page

Friday, 4 August 2017

ഇമാമുമാരുടെ [ റ] സേവനവും മുഅമിനീംഗളുടെ വഴിയും

നബി(സ)യെയും സ്വഹാബത്തിനേയും കൃത്യമായി പിന്‍പറ്റാന്‍ മേല്‍‌പറഞ്ഞ ഇമാമുകള്‍ കാണിച്ചുതന്ന മാര്‍ഗ്ഗമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് മനസ്സിലാക്കിയ മുസ്‌ലിം ലോകം നാളിതുവരെ മേല്‍പ്പറഞ്ഞ കാലഘട്ടത്തിലെ ഇമാമുകളേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍‌പറ്റിപ്പോന്നു. ഈ പാതയെ കുറിച്ചാണ് നാം മുകളിലുദ്ധരിച്ച ഖുര്‍‌ആന്‍ ആയത്തിലുള്ള ‘മുഅ്മിനീങ്ങളുടെ വഴി’ എന്ന് പറഞ്ഞത്. ഉലുല്‍‌അം‌റിന് വഴിപ്പെടുകയെന്ന ഖുര്‍‌ആന്റെ കല്‍‌പനയും ആ പണ്ഡിതന്മാരെ ക്കുറിച്ചാണ്.
മഹാപണ്ഡിതന്മാരായ മദ്‌ഹബിന്റെ ഇമാമുകളെ മുസ്‌ലിം ലോകം رضي الله عنهم എന്ന് ചൊല്ലിക്കൊണ്ട് സ്വാഗതം ചെയ്യുകയും അവരുടെ വിധിവിലക്കുകള്‍ അം‌ഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്യുക എന്ന പ്രക്രിയ നൂറ്റാണ്ടുകളായി അനുസ്യൂതം തുടരുകയും ചെയ്യുന്നു. അവര്‍ക്ക് ശേഷം വലിയ വലിയ മഹാന്മാരായ പണ്ഡിതന്മാ‍രായ ഇമാം ഹറമൈനി, ഇമാം നവവി, ഇമാം റാഫി‌ഇ , ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം സുയൂഥ്വി رحمهم الله തുടങ്ങിയ ലോകം സച്ചരിതരെന്ന് വിധിയെഴുതിയ മുഴുവന്‍ പണ്ഡിതന്മാരും ഈ മദ്‌ഹബുകളുടെ സേവകരും പിന്തുടര്‍ച്ചകരുമായി നിലകൊണ്ടു. അവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മൂലം ഇന്ന് നാല് മദ്‌ഹബുകളിലേതെങ്കിലുമൊന്നിലും പ്രതിവിധിയില്ലാത്ത ഒരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം.
ഇവിടെ നാം വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു സത്യം , ഖുര്‍‌ആനിന്റെയും സുന്നത്തിന്റെയും ചര്യയും അവ രണ്ടും അനുസരിച്ച് ജീവിച്ച സ്വഹാബാക്കളുടെ ചര്യയും അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക ശരീ‌അത്ത് നിയമങ്ങളുടെ ക്രോഡീകരണമാണ് ഈ ഇമാമുകള്‍ ചെയ്ത സേവനമെന്നാണ്. അല്ലാതെ അവര്‍ സ്വന്തമായി എന്തെങ്കിലും പടച്ചുണ്ടാക്കിയതല്ല. ഖുര്‍‌ആനിലോ ഹദീസിലോ സ്വഹാബത്തിന്റെ ജീവിതത്തിലോ വ്യക്തമായി പറഞ്ഞ വിഷയങ്ങളില്‍ പിന്നെ മദ്‌ഹബോ ഇജ്‌തിഹാദോ ഇല്ല. അതപ്രകാരം രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതേ സമയം അവയില്‍ വ്യക്തമായി പരിഹാരം കാണാത്ത വല്ല വിഷയങ്ങളുമുണ്ടെങ്കില്‍ അവയില്‍ മാത്രമാണ് അവര്‍ ഇജ്‌തിഹാദ് നടത്തിയത്. അതും ഖുര്‍‌ആനും ഹദീസും സ്വഹാബത്തിന്റെ ജീവിതവും അടിസ്ഥാനമാക്കി ഉണ്ടാക്കിയ വ്യക്തമായ നിയമസം‌ഹിതക്കനുസരിച്ചുള്ള ഇജ്‌തിഹാദായിരുന്നു. ഇവ നാം ശരിക്കും മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ മാത്രമേ ഈ മഹാന്മാര്‍ ചെയ്ത സേവനം നമുക്ക് ബോധ്യപ്പെടൂ. അവരെ ഇകഴ്ത്തുന്നവരുടെ പോരായ്മയും അപ്പോഴേ തിരിയൂ.
മറ്റൊരു സത്യം കൂടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അനുഷ്ഠാന വിഷയങ്ങളില്‍ നാല് മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലും അവര്‍ക്ക് ശേഷം ഇമാമുകള്‍ക്കിടയിലുമൊക്കെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവര്‍ പരസ്പരം അം‌ഗീകരിച്ച് കൊണ്ടുള്ളതും സ്വഹാബത്തിന്റെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണത്താലുമാണെന്നാണ്. എന്നാല്‍ പുത്തന്‍‌വാദികള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ പരസ്‌പരം ശിര്‍ക്കും കുഫ്‌റും ആരോപിച്ചുകൊണ്ടുള്ളതാണ്.
അപ്പോള്‍ എക്കാലത്തും ഖുര്‍‌ആനും സുന്നത്തും അടിസ്ഥാനമാക്കി സത്യത്തിന്റെ മേല്‍ ജീവിച്ചു മരിച്ചുപോയവരുടെ ചര്യ അറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് മുന്‍‌ഗാമികള്‍ എഴുതിവെച്ച കിതാബുകള്‍ പരിശോധിക്കുകയെന്നത്. ഇമാമുകളുടെ കിതാബുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന മറ്റൊരു സത്യമാണ് അവര്‍ അവര്‍ക്കുമുമ്പ് കഴിഞ്ഞ്പോയ ഇമാമുകളെ അടിത്തറയാക്കിയാണ് അവര്‍ ഓരോരുത്തരും അവരുടെ കിതാബുകള്‍ രചിച്ചിട്ടുള്ളതെന്നാണ്. ഹദീസുകളാവട്ടെ, ശറ‌ഇന്റെ നിയമങ്ങളാകട്ടെ, മുന്‍‌ഗാമികള്‍ ഇന്നയിന്നവര്‍ അത് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ കിതാബുകള്‍ ക്രോഡീകരിച്ചത്.വ്യാജന്മാരുടേയും അസ്വീകാര്യമാരുടേയും റിപ്പോര്‍ട്ടുകള്‍ കടന്നുകൂടാതിരിക്കാന്‍ വേണ്ടിയാണ് സ്വീകാര്യതയേയും അസ്വീകാര്യതയേയുമൊക്കെ പരിചയപ്പെടുത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ പണ്ഡിതലോകം ക്രോഡീകരിച്ചത്.
അവരില്‍ വല്ല പിഴവും വന്നിരുന്നെങ്കില്‍ അത് തിരുത്താന്‍ അവരോട് കിടപിടിക്കുന്ന പണ്ഡിതന്മാര്‍ അത് ചെയ്തിട്ടുമുണ്ട്.
ഇം‌ഗ്ലീഷ് ഭാഷയില്‍ അവഗാഹമുള്ള ഒരാള്‍ ആധികാരികമായ കുറേ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ച് വൈദ്യശാസ്ത്രത്തില്‍ എത്ര തന്നെ പാണ്ഡിത്യം നേടിയാലും അയാളുടെ അടുത്തേക്ക് ആരെങ്കിലും ചികിത്സ പോകാന്‍ ധൈര്യപ്പെടുമോ ? വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടോ അതില്‍ പാണ്ഡിത്യം നേടിയതുകൊണ്ടോ ഒരാളെ ഡോക്ടറായി അം‌ഗീകരിക്കാന്‍ സമൂഹം തയ്യാറാവില്ല. ഒരു വ്യക്തിയെ നാം ഡോക്ടറായി അംഗീകരിക്കണമെങ്കില്‍ ഒരു പറ്റം വിദഗ് ധരായ ഡോക്ടര്‍മാരുടെ കീഴില്‍ വൈദ്യശാസ്ത്രം പഠിക്കുകയും ഏറെനാള്‍ അവരുടെ കീഴില്‍ തന്നെ അത് പരിശീലിക്കുകയും വേണം.
നശ്വരമായ ശരീരത്തിന്റെ സം‌രക്ഷണ കാര്യത്തില്‍ നാം ഇത്ര കര്‍ക്കശമായ സമീപനം സ്വീകരിക്കുമ്പോള്‍ നിത്യരക്ഷ വേണ്ട ആത്മാവിന്റേയും പരലോകവിജയത്തിന്റേയും കാര്യത്തില്‍ എത്ര സൂക്ഷ്മതയോടെ വേണം നാം പിന്‍‌പറ്റേണ്ടവര്‍ ആരെന്ന് തീരുമാനിക്കാനും തെരെഞ്ഞെടുക്കാനും.
ഈ മഹാന്മാരായ മുജ്‌തഹിദുകളുടെ രേഖപ്പെടുത്തപ്പെട്ട മദ്‌ഹബുകളെ അം‌ഗീകരിച്ച് കൊണ്ടാണ് കഴിഞ്ഞ 14 നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതലോകം അവരുടെ ദീനിസേവനം നടത്തിപ്പോരുന്നത്. മദ്‌ഹബുകളെ നിരാകരിക്കുന്ന ഇന്നത്തെ നവീന ആശയക്കാരുടെ ആദിഗുരുക്കന്മാരായ ഇബ്‌നും ഖയ്യിം, ഇബ്‌നുത്തീമിയ്യ തുടങ്ങിയ പണ്ഡിതന്മാര്‍ പോലും മദ്‌ഹബുകളെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പറഞ്ഞതായി കണ്ടിട്ടില്ല.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആധികാരിക ഹദീസ് പണ്ഡിതരായി മുസ്‌ലിം ലോകം വാഴ്‌ത്തുന്ന ബഹുമാനപ്പെട്ട ഇമാമുകളായ ഇമാം ബുഹാരി, ഇമാം മുസ്‌ലിം, ഇമാം തിര്‍മുദി, ഇമാം അബൂദാവൂദ്, ഇമാം നസാ‌ഇ , ഇമാം ഇബ്‌നുമാജ, ഇമാം ബൈഹഖി, ഇമാം ഹാകിം رحمهم الله തുടങ്ങിയ ഇമാമുകള്‍ പോലും നാലാലൊരു മ്ദ്‌ഹബുകാരായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
നാലു ലക്ഷമോ അതില്‍ കൂടുതലോ ഹദീസുകള്‍ മന:പാഠമുള്ള ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതശ്രേഷ്‌ഠര്‍ക്ക് ഒരു മദ്‌ഹബിനെ പിന്‍‌പറ്റി മാത്രമേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്.
ബഹുമാനപ്പെട്ട ഇമാം ശാഫി‌ഇ ക്ക് പത്ത് ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്തമായിരുന്നുവെന്നും ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ ന് എഴ് ലക്ഷത്തില്‍പ്പരം ഹദീസുകള്‍ ഹൃദിസ്ഥമായിരുന്നുവെന്നും അവരുടെ ജീവചരിത്ര രേഖകളില്‍ കാണാന്‍ കഴിയുമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഇവിടെ ഇന്ത്യയില്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ പഠിക്കാന്‍ എല്‍ എല്‍ ബി പോലുള്ള നിയമ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് അവനെത്ര അല്‍ഭുത കഴിവുകള്‍ ഉള്ളവനാണെങ്കിലും 20 വയസ്സ് പൂര്‍ത്തിയാകുകയും അതിനു മുമ്പ് പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും തത്വോപദേശങ്ങളും എന്നു വേണ്ട , മനുഷ്യന്റെ സന്മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ട മുഴുവന്‍ ആശയങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ട ഖുര്‍‌ആന്‍ നോക്കി വിധി പറയാന്‍ അറബി ഭാഷയോ മലയാളം പോലുമോ ശരിക്കുമറിയാത്തവര്‍ മുതിരുമ്പോള്‍ നാം ലജ്ജിച്ച്പോകുകയാണ്.
ഈ മഹാന്മാരുടെ മാര്‍ഗ്ഗദര്‍ശനം തള്ളിക്കളഞ്ഞുകൊണ്ട് അഥവാ അവരെ കൈവെടിഞ്ഞ്കൊണ്ട് സ്വന്തം മാര്‍ഗ്ഗത്തിലൂടെ ആരെങ്കിലും നബി ലേക്ക് ചെന്ന് ചേരാന്‍ ശ്രമിച്ചാല്‍ അവര്‍ എത്തിച്ചേരുന്നത് നരകത്തിലേക്കായിരിക്കുമെന്ന് ഖുര്‍‌ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
‘കാര്യങ്ങള്‍ എല്ലാം വെളിവായതിന് ശേഷം റസൂലിനോട് പിണങ്ങുകയും മുഅ്മിനുകള്‍ നടന്ന് പോരുന്ന മാര്‍ഗ്ഗം അല്ലാത്ത മാര്‍ഗ്ഗം പിന്‍‌പറ്റുകയും ചെയ്താല്‍ അവന്‍ തേടുന്ന മാര്‍ഗ്ഗത്തിലൂടെ അവനെ തെളിക്കുകയും അതിന്റെ ഫലമായി അവന്‍ നരകത്തില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നതാണ്’ (നിസാ‌അ് 115)
അപ്പോള്‍ മുഅ്മിനുകളെ സംബന്ധിച്ച് പിന്‍‌പറ്റേണ്ട ഒരു മാര്‍ഗ്ഗമുണ്ടെന്നും ആ മാര്‍ഗ്ഗം പരമ്പരാഗതമായി മുഅ്മിനുകള്‍ നടന്നുവന്ന മാര്‍ഗ്ഗമാണെന്നും ആ മാര്‍ഗ്ഗത്തില്‍ നിന്ന് തെറ്റി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് നരകശിക്ഷയാണ് ഫലമെന്നും നാം അറിയുമ്പോഴാണ് ഈ മഹാരഥന്മാര്‍ ചെയ്ത സേവനത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാകുക.
മുസ്‌ലിം ലോകത്ത് കഴിഞ്ഞ ഒന്ന് രണ്ട് നൂറ്റാണ്ടുകളിലായി ഒട്ടുമിക്ക അഭിപ്രായവ്യത്യാസങ്ങളുടേയും കാതല്‍ മുഅ്മിനുകള്‍ പാലിച്ച് പോന്നിരുന്ന പൂര്‍വ്വികരുടെ സരണിയില്‍ നിന്ന് കണ്ടം ചാടിയതാണെന്ന് മനസ്സിലാക്കാം
കാലം അവര്‍ക്ക് തിരിച്ചടി നല്‍‌കുന്നതിന്റെ തെളിവുകളാണ് സയ്യിദ് ഖുതുബിന്റെ ‘ജിഹാദ്’ എന്ന പുസ്തകം സൌദി ഭരണകൂടം പോലും നിരോധിച്ചു എന്നത്. ജിന്ന്, സിഹ്‌റ്, സ്ത്രീകളുടെ നേതൃത്വം, അവരുടെ സം‌ഘടന എന്നിവയിലൊക്കെ അവരതാ പരസ്പരം തല്ലുന്നു.
മൌദൂദിയെ ജമാ‌അത്തുകാര്‍ തന്നെ ഇതാ വലിച്ചെറിഞ്ഞിരിക്കുന്നു. അപ്പോഴുമതാ , ലോകം മുഴുവനും അത്യാദരപൂര്‍വ്വം മദ്‌ഹബിന്റെ ഇമാമുകളുടെ നാമം സ്‌മരിക്കുകയും അവര്‍ക്ക് رضي الله عنه ചെല്ലിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.