page

Wednesday, 6 September 2017

അല്ലാഹുവിലുള്ള -വഹാബീ വിശ്വാസം

സുഹൃത്തുക്കളെ,,,
ഇവിടെ മുജാഹിദ് മൌലവിമാര്‍ പല തരത്തിലുള്ള ചര്‍ച്ചകളും കൊണ്ട് വന്നു, ആയത്തിനും ഹദീസിനും നേരിട്ട് അര്‍ഥം കൊടുക്കുകയും എന്നിട്ട് അതിനെയെല്ലാം സ്വന്തം ഇഷ്ടത്തിനനുസരിച്ച്
വ്യാഖ്യാനിക്കുകയും സാധാരണക്കാരെ ദീനില്‍ നിന്ന് തെറ്റിക്കാന്‍ നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുകയും ആണല്ലോ. ഇബലീസിനു വിടുപണി നടത്തുകയാണ് മൌലവിമാരുടെ മുഖ്യ കര്‍മ്മം.

അതില്‍ ഏറ്റവും അപകടകരമായതും ജനങ്ങളെ കുഫ് റിലേക്ക് നയിക്കുന്നതുമാണ്‌ അല്ലാഹുവിനെ കുറിച്ചുള്ള അവരുടെ വികല വാദങ്ങള്‍.
ഖുര്‍ആനിലും ഹദീസിലും പല സ്ഥലങ്ങളിലും 'അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും', 'അല്ലാഹു അര്ശില്‍ ഉപവിഷ്ടനായിരിക്കുന്നു', 'അല്ലാഹുവിന്റെ കൈ', 'അല്ലാഹുവിന്റെ മുഖം' എന്നീ അര്‍ഥങ്ങള്‍ വരുന്ന (ശ്രദ്ധിക്കുക: എന്നീ അര്‍ഥങ്ങള്‍ വരുന്ന) പ്രയോഗങ്ങള്‍ കാണാം. അത്തരം പ്രയോഗങ്ങള്‍ക്കൊന്നും തന്നെ ഇവിടെ കൊടുത്ത അര്‍ഥങ്ങള്‍ ഇല്ല.
അത്തരം പ്രയോഗങ്ങള്‍ക്കൊന്നും തന്നെ നാം സൃഷ്ടികളോട് ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന അര്‍ഥങ്ങള്‍ ഇല്ല തന്നെ. കയ്യും മുഖവും തുടങ്ങിയ അവയവങ്ങള്‍ ഉള്ളത് സൃഷ്ടികള്‍ക്കാണ്. ഇറങ്ങുകയും കയറുകയും ചെയ്യുന്നത് സൃഷ്ടികളാണ്. അല്ലാഹുവാകട്ടെ സൃഷ്ടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വതന്ത്രനാണ്. അവരുടെ എല്ലാ ഗുണങ്ങളില്‍ നിന്നും വ്യത്യസ്തനാണ്. സര്‍വ കാര്യങ്ങളിലും അല്ലാഹു എല്ലാ സൃഷ്ടികളില്‍ നിന്നും വ്യത്യസ്തനാണ്. ഇങ്ങനെ വിശ്വസിക്കല്‍ ഒരു മുസ്‌ലിമിന് അനിവാര്യമാണ്. അല്ലെങ്കില്‍ അവന്‍ മുസ്‌ലിമല്ല.
അവയവങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ നിലനില്‍ക്കുക എന്നത് സൃഷ്ടികളുടെ സവിശേഷതയാണ്. സൃഷ്ടികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ അവയവങ്ങളെ ആശ്രയിച്ചേ തീരൂ. അപ്പോള്‍ അത് അവരുടെ ന്യൂനത ആണ്. അല്ലാഹു ആകട്ടെ, ഒന്നിനെയും ആശ്രയിക്കല്‍ ആവശ്യമില്ലാത്തവനും എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധനുമാണ്. അത് കൊണ്ട് തന്നെ 'മുഖം', 'കൈ' എന്നിങ്ങനെ അവയവങ്ങള്‍ അവനുമായി ബന്ധപ്പെടുത്തല്‍ അല്ലാഹുവിനു ആശ്രയത്വവും ന്യൂനതയും സ്ഥാപിക്കലും ആ വിശ്വാസം കുഫ്റുമാണ്.
സൃഷ്ടികള്‍ക്കെല്ലാം രൂപമുണ്ട്. ഒരു നിശ്ചിത രൂപമില്ലാതെ ഒരു സൃഷ്ടിയുമില്ല. പദാര്‍ത്ഥങ്ങള്‍ക്കെല്ലാം നാല് അവസ്ഥകള്‍ ഉണ്ടെന്നും (ഖരം, വായു, ജലം, പ്ലാസ്മ) ഈ അവസ്ഥകളാണ് അതിനു രൂപമടക്കമുള്ള ഗുണങ്ങള്‍ നല്‍കുന്നതെന്നും നാം സ്കൂളുകളില്‍ പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ രൂപം എന്നത് സൃഷ്ടികളോട് ബന്ധപ്പെട്ട ഒരു സവിശേഷതയാണ്. ഘടകങ്ങള്‍ അഥവാ അവയവങ്ങളാണ് രൂപം നിര്‍ണ്ണയിക്കുന്നത്. അല്ലാഹുവാകട്ടെ, രൂപമില്ലാത്തവനാണ്. അപ്പോള്‍ അല്ലാഹുവിനു അവയവങ്ങള്‍ ഉണ്ടെന്നു വാദിക്കുന്നത് അവനു ഒരു രൂപം പ്രതിഷ്ടിക്കുന്നതിനു തുല്യമാണ്.... മആദാല്ലാഹു....
അപ്രകാരം തന്നെയാണ്, അല്ലാഹു കയറുകയും ഇറങ്ങുകയും ചെയ്യുന്നു എന്ന വിശ്വാസവും. ഈ പിഴച്ച വിശ്വാസം പല നിലക്കും കുഫ്റിലേക്ക് എത്തിച്ചേരുന്നു.
ഒന്ന്: കയറുക, ഇറങ്ങുക എന്നതിന്റെ ഉദ്ദേശം നിലവിലുള്ള സ്ഥലം മാറുക, ചലിക്കുക എന്നതാണ്. ഒന്നാം നിലയില്‍ നിന്ന് ഒരാള്‍ രണ്ടാം നിലയിലേക്ക് കയറി എന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശം, അവന്റെ ആദ്യ സ്ഥലമായ ഒന്നാം നിലയില്‍ നിന്ന് അവന്‍ ചലിക്കുകയും അവന്റെ സ്ഥലം ഇപ്പോള്‍ രണ്ടാം നിലയായി മാറുകയും ചെയ്തിരിക്കുന്നു എന്നതാണ്. അപ്പോള്‍ സ്ഥലവുമായി ബന്ധപ്പെടാതെ, അല്ലെങ്കില്‍ സ്ഥലത്തില്‍ ഉള്‍കൊള്ളാതെ, കയറുകയും ഇറങ്ങുകയും എന്നത് അസാധ്യമാണ്. സ്ഥലം എന്നത് സൃഷ്ടികളുമായി ബന്ധപ്പെട്ടതാണ്. സൃഷ്ടികള്‍ക്ക് സ്ഥലം അനിവാര്യമാണ്. സ്ഥലമില്ലാതെ സൃഷ്ടികളുടെ ഒരു നിമിഷവും കഴിഞ്ഞു പോകുന്നില്ല. അല്ലാഹുവാകട്ടെ, സ്ഥലം ഇല്ലാത്തവനാണ്. അവനെ ഒരു നിലക്കും സ്ഥലവുമായി ബന്ധപ്പെടുത്തുവാന്‍ പാടുള്ളതല്ല. സ്ഥലം ഉണ്ടാകുന്നതിനു മുമ്പേ അവന്‍ ഉള്ളവനാണ്. സ്ഥലം നശിച്ചാലും അവന്‍ ഉള്ളവനാണ്. അങ്ങനെയുള്ള അല്ലാഹു കയറുകയും ഇറങ്ങുകയും ചെയ്യുക എന്ന് പറഞ്ഞാല്‍ അത് അവനെ സ്ഥലവുമായി ബന്ധപ്പെടുത്തലും കുഫ്റുമാണ്.
രണ്ട്: സ്ഥലം എന്നാല്‍ അത് പ്രപഞ്ചത്തില്‍ പെട്ടതാണ്. പ്രപഞ്ചം (ആലം) എന്നാല്‍ അതിന്റെ നിര്‍വചനം അല്ലാഹു അല്ലാത്തതെല്ലാം എന്നാണു. പ്രപഞ്ചം എന്നതിനെ ആധുനിക സൈദ്ധാന്തിക ഭൌതിക ശാസ്ത്രഞ്ജര്‍ വിശേഷിപ്പിക്കുന്നത് 'സ്ഥല കാല നിബദ്ധമായ' പ്രപഞ്ചം എന്നാണു. അഥവാ സ്ഥലം, സമയം എന്നിങ്ങനെ രണ്ടു മാനങ്ങള്‍ ചേര്‍ന്നതാണ് പ്രപഞ്ചം. ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ ഒരു നിശ്ചിത സംഭവം എന്ന് പറയുന്നത് ഒരു നിശ്ചിത സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് ഉണ്ടാകുന്ന മാറ്റമാണ്. സ്ഥലവും സമയവുമില്ലാതെ ഒരു സംഭവവും ഇവിടെ നിര്‍ണ്ണയിക്കാനോ വിശദീകരിക്കാനോ സാധ്യമല്ല. പ്രപഞ്ചം ആരംഭിച്ചതോട് കൂടി സ്ഥലവും സമയവും ആരംഭിച്ചു എന്നാണു സൈദ്ധാന്തിക ഭൌതികം സ്ഥാപിക്കുന്നത്. അഥവാ പ്രപഞ്ചത്തിന്റെ ഭാഗമാണ് സ്ഥലവും സമയവും. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ്. അപ്പോള്‍ സ്ഥലവും സമയവും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അപ്പോള്‍ സൃഷ്ടാവായ അല്ലാഹുവിനെ സൃഷ്ടിയായ സ്ഥലത്തിലും സമയത്തിലും ബന്ധപ്പെടുത്തുക എന്നത് അല്ലെങ്കില്‍ വിശദീകരിക്കുക എന്നത് അസംഭവ്യമാണ്. കാരണം അവന്‍ എല്ലാ സൃഷ്ടികളില്‍ നിന്നും വ്യത്യസ്തനാണ്. ഒരു സൃഷ്ടി കൊള്ളെയും ആവശ്യമില്ലാത്തവനാണ്. എല്ലാ സൃഷ്ടികളും ആരംഭിക്കുന്നതിനും മുമ്പേ അവന്‍ ഉള്ളവനാണ്. എല്ലാ സൃഷ്ടികളും നശിച്ചു പോയാലും അവന്‍ ഉള്ളവനാണ്. സൃഷ്ടികള്‍ക്കെല്ലാം ഇല്ലാതിരിക്കുക എന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിനു ഒരിക്കലും ഇല്ലാതിരിക്കുക എന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അത് കൊണ്ട് തന്നെ, അല്ലാഹു കയറി, ഇറങ്ങി എന്ന് വാദിക്കുന്നത് അല്ലാഹുവിനെ സൃഷ്ടികളുമായി സാമ്യപ്പെടുത്തലാണ്. അത് കുഫ്റാണ്.
മൂന്ന്‍: ഒരു സ്ഥലത്തേക്ക് ഇറങ്ങുക എന്ന് പറഞ്ഞാല്‍ ആ സ്ഥലം കൊള്ളെ ആവശ്യമാകുക എന്നാണു അര്‍ഥം. അഥവാ രണ്ടാം നിലയിലുള്ള ഒരാള്‍ ഒന്നാം നിലയിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞാല്‍ ഒന്നാം നിലയിലേക്ക് ആ സ്ഥലത്തേക്ക് അവന്‍ നീങ്ങല്‍ അവനു ആവശ്യമായി വന്നു. സ്ഥലം എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടി എന്ന് നേരത്തെ ഇവിടെ സ്ഥാപിച്ചല്ലോ. അപ്പോള്‍ അല്ലാഹു ഇറങ്ങുക എന്ന് വന്നാല്‍ അല്ലാഹു ഇറങ്ങേണ്ട സ്ഥലം കൊള്ളെ ആവശ്യമായവന്‍ ആയി എന്ന് വരും. ഇത് അല്ലാഹുവിലുള്ള വിശ്വാസത്തിനു എതിരും കുഫ്റും ആണ്.
അപ്പോള്‍ അല്ലാഹുവിനു രൂപം ഇല്ല, അവനു സ്ഥലം ഇല്ല, അവനു സമയം ഇല്ല. സ്ഥല കാല രൂപ സ്വതന്ത്രമാണ് അവന്റെ പരിശുദ്ധ ദാത്. ഈ വിശ്വാസം മുസ്‌ലിം ആവാന്‍ അനിവാര്യമാണ്. അതല്ലാത്ത വിശ്വാസങ്ങളില്‍ നിന്നെല്ലാം നാം മാറി നില്‍ക്കണം. ഇത്തരം വിശ്വാസങ്ങളിലേക്കു എത്തിച്ചേരുന്ന വാദങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഇവിടെ പുത്തന്‍ വാദികള്‍ അവതരിപ്പിക്കുന്നത്.
അല്ലാഹു എവിടെ എന്ന ചോദ്യം എത്ര മാത്രം അസംബന്ധമാണ്???
എവിടെ = ഏതു ഇടത്തില്‍ = ഏതു സ്ഥലത്തില്‍
സ്ഥലം അല്ലാഹുവിന്റെ സൃഷ്ടിയാണ്.
സൃഷ്ടാവ് സൃഷ്ടിയില്‍ എന്ന് വരുമോ???
ഇതല്ലേ കുഫ്റിലേക്ക് എത്തിച്ചേരുന്ന വിശ്വാസം....