page

Monday, 21 August 2017

റൂഹ്


ജീവൻ, ആത്മാവ്, ചൈതന്യം, വീര്യം, ജീവശക്തി, പ്രേതം, സത്ത, കാതൽ, പ്രകാശനം,വെളിപ്പെടുത്തൽ, ചാർജ്ജ്, തിര(തോക്കിന്റെ), ദിവ്യസന്ദേശം, താങ്ക്,അവലംബം എന്നൊക്കെ പദത്തിനർത്ഥമുണ്ട്. 

വിശുദ്ധ ഖുർആനിൽ വിവിധ അർത്ഥങ്ങൾക്ക് റൂഹ് എന്ന പടം പ്രയോഗിച്ചിട്ടുണ്ട്. 1- അല്ലാഹു പറയുന്നു:

"അർത്ഥം:
റൂഹിനെ കുറിച്ച് താങ്കളോടാവർ ചോദിക്കുന്നു: പറയുക; റൂഹ്  എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല".

ഈ ആയത്തിൽ റൂഹിന്റെ വിവക്ഷ എന്താണെന്നതിൽ പല അഭിപ്രായങ്ങളുമുണ്ട്. വിധദീകരണം വഴിയേ വരുന്നു.

2- അല്ലാഹു പറയുന്നു:  

نَزَلَ بِهِ الرُّوحُ الْأَمِينُ (سورة الشعراء:١٩٣)

"വിശ്വസ്തനായ ആത്മാവ്(ജിബ്‌രീൽ) താങ്കളുടെ ഹൃദയത്തിൽ അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു". 

ഈ ആയത്തിൽ റൂഹിന്റെ വിവക്ഷ വഹ്‌യുമായി വരുന്ന ജിബ്‌രീലാണ്.

3- അല്ലാഹു പറയുന്നു: 

وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا(سورة الشورى: ٥٢)

"അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു". 

ഈ ആയത്തിൽ റൂഹിന്റെ വിവക്ഷ ഖുർആനാണ്.  

4- അല്ലാഹു പറയുന്നു: 

يُلْقِي الرُّوحَ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ(سورة غافر:١٥)

"തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു".

ഈ ആയത്തിൽ റൂഹിന്റെ വിവക്ഷ ദിവ്യസന്ദേശമാണ്.

5- അല്ലാഹു പറയുന്നു:  

وَأَيَّدَهُم بِرُوحٍ مِّنْهُ(سورة المجادلة:٢٢)

"അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു".

ഈ ആയത്തിൽ റൂഹിന്റെ വിവക്ഷ ആത്മ ചൈതന്യം, ശക്തി എന്നൊക്കെയാണ്.

6- അല്ലാഹു പറയുന്നു:  

 يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا(سورة النبإ: ٣٨)

"റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം".


ഇവിടെ റൂഹിന്റെ വിവക്ഷ ജിബ്‌രീൽ(അ) എന്ന മലക്കും മറ്റും ആകാം.

7- അല്ലാഹു പറയുന്നു: 

 تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا (سورة القدر: ٤)

"ആരാത്രിയിൽ മലക്കുകളും റൂഹും ഇറങ്ങി വരും".

ഇവിടെ റൂഹിന്റെ വിവക്ഷ ജിബ്‌രീൽ(അ) എന്ന മലക്കും മറ്റും ആകാം.

ഇസ്‌റാഹ് സൂറത്തിലെ 85-ആം വചനം അവതരിക്കാനുള്ള പശ്ചാത്തലം ഹദീസുകളിൽ വിവരിക്കുന്നതിങ്ങനെയാണ്:


അബ്ദുല്ലാഹി(റ)യിൽ നിന്നു നിവേദനം:
ഞാൻ നബി(സ) യോടൊന്നിച്ച് ഒരു കൃഷിയിടത്തിലായിരുന്നു. നബി(സ) ഒരു ഈത്തപ്പനമരത്തിൽ ചാരിയിരിക്കുകയായിരുന്നു. അപ്പോൾ ജൂതന്മാർ ആ വഴിക്കു കടന്നുവന്നു. അപ്പോൾ റൂഹിനെ പറ്റി നബി(സ)യോട് ചോദിക്കാൻ അവരിൽ ചിലർ ചിലരോട് പറഞ്ഞു. അപ്പോൾ ചിലർ പറഞ്ഞു: അദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്?. അപ്പോൾ അവരിൽ ചിലർ പറഞ്ഞു: നിങ്ങൾ വെറുക്കുന്നതുകൊണ്ട് നിങ്ങളെ അദ്ദേഹം സ്വീകരിക്കുകയില്ല. അപ്പോൾ അവർ പറഞ്ഞു: അദ്ദേഹത്തോട് ഞ്ഞിങ്ങൾ ചോദിക്കൂ. അങ്ങനെ റൂഹിനെപ്പറ്റി നബി(സ)യാദവർ ചോദിച്ചു. അപ്പോൾ നബി(സ) ഒന്നും പറഞ്ഞില്ല. അപ്പോൾ നബി(സ)ക്ക് വഹ്‌യ്‌ വരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. തുടർന്ന് ഞാൻ എന്റെ സ്ഥലത്ത് നിന്നു. വഹ്‌യ്‌ വന്നപ്പോൾ നബി(സ) പറഞ്ഞു: "റൂഹിനെ കുറിച്ച് താങ്കളോടാവർ ചോദിക്കുന്നു: പറയുക; റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു. അറിവിൽ നിന്ന് അല്പമല്ലാതെ നിങ്ങൾക്ക് നൽകിയിട്ടില്ല". (ബുഖാരി: 4352)

നബി(സ)യോട് അവർ ചോദിച്ച റൂഹിനെ വിവക്ഷ എന്താണെന്നതിൽ അഭിപ്രായാന്തരമുണ്ട്.  ഹാഫിള് എഴുതുന്നു: 


ആയത്തിൽ പറഞ്ഞ റൂഹിനെ വിവക്ഷ എന്താണെന്നതിൽ പല അഭിപ്രായങ്ങളും പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്. ജിബ്‌രീലി(അ)നെ കുറിച്ചാണ് അവർ ചോദിച്ചതെന്നും കുറെ നാവുകളുള്ള ഒരു മലക്കിനെ കുറിച്ചാണെന്നും അഭ്പ്രായമുണ്ട്. അധിക പണ്ഡിതന്മാരും പറയുന്നത് ശരീരത്തിൽ ജീവൻ നിലനിൽക്കാനാവശ്യമായ ആത്മാവിനെ കുറിച്ചാണ് അവർ ചോദിച്ചതെന്നാണ്. ആത്മാവ് ശരീരത്തിൽ പ്രവേശിക്കുന്നതിന്റെയും അത് ശരീരവുമായി കൂടിക്കലരുന്നതിന്റെയും രൂപമാണ് അവർ ചോദിച്ചതെന്ന് ചിന്തകന്മാർ പറയുന്നു. ഇത് അല്ലാഹു മാത്രം അറിയുന്ന കാര്യമാണ്. (ഫത്ഹുൽ ബാരി: 13/204)

ഹാഫിള് തുടരുന്നു:  

قال القرطبي: الراجح أنهم سألوه عن روح الإنسان لأن اليهود لا تعترف بأن عيسى روح الله، ولا تجهل أن جبريل ملك، وأن الملائكة أرواح.(فتح الباري: ٢٠٤/١٣)

മനുഷ്യരുടെ ആത്മാവിനെ കുറിച്ചായിരുന്നു അവരുടെ ചോദ്യമെന്നതാണ് പ്രബലം. കാരണം ഈസാ നബി(അ)അല്ലാഹുവിന്റെ റൂഹാണെന്ന കാര്യം ജൂതന്മാർ അംഗീകരിക്കുന്നില്ല. ജിബ്‌രീൽ(അ) മലക്കാണെന്നും മലക്കുകൾ ആത്മാക്കളാണെന്നുമുള്ള വിഷയം അവർക്ക് അജ്ഞാതവുമല്ല. (ഫത്ഹുൽ ബാരി: 13/204)

ഇമാം റാസി(റ) യെ ഉദ്ദരിച്ച് ഹാഫിള് പറയുന്നു:  

 المختار أنهم سألوه عن الروح الذي هو سبب الحياة وأن الجواب وقع على أحسن الوجوه وبيانه أن السؤال عن الروح يحتمل عن ماهيته وهل هي متحيزة أم لا وهل هي حالة في متحيز أم لا وهل هي قديمة أو حادثة وهل تبقى بعد انفصالها من الجسد أو تفنى وما حقيقة تعذيبها وتنعيمها وغير ذلك من متعلقاتها قال وليس في السؤال ما يخصص أحد هذه المعاني إلا أن الأظهر أنهم سألوه عن الماهية وهل الروح قديمة أو حادثة والجواب يدل على أنها شيء موجود مغاير للطبائع والأخلاط وتركيبها فهو جوهر بسيط مجرد لا يحدث إلا بمحدث، وهو قوله تعالى كن فكأنه قال هي موجودة محدثة بأمر الله وتكوينه ولها تأثير في إفادة الحياة للجسد ولا يلزم من عدم العلم بكيفيتها المخصوصة نفيه قال ويحتمل أن يكون المراد بالأمر في قوله من أمر ربي الفعل كقوله وما أمر فرعون برشيد أي فعله فيكون الجواب الروح من فعل ربي وإن كان السؤال هل هي قديمة أو حادثة فيكون الجواب إنها حادثة( فتح الباري شرح صحيح البخاري: ٢٠٤/١٣)


ജീവന്റെ നിമിത്തമായ ആത്മാവിനെ കുറിച്ചായിരുന്നു നബി(സ)യോട് ജൂതന്മാർ ചോതിച്ചതെന്നാണ് നാം പ്രബലമായി കാണുന്ന വീക്ഷണം. ഏറ്റവും നല്ല രൂപത്തിൽ അതിനു മറുപടിയും പറഞ്ഞു. അതിങ്ങനെ വിശദീകരിക്കാ. റൂഹിനെ കുറിച്ചുള്ള ചോദ്യം അതിന്റെ യാഥാർത്ഥ്യത്തെ കുറിച്ചാകാം. അതിന് സ്ഥലം ഉണ്ടോ ഇല്ലേ എന്നതിനെ പറ്റിയും ആകാം. അത് ഒരു സ്ഥലത്ത് ഇറങ്ങിയതാണോ അല്ലെ എന്നതിനെ ചൊല്ലിയും ആകാം. അത് ആദിയാണോ അനാദിയാണോ, ശരീരവുമായി പിരിഞ്ഞാൽ അത് നശിക്കുമോ ഇല്ലേ, അതിന് ലഭിക്കുന്ന ശിക്ഷയുടെയും സുഖങ്ങളുടെയും യാഥാർത്ഥ്യം എന്താണ്, തുടങ്ങിയ അതുമായി ബന്ധമുള്ള പലതുമാകാം ചോദ്യത്തിന്റെ താല്പര്യം.

റാസി(റ) തുടർന്ന് പറയുന്നു: ഈ ആശയങ്ങളിൽ ഏതെങ്കിലും ഒന്നിനെ പ്രത്യേകമാകുന്ന യാതൊന്നും ചോദ്യത്തിലില്ല. എങ്കിലും റൂഹിനെ യാഥാർത്ഥ്യത്തെക്കുറിച്ചും അത് ആദിയാണോ അനാദിയാണോ എന്നതിനെ കുറിച്ചും ആയിരുന്നു അവരുടെ ചോദ്യം എന്നാണ് കൂടുതൽ വ്യക്തമാകുന്നത്.

ആത്മാവ് പ്രകൃതികളിൽ നിന്നും ചേരുവകളിൽ നിന്നും സംയുക്തങ്ങളിൽ നിന്നും വ്യതിരിക്തമായി നൽകുന്ന, ഉള്ള ഒരു വസ്തുവാണ് റൂഹ്എന്ന മറുപടി കാണിക്കുന്നു. എന്നുവരുമ്പോൾ പദാർത്ഥമുക്തവും വ്യത്യസ്ത പ്രകൃതികളുടെ സങ്കലനമില്ലാത്തതുമായ ജൗഹറാണ് റൂഹ്. ഒരാൾ ഉണ്ടാക്കാതെ അതുണ്ടാവുകയില്ല. അത് "ഉണ്ടാകൂ" എന്ന അല്ലാഹുവിന്റെ നിർദ്ദേശമാണ്. അപ്പോൾ നബി(സ) ഇപ്രകാരം മറുപടി നല്കിയതുപോലെയായി: "റൂഹ് പുതുതായി ഉണ്ടായതാണ്. അല്ലാഹുവിന്റെ നിർദ്ദേശം കൊണ്ടും സൃഷ്ടിക്കൽകൊണ്ടുമാണ് അതുണ്ടായത്. ശരീരത്തിൽ ജീവൻ നിലനിർത്തുന്നതിൽ അത് പ്രതിഫലനം സൃഷ്ടിക്കുന്നു. അതിന്റെ സവിശേഷ രൂപവും ഭാവവും അറിയില്ലെന്നതിനാൽ അതിനെ നിഷേധിക്കാൻ പറ്റില്ല.

"റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു" എണ്ണത്തിലുള്ള അംറിന്റെ അർത്ഥം പ്രവൃത്തി എന്നുമാകാം. പ്രവൃത്തി എന്ന അർത്ഥത്തിൽ അംറ് എന്ന പടം ഖുർആനിൽ തന്നെ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: "ഫിർഔനിന്റെ പ്രവർത്തനം വിവേകപൂർണ്ണമല്ലതാനും(ഹൂദ്: 97). ഇവിടെ അംറിനർത്ഥം പ്രവർത്തനം എന്നാണു. അപ്പോൾ മറുപടിയുടെ സാരം റൂഹ് എന്റെ രക്ഷിതാവിന്റെ പ്രവൃത്തിയിൽ പെട്ടതാണ് എന്നാണ്. റൂഹ് ആദിയാണോ അനാദിയാണോ എന്നാണ് ചോദ്യമെങ്കിൽ അത് അനാദിയാണെന്നുമാണ് മറുപടി. (ഫത്ഹുൽ ബാരി: 13/204) 


ചുരുക്കത്തിൽ അവരുടെ ചോദ്യത്തിന്റെ വ്യക്തമായ മറുപടി തന്നെയാണ് നബി(സ) നൽകിയത്. ഇനി റൂഹിനെ കുറിച്ച് പണ്ഡിതന്മാർ നൽകിയ വിശദീകരണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം. ഖാളീ ഇയാള്(റ) എഴുതുന്നു: 


قال القاضي : وقد اختلف الناس في الروح - ما هي ؟ اختلافا لا يكاد يحصر ، فقال كثير من أرباب المعاني وعلم الباطن المتكلمين : لا تعرف حقيقته ، ولا يصح وصفه ، وهو مما جهل العباد علمه ، واستدلوا بقوله تعالى : قل الروح من أمر ربي وغلت الفلاسفة فقالت بعدم الروح ، وقال جمهور الأطباء : هو البخار اللطيف الساري في البدن ، وقال كثيرون من شيوخنا : هو الحياة ، وقال آخرون : هي أجسام لطيفة مشابكة للجسم يحيى لحياته ، أجرى الله تعالى العادة بموت الجسم عند فراقه ، وقيل : هو بعض الجسم ، ولهذا وصف بالخروج والقبض وبلوغ الحلقوم ، وهذه صفة الأجسام لا المعاني ، وقال بعض مقدمي أئمتنا : هو جسم لطيف متصور على صورة الإنسان داخل الجسم ، وقال بعض مشايخنا وغيرهم : إنه النفس الداخل والخارج ، وقال آخرون : هو الدم ، هذا ما نقله القاضي ، والأصح عند أصحابنا : أن الروح أجسام لطيفة متخللة في البدن ، فإذا فارقته مات. (شرح مسلم: ٣٦٤/٦)

റൂഹിനെ യാഥാർത്ഥ്യം എന്താണെന്നതിൽ തിട്ടപ്പടുത്താൻ സാധിക്കാത്തവിധം അഭിപ്രായങ്ങൾ നിലവിലുണ്ട്. വചനവൈജ്ഞാനികശാസ്ത്രപണ്ഡിതന്മാരിൽ നിന്നുള്ള ആത്മജ്ഞാനികൾ പറയുന്നത് അതിന്റെ യാതാർത്ഥ്യം എന്താണെന്ന് അറിയില്ലെന്നും അതിനെ വർണ്ണിക്കാൻ കഴിയില്ലെന്നും അടിമകൾക്കറിയാത്ത വിഷയവുമാണ് അതെന്നുമാണ്. "റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു" എന്ന ഖുർആനികവചനം ഇതിനു പ്രമാണമായി അവർ എടുത്തുകാണിക്കുന്നു.

എന്നാൽ ഫിലോസഫികൾ അതിർകടന്ന് റൂഹ് എന്നൊന്ന് ഇല്ലെന്ന് പറയുന്നു. ബഹുഭൂരിഭാഗം വൈദ്യന്മാരും അഭിപ്രായപ്പെടുന്നത് ശരീരത്തിൽ സഞ്ചരിക്കുന്ന മാർദ്ദവമായ ഒരു ആവിയാണ് റൂഹ് എന്നാണ്. നമ്മുടെ ഗുരുവര്യരിൽ പലരും റൂഹ് ജീവനാണെന്ന് പറയുന്നു. മറ്റു ചിലർ പറയുന്നതിങ്ങനെ: ശരീരവുമായി കെട്ടുപിണങ്ങി നിൽക്കുന്ന, മാർദ്ദവമായ പദാർത്ഥങ്ങളാണ് റൂഹ്. അതുണ്ടാകുമ്പോൾ ശരീരം ജീവിക്കും. അത് ശരീരവുമായി പിരിയുമ്പോൾ ശരീരം മരിക്കുകയെന്നത് അല്ലാഹു സ്വീകരിച്ചുവരുന്ന ഒരു സമ്പ്രദായമാണ്. ശരീരത്തിന്റെ ഭാഗമാണ് റൂഹ് എന്നാണ് മറ്റൊരു പക്ഷം. പുറപ്പെടുക, പിടിക്കുക, തൊണ്ടക്കുഴിയിൽ എത്തുക എന്നെല്ലാം റൂഹിനെ വിശേഷിപ്പിക്കുന്നത് ഇത് കൊണ്ടാണ്. ഈ പറഞ്ഞതെല്ലാം ശരീരങ്ങളുടെ സ്വഭാവമാണ്. ആശയങ്ങളുടെ സ്വഭാവമല്ല.

നമ്മുടെ ഇമാമുകളിൽ പെട്ട ചില പ്രമുഖർ പറയുന്നതിങ്ങനെ: ശരീരത്തിനുള്ളിൽ മനുഷ്യന്റെ അതെ രൂപത്തിൽ രൂപാന്തരപ്പെടുന്നു നേരിയ ശരീരമാണ് റൂഹ്. നമ്മുടെ ഗുരുവര്യരിൽ ചിലരും മറ്റും പറയുന്നു: പുറപ്പെടുകയും പ്രവേശിക്കുകയും ചെയ്യുന്ന ശ്വാസമാണ് റൂഹ്. മറ്റു ചിലർ പറയുന്നത് രക്തമാണ് റൂഹ് എന്നാണ്. ഇതെല്ലാം ഖാളീ(റ) ഉദ്ദരിച്ചതാണ്‌. ശേഷം ഇമാം നവവി(റ) പറയുന്നു: നമ്മുടെ അസ്വഹാബിന്റെ അടുക്കൽ കൂടുതൽ സ്വഹീഹായ അഭിപ്രായം ഇതാണ്: ശരീരത്തിന്റെ ഇടയിലേക്ക് ആണ്ടിറങ്ങി നിൽക്കുന്ന നേരിയ ശരീരങ്ങളാണ് റൂഹ്. അവ ശരീരവുമായി വേർപിരിഞ്ഞാൽ ശരീരം മരിക്കും. (ശർഹു മുസ്ലിം: 6/364)

"റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു" എന്ന് മറുപടി പറയാനുള്ള കാരണം ഇമാം ഖുർതുബി(റ) വിവരിക്കുന്നതിങ്ങനെ: 


മനുഷ്യന്റെ അശക്തത പ്രകടമാക്കലാണ് ഇതിലുള്ള യുക്തി. കാരണം  താനുണ്ടെന്ന് ഉറപ്പുള്ളതോടപ്പം അവന്റെ ശരീരത്തിന്റെ യാഥാർത്ഥ്യം മനുഷ്യനറിയാൻ കഴിയില്ലെങ്കിൽ അല്ലാഹുവിന്റെ യാഥാർത്ഥ്യം അറിയാൻ എന്തായാലും അവന് സാധിക്കില്ലല്ലോ. (ഫത്ഹുൽ ബാരി: 13/204)

എന്നാൽ റൂഹിനെ യാഥാർത്ഥ്യം നബി(സ) ക്ക് അല്ലാഹു തആല അറിയിച്ച കൊടുത്തിട്ടില്ലെന്ന് പ്രസ്തുത ആയത്ത് അറിയിക്കുന്നില്ല. ഹാഫിള് പറയുന്നു:


ചില പണ്ഡിതന്മാർ പറയുന്നു: റൂഹിന്റെ യാഥാർത്ഥ്യം എന്താണെന്ന് നബി(സ) ക്ക് അല്ലാഹു തആല അറിയിച്ച് കൊടുത്തിട്ടില്ലെന്ന് പ്രസ്തുത ആയത്ത് അറിയിക്കുന്നില്ല. പ്രത്യുത അല്ലാഹു തആല നബി(സ)ക്ക് അത് വെളിവാക്കികൊടുത്തിരിക്കാം. എന്നാൽ അവർക്കത് പറഞ്ഞുകൊടുക്കാൻ നബി(സ)ക്ക് നിർദ്ദേശമുണ്ടായില്ല. അന്ത്യദിനത്തെക്കുറിച്ചുള്ള അറിവിന്റെ വിഷയത്തിലും ഇതേ ആശയം അവർ പറയുന്നുണ്ട്.  (ഫത്ഹുൽ ബാരി: 13/204)

ഇമാം നവവി(റ) പറയുന്നു:  

وليس في الآية دليل على أنها لا تعلم ، ولا أن النبي صلى الله عليه وسلم لم يكن يعلمها ، وإنما أجاب بما في الآية الكريمة لأنه كان عندهم أنه إن أجاب بتفسير الروح فليس بنبي (شرح النووي على مسلم:١٧٣/٩)

റൂഹിന്റെ യാഥാർത്ഥ്യം അറിയാൻ കഴിയില്ലെന്നതിനും നബി(സ) അത് അറിഞ്ഞിരുന്നില്ലെന്നതിനും ആയത്തിൽ രേഖയില്ല. എന്നിരിക്കെ ആയത്തിൽ പറഞ്ഞ മറുപടി നബി(സ) അവർക്ക് നൽകിയത് റൂഹിന്റെ വിശദീകരണം നബി(സ) പറഞ്ഞാൽ നബി(സ) നബിയല്ലെന്നു തീരുമാനിക്കാം എന്നൊരു തീരുമാനം ചോദിച്ചവർക്കുണ്ടായതുകൊണ്ടാണ്. (ശർഹു മുസ്ലിം: 9/173)

ഇവ്വിഷയകമായി ഇബ്നുഹജറുൽ ഹൈതമി(റ)യുടെ പരിഗണനയ്ക്കുവന്ന ഒരു ചോദ്യവും മറുപടിയും ചുവടെ കുറിക്കുന്നു:

ചോദ്യം റൂഹ് നേരിയ ശരീരമാണെന്നും അത് നശിക്കാതെ നിലനിൽക്കുമെന്നും ഇതാണ് അഹ്ലുസ്സുന്നയുടെ വീക്ഷണമെന്നും ശൈഖുൽ ഇസ്‌ലാം സകരിയ്യാൽ അൻസ്വാരി(റ) ശർഹുർറൗളിൽ പറയുന്നു. അതെ സമയം റൂഹിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് നബി(s0 സംസാരിച്ചിട്ടില്ലെന്നും അതിനാൽ നാം അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും, ജുനൈദ്(റ) പറഞ്ഞത് പോലെ 'ഉള്ളതായി ഒരു വസ്തു' എണ്ണത്തിലധികം ഒന്നും പറയുകയില്ലെന്നും 'അൽഅള്വാഉൽബഹിജഫീ ഇബ്‌റാസി ദഖാഇഖിൽമുൻഫരിജ' എന്ന ഗ്രൻഥത്തിലും പറയുന്നു. വിശ്വാസശാസ്ത്രത്തിന്റെ ആളുകൾ ഈ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണെന്നും അദ്ദേഹം പറയുന്നു. അതിനാൽ ഈ വിഷയത്തിൽ അവലംബിക്കാവുന്ന പ്രബലാഭിപ്രായം ഏതാണ്?

മറുപടി: ശർഹുൽമുൻഫരിജിയിൽ ശൈഖുനാ പറഞ്ഞ അഭിപ്രായം ജുനൈദ്(റ)നെ പോലെ സൂക്ഷ്മത പുലർത്തുന്നവരുടെ വീക്ഷണമാണ്. സഅ് ലഭി(റ), ഇബ്നു അത്വിയ്യ(റ) പോലുള്ള തഫ്സീറിന്റെ അഇമ്മത്തിൽ പലരും ഈ വീക്ഷണക്കാരാണ്. "റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു" എന്ന ആയത്തിനെ ഈ ആശയത്തിലാണ് അവർ വിലയിരുത്തുന്നത്.
                            എന്നാൽ അഹ്ലുസ്സുന്നയിലെ വചന വൈജ്ഞാനിക പണ്ഡിതന്മാരിൽ ബഹുഭൂരിഭാഗവും സ്വീകരിച്ച സമീപനമാണ് ശർഹുർറൗളിൽ അദ്ദേഹം സ്വീകരിച്ചത്. റൂഹ് നേരിയ ശരീരമാണെന്നും പച്ചകൊള്ളികഷ്ണത്തിൽ നീര് കെട്ടിപ്പിണഞ്ഞു നിൽക്കുന്നതുപോലെ  ശരീരത്തിൽ അത് കെട്ടിപിണഞ്ഞു നിൽക്കുകയാണെന്നുമാണ് അവർ നൽകുന്ന വിശദീകരണം. നമ്മുടെ അസ്വഹാബിന്റെ അടുക്കൽ പ്രബലം ഈ അഭിപ്രായമാണ് ഇമാം നവവി(റ) ശർഹു മുസ്ലിമിൽ പറയുന്നു.
                                     എന്നാൽ ഇവരിൽ ധാരാളം പേർ റൂഹ് 'അറളാ' ണെന്നും അത് ജീവനാണെന്നും അതിന്റെ സാന്നിധ്യംകൊണ്ടാണ് ശരീരം ജീവനുള്ളതാകുന്നതെന്നും പറയുന്നു. ഫിലോസഫികളെ പിന്തുടർന്ന് സ്വൂഫികളിൽ പലരും റൂഹ് ജിസ്‌മോ അറളോ അല്ലെന്നും മറിച്ച് സ്വയം നിലനിൽപ്പുള്ള മാദ്ധയില്ലാത്ത ജൗഹറാണെന്നും, അതിന് സ്ഥലമില്ലെന്നും നിയന്ത്രിക്കാനും ചലിപ്പിക്കാനും  വേണ്ടി അതിനെ ശരീരവുമായി പ്രത്യേകം ബന്ധമുണ്ടെന്നും, എന്നാൽ അത് ശരീരത്തിനകത്തോ പുറത്തോ അല്ലെന്നും പറയുന്നു.
             സുഹ്‌റവർദി പറയുന്നു: ഇറങ്ങുക, കയറുക, ബർസഖീലോകത്ത് സഞ്ചരിക്കുക തുടങ്ങീ ഹദീസുകളിൽ വന്ന പരാമർശങ്ങൾ അത് ജിസ്‌മാണെന്നതിനു രേഖയാണ്. കാരണം അറളിനെ അപ്രകാരം വിശേഷിപ്പിക്കാൻ പറ്റില്ല. എന്നാൽ പിൽക്കാല സ്വൂഫികൾ റൂഹിനെക്കുറിച്ച് സംസാരിച്ചവരാണ്. സംസാരിക്കുന്നില്ലെന്ന് പറഞ്ഞത് പൂർവ്വകാല സ്വൂഫി പണ്ഡിതന്മാരാണ്.
                          റൂഹിനെക്കുറിച്ച് വിശകലനം ചെയ്യുന്നവർ ആയത്തിനു നൽകുന്ന മറുപടിയിതാണ്. റൂഹിനെ പറ്റി നബി(സ)യോട് ചോദിക്കാൻ ജൂതന്മാർ ഉദ്ദേശിച്ചപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: 'മുഹമ്മദ് റൂഹിനെക്കുറിച്ച് മറുപടി പറയുകയാണെങ്കിൽ അദ്ദേഹം നബിയല്ല. മറുപടി നല്കുന്നില്ലെങ്കിൽ അദ്ദേഹം സത്യവാനാണ്'.
                                           അതിനാൽ നബി(സ)യുടെ അമാനുഷിക സിദ്ദിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും അവരുടെ ഗ്രൻഥങ്ങളിൽ നബി(സ)യെ വിശേഷിപ്പിച്ചതിനെ അംഗീകരിച്ചും അവർക്ക് മറുപടി നൽകാൻ അല്ലാഹു അനുവാദം നൽകിയില്ല. അതിന്റെ പേരിൽ അവർക്ക് വ്യക്തമായ മറുപടിയും നൽകിയില്ല. അല്ലാതെ റൂഹിനെക്കുറിച്ച് സംസാരിക്കാൻ സാധിക്കാത്തതുകൊണ്ടല്ല അങ്ങനെ ചെയ്തത്. ഇതിനുപുറമെ ചോദ്യംകൊണ്ട് അവർ ലക്ഷ്യമാക്കിയത് നബി(സ)യെ അശക്തനാക്കലും പിഴവിൽ വീഴ്ത്തലും ആയിരുന്നു. കാരണം മനുഷ്യന്റെ ആത്മാവ്, ജിബ്‌രീൽ(അ), റൂഹ് എന്ന് പറയുന്ന മറ്റൊരു മലക്ക്, ഒരു വിഭാഗം മലക്കുകൾ, ഖുർആൻ, ഈസാ നബി(അ) തുടങ്ങി പലതിനും ഒരുപോലെ പ്രയോഗിക്കുന്ന ഒന്നാണ് റൂഹ്. അതിനാൽ മേൽപ്പറഞ്ഞതിൽ നിന്നുള്ള ഏതെങ്കിലും ഒന്ന് മറുപടിയായി മുഹമ്മദ്(സ) പറഞ്ഞാൽ ഇതല്ല ഞങ്ങളുദ്ദേശിച്ചതെന്ന് പറയാൻ അവർ ലക്ഷ്യമിട്ടിരുന്നു. അതിനാൽ എല്ലാം ഉൾപ്പെടുന്ന രൂപത്തിൽ മറുപടി വന്നു.....(ഫതാവൽ കുബ്റാ: 3/82-83).

റൂഹിന്റെ കഴിവുകൾ

 ആത്മാവിന് പല കഴിവുകളും ഉണ്ട്. ആത്മാവിന്റെ ക്രിയവിക്രയങ്ങൾ വിവരിക്കാൻ പുത്തൻപ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുൽ ഖയ്യിം 'കിതാബർറൂഹ്' എന്ന പേരിൽ ഒരു ഗ്രൻഥം തന്നെ രചിച്ചിട്ടുണ്ട്. ഇതുമായി ബന്ധമുള്ള ഏതാനും വിഷയങ്ങൾ 'മഹാത്മാക്കളുടെ ക്രയവിക്രയം' എന്ന  ബ്ലോഗിൽ കാണാം.


 ഇബ്നു തൈമിയ്യ തന്നെ പറയുന്നതു കാണുക;

وأما كونه رأى موسى قائما يصلي في قبره، ورآه في السماء أيضًا، فهذا لا منافاة بينهما، فإن أمر الأرواح من جنس أمر الملائكة، في اللحظة الواحدة تصعد، وتهبط كالملك، ليست في ذلك كالبدن، وقد بسطت الكلام على أحكام الأرواح بعد مفارقة الأبدان، في غير هذا الموضع، وذكرت بعض ما في ذلك من الأحاديث، والآثار، والدلائل‏.‏ (مجموع فتاوي: ٣٦٦/١)

 മൂസാനബി(അ) ഖബറിൽ വെച്ച് നിസ്കരിക്കുന്നതായും പിന്നീട് ആകാശത്തുവെച്ചും മുഹമ്മദ് നബി(സ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല. കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യത്തിന്റെ ജാതിയിൽ പെട്ടതാണ്. മലകിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും. ഈ വിഷയത്തിൽ ശരീരത്തിന്റെ സ്വഭാവമല്ല ആത്മാവിനുള്ളത്. ശരീരവുമായി വേർപിരിഞ്ഞതിനുശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ചില ഹദീസുകളും ആസാറുകളും പ്രമാണങ്ങളും അവിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്. (മജ്‌മൂഅ് ഫതാവ: 1/366)