വറ, ബഗ്ദാദ്, ബുഖാറ, സമര്‍ഖന്ദ് തുടങ്ങി ഒട്ടനവധി നഗരങ്ങളില്‍ ബുഖാരിയുടെ ദര്‍സുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവസാന കാലത്ത് ജന്മനാട് കേന്ദ്രീകരിച്ചായിരുന്നു ദര്‍സുകള്‍.
മുമ്പ് ബഗ്ദാദില്‍ ഉണ്ടായത് പോലെയുള്ള ഒരു ദുരനുഭവം സമര്‍ഖന്ദിലും ബുഖാരിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ നാനൂറോളം പണ്ഢിതരാണ് ഹദീസുകളുടെ മൂലവാക്യവും നിവേദക പരമ്പരയും കൂട്ടിക്കുഴച്ച് പരീക്ഷണത്തിനു മുതിര്‍ന്നിരുന്നത്. പക്ഷേ, അവരുടെ എല്ലാ ഗൂഢ തന്ത്രങ്ങളും വിഫലമാക്കികൊണ്ട് ഇമാം വിജയശ്രീലാളിതനായി.
ബുഖാരിയുടെ ശിഷ്യന്മാര്‍ക്ക് കയ്യും കണക്കുമില്ല. തലമുറ തലമുറകളായി അവരിലൂടെ അറിവിന്റെ പൊന്‍പ്രഭ ലോകത്തെല്ലായിടത്തുമെത്തി. ‘സ്വഹീഹുല്‍ ബുഖാരി ഗ്രന്ഥകാരനില്‍ നിന്നു തന്നെ അറുപതിനായിരം പേര് കേട്ടിട്ടുണ്ട്’ എന്നു ഇമാം ഫര്‍ബരി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന വിശ്വ പ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്ലിമിന്റെ കര്‍ത്താവായ ഇമാം മുസ്ലിമുല്‍ ഹജ്ജാജ്, ഇമാം അബൂ ഈസത്തുര്‍മുദി, ഇമാം നസാഈ, ഇമാം ഫര്‍ബരി, ഇമാം ദാരിമി, മുഹമ്മദ്ബ്നു നസ്വ്റുല്‍ മര്‍വസി, ഇമാം അബൂഹാതിമുര്‍റാസി, ഇമാം ഇബ്റാഹീമുല്‍ ഖര്‍ഖി, ഹാഫിള് അബൂബക്ര്‍ ബിന്‍ അബീ ആസ്വിം, ഇബ്നു ഖുസൈമ, അബൂ ജഅ്ഫര്‍ മുഹമ്മദ്ബ്നു അബീഹാതിമില്‍ വര്‍റാഖി (ഇമാം ബുഖാരിയുടെ എഴുത്തുകാരന്‍), അബൂ അബ്ദില്ല ഹുസൈന്‍ ബിന്‍ ഇസ്മാഈലുല്‍ മഹാമിലി, അബൂ ഇസ്ഹാഖ് ഇബ്റാഹീം ബിന്‍ മഅ്ഖലിന്നസഫി ഇങ്ങനെ പോകുന്നു ഇമാം ബുഖാരിയുടെ ശിഷ്യന്മാരുടെ നീണ്ട നിര. ഇവരത്രയും ലോക പ്രശസ്ത മുഹദ്ദിസുകളും കര്‍മ ശാസ്ത്ര വിശാരദരുമാണ്.
വിശുദ്ധ ഖുര്‍ആനിന്റെ തൊട്ടു പിറകിലായി മുസ്ലിം ലോകം അവലംബിക്കുന്ന ഗ്രന്ഥം ‘സ്വഹീഹുല്‍ ബുഖാരി’ ആണെന്നത് വസ്തുതയാണ്. ഇമാം ബുഖാരിയുടെ മാസ്റ്റര്‍ പീസും ഇത് തന്നെ. തീര്‍ത്തും പ്രബലമായ ഹദീസുകള്‍ മാത്രം ഉള്‍പ്പെടുത്തി രചന നടത്താന്‍ ഗുരുവര്യന്‍ ഇസ്ഹാഖ്ബ്നു റാഹ വൈഹി (റ) യാണ് ഇമാം ബുഖാരിയെ പ്രേരിപ്പിച്ചത്. അതിസൂക്ഷ്മമായ അനേകം മാനദണ്ഡങ്ങള്‍ വെച്ച്, ഇമാം ഹദീസുകള്‍ വേര്‍തിരിക്കാന്‍ തുടങ്ങി. അങ്ങനെ പരിനാറ് വര്‍ഷത്തെ അതിസാഹസിക യത്നങ്ങളിലൂടെ ആറ് ലക്ഷം ഹദീസുകളില്‍ നിന്ന് 7275 ഹദീസുകള്‍ അദ്ദേഹം ഗ്രന്ഥ രൂപത്തിലാക്കി. ‘അല്‍ ജാമിഉല്‍ മുസ്നദു സ്വഹീഹുല്‍ മുഖ്തസ്വറു മിന്‍ ഉമൂരി റസൂലില്ലാഹി വസുനനിഹി’ എന്നു പേരിടുകയും ചെയ്തു. (ഹദീസുകളുടെ എണ്ണം കണക്കാക്കുന്നത് അവ കൈമാറിക്കിട്ടിയ വഴികളെ അടിസ്ഥാനമാക്കിയാണ്. ഒരു ഹദീസ് പത്ത് പരമ്പരകളിലൂടെ വന്നാല്‍ അത് പത്തെണ്ണമായാണ് ഗണിക്കുക; ഹദീസ് ഉദ്ധരിക്കുന്നത് പത്തു പേരാകുമ്പോള്‍ വിശേഷിച്ചും)
ബുഖാരിക്ക് 80 ല്‍ പരം വ്യാഖ്യാനങ്ങളുണ്ട് അവയില്‍ ഏററവും പ്രബലം ഇമാം ഇബ്നു ഹജറില്‍ അസ്ഖലാനി (റ) (ഹിജ്റ 773-852) യുടെ ഫത്ഹുല്‍ ബാരിയാണ്.
ഹദീസുകള്‍ ശേഖരിക്കുന്നതിലും ബലാബലം നിര്‍ണയിച്ച് സൂക്ഷിക്കുന്നതിലും വ്യാപൃതനായ ഇമാം ബുഖാരി അവയനുസരിച്ച് ജീവിതം നയിക്കുന്നതിലും അതീവ തല്‍പരനായിരുന്നു. ‘ഹദീസ് മനഃപാഠമാക്കണമെന്ന് നിനക്കാഗ്രഹമുണ്ടെങ്കില്‍ അത് കൊണ്ട് ‘അമല്‍ ചെയ്യുക’ എന്ന ഇമാം വകീഇന്റെ വാക്കുകള്‍ ബുഖാരിയെ ആഴത്തില്‍ സ്വാധീനിച്ചു. അമ്പെയ്ത്തിനെപ്പററിയുള്ള ഹദീസുകള്‍ പോലും അദ്ദേഹം പ്രാവര്‍ത്തികമാക്കുകയുണ്ടായി. ആരാധനാ കര്‍മങ്ങള്‍ക്കൊപ്പം സാമൂഹിക സേവനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ബുഖാരി നിരതമായിരുന്നത് തനിക്കു ലഭിച്ച ഹദീസുകളുടെ പ്രയോഗവത്ക്കരണം ലക്ഷ്യമാക്കി കൂടിയായിരുന്നു. നബി (സ്വ) അഹ്സാബ് യുദ്ധത്തില്‍ സ്വകരങ്ങള്‍ കൊണ്ട് സ്വഹാബാക്കള്‍ക്കൊപ്പം കിടങ്ങ് കീറുകയും മസ്ജിദുന്നബവിയുടെ നിര്‍മാണ വേളയില്‍ കല്ലുകളും ഇഷ്ടികകളും തലയില്‍ ചുമക്കുകയും ചെയ്തിരുന്നു. ഇതിനെ മാതൃകയാക്കികൊണ്ടെന്നോണം, പിതാവ് അല്ലാമാ ഇസ്മാഈല്‍ (റ) ബുഖാറ നഗരത്തിനു പുറത്ത് പണിയുന്ന സത്ര- റിബാത്വ്-ത്തിനായി ഇമാം ബുഖാരി നിര്‍മാണ സാമഗ്രികള്‍ ചുമക്കുകയും പടവുകാര്‍ക്ക് ഇഷ്ടികകള്‍ ഉയര്‍ത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ പട്ടിക നീണ്ടതാണ്.
റമളാന്‍ ആദ്യ രാത്രിയായാല്‍ ആളുകള്‍ ഇമാം ബുഖാരിയുടെ സവിധത്തില്‍ സമ്മേളിക്കും. ബുഖാരി അവരെക്കൂട്ടി നിസ്കരിക്കും. ഓരോ റക്അത്തിലും ഇരുപത് വീതം ആയത്തുകള്‍ ഓതും. അങ്ങനെ ഖത്മ് ചെയ്യും. അത്താഴ സമയത്ത് ഖുര്‍ആന്‍ പാതിക്കും മൂന്നിലൊന്നിനുമിടയില്‍ ഭാഗം പാരായണം ചെയ്യും. മൂന്ന് ദിവസമാകുമ്പോള്‍ അത്താഴ സമയത്ത് തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്യും. ഇതു പോലെ റമളാന്‍ പകലിലും ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു. ഇഫ്ത്വാര്‍ സമയത്താണ് ഖത്മ് ചെയ്യാറുള്ളത്. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. ഇമാം ബുഖാരി അധികം സംസാരിക്കാറുണ്ടായിരുന്നില്ല. പ്രാര്‍ഥിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരവസ്ഥയില്‍ മുസ്ലിംകള്‍ ഒരിക്കലുമായിക്കൂടെന്ന് ഇമാം ഉണര്‍ത്താറുണ്ടായിരുന്നു. മനുഷ്യന്റെ ഭക്ഷണം ഹലാല്‍ ആകണമെന്നും സംസാരം സത്യമാകണമെന്നും ഹൃദയം സദാ അല്ലാഹുവിനെ ഭയന്നും സ്നേഹിച്ചും കൊണ്ടാകണമെന്നും ഈ വക കാര്യങ്ങളില്‍ അവര്‍ ഒരിക്കലും അശ്രദ്ധരാകരുതെന്നും ബുഖാരി ഉദ്ബോധിപ്പിച്ചു. പല പ്രവൃത്തികളിലും ഏര്‍പ്പെടുന്നതും പ്രയാസങ്ങള്‍ സഹിക്കുന്നതും ഇമാം ബുഖാരിയുടെ പ്രകൃതമായിരുന്നു. സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു ജോലിയും മറെറാരാളെ കൊണ്ട് ചെയ്യിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
ബുഖാരിക്ക് പിതാവില്‍ നിന്ന് അനന്തരാവകാശമായി വലിയ സ്വത്ത് ലഭിച്ചിരുന്നു. പിതാവിനെ പോലെ തന്നെ അദ്ദേഹവും ഹറാമും ശുബ്ഹതും കലരാതെ വളരെ സൂക്ഷ്മതയോടെ അവ കൈകാര്യം ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളില്‍ അവശതയനുഭവിക്കുന്നവരെ കൈയയച്ചു സഹായിച്ചു. ഓരോ മാസവും അനാഥര്‍ക്കും അഗതികള്‍ക്കും മററുമായി അഞ്ഞൂറ് ദിര്‍ഹം ദാനം ചെയ്യുമായിരുന്നു.
ജീവിതം ഹദീസ് വിജ്ഞാനീയങ്ങള്‍ക്കായി ഉഴിഞ്ഞു വെച്ചതിനാല്‍ സ്വത്ത് കച്ചവടത്തിനു കൊടുക്കുകയാണുണ്ടായത്; ലാഭത്തിന്റെ നിശ്ചിത വിഹിതം പങ്കുവയ്ക്കുകയെന്ന വ്യവസ്ഥയില്‍. ഒരാള്‍ മൂലധനമിറക്കുകയും മറേറയാള്‍, കച്ചവടത്തിലേര്‍പ്പെടുകയുമെന്ന ‘മുളാറബത്’ എന്ന ഇനം ഇടപാടായിരുന്നു നടത്തിയിരുന്നത്. ഈ വിഷയത്തില്‍ പിതാവ് അല്ലാമാ ഇസ്മാഈലിന്റെ പാത പിന്തുടരുകയായിരുന്നു ബുഖാരി. വലിയ സമ്പന്നനായിരുന്നിട്ടും, പിതാവിനെ പോലെ ലളിത ജീവിതമാണ് ഇമാം നയിച്ചിരുന്നത്. ക്ഷമയും സഹനവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഇമാം ബുഖാരി വിവാഹ ജീവിതം നയിച്ചിരുന്നതായോ സന്താനങ്ങളുണ്ടായിരുന്നതായോ അറിവില്ല. പല മഹാന്മാരുടേയും ജീവ ചരിത്രങ്ങളിലെന്നപോലെ ബുഖാരിയുടെ കാര്യത്തിലും ഈ ഭാഗം പരാമര്‍ശിക്കപ്പെടാതെ പോവുകയാണുണ്ടായത്. മിശ്കാതുല്‍ മസ്വാബീഹിന്റെ കര്‍ത്താവായ വലിയ്യുദ്ദീനില്‍ ഖത്വീബും (ശറഹ് മിശ്കാത്ത്) മുല്ലാ അലിയ്യുല്‍ ഖാരിയും പറയുന്നത് ബുഖാരിക്ക് മക്കളുണ്ടായിരുന്നില്ല എന്നാണ്. അല്ലാമാ അജലൂനിയാകട്ടെ ഇമാമിന്റെ വിവാഹത്തിലും ഉറപ്പ് പറയുന്നില്ല. പിന്നെ അബൂ അബ്ദില്ല (അബ്ദുല്ലയുടെ പിതാവ്) എന്ന് എങ്ങനെ ഓമനപ്പേരുണ്ടായി? സംശയം സ്വാഭാവികം. ഇതൊരു അറബി രീതിയാണ്. മക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ‘അബൂ’ ചേര്‍ത്തുള്ള വിളിപ്പേര്‍ അറബികള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. വിവാഹം ചെയ്യുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പേ, ചെറുപ്രായത്തില്‍ പോലും ഇങ്ങനെ ‘ബാപ്പ’ വിളി പതിവുണ്ട്. ഇമാം ബുഖാരി അറബി വംശജനല്ലെങ്കിലും ബുഖാറയുള്‍കൊള്ളുന്ന ഖുറാസാനില്‍ അറബികളുടെ സമ്പ്രദായങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ രേഖയില്ലെന്നു വെച്ച് ഇമാം ബുഖാരിക്ക് ഭാര്യയും മക്കളുമുണ്ടായിരുന്നില്ലെന്നു തീര്‍ത്തു പറയാനാകില്ല. അതിരിക്കട്ടെ, ചോരയില്‍ പിറന്ന മക്കളില്ലെങ്കിലെന്ത്? ഇരുനൂറ് മില്യനിലേറെ ആത്മീയ മക്കളുണ്ടല്ലോ?
ഇപ്പോള്‍ ഇമാം ബുഖാരി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി കഴിയുകയാണ്. ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ അറിവിന്റെ തിരി കൊളുത്താന്‍ ആളുകള്‍ അദ്ദേഹത്തിന്റെ സവിധത്തിലേക്കു പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ആ വിജ്ഞാന സദസ്സിന്റെ വലിപ്പം കൂടുന്ന മുറയ്ക്ക് ഇമാമിന്റെ പേരും പെരുമയും ഏറിയേറി വന്നു. അമ്പിയാക്കളുടെ അനന്തരസ്വത്തും ക്ളേശകരമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതുമായ വിജ്ഞാനത്തിന്റെ മഹത്വം അറിയാവുന്ന ഇമാം ബുഖാരി ഭൌതിക നേട്ടങ്ങള്‍ക്കായി അതിനെ ആരുടെ മുമ്പിലും കാണിക്ക വച്ചില്ല. അധികാര സ്ഥാനങ്ങളില്‍ നിന്നെല്ലാം അകന്നു നടക്കുകയും ചെയ്തു. ഭരണാധിപന്മാരുടെ സ്തുതി പാഠകരായി കഴിയുകയും സമ്മാനങ്ങളും സ്ഥാനമാനങ്ങളും സ്വീകരിക്കുകയും ചെയ്യുന്ന പണ്ഢിതന് ഇസ്ലാമിക അധ്യാപനങ്ങളോടും അമൂല്യമായ വിജ്ഞാനങ്ങളോടും നീതി പുലര്‍ത്താനാവുന്നില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും മററുള്ളവരെ ഉണര്‍ത്തുകയും ചെയ്തു. ഒരിക്കല്‍ ബുഖാറയിലെ അമീര്‍ ഖാലിദുബ്നു അഹ്മദ് ദുഹ്ലി ഇമാം ബുഖാരിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. തനിക്കും സന്താനങ്ങ ള്‍ക്കും സ്വഹീഹുല്‍ ബുഖാരിയും താരീഖുല്‍ കബീറും പഠിപ്പിക്കണമെ ന്നതായിരുന്നു അമീറിന്റെ ആവശ്യം. അതിനു പകരമായി ഉന്നത പദവികള്‍ വെച്ചു നീട്ടുകയും ചെയ്തു. പക്ഷേ, ഇമാം ആ ഓഫറുകള്‍ തള്ളി. ‘ഭരണാധികാരികളുടെ പടിവാതില്‍ക്കല്‍ സമര്‍പ്പിക്കാ നുള്ളതല്ല വിജ്ഞാനം. താങ്കള്‍ക്ക് പഠിക്കണമെങ്കില്‍ പള്ളിയിലേക്കോ വീട്ടിലേക്കോ വരിക’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപ്രതീക്ഷിത മറുപടി കേട്ട അമീര്‍ കോപാകുലനായി. അയാള്‍ ബുഖാരിയെ നിരന്തരമായി പീഢിപ്പിക്കുകയും നാടു കടത്താന്‍ ഉത്തരവിടുകയും ചെയ്തു. തന്നെയും വിജ്ഞാനത്തെയും അളവററ് സ്നേഹിക്കുന്ന നാട്ടുകാരേയും പരശ്ശതം ശിഷ്യ ഗണങ്ങളെയും പിരിയുന്നതോര്‍ത്ത് ആ മനസ്സ് തേങ്ങി. മര്‍ദിതനായ ബുഖാരി ഒടുവില്‍ അക്രമിയായ ഭരണാധികാരിക്കെതിരെ പ്രാര്‍ഥിച്ചു കൊണ്ടാണ് ബുഖാറ വിട്ടത്. അല്ലാഹു ആ പ്രാര്‍ഥന കേട്ടു. ഒരു മാസം കഴിഞ്ഞില്ല. അമീര്‍ ഖാലിദ് സ്ഥാന ഭ്രഷ്ടനാവുകയും നിന്ദ്യമായ രീതിയില്‍ കാലഗതിയടകയും ചെയ്തു.
ബുഖാറയില്‍ നിന്നു ബഹിഷ്കൃതനായ ഇമാം ബുഖാരി നേരെ പോയത് സമര്‍ഖന്ദിലേക്കാണ്. അവിടേക്ക് വരാന്‍ ക്ഷണവുമുണ്ടായിരുന്നു. പക്ഷേ, യാത്രാമധ്യേ സമര്‍ഖന്ദിനു സമീപം ഖന്‍തന്‍ക് എന്ന പ്രദേശത്ത് വച്ച് അദ്ദേഹം രോഗ ബാധിതനായി. അവിടെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഏതാനും ദിവസം ശയ്യാവലംബിയായ ശേഷം ഹിജ്റ 256 ശവ്വാല്‍ ഒന്നിന് അറുപത്തി രണ്ടാം വയസ്സില്‍ എന്നന്നേക്കുമായി വിടവാങ്ങി.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അഹ്മദ്ബ്നു ഹമ്പല്‍ (റ)
💐💐💐💐💐💐💐💐💐

പൂര്‍ണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പല്‍ എന്നാകുന്നു. ഹിജ്റ 164 റബീഉല്‍ അവ്വല്‍ 20 നാണു ജനനം. പിതാവ് ‘മുജാഹിദ്’ എന്ന അഭിധാനത്തില്‍ അറിയപ്പെട്ട മുഹമ്മദ് ആയിരുന്നു.
ഹദീസ് വിജ്ഞാനത്തിലും നിയമത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഹമ്പല്‍ തങ്ങള്‍. സത്യത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് ഖലീഫക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ച ഹമ്പല്‍ (റ) തന്റെ ജീവിതം മുഴുവന്‍ ദീനീ സേവനത്തിനായി ഉഴിഞ്ഞു വച്ചവരായിരുന്നു.
മുഅ്തസിലികള്‍ക്കു ശക്തമായ സ്വാധീനമുള്ള കാലമായിരുന്നു ഹമ്പല്‍(റ) ന്റേത്. മുഅ്തസിലി വീക്ഷണക്കാരായ മഅ്മൂന്‍ അല്‍ മുഅ്തസിം, വത്വീഖ് എന്നീ ഭരണാധികാരികളില്‍ ഏറെ സ്വാധീനം നേടാന്‍ കഴിഞ്ഞ മുഅ്തസിലുകള്‍ തങ്ങളുടെ വീക്ഷണം പ്രചരിപ്പിക്കാന്‍ അധികാരത്തെ കൂട്ടിപ്പിടിച്ചു. പക്ഷേ, അഹ്മദ്ബ്നു ഹമ്പലും മററു മുഹദ്ദിസുകളുമൊന്നും അവരെ അംഗീകരിക്കാന്‍ ഒരുങ്ങിയില്ലെന്നു മാത്രമല്ല, അവര്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്തു.
മുഅ്തസിമിന്റെ ഭരണകാലത്ത് ഹമ്പല്‍ (റ) വിനു ശാരീരിക പീഡനവും ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. നിലപാടു മാററി മുഅ്തസിലി കാഴ്ചപ്പാട് വച്ചു പുലര്‍ത്തിയാല്‍ സര്‍വവിധ ബന്ധനങ്ങളില്‍ നിന്നും മോചിപ്പിക്കാമെന്നു ഖലീഫ മുഅ് തസിം പല തവണ പറഞ്ഞെങ്കിലും ഹമ്പല്‍ (റ) അനുസരിക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് മുഅ്തസിമിന്റെ കൂലിപ്പട്ടാളക്കാര്‍ മഹാനവര്‍കളോടു ക്രൂരമായി പെരുമാറി. ചാട്ടവാറു കൊണ്ട് അടിയേററ ഹമ്പല്‍ തങ്ങള്‍ ബോധക്ഷയനായി വീണു പോയി. ബോധം തെളിഞ്ഞപ്പോള്‍ ദാഹജലവുമായി വന്നവരെ തിരിച്ചയച്ച ഹമ്പല്‍ (റ), അനുഷ്ഠിച്ചിരുന്ന നോമ്പ് മുറിക്കാന്‍ തയാറായിരുന്നില്ല. ഇസ്ലാമിനു വേണ്ടി അവിടുന്ന് അനുഭവിക്കേണ്ടി വന്ന യാതനകള്‍ എണ്ണമററതാണ്. അതിനെ കുറിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം ശാഫിഈ (റ)
💐💐💐💐💐💐💐

2

ൈബതുല്‍ മുഖദ്ദസിനടുത്ത് ‘ഗസ്സത്ത്’ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ല്‍ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂര്‍ണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രണ്ടാം വയസ്സില്‍ ഇമാം ശാഫിഈ (റ) യെ മക്കയില്‍ കൊണ്ടുപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളര്‍ന്നത്.”ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) പത്താം വയസ്സില്‍ ഇമാം മാലികി (റ) ന്റെ മുവത്വയും ഹൃദിസ്ഥമാക്കി” (താരീഖുബഗ്ദാദ്: വാ:2, പേ:63). ചെറു പ്രായത്തില്‍ ദാരിദ്യ്രം കൊണ്ട് കഷ്ടപ്പെടുമ്പോഴും വിജ്ഞാനത്തിന്റെ ഉറവ തേടി ചുറ്റിത്തിരിയുന്നതിലായിരുന്നു ആ മഹാനുഭാവന്റെ ശ്രദ്ധ മുഴുവനും.
കുട്ടിക്കാലത്ത് തന്നെ പണ്ഢിതരുമായി ബന്ധപ്പെട്ട് അവരില്‍ നിന്ന് ശേഖരിക്കുന്ന വിജ്ഞാനങ്ങള്‍ എല്ലിലും കല്ലിലുമൊക്കെ അവര്‍ എഴുതി വെക്കുമായിരുന്നു. പന്ത്രണ്ടായിരം ഹദീസുകള്‍ ക്രോഡീകരിച്ച ഇമാം മാലികി (റ) ന്റെ മുവത്വ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) തന്റെ പതിമൂന്നാം വയസ്സില്‍ ഇമാം മാലികി (റ) ന്റെ സന്നിധാനത്തിലേക്ക് ഉപരിപഠനാര്‍ഥം യാത്രയായി. മദീനയിലായിരുന്നു ഇമാം മാലികി (റ) ന്റെ വിജ്ഞാന കേന്ദ്രം.
തന്റെ രചനയായ മുവത്വ ഇമാം ശാഫിഈ (റ) നിഷ്പ്രയാസം കാണാതെ പാരായണം ചെയ്തപ്പോള്‍ ഇമാം മാലികി (റ) ന് പുതിയ ശിഷ്യനില്‍ എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവുമുണ്ടായി. അവിടുന്ന് ശാഫിഈ (റ) യോട് ഇപ്രകാരം ഉപദേശിച്ചു:
“നിങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനങ്ങള്‍ കൈവരും. അതിനാല്‍ അല്ലാഹു നല്‍കുന്ന പ്രഭയെ ദോഷങ്ങള്‍ കൊണ്ട് കെടുത്തിക്കളയരുത്”(ശറഹുല്‍ മുഹദ്ദബ്: വാ:1, പേ: 8).
ഇമാം മാലികി (റ) ന്റെ വഫാത്തിനു ശേഷം ഇമാം ശാഫിഈ (റ) മദീന വിട്ട് യമനില്‍ താമസമാക്കി. അവിടെ ഖാളിയായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇറാഖിലേക്ക് പോവുകയും അബൂഹനീഫ (റ) ന്റെ അസ്വ്ഹാബില്‍ പ്രധാനികളായ മുഹമ്മദ്ബ്നു ഹസന്‍ (റ) (ഇവര്‍ ഇമാം ശാഫിഈ (റ) യുടെ ഉസ്താദും കൂടിയാണ്) അടക്കമുള്ള മഹാരഥന്മാരുമായി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
ഇറാഖില്‍ ശാഫിഈ ഇമാം (റ) വളരെ വലിയ പ്രശസ്തി നേടിയെടുത്തു. അവിടെ ഹദീസ് പഠനം വ്യാപകമാകാന്‍ ഇമാം ശാഫിഈ (റ) കാരണമായി. മുഹമ്മദ് ബിന്‍ ഹസന്‍ (റ) ഒരിക്കല്‍ പറയുകയുണ്ടായി. “ശാഫിഈ ഇമാം ഒരവസരത്തില്‍ ഇമാം അബൂഹനീഫ (റ) യുടെ കിതാബുല്‍ ഔസ്വത്ത് എന്നില്‍ നിന്ന് വായ്പ വാങ്ങി. ഒരു രാപ്പകല്‍ കൊണ്ട് അവര്‍ അത് മനഃപാഠമാക്കിയിരുന്നു”.
ഇറാഖില്‍ വെച്ചാണ് ഖദീമുകള്‍ രേഖപ്പെടുത്തിയ കിതാബുകള്‍ രചിക്കുന്നത്. ശേഷം 199 ല്‍ ഈ ജിപ്തില്‍ വരികയും അവിടെ വെച്ച് ജദീദുകള്‍ രേഖപ്പെടുത്തിയ കിതാബുകള്‍ രചിക്കുകയും ചെയ്തു. (മിര്‍ഖാത്ത്: വാ:1, പേ:19).
ഖുര്‍ആനിലും ഹദീസിലും അനുബന്ധ വിജ്ഞാന ശാഖകളിലും അതുല്യമാം വിധം അവഗാഹം നേടിയ ശാഫിഈ (റ) വലിയൊരു ഭാഷാ പണ്ഢിതന്‍ കൂടിയായിരുന്നു. അറബി ഭാഷയില്‍ തന്റെ വാക്കുകള്‍ തെളിവായി ഗണിക്കപ്പെട്ടു. ആ കാലഘട്ടത്തില്‍ അറബി ഭാഷയുടെ തറവാടായി അറിയപ്പെടുന്ന ഖുറൈശി തറവാട്ടില്‍ ജനിച്ച ഇമാം ശാഫിഈ (റ) ഭാഷാ പഠനത്തിനു വേണ്ടി മാത്രം ഇരുപതു വര്‍ഷക്കാലം നീക്കിവെച്ചു.
ഹദീസ് പാണ്ഢിത്യത്തില്‍ ഇമാം ശാഫിഈയുടെ നൈപുണ്യം വര്‍ണ്ണിക്കാനാകാതെ പണ്ഢിതര്‍ കുഴങ്ങുകയാണ്. ഹസനുബിന്‍ മുഹമ്മദ് സഅ്ഫറാനി (റ) പറയുന്നു: “ഹദീസ് പണ്ഢിതന്മാര്‍ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ (റ) യാണ് അവരെ തട്ടി ഉണര്‍ത്തിയത്. അഹ്മദ് ബ്നു ഹമ്പലി (റ) ന്റെ വാക്കുകളില്‍ വിജ്ഞാനത്തില്‍ ഇമാം ശാഫിഈ (റ) യുടെ സംഭാവന അതുല്യമായതിനാല്‍ അവരോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പര്‍ശിച്ചിട്ടില്ല”.
ഹദീസ് വിജ്ഞാനത്തിലെ ഔന്നത്യം നിമിത്തം ‘നാസ്വിറുല്‍ ഹദീസ്’ എന്ന അപര നാമധേയത്തിലായിരുന്നു ഇറാഖില്‍ ഇമാം ശാഫിഈ (റ) പ്രസിദ്ധി നേടിയത്. അവരുടെ മദ്ഹബ് സ്വീകരിച്ചവര്‍ക്ക് ‘അസ്വ്ഹാബുല്‍ ഹദീസ്’ എന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടിരുന്നു.
‘ഇമാമുല്‍ അഇമ്മ’ എന്ന പേരില്‍ പ്രസിദ്ധനായ ഇബ്നു ഖുസൈമ (റ) ഹദീസ് മനഃപാഠത്തില്‍ അതുല്യനായിരുന്നു. ഇമാം ശാഫിഈ (റ) യുടെ ഗ്രന്ഥങ്ങളില്‍ സൂക്ഷിക്കപ്പെടാത്ത ഏതെങ്കിലും ഹദീസുകള്‍ താങ്കള്‍ക്കറിയുമോ? എന്ന ചോദ്യത്തിനു ഇല്ലെന്നാണ് അവിടുന്ന് ഉത്തരം നല്‍കിയത്. ഇമാം ശാഫിഈ (റ) ഇരുന്നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് ഇബ്നു സൌലാഖ് (റ) പറഞ്ഞതായി ‘ശദറാതുദ്ദഹബ്’:വാ:2, പേ:10 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിദാന ശാസ്ത്രത്തിലും മറ്റുമുള്ള ഗ്രന്ഥങ്ങള്‍ കൂടാതെ തന്നെ കര്‍മ്മ ശാസ്ത്രത്തില്‍ മാത്രം നൂറ്റി ഇരുപത് ഗ്രന്ഥങ്ങള്‍ ഇമാം ശാഫിഈ (റ) രചിച്ചിട്ടുണ്ട്. (അല്‍ഫവാഇദുല്‍ മദനിയ്യ: പേ:242). ചുരുക്കത്തില്‍ ഖുര്‍ആന്‍ ഹദീസ് പഠനത്തില്‍ തന്റെ അയല്‍പക്കത്തു പോലും മറ്റാരുമുണ്ടായുരുന്നില്ല.
പതിനഞ്ചാം വയസ്സില്‍ തന്നെ ഇമാം ശാഫിഈ (റ) ക്ക് ഇജ്തിഹാദ് പട്ടം നല്‍കപ്പെട്ടിരുന്നു. ഈ കാലയളവില്‍ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം അവഗാഹം നേടിയെടുത്തിരുന്നു. മക്കയിലെ അന്നത്തെ മുഫ്തിയും ഇമാമുമായിരുന്ന മുസ്ലിമുബിന്‍ ഖാലിദ് (റ) ആണ് മഹാനു “ഇജ്തിഹാദിനു അനുവാദം നല്‍കിയത്. അദ്ദേഹം ശാഫിഈ (റ) ഇമാമിന്റെ ഗുരുനാഥന്‍ കൂടിയാണ്”.ശറഹുല്‍ മുഹദ്ദബ്:വാ:1,പേ:10, തഹ്ദീബുല്‍ അസ്മാഇവല്ലുഗാത്: വാ:1,പേ:51, സിയറ്: വാ:10,പേ:54, തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1,പേ:362 എന്നിവ നോക്കുക. ഇതു കൊണ്ടാണ് ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുദ്ധരിച്ചപ്പോള്‍ ഇമാം ഹുമൈദി (റ) ഇമാം ശാഫിഈ (റ) യെ ഇപ്രകാരം വര്‍ണ്ണിച്ചത്. തന്റെ കാലത്തെ പണ്ഢിതന്മാരുടെ നേതാവായ മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നോട് ഹദീസ് പറഞ്ഞു. ഇബ്നു അദിയ്യി (റ) ന്റെ കാമില്‍ വാ:1, പേ:115 നോക്കുക. സ്വഹീഹുല്‍ ബുഖാരിയുടെ ആദ്യ ഹദീസിന്റെ ആദ്യ റിപ്പോര്‍ട്ടറാണ് ഹുമൈദി (റ). ഇമാം ശാഫിഈ (റ) യുടെ ശിഷ്യനായ ഹുമൈദി ഇമാം ബുഖാരി (റ) യുടെ ഉസ്താദാണെന്ന് ചുരുക്കം.
ഇമാം ബൈഹഖി (റ), ദൈലമി(റ), ഖത്തീബ്(റ) എന്നിവര്‍ അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് നിവേദനം: “ഹദീസ് കാണാത്ത ഏതെങ്കിലും മസ്അലയെ കുറിച്ച് എന്നോട് ചോദിക്കപ്പെട്ടാല്‍ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായത്തിനോട് യോജിച്ച് ഞാന്‍ മറുപടി പറയും. എല്ലാ നൂറ്റാണ്ടിന്റെയും ആരംഭത്തില്‍ നബി (സ്വ) യുടെ സുന്നത്ത് പഠിപ്പിക്കുന്ന ഒരു വ്യക്തിയെ അല്ലാഹു നിശ്ചയിക്കുമെന്ന് ഹദീസില്‍ ഞാന്‍ കണ്ടിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ പരാമൃഷ്ട വ്യക്തി ഇമാം ശാഫിഈ (റ) ആയതിനാലാണ് അവരെ അവലംബിക്കാന്‍ കാരണം”. (അല്‍-‏ദുര്‍റുല്‍ മന്‍സൂര്‍: വാ:1,പേ:321, സിയറ്:വാ:10,പേ:42, താരീഖു ബഗ്ദാദ്:വാ:2, പേ:62, ഹില്‍യത്ത്:വാ:9,പേ:97, താരീഖുബ്നി അസാകിര്‍:വാ:2,പേ:412, ഇമാം ബൈഹഖി (റ) യുടെ മനാഖിബുശ്ശാഫിഈ:വാ:1,പേ:54).
ഇമാം സുബ്കി (റ) ത്വബഖാതില്‍ പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ വിജ്ഞാനവും യോ ഗ്യതയും വിശ്വസ്തതയും മറ്റു ശ്രേഷ്ഠതകളുമൊക്കെ എല്ലാ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതാണ്. അവര്‍ക്ക് പിശക് സംഭവിക്കുക വളരെ അപൂര്‍വ്വമാണ്. എന്നാല്‍ അബൂസര്‍അ (റ) പറയുന്നതു പിശക് സംഭവിച്ച ഒരു ഹദീസും ഇമാം ശാഫിഈ (റ) യുടെ അരികിലില്ലെന്നാണ്. പിശക് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്ക് ഉള്ളതായി ഞാനറിയില്ലെന്നാണ് അബൂദാവൂദ് (റ) പറയുന്നത്. എന്നിരിക്കെ ഹദീസില്‍ ഇമാം ശാഫിഈ (റ) യോഗ്യനല്ലെന്ന് ഇബ്നു മഈന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനെക്കുറിച്ച് ദഹബി പറയുന്നു: “ഇതു കൊണ്ട് സ്വശരീരത്തെ തന്നെയാണ് ഇബ്നു മഈന്‍ വിഷമിപ്പിച്ചിരിക്കുന്നത്. ആരും തന്നെ ഇബ്നു മഈനിന്റെ ഈ പരാമര്‍ശത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇമാം ശാഫിഈ (റ) യെക്കുറിച്ച് വളരെ നന്നായി ദഹബി നീട്ടി സംസാരിച്ചതിന്റെ അവസാന ഭാഗത്ത് ഇപ്രകാരം തുടരുന്നു:” ഇമാം ശാഫിഈ (റ) പ്രമുഖ ഹദീസ് പണ്ഢിതരില്‍പെട്ട ആളാണ്. ഹദീസ് പഠനാവശ്യാര്‍ഥം മക്ക, മദീന, ഇറാഖ്, യമന്‍, മിസ്വ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ബഗ്ദാദില്‍ നാസ്വിറുല്‍ ഹദീസ് എന്നാണവരുടെ സ്ഥാനപ്പേര്. പിഴവ് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്കുള്ളതായി എത്തിക്കപ്പെട്ടിട്ടില്ല. സ്വാര്‍ഥ താത്പര്യമൊ അജ്ഞതയൊ മൂലം ആരോപണം ഉന്നയിക്കുന്നവരെ അല്ലാഹു വിചാരണ ചെയ്തുകൊള്ളും. പക്ഷേ, ഹദീസ് വിജ്ഞാനത്തില്‍ യഹ്യല്‍ ഖത്വാന്‍, ഇബ്നു മഹ്ദി, അഹ്മദുബ്നു ഹമ്പല്‍ (റ), ഇബ്നുല്‍ മദീനി (റ) തുടങ്ങിയവരുടെ താഴെയാണ് ഇമാം ശാഫിഈ (റ) യുടെ സ്ഥാനം”. ദഹബിയുടെ ഈ പരാമര്‍ശത്തെ കുറിച്ച് തന്റെ ശിഷ്യന്‍ ഇമാം സുബ്കി (റ) എഴുതുന്നു:” ഇമാം ശാഫിഈ( റ) ഹദീസ് പാണ്ഢിത്യത്തില്‍ അവര്‍ക്ക് താഴെയാണെന്ന വാദം ശരിയല്ല. ഇമാം ശാഫിഈ (റ) ക്ക് പിഴവ് സംഭവിച്ച ഒരു ഹദീസ് പോലുമില്ലെന്ന മുഹദ്ദിസീങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ തന്നെ ഇമാം ശാഫിഈ (റ) യുടെ സ്ഥാനം തെളിയിക്കാന്‍ ധാരാളം മതി”. ത്വബഖാത്: വാ:5,പേ:220, 221, തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1,പേ:362, താരീഖു ഇബ്നിഅസാകിര്‍: വാ:2,പേ:15, സിയറ്: വാ:10,പേ:48 എന്നിവ നോക്കുക. ഇബ്നു മഈനിന്റെ മേല്‍ പരാമര്‍ശത്തെക്കുറിച്ച് ഹാഫിളുബ്നു അബ്ദില്‍ ബര്‍റ് (റ) പറയുന്നതു ശ്രദ്ധേയമാണ്. “ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള മേല്‍ പരാമര്‍ശം കാരണം ഇബ്നു മഈനി (റ) നെ ആക്ഷേപിക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതുമാണ്. അഹ്മദുബ്നു ഹമ്പല്‍ (റ) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബ് ദുല്‍ ബര്‍റ് (റ) ഉദ്ധരിക്കുന്നു. യഹ്യബ്നു മഈന്‍ ഇമാം ശാഫിഈ (റ) യെ എവിടെ നിന്നാണറിയുക? ഇമാം ശാഫിഈ (റ) യെയും അവരുടെ അഭിപ്രായങ്ങളേയും അറിയുന്ന വ്യക്തിയല്ല യഹ്യബ്നു മഈന്‍. ഒരു വസ്തുവിനെക്കുറിച്ച് അറിയാത്തവന്‍ ആ വസ്തുവിന്റെ ശത്രുവാണല്ലോ? ഈ വാക്കുകളുദ്ധരിച്ച ശേഷം ഇമാം സുബ്കി (റ) ഇപ്രകാരം തുടരുന്നു. “എന്നാല്‍ യഹ്യബ്നു മഈന്‍ ഉദ്ദേശിച്ചത് ഇമാം ശാഫിഈ (റ) യെ അല്ലെന്നും പ്രത്യുത ഇമാം ശാഫിഈ (റ) യുടെ ഇളയുപ്പയുടെ മകനെയാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉസ്താദ് അബൂമന്‍സൂറി (റ) നെക്കുറിച്ചുള്ള ചരിത്രത്തില്‍ നാം അതുദ്ധരിക്കാന്‍ പോകുന്നുണ്ട്. ഇനി ഇമാം ശാഫിഈ (റ) യെ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഇബ്നു മഈനി (റ) ന്റെ പരാമര്‍ ശത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. അത് ഇബ്നു മഈനിനു അപമാനമായിട്ടാണ് വരുന്നത്. മുഅതസിലിയായ മഅ്മൂന്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദഗതിയിലേക്ക് ഇബ്നു മഈനി (റ) നെ വിളിച്ചപ്പോള്‍ മഅ്മൂനിനു വഴങ്ങേണ്ടിവന്ന കാരണത്താല്‍ ഇബ്നു മഈനിനു അങ്ങേയറ്റം ഖേദിക്കേണ്ടി വന്നു. ഇമാമുകളുടെ ഇമാമായ ശാഫിഈ ഇമാമില്‍ ഇബ്നു മഈന്‍ പരാമര്‍ശിച്ചതിന്റെ പ്രത്യാഘാതമായിരുന്നു അത്” (ത്വബഖാത്:വാ:1, പേ:188,189).
യഹ്യബ്നു മഈന്‍ ഇമാം ശാഫിഈ (റ) യെ അല്ല ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കയാണ് ത്വബഖാത്: വാ:5, പേ:220 ല്‍. യഹ്യബ്നു മഈന്‍ തന്നെ ഇമാം ശാഫിഈ (റ) യില്‍ യാതൊരു പന്തികേടുമില്ലെന്ന് പ്രസ്താവിച്ചതായി സിയറ്: വാ:10, പേ:47 ലും ഹില്‍യത്ത്: വാ:9, പേ:97 ലും ഉദ്ധരിച്ചതു ത്വബഖാതില്‍ പറഞ്ഞതിന്ന് ഉപോല്‍ബലകമാണ്.
ഇമാം ശാഫിഈ (റ) യുടെ ശിഷ്യന്‍ കൂടിയായ മുസ്നി (റ) പറയുന്നു:” ഇമാം ശാഫിഈ (റ) ക്ക് പിശക് സംഭവിച്ചതായി സ്ഥിരപ്പെടുത്താന്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിന്നാരെങ്കിലും എന്നോട് വാദപ്രതിവാദം നടത്താനുദ്ദേശിക്കുന്നുവെങ്കില്‍ ഇമാം ശാഫിഈ (റ) ക്കല്ല പിശക് സംഭവിച്ചതെന്നും അവരില്‍ നിന്ന് ഹദീസ് പകര്‍ത്തിയെടുത്ത വ്യക്തിക്കാണ് പിശക് സംഭവിച്ചിട്ടുള്ള തെന്നും ഞാന്‍ സ്ഥിരപ്പെടുത്തും” (ബൈഹഖി (റ) യുടെ ബയാനു ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ: പേ:96).
ദഹബി തന്നെ പറയട്ടെ: “അല്ലാഹുവാണു സത്യം. സത്യസന്ധതയിലും ശ്രേഷ്ഠതയിലും വിജ്ഞാനത്തിന്റെ വിസ്തീര്‍ണതയിലും പരിധിക്കപ്പുറമുള്ള ി കൂര്‍മ്മബുദ്ധിയിലും സത്യത്തെ സഹായിക്കുന്നതിലും കീര്‍ത്തനത്തിന്റെ ആധിക്യത്തിലും ഇമാം ശാഫിഈ (റ) യെ പോലെ ആരാണുള്ളത്?” (സിയറ്: വാ:10, പേ:95).
ഖുറൈശി വംശത്തില്‍ ഒരു പണ്ഢിതന്‍ ഭൂതലം മുഴുക്കയും വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഈ പണ്ഢിതന്‍ ശാഫിഈ ഇമാമാണെന്നാണ് പണ്ഢിത പക്ഷം. സ്വഹാബത്തടക്കമുള്ള ഖുറൈശി കുടുംബത്തില്‍പെട്ട ആരും ഇമാം ശാഫിഈ(റ) യോളം പാണ്ഢിത്യമുള്ളവരായിരുന്നില്ലെന്ന് ഇതിനു തെളിവായി അവര്‍ പറയുന്നു. ശറഹുല്‍മുഹദ്ദബ്: വാ:1, പേ:11, താരീഖുബഗ്ദാദ്: വാ:1, പേ: 61, ത്വബഖാത്: വാ:1, പേ:102,103, ഹില്‍യത്:വാ:9,പേ: 65, ബൈഹഖിയുടെ മനാഖിബുശ്ശാഫിഈ: വാ:1, പേ:26, ബയാനു ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ: പേ:94 എന്നിവ നോക്കുക.
ഈ മഹാനുഭാവനാണ് പുത്തന്‍ കൂറ്റുകാരുടെ കാഴ്ചപ്പാടില്‍ ഹദീസ് ലഭിക്കാത്ത നിര്‍ഭാഗ്യവാന്‍. ഇവര്‍ എഴുതിയ താഴെ വരികള്‍ കൂടി വായനക്കാര്‍ കാണുക: “ഇമാം ശാഫിഈ വിനയാന്വിതനായിരുന്നു. ഹദീസുകള്‍ മുഴുവനും തനിക്ക് ശേഖരിക്കാന്‍ സാധിക്കാത്ത കുറവിനെക്കുറിച്ചും ന്യൂനതയെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു”.
ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള അജ്ഞത മൂലമൊ, ദേഹേച്ഛ പ്രകാരമൊ ആണീ പരാമര്‍ശമെന്നും അതിന്ന് വേണ്ട നടപടി അല്ലാഹു സ്വീകരിച്ച് കൊള്ളട്ടെയെന്നും ഹാഫിളുദ്ദഹബി പറഞ്ഞതു പോലെത്തന്നെയാണ് നമുക്കും പറയാനുള്ളത്.
അഹ്ലുസ്സുന്നത്തിനോടുള്ള പക്ഷപാതവും ഹമ്പലീ മദ്ഹബിലുള്ള തീവ്രതയും ഉണ്ടായിട്ടു പോലും ലോകം സമ്മതിച്ച യാഥാര്‍ഥ്യം മറച്ചുവെച്ചാല്‍ കണ്ണു ചിമ്മി ഇരുട്ടാക്കുന്നതു പോലെയാകുമെന്ന് ഭയപ്പെട്ടിട്ടാവാം ദഹബി പോലും ഇമാം ശാഫിഈ (റ)യെ വാനോളം പുകഴ്ത്തിയത്. ഇകഴ്ത്തിപ്പറയാന്‍ യാതൊന്നും ഇല്ലാതായപ്പോള്‍ ഹദീസ് പാണ്ഢിത്യത്തില്‍ അഹ്മദ്ബ്നു ഹമ്പല്‍ പോലെയുള്ളവരുടെ താഴെയാണന്ന് മാത്രം പറഞ്ഞ് മതിയാക്കുകയായിരുന്നു ദഹബി. ദഹബിയെ ശിരസ്സിലേറ്റി നടക്കുന്നവര്‍ുണ്ടൊ ദഹബിയെ സംബന്ധിച്ച് തന്നെ വല്ല പിടിപാടും. പിന്നെയല്ലെ ഇമാം ശാഫിഈ (റ) യെക്കുറിച്ച് അവര്‍ പറയുക.
യഥാര്‍ഥത്തില്‍ രേഖ കണ്ടെത്താത്ത വിഷയങ്ങള്‍ക്കുള്ള രേഖകള്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് അന്വേഷിക്കുകയായിരുന്നു ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ).
ഹാഫിള് ഖതീബുല്‍ ബഗ്ദാദി (റ) അബൂ അയ്യൂബുല്‍ ബസ്വരി( റ) യില്‍ നിന്ന് നിവേദനം : “അവര്‍ പറഞ്ഞു: ഞങ്ങള്‍ അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ അരികില്‍ വെച്ച് ഒരു മസ്അലയില്‍ ചര്‍ച്ച നടത്തി. അപ്പോള്‍ ഒരു വ്യക്തി ഇമാം അഹ്മദി (റ) നോട് ഇപ്രകാരം പറഞ്ഞു. ഈ വിഷയത്തില്‍ ഹദീസൊന്നും സ്വഹീഹായി വന്നിട്ടില്ലല്ലൊ. ഇമാം അഹ്മദ് (റ) പറഞ്ഞു. തല്‍വിഷയത്തില്‍ ഹദീസ് സ്വഹീഹായി വന്നിട്ടില്ലെങ്കില്‍ തന്നെ അതില്‍ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായമിന്നതാണ്. തല്‍വിഷയത്തിലുള്ള അവരുടെ രേഖ ഏറ്റവും സുദൃഢവും ആണ്.
പിന്നീട് അഹ്മദ് (റ) ഇപ്രകാരം തുടര്‍ന്നു. “ഞാന്‍ ഈ മസ്അലയെ സംബന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ എനിക്ക് മറുപടി തന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. താങ്കള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്? ഈ വിഷയത്തില്‍ ഖുര്‍ആനിന്റെയോ ഹദീസിന്റെയോ രേഖയുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ, അങ്ങനെ തല്‍വിഷയത്തെ സംബന്ധിച്ച് നബി (സ്വ) യില്‍ നിന്നുള്ള ഒരു ഹദീസ് അവര്‍ ഉദ്ധരിച്ചു. ആ ഹദീസ് വിഷയത്തിനു വ്യക്തമായ രേഖയായിരുന്നു” (താരീഖു ബഗ്ദാദ്: വാ:2, പേ:66,67).
ഇപ്രകാരമുള്ള ലക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ് ഹദീസ് പാണ്ഢിത്യത്തില്‍ ഇമാം ശാഫിഈ (റ) അഹ്മദ്ബ്നു ഹമ്പല്‍ (റ) ന്റെ താഴെക്കിടയിലാണെന്ന ദഹബിയുടെ പരാമര്‍ശത്തെ ഇമാം സുബ്കി (റ) തന്റെ ത്വബഖാതില്‍ ഖണ്ഡിച്ചത്.
ഇമാം ബൈഹഖി (റ) അബൂബകറില്‍ ഇസ്റമില്‍ (റ) നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതനായിരുന്നുവോ? എന്ന് ഞാന്‍ അഹ്മദ്ബ്നു ഹമ്പലി (റ) നോട് ചോദിച്ചു. അവിടുന്നുള്ള മറുപടി ഇപ്രകാരമായിരുന്നു. അല്ലാഹുവാണ് സത്യം. ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതന്‍ തന്നെയാണ്”. (ബയാന്‍ ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:97).
എന്നാല്‍ ഇമാം ബുഖാരി(റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളില്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് എന്തു കൊണ്ടാണ് ഹദീസുകളുദ്ധരിക്കാതിരുന്നത്? എന്ന സംശയത്തിനുള്ള മറുപടി ഖത്വീബുല്‍ ബഗ്ദാദി (റ) യില്‍ നിന്ന് ദഹബി ഉദ്ധരിക്കുന്നു. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്.
ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് വെച്ചല്ല. ഇമാം ശാഫിഈ (റ) യെക്കാള്‍ പ്രായം കൂടിയവരെ ഇമാം ബുഖാരി (റ) കണ്ടിട്ടുണ്ട്. ഉബൈദുല്ലാഹിബ്നു മൂസ, ഇബ്നു ആസ്വിം (റ) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവരെല്ലാമാണെങ്കില്‍ താബിഉകളില്‍ നിന്ന് തന്നെ നേരെ ഹദീസുകള്‍ കേട്ടവരാണ്. എന്നാല്‍ ഇമാം ശാഫിഈ (റ) യുമായി ഇമാം ബുഖാരി (റ) കണ്ടുമുട്ടിയിട്ടുമില്ല. എങ്കിലും ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ഒരുപടി ഇറങ്ങിക്കൊണ്ട് ആ ഹദീസുകള്‍ ഇമാം ശാഫിഈ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യം ഇമാം ബുഖാരി (റ) ക്ക് നേരിട്ടില്ല” (സിയറ്: വാ:10,പേ:96).
ഇമാം സുബ്കി (റ) പറയുന്നു:: “സഅ്ഫറാനി, അബൂസൌറ്, കറാബസി (റ) തുടങ്ങിയവരില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. ഉമൈദി (റ) യില്‍ നിന്നാണ് ഇമാം ബുഖാരി (റ) ഫിഖ്ഹ് പഠിച്ചത്. ഇപ്പറഞ്ഞവരെല്ലാമാണെങ്കില്‍ ഇമാം ശാഫിഈ( റ) യുടെ അസ്വ്ഹാബുകളാണ്. എന്നാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് തന്റെ സ്വഹീഹില്‍ ഹദീസുകളുദ്ധരിച്ചില്ല. ഇമാം ശാഫിഈ( റ) യുടെ കാലക്കാരുമായി ഇമാം ബുഖാരി (റ) നേരില്‍ കണ്ടുമുട്ടിയതും മധ്യവയസ്കനായപ്പോള്‍ തന്നെ ഇമാം ശാഫിഈ (റ) വഫാത്തായതു കൊണ്ട് അവരെ കണ്ടുമുട്ടാത്തതുമാണിതിനു കാരണം. അതിനാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് കിട്ടേണ്ട ഹദീസുകള്‍ അവരുടെ സമകാലികരില്‍ നിന്ന് ലഭിച്ചപ്പോള്‍ ഒരുപടി ഇറങ്ങിക്കൊണ്ട് മറ്റൊരാള്‍ മാധ്യമമായി ഇമാം ശാഫിഈ (റ) വഴിക്ക് ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടന്ന് വെച്ചു” (ത്വബഖാത്: വാ:2, പേ:4)
ഇമാം അസ്നവി (റ) യുടെ വാക്കുകള്‍ കാണുക: “നിശ്ചയം അഗ്രേസരായ ഹദീസ് പണ്ഢിതരൊക്കെ ഒരു പക്ഷേ, ഇമാം ശാഫിഈ (റ) യില്‍ നിന്നു നേരെ ഹദീസുകള്‍ സ്വീകരിച്ച അസ്വ് ഹാബുകളൊ അവരില്‍ നിന്ന് ഹദീസ് സ്വീകരിച്ചവരൊ ആണ്. ഇമാം അഹ്മദ്, തിര്‍മുദി, നസാഈ, ഇബ്നു മാജ, ഇബ്നുല്‍ മുന്‍ദിര്‍, ഇബ്നു ഹിബ്ബാന്‍, ഇബ്നു ഖുസൈമ, ബൈഹഖി, ഹാകിം, ഖ്വത്വാബി, ഖ്വത്വീബുല്‍ ബഗ്ദാദി, അബൂനുഐം (റ:ഹും) തുടങ്ങിയവരും മറ്റും രണ്ടാലൊരു വിഭാഗത്തില്‍ പെട്ടവരാണ്. അല്ലെങ്കില്‍ വലിയ ഹദീസ് പണ്ഢിതന്മാര്‍ ഇമാം ശാഫിഈ (റ) യുടെ (ഹദീസുകളുദ്ധരിച്ചിട്ടില്ലെങ്കിലും) അഭിപ്രായങ്ങളോട് യോജിപ്പുള്ളവരും. അതുകൊ ണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നവരുമാണ്. ഇമാം ബുഖാരി (റ) യും മറ്റും ഈ ഇനത്തചന്റ പെട്ടവരത്രെ. എന്നാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് എല്ലാ ഹദീസ് പണ്ഢിതരും മുന്‍ഗാമികളില്‍ നിന്ന് ഹദീസുകളുദ്ധരിക്കുന്നതില്‍ അത്യാഗ്രഹികളായതു കൊണ്ടാണ്. നിവേദക പരമ്പരയുടെ മഹത്വം കണക്കിലെടുത്താണിത്. ഇമാം ശാഫിഈ (റ) ദീര്‍ഘകാലം ജീവിച്ചിട്ടില്ല. അമ്പത്തി നാലാമത്തെ വയസ്സില്‍ (ഹിജ്റ 204ല്‍) അവര്‍ വഫാത്താവുകയാണുണ്ടായത്. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരും അവരുടെ സമകാലികരും ഇമാം ബുഖാരി (റ) വഫാത്താകുന്നതിന്റെ അടുത്ത കാലം വരെ ജീവിച്ചിരിപ്പുള്ളവരായിരുന്നുതാനും” (അസ്നവി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യ: വാ:1, പേ:5).
ഇമാം ബൈഹഖി (റ) പറയുന്നു. (ഇമാം ശാഫിഈ വഫാത്താകുമ്പോള്‍ പത്തു വയസ്സു മാത്രം പ്രായമുള്ള) “ഇമാം ബുഖാരി (റ) ക്ക് ഇമാം ശാഫിഈ (റ) യുമായി കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരെയും സമകാലികരെയും നേരില്‍ കണ്ടുമുട്ടുകയും ചെയ്തു. ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുകളുദ്ധരിക്കുന്നപക്ഷം അവ മറ്റൊരാള്‍ മാധ്യമമായിട്ടാവാനെ നിര്‍വ്വാഹമുള്ളൂ. ആ ഹദീസുകളാണെങ്കില്‍ ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരില്‍ നിന്നൊ സമകാലികരില്‍ നിന്നൊ ഇമാം ബുഖാരി (റ) ക്ക് നേരില്‍ കിട്ടിയതുമാണ്. അപ്പോള്‍ ഒരുപടി ഇറങ്ങിക്കൊണ്ട് ഹദീസുകളുദ്ധരിക്കുന്നതില്‍ ഏറെ ഉത്തമം ആ ഹദീസുകള്‍ അവരുടെ ഉസ്താദുമാരില്‍ നിന്നൊ സമകാലികരില്‍ നിന്നൊ സ്വീകരിക്കലാണ്. ഇതിന്ന് കാരണം നിവേദക പരമ്പരയില്‍ കഴിവതും റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം ചുരുക്കുകയെന്ന നയം ഹദീസ് പണ്ഢിതരെല്ലാം സ്വീകരിച്ചതാണ്. (പരമ്പര നീളും തോറും നബി (സ്വ) യുമായി ദൂരം കൂടുകയാണല്ലൊ) ഇതു തന്നെയാണ് പരമ്പരയില്‍ എണ്ണം ചുരുങ്ങുന്നതിനു ‘ഉലുവ്വുല്‍ ഇസ് നാദ്’ (പരമ്പരയുടെ ഉയര്‍ച്ച) എന്ന് പറയപ്പെടുന്നത്.
ഇപ്രകാരം ഇമാം മുസ്ലിമും (റ) ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുകളുദ്ധരിക്കാതിരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. എങ്കിലും ഇമാം ശാഫിഈ (റ) യെ പ്രകീര്‍ത്തിച്ച് കൊണ്ട് ഇമാം ബുഖാരി (റ) തന്റെ താരീഖുല്‍ കബീറിലും സ്വഹീഹില്‍ രണ്ടു സ്ഥലങ്ങളിലുമായി പരാമര്‍ശിച്ചിട്ടുണ്ട്. (ബയാനു ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:334).
ഇമാം ബുഖാരി (റ) യുടെ അത്താരീഖുല്‍ കബീര്‍: വാ:1, പേ:42 ലാണ് ഇമാം ശാഫിഈ (റ) യെ പ്രകീര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. സ്വഹീഹിലെ പ്രസ്തുത സ്ഥലങ്ങള്‍ ഇവയാണ്. (1).’ബാബുന്‍ ഫിര്‍രികാസി അല്‍ ഖുമുസു’, (2). ‘ബാബു തഫ്സീരില്‍ അറായ’. ഈ രണ്ട് സ്ഥലങ്ങളിലും ‘ഇബ്നു ഇദ്രീസ് പ്രസ്താവിച്ചു’ എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഈ ഇബ്നു ഇദ്രീസ് കൊണ്ട് വിവക്ഷ ഇമാം ശാഫിഈ (റ) ആണെന്നാണ് പണ്ഢിത മതം. ഫത്ഹുല്‍ ബാരി: വാ:3, പേ:465, വാ:4,പേ:492, ഐനി (റ) യുടെ ഉംദതുല്‍ ഖാരി: വാ:9, പേ:99, വാ:11, പേ:306, ഖ്വസ്ത്വല്ലാനി (റ) യുടെ ഇര്‍ശാദുസ്സാരി: വാ:4, പേ:86, സുബ്കി (റ) യുടെ ഥ്വബഖാത്: വാ:2, പേ:4, അസ്നവി (റ) യുടെ ത്വബഖാത്: വാ:1, പ:5 എന്നിവ നോക്കുക.
ചുരുക്കത്തില്‍ ഇമാം ശാഫിഈ (റ) യുടെ ഹദീസുകള്‍ ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് അവര്‍ക്ക് ധാരണയുള്ളതു കൊണ്ടല്ല. അങ്ങനെ ആരെങ്കിലും മനസ്സിലാക്കുന്നുവെങ്കില്‍ ഇമാം ബുഖാരി (റ), മുസ്ലിം എന്നിവരെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രമാണ്. ഇമാം ബൈഹഖി (റ)യുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.
“മുന്‍കാല ഹദീസ് പണ്ഢിതരാരും തന്നെ ഈ രണ്ട് ഇമാമുകളെ കുറിച്ച്, ഇമാം ബുഖാരി (റ) മുസ്ലിം (റ) അവരോടനുയോജ്യമാകാത്ത വിധം ഇമാം ശാഫിഈ (റ) യുടെ കാര്യത്തില്‍ അവര്‍ വല്ല തെറ്റിദ്ധാരണയും വെച്ച് പുലര്‍ത്തുന്നവരായിരുന്നുവെന്ന് വിശ്വസിച്ചവരായിരുന്നില്ല. മാത്രമല്ല, അവരാരും എല്ലാ വിജ്ഞാന ശാഖകളിലും ഇമാം ശാഫിഈ (റ) ക്കുള്ള അവഗാഹം സ്ഥിരപ്പെടുത്തുന്നതില്‍ പില്‍കാല പണ്ഢിറ്റുകളുടെ സാക്ഷി പത്രങ്ങളിലേക്ക് ആവശ്യമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തിട്ടില്ല”. (ബയാനു ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:335).
ഇമാം സുയൂഥി (റ) പറയുന്നു: “ഉപര്യുക്ത ഹദീസ് പണ്ഢിതന്മാരേക്കാളൊക്കെയും മേലെയാണ് ഇമാം ശാഫിഈ (റ) എന്നതില്‍ ആരും സംശയിക്കുകയില്ല. അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രചോദകമായ സല്‍ഗുണങ്ങള്‍ മേളിച്ചതാണിതിന്നു കാരണം. അതു പോലെത്തന്നെ ആരേക്കാളും അവര്‍ക്കുള്ള ദാര്‍ഢ്യതയെ കുറിച്ചും ചരിത്രമറിയുന്നവര്‍ സംശയിക്കാനിടയില്ല. കാരണം വലിയ ഹദീസ് പണ്ഢിതരൊക്കെ അവരുടെ അരികില്‍ വന്ന് തങ്ങള്‍ക്ക് സംശയമുള്ള ഹദീസുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താറുണ്ടായിരുന്നു. അവിടുന്ന് സംശയ നിവാരണം നല്‍കുകയും നിവേദക പരമ്പരയിലെ അവ്യക്തമായ വൈകല്യങ്ങളെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അവര്‍ ഇതു കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ എഴുന്നേറ്റു നില്‍ക്കുമായിരുന്നു. അശ്രദ്ധവാനും പാമരനുമല്ലാതെ ഈ വിഷയത്തിലൊന്നും തര്‍ക്കിക്കില്ല” (തദ്രീബുര്‍റാവി: വാ:1, പേ:81).
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം മാലിക്(റ)
💐💐💐💐💐💐

ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമുണ്ട്‏. തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് (റ). മാലികി ഇമാമിന്റെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായി ഏതാനും പണ്ഢിതന്മാരുടെ വാക്കുകള്‍ ഉദ്ധരിക്കാം.
ഉമറുല്‍ ഇസ്വ്ബഹാനി (റ) യില്‍ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം ചെയ്യുന്നു. അവര്‍ പറഞ്ഞു: “ഇബ്നു മഹ്ദി (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. കൂഫയില്‍ സുഫ്യാനുസ്സൌരി (റ) യും ഹിജാസില്‍ ഇമാം മാലികും (റ) ശാമില്‍ ഔസാഇ (റ) യും ബസ്വറയില്‍ ഹമ്മാദുബ്നു സൈദും (റ) ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുള്ള ഇമാമുകളത്രെ” (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:11 ).
ഹാഫിളുദ്ദഹബി പറയുന്നു: “നാഫിഅ്, മഖ്ബുരി, നുഐം, സുഹ്രി, ആമിര്‍, ഇബ്നുല്‍ മുന്‍കദിര്‍, അബ്ദുല്ലാഹിബ്നു ദീനാര്‍ (റ:ഹും) തുടങ്ങി അനേകം ഹദീസ് പണ്ഢിതരില്‍ നിന്ന് ഇമാം മാലിക് (റ) ഹദീസുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇമാം മാലിക് (റ )ല്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്ഢിതന്മാരും വളരെ ഏറെയുണ്ട്.” (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:207 )
മുല്ലാ അലിയ്യുല്‍ ഖാരി (റ) എഴുതുന്നു: “ഹദീസ് പണ്ഢിതന്മാരുടെ ഏകീകൃത അഭിപ്രായത്തില്‍ ഇമാം മാലികി (റ) ല്‍ നിന്ന് ഹദീസ് കേട്ടവരില്‍ ഏറ്റവും പ്രമുഖനാണ് ഇമാം ശാഫിഈ (റ)” (മിര്‍ഖാത് വാ:1, പേ:17).
അലിയ്യുബ്നുല്‍ മദീനിയില്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: അവര്‍ പറയുന്നു: “യഹ്യബ്നു സഈദ് (റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ഇമാം മാലിക് (റ) ഹദീസില്‍ ജനങ്ങള്‍ക്കുള്ള ഇമാമായിരുന്നു ”(അല്‍ ജര്‍ഹു വത്തഅ്ദീല്‍: വാ:1, പേ:14 ).
ഹാഫിളുദ്ദഹബി പറയുന്നു: “വുഹൈബ് (റ) ഇപ്രകാരം പ്രസ്താവിച്ചു: “ഹദീസ് പണ്ഢിതന്മാരുടെ ഇമാമായിരുന്നു ഇമാം മാലിക് (റ)” ദഹബി തുടരുന്നു.: അശ്ഹബില്‍ നിന്ന് സഅദുബ്നു അബീ മര്‍യം (റ) നിവേദനം: “പിതാവിന്റെ മുമ്പില്‍ മകന്‍ നില്‍ക്കുന്നതു പോലെയാണ് ഇമാം മാലികി (റ) ന്റെ മുമ്പില്‍ അബൂഹനീഫ (റ) യെ ഞാന്‍ കണ്ടത്. ഇമാം മാലികിനേക്കാള്‍ പതിമൂന്ന് വയസ്സു കൂടുതലായിരിക്കെ ഇമാം മാലികിനോടുള്ള അദബും താഴ്മയുമാണ് അബൂഹനീഫ (റ) പ്രകടിപ്പിച്ചത്” (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:209 )
” ഇമാം മാലികി (റ) ല്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് ഇമാം അബൂഹനീഫ (റ) യെന്ന് ദാറഖുത്വ്ന ി(റ) പ്രസ്താവിച്ചിട്ടുണ്ടെന്നും പക്ഷേ, ഇമാം മാലികി (റ) ല്‍ നി ന്നുള്ള ഇമാം ശാഫിഈ (റ) യുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതു പോലെ അബൂഹനീഫ (റ) യുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ലെന്നും” ഇമാം സുയൂഥി (റ) തദ്രീബുര്‍റാവി: വാ:1, പേ:80 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹര്‍ബുബ്നു ഇസ്മാഈലി (റ) ല്‍ നിന്ന് ഇബ്നുഅബീ ഹാതിം (റ) നിവേദനം: “സുഹ്രി (റ) യില്‍ നിന്ന് ഹദീസ് കേട്ടവരില്‍ ഏറ്റവും ഉത്തമന്‍ മാലിക് ഇമാമോ? സുഫ്യാനുബ്നു ഉയൈന (റ) യോ? എന്ന എന്റെ ചോദ്യത്തിനു ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഇപ്രകാരം മറുപടി പറഞ്ഞു. ഹദീസ് കൊണ്ട് ഏറ്റവും പ്രബലന്‍ ഇമാം മാലിക് റ) തന്നെയാണ് ”(കിതാബുല്‍ ജര്‍ഹി വത്തഅ്ദീല്‍: വാ:1, പേ:15 ).
മുല്ലാ അലിയ്യുല്‍ ഖാരി (റ) പറയുന്നു: “താബിഉത്താബിഈങ്ങളില്‍ പെട്ട വ്യക്തിയാണ് ഇമാം മാലിക് (റ). താബിഉകളില്‍ പെട്ട വ്യക്തിയാണെന്നും അഭിപ്രായമുണ്ട്. ആഇശാ ബിന്‍ത് സഅ്ദ്ബ്നു അബീവഖാസി (റ) ല്‍ നിന്ന് ഇമാം മാലിക് (റ) ഹദീസ് റിപ്പോര്‍ട്ടു ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ മഹതി സ്വഹാബീ വനിതയാണ്” (മിര്‍ഖാത് വാ:1, പേ:17).
അബൂഹുറൈറ (റ) യില്‍ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം: നബി (സ്വ) പറഞ്ഞു: “അറിവ് തേടി ജനങ്ങള്‍ ഒട്ടകങ്ങളെ അടിച്ചോടിച്ച് യാത്രയാകും. അവര്‍ മദീനയിലുള്ള പണ്ഢിതനേക്കാള്‍ വലിയ പണ്ഢിതനെ കാണുകയില്ല” (അല്‍ജര്‍ഹു വത്തഅ്ദീല്‍:വാ:1,പേ:12). ഹദീസില്‍ പറഞ്ഞ പണ്ഢിതന്‍ ഇമാം മാലിക് (റ) ആണെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടാറുണ്ടായിരുന്നുവെന്ന് ഹാഫിള് അബ്ദുര്‍റസാഖ് (റ) പ്രസ്താവിച്ചിട്ടുണ്ട് ”(തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:208 നോക്കുക ).
ഹാഫിളുദ്ദഹബി പറയുന്നു : “ഇമാം മാലികി (റ) നുള്ള ഗുണങ്ങള്‍ മറ്റാരിലും ഉള്ളതായി ഞാനറിയുന്നില്ല. ദീര്‍ഘകാല ജീവിതം, അതു കാരണം ഹദീസ് നിവേദനത്തിനുള്ള അവസരം, കൂര്‍മ്മ ബുദ്ധിയും വിശാലമായ പാണ്ഢിത്യവും, സ്വീകാര്യമായ നിവേദനവും അതു രേഖയാണെന്ന മറ്റു ഇമാമുകളുടെ അഭിപ്രായം, നീതി, ദീന്‍, സുന്നത്തിനോട് പിന്‍പറ്റല്‍ എന്നിവയില്‍ മറ്റു പണ്ഢിതര്‍ക്ക് തന്നെക്കുറിച്ചുള്ള അനുകൂലമായ ഏകോപനം, കര്‍മ്മശാസ്ത്രത്തിലും ഫത്വയിലുമുള്ള മുന്‍ഗണന, ഇവയെല്ലാം ഇമാം മാലിക് (റ) ന്റെ വിശിഷ്ട ഗുണങ്ങളായിരുന്നു”. (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:212 നോക്കുക ).
10.ഇമാം ശാഫിഈ (റ) പറയുന്നു: “ഇമാം മാലികും (റ), സുഫ്യാനുബ്നു ഉയൈന (റ) യും ഇല്ലായിരുന്നെങ്കില്‍ ഹിജാസ് സംസ്ഥാനത്ത് വിജ്ഞാനമുണ്ടാകുമായിരുന്നില്ല. ഇമാം മാലിക (റ) എന്റെ ഗുരുവര്യനാണ്. അവരില്‍ നിന്നാണ് നാം വിജ്ഞാനം കരസ്ഥ മാക്കിയത്.”
11. ഇമാം ഹര്‍മലതി (റ) ന്റെ വാക്കുകള്‍ കാണുക: “ഇമാം ശാഫിഈ (റ) ഹദീസ് വിജ്ഞാനത്തില്‍ ഇമാം മാലികി (റ) നേക്കാള്‍ മറ്റാര്‍ക്കും മുന്‍ഗണന നല്‍കാറുണ്ടായിരുന്നില്ല” (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്: വാ:2, പേ:76 ).
മദ്ഹബിന്റെ ഇമാമുകള്‍ക്ക് ഹദീസറിയില്ലെന്ന അല്‍പത്വം നിറഞ്ഞ വാദം ഇവിടെ വീണ്ടും തകരുകയാണ്. ശാഫിഈ ഇമാമുള്‍പടെയുള്ള മദ്ഹബിന്റെ ഇമാമുകളെ തിരുത്താന്‍ പുറപ്പെട്ടവര്‍ ഇനിയെങ്കിലും ഏര്‍പ്പാട് നിര്‍ത്തിവെക്കുക.
ഹിജ്റ 199 റബീഉല്‍ അവ്വല്‍ പത്തിനാണ് ഇമാം മാലികി (റ) ന്റെ വഫാത്ത്. പതിനൊന്നിനാ ണെന്നും അഭിപ്രായമുണ്ട്. തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1,പേ:212 നോക്കുക).
എന്നാല്‍, കാര്യങ്ങളൊക്കെ കീഴ്മേല്‍ മറിയുകയും മുതവക്കിലിന്റെ ഭരണകാലത്തു ഗവണ്‍മെന്റിന്റെ നിലപാടുകള്‍ അഹ്ലുസ്സുന്നത്തിനു അനുകൂലമാവുകയും ചെയ്തപ്പോള്‍ തന്നെ ഉപദ്രവിച്ചവരോടു പ്രതികാരമെടുക്കാന്‍ അനുമതി ലഭിച്ചിട്ടും ഹമ്പല്‍ (റ) അവര്‍ക്കു മാപ്പേകിയെന്നതാണ് ഏറെ ആവേശകരമായ മറുവശം.
ഗവണ്‍മെന്റില്‍ നിന്നുള്ള ഒരു ആനുകൂല്യവും സ്വീകരിക്കാതിരിക്കുന്ന ഹമ്പല്‍ (റ), തന്റെ താല്‍പര്യത്തിനു വിരുദ്ധമായി മക്കള്‍ക്കും ചില ബന്ധുക്കള്‍ക്കും ഗവണ്‍മെന്റു പെന്‍ഷന്‍ നല്‍കിയപ്പോള്‍ അവരുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുകയാണുണ്ടായത്. ഒരു വിഷയത്തിലും അവരെ ആശ്രയിക്കാന്‍ തയാറായതുമില്ല.
കരുത്തുററ തൂലികയുടെ ഉടമയായ ഹമ്പല്‍ (റ) നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ കുറച്ചുമാത്രമേ അനുവാചകരുടെ കൈകളില്‍ എത്തിയുള്ളൂ. പലതും നഷ്ടപ്പെട്ടു പോവുകയാണുണ്ടായത്.
അന്നാസിക് വല്‍ മസാലിക്, അത്തഫ്സീര്‍, അല്‍ മനാസിക്, അല്‍ അശ്രിബ, അസ്സുഹാദ്, അര്‍റദ്ദു അലസ്സനാദിഖ, അല്‍ മുസ്നദ് എന്നിവ അവിടുത്തെ രചനകളില്‍ ചിലതു മാത്രമാണ്. ഇവയില്‍ ഏററം പ്രസിദ്ധം ഹദീസ് സമാഹാര ഗ്രന്ഥമായ മുസ്നദ് തന്നെയാണ്.
ഹമ്പല്‍ (റ) 241 റബീഉല്‍ അവ്വല്‍ രണ്ടിനു രോഗബാധിതനാവുകയും പ്രസ്തുത രോഗത്തിലായി തന്നെ വിടവാങ്ങുകയും ചെയ്തു. ഇമാം ശാഫിഈ തങ്ങളുടെ ശിഷ്യത്വം കൂടി കരസ്ഥമാക്കിയ ഹമ്പല്‍ (റ) മതത്തിനു വേണ്ടി ഏറെ യാതനകള്‍ സഹിക്കുകയും ധാരാളം സേവനങ്ങള്‍ അര്‍പിക്കുകയും ചെയ്ത വിശ്വവിഖ്യാത പണ്ഢിതനാണെന്നു ലോക മുസ്ലിംകള്‍ അംഗീകരിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇമാം അബൂ ഹനീഫ (റ)
💐💐💐💐💐💐💐💐💐

ഹിജ്റ 80 ല്‍ കൂഫയില്‍ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുല്‍ അഅ്ളം അബൂഹനീഫതുല്‍ കൂഫി(റ). സ്വഹാബിവര്യന്മാരില്‍ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. “ഇവരില്‍ ഒരു സമൂഹത്തെ നേരില്‍ കാണാന്‍ ഇമാം അബൂ ഹനീഫ (റ) ക്ക് സാധിക്കുകയും ചെയ്തു” (ഇമാം സുയൂഥി (റ) യുടെ തബ്യീളുസ്സ്വഹീഫ ഫീ മനാഖിബി അബീ ഹനീഫ: പേ:132) “സ്വഹാബാക്കളില്‍ നാലാളുകള്‍ ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നതു ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമറ്റതാണ് ”(ഇമാം കര്‍ദരിയുടെ മനാഖിബു അബീ ഹനീഫ: വാ:2, പേ:9) അതിലും അധികമുണ്ടായിരുന്നോ എന്നതിലാണ് തര്‍ക്കം.
സുയൂഥി ഇമാമിന്റെ വാക്കുകള്‍ കാണുക: “ഇമാം അബൂ ഹനീഫ( റ) ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴു സ്വഹാബിവര്യന്മാരുടെ പേരുകളും അവരുടെ ഹദീസുകളും ഉള്‍പ്പെടുത്തി അബൂ മഅ്ശര്‍ (റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അനസുബ്നു മാലിക്, അബ്ദുല്ലാഹിബ്നു ജുസ്അ്, ജാബിറുബ്നു അബ്ദില്ലാഹി, മഅ്ഖലുബ്നു യസാര്‍, വാസ്വിലതുബ്നു അസ്ഖഅ്, ആഇശാ ബിന്‍ത് അജ്റദ്, അബ്ദുല്ലാഹിബ്നു അബീഔഫ( റ.ഹും) എന്നിവരാണ് ഈ സ്വഹാബിമാര്‍”(തബ്യീളുസ്സഹീഫ: പേ:131 ).
അനസ്ബ്നു മാലികി (റ) നെ ഇമാം അബൂ ഹനീഫ (റ) കണ്ടതായി താരീഖു ബഗ്ദാദ്: വാ:13, പേ:324 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബൂ ഹനീഫ (റ) താബിഉകളില്‍പെട്ട പുണ്യ പുരുഷനാണെന്ന് മേല്‍ വിശദീകരണത്തില്‍ നിന്നു വ്യക്തമാണ്. ഈ മഹത്വം മദ്ഹബിന്റെ ഇമാമുകളില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ഹദീസുകള്‍ പഠിക്കാന്‍ മറ്റാരേക്കാളും അവസരം ലഭിച്ച പണ്ഢിതനാണ് ഇമാം അബൂ ഹനീഫ (റ). തനിക്ക് ഹദീസ് പാണ്ഢിത്യമില്ലെന്ന് ഘോഷിക്കുന്നവര്‍ ചരിത്ര വ്യഭിചാരികളാണ്. ലക്ഷക്കണക്കായ ഹദീസുകള്‍ മനഃപാഠമുള്ള ഹാഫിളുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹാഫിളുദ്ദഹബി രചിച്ച തദ് കിറതുല്‍ ഹുഫ്ഫാളില്‍ നൂറ്റി അറുപത്തി മൂന്നാമത്തെ വ്യക്തിയായി ചേര്‍ത്തിട്ടുള്ളത് ഇമാം അബൂ ഹനീഫ (റ) യെയാണ്.
അബൂ ഹനീഫ (റ) ഹദീസില്ലാത്ത പണ്ഢിതനാണെന്ന വിമര്‍ശക വാദത്തിനു ദഹബി തന്നെ മറുപടി പറയുന്നുണ്ട്. അവര്‍ കൂഫയില്‍ വച്ച് സ്വഹാബിയായ അനസി (റ) നെ പല പ്രാവശ്യം കണ്ടതായി ദഹബി സമര്‍ഥിക്കുകയും ചെയ്യുന്നു. നാഫിഅ്, അബ്ദുല്‍ റഹ്മാനുബ്നു ഹുര്‍മുസ്, അദിയ്യുബ്നു സാബിത്, സലമത്ബ്നു കുഹൈല്, അബൂ ജഅ്ഫര്‍, ഖതാദ, അംറുബ്നു ദീനാര്‍, അബൂ ഇസ്ഹാഖ് (റ.ഹും) തുടങ്ങിയ ഒരു വലിയ വിഭാഗം ഹദീസ് പണ്ഢിതരില്‍ നിന്ന് അബൂ ഹനീഫ (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. വകീഅ്, യസീദ്ബ്നു ഹാറൂന്‍, സഅ്ദുബ്നു സ്വുല്‍ത്വ് അബൂആസ്വിം, അബ്ദുര്‍റസാഖ്, ഉബൈദില്ലാഹിബ്നു മൂസാ, അബൂനുഐം, അബൂ അബ്ദിര്‍റഹ്മാനില്‍ മുഖ്രി (റ) തുടങ്ങിയ പ്ണഢിതന്മാര്‍ ഇമാം അബൂ ഹനീഫ (റ) യില്‍ നിന്ന് ഹദീസ് സ്വീകരിച്ചവരാണ്.
ഭരണാധികാരികളുടെയോ മറ്റോ പാരിതോഷികങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഉപജീവനത്തിനു സ്വന്തമായി അദ്ധ്വാനിക്കാന്‍ തയ്യാറായി. (ദഹബിയുടെ തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:168 നോക്കുക)
ഇമാം അബൂയൂസുഫി (റ) ല്‍ നിന്ന് കര്‍ദരി (റ) ഉദ്ധരിക്കുന്നു: “ഹദീസ് വ്യാഖ്യാനത്തിലും അവയുള്‍ ക്കൊള്ളുന്ന കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തുന്നതിലും അബൂഹനീഫ (റ) യെ പോലെ പാണ്ഢിത്യമുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.” അബൂ മുത്വീഇ (റ) ല്‍ നിന്ന് നിവേദനം: “ഹദീസ് പണ്ഢിതരില്‍ വലിയ കര്‍മ്മശാസ്ത്ര പണ്ഢിതനായ സുഫ്യാന്‍ (റ) പോലും അബൂ ഹനീഫ (റ) യോളം എത്തില്ല”(കര്‍ദരിയുടെ മനാഖിബു അബീ ഹനീഫ: വാ:2, പേ:49) അബൂയൂസുഫി (റ) ന്റെ ഉപര്യുക്ത വാ ക്കുകള്‍ താരീഖു ബഗ്ദാദ്: വാ:13, പേ:340 ലും കാണാം.
“മുസ്ലിംകള്‍ അവരുടെ നിസ്കാരത്തില്‍ അബൂ ഹനീഫ (റ) ക്ക് വേണ്ടി ദുആ ചെയ്യാന്‍ കടപ്പെട്ടവരാണെ”ന്ന് അബ്ദുല്ലാഹിബ്നു ദാവൂദ് (റ) പറയുന്നു. “ഇമാം അബൂഹനീഫ (റ) യുടെ ഹദീസ് മനഃപാ ഠവും ഫിഖ്ഹ് പാണ്ഢിത്യവുമാണ് ഇതിനു കാരണമായി അവര്‍ എടുത്തു കാട്ടിയത് ”(താരീഖു ബഗ് ദാദ്: വാ:13, പേ:344 നോക്കുക)
ഹദീസ് പണ്ഢിതരില്‍ ഇമാമും ഹുജ്ജത്തുമായ ഹസനുബ്നു സ്വാലിഹ് (റ) പറയുന്നു: “കൂഫാ നിവാസികളില്‍ കൂടുതല്‍ ഹദീസ് പാണ്ഢിത്യമുള്ളവരായിരുന്നു ഇമാം അബൂ ഹനീഫ (റ). കൂഫയിലെത്തിയ എല്ലാ ഹദീസുകളും അസറുകളും അവര്‍ക്ക് മനഃപാഠമായിരുന്നു”. (ഇബ്നു ഹജരില്‍ ഹൈതമി (റ)യുടെ ഖൈറാതുല്‍ ഹിസാന്‍: പേ:30)
ഇബ്നുമഈനി (റ) ല്‍ നിന്ന് നിവേദനം: “ഹദീസ് വിഷയത്തില്‍ യോഗ്യനായിരുന്നു ഇമാം അബൂ ഹനീഫ (റ). മന:പാഠമുള്ളതല്ലാതെ അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല”.(തദ്രീബുര്‍റാവി: വാ:1, പേ:450).
അവരുടെ ഗുരുനാഥന്‍ കൂടിയായ അഅ്മശ് (റ) ന്റെ പ്രത്യേക അംഗീകാരം തന്നെ ഹദീസ് പരിജ്ഞാനത്തില്‍ അബൂ ഹനീഫ (റ) നേടിയെടുത്തിരുന്നു. ത്വബഖാതുല്‍ ഹനഫിയ്യ: എന്ന ഗ്രന്ഥത്തില്‍ (പേ:484) മുല്ലാ അലിയ്യുല്‍ ഖാരി (റ) പറയുന്ന വിശദീകരണം ശ്രദ്ധേയമാണ്.
“ഒരു വിഷയം സംബന്ധമായ ചോദ്യത്തിനു അഅ്മശ് (റ) ന്റെ സാന്നിദ്ധ്യത്തില്‍ ഇമാം അബൂ ഹനീഫ (റ) മറുപടി പറഞ്ഞു. ഈ മറുപടിയുടെ രേഖയെക്കുറിച്ച് അഅ്മശ് (റ) അബൂ ഹനീഫ (റ) യോട് ചോദിക്കുകയുണ്ടായി. ഇമാം അബൂ ഹനീഫ (റ) യുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
അബൂഹുറൈറ(റ), അബ്ദുല്ലാഹ് (റ), അബൂമസ്ഊദ് (റ) എന്നിവരില്‍ നിന്ന് യഥാക്രമം അബൂസ്വാലിഹ് (റ), അബൂവാഇല്‍ (റ), അബൂഇയാസ് (റ) എന്നിവരുടെ നിവേദനത്തില്‍ നബ (സ്വ) ഇപ്രകാരം പറഞ്ഞതായി താങ്കള്‍ തന്നെ പറഞ്ഞു തന്ന ഹദീസാണെന്റെ രേഖ. അപ്രകാരം ഹുദൈഫ (റ) യില്‍ നിന്ന് അബൂ മിജ്ലസ ്(റ) വഴിക്കും ജാബിറി (റ) ല്‍ നിന്ന് അബൂ സുബൈര്‍ (റ) വഴിക്കും അനസി (റ) ല്‍ നിന്ന് യസീദുര്‍റഖ്ഖാശി (റ) വഴിക്കും താങ്കള്‍ തന്നെ എന്നോട് ഹദീസ് പറഞ്ഞിട്ടുണ്ട്.
ഇതു കേട്ടതോടെ അഅ്മശി( റ) ന്റെ പ്രതികരണമുണ്ടായി. “നിര്‍ത്തുക! നൂറ് ദിവസം കൊണ്ട് ഞാന്‍ പറഞ്ഞു തന്ന ഹദീസുകള്‍ ഒരു ഘട്ടത്തില്‍ തന്നെ നിങ്ങള്‍ എനിക്ക് പറഞ്ഞു തന്നിരിക്കുന്നു. താങ്കളുടെ ഫിഖ്ഹിയ്യായ പ്രവര്‍ത്തനങ്ങളില്‍ ഇത്രയും വിപുലമായി ഹദീസുകള്‍ അവലംബിക്കപ്പെടുന്നതായി എനിക്കറിയില്ലായിരുന്നു. താങ്കള്‍ ഒരു വലിയ മനുഷ്യനാകുന്നു”.
ഹദീസുകളില്‍ നിന്ന് കാര്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മുജ്തഹിദിനെ ഡോക്ടര്‍ എന്നാണ് അഅ്മശ (റ) വിളിക്കുന്നത്. മുജ്തഹിദുകള്‍ക്ക് ഹദീസുകള്‍ സപ്ളൈ ചെയ്യുന്ന മുഹദ്ദിസുകളെ മരുന്ന് വില്പനക്കാരന്‍ എന്നും അവര്‍ വിളിച്ചിരിക്കുന്നു. ശേഷം രണ്ടു പദവികളും കരസ്ഥമാക്കിയ മഹാ മനുഷ്യനാണ് ഇമാം അബൂ ഹനീഫ (റ) യെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങള്‍ മാത്രം മതി അബൂ ഹനീഫ (റ) യുടെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായിട്ട്.
ഇമാം അബൂ ഹനീഫ (റ) യുടെ മൂന്ന് മുസ്നദുകള്‍ ഇമാം ശഅ്റാന (റ) പാരായണം ചെയ്തിട്ടുണ്ട്. അവ സ്വഹീഹായ പകര്‍പ്പുകളാണെന്നും ധാരാളം ഹാഫിളുകളുടെ കയ്യെഴുത്ത് അംഗീകാരം അതിലുണ്ടായിരുന്നുവെന്നും ശഅ്റാനി (റ) പറയുന്നു. ഹാഫിളുദ്ദിംയാത്വി (റ) യുടെ എഴുത്തായിരുന്നു അവസാനത്തേത്. യോഗ്യരായ താബിഉകള്‍ മുഖേനയുള്ള റിപ്പോര്‍ട്ടുകളാണ് ഈ മുസ്നദുകളിലുള്ളത്. അസ്വദ്, അല്‍ഖമ, അത്വാഅ്, ഇക്രിമ, മുജാഹിദ്, മക്ഹൂല്‍, ഹസനുല്‍ ബസ്വരി (റ.ഹും) തുടങ്ങി ഉത്തമ നൂറ്റാണ്ടുകാരെന്ന് നബി (സ്വ) സാക്ഷ്യപ്പെടുത്തിയ മഹാപ്രതിഭകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണത് ” (മീസാനുശ്ശഅ്റാനി: വാ:1, പേ:68 നോക്കുക).
ഇമാം അബൂ ഹനീഫ (റ) ഹദീസ് കേട്ട പതിനഞ്ചു ശൈഖുമാരുടേയും ഇമാമില്‍ നിന്ന് ഹദീസ് കേട്ട പതിനാല് ശിഷ്യന്മാരുടെയും നാമങ്ങള്‍ താരീഖു ബഗ്ദാദ്: വാ:13, പേ:324 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്നു ഹജരില്‍ ഹൈതമി (റ) പറയുന്നു: നാലായിരം ശൈഖുമാരില്‍ നിന്ന് ഹദീസ് സ്വീകരിച്ച വ്യക്തിയാണ് ഇമാം അബൂ ഹനീഫ (റ). അതു കൊണ്ടാണ് ഹദീസ് മനഃപാഠമുള്ള ഹുഫ്ഫാളുകളുടെ പട്ടികയില്‍ ദഹബിയും മറ്റും അബൂ ഹനീഫ (റ) യെ എണ്ണിയത്. അബൂ ഹനീഫ (റ) ഹദീസില്‍ പാണ്ഢിത്യം കുറഞ്ഞ വ്യക്തിയായിരുന്നുവെന്ന ഒരു പൊതു ധാരണയുണ്ട്. പക്ഷേ, അതു ശരിയല്ല. സ്വന്തമായ ഗവേഷണം (ഇജ്തിഹാദ്) മുഖേന മസ്അലകള്‍ കണ്ടെത്തുന്ന ഇമാം അബൂ ഹനീഫ (റ) ക്ക് ഹദീസ് ദൌര്‍ബല്ല്യമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിയോ രേഖകളോ സമ്മതിക്കുന്നില്ല. വളരെയേറെ മസ്അലകള്‍ ‘ഇസ്തിന്‍ബാത്വ്’ വഴി കണ്ടെത്തിയവരാണ് അബൂ ഹനീഫ (റ). ഇന്നറിയപ്പെടുന്ന നിശ്ചിത ശൈലിയിലുള്ള ഇജ്തിഹാദിനു തുടക്കം കുറിച്ചതു തന്നെ അബൂ ഹനീഫ( റ) യാണ്. സാഹസികമായ ഈ പ്രക്രിയയില്‍ മുഴുകിയതിനാല്‍ തന്റെ ഹദീസ് ശേഖരം പുറത്തു വന്നില്ലെന്നത് ശരി തന്നെ. അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ (റ) എന്നീ സ്വഹാബി പ്രമുഖര്‍ മുസ്ലിംകളുടെ പൊതു പ്രശ്നങ്ങളുമായി ഓടി നടന്നതിനാലാണ് ആപേക്ഷികമായി അവരുടെ ഹദീസുകള്‍ നാം കാണാതിരിക്കാന്‍ കാരണം. അബൂ സര്‍അ (റ), ഇബ്നു മഈന്‍ (റ) തുടങ്ങി ഹദീസ് ശേഖരണത്തിനു വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച പണ്ഢിതന്മാരെ അപേക്ഷിച്ച് ഇമാം മാലികി (റ) ന്റെയൊ ഇമാം ശാഫിഈ (റ) യുടെയോ ഹദീസുകള്‍ രംഗത്തു വന്നിട്ടില്ല. രണ്ടു പേരും ഇസ്തിന്‍ബാത്വില്‍ മുഴുകിയതാണിതിനു കാരണം (ഖൈറാതുല്‍ ഹിസാന്‍:പേ:60 നോക്കുക).
ഇമാം കര്‍ദരി (റ), ഖാറിസ്മി (റ) എന്നിവരില്‍ നിന്ന് നിവേദനം:”നാല്‍പതിനായിരം ഹദീസുകള്‍ ഇമാം അബൂ ഹനീഫ (റ) ക്രോഡീകരിക്കുകയും നാലായിരം ശൈഖുമാരില്‍ നിന്ന് ഹദീസുകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിനഞ്ചു ഗ്രന്ഥങ്ങളിലായി അവര്‍ കേട്ട ഹദീസുകളില്‍ കുറെ ശേഖരിച്ച് വെക്കുകയും ചെയ്തു” (നള്റതുന്‍ ഇല്‍മിയ്യ: പേ:60).
പുത്തന്‍ കൂറ്റുകാര്‍ക്കൊരു പരാതിയുണ്ട്. “അബൂ ഹനീഫ (റ) ക്ക് കേവലം പതിനേഴ് ഹദീസുകള്‍ മാ ത്രമെ ലഭിച്ചിട്ടുള്ളൂ. അതിനാല്‍ തന്റെ മദ്ഹബിനു രേഖകളുടെ പിന്‍ബലമില്ല. അതു സുന്നത്തിനു വിരുദ്ധമാണ്”. ഇബ്നു ഖല്‍ദൂനിന്റെ മുഖദ്ദിമയില്‍ നിന്നായിരിക്കാം ഈ മഹാ കണ്ടെത്തല്‍ ഇവര്‍ നടത്തിയത്. ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കിയതിനാല്‍ ഇമാം അബൂഹനീഫ (റ) ക്ക് പതിനേഴ് ഹദീസുകള്‍ മാത്രമെ സ്വഹീഹായിക്കിട്ടിയിട്ടുള്ളുവെന്ന ഇബ്നു ഖല്‍ദൂനിന്റെ വാക്കുകള്‍ പണ്ഢിതന്മാര്‍ അംഗീകരിച്ചിട്ടില്ല. നള്റതുന്‍ ഇല്‍മിയ്യ: പേ:62 ല്‍ എഴുതുന്നു. “ഇബ്നു ഖല്‍ദൂന്‍ പറഞ്ഞതു വ്യക്തമായ അബദ്ധമാണ്. ഇതില്‍ ആരും വഞ്ചിതരാകരുത്. റിപ്പോര്‍ട്ടര്‍മാരിലുള്ള കര്‍ക്കശ നിബന്ധനകള്‍ കാരണം പതിനേഴ് ഹദീസുകള്‍ മാത്രമാണ് ഇമാം അബൂ ഹനീഫ (റ) ക്ക് സ്വഹീഹായിക്കിട്ടിയതെന്ന വാദം ശരിയല്ല. പ്രത്യുത അതു പതിനേഴ് ഗ്രന്ഥങ്ങളായിരുന്നു. ഇവയിലോരോന്നും മുസ്നദു അബീഹനീഫ എന്ന പേരിലറിയപ്പെടുന്നു. ഇമാം അബൂ ഹനീഫ (റ) വരെ എത്തുന്ന പരമ്പരയിലൂടെ അഗ്രേസരായ ഹദീസ് പണ്ഢിതന്മാര്‍ ഈ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തന്നിട്ടുണ്ട്. ഈ പതിനേഴ് മുസ്നദുകളും ശാഫിഈ ഇമാമിന്റെ മുസ്നദുകളെക്കാള്‍ ചെറുതല്ലതാനും”.
പുത്തന്‍ കൂറ്റുകാര്‍ക്ക് പക്ഷേ, വഞ്ചിതരാകാന്‍ മാത്രമെ അറിയൂ. എന്നാല്‍ ഇബ്നു ഖല്‍ദൂന്‍ (റ) പറഞ്ഞതു തന്നെ സ്വഹീഹായി കിട്ടിയ ഹദീസുകള്‍ പതിനേഴാണെന്ന് മാത്രമാണ്. മൊത്തം ഹദീസുകള്‍ പതിനേഴാണെന്നല്ല. ഇതും മനസ്സിലാക്കാതെയാണിവര്‍ ഇബ്നു ഖല്‍ദൂനി (റ) ന്റെ വാക്കുകള്‍ ആധാരമാക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഢിതന്മാരുമായ വലിയൊരു വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാണ് ഇമാം അബൂ ഹനീഫ (റ) അവിടുത്തെ ഉസ്വൂലുകളും ആയിരക്കണക്കായ മസ്അലകളും ക്രോഡീകരിച്ചതെന്നും അവിടെ കൂടിയ പണ്ഢിത വ്യൂഹവും അവരെ അനുകരിച്ച് മറ്റു ജനങ്ങളും അവ തക്ബീര്‍ മുഴക്കി സ്വീകരിച്ചുവെന്നും ഇമാം ബദ്റുല്‍ മില്ലയുടെ മഅ്ദനുല്‍ യവാഖീത്: പേ:8ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇത്രയും വ്യവസ്ഥാപിതമായ രൂപത്തില്‍ മദ്ഹബ് ക്രോഡീകരണം നടത്തിയ ഒരു മഹാപണ്ഢിതനു 17 ഹദീസുകളേ ലഭിച്ചുള്ളുവെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുത്തവരുടെ ഗവേഷണ ‘പടുത്വം’ നാം സഹിക്കുക തന്നെ. ഹിജ്റ 150 ല്‍ റജബ് മാസത്തിലായിരുന്നു ഇമാം അബൂ ഹനീഫ (റ) യുടെ വഫാത്തെന്ന് തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:169 ല്‍ പറഞ്ഞിട്ടുണ്ട്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സൈദുല്‍ ഖൈര്‍(റ)
💐💐💐💐💐💐💐

“സൈദ്, നിങ്ങളില്‍ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്, വിവേകവും പക്വതയും.” മുഹമ്മദ് നബി(സ്വ).
ജനങ്ങള്‍ വിവിധയിനം വിളനിലങ്ങളാണ്. ഇരുണ്ടയുഗത്തില്‍ ഉത്തമരായവര്‍ ഇസ്ലാ മില്‍ പ്രവേശിച്ച ശേഷവും ഉന്നതര്‍ തന്നെ. മഹാനായ ഒരു സ്വഹാബിയുടെ തീര്‍ത്തും വിഭിന്നമായ രണ്ടു ചിത്രങ്ങള്‍ നാം ഇവിടെ കാണാന്‍ പോവുന്നു. ഒന്ന് ജാഹിലിയ്യത്തിന്റെ കരവിരുതാണെങ്കില്‍ ഇസ്ലാമിന്റെ കനകാംഗുലികള്‍ മനോഹരമായി കോറിയിട്ടതാണ് മറ്റേത്. ആദ്യത്തേത് ബനൂആമിറില്‍ പെട്ട ഒരാളല്‍ നിന്ന് ശൈബാനി നിവേദനം ചെയ്യുന്നു:
കഠിനമായ വരള്‍ച്ച അനുഭവപ്പെട്ട ഒരു വര്‍ഷം… കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങി. ഗത്യന്തരമില്ലാതെ ഞങ്ങളുടെ ഗോത്രക്കാരനായ ഒരാള്‍ ഹീറഃ എന്ന സ്ഥലത്തേക്ക് കുടുംബസമേതം മാറിത്താമസിച്ചു. അദ്ദേഹം തന്റെ കുടുംബത്തെ അവിടെ നര്‍ത്തിയിട്ട് പറഞ്ഞു: ‘ഞാന്‍ വരുന്നത് വരെ നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടായിരിക്കണം….’
അദ്ദേഹം യാത്ര പറഞ്ഞിറങ്ങി…സമ്പത്ത് വല്ലതും കരസ്ഥമാക്കിയിട്ടല്ലാതെ വീട്ടിലേക്ക് മടങ്ങുന്ന പ്രശ്നമില്ലെന്നും സാധിച്ചില്ലെങ്കില്‍ മരണമാണ് അഭികാമ്യമെന്നും അദ്ദേഹം തീരുമാനിച്ചുറക്കുകയും ശപഥം ചെയ്യുകയും ചെയ്തു. അത്യാവശ്യമുള്ള വസ്തുക്കള്‍ ഒരു കീശയിലാക്കി അയാള്‍ നടന്നു തുടങ്ങി. അന്ന് ഇരുട്ടുവോളം നടത്തം തുടര്‍ന്നു.
സന്ധ്യ മയങ്ങി. മുമ്പിലതാ ഒരു ടെന്റ്.. സൂക്ഷിച്ചു നോക്കി…തമ്പിന് സമീപം ഒരു കുതിരക്കുട്ടിയെ കെട്ടിയിരിക്കുന്നു. അയാള്‍ ആത്മഗതം ചെയ്തു: ഇത് തന്നെയായിരിക്കട്ടെ തുടക്കം…
പതുങ്ങിച്ചെന്ന് കുതിരക്കുട്ടിയെ അഴിച്ച് മുതുകിലേക്ക് കാലെടുത്തുവെക്കാനാണ് ശ്രമം… പെട്ടെന്ന് പിറകില്‍ നിന്നൊരു ശബ്ദം: ‘കുതിരയെ തൊട്ടുപോകരുത്….’
അദ്ദേഹം വെറും കയ്യോടെ തിരിച്ചുനടന്നു. അതിന് ശേഷം തുടര്‍ച്ചയായി ഏഴ് ദിവസം വെറും നടത്തം മാത്രം. അവസാനം അദ്ദേഹം ഒരു ഒട്ടകമേച്ചില്‍പുറത്തെത്തി. തൊട്ടടുത്തായി ഒരു തുകല്‍ ടെന്റുമുണ്ട്. അതിന്റെ വലിപ്പവും വിസ്തൃതിയും നല്ല പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്.
അദ്ദേഹം കണക്കു കൂട്ടി. ഈ മൈതാനിയില്‍ മേയുന്ന ഒരു ഒട്ടകക്കൂട്ടമുണ്ടാകുമല്ലോ. ഈ തമ്പിന് ഒരു ഉടമസ്ഥനുമുണ്ടാകും.
സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. അദ്ദേഹം കൂടാരത്തിനുള്ളിലേക്കൊന്ന് കണ്ണയച്ചു. മദ്ധ്യഭാഗത്തായി ഒരു പടുവൃദ്ധന്‍ ഇരിപ്പുണ്ട്. വൃദ്ധന്റെ ശ്രദ്ധയില്‍ പെടാതെ പതുങ്ങിപ്പതുങ്ങിച്ചെന്ന് അയാളുടെ പിന്നില്‍ ഇരിപ്പുറപ്പിച്ചു.
അധികം കഴിഞ്ഞില്ല. സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ഊളിയിട്ടു കഴിഞ്ഞു. ആ സമയം മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഭീമാകാരനും ആജാനുബാഹുവുമായ ഒരു കുതിരക്കാരന്‍ അവിടെയെത്തി. നല്ല ആരോഗ്യവും ഉയരവുമുള്ള കുതിരപ്പുറത്താണ് വരവ്. അയാളുടെ ഇരുഭാഗത്തും ഓരോ അടിമകള്‍ നടക്കുന്നു. കൂടെ നൂറോളം പെണ്‍ ഒട്ടകങ്ങളും മുമ്പില്‍ മറ്റൊരു കൂറ്റന്‍ ഒട്ടകവും. ടെന്റിനടുത്തുവന്ന് ഒട്ടകക്കൂറ്റന്‍ മുട്ടുകത്തി. ചുറ്റും മറ്റ് ഒട്ടകങ്ങളും.
തടിച്ച ഒരു ഒട്ടകത്തെ ചൂണ്ടിക്കൊണ്ട് അശ്വഭടന്‍ ഒരടിമയോടു പറഞ്ഞു. ഈ ഒട്ടകത്തെ കറന്ന് വൃദ്ധന് പാല്‍ നല്‍കുക.
അടിമ ഒരു പാത്രം നിറയെ പാല്‍ കറന്നെടത്തു വൃദ്ധന്റെ മുമ്പില്‍ വെച്ചിട്ടു സ്ഥലം വിട്ടു. പാത്രമെടുത്ത് വൃദ്ധന്‍ ഒന്നോ രണ്ടോ ഇറക്ക് കുടിച്ചിട്ടുണ്ടാവും…അയാള്‍ പാത്രം താഴെ വച്ചു. പതിയിരിക്കുന്നയാള്‍ വയോധികന്റെ ശ്രദ്ധയില്‍ പെടാതെ പാല്‍ പാത്രം കൈക്കലാക്കി ഒറ്റവലിക്ക് മുഴുവനും കുടിച്ചു തീര്‍ത്തു.
ഭൃത്യന്‍ തിരിച്ചുവന്നു പാത്രം എടുത്തു കൊണ്ടുപോയി. അയാള്‍ തന്റെ യജമാനനോടു പറഞ്ഞു:
‘പ്രഭോ… അദ്ദേഹം അത് മുഴുവനും കുടിച്ചിരിക്കുന്നു….’
അശ്വഭടന്‍ സന്തുഷ്ടനായി… അയാള്‍ പറഞ്ഞു:
‘ഒരു ഒട്ടകത്തെ കൂടി കറന്നു കൊടുക്കൂ.’
അടിമ അപ്രകാരം ചെയ്തു. വൃദ്ധന്‍ ഒരിറക്ക് മാത്രം കുടിച്ച് പാത്രം തറയില്‍ വെച്ചു. മുഴുവന്‍ കുടിച്ചാല്‍ അവര്‍ക്കു വല്ല സംശയവും ഉണ്ടായെങ്കിലോ എന്ന് ഭയന്ന് ഞാനതെടുത്ത് പകുതി മാത്രം കുടിച്ചു….
ശേഷം അയാള്‍ മറ്റേ ഭൃത്യനോട് ഒരാടിനെ അറുക്കാന്‍ ഉത്തരവിട്ടു. അയാള്‍ ആട്ടിറച്ചി വേവിച്ച് വൃദ്ധനെ ഭക്ഷിപ്പിച്ചു. ക്ഷുത്തടങ്ങിയെന്നു കണ്ടപ്പോള്‍ അയാളും ഭൃത്യരും കൂടി ഭക്ഷിക്കാന്‍ തുടങ്ങി.
ശേഷം അവരെല്ലാം ശയ്യയില്‍ ഗാഢനിദ്രയിലാണ്ടു. ഉച്ചത്തില്‍ കൂര്‍ക്കം വലി ഉയര്‍ന്നു… ഇത് തന്നെയാണ് നല്ല സന്ദര്‍ഭം… ഞാന്‍ ഒട്ടകക്കൂറ്റന്റെ ബന്ധനം അഴിച്ചു മാറ്റി. പുറത്തുകയറി മുന്നോട്ടു തെളിച്ചു. അതിന്റെ കൂടെ മറ്റ് ഒട്ടകങ്ങളും യാത്രയായി…
അന്നു രാത്രി മുഴുവനും യാത്ര.. നേരം പുലര്‍ന്നു കഴിഞ്ഞു. ഞാന്‍ ചുറ്റും കണ്ണോടിച്ചു.. ഇല്ല.. ആരും തന്നെ പിന്തുടരുന്നില്ല.
ഞാന്‍ ശീഘ്രം ഒട്ടകങ്ങളെ തെളിച്ചു. ഏകദേശം പകല്‍ പകുതി എത്തിയിരിക്കുന്നു. ഞാന്‍ വെറുതെ ഒന്നു തിരിഞ്ഞുനോക്കി.
അതാ… അങ്ങ് ദൂരെ പൊട്ടു പോലെ എന്തോ ഒന്ന്… അല്‍പം കഴിഞ്ഞപ്പോള്‍ അതൊന്നുകൂടി വലുതായി. ഞാന്‍ കൂക്ഷിച്ചു നോക്കി. കുതിരപ്പുറത്ത് അതിവേഗം വരുന്ന ഒരു യോദ്ധാവാണത്…. അയാള്‍ തന്റെ നേര്‍ക്ക് കുതിച്ച് വന്നുകൊണ്ടിരിക്കുകയാണ്.
എന്റെ കൈയിലുള്ള ഒട്ടകക്കൂട്ടങ്ങളുടെ ഉടമയാണയാള്‍ എന്ന് പെട്ടെന്ന്തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. അയാള്‍ കളവ് പോയ തന്റെ ഒട്ടകങ്ങളെ അന്വേഷിച്ച് വരികയാണ്.
ഞാന്‍ രണ്ടും കല്‍പിച്ച് ഒട്ടകത്തെ തളച്ചു… ആവനാഴിയില്‍ നിന്ന് ഒരസ്ത്രം വലിച്ചെടുത്തു. വില്ല് കുലച്ച് ജാഗരൂകനായി നില്‍പായി. ഒട്ടകങ്ങളെല്ലാം എന്റെ പിന്നിലാണ്. എന്റെ തയ്യാറെടുപ്പു കണ്ടിട്ടാവണം അയാള്‍ ദൂരെ വെച്ച് തന്നെ കുതിക്ക് കിഞ്ഞാണിട്ടു. അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു:
‘എന്റെ ഒട്ടകത്തെ വേഗം അഴിച്ച് വിടുക’
ഞാന്‍ വിളിച്ചു പറഞ്ഞു:
‘സാധ്യമല്ല….. വിശന്നുപൊരിയുന്ന കുറെ സ്ത്രീകളെയും വിട്ടാണ് ഞാന്‍ വരുന്നത്. അവര്‍ ഹീറഃയിലാണുള്ളത്. ഒന്നുകില്‍ ഭക്ഷണം, അല്ലെങ്കല്‍ മരണം, ഇതാണെന്റെ പ്രതിജ്ഞ.’
ആഗതന്‍ കോപാക്രാന്തനായി വിളിച്ചു പറഞ്ഞു.
‘തന്തയില്ലാത്തവന്‍, മര്യാദക്ക് ഒട്ടകത്തെ അഴിച്ചുവിടുന്നതാണ് നല്ലത്. അല്ലെങ്കില്‍ മരണത്തിനൊരുങ്ങിക്കൊള്ളുക’.
ഞാന്‍ തറപ്പിച്ചു പറഞ്ഞു: ‘അഴിച്ചു വിടുന്ന പ്രശ്നമേയില്ല…!’
അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ നീ നശിച്ചത് തന്നെ..! ‘ശേഷം അസ്ത്രവിദ്യയിലുള്ള തന്റെ പ്രാവീണ്യം തെളിയിക്കാനെന്നവണ്ണം അയാള്‍ പറഞ്ഞു:
‘ആ ഒട്ടകത്തിന്റെ മൂക്കുകയര്‍ ഉയര്‍ത്തിക്കാണിക്കുക…!’
ഞാന്‍ അപ്രകാരം ചെയ്തു. അതില്‍ മൂന്ന് ചെറിയ വളയങ്ങളുണ്ടായിരുന്നു. അയാള്‍ ചോദിച്ചു:
‘അതിലേത് വളയത്തിലൂടെയാണ് ശരം പായിക്കേണ്ടത്?’
മദ്ധ്യത്തിലുള്ള വളയത്തിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടി. അയാള്‍ നില്‍ക്കുന്നിടത്ത് നിന്നു തന്നെ അമ്പ് തൊടുത്തു വിട്ടു…
കറക്ട്.! വളയം പിടിച്ച് അതില്‍ കൊണ്ടുവന്ന് വെച്ച പോലെ..! പിന്നെയും. അതാ രണ്ടും മൂന്നും പ്രാവശ്യം അയാള്‍ അസ്ത്രപ്രയോഗം നടത്തി. അതെല്ലാം മുടിനാരിഴ വ്യത്യാസപ്പെടാതെ വ്യാസം കുറഞ്ഞ ആ മദ്ധ്യവളയത്തിലൂടെ ചീറിപ്പാഞ്ഞു കടന്നു പോയി.!
അജയ്യനായ അമ്പെയ്ത്തു വിദഗ്ധനാണ് എന്റെ പ്രതിയോഗിയെന്ന് ഞാന്‍ മനസ്സിലാക്കി… അയാളെ എതിരിടുന്നത് ആത്മഹത്യാപരമാണ്. എടുത്തുപിടിച്ചിരുന്ന അമ്പ് ആവനാഴിയില്‍ തന്നെ നിക്ഷേപിച്ച് ഞാന്‍ വിനയാന്വിതനായി നിന്നു.
അയാള്‍ എന്റെ അടുത്തു വന്നു. എന്റെ വാളും വില്ലും പിടിച്ചെടുത്ത് ഗംഭീരസ്വരത്തില്‍ പറഞ്ഞു:
‘കയറൂ എന്റെ പിന്നില്‍…!’
അതല്ലാതെ നിര്‍വ്വാഹമില്ലല്ലോ. ഞങ്ങള്‍ യാത്രയായി.
അയാള്‍ ചോദിച്ചു: ‘ഞാന്‍ നിന്നെ എന്ത് ചെയ്യുമെന്നാണ് നീ വിചാരിക്കുന്നത്.?!’
ഞാന്‍ മറുപടി പറഞ്ഞു:
‘എന്റെ ജീവന്‍ അപകടത്തിലാണെന്നു തന്നെ…!’
തേരാളി അന്വേഷിച്ചു: ‘എന്താണങ്ങനെ ചിന്തിക്കാന്‍…?’
ഞാന്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ സ്വത്തില്‍ അതിക്രമം കാട്ടി നിങ്ങളെ ബുദ്ധിമുട്ടിച്ചല്ലോ… ഇപ്പോഴാണെങ്കില്‍ ഞാന്‍ നിങ്ങളുടെ പിടിയിലുമാണ്. അതിനാല്‍ എന്റെ ചിന്ത ന്യായം തന്നെ.’
അദ്ദേഹത്തിന്റെ മറുപടി:
‘നിങ്ങള്‍ ഇന്നലെ രാത്രി മുഹല്‍ഹിലിന്റെ (തന്റെ പിതാവ്) കൂടെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തയാളല്ലെ. പിന്നെയും ഞാന്‍ നിങ്ങളെ വധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ…?!’
മുഹല്‍ഹിലെന്ന് കേട്ടയുടന്‍ ഞാന്‍ ചോദിച്ചു:
‘സൈദുല്‍ഖൈല്‍ (അഭ്യാസിയായ സൈദ്) ആണോ താങ്കള്‍?’
മറുപടി: ‘അതെ’
ഞാന്‍ പറഞ്ഞു: ‘എങ്കില്‍ നിങ്ങളില്‍ നിന്ന് നല്ല സമീപനം മാത്രമെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ.’
അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ ഇനി ഭയപ്പെടേണ്ടതില്ല…!’
ഞങ്ങള്‍ അയാളുടെ വാസസ്ഥലത്ത് തന്നെ തിരിച്ചെത്തി… അദ്ദേഹം പറഞ്ഞു: ‘ഈ ഒട്ടകക്കൂട്ടം എന്റേതായിരുന്നെങ്കില്‍ പൂര്‍ണ്ണമായും നിനക്ക് തരുമായിരുന്നു. പക്ഷേ, ഇതെ ന്റെ സഹോദരിയുടേതാണ്. അത്കൊണ്ട് നീ ഇവിടെ നില്‍ക്ക്…ഞാന്‍ ഒരു കൊള്ളക്കായുള്ള തയ്യാറെടുപ്പിലാണ്… അതുകഴിഞ്ഞ് നിനക്കാവശ്യമുള്ളത് നല്‍കാം…!’
അല്‍പം ദിവസം കഴിഞ്ഞതേയുള്ളൂ..ബനൂനുമൈര്‍ ഗോത്രക്കാര്‍ താമസിക്കുന്ന ഗ്രാമം അദ്ദേഹം കൊള്ള ചെയ്തു. ഏകദേശം നൂറ് ഒട്ടകങ്ങള്‍ അദ്ദേഹം പിടിച്ചെടുത്തു. അവ പൂര്‍ണ്ണമായും എനിക്കുനല്‍കുകയും സുരക്ഷിതത്വത്തിനായി കുറച്ചുപേരെ എന്റെ കൂടെ അയക്കുകയുമുണ്ടായി… ഞാന്‍ എന്റെ കുടുംബം താമസിക്കുന്ന ഹീറഃയില്‍ സസന്തോഷം തിരിച്ചെത്തി…
ഇതായിരുന്നു സൈദുല്‍ഖൈലിന്റെ ജാഹിലിയ്യാജീവിതം.
ഇസ്ലാമില്‍ വന്ന ശേഷം അവരുടെ ചരിത്രം ചരിത്രഗ്രന്ഥങ്ങള്‍ അനാവരണം ചെയ്യുന്നത് കാണുക….
മുത്തുനബി(സ്വ)യെ കുറിച്ച് കേള്‍ക്കാനിടയായ സൈദ്, തന്റെ ജനതയില്‍ നിന്ന് ഉന്നതരായ നേതാക്കളെ വിളിച്ച് ചേര്‍ത്ത ശേഷം തന്നോടൊപ്പം മദീനയിലേക്ക് വരാനും നബി (സ്വ) യെ കാണാനും ക്ഷണിച്ചു. അദ്ദേഹത്തെ ഒരു വലിയ ജനക്കൂട്ടം അനുഗമിച്ചു. സു ര്‍റുബ്നു സദൂസ്, മാലികുബ്നുജുബൈര്‍, ആമിറുബ്നുജുവൈന്‍, എന്നിവരും മറ്റും കൂ ട്ടത്തിലുണ്ട്.
അവര്‍ മദീനയിലെത്തി… മസ്ജിദുന്നബവിയുടെ അടുത്ത് വാഹനങ്ങള്‍ നിര്‍ത്തി…പള്ളിമിമ്പറില്‍ നിന്ന് ഖുത്വുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കയായിരുന്നു നബി (സ്വ) അപ്പോ ള്‍…. ആ വാക്കുകള്‍ അവരുടെ ഹൃദയങ്ങളില്‍ ആഞ്ഞുപതിച്ചു. പ്രവാചനോട് മുസ് ലിംകള്‍ക്കുള്ള ആദരവും ബഹുമാനവും ആ വാക്കുകള്‍ അവരില്‍ ഉളവാക്കുന്ന പ്രതിഫലനവും അവരുടെ അച്ചടക്കവും ശാന്തതയുമെല്ലാം നവാഗതരെ ആശ്ചര്യഭരിതരാക്കി.
പുറത്ത് വന്നുനിന്ന ആളുകളെ കണ്ട നബി(സ്വ) വിശ്വാസികളോട് പറഞ്ഞു:
‘നിങ്ങള്‍ ആരാധിക്കുന്ന ഉസ്സയേക്കാള്‍ ഞാനാണുത്തമന്‍, നിങ്ങളുടെ ആരാധനാമൂര്‍ ത്തിയായ കറുത്ത മരുക്കപ്പലിനെക്കാള്‍ നിങ്ങള്‍ക്കുപകാരപ്പെടുക ഞാനാണ്.’
നബി(സ്വ) യുടെ വാക്കുകള്‍ സൈദുല്‍ഖൈലിന്റെയും കൂട്ടുകാരുടെയും ഹൃദയങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങളാണുളവാക്കിയത്. ചിലര്‍ സത്യബോധനം ഉള്‍ക്കൊണ്ടു… മറ്റു ചിലര്‍ അഹങ്കാരത്തോടെ പുറം തിരിഞ്ഞുകളഞ്ഞു.
കൂട്ടത്തിലെ സുര്‍റുബ്നു സദൂസിന് നബി(സ്വ)യുടെ ജനസമ്മതിയും അത്യുന്നതസ്ഥാനവും ദര്‍ശിച്ച മാത്രയില്‍ കടുത്ത അസൂയയുണ്ടായി. അയാള്‍ ആശങ്കയോടെ കൂടെയുള്ളവരോട് പറഞ്ഞു: ‘അറബികളെ മുഴുവന്‍ അടക്കി ഭരിച്ചേക്കാവുന്ന ഒരു മനുഷ്യനെയാണ് ഇവിടെ കാണുന്നത്. അത്കൊണ്ട് ഞാന്‍ ഒരിക്കലും അയാളുടെ കീഴിലാകാന്‍ താല്പര്യപ്പെടുന്നില്ല…!’
അയാള്‍ സിറിയയില്‍ പോയി തല മുണ്ഡനം ചെയ്ത് കൃസ്തുമതത്തില്‍ അംഗമായി. എന്നാല്‍ സൈദുല്‍ഖൈലിനും കൂടെയുള്ളവര്‍ക്കും മറ്റൊരു കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്.
റസൂലുള്ളാഹി(സ്വ)ഖുത്വുബഃ കഴിഞ്ഞ് മിമ്പറില്‍ നിന്നിറങ്ങി. തത്സമയം സൈദ് മുസ് ലിംകളുടെ ഇടയിലേക്ക് ചെന്നുനിന്നു. നല്ല സൌന്ദര്യവും അസാമാന്യ ഉയരവുമുള്ള ഒരു ആജാനുബാഹുവായിരുന്നു അദ്ദേഹം. കുതിരപ്പുറത്തു കയറിയിരുന്നാല്‍ അദ്ദേഹത്തി ന്റെ കാല്‍ ഭൂമിയില്‍ സ്പര്‍ശിക്കുമായിരുന്നു.
വടിവൊത്ത ആകാരവുമായി നിന്നശേഷം പ്രൌഢമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു:
‘മുഹമ്മദ്…! അശ്ഹദുഅല്ലാ…. …. …….’
നബി(സ്വ) അദ്ദേഹത്തിന് അഭിമുഖം നിന്ന് ചോദിച്ചു:
നിങ്ങളാരാണ്…?
ആഗതന്‍ പറഞ്ഞു:
‘മുഹല്‍ഹിലിന്റെ പുത്രന്‍ സൈദുല്‍ഖൈല്‍…!’
ഇതു കേട്ട മാത്രയില്‍ നബി(സ്വ) പ്രതികരിച്ചു:
‘അല്ല, നിങ്ങള്‍ സൈദുല്‍ഖൈര്‍(നന്മയുടെ സൈദ്) ആകുന്നു. നിങ്ങളെ മലമ്പ്രദേശത്ത് നിന്ന് ഇവിടെ എത്തിക്കുകയും നിങ്ങളുടെ ഹൃദയത്തെ ഇസ്ലാമിന് പാകപ്പെടുത്തുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതിയും….!’
അതിന് ശേഷം അദ്ദേഹം സൈദുല്‍ ഖൈര്‍(റ) എന്ന പേരില്‍ അറിയപ്പെട്ടു. മുത്തുനബി(സ്വ)യാണ് ഇങ്ങനെ പുനര്‍ നാമകരണം ചെയ്തത്.
നബി(സ്വ) അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു. കൂടെ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വും മറ്റ് സ്വഹാബികളും ഉണ്ട്. വീട്ടിലെത്തിയപ്പോള്‍ നബി(സ്വ) സൈദുല്‍ഖൈറിന് ചാരിയിരിക്കാന്‍ ഒരു തലയിണ നീക്കിവെച്ചുകൊടുത്തു…!
പക്ഷേ…, അല്ലാഹുവിന്റെ തിരുദൂതരുടെ മുമ്പില്‍ ചാരിയിരിക്കാന്‍ ഒരു വിധത്തിലും സൈദ്(റ)വിന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹം തലയിണ തിരിച്ചുകൊടത്തു. മഹാനായ നബി(സ്വ) അത് രണ്ട് പ്രാവശ്യം കൂടി സൈദിന് നല്‍കുകയുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം അത് ബഹുമാനപുരസ്സരം നിരസിച്ചു.
എല്ലാവരും ഇരുന്നപ്പോള്‍ നബി(സ്വ) പറഞ്ഞു:
‘സൈദ്…! എന്നോട് ഗുണങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ട ആരെയും ഞാന്‍ നിരീക്ഷിച്ചു നോക്കിയപ്പോള്‍ അവര്‍ അത്രക്കൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതാണ് അനുഭവം. എന്നാല്‍ അതിനപവാദമായി ഞാന്‍ നിങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ…!’
നബി(സ്വ) തുടര്‍ന്നു:
‘സൈദ്…! താങ്കളില്‍ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്….!’
സൈദ്(റ): ‘എതാണവ തിരുദൂതരേ…?!’
നബി(സ്വ): ‘പക്വതയും വിവേകവും…!’
സൈദ്(റ): ‘അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന വിശേഷണങ്ങള്‍ നല്‍കിയ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുന്നു…!’
സൈദ്(റ) തുടര്‍ന്നു: ‘അല്ലാഹുവിന്റെ ദൂതരെ…! അങ്ങ് മുന്നൂറ് അശ്വഭടന്മാരെ എന്റെ കൂടെ അയച്ചുതന്നാലും…! ഞാന്‍ റോമില്‍ പോയി കനത്ത സമ്പത്ത് പിടിച്ചു കൊണ്ട് വരുന്ന കാര്യം ഞാനേറ്റിരിക്കുന്നു…!’
ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനക്കരുത്തില്‍ നബി(സ്വ)ക്ക് വലിയ മതിപ്പുണ്ടായി. അവിടുന്ന് പറഞ്ഞു:
‘നിങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു സൈദ്…! നിങ്ങള്‍ ധീരന്‍ തന്നെയാണ്…!!’ അങ്ങനെ സൈദിനോടൊപ്പം വന്നിരുന്ന മുഴുവന്‍ പേരും സത്യവിശ്വാസികളായി മാറി.
മഹാനായ സൈദുല്‍ഖൈര്‍(റ)വും കൂട്ടുകാരും നജ്ദിലെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തു. അവര്‍ക്ക് യാത്രാമംഗളം നേര്‍ന്ന ശേഷം നബി(സ്വ) പറഞ്ഞു:
‘എന്തൊരു മനുഷ്യനാണദ്ദേഹം…! മദീനയില്‍ പടര്‍ന്നുപിടിച്ച പ്ളേഗില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മഹത്തായ ഇതിഹാസം അദ്ദേഹത്താല്‍ വിരചിതമാകുമായിരുന്നു…!!’
മദീനാ മുനവ്വറയില്‍ അന്ന് ഭയങ്കര പനി പടര്‍ന്നിരിക്കുകയായിരുന്നു….മഹാനായ സൈ ദുല്‍ഖൈര്‍(റ) എന്നിട്ടും മദീന വിട്ടില്ല. അപ്പോഴേക്കും അദ്ദേഹത്തെ പനിബാധിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം കൂട്ടുകാരോട് പറഞ്ഞു:
‘നിങ്ങള്‍ എത്രയും വേഗം ഖൈസ് ഗോത്രക്കാരുടെ നാട്ടില്‍ നിന്ന് പോവുക… അങ്ങനെ പറയാന്‍ കാരണം ഞാനും അവരും ജാഹിലിയ്യത്തിലെ മിഥ്യാഭിമാനത്തിന്റെ പേരില്‍ പരസ്പരം പോരടിച്ചവരായിരുന്നു. അല്ലാഹുവാണ് സത്യം…! ഇനി ഞാന്‍ മരണം വരെ ഒരു മുസ്ലിമുമായി ഏറ്റുമുട്ടുകയില്ല…!!’
വന്ദ്യരായ സൈദുല്‍ഖൈര്‍(റ)തന്റെ നാട്ടിലേക്കുള്ള പ്രയാണത്തിലാണ്. എന്നാല്‍ പനി അദ്ദേഹത്തെ അനുനിമിഷം വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും സ്വ ന്തം ജനതയെ കാണുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യല്‍ അവരുടെ ഹൃദയത്തിലെ അടക്കാനാവാത്ത അഭിലാഷമാണ്.
അദ്ദേഹവും മരണവുമായി മത്സരം നടന്നുകൊണ്ടിരിക്കുകയാണ്…അധികം താമസിയാതെ ഇതിഹാസപുരുഷന്‍ മരണത്തിന് കീഴടങ്ങി. അവരുടെ ഇസ്ലാമിക പ്രവേശനത്തിനും അന്ത്യശ്വാസം വലിക്കുന്ന സമയത്തിനുമിടയില്‍ ഒരു തെറ്റുപോലും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അതിനുള്ള സന്ദര്‍ഭവുമുണ്ടായിരുന്നില്ലല്ലോ…! അല്ലാഹു അവരെ തൃ പ്തിപ്പെടട്ടെ. ആമീന്‍.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ത്വുഫൈലുബ്നു അംറ് (റ)
💐💐💐💐💐💐💐💐💐

“അല്ലാഹുവേ, ത്വുഫൈലിന്റെ ലക്ഷ്യം നടപ്പിലാക്കുവാന്‍ സഹായകമാകുന്ന ഒരു ദൃഷ് ടാന്തം നീ അദ്ദേഹത്തിന് നല്‍കേണമേ”! തിരുനബി (സ്വ).
ത്വുഫൈലുബ്നുഅംറ് അദ്ദൌസീ. ജാഹിലിയ്യത്തില്‍ ദൌസ് ഗോത്രത്തലവന്‍, അറേബ്യന്‍ നേതൃനിരയില്‍ പ്രഥമഗണനീയന്‍. വിരലിലെണ്ണാവുന്ന മാന്യ വ്യക്തികളില്‍ ഒരാള്‍. അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥികള്‍ ഒഴിഞ്ഞ നേരമില്ല. അശരണര്‍ക്കായി തന്റെ സഹാ യ വാതായനങ്ങള്‍ അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. വിശന്നവന് ഭക്ഷണം, ഭയ ചകിതന് അഭയം…… അങ്ങനെ നിലക്കാത്ത സേവനങ്ങള്‍.
സാഹിത്യകാരന്‍, അതിബുദ്ധിമാന്‍, സൂക്ഷ്മദൃക്ക്,വാക്കുകളുടെ മായാജാലക്കാരന്‍….. തന്റെ കവിതകള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളായിരുന്നു.
ചെങ്കടല്‍ തീരത്തെ സ്വന്തം നാടുപേക്ഷിച്ച് ത്വുഫൈല്‍ യാത്രയായി, മക്കയിലേക്ക്. തല്‍സമയം മുത്ത്നബി(സ്വ) യും സ്വഹാബികളും നിഷേധിളോട് യുദ്ധത്തിലേര്‍പ്പെട്ടിരി ക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും അണികളെ കൂട്ടാനുള്ള തിരക്കിലാണ്. തിരു നബി (സ്വ) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. അടിപതറാത്ത ഈ മാനും സത്യസന്ധതയുമാണ് അവരുടെ ആയുധം .മറു വശത്ത് കയ്യില്‍ കിട്ടിയതെന്തും മുസ്ലിംകള്‍ക്കെതിരെ ആയുധമാക്കി ജനങ്ങളെ ഇസ്ലാമിനെ തൊട്ട് തടുത്ത് നിര്‍ ത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഖുറൈശികള്‍.
ത്വുഫൈല്‍ മക്കയിലെത്തി. അവിടത്തെ സ്ഥിതിഗതികളെ കുറിച്ച് നാട്ടില്‍ നിന്ന് തിരി ക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു. എന്നാല്‍ സ്വാഭീഷ്ട പ്രകാ രമല്ലാതെ താനും ഈ പോരാട്ടത്തില്‍ ഭാഗഭാക്കായിക്കൊണ്ടിരിക്കുന്നു എന്ന സത്യം താമസിയാത അദ്ദേഹം മനസ്സിലാക്കി. യഥാര്‍ഥത്തില്‍ താന്‍ അതിന് വേണ്ടി പുറപ്പെട്ട തായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ത്വുഫൈലിന്റെ വിവരണം ശ്രദ്ധേയമാണ്. അദ്ദേഹം വിശദീകരിക്കുന്നു.
‘ഞാന്‍ മക്കയിലെത്തി, എന്നെ കാണേണ്ട താമസം ഖുറൈശികള്‍ ഓടി വന്ന് സ്വാഗതം ചെയ്തു, രാജോചിതമായി സ്വീകരിച്ചു.’ എന്നോട് അവര്‍ പറഞ്ഞു:
“ത്വുഫൈല്‍! താങ്കള്‍ ഞങ്ങളുടെ നാട്ടിലെത്തിരിക്കുകയാണല്ലോ. ഒരു പ്രധാനപ്പെട്ട കാര്യം ഉണര്‍ത്തുകയാണ്. താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് സ്വയം വിശേഷിപ്പി ക്കുന്ന ഒരു വ്യക്തിയുണ്ടിവിടെ. അയാള്‍ ഞങ്ങളുടെ മനക്കരുത്തും കെട്ടുറപ്പും തകര്‍ ത്തിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത് ഈ ദുര്യോഗം നിങ്ങളുടെ ഗോത്ര ത്തിലും ഭവിക്കുകയും താങ്കളുടെ നേതൃത്വം നഷ്ടപ്പെടുകയും ചെയ്യുമോ എന്നാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആ വ്യക്തിയുമായി സംസാരിക്കുകയോ അയാളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുകയോ ചെയ്യരുത്. കാരണം ആ വാക്കുകളുടെ വശ്യത അപാരമാണ്. എത്ര മനക്കരുത്തുള്ളവരും പതറിപ്പോകും. പിതാവും പുത്രനും, ഭാര്യയും ഭര്‍ത്താവും, സഹോദരങ്ങള്‍ തമ്മില്‍ പോലും ഭിന്നിപ്പുണ്ടാക്കുന്നവയാണ് അവ.”
ത്വുഫൈല്‍ തുടരുന്നു: ‘അദ്ദേഹത്തിന്റെ വിചിത്രമായ സ്വഭാവ രീതികളെക്കുറിച്ച് അവര്‍ എന്നെ ഉല്‍ബുദ്ധനാക്കിക്കൊണ്ടിരിക്കുന്നു. ഗോത്രത്തില്‍ ഈ മഹാദുരന്തം വന്നുഭവി ക്കുന്നത് ശരിക്കും സൂക്ഷിക്കണമെന്ന് ഓരോരുത്തരും ഉപദേശിച്ചു. ഞാന്‍ തീരുമാ നിച്ചു. ഒരു കാരണവശാലും അയാളുടെ അടുത്തു പോവുകയോ സംസാരിക്കുകയോ ചെയ്യില്ല’.
ഞാന്‍ കഅ്ബ ത്വവാഫ് ചെയ്യാന്‍ പോയി. ഞങ്ങളും പൂര്‍വികരുമെല്ലാം ഇക്കാലമത്രയും ആദരിച്ചാരാധിച്ചിരുന്ന വിഗ്രഹങ്ങളെ നമിച്ച് പുണ്യം നേടുകയാണുദ്ദേശം. ആ സമയത്ത് ഞാന്‍ ചെവിയില്‍ പഞ്ഞി തിരുകി വെച്ചിട്ടുണ്ടായിരുന്നു. മുഹമ്മദിന്റെ വാക്കുകള്‍ അബ ദ്ധത്തില്‍ പോലും കേള്‍ക്കാതിരിക്കാനായിരുന്നു അത്’.
‘ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. മുഹമ്മദ് ഇതു വരെ കണ്ടിട്ടില്ലാത്ത പ്രാര്‍ഥന നിര്‍വഹി ക്കുന്നതാണ് ആദ്യം തന്നെ ഞാന്‍ കണ്ടത്. ഞങ്ങള്‍ ചെയ്യുന്ന വിധത്തിലല്ല അവ. പ ക്ഷേ, എന്തോ….ആ കാഴ്ച എന്നെ ആനന്ദ തുന്ദിലനാക്കി. അദ്ദേഹത്തിന്റെ ആരാധനാ മുറകള്‍ എന്നെ പുളകം കൊള്ളിച്ചു. അറിയാതെ ഞാനദ്ദേഹത്തിന്റെ തൊട്ടടുത്തെത്തി.
‘ആ വാക്കുകള്‍ എന്നെ കേള്‍പ്പിക്കാന്‍ തന്നെ അല്ലാഹു തീരുമാനിച്ചു എന്നു പറയാം. ചെവിയിലെ പഞ്ഞിയെടുത്ത് ദൂരേക്കെറിഞ്ഞ് ഞാന്‍ സശ്രദ്ധം കാതോര്‍ത്തു നിന്നു. ഹാ! എത്ര സുന്ദരമായ വാക്കുകള്‍! കര്‍ണ്ണാനന്ദകരം!! അര്‍ഥ സമ്പൂര്‍ണ്ണം!!!’
‘ഞാന്‍ ഒന്നു കൂടി ശ്രദ്ധിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നത് ആത്മാവില്‍ നിന്നുള്ള ഒരു ഉള്‍വി ളിയാണ്. ഹേ ത്വുഫൈല്‍!, നീ എന്തു വിഡ്ഢിയാണ്! ബുദ്ധിമാനായ ഒരു കവിയല്ലേ നീ. വാക്കുകളില്‍ നല്ലതേത് ചീത്തയേത് എന്ന് വിവേചിച്ചറിയാനുള്ള പ്രാപ്തി നിന ക്കില്ലേ. പിന്നെയെന്തിന് മുഹമ്മദിന്റെ വാക്കുകള്‍ കേള്‍ക്കില്ലെന്ന് ശഠിക്കുന്നു. മുഹമ്മദ് പറയുന്നത് നല്ലതാണെങ്കില്‍ സ്വീകരിച്ചുകൂടെ, അല്ലെങ്കില്‍ തള്ളി ക്കളയാവുന്നതല്ലേ യുള്ളൂ’.
ത്വുഫൈല്‍ പറയട്ടെ:
‘ഞാന്‍ അവിടെ തന്നെ നിന്നു. റസൂലുല്ലാഹി(സ്വ) പള്ളിയില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോയപ്പോള്‍ ഞാനും അനുഗമിച്ചു. വീട്ടില്‍ പ്രവേശിച്ച ഉടനെ ഞാന്‍ പറഞ്ഞു:
മുഹമ്മദ്! നിങ്ങളുടെ ആളുകള്‍ നിങ്ങളെ കുറിച്ച് എന്നോട് പലതും പറഞ്ഞു. അവര്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കാന്‍ ചെവികള്‍ പഞ്ഞികൊണ്ടടച്ചാണ് ഞാന്‍ ഇവിടെ വന്നത്. പക്ഷേ, അല്ലാഹു തീരുമാനിച്ചതുകൊണ്ടു ഞാന്‍ എല്ലാം കേട്ടു. ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതു കൊണ്ട് നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെങ്കില്‍ നല്‍കുക!”
‘മുഹമ്മദ് നബി(സ്വ), ഏകദൈവ സന്ദേശം എന്റെ മുമ്പില്‍ വെച്ചു. സൂറത്തുല്‍ ഇഖ്ലാ സ്വും സൂറത്തുല്‍ ഫലഖും ഓതി കേള്‍പ്പിച്ചു. അല്ലാഹു സത്യം, അത്ര സുന്ദരമായ വാ ക്കുകള്‍ ഞാന്‍ മുമ്പൊരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. ആ ആശയം പോലെ നീതി യുക്തമായ ഒന്ന് മുമ്പ് കണ്ടിട്ടുമില്ല’.
‘ഞാന്‍ റസൂലിന്റെ കരം ഗ്രഹിച്ചു. ശഹാദ ത്ത് ഉച്ചരിച്ചു. അശ്ഹദു അല്ലാ…(അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല. മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണ്). ഞാന്‍ മുസ് ലിമായി’.
ത്വുഫൈല്‍ പറയുന്നു:
‘ഞാന്‍ കുറച്ച് കാലം മക്കയില്‍ തന്നെ താമസിച്ചു. ഇസ്ലാമികാധ്യാപനങ്ങള്‍ പഠിച്ചു. കഴിവിന്റെ പരമാവധി ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഇനി നാട്ടിലേക്ക് തിരിച്ചു പോവാന്‍ തയ്യാറെടുക്കുകയാണ്. ആ സമയം ഞാന്‍ പറഞ്ഞു:
“അല്ലാഹുവിന്റെ ദൂതരെ! കുടുംബത്തിലെ കാര്യ പ്രാപ്തിയുള്ളയാളാണ് ഞാന്‍. എന്റെ കല്‍പനകള്‍ അവര്‍ സ്വീകരിക്കും. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ തീരു മാനിച്ചിരിക്കുന്നു. അതു കൊണ്ട് അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. പ്രബോ ധനത്തിന് സഹായകമാകുന്ന ഒരു ദൃഷ്ടാന്തം എനിക്ക് നല്‍കാന്‍”.
‘റസൂലുല്ലാഹി(സ്വ) പ്രാര്‍ഥിച്ചു’: “അല്ലാഹുവേ! അദ്ദേഹത്തിന് നീ ഒരു ദൃഷ്ടാന്തം നല്‍കേണമേ!”
‘ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു. വീടുകള്‍ കാണാവുന്ന ഒരു സ്ഥലത്ത് എത്തിരിക്കുക യാണിപ്പോള്‍. എന്റെ ഇരു നയനങ്ങള്‍ക്കുമിടയില്‍ നിന്ന് ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അത് ഒരു വിളക്കില്‍ നിന്നെന്നവണ്ണം പ്രകാശിക്കുകയാണ്’.
‘ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു’:
“അല്ലാഹുവേ! ഈ പ്രകാശം എന്റെ മുഖത്തല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റിത്തരണമേ. കാരണം എന്റെ കുടുംബക്കാര്‍ ഒരു പക്ഷേ, പറയും. ഞാന്‍ അവരുടെ മതം പരിത്യ ജിച്ചത് കൊണ്ടുണ്ടായ ദൈവിക ശിക്ഷയാണിതെന്ന്”.
‘പ്രാര്‍ഥന തീരേണ്ട താമസം, പ്രകാശം എന്റെ ചാട്ടവാറിന്റെ അഗ്രഭാഗത്തേക്ക് നീങ്ങി ക്കഴിഞ്ഞു. ജനങ്ങള്‍ക്ക് ആ പ്രകാശം ഒരു വിളക്ക് മാടത്തില്‍ നിന്നെന്നവണ്ണം കാണാം. പര്‍വ്വത ശികരത്തിലൂടെ ഇറങ്ങി കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍’.
‘അതാ വരുന്നു എന്റെ വയോധികനായ പിതാവ്, എന്നെ സ്വീകരിക്കാനാണ് വരവ്’.
ഞാന്‍ പറഞ്ഞു: “പിതാവേ, മാറി നില്‍ക്കണം, കാരണം നിങ്ങള്‍ എന്റെ മതമോ ഞാന്‍ നിങ്ങളുടെ മതമോ വിശ്വസിക്കുന്നില്ല”.
പിതാവ്: “അതെന്താണ് മോനേ?”
ഞാന്‍ പ്രതികരിച്ചു: “ഞാന്‍ മുസ്ലിമായി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു”. പിതാവ്: “മകനേ! നീ ഏത് മതമാണോ ഇഷ്ടപ്പെടുന്നത്, ഈ പിതവും അത് സ്വീകരി ക്കുന്നു”.
ഞാന്‍ പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ കുളിച്ച് വസ്ത്രം ശുദ്ധിയാക്കി വരൂ! ഞാന്‍ പഠിച്ചത് നിങ്ങള്‍ക്കും പഠിപ്പിച്ച് തരാം”. അദ്ദേഹം കുളിച്ചു വസ്ത്രം വൃത്തിയാക്കി തിരിച്ചുവന്നു. ഞാന്‍ ഇസ്ലാമിനെ കുറിച്ചു പറഞ്ഞു കൊടുത്തു. അദ്ദേഹം മുസ്ലിമായി. അടുത്തത് എന്റെ ഭാര്യയാണ്. ഞാന്‍ പറഞ്ഞു: “മാറി നില്‍ക്കുക! ഞാന്‍ നിന്റെയോ നീ എന്റെ യോ മതത്തിലംഗമല്ല”. ഭാര്യ: “സ്നേഹ നിധിയായ ഭര്‍ത്താവേ! എന്താണീ മാറ്റം”. ഞാന്‍ പറഞ്ഞു: “ഇസ്ലാം മതം സ്വീകരിച്ചിരിക്കുകയാണ് ഞാന്‍. നീ മുസ്ലിമാകാത്ത ത് കൊണ്ട് നമുക്കൊരുമിക്കാനാവില്ല”.
ഭാര്യ: “എങ്കില്‍ ഞാനും മുസ്ലിമാവുകയാണ്”.
“നീ ദുശ്ശറാ തടാകത്തില്‍ നിന്ന് കുളിച്ച് വൃത്തിയാവുക.”
ദുശ്ശറാ എന്നത് ദൌസ് ഗോത്രത്തിന്റെ കുല ദൈവമാണ് ആ വിഗ്രഹത്തിന് ചുറ്റും കാട്ടു ചോലയില്‍ നിന്നൊഴുകിയെത്തുന്ന ജലം തടാകമായി കെട്ടി നിര്‍ത്തിയിരിക്കുന്നു.
ഭാര്യ: “അയ്യോ, ദുശ്ശറാ നമ്മുടെ ദൈവമല്ലേ. വിഗ്രഹ നിഷേധ പ്രസ്ഥാനത്തില്‍ അംഗമാ വാന്‍ വേണ്ടി അവിടെ ചെന്ന് കുളിച്ചാല്‍ നമ്മുടെ ദൈവ കോപത്തിനിരയാവില്ലേ”.
ഞാന്‍ പറഞ്ഞു: ” ദുശ്ശറാ പോയി തുലയട്ടെ, പോകൂ, വെറും കല്ലിന് ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്ന് ഞാനിതാ വാക്കു തരുന്നു”. ഭാര്യ പോയി കുളിച്ചു വൃത്തിയായി വന്ന പ്പോള്‍ ഞാന്‍ അവള്‍ക്ക് ഇസ്ലാമിക സന്ദേശം കൈമാറി അവളും പരിശുദ്ധ ദീനില്‍ അംഗമായി.
‘ശേഷം എന്റെ ഗോത്രമായ ദൌസുകാരെ ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അബൂഹു റൈറഃ(റ) ഇസ്ലാമില്‍ പ്രവേശിച്ചു. മറ്റുള്ളവരൊന്നും അത്ര പെട്ടെന്ന് കൂട്ടാക്കിയില്ല. ഈ അബൂഹുറൈറഃ(റ) തന്നെയാണ് പിന്നീട് ഹദീസ് നിവേദനത്തിലൂടെ വിശ്വവി ഖ്യാതനായിത്തീര്‍ന്നത്’.
* * * *
ത്വുഫൈല്‍(റ) പറയുന്നു: ‘മഹാനായ റസൂലുല്ലാഹിയെ കാണാന്‍ ഞാന്‍ വീണ്ടും മക്ക യിലേക്ക് ചെന്നു. എന്റെ കൂടെ ഇത്തവണ അബൂഹുറൈറഃയും ഉണ്ട്’. റസൂല്‍(സ്വ) ചോദിച്ചു: “ത്വുഫൈല്‍, നാട്ടില്‍ എന്തുണ്ട് വിശേഷം”.
ഞാന്‍ പറഞ്ഞു: “അന്ധകാര നിബിഢവും ശിലാ സമാനവുമായ ഹൃദയങ്ങളാണ് ഇപ്പോള്‍ ദൌസ് ഗോത്രത്തിനെ അടക്കി ഭരിക്കുന്നത്”.
അതു കേട്ട പ്രവാചകന്‍(സ്വ) ഒന്നും ഉരിയാടാതെ എഴുന്നേറ്റ് പോയി വുളൂ ചെയ്തു നി സ്കരിച്ചു. ശേഷം ആ പുണ്യ കരങ്ങള്‍ ആകാശത്തേക്കുയര്‍ത്തി. ജിജ്ഞാസയുടെ നിമിഷങ്ങള്‍.
അബൂഹുറൈറഃ(റ) പറയുന്നു: രംഗം കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടത് മറ്റൊന്നായിരുന്നു. പ്രവാചകര്‍ എന്റെ ജനതയെ ഒന്നടങ്കം നശിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണെന്ന്. പക്ഷേ, കാരുണ്യത്തിന്റെ കേദാരമായ മുഹമ്മദ് മുസ്തഫാ(സ്വ) പ്രാര്‍ഥിച്ചു.
“ആല്ലാഹുവേ!, നീ ദൌസുകാരെ സന്‍മാര്‍ഗ്ഗത്തിലാക്കേണമേ!, നീ ദൌസുകാരെ സന്‍ മാര്‍ഗ്ഗത്തിലാക്കേണമേ!”. അനന്തരം പ്രവാചകന്‍(സ്വ) ത്വുഫൈലിനോടായി പറഞ്ഞു:
“നിങ്ങള്‍ നാട്ടിലേക്ക് പോകൂ! അവരെയെല്ലാം മൃദുവായ സമീപനത്തിലൂടെ ഇസ്ലാമി ലേക്ക് ക്ഷണിക്കൂ”.
ത്വുഫൈല്‍ (റ) പറയുന്നു: ‘ഞാന്‍ ദൌസ് നാട്ടിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ആയിടക്കാണു റസൂലുല്ലാഹി(സ്വ) യുടെ പലായനം. ബദറും ഉഹ്ദും ഖന്‍ദഖും കഴിഞ്ഞു. ഞാന്‍ വീണ്ടും നബി(സ്വ) യുടെ അടുത്തേക്കു പോയി. ഇത്തവണ എന്നെ അനുഗമിച്ച് എണ്‍പതു കുടുംബങ്ങളുമുണുായിരുന്നു. നബി(സ്വ)യു ടെ പ്രാര്‍ഥനാ ഫലമായി ഇസ്ലാമിലേക്കു വന്നതാണവര്‍. ഞങ്ങളെ കണ്ട് നബി(സ്വ) അത്യധികം സന്തോഷിച്ചു. ഖൈബര്‍ യുദ്ധം കഴിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. മറ്റു മു സ്ലിംകള്‍ക്കൊപ്പം ഞങ്ങള്‍ക്കും അവിടുന്ന് യുദ്ധമുതല്‍ വീതിച്ചു തന്നു. ആ സമയത്ത് ഞങ്ങള്‍ പറഞ്ഞു.
“പ്രവാചകരെ! ഇനിയുള്ള എല്ലാ യുദ്ധങ്ങളിലും ഞങ്ങളെ സൈന്യത്തിലെ മൈമനത്ത് ആയി നിയമിക്കുകയും ഞങ്ങളുടെ സംഘത്തിനു മബ്റൂര്‍ എന്ന ടൈറ്റില്‍ നല്‍കുകയും ചെയ്യണം”.
(അറബികളുടെ സൈന്യം പല വിഭാഗമായി തിരിച്ചായിരുന്നു യുദ്ധത്തില്‍ പങ്കെടുത്തി രുന്നത്. സൈന്യത്തിന്റെ വലതു വശത്തുള്ള പട്ടാളക്കാരുടെ സമൂഹത്തിനാണ് മൈമ നത്ത് എന്നു പറയുന്നത്.)
തുഫൈല്‍ തുടരുന്നു.
‘ശേഷം മക്കാ വിജയം പൂര്‍ത്തിയാകുന്നത് വരെ ഞാന്‍ റസൂലുല്ലാഹി(സ്വ)യുടെ കൂടെത്തന്നെ നിന്നു. മക്കാ ഫത്ഹിനു ശേഷം ഞാന്‍ നബി(സ്വ)യോടു പറഞ്ഞു:
‘നബിയേ! അവിടുന്ന് ഒരു ദൌത്യ നിര്‍വ്വഹണത്തിനായി എന്നെ അയക്കണം. ഹംറു ബ്നു ഹമമഃയുടെ ദൈവമായ ദുല്‍കഫൈനി എന്ന വിഗ്രഹത്തെ ചുട്ടുകരിക്കുക എന്ന ദൌത്യം.’
നബി(സ്വ) സമ്മതിച്ചു. ത്വുഫൈല്‍(റ) പതുങ്ങിപ്പതുങ്ങി വിഗ്രഹത്തിനടുത്തെത്തി. തന്റെ ലക്ഷ്യം നിറവേറ്റാനായി തയ്യാറെടുത്തപ്പോള്‍ അദ്ദേഹത്തിനു ചുറ്റും സ്ത്രീകള്‍ തടിച്ചു കൂടി. ദൈവത്തെ തൊട്ടു കളിക്കുകാണെങ്കില്‍ ത്വുഫൈലിന്റെ തലയില്‍ ഇടിത്തീ വീഴുന്നതു കാണാന്‍. ധിക്കാരത്തിന്റെ ഫലമായി ത്വുഫൈല്‍ എരിഞ്ഞടങ്ങുന്നത് നോക്കി നിര്‍വൃതിയടയണം.
പക്ഷേ,! ത്വുഫൈല്‍(റ) കൂസലേതുമന്യേ വിഗ്രഹാരാധകരുടെ കണ്‍മുമ്പില്‍ വെച്ച് അതി ന്റെ ഹൃദയ ഭാഗത്തു തീ കൂട്ടി. അദ്ദേഹം പാടികൊണ്ടിരുന്നു.
“ഹെ, ദുല്‍കഫൈനി ഞാന്‍ നിന്റടിമയല്ലല്ലോ….
ഞങ്ങളെല്ലാം നിന്റെ മുമ്പെ ജനിച്ചല്ലോ…..
നിന്റെ ഹൃത്തിലിതാതീയും എരിഞ്ഞല്ലോ…..”
അങ്ങനെ വിഗ്രഹത്തിന്റെ അവസാന ഭാഗത്തോടൊപ്പം ശേഷിച്ചിരുന്ന ബഹുദൈവ വിശ്വാസവും എരിഞ്ഞടങ്ങി. ദൌസ് ഗോത്രക്കാര്‍ മുഴുവനും ഇസ്ലാം മതം സ്വീകരിച്ചു.
ഈ സംഭവത്തിനു ശേഷം മഹാനായ റസൂലുല്ലാഹി(സ്വ)യോടൊപ്പം അവിടുത്തെ വഫാത്തു വരെ ത്വുഫൈല്‍ (റ) കഴിച്ചു കൂട്ടി. നബി(സ്വ)യുടെ ശേഷം ഭരണ സാരഥ്യം മഹാനായ സ്വിദ്ദീഖുല്‍ അക്ബര്‍(റ) ഏറ്റെടുത്തു. ത്വുഫൈല്‍(റ) സ്വന്തം ശരീരവും വാളും മക്കളെയുമെല്ലാം സ്വിദ്ദീഖ്(റ) വിന്റെ കയ്യില്‍ ഏല്‍പ്പിച്ചു.
അവര്‍ യമാമയിലേക്കു പുറപ്പെട്ടു. കള്ള പ്രവാചകന്‍; മുര്‍തദ്ദുകളുടെ നേതാവ് മുസൈ ലിമഃയുടെ നാടാണത്. അവരുമായി ഘോര യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. ത്വുഫൈല്‍ (റ) മുസ്ലിം സൈന്യത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. കൂടെ അംറുമുണ്ട്, ത്വുഫൈല്‍(റ)വിന്റെ മകന്‍. വഴിയില്‍ വെച്ച് അദ്ദേഹം ഒരു സ്വപ്നം കണ്ടു. അദ്ദേഹം കൂടെയുള്ളവരോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടിരിക്കുന്നു. നിങ്ങള്‍ അതിന്റെ വ്യാഖ്യാനം പറഞ്ഞു തരിക”.
കൂട്ടുകാര്‍: “എന്താണത്?”
ത്വുഫൈല്‍(റ): “എന്റെ തല മുണ്ഢനം ചെയ്തിരിക്കുന്നു. ഒരു പക്ഷി എന്റെ വായ യില്‍ നിന്നു പുറത്തേക്കു പറന്നു പോയി. ഒരു സ്ത്രീ എന്നെപ്പിടിച്ച് അവളുടെ വയറ്റി നുള്ളിലേക്കിടുന്നു. എന്റെ മകന്‍ അംറ് എന്നെ അന്വേഷിച്ച് എല്ലായിടത്തും കറങ്ങുന്നു. പക്ഷേ, എന്നെ കണ്ടു പിടിക്കാന്‍ കഴിയുന്നില്ല. ഇതാണു സ്വപ്നം”.
സ്വഹാബത്ത്(റ): ‘നല്ല സ്വപ്നമാണ്’.
ത്വുഫൈല്‍ (റ): “എന്നാല്‍ ഞാന്‍ അതിന് വ്യാഖ്യാനം കണ്ടു പിടിച്ചിരിക്കുന്നു. തല മുണ്ഢനം ചെയ്യുക എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതു തല മുറിച്ചു മാറ്റപ്പെടും എന്നാണ്. വായില്‍ നിന്നു പറന്നു പോയ പക്ഷി എന്റെ ആത്മാവിനെ പ്രതിനിധീകരി ക്കുന്നു. എന്നെ വയറ്റിലേക്കു പിടിച്ചിട്ട സ്ത്രീ ഭൂമിയാകുന്നു. എനിക്കുവേണ്ടി ഖബര്‍ കു ഴിച്ച് അതില്‍ അടക്കപ്പെടും എന്നര്‍ഥം. ഞാന്‍ ഈ യുദ്ധത്തില്‍ രക്ത സാക്ഷിയാകുമെ ന്നാണെന്റെ പ്രതീക്ഷ. എന്റെ മകന്‍ എന്നെ തേടി നടക്കുന്നത് അവനും രക്ത സാക്ഷിത്വ ത്തിനു വേണ്ടി അദമ്യമായി ആഗ്രഹിക്കുന്നു എന്നാണു കാണിക്കുന്നത്. പക്ഷേ, അവന് ഈ യുദ്ധത്തില്‍ ആ മഹത്വം കൈവരിക്കാന്‍ ആകില്ല”.
യമാമഃ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. മഹാനായ ത്വുഫൈലുബ്നുഅംറ് അദ്ദൌ സീ(റ) ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന്, സ്വപ്ന സാക്ഷാല്‍ക്കാരമെ ന്നോണം ശത്രുവിന്റെ വെട്ടുകളേറ്റ് അദ്ദേഹം രണഭൂമിയില്‍ ശഹീദായി വീണു. ഇന്നാ ലില്ലാഹി…..
അവരുടെ ഓമന പുത്രന്‍ അംറ്(റ) അതിശക്തമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു. പരശ്ശതം വെട്ടും കുത്തുമേറ്റ് വലതു കൈപത്തി മുറിഞ്ഞു പോയി. മാരകമായി മുറി വേറ്റു. പക്ഷേ, അവര്‍ ശഹീദായില്ല. അദ്ദേഹം മദീനയിലേക്കു മടങ്ങി. യമാമയില്‍ സ്വ ന്തം കയ്യിനെയും തന്റെ പിതാവിനെയും തനിച്ചാക്കിക്കൊണ്ട്.
കാലം കറങ്ങി കൊണ്ടിരുന്നു.
മഹാനായ ഉമറുല്‍ ഫാറൂഖ്(റ)വിന്റെ ഭരണ കാലം. ത്വുഫൈല്‍(റ)വിന്റെ മകന്‍ അംറ്(റ) ഉമര്‍(റ)വിന്റെ സദസിലേക്കു കടന്നു വരുന്നു. അന്നേരം ഉമര്‍(റ)വിനു ഭക്ഷണം കൊണ്ടു വന്നു. അവര്‍ അടുത്തുള്ളവരെയെല്ലാം ക്ഷണിച്ചു. എല്ലാവരും സദ്യക്കിരുന്നു. പക്ഷേ, അംറ്(റ)മാത്രം മാറി നിന്നു. ഉമര്‍(റ) ചോദിച്ചു: “അംറ്, താങ്കള്‍ക്കെന്തുപറ്റി, നിങ്ങള്‍ ഭക്ഷണത്തിന് ഇരിക്കാത്തത് മുറിഞ്ഞ കൈയ്യില്‍ ലജ്ജിച്ചതിനാലായിരിക്കു മല്ലേ”. അംറ്(റ) : “അതെ, അമീറുല്‍മുഅ്മിനീന്‍”.
ഉമര്‍(റ): “അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുറിഞ്ഞ കൈ ഈ ഭക്ഷണത്തിലിട്ട് ഇള ക്കിയാലല്ലാതെ ഞാനത് രുചിക്കുക പോലുമില്ല. അല്ലാഹുവാണെ, ജീവിച്ചിരിക്കുന്ന വരില്‍ ഒരു ഭാഗം സ്വര്‍ഗത്തിലെത്തിയവര്‍ ഈ സദസ്സില്‍ നിങ്ങള്‍ മാത്രമെ ഉള്ളൂ”.
ശഹീദാകണമെന്നുള്ള അടക്കാനാവാത്ത ആഗ്രഹം അംറ്(റ)വിനെ അലട്ടികൊണ്ടിരു ന്നു. തന്റെ പിതാവിന്റെ വിയോഗം മുതല്‍ ആ മോഹം പൂര്‍വ്വോപരി ശക്തി പ്രാപിച്ചിരി ക്കൂകയാണ്. ആ സമയത്താണ് റോമക്കാരുമായുള്ള യര്‍മൂക് യുദ്ധം വരുന്നത്. രക്ത സാക്ഷിത്വ മോഹവുമായി അംറ് നേരത്തെത്തന്നെ ഒരുങ്ങിയിറങ്ങി. യുദ്ധം ആരംഭിച്ചു. അദ്ദേഹം ഘോര ഘോരം യുദ്ധം ചെയ്തു അവസാനം തന്റെ ചിരകാലാഭിലാശമാ യിരുന്ന രക്തസാക്ഷിത്വ പദവി ഏറ്റുവാങ്ങി. അംറുബ്നുത്വുഫൈല്‍ ആനന്ദ സാഗരത്തി ലാറാടി.
അല്ലാഹു മഹാനായ തുഫൈല്‍(റ)വിനെ അനുഗ്രഹിക്കട്ടെ. ആമീന്‍.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സുമാമത്തു ബ്നു ഉസാല്‍ (റ)
💐💐💐💐💐💐💐💐💐💐💐

ഹിജ്റയുടെ 6‏-ാം വര്‍ഷം. ഇസ്ലാമിന്റെ പ്രബോധന ചക്രവാളം വികസിപ്പിക്കാന്‍ മഹാനായ മുഹമ്മദ് മുസ്ഥഫാ(സ്വ)തീരുമാനിച്ചു. ലക്ഷ്യപൂര്‍ത്തീകരണത്തിനായി അറബികളും അല്ലാത്തവരുമായ രാജാക്കന്മാര്‍ക്കായി അവര്‍ എട്ട് കത്തുകളെഴുതി. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകളുമായി ദൂതന്മാര്‍ വിവിധ ദിക്കുകളിലേക്ക് യാത്രയായി.
നബി (സ്വ) കത്തെഴുതിയവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു സുമാമത്തുബ്നു ഉസാല്‍ അല്‍ഹനഫി (റ). ജാഹിലിയ്യത്തില്‍ അറേബ്യന്‍ നേതൃ നിരയിലെ ഉന്നതസ്ഥാനീയനായിരുന്നു സുമാമഃ. ബനൂഹനീഫഃ ഗോത്രത്തിലെ അനിഷേധ്യനായ നേതാവ്… എതിരായി ചെറുവിരല്‍ അനക്കാന്‍ ആരും ധൈര്യപ്പെടാത്ത യമാമഃ രാജ്യത്തിന്റെ അധിപന്‍…!
സര്‍വ്വത്ര അവജ്ഞയോടെയുമാണ് സുമാമഃ നബി(സ്വ)യുടെ കത്തിനെ എതിരേറ്റത്… മിഥ്യാഭിമാനം അയാളെ ധിക്കാരിയാക്കി മാറ്റിയിരുന്നു…അതിനാല്‍ സത്യ സന്ദേശത്തിന് നേരെ അയാള്‍ പിന്തിരിഞ്ഞു നിന്നു. അത്കൊണ്ടും മതിയാക്കാതെ, പ്രവാചക തിരുമേനിയെ വധിക്കാനും അവരുടെ സന്ദേശം കുഴിച്ചുമൂടാനും അയാള്‍ തീര്‍ച്ചപ്പെടുത്തി.
നബി (സ്വ) യെ അപായപ്പെടുത്താന്‍ അയാള്‍ തക്കം പാര്‍ത്ത് നടന്നു…യാദൃ‏ശ്ചികമായ ഒരു നിമിഷം…! ആ കൊടും ചതി നടക്കേണ്ടതായിരുന്നു…അവസാന നിമിഷം തന്റെ പിതൃ സഹോദരന്‍ മുഖേന സുമാമയെ പിന്തിരിപ്പിച്ചു കൊണ്ട് നബി(സ്വ)യെ അല്ലാഹു രക്ഷപ്പെടുത്തി.
എന്നാല്‍… നബി(സ്വ)ക്ക് നേരെയുള്ള അക്രമണം തല്‍ക്കാലം നിര്‍ത്തിവെച്ചെങ്കിലും സ്വഹാബത്തിനെ അതിക്രൂരമാം വിധം സുമാമഃ വേട്ടയാടിക്കൊണ്ടിരുന്നു…അനുകൂല സന്ദര്‍ഭങ്ങളെല്ലാം അയാള്‍ ഉപയോഗപ്പെടുത്തി. കുറെയേറെ സ്വഹാബികളെ നിഷ്കരുണം കൊന്നു കളഞ്ഞു. മുസ്ലിംകള്‍ അക്രമങ്ങള്‍ കൊണ്ട് പൊറുതി മുട്ടി…അവസാനം സുമാമഃയെ കണ്ടാല്‍ കൊന്നുകളയാന്‍ നബി(സ്വ) പരസ്യമായി ഉത്തരവിട്ടു.
അധികം കഴിഞ്ഞില്ല….സുമാമഃ ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് യാത്രയായി. ക അ്ബ പ്രദക്ഷിണം ചെയ്യുകയും ബിംബങ്ങളുടെ പ്രീതിക്കായി ബലി നടത്തുകയുമാണ് ഉദ്ദേശ്യം. യാത്രക്കിടയില്‍ മദീനയെ സമീപിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുമാമഃ സ്വ പ്നേപ്പി വിചാരിക്കാത്ത ആ സംഭവമുണ്ടായത്.
നബി (സ്വ) അയച്ച ഒരു രഹസ്യാന്വേഷണ സംഘം മദീനാ തെരുവീഥികളിലൂടെ റോന്തുചുറ്റുകയാണ്…ശത്രുക്കളേതെങ്കിലും മദീനയെ ഉന്നം വെക്കുന്നുണ്ടോ എന്നറിയാന്‍… അവര്‍ സുമാമഃയെ ബന്ദിയാക്കി…പക്ഷേ, അയാള്‍ ആരെന്നവര്‍ക്കറിയില്ലായിരുന്നു. മ ദീനാ പള്ളിയിലെ ഒരു തൂണില്‍ അദ്ദേഹം ബന്ദിക്കപ്പെട്ടു…നബി(സ്വ)തീരുമാനമെടുക്കണം…അതുവരെ അയാള്‍ക്ക് മോചനമില്ല. നബി(സ്വ)അതാ പള്ളിയിലേക്ക് വരുന്നു…ഒരു തൂണില്‍ ബന്ദിതനായി സുമാമഃ നില്‍ക്കുന്നത് ആ തിരുദൃഷ്ടികളില്‍ പതിഞ്ഞു. അവിടുന്ന് സ്വഹാബത്തിനോട് ചോദിച്ചു.
‘നിങ്ങള്‍ ആരെയാണ് പിടിച്ചതെന്നറിയുമോ?’ സ്വഹാബികള്‍: ‘ഇല്ല… അല്ലാഹുവിന്റെ ദൂതരെ!’ നബി(സ്വ): ‘അത് സുമാമത്തുബ്നു ഉസാല്‍ അല്‍ഹനഫീ ആണ്… അദ്ദേഹത്തോട് നല്ല സമീപനം കൈകൊള്ളുക…!’
നബി(സ്വ) അവിടുത്തെ വീട്ടുകാരോട് പറഞ്ഞു: ‘ഇവിടെയുള്ള ഭക്ഷണ സാധനങ്ങളെല്ലാമെടുത്ത് സുമാമഃയുടെ അടുക്കലേക്ക് അയക്കുക’.
ഒട്ടകത്തെ കറന്ന് രാവിലെയും വൈകുന്നേരവും സുമാമഃക്ക് നല്‍കാനും നബി (സ്വ) കല്‍പിച്ചു…സുമാമമഃയുമായി നേരിട്ട് സന്ധിക്കുന്നതിന് മുമ്പായിരുന്നു ഇതെല്ലാം നബി (സ്വ) ചെയ്തത്. പിന്നീട് നബി(സ്വ)സുമാമഃയുടെ അടുത്ത് വരികയും അയാളുടെ മനസ്സില്‍ ഇസ്ലാമിനോട് അനുഭാവം ഉളവാക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെ യ്തു.
നബി (സ്വ) ചോദിച്ചു: ‘സുമാമഃ, എന്തുണ്ട് വിശേഷം?’
സുമാമഃ പറഞ്ഞു: ‘നല്ലത് മാത്രമേയുള്ളൂ മുഹമ്മദ്… എന്നെ നീ വധിക്കുന്നുവെങ്കില്‍ ഒരു കൊലപാതകിയേയാണു കൊല്ലുന്നതെന്നു നിങ്ങള്‍ക്കു സമാധാനിക്കാം… എ ന്നോടു ദയാപരമായി പെരുമാറിയാല്‍ ഞാനെന്നും നിന്നോട് കൃതജ്ഞതയുള്ളവനായിരിക്കും… സമ്പത്താണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ എത്ര വേണമെങ്കിലും തരാന്‍ തയ്യാറാണ്’.
നബി (സ്വ) ഒന്നും മിണ്ടാതെ തിരിച്ചു നടന്നു…ദിവസം രണ്ടു കഴിഞ്ഞു…ഭക്ഷണവും ഒട്ടകപ്പാലും ക്രമപ്രകാരം വന്നു കൊണ്ടിരുന്നു…മൂന്നാം ദിവസം തിരുനബി(സ്വ) സുമാമഃയെ സമീപിച്ചിട്ട് ചോദിച്ചു. ‘എന്തുണ്ട് സുമാമഃ വിശേഷം’
സുമാമ‏ഃ പറഞ്ഞു: ‘ഞാന്‍ പറഞ്ഞല്ലോ… വധിക്കുന്നുവെങ്കില്‍ ഞാനത് അര്‍ഹിക്കുന്നത് തന്നെയാണ്…മറിച്ച് എന്നോട് നല്ല സമീപനമാണെങ്കില്‍ ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും…സമ്പത്തിനാണോ…എത്രയും നല്‍കാം…’
നബി(സ്വ) അന്നും തിരിച്ചു പോയി…പിറ്റെ ദിവസം നബി(സ്വ)വീണ്ടും ചെന്നു. എന്നിട്ട് ചോദിച്ചു. ‘എന്ത് പറയുന്നു സുമാമഃ’
‘ഞാന്‍ മുമ്പ് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്’. സുമാമഃ പറഞ്ഞു. ‘എന്നെ വധിക്കുന്നുവെങ്കില്‍ ഒരു കൊലയാളിയെ വധിക്കുന്നു എന്ന് കരുതാം… നല്ല പെരുമാറ്റത്തിന് ഞാനൊരിക്കലും കൃതഘ്നത കാണിക്കില്ല…!’
പിന്നീട് നബി (സ്വ) സഹാബത്തിനോട് പറഞ്ഞു: സുമാമഃയെ അഴിച്ചു വിടൂ…!’
അവര്‍ അദ്ദേഹത്തെ അഴിച്ചു വിട്ടു.
സുമാമഃ മസ്ജിദുന്നബവിയില്‍ നിന്ന് ഇറങ്ങി നടന്നു…അങ്ങ് ദൂരെ ഒരു ഈത്തപ്പനത്തോട്ടം…ജന്നത്തുല്‍ ബഖീഇന്നടുത്താണത്… ഈന്തപ്പനകള്‍ക്കിടയിലൂടെ ഒരു കൊച്ചരുവി ഒഴുകിക്കൊണ്ടിരിക്കുന്നു… സുമാമഃ തന്റെ ഒട്ടകത്തെ അവിടെ മുട്ടുകുത്തിച്ചു… അരുവിയില്‍ നിന്ന് നന്നായി കുളിച്ചു… ശേഷം തിരുസമക്ഷത്തിലേക്ക് തന്നെ തിരിച്ചു നടന്നു. പള്ളിയിലെത്തേണ്ട താമസം, അവിടെ കൂടിയിരിക്കുന്ന മുഅ്മിനുകളോട് അദ്ദേഹം പറഞ്ഞു:
‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്…’
ശേഷം നബി(സ്വ)യുടെ അടുക്കലേക്ക് ചെന്ന് പറഞ്ഞു: ‘മുഹമ്മദ്… ഭൂമുഖത്ത് നിങ്ങളേക്കാള്‍ ഞാന്‍ വെറുത്തിരുന്ന ഒരു സൃഷ്ടിയുമുണ്ടായിരുന്നില്ല… എന്നാല്‍ ലോകത്തുള്ള മുഴുവന്‍ മുഖങ്ങളേക്കാളും ഞാനിന്നിഷ്ടപ്പെടുന്നത് ഈ തേജസുറ്റ വദനമാണ്… അല്ലാഹുവാണ് സത്യം….! നിങ്ങളുടെ മതം പോലെ ഞാന്‍ വെറുത്തിരുന്ന ഒരു മതവും ഭൂമിയിലുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മതമായിത്തീര്‍ന്നിരിക്കുന്നു ഇത്….
അല്ലാഹുവാണ് സത്യം…. ഈ രാജ്യത്തോട് എനിക്ക് വെറുപ്പായിരുന്നു… എന്നാലിന്ന് ഞാന്‍ സ്നേഹിക്കുന്ന ഒരേയൊരു സ്ഥലമാണ് ഈ പുണ്യഭൂമി…. ഇനി പറയൂ നബിയെ…! അവിടുത്തെ അനുചരരില്‍ പലരെയും ഞാന്‍ കൊന്നിട്ടുണ്ട്. ഞാനെന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്…?’
നബി(സ്വ)യുടെ പ്രത്യുത്തരം അദ്ദേഹത്തെ കുളിരണിയിച്ചു. ‘നിങ്ങളെ കുറിച്ച് എനിക്ക് ഒരാക്ഷേപവും ഇല്ല സുമാമഃ…! കാരണം ഇസ്ലാം അതിന്റെ മുമ്പ് ചെയ്ത സര്‍വ്വ തെറ്റുകളും മുറിച്ചുകളയുന്ന ആയുധമാണ’.
ഇസ്ലാം ആശ്ളേഷിക്കുക വഴി അദ്ദേഹത്തിന് കൈവന്ന സൌഭാഗ്യം നബി(സ്വ) പ്ര ത്യേകം ഉണര്‍ത്തി…സുമാമഃയുടെ ഹൃദയം പുളകമണിഞ്ഞു. ശരീരത്തിന് രോമാഞ്ചമുണ്ടായി… അദ്ദേഹം പറഞ്ഞു:
‘അല്ലാഹുവാണ് സത്യം..! തങ്ങളുടെ അനുചരന്മാര്‍ക്ക് വരുത്തിവെച്ച കഷ്ടനഷ്ടങ്ങളേക്കാള്‍ പതിന്‍ മടങ്ങ് നഷ്ടം ഞാന്‍ കാഫിറുകള്‍ക്ക് വരുത്തിവെക്കും. ശരീരവും കരവാളും അനുചരന്മാരെയും അങ്ങയെയും ഇസ്ലാമിനേയും സഹായിക്കാനായി ഞാന്‍ ഉഴിഞ്ഞു വെക്കും’.
സുമാമഃ തുടര്‍ന്നു: ‘നബിയേ.. തങ്ങളുടെ അശ്വഭടന്മാര്‍ എന്നെ ബന്ധസ്ഥനാക്കിയത് ഉംറക്കായുള്ള യാത്രാമദ്ധ്യേയായിരുന്നു… അതുകൊണ്ട് ഞാനെന്തു ചെയ്യണം…’
നബി(സ്വ)പറഞ്ഞു. ‘നിങ്ങള്‍ ഉംറ നിര്‍വ്വഹിച്ചോളൂ…! പക്ഷേ…., അല്ലാഹുവും റസൂലും നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ മാത്രം’. ഉംറ ചെയ്യുന്ന രൂപങ്ങളെല്ലാം നബി(സ്വ)സുമാമക്ക് പഠിപ്പിച്ചു കൊടുത്തു.
സുമാമഃ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്. മക്കയില്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തി ന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങി. ‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്… ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്…’
തല്‍ബിയ്യത്ത് ചൊല്ലി മക്കയില്‍ പ്രവേശിച്ച ആദ്യത്തെ മുസ്ലിം എന്ന സ്ഥാനത്തിന് സുമാമഃ അര്‍ഹനായി.
തല്‍ബിയ്യത്തിന്റെ മന്ത്ര മധുരമായ ശബ്ദ വീചികള്‍ ഖുറൈശികളുടെ കര്‍ണ്ണ പുടങ്ങളില്‍ പ്രതിധ്വനിച്ചതേയുള്ളൂ, അവര്‍ പിടഞ്ഞെണീറ്റു… വലിച്ചെടുത്ത വാളുകള്‍ വായുവില്‍ തിളങ്ങി. ശബ്ദം കേട്ട ദിക്കിലേക്ക് സ്വയം നിയന്ത്രിക്കാനാവാതെ അവര്‍ ഓടി. ധീര കേസരികളുടെ സങ്കേതത്തില്‍ വലിഞ്ഞു കേറി വന്നവനെ തകര്‍ത്തു കളയണം.. അരിശം പൂണ്ട ഒരു ഖുറൈശി യുവാവ് വില്ല് കുലപ്പിച്ചു പിടിച്ചു… സുമാമഃയെ അമ്പെ യ്ത് വീഴ്ത്താനാണ് പുറപ്പാട്…കൂടെയുണ്ടായിരുന്നവര്‍ അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു:
‘നാശം, അതാരാണെന്നറിയാമോ..?! അദ്ദേഹം യമാമഃയുടെ നായകന്‍ സുമാമത്തുബ്നു ഉസാല്‍ ആണ്…നിങ്ങള്‍ അയാളെ ദ്രോഹിച്ചാല്‍ നമുക്കുള്ള ഭക്ഷണയിറക്കുമതി അദ്ദേഹം നിര്‍ത്തിക്കളഞ്ഞേക്കും… നാം പട്ടിണി കിടന്ന് മരിക്കേണ്ടിവരും…!’
ശേഷം തങ്ങളുടെ ഗഠ്ഖങ്ങളെല്ലാം ഉറയില്‍ നിക്ഷേപിച്ച് സുമാമഃയെ സമീപിച്ചുകൊണ്ട് അവര്‍ ചോദിച്ചു.
‘നിങ്ങള്‍ക്കെന്തുപറ്റി സുമാമഃ…നിങ്ങള്‍ മതപരിത്യാഗിയായോ…? നിങ്ങളുടെയും പൂര്‍വ്വീകരുടെയും വിശ്വാസപ്രമാണങ്ങള്‍ പാടെ അവഗണിച്ചു കളഞ്ഞുവോ….?!’
സുമാമഃ പറഞ്ഞു. ‘ഞാന്‍ നിര്‍മതനായതല്ല…മറിച്ച് ഏറ്റവും ഉന്നതമായ ഒരു മതത്തില്‍ അംഗമായതാണ്… ഞാന്‍ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നിരിക്കുന്നു… കഅ്ബയുടെ രക്ഷിതാവാണ് സത്യം..! ഇപ്പോള്‍ ഞാന്‍ യമാമഃയിലേക്ക് തിരിച്ചു പോവുന്നു. നിങ്ങളെ ല്ലാവരും മുഹമ്മദിന്റെ മതത്തില്‍ അംഗമായെന്ന വിവരം കിട്ടുമ്പോഴല്ലാതെ ഒരുമണി ഗോതമ്പ് യമാമഃയില്‍ നിന്ന് മക്കയിലേക്ക് ഞാന്‍ അയക്കുന്നതല്ല’.
ഖുറൈശികള്‍ നോക്കിനില്‍ക്കെ സുമാമഃ(റ) ഉംറ നിര്‍വ്വഹിച്ചു. നബി(സ്വ)പഠിപ്പിച്ച പ്രകാരമുള്ള ഉംറഃ. ഠശഷം അല്ലാഹുവിന്റെ പ്രീതിക്കായി ബലിനല്‍കി. ബിംബങ്ങള്‍ ക്കും ദൈവകോലങ്ങള്‍ക്കും അദ്ദേഹം ഒന്നും സമര്‍പ്പിച്ചില്ല…
സുമാമഃ യമാമഃയില്‍ തിരിച്ചെത്തി….മക്കയിലേക്ക് ഭക്ഷണസാധനങ്ങള്‍ ഒന്നും അയച്ചുപോകരുത്….! അദ്ദേഹം ആജ്ഞാപിച്ചു ആ കല്‍പന അക്ഷരം പ്രതി നടപ്പിലാക്കപ്പെട്ടു.
മക്കയില്‍ ഭക്ഷ്യോപരോധം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവന്നു. കടകമ്പോളങ്ങളില്‍ മാ ന്ദ്യം കണ്ടുതുടങ്ങിയിരിക്കുന്നു…വിലനിലവാരം കുത്തനെ ഉയര്‍ന്നു…ജനങ്ങളാകമാനം വിശപ്പിന്റെ നീരാളിപ്പിടുത്തത്തില്‍പെട്ടു… ഖുറൈശികളുടെ നില അത്യന്തം ഗുരുതരമായി… വിശന്നു മരിക്കുമെന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്‍.
ഖുറൈശികള്‍ അടിയന്തിരമായി നബി(സ്വ)ക്കെഴുതി:
‘നിന്നെക്കുറിച്ച് നാളിതുവരെയുണ്ടായിരുന്ന ധാരണ കുടുംബ ബന്ധം പുലര്‍ത്തുകയും അതിനായി ഉപദേശിക്കുകയും ചെയ്യുന്നവനാണ് നീയെന്നായിരുന്നു. പക്ഷേ, ഇപ്പോള്‍ നീ കുടുംബം ശിഥിലമാക്കുകയും മുതിര്‍ന്നവരെ വാളിനിരയാക്കുകയും പിഞ്ചുമക്കളെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്നു. സുമാമത്തുബ്നുഉസാല്‍ ഭക്ഷ്യോപരോധം വഴി ഞങ്ങളെ അത്യധികം വിഷമിപ്പിച്ചിരിക്കുന്നു… നിനക്കു താല്‍പര്യമുണ്ടെങ്കില്‍ ഭക്ഷണം വിട്ടു തരാന്‍ സുമാമഃത്തിന് എഴുതുക’.
തന്മൂലം ഉപരോധം പിന്‍വലിക്കാനായി നബി(സ്വ) സുമാമഃത്തിനെഴുതി…. അദ്ദേഹം ആ കല്പന ശിരസാവഹിച്ചു.
സുമാമത്തുബ്നുഉസാല്‍(റ) ജീവിതകാലം മുഴുവന്‍ തന്റെ ദീനിനോടു തികഞ്ഞ വിധേയത്വം പുലര്‍ത്തി. നബി(സ്വ)യോടുള്ള കരാര്‍ പൂര്‍ണ്ണമായും കാത്തു സൂക്ഷിച്ചു…
നബി(സ്വ) വഫാത്തായി… അറബി ഗോത്രങ്ങള്‍ വന്നപോലെ തന്നെ ഒറ്റയായും കൂട്ടമായും മതത്തിനു പുറത്തും പോയിക്കൊണ്ടിരുന്നു….ബനൂഹനീഫ: ഗോത്രക്കാരന്‍ മു സൈലിമ: കള്ളപ്രവാചകനായി രംഗപ്രവേശം ചെയ്ത സമയം…തന്റെ കീഴില്‍ അണി നിരക്കാന്‍ മതപരിത്യാഗികളെ നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണവന്‍…
ബനൂഹനീഫ: ഗോത്രക്കാരന്‍ തന്നെയായ സുമാമഃ ഈ വിനാശരംഗത്ത് ചങ്കൂറ്റത്തോടെ ഉറച്ചുനിന്നു. അദ്ദേഹം തന്റെ ജനതയോടു പറഞ്ഞു:
‘ഹേ..ജനങ്ങളേ…! പ്രകാശത്തിന്റെ തരിപോലുമില്ലാത്ത അന്ധകാരനിബിഢമായ ഈ പുതിയ പ്രസ്ഥാനത്തെ സൂക്ഷിച്ചുകൊള്ളുക… അത് മുസൈലിമയെ അനുസരിച്ചവര്‍ക്ക് നാശവും അല്ലാത്തവര്‍ക്ക് കടുത്ത പരീക്ഷണവുമാണ്…. ബനൂഹനീഫ: ഗോത്രമേ… ഒരേസമയത്ത് രണ്ട് പ്രവാചകന്മാര്‍ വരില്ല. മുഹമ്മദ്നബി(സ്വ) അല്ലാഹുവിന്റെ ദൂതരാണ്…അവരുടെ പ്രവാചകത്വം മറ്റൊരാള്‍ പങ്കിട്ടെടുക്കുകയോ അവരുടെ ശേഷം പുതിയൊരു പ്രവാചകന്‍ വരികയോ ഇല്ല’.
ശേഷം സുമാമഃ ഒരു ഖുര്‍ആന്‍ സൂക്തം ഓതിക്കേള്‍പ്പിച്ചു. ‘നബിയേ, സര്‍വ്വഞ്ജനും സര്‍വ്വാഭിമാനിയുമായ അല്ലാഹുവാണ് ഖുര്‍ആന്‍ ഇറക്കിയത്…തെറ്റുകള്‍ ക്ഷമിക്കുകയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നവനാണവന്‍. അവന്റെ ശിക്ഷ താ ങ്ങാന്‍ കഴിയാത്തതാണ്…പരദൈവങ്ങള്‍ ഇല്ല. എല്ലാം അവനിലേക്കു മടക്കപ്പെടുന്നു.’
തുടര്‍ന്ന് ഖുര്‍ആനിന്നു എതിരായി രചിക്കപ്പെട്ട ഒരു ഗദ്യശകലം മുസൈലിമഃ ഉദ്ധരിച്ചു.
‘അല്ലയോ തവളേ…! നീ വേണ്ടുവോളം വൃത്തിയായിക്കൊള്ളുക… നീ കുടിവെള്ളം മുടക്കുന്നില്ല…വെള്ളം കലക്കുന്നില്ല…!’
അതിന് ശേഷം ഖുര്‍ആനികസൂക്തത്തിന്റെ സൌന്ദര്യവും അര്‍ഥഗാംഭീര്യവും മുസൈലിമഃയുടെ വാക്കിന്റെ ആശയപാപ്പരത്തവും സുമാമഃ(റ)തന്റെ ജനതയെ ബോധ്യപ്പെടുത്തി… ജനതയില്‍ നിന്ന് ഇസ്ലാമില്‍ ഉറച്ചു നിന്നവരെയും കൂട്ടി സുമാമഃ(റ)മുര്‍തദ്ദുകള്‍ക്കെതിരെ ധീരധീരം യുദ്ധം നടത്തി.
ഇസ്ലാമിനും മുസ്ലിംകള്‍ക്കും നല്‍കിയ സേവനത്തിന് അര്‍ഹമായ പ്രതിഫലം അ ല്ലാഹു സുമാമഃ(റ)ക്ക് നല്‍കട്ടെ. മുഅ്മിനുകള്‍ക്ക് വാഗ്ദത്തം ചെയ്ത സ്വര്‍ഗപ്രവേശം നല്‍കി അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ആമീന്‍.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സല്‍മാനുല്‍ ഫാരിസി (റ)
💐💐💐💐💐💐💐💐💐

“സല്‍മാന്‍ എന്റെ കുടുംബാംഗം പോലെയാണ്.” നബി (സ്വ).
സത്യം തേടി തീര്‍ഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊണ്ടുള്ള യാത്ര സല്‍മാന്‍ തന്നെ പറഞ്ഞു തുടങ്ങുന്നു:
‘ഞാന്‍ ഇസ്ഫഹാന്‍കാരനായ ഒരു പേര്‍ഷ്യന്‍ യുവാവായിരുന്നു. എന്റെ ഗ്രാമത്തിന് ജയ്യാന്‍ എന്നു പേര്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. മഹാസമ്പന്നന്‍, അത്യുന്നതന്‍…ഞാന്‍ ജനിച്ചത് മുതല്‍ സര്‍വ്വരേക്കാളും അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടുപോന്നു. ദിവസം ചെല്ലുന്തോറും എന്നോടുള്ള വാല്‍സല്യം കൂടിക്കൂടി വന്നു. അത് എന്നെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതി വരെയെത്തി… യുവതികളെ കാത്തുസൂക്ഷിക്കും പോലെ എന്നെയും പുറത്തു വിടാതെ സംരക്ഷിക്കുകയാണ്.
ഞാന്‍ അഗ്നിയാരാധകരുടെ മതത്തില്‍ പ്രാവീണ്യം നേടി. ഞങ്ങളുടെ ആരാധനാമൂര്‍ത്തിയായ അഗ്നിദേവന്റെ വിശ്വസ്ത പരിചാരകനായി നിയമിക്കപ്പെട്ടു. അവിടുത്തെ തീ നാളം രാപകല്‍ കെട്ടുപോകാതെ സംരക്ഷിക്കേണ്ട ചുമതല പൂര്‍ണ്ണമായും എനിക്കാണ്. എന്റെ പിതാവിന് കനത്ത വരുമാനം നേടിത്തരുന്ന ഒരു വലിയ ഭുസ്വത്തുണ്ടായിരുന്നു. അതിന്റെ കാര്യങ്ങള്‍ ക്കെല്ലാം അദ്ദേഹം തന്നെയായിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്.
ഒരു ദിവസം., എന്റെ പിതാവിന് പോയിനോക്കാന്‍ സാധിക്കാത്തവിധം ജോലിത്തിരക്കുണ്ടയി. എന്നെ വിളിച്ചിട്ട് പിതാവ് പറഞ്ഞു: ‘മകനേ, ഇന്ന് തോട്ടത്തില്‍ പോകാന്‍ പറ്റാത്ത തിരക്കാണല്ലോ എനിക്ക്. അത്കൊണ്ട് എനിക്ക് പകരമായി ആ കൃത്യം നീ നിര്‍വ്വഹിക്കണം…’
ഞാന്‍ പുറപ്പെട്ടു… വഴിയില്‍ ഒരു കൃസ്ത്യന്‍ ചര്‍ച്ച് എന്റെ കാഴ്ചയില്‍പെട്ടു. അതില്‍ നിന്ന് പ്രാര്‍ഥനാസ്വരങ്ങള്‍ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. അത് എന്റെ ശ്രദ്ധയാകര്‍ഷിച്ചു.
കൃസ്ത്യാനികളെ കുറിച്ചോ ഇതര മതവിശ്വാസികളെ കുറിച്ചോ എനിക്കറിവുണ്ടായിരുന്നില്ല. നീണ്ടകാലം ജനസമ്പര്‍ക്കമില്ലാതെ വീട്ടുതടങ്കലിലായിരുന്നല്ലോ ഞാന്‍… ഞാന്‍ ചര്‍ച്ചിനുള്ളില്‍ പ്രവേശിച്ചു. അവരുടെ കര്‍മ്മങ്ങള്‍ നേരില്‍ കാണുകയാണ് ലക്ഷ്യം.
ഞാന്‍ എല്ലാം സാകൂതം വീക്ഷിച്ചു. അവരുടെ പ്രാര്‍ഥന എന്നെ ഹഠാദാകര്‍ഷിച്ചു. എനിക്ക് കൃസ്തുമതത്തോട് കടുത്ത ആഭിമുഖ്യം തോന്നി. ഞാന്‍ ചിന്തിച്ചു. ‘ദൈവമാണ് സത്യം… ഞങ്ങളുടെ വിശ്വാസാചാരങ്ങളെക്കാള്‍ ഉത്തമമാണിത്.’
പിതാവിന്റെ സ്വത്ത് നോക്കാന്‍ പോകാതെ സൂര്യാസ്തമയം വരെ ഞാനവിടെ തന്നെ ചെലവഴിച്ചു. ഞാനവരോട് ചോദിച്ചു: ‘നിങ്ങളുടെ മതത്തിന്റെ അടിസ്ഥാനം എന്താണ്…? നിങ്ങളില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കാനും പ്രാര്‍ഥനയില്‍ പങ്ക് കൊള്ളാ നും എനിക്ക് താല്‍പര്യമുണ്ട്…’
അദ്ദേഹം സമ്മതിച്ചു. ഞാനവിടെ സേവകനായി. എന്നാല്‍ അധികം കഴിയും മുമ്പ് എനിക്ക് പിടികിട്ടി, അയാള്‍ കള്ളസന്യാസിയാണെന്ന്. കാരണം ജനങ്ങളോട് ദാനധര്‍മ്മങ്ങളുടെ ഗുണഗണങ്ങള്‍ പ്രസംഗിക്കുകയും അവരുടെ ദൈവമാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്ന കാശ് സ്വന്തം കീശയിലാക്കുകയും ചെയ്യുന്നയാളായിരുന്നു അയാള്‍. സാധുക്കള്‍ക്ക് നല്‍കേണ്ട ഈ സ്വത്ത് കൊണ്ട് അയാള്‍ സമ്പന്നനായി. ഏഴ് വലിയ പാത്രങ്ങള്‍ നിറയെ സ്വര്‍ണ്ണം അയാള്‍ സ്വരൂപിച്ചു.
ഞാന്‍ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അധികം കഴിയും മുമ്പ് അയാള്‍ മരിച്ചു. കൃസ്തീയരെല്ലാം ശവസംസ്കാരത്തിനായി എത്തിച്ചേര്‍ന്നു. ആ സമയം ഞാനവരോട് പറഞ്ഞു:
‘ഈ മനുഷ്യന്‍ വാസ്തവത്തില്‍ മഹാമോശക്കാരനായിരുന്നു. ജനങ്ങളോട് ദാനധര്‍മ്മങ്ങളെക്കുറിച്ച് അയാള്‍ വാതോരാതെ ഉപദേശിക്കും. അത് കേട്ട് നിങ്ങള്‍ നല്‍കുന്ന സം ഭാവനകള്‍ അയാള്‍ സ്വന്തം സ്വത്താക്കി വെക്കുകയും ചെയ്യും. സാധുക്കള്‍ക്ക് ഒരു ചില്ലിക്കാശ് പോലും അയാള്‍ കൊടുത്തിട്ടില്ല.’ ആളുകള്‍ ചോദിച്ചു: ‘അത് നീ എങ്ങനെയറിഞ്ഞു?!’ ‘അയാളുടെ സമ്പത്ത് ഞാന്‍ കാണിച്ചു തരാം’
ഞാന്‍ സ്ഥലം കാണിച്ചു കൊടുത്തു. വെള്ളിയും സ്വര്‍ണ്ണവും നിറച്ച ഏഴ് വന്‍പാത്രങ്ങള്‍ കിട്ടി. അവര്‍ ആക്രോശിച്ചു.
‘ഇയാളെ സംസ്കരിക്കുന്ന പ്രശ്നമേയില്ല…!’
അവര്‍ ശവം കുരിശില്‍ കെട്ടി കല്ലെറിഞ്ഞ് ചിന്നഭിന്നമാക്കി. അയാളുടെ സ്ഥാനത്ത് മ റ്റൊരു പുരോഹിതന്‍ ഉടന്‍ തന്നെ അവരോധിതനായി. അദ്ദേഹം മഹാനായ ഒരു പ്രപഞ്ചത്യാഗിയും പാരത്രികചിന്തയില്‍ മുഴുകിയ ആളുമായിരുന്നു. രാപകല്‍ ഭേദമന്യേ അദ്ദേ ഹം ആരാധനയില്‍ തന്നെ.
ഞാന്‍ അയാളെ അത്യധികം സ്നേഹിച്ചു. നീണ്ടകാലം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വസിച്ചു… അവസാനം, മരണവക്രത്തിലെത്തിയ സമയം ഞാനദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങളുടെ കാലശേഷം ഞാനാരെയാണ് അനുകരിക്കേണ്ടത്.’
അദ്ദേഹം പറഞ്ഞു: ‘കുഞ്ഞേ…എന്റെ ജീവിതരീതിയില്‍ തന്നെ ജീവിക്കുന്ന ഒരാളെ മാ ത്രമേ ഞാന്‍ അിറയൂ. മൌസ്വില്‍ എന്ന സ്ഥലത്താണയാളുടെ വാസം. വേദഗ്രന്ഥമായ ബൈബിളിലെ സന്ദേശങ്ങളൊന്നും മാറ്റിത്തിരുത്താതെ ജീവിതത്തില്‍ പകര്‍ത്തുന്നയാളാണവര്‍. അത്കൊണ്ട് നീ അങ്ങോട്ട് പൊയ്ക്കൊള്ളുക…!’
പിന്നീട് ഞാന്‍ മൌസ്വില്‍ നാട്ടിലേക്ക് യാത്രയായി. നിര്‍ദ്ദിഷ്ട വ്യക്തിയുമായി സന്ധിച്ചു. അവിടെ വരാനുണ്ടായ എല്ലാ കാരണങ്ങളും കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ ഇവിടെ താമസിക്കുക.’ ഞാന്‍ അവിടുത്തെ അന്തേവാസിയായി…അവരുടെ ജീവിതരീതി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
അധികം കഴിയും മുമ്പ് തന്നെ അലംഘനീയമായ മരണം അയാളെ തേടിയെത്തി. തത്സമയം ഞാന്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ വിധിയിതാ എത്തിയിരിക്കുകയാണല്ലോ… എന്റെ അവസ്ഥകളെല്ലാം നിങ്ങള്‍ക്കറിയുകയും ചെയ്യാം. ഇനി ഞാന്‍ ആരുമായാണ് ബന്ധപ്പെടേണ്ടതെന്ന് പറഞ്ഞുതന്നാലും…’
അദ്ദേഹം പറഞ്ഞു: ‘മകനേ…! നാം ജീവിച്ചപോലെ ജീവിതം നയിച്ച ഒരാള്‍ ‘നസ്സീബീന്‍’ എന്ന സ്ഥലത്തുണ്ട്. നീയങ്ങോട്ട് പൊയ്ക്കൊള്ളുക…’
അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഞാന്‍ ആ സാത്വികനെ തേടി പുറപ്പെട്ടു. അവരുമായി സന്ധിച്ച ശേഷം ഞാന്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകൊടുത്തു. എന്നോട് എന്റെ ഗുരു കല്‍പിച്ചതും അവരെ ധരിപ്പിച്ചു. അദ്ദേഹം അവിടെ താമസിക്കാന്‍ എന്നോട് ആവശ്യപ്പെട്ട പ്രകാരം ഞാനവിടെ താമസിച്ചു തുടങ്ങി. അദ്ദേഹവും സത്യസന്ധനായിരുന്നു. ഞാന്‍ ബന്ധപ്പെട്ട് അധികം കഴിയും മുമ്പ് അവര്‍ക്കും മരണമെത്തി. മരണാസന്നനായ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു:
‘ഞാന്‍ എന്തുദ്ദേശിച്ചാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് അങ്ങേക്കറിയാമല്ലോ…. ആ ലക്ഷ്യപ്രാപ്തിക്കായി ഇനി ഞാനാരെയാണ് സമീപിക്കേണ്ടത്….?’
അവരുടെ പ്രതികരണം. ‘കുട്ടീ.. നമ്മെപ്പോലെ ജീവിക്കുന്ന ഒരേയൊരാളെ ഇനി ഭൂമുഖത്ത് ശേഷിക്കുന്നുള്ളൂ. അദ്ദേഹം തുര്‍ക്കിയിലെ അമ്മൂരിയ്യഃയിലാണ്. അവരുമായി ബന്ധപ്പെടുക…!’ ഞാന്‍ അമ്മൂരിയ്യഃയിലേക്ക് യാത്രയായി…പുരോഹിതനെ കാണുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തു.
അദ്ദേഹം പ്രതികരിച്ചു. ‘നീ ഇവിടെ താമസിച്ചുകൊള്ളുക.’
അദ്ദേഹവും എന്റെ പൂര്‍വ്വഗുരുക്കളെപ്പോലെ തന്നെ നിഷ്കാമ കര്‍മ്മിയായിരുന്നു. അ വര്‍ എന്നെ അദ്ധ്വാനിക്കാന്‍ പരിശീലിപ്പിച്ചു. ഞാന്‍ കുറെ പശുക്കളുടെയും ഒരാട്ടിന്‍പറ്റത്തിന്റെയും ഉടമയായിത്തിര്‍ന്നു. നീണ്ട കാലത്തിന് ശേഷം അദ്ദേഹവും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കേണ്ട സമയം വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇനി ഞാനെന്തു ചെയ്യണം…?’
അദ്ദേഹം പറഞ്ഞു: ‘മകനേ… ഇനി സംശുദ്ധമായ ജീവിതം നയിക്കുന്ന ഒരാളും ഭൂമിയിലുള്ളതായി എനിക്കറിയില്ല. പക്ഷേ…,അറബികളുടെ നാട്ടില്‍ ഒരു പ്രവാചകന്‍ വരാന്‍ സമയമടുത്തിരിക്കുന്നു. ഇബ്രാഹീം നബിയുടെ മതം തന്നെയാണ് അവരുടെ മതം… പിന്നീട് അദ്ദേഹം സ്വന്തം നാടുപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് ഹിജ്റഃ പോവും. ഈന്തപ്പനകളുടെ നാടാണത്. പാറക്കൂട്ടങ്ങളുള്ള ഭൂപ്രദേശം…അവര്‍ക്കുള്ള ചില വ്യക്തമായ അടയാളങ്ങള്‍ ഞാന്‍ പറഞ്ഞുതരാം.
ഒന്ന്: അഗതികള്‍ക്ക് നല്‍കുന്ന ദാനധര്‍മ്മങ്ങള്‍, സ്വദഖഃ അദ്ദേഹം സ്വീകരിക്കുകയില്ല.
രണ്ട്: ബഹുമാനാര്‍ഥം നല്‍കുന്ന വസ്തുക്കള്‍(ഹദിയ്യഃ) സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും.
മൂന്ന്: അവരുടെ രണ്ട് ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും. നിനക്ക് ആ നാട് കണ്ടുപിടിക്കാന്‍ കഴിയുമെങ്കില്‍ പൊയ്ക്കൊള്ളുക..’ അദ്ദേഹം പറഞ്ഞു നി ര്‍ത്തി.
ആ നല്ല മനുഷ്യന്‍ മരണപ്പെട്ട ശേഷവും ഞാന്‍ അമ്മൂരിയ്യയില്‍ തന്നെ താമസിച്ചു. ആ യിടക്ക് അതുവഴി ഒരു കച്ചവട സംഘം വന്നു. കല്‍ബ് ഗോത്രക്കാരായ അറബികളായിരുന്നു അവര്‍.
ഞാന്‍ പറഞ്ഞു: ‘നിങ്ങളുടെ രാജ്യത്തേക്ക് എന്നെ കൊണ്ട് പോയാല്‍ എന്റെ പശുക്കളും ആട്ടിന്‍പറ്റവും നിങ്ങള്‍ക്ക് നല്‍കാം…’ അവര്‍ സമ്മതിച്ചു. ഞാന്‍ വാക്ക് പാലിച്ചു. എന്റെ സ്വത്തുക്കള്‍ ഞാനവര്‍ക്ക് നല്‍കി. ഞങ്ങള്‍ യാത്രയായി…
മദീനയുടെയും ശാമിന്റെയും ഇടയിലുള്ള ഒരു സ്ഥലം. വാദില്‍ഖുറാ, അവിടെ വെച്ച് അവര്‍ എന്നെ വഞ്ചിച്ച് ഒരു ജൂതന് വിറ്റു. ഞാനയാളുടെ പരിചാരകനായി കഴിഞ്ഞുകൂ ടേണ്ടി വന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്‍ സൌഹൃദ സന്ദര്‍ശനാര്‍ഥം അവിടെയെത്തി. ബനൂഖുറൈളക്കാരനായിരുന്നു അയാള്‍. അദ്ദേഹം എന്നെ വില കൊടുത്തു വാങ്ങി. ഞാനയാളുടെ കൂടെ യസ്രിബിലെത്തി.(മദീനയുടെ പഴയ പേര്‍) എന്റെ ഗുരു പറഞ്ഞുതന്നിരുന്ന ഈത്തപ്പനകളും മറ്റു വിശേഷണങ്ങളുമെല്ലാം ഞാനവിടെ കണ്ടു. സത്യപ്രവാചകനെ കാത്ത് ഞാനവിടെ താമസിച്ചു.
അതേസമയം നബി(സ്വ) മക്കയില്‍ ഇസ്ലാമിക പ്രബോധനം നടത്തുന്നുണ്ടായിരുന്നു. പക്ഷേ…, അടിമച്ചങ്ങലയില്‍ ബന്ധിതനായ ഞാനതൊന്നും അറിഞ്ഞതേയില്ല.
അധികം കഴിഞ്ഞില്ല. നബി(സ്വ) മദീനയിലേക്ക് വന്നു.
ഒരു ദിവസം.. യജമാനന്റെ ഈത്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്യുകയാണ് ഞാന്‍. യജമാനന്‍ താഴെ ഇരിക്കുന്നുണ്ട്. തത്സമയം അയാളുടെ ഒരു പിതൃവ്യപുത്രന്‍ വന്ന് പറ ഞ്ഞു:
‘കേട്ടില്ലേ… ഔസും ഖസ്റജും എല്ലാം ഖുബാഇല്‍ തമ്പടിച്ചിരിക്കുകയാണ്. അവിടെ ഒരു മക്കാ നിവാസി എത്തിയിരിക്കുന്നു. നബിയാണെന്നാണയാളുടെ വാദം, വിഢ്ഢികള്‍..!’
ആ വാക്കുകള്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍ തട്ടി പ്രകമ്പനം കൊണ്ടു. എന്റെ ശരീരത്തിനാകെ വിറയല്‍ ബാധിച്ച പോലെ….
ഈത്തപ്പനയുടെ ഉച്ചിയില്‍ നിന്ന് യജമനന്റെ തലയിലേക്ക് നിലം പതിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഒട്ടും സമയം കളയാതെ ഞാന്‍ ഒരുവിദം ചാടിയിറങ്ങി. ഞാന്‍ ആഗതനോട് ചോദിച്ചു:
‘എന്താണ് നിങ്ങള്‍ പറഞ്ഞത്…!’
എന്റെ ബദ്ധപ്പാട് കണ്ട് ദേഷ്യപ്പെട്ട യജമാനന്‍ എന്നെ ശക്തിയായി പ്രഹരിച്ചു…അയാള്‍ പറഞ്ഞു: ‘നിനക്കെന്താണടോ ഇതില്‍ കാര്യം…? പോയി നിന്റെ ജോലി ചെയ്യ്….!’
അന്ന് വൈകുന്നേരം ശേഖരിച്ചു വെച്ചിരുന്ന കാരക്കയുമെടുത്ത് ഞാന്‍ ദൈവദൂതനെയും തേടി പുറപ്പെട്ടു. നബിയെ കണ്ടു ഞാന്‍ പറഞ്ഞു:
‘നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളോട് ബന്ധപ്പെട്ട് ദരിദ്ര രായ കുറെ ആളുകളുമുണ്ടല്ലോ…. ഇത് ഞാന്‍ അഗതികള്‍ക്ക് ദാനം (സ്വദഖഃ) ചെയ്യാനായി നീക്കിവെച്ചിരുന്നതാണ്… അത് നല്‍കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ നിങ്ങളാണെന്ന് ഞാന്‍ മനസ്സലാക്കുന്നു….’ ഞാന്‍ അത് അദ്ദേഹത്തിന്റെ അടുത്തേക്ക് നീക്കിവെച്ചു കൊടുത്തു.
അദ്ദേഹം അടുത്തുള്ളവരോടായി പറഞ്ഞു: ‘കഴിച്ചോളൂ…’
അദ്ദേഹം അത് തൊട്ടതേയില്ല. അത് ശ്രദ്ധിച്ച ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. ഗുരു പറഞ്ഞിരുന്ന മൂന്ന് അടയാളങ്ങളില്‍ നിന്നൊന്ന് പുലര്‍ന്നിരിക്കുന്നു. പ്രവാചകന്‍ സ്വദഖഃ ഭക്ഷിക്കുകയില്ല.. ഞാന്‍ തിരിച്ചു നടന്നു. കുറച്ച് കൂടി ഈത്തപ്പഴം സംഘടിപ്പിക്കണം. ഇനിയും ചില കാര്യങ്ങള്‍ കൂടി തെളിയിക്കപ്പെടേണ്ടതുണ്ടല്ലോ.
ഇതിനിടെ നബി(സ്വ) ഖുബാഇല്‍ നിന്ന് മദീനയിലേക്ക് മാറിത്താമസിച്ചു. തയ്യാറാക്കി വെച്ചിരുന്ന ഈത്തപ്പഴവുമായി ഞാന്‍ അവരുടെയടുത്തേക്ക് യാത്രയായി. അവിടെ ചെന്ന് ഞാന്‍ പറഞ്ഞു.
‘അവിടുന്ന് സ്വദഖഃ ഭക്ഷിക്കില്ലെന്നറിഞ്ഞു. ഇതങ്ങയുടെ ബഹുമാനാര്‍ഥം കൊണ്ടുവന്നതാണ് സ്വീകരിച്ചാലും…!; നബിയത് സ്വീകരിക്കുകയും അനുചരരോടൊപ്പം ഭക്ഷിക്കുകയും ചെയ്തു. ഞാന്‍ ആത്മഗതം ചെയ്തു. ഇതാ രണ്ടാമത്തേത്…!!
മറ്റൊരു ദിവസം ഞാന്‍ നബിയുടെ അടുത്തു ചെന്നു. ജന്നത്തുല്‍ബഖീഇല്‍ ഒരു സ്വഹാബിയെ മറവ് ചെയ്യുന്ന ചടങ്ങിലായിരുന്നു അവര്‍. രണ്ട് ഷാളുകള്‍ കൊണ്ട് ശരീരം മറച്ചിട്ടുണ്ട്. അഭിവാദ്യം ചെയ്തശേഷം ഞാന്‍ അവരെ ഒന്നു വലം വെച്ചു. പ്രവാചകത്വമുദ്ര ചുമലിലുണ്ടോ എന്ന് നോക്കണം.
ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ ഷാള്‍ ചുമലില്‍ നിന്ന് നീക്കം ചെയ്തു. ഞാന്‍ നല്ലവ ണ്ണം നോക്കി. അപ്പോഴതാ ആ ശ്രേഷ്ടമായ ചുമലില്‍ ഖാത്തമുന്നുബുവ്വത്ത്(പ്രവാചകത്വമുദ്ര) വ്യക്തമായി കിടക്കുന്നു. ഞാന്‍ അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിതേങ്ങിക്കരഞ്ഞു കൊണ്ട് ആ മുദ്രയില്‍ ഞാന്‍ തുരുതുരെ ചുംബിച്ചു.
അവിടുന്നു ചോദിച്ചു:’എന്താ…! നിങ്ങള്‍ക്കെന്തുപറ്റി?’
ഞാനെന്റെ മുഴുചരിത്രവും അവരെ കേള്‍പ്പിച്ചു. എല്ലാം കേട്ടപ്പോള്‍ അവര്‍ക്ക് വലിയ കൌതുകം തോന്നി. തന്റെ അനുചരര്‍ക്കെല്ലാം അതു കേള്‍പ്പിച്ചു കൊടുക്കാന്‍ അവിടുന്നു താല്‍പര്യപ്പെട്ടു. ഞാന്‍ എല്ലാം അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. കേട്ടവരെല്ലാം ഏറെ അല്‍ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
സല്‍മാനുല്‍ഫാരിസി(റ)വിന്റെ മേല്‍ അല്ലാഹുവല്‍ നിന്നുള്ള ശാന്തിയുണ്ടാവട്ടെ. ആമീന്‍.