page

Sunday, 6 August 2017

ഇജ്തിഹാദ് പിഴച്ചാലും പ്രതിഫലമുണ്ട്

ശസ്ത്രക്രിയാ വിദഗ്ധനായ ഒരു ഡോക്ടര്‍ സര്‍ജിക്കല്‍ ഓപ്പറേഷന്‍ നടത്തി. അവിചാരിതമായി ഒരബദ്ധം പിണഞ്ഞു. രോഗി മരിക്കാനിടവന്നു. ഡോക്ടര്‍ കുറ്റക്കാരനാണെന്നു ആരും വിധിക്കുകയില്ല. ഈ കൈപ്പിഴക്ക് അദ്ദേഹം ശിക്ഷിക്കപ്പെടുകയുമില്ല. ഡോക്ടര്‍ തദ്വിഷയകമായി ബിരുദം നേടിയിട്ടില്ലെങ്കിലോ? അനധികൃതമായി നടത്തിയ ശസ്ത്രക്രിയ, ഭാഗ്യത്തിന് വിജയത്തില്‍ കലാശിച്ചാലും അയാള്‍ ശിക്ഷിക്കപ്പെടും. ഇതു തന്നെയാണ് ഇജ്തിഹാദിന്റെ നില. നബി (സ്വ) പറയുന്നു : “ഒരു വിധികര്‍ത്താവ് വിധി പറയാനുദ്ദേശിക്കുകയും അങ്ങനെ ഇജ്തിഹാദു ചെയ്തു, സത്യത്തിലെത്തിച്ചേരുകയും ചെയ്താല്‍ അവനു രണ്ടു കൂലിയുണ്ട്. അവന്‍ വിധിക്കാനുദ്യമിക്കുകയും അങ്ങനെ ഇജ്തിഹാദു ചെയ്ത് അബദ്ധം പിണയുകയും ചെയ്താല്‍ അവനു കൂലിയുണ്ട്” (ബുഖാരി, മുസ്ലിം).
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) രേഖപ്പെടുത്തിയതു കാണുക: “പണ്ഢിതന്മാര്‍ പറഞ്ഞു : ഈ ഹദീസ് വിധി കണ്ടെത്തുന്നതിനര്‍ഹനും പണ്ഢിതനുമായ വിധി കര്‍ത്താവിനെ കുറിച്ചാണെന്നതില്‍ മുസ്ലിംകള്‍ ഏകോപിച്ചിരിക്കുന്നു. അവനു സത്യം കണ്ടെത്തിയാല്‍ രണ്ടു പ്രതിഫലമുണ്ട്; ഒന്ന് അവന്റെ ഇജ്തിഹാദിന്; മറ്റൊന്ന് സത്യം കണ്ടെത്തിയതിനും. എന്നാല്‍ വിധിക്കര്‍ഹനല്ലാത്തവനാണെങ്കിലോ? അവന്‍ ഇജ്തിഹാദു ചെയ്തു വിധി പറയാന്‍ പാടില്ല. ഇനി, അവന്‍ വിധിച്ചാലോ? പ്രതിഫലമില്ലെന്നു മാത്രമല്ല, അവന്‍ കുറ്റക്കാരന്‍ കൂടിയാകുന്നു. സത്യവുമായി ഒത്തുവന്നാലും ഇല്ലെങ്കിലും അവന്റെ വിധി പ്രായോഗികമല്ല. കാരണം അവന്റെ സത്യം കണ്ടെത്തല്‍ യാദൃശ്ചികം മാത്രമാണ്. അതു മതപരമായ ഒരടിസ്ഥാനത്തില്‍ നിന്നു  ആവിര്‍ഭവിക്കുന്നതല്ല. ആകയാല്‍, വാസ്തവത്തോടു ഒത്താലും ഇല്ലെങ്കിലും, എല്ലാ വിധികളിലും അവന്‍ കുറ്റക്കാരനാണ്. ആ വിധികളഖിലം തള്ളപ്പെടേണ്ടതാണ്. അവയൊന്നിലും അവനു മാപ്പു നല്‍കാവതല്ല’ (ശര്‍ഹു മുസ്ലിം 2-76).
ഇതു കൊണ്ടാണ് വിശ്വവിശ്രുതരായ മഹാ പണ്ഢിതന്മാര്‍ പോലും ഇജ്തിഹാദ് എന്ന സാഹത്തിനൊരുങ്ങാതെ അര്‍ഹരെന്നു ലോകം അംഗീകരിച്ച നാലു ഇമാമുകളുടെ മദ്ഹബുകളില്‍ ഒന്നിനെ അനുധാവനം ചെയ്തിട്ടുള്ളത്. ഇമാമുകള്‍ക്ക് തങ്ങളുടെ ഗവേഷണങ്ങളില്‍ തെറ്റ് പിണഞ്ഞു കൂടെ? പിണയാം. സംഭവ്യമാണ്. പക്ഷേ, അവര്‍ക്കോ അവരെ തഖ്ലീദു ചെയ്യുന്നവര്‍ക്കോ ഈ സംഭവ്യത കൊണ്ടു യാതൊരു ദോഷവുമില്ല. യോഗ്യന്മാരുടെ ഗവേഷണ ഫലം തെറ്റായിരുന്നാല്‍ പോലും അംഗീകൃതവും അനുകരണീയവുമാണെന്ന് മുകളിലുദ്ധരിച്ച      ഹദീസ് വ്യക്തമാകുന്നുണ്ട്.