page

Tuesday, 15 August 2017

നബിയേ- സ്വർഗം തരണേ


ഇത് റബീഅ:(റ) എന്ന നബി(സ)യുടെ സേവകനായ സ്വഹാബി ചോദിച്ചതാണ്. ഹദീസ് ഗ്രന്ഥങ്ങളിൽ സ്വഹീഹായി രേഖപ്പെട്ടു കിടക്കുന്നതാണ്. ആർക്കും ഒരു തർക്കവുമില്ല. ഇങ്ങനെ തന്നെയാണ് ചോദിച്ചത്. വേറെ ഒരു പദവുമല്ല ഉപയോഗിച്ചത്. ഇതു തന്നെയാണ് ചോദിച്ചത്. 'നബിയേ, സ്വർഗത്തിൽ അങ്ങയോടൊപ്പമുള്ള സഹവാസത്തെ ഞാൻ ചോദിക്കുന്നു' എന്നാൽ 'നബിയേ എനിക്ക് സ്വർഗം തരണേ' എന്നു തന്നെയാണ്.

عن أبي فراس ربيعة بن كعب الأسلمي خادم رسول الله صلى الله عليه وسلم، ومن أهل الصفة ـ رضي الله عنه ـ قال : كنت أبيت مع رسول الله صلى الله عليه وسلم ، فآتيه بوضوئه وحاجته ، فقال : ( سلني ) ، فقلت : أسألك مرافقتك في الجنة ، فقال : ( أو غير ذلك ؟) قلت : هو ذاك ، قال : ( فأعني على نفسك بكثرة السجود ) رواه مسلم(76)

“അഹ്.ലുസ്സുഫ്ഫയിൽ പെട്ട, നബി(സ)യുടെ സേവകനായിരുന്ന റബീഅത്തു ബിൻ കഅബിൽ അസ്.ലമി(റ) പറയുന്നു: ഞാൻ നബി(സ)യോടൊപ്പം രാത്രി താമസിക്കാറുണ്ടായിരുന്നു. അവിടുത്തേക്ക് വുളൂഇനും മറ്റു ആവശ്യങ്ങൾക്കുമുള്ള വെള്ളവും മറ്റും ഞാൻ എത്തിക്കാറുണ്ടായിരുന്നു. അങ്ങനെ നബി(സ) എന്നോട് പറഞ്ഞു: 'എന്നോട് ചോദിക്കൂ'. ഞാൻ ചോദിച്ചു: 'നബിയേ, സ്വർഗത്തിൽ അങ്ങയോടൊപ്പമുള്ള സഹവാസത്തെ ഞാൻ ചോദിക്കുന്നു'. അപ്പോൾ നബി(സ) ചോദിച്ചു: ‘അതല്ലാത്തത് ഒന്നും?’ ഞാൻ പറഞ്ഞു: ‘അതു തന്നെ’. അവിടുന്ന് പറഞ്ഞു: ‘അങ്ങനെയെങ്കിൽ സുജൂദ് അധികരിപ്പിക്കൽ കൊണ്ട് നിന്റെ നഫ്സിനാൽ നീ എന്നെ സഹായിക്കുക’. --- ഇമാം മുസ്.ലിം തന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്നു”

സൃഷ്ടികളോട് സ്വർഗം ചോദിക്കാമോ, പാപമോചനം ചോദിക്കാമോ എന്നെല്ലാം വലിയ വായിൽ ഇസ്തിഗാസാ വിരോധികൾ ചോദിക്കാറുണ്ട്. 
സ്വർഗം ചോദിച്ചതല്ല, സ്വർഗം ലഭിക്കാൻ പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് ഒന്നാമത്തെ തൊടുന്യായം. പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടതെങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ? ആ വാചകമല്ലല്ലോ ഹദീസിൽ വന്നത്? നബിയേ എനിക്ക് സ്വർഗം കിട്ടാൻ അങ്ങ് പ്രാർത്ഥിക്കണേ എന്നല്ലല്ലോ ഹദീസിലെ വാചകം? 'നബിയേ, സ്വർഗത്തിൽ അങ്ങയോടൊപ്പമുള്ള സഹവാസത്തെ ഞാൻ ചോദിക്കുന്നു' എന്നാണ് ഹദീസിലെ സ്വഹാബിയുടെ ചോദ്യം. അഥവാ സ്വർഗം നേരിട്ടങ്ങു ചോദിക്കുകയാണ്. ഇതിൽ എവിടെ പ്രാർത്ഥിക്കണം എന്ന്?
നബിയേ സ്വർഗം ലഭിക്കാനും നരകത്തിൽ നിന്നും മോചനം ലഭിക്കാനും ദുആ ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഇതേ സ്വഹാബിയുടെ ഹദീസ് ത്വബ്.റാനി ഉദ്ധരിച്ചിട്ടുണ്ടെത്രെ. ആയ്കോട്ടെ ... അതിനെന്താ കുഴപ്പം??? ത്വബ്.റാനിയുടെ കബീറിൽ വേറെ ഹദീസ് വന്നതു കൊണ്ട് സ്വഹീഹ് മുസ്.ലിമിലെ ഈ ഹദീസ് മാഞ്ഞു പോകുമോ ???

ഒരേ വിഷയത്തിൽ പല ഹദീസുകളും വരും. പല രൂപത്തിലും വാചകങ്ങളിലും വരും. ഒരു ഹദീസ് കൊണ്ട് മറ്റു ഹദീസുകൾ ബാഥിലാകുമെന്ന് ബുദ്ധിയുള്ള ആരും പറയില്ല. ഇവിടെ സൃഷ്ടികളോട് സ്വർഗം ചോദിക്കാമോ എന്നതാണ് വിഷയം. സൃഷ്ടിയായ നബി(സ)യോട് അനുയായി നേരിട്ട് സ്വർഗം ചോദിച്ച ഹദീസ് സ്വഹീഹായി വന്ന സ്ഥിതിക്ക് അങ്ങനെ ചോദിക്കൽ ശിർക്കല്ലെന്നും മനസ്സിലായി.

നബി(സ) സ്വഹാബിയോട് എന്താണ് മറുപടി പറഞ്ഞതെന്ന മറുചോദ്യമാണ് രണ്ടാമത്തെ അടവ്. എന്ത് മറുപടി പറഞ്ഞാലും എന്താ? അതൊരിക്കലും ഈ ചോദ്യം ശിർക്കാണെന്നല്ലല്ലോ? ഈ ചോദ്യം പാടില്ലെന്നല്ലല്ലോ? സൃഷ്ടികളോട് സ്വർഗം ചോദിക്കൽ നിഷിദ്ധമാണെന്നോ വെറുക്കപ്പെട്ടതാണെന്നോ അല്ലല്ലോ? ഇനി ഒരിക്കലും ഇങ്ങനെ ചോദിക്കരുത് എന്നുമല്ലല്ലോ???
സുജൂദ് അധികരിപ്പിച്ചു കൊണ്ട് നീ എന്നെ സഹായിക്കണം എന്നാണ് റസൂൽ(സ) ആ സ്വഹാബിയോടു ആവശ്യപ്പെട്ടത്. അല്ലാതെ ചോദിച്ചത് ശിർക്കാണ്, പോയി ശഹാദത്ത് കലിമ ചൊല്ലി കുളിച്ചു വരാനല്ല. അഥവാ ചോദിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല കാര്യമാണ് ചോദിച്ചത്. ഇനി ആ ലക്ഷ്യത്തിലേക്ക് വേണ്ടി കൂടുതൽ ഇബാദത്തുകളിൽ മുഴുകുവാനാണ് ആവശ്യപ്പെട്ടത്. അതങ്ങനെയാണ്. മഹാന്മാരുമായുള്ള സഹവാസത്തിലൂടെ നാം വലിയ ലക്ഷ്യങ്ങൾ കാണുന്നു. ആ ലക്ഷ്യങ്ങൾക്ക് വേണ്ടി നമ്മുടെ ജീവിതം കൂടുതൽ ആരാധനാനിമഗ്നമാകുന്നു.

അപ്പോൾ ഒരു കാര്യം വ്യക്തമായി. അങ്ങനെ ചോദിക്കുന്നത് ശിർക്കല്ല. ഇനി അതിന്റെ വിശദീകരണമാണ്. ആ വിശദീകരണമാകട്ടെ ഈ ചോദ്യത്തിനു മാത്രം ബാധകമായതുമല്ല. എന്താണ് ആ ചോദ്യത്തിന്റെ ഉദ്ദേശ്യം? നബി(സ)യാണ് സ്വർഗവും നരകവും നൽകുന്നതെന്ന വിശ്വാസത്തിൽ അല്ലല്ലോ സ്വഹാബി ചോദിച്ചത്. അപ്പോൾ സ്വർഗം ലഭിക്കാൻ എനിക്ക് നബി(സ)യുടെ ശഫാഅത്ത് ഉണ്ടാവണം. അതിനു നബി(സ)യുടെ പ്രാർത്ഥന വേണം. അതു തന്നെയാണ് ഉദ്ദേശ്യം. അതല്ലെന്നു ഇവിടെ ആരും വാദിക്കുന്നില്ല. ഇതു തന്നെയാണ് മഹാന്മാരോടുള്ള എല്ലാ ചോദ്യങ്ങളുടെയും ഉദ്ദേശ്യം. പ്രത്യക്ഷത്തിൽ അവർ ഉടമപ്പെടുത്താത്തത് ചോദിക്കുന്ന എല്ലാ ചോദ്യങ്ങളുടെയും ഉദ്ദേശ്യം ഇതു തന്നെ. സ്വർഗം വേണം എന്നു ചോദിച്ചാൽ അതിനായി മഹാന്റെ ശഫാഅത്ത് വേണം. ദുആ വേണം എന്നർത്ഥം. പാപമോചനം വേണം എന്ന് ആവശ്യപ്പെട്ടാൽ അതിനായി മഹാന്റെ ശഫാഅത്ത് വേണം, ദുആ വേണം എന്നർത്ഥം. ഇതിനാണ് ‘ഇസ്തിശ്ഫാ’ എന്നു പറയുന്നത്. ഇതാണ് ഇവിടെ പുത്തൻവാദികൾ ശിർക്കെന്ന് ഘോഷിക്കുന്ന ‘ഇസ്തിഘാസ’യുടെ അടിസ്ഥാനം.

അപ്പോൾ നബിയേ എനിക്ക് സ്വർഗം തരണേ എന്നു സഹായം ചോദിച്ചാൽ അതിന്റെ ഉദ്ദേശ്യം നബിയേ സ്വർഗത്തിനു വേണ്ടി എനിക്ക് ശഫാഅത്ത് ചെയ്യണം എന്നാണെങ്കിൽ, അതിനു വേണ്ടി പ്രാർഥിക്കണം എന്നാണെങ്കിൽ, അതു തന്നെയാണ്, മുഹ്.യിദ്ദീൻ ശൈഖേ എന്നെ രക്ഷിക്കണേ എന്നു സഹായം ചോദിച്ചാൽ അതിന്റെയും ഉദ്ദേശ്യം. അഥവാ രക്ഷക്ക് വേണ്ടി ശഫാഅത്ത് ചെയ്യണം, അതിനു വേണ്ടി പ്രാർത്ഥിക്കണം എന്ന്. അല്ലാതെ മുഹ്.യിദ്ദീൻ ശൈഖ് നേരെ ഇറങ്ങി വന്നു രക്ഷിക്കണം എന്ന് അതിനെ ആരും അർത്ഥമാക്കുന്നില്ല.

അപ്പോൾ ഹദീസിൽ സ്വർഗം ചോദിച്ചതിന്റെ ഉദ്ദേശ്യം ഇതാണ് എന്ന് വഹാബികൾ പോലും അംഗീകരിച്ച സ്ഥിതിക്ക്, ആ ചോദ്യം ശിർക്കല്ലെന്ന് അവർക്ക് അംഗീകരിക്കേണ്ടി വന്ന സ്ഥിതിക്ക്, അതു തന്നെയാണ് മഹാന്മാരോടുള്ള ഏതു തരം ഇസ്തിഘാസയുടെയും ഉദ്ദേശ്യം എന്നതിനാലും ഹദീസിലെ ചോദ്യം ശിർക്കല്ലാത്തത് പോലെ അത്തരം ഇസ്തിഘാസയും ശിർക്കല്ലെന്ന് വരുന്നു. ഒരേ വിഷയത്തിൽ, ഒരു സന്ദർഭത്തിനു മാത്രം ഒരു വിശദീകരണം നൽകലും, അതേ സ്വഭാവത്തിലും അർത്ഥത്തിലുമുള്ള മറ്റു സന്ദർഭങ്ങൾക്ക് ആ വിശദീകരണം ബാധകമാവില്ല എന്നു വാദിക്കലും മർക്കടമുഷ്ടിക്കാരുടെ ചര്യ ആണ്. ഇനിയും ഇസ്തിഘാസ ശിർക്കാണെന്ന് വാദിക്കുന്ന വഹാബികൾ എല്ലാം മർക്കട മുഷ്ടിക്കാർ തന്നെ ....
അല്ലാതെ നബി(സ) ഇഷ്ടാനുസരണം സ്വർഗവും നരകവും നൽകുമെന്ന വിശ്വാസം സുന്നികൾക്കില്ലാത്തത് പോലെ തന്നെ മഹാന്മാർ ഇഷ്ടാനുസരണം ഏതു സഹായവും നൽകുമെന്ന വിശ്വാസവും സുന്നികൾക്കില്ല. അതെ സമയം നബി(സ)യോട് സ്വർഗം ചോദിക്കുന്നത് ശിർക്കല്ലാത്തത് പോലെ തന്നെ മഹാന്മാരോട് സഹായം ചോദിക്കുന്നതും ശിർക്കല്ല. നബി(സ)യുടെ കഴിവിൽ പെടാത്ത സ്വർഗം നൽകൽ എന്ന കാര്യം ചോദിച്ചതു കൊണ്ട് ഇവിടെ ആരും മുശ്.രിക്കാകാത്തതു പോലെ തന്നെ, മഹാന്മാരുടെ കഴിവിൽ പെടാത്ത എന്തു കാര്യവും ചോദിച്ചതു കൊണ്ടും ഇവിടെ ആരും മുശ്.രിക്കാകുന്നില്ല എന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. ഇത് തന്നെയാണ് എല്ലാ സൃഷ്ടികളുടെയും ആ സൃഷ്ടികളോട് സഹായം ചോദിക്കുന്നതിന്റെയും അവസ്ഥ.
നാം ഏതു സൃഷ്ടിയോടു എന്തു ചോദിക്കുന്നുവോ അതൊന്നും യഥാർത്ഥത്തിൽ ആ സൃഷ്ടിയുടെ കഴിവിൽ പെട്ടതല്ല. ആണെന്ന വിശ്വാസം എല്ലാ കഴിവുകളുടെയും ഉടമയായ അല്ലാഹുവിനോട് ആ സൃഷ്ടിയെ തുലനപ്പെടുത്തലാണ്. ശിർക്കാണ്. ഒരു സൃഷ്ടിക്കും ഒരു കഴിവും ഇല്ല. എന്നിട്ടും നാം സൃഷ്ടികളോട് സഹായം ചോദിക്കുന്നത് അല്ലാഹു ആ സൃഷ്ടി മുഖേന നമ്മെ സഹായിക്കുന്നു എന്ന ഉറച്ച വിശ്വാസത്തോടെയാണ്. എന്നാൽ വഹാബികൾ ഇതിന്റെ നേർ വിപരീതമാണ് വിശ്വസിക്കുന്നത്. ജീവിച്ചിരിക്കുന്ന സൃഷ്ടികൾക്ക് സ്വന്തമായി എന്തൊക്കെയോ ഉണ്ടെന്നാണ് ആ യുക്തിവാദികളുടെ വിശ്വാസം. നാം ചായക്കടക്കാരനോട് ചായ ചോദിക്കുമ്പോൾ അല്ലാഹു അയാൾ നമുക്ക് ചായ നൽകൽ മുഖേന നമ്മെ സഹായിക്കുന്നു എന്ന ഉറച്ച വിശ്വാസത്തോടെയാണ്. എന്നാൽ വഹാബികൾ ചായ ചോദിക്കുന്നത് അയാൾ സ്വന്തം നിലയിൽ ചായ നൽകുന്നു എന്ന വിശ്വാസത്തോടെയാണ്. യഥാർത്ഥത്തിൽ ഈ വിശ്വാസമാണ് ശിർക്ക്. അല്ലെങ്കിൽ ചായക്കടക്കാരൻ എന്ന സൃഷ്ടിയോട് ചായ ചോദിക്കൽ എന്തു കൊണ്ട് ശിർക്കാകുന്നില്ല എന്ന് അവർ വ്യക്തമാക്കട്ടെ. എല്ലാ സൃഷ്ടികൾക്കും ഭക്ഷണം നൽകുന്നത് അല്ലാഹു ആണല്ലോ? എന്നിട്ടും ഇവർ എന്തു കൊണ്ട് ചായക്കടക്കാരനെ സമീപിക്കുന്നു? ഇതിനു എന്തു ഉത്തരമാണോ ഇവർക്ക് നൽകാനുള്ളത് അതു തന്നെയാണ് മഹാന്മാരെ സമീപിക്കുന്ന സുന്നികൾക്കും ആ വിഷയത്തിൽ നൽകാനുള്ളത്. എല്ലാ സഹായവും നൽകുന്നത് അല്ലാഹു തന്നെ. എന്നാൽ മഹാന്മാർ മുഖേന അല്ലാഹു സഹായിക്കുന്നത് സ്ഥിരപ്പെട്ട വസ്തുത ആയതു കൊണ്ട് തന്നെ സുന്നികൾ മഹാന്മാരെ സമീപിക്കുന്നു.
ഇപ്പോൾ വഹാബിയുടെ വളഞ്ഞ ബുദ്ധിയിൽ ഒരു ചോദ്യം ഉദിക്കും. അങ്ങനെയെങ്കിൽ എന്തു കൊണ്ട് നിങ്ങൾ ചായക്കടക്കാരൻ മരണപ്പെട്ടതിനു ശേഷം അയാളുടെ ഖബ്.റിങ്കൽ പോയി ചായ ചോദിക്കുന്നില്ല എന്ന്? മറുപടിയും കൂടി കയ്യോടെ പിടിച്ചോളൂ ... ചായ നൽകലും ഭക്ഷണം നൽകലും ചികിൽസ നൽകലും എല്ലാം അതുമായി ബന്ധപ്പെട്ടവർക്ക് ലഭിക്കുന്ന ഭൗതികമായ അനുഗ്രഹങ്ങളുടെ ഭാഗമാണ്. അവരുടെ ഭൗതിക ജീവിതം അവസാനിക്കുന്നതോടു കൂടി ആ അനുഗ്രഹവും അവസാനിക്കുന്നു. അതു കൊണ്ട് തന്നെ അതിനു ശേഷം അത്തരം കാര്യങ്ങൾക്കായി ആരും അവരെ സമീപിക്കുന്നില്ല.

എന്നാൽ അല്ലാഹുവിനു വഴിപ്പെട്ടു ജീവിച്ച് മഹത്തുക്കളായി മാറിയവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ ഇത്തരത്തിൽ ഭൗതികജീവിതം അവസാനിക്കുന്നതോടെ അവസാനിക്കുന്നതല്ല. കാരണം ഒരു വൈദ്യൻ എന്ന നിലയിലല്ലല്ലോ സ്വഹാബികൾ നബി(സ)യെ തങ്ങളുടെ അസുഖം മാറാൻ വേണ്ടി സമീപിച്ചത്. അത് നബി(സ)ക്ക് അല്ലാഹുവിങ്കൽ ഉള്ള മഹത്തായ സ്ഥാനത്തിന്റെ മഹത്വം ഉദ്ദേശിച്ചു കൊണ്ടാണ്. മരണത്തോടെ ആ സ്ഥാനം ഇല്ലാതാവുന്നില്ലല്ലോ? മഹാന്മാരുടെ അവസ്ഥയും തഥൈവ. അതു കൊണ്ട് അവരെ സമീപിക്കുന്നതിനു ജീവിത മരണ വിത്യാസമില്ല. ജീവിതകാലത്ത് സമീപിക്കുന്നത് ശിർക്കാവുന്നില്ലെങ്കിൽ മരണശേഷം സമീപിക്കുന്നതും ശിർക്കല്ല