page

Sunday, 6 August 2017

തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം

അറിവില്ലാത്തവര്‍ പണ്ഢിതന്മാരുടെ അഭിപ്രായം തെളിവുകൂടാതെ സ്വീകരിക്കല്‍ അഥവാ അവരെ തഖ്ലീദു ചെയ്യല്‍ സ്വഹാബത്തിന്റെ കാലത്തുണ്ടായിരുന്നോ? നമുക്കു പരിശോധിക്കാം. കഴിവുള്ളവന്‍ ഇജ്തിഹാദു ചെയ്യുകയും മറ്റുള്ളവര്‍ പണ്ഢിതന്മാരെ തഖ്ലീദു ചെയ്യുകയും ചെയ്യുക. ഇതാണ് സ്വഹാബത്തിന്റെ കാലം തൊട്ടു നാളിതുവരെ നിരാക്ഷേപം തുടര്‍ന്നു വന്നിട്ടുള്ള സമ്പ്രദായം. സാധാരണക്കാരും തെളിവു ചിന്തിച്ചു ഗ്രഹിക്കണമെന്നതു വഴിപിഴച്ച ഖദ്രിയ്യാ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ തെറ്റായ വാദമാണ്. ഈ വാദത്തെ ഖണ്ഢിച്ചു കൊണ്ട് ഹുജ്ജത്തുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലി (റ) എഴുതുന്നു :

“രണ്ടു തെളിവുകള്‍ കൊണ്ട് മേല്‍ വാദം അബദ്ധമാണ്. ഒന്ന്; സ്വഹാബത്തിന്റെ ഇജ്മാഅ് തന്നെ. കാരണം അവര്‍ സാധാരണക്കാര്‍ക്ക് ഫത്വാ കൊടുക്കുക പതിവായിരുന്നു. അവരോട് തെളിവു ഗ്രഹിക്കുന്ന പദവിയില്‍ എത്തിച്ചേരണമെന്ന് കല്‍പിക്കാറുണ്ടായിരുന്നില്ല. രണ്ടാമത്തെ തെളിവ് ഇതാണ്. സാധാരണക്കാരന്‍ മതവിധികള്‍  കൊണ്ട് കല്‍പിക്കപ്പെട്ടവനാണെന്നതില്‍ ഏകകണ്ഠമായ പണ്ഢിതാഭിപ്രായമുണ്ട്. തെളിവു മനസ്സിലാകുന്ന നിലപാട് തേടി പിടിക്കണമെന്ന് അവനോട് നിര്‍ബന്ധിക്കുന്നതാകട്ടെ, അസംഭവ്യവും. എന്തു കൊണ്ടെന്നാല്‍, അതു കൃഷിയും സന്താനവും നശിക്കുന്നതിനും തൊഴിലുകളും വ്യവസായങ്ങളും മുടങ്ങുന്നതിനും ഇടവരുത്തും. ജനങ്ങളെല്ലാവരും ആ വിജ്ഞാനത്തിന്റെ സമ്പാദനത്തില്‍ വ്യാപൃതരായാല്‍, ലോകം ശൂന്യമാകുന്നതിനു അതു കാരണമായിത്തീരും (മുസ്തസ്വ്ഫാ 2-124).
ഇമാം ഗസ്സാലിയുടെ മറ്റൊരു പ്രസ്താവന ഇപ്രകാരമാണ് : “സ്വഹാബത്ത് പരസ്പരം ആദരിക്കുകയും ഏതൊരു മുജ്തഹിദിനും വിധി പറയാനും ഫത്വാ നല്‍കാനുമുള്ള അധികാരം വകവച്ചു കൊടുക്കുകയും ഏതൊരു സാധാരണക്കാരനും അവനുദ്ദേശിക്കുന്ന മുജ്തഹിദിനെ തഖ്ലീദു ചെയ്യുന്നതിനും അംഗീകാരം നല്‍കുകയും ചെയ്തിരുന്നുവെന്നത് വിശ്വാസ യോഗ്യമായ നിരവധി പരമ്പരകളില്‍ കൂടി വന്നിട്ടുള്ള കാര്യമാണ്. അതിലൊട്ടും സംശയത്തിനവകാശമില്ല”(മുസ്തസ്വ്ഫാ 2-108). തഖ്ലീദിനു മഹാന്മാരായ സ്വഹാബത്തിന്റെ ഏക കണ്ഠമായ അംഗീകാരമുണ്ടെന്നു മേല്‍ ഉദ്ധരണികള്‍ വ്യക്തമാക്കുന്നു.