കറാമത്ത് കൂടുതൽ കാണുന്നത് പില്‍ക്കാലക്കാരായ ഔലിയാക്കളിലാണെന്നതുകൊണ്ട് ഏറ്റവും ഉന്നതര്‍ കറാമത്തുകള്‍ കൂടുതലുണ്ടാകുന്നവരാണെന്ന് ധരിക്കരുത്. ഇമാം ശഅ്റാനി(റ) യവാഖീതില്‍ ഇത് പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാര്‍ കഴിഞ്ഞാല്‍ ശ്രേഷ്ഠത കൂടിയത് സ്വഹാബികള്‍ക്കാണ്. ഇവര്‍ ഔലിയാക്കളില്‍ ഏറ്റവും പ്രമുഖരുമാണ്. നിരവധി കറാമത്തുകള്‍ പ്രകടിപ്പിച്ച മുഹ്യിദ്ദീന്‍ ശൈഖ്(റ) പോലും സ്വഹാബത്തിനെക്കാള്‍ വലിയ ഔലിയ അല്ല. സ്വഹാബികള്‍ക്ക് നബി(സ്വ)യില്‍ന ിന്ന് തന്നെ നേരിട്ട് കാര്യങ്ങള്‍ ഗ്രഹിക്കാനും ബന്ധപ്പെടാനും കഴിഞ്ഞിട്ടുണ്ടെന്നതുകൊണ്ട് തന്നെ മറ്റാരെക്കാളും അവരുടെ സ്ഥാനം വളരെ കൂടുതലാണ്. സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും കാലശേഷം ജീവിക്കുന്നവര്‍ നബി(സ്വ)യുമായി അകലുന്നതിനാല്‍ അവരുടെ ഈമാന്‍ ശക്തിപ്പെടുത്തുന്നതില്‍ ആവശ്യം നേരിട്ടതുകൊണ്ടാണ് പില്‍ക്കാലത്തുള്ളവരില്‍ കറാമത്ത് കൂടുതലായി കാണാന്‍ കഴിയുന്നതെന്ന് ഇവ്വിഷയകമായി മറുപടി പറയവെ ബഹു. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) പറഞ്ഞതായി ഇമാം സുബുകി(റ) തന്റെ ത്വബഖാതില്‍ പ്രസ്താവിച്ചിട്ടുണ്ട്. ജാമിഉ കറാമതില്‍ ഔലിയ 1/37ലും ഇമാം ശഅ്റാനിയുടെ അല്‍യവാഖീതു വല്‍ ജവാഹിര്‍ 2/103ലും ഇപ്രകാരം കാണാം