page

Wednesday, 18 October 2017

ഇതിലേതാണ് സാർ ശെരിയായ ആ തൗഹീദ്?

🎤ഒരു മൗലവി പ്രസംഗിക്കുകയാണ്.....👇


”ബഹുമാനപ്പെട്ട സുഹൃത്തുക്കളെ, നമ്മള്‍ ഡോക്ടറുടെ അടുത്തുപോകും. ഡോക്ടര്‍ മരുന്ന് തരും. സൂക്കേട് മൂന്ന് ദിവസം കൊണ്ട് മാറും. പിറ്റേത്താഴ്ച പിറ്റേത്ത മാസം സൂക്കേട് വന്നാ അപ്പം തന്നെ അതേ ഡോക്ടറുടെ അടുത്തേക്ക് പോകും. അതിനേക്കാളും വലിയ ശിര്‍ക്ക് എന്താ ഉള്ളത്. ഇതിന്റെ വിശ്വാസം എന്താ?….
എന്താ സംഭവം? വീട്ടില്‍നിന്ന് വിളി വന്നു ഭാര്യയുടെ. കച്ചോടം ചെയ്യുന്ന കടയിലേക്ക് ഭര്‍ത്താവിന്. കുട്ടിക്കെന്തോ അസുഖം, പെട്ടെന്ന് വരണം. ഒരു ഓട്ടോറിക്ഷയും വിളിച്ച് കടയില്‍നിന്ന് വീട്ടില്‍വന്നു. അതില്‍ ഉമ്മാനേയും കൂട്ടി, ആ കൂട്ടീനേം കൂട്ടി ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. ‘എടാ നിനക്ക് പരിചയമുള്ള ഏതെങ്കിലും ഡോക്ടറുടെ അടുത്തേക്ക് വിട്. പെട്ടെന്ന് പോ..’ ‘ഏത് ഡോക്ടറുടെ അടുത്തേക്കാ സാര്‍…’ ‘ഏതെങ്കിലും പോ. നീ പോ.. വിട് നീ വണ്ടി വിട്’. ഇങ്ങനെ ബോര്‍ഡും നോക്കി പോവാ… ഒരു ബോര്‍ഡ് കണ്ടു. ഡോക്ടര്‍. ഒന്നുകില്‍ കുഞ്ഞിരാമന്‍ അല്ലെങ്കില്‍ വര്‍ഗീസ്, അല്ലെങ്കില്‍ മുഹമ്മദ്. ഏതോ ആയിക്കോെട്ട… പോട് കേറ്. ‘ഡോക്ടര്‍ സര്‍, ഇവന് പെട്ടെന്ന് വന്നതാ ഒരു അസുഖം.’ ഡോക്ടര്‍ പരിശോധിച്ചു, മരുന്നെഴുതി. മരുന്ന് വാങ്ങി. രണ്ട് ദിവസം കുടിച്ച്, അസുഖം മാറി. ഇയാള്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് ഇബാദത്താണ്. ഒരു മുഅ്മിന്‍ ചെയ്യുന്ന ജോലിയാണ് ചെയ്തിരിക്കുന്നത്. അല്ലാഹു ഏല്‍പ്പിച്ച ജോലിയാണ് ചെയ്തത്. അല്ലാഹു അതില്‍ ശിഫാഅ് വെച്ചിട്ടുണ്ട്. ആ കുട്ടിയുടെ സൂക്കേട് അതുകൊണ്ട് മാറി. ആ മരുന്നില്‍ അല്ലാഹു ശിഫാഅ് വെച്ചിട്ടുണ്ട്. അതുകൊണ്ട് സൂക്കേട് മാറി.
ഒരു ആറുമാസം കഴിഞ്ഞു. അതേ സൂക്കേട് കുട്ടിക്ക് വന്നു. ഒട്ടും താമസിച്ചില്ല, ഭാര്യ വിളിച്ചു. ഭര്‍ത്താവിനെ. ഭര്‍ത്താവ് ഓട്ടോറിക്ഷയുമായിട്ട് വന്നു. കുട്ടിനേം കൂട്ടി, ഭാര്യനേയും കൂട്ടി കയറി. ഇന്ന ഡോക്ടറുടെ അടുത്തേക്ക് പോകണംന്ന് പറഞ്ഞു. ആ ഡോക്ടറുടെ അടുത്ത് പോയി ഇറങ്ങി. ‘ഡോക്ടര്‍ സര്‍, ആറുമാസം മുമ്പ് ഇതേ രോഗം വന്നിരുന്നു, നിങ്ങളെയാണ് അന്ന് കാണിച്ചത്. നിങ്ങള്‍ തന്ന മരുന്നാണ് അന്ന് കൊടുത്തത്. പെട്ടെന്ന് സുഖായി.. അതുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. ഒന്ന് നോക്ക് സര്‍’.
ഇപ്പോള്‍ നീ ചെയ്തത് ശിര്‍ക്കാണ്… നീ അസ്ബാബില്‍ ഇഅ്തിമാദ് ചെയ്തു പോയി. നീ അന്ന് ചെയ്തത് ശിര്‍ക്കല്ല. കാരണം അന്ന് നീ അസ്ബാബ് അന്വേഷിച്ചിട്ടേയുള്ളൂ. ഇന്ന ആളെ കൊണ്ട് ലോകത്ത് രോഗത്തിന് ശിഫാഅ് ഉണ്ട് എന്ന് വിശ്വസിച്ചിട്ടില്ല. ഏതെങ്കിലും ഡോക്ടറെ കാണലേ നിനക്ക് അന്ന് ലക്ഷ്യമുള്ളൂ. ഇന്ന് നിന്റെ നിയ്യത്ത് മാറി. അന്ന് സൂക്കേട് മാറിയത് കൊണ്ടാണ് ഇന്ന് നീ വന്നത്. അപ്പോള്‍ നീയും അല്ലാഹുവുമായിട്ടുള്ള ബന്ധം?…
ഇത്ര കറക്ട് ചെയ്‌തോണം ഈമാന്‍. അല്ലെങ്കില്‍ ശഹാദത്ത് ബാത്വിലായിപ്പോകും. ഈമാന്‍ കറക്ട് ചെയ്‌തേ പറ്റൂ… റേഡിയോ സ്റ്റേഷന്‍ പിടിക്കുന്നതുപോലെ കറക്ട് ചെയ്‌തോണം. ഇങ്ങോട്ട് പോയാല്‍ വേറെ സ്റ്റേഷനില്‍ പോകും, അങ്ങോട്ട് പോയാല്‍ വേറെ സ്റ്റേഷനിലേക്കും. ഇപ്പോള്‍ ചാനലുകള്‍ കൂടിയ കാലമാണ്. ചെറിയ ഒരു പോയിന്റ് മാറിയാല്‍ മതി സ്റ്റേഷന്‍ മാറും. അതേപോലെ തന്നെ ശിര്‍ക്കില്‍ ചാനലുകള്‍ കൂടിയകാലമാണ്. പോയിന്റ് മാറിയാല്‍ സ്റ്റേഷന്‍ മാറും. അത്ര കറക്ട് ചെയ്ത് പിടിച്ചോണം….”
അറിയപ്പെട്ട ഒരു മുജാഹിദ് പ്രഭാഷകന്റെ പ്രസംഗമാണ് മുകളില്‍. ഒരു ഡോക്ടറെ കാണിച്ചാല്‍ വീണുപോകുന്ന വളരെ ദുര്‍ബലമായൊരു തൗഹീദിനെ(ഏകദൈവ വിശ്വാസം) കുറിച്ചാണ് ഇദ്ദേഹം പ്രസംഗിക്കുന്നത്. തവക്കുലിന്റെ(പടച്ചവനില്‍ എല്ലാം അര്‍പ്പിക്കല്‍) പരമമായ അവസ്ഥക്ക് സംഭവിക്കുന്ന ഭംഗത്തെക്കുറിച്ചല്ല, പ്രത്യുത മനുഷ്യനെ സത്യസാക്ഷ്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി സത്യനിഷേധിയാക്കുന്ന, കാലാകാലം നരകത്തില്‍ വീഴ്ത്തുന്ന മഹാപാപമായ ബഹുദൈവ വിശ്വാസമാണത്രേ രോഗം വരുമ്പോള്‍ ഒരു വൈദ്യനെ സമീപിക്കല്‍.
ഇത്തരം പിന്തിരിപ്പന്‍ വാദങ്ങള്‍ മുജാഹിദുകളില്‍ നിന്ന് പ്രബുദ്ധ കേരളം എത്രയോ കേട്ടതാണ്. മുമ്പൊരിക്കല്‍ ഒരു സലഫി പരിപാടിയില്‍ ഒരാള്‍ പ്രസംഗിച്ചത് വാക്‌സിനേഷന്‍ ചെയ്യല്‍ ബഹുദൈവ ആരാധനയാണ് എന്നാണ്. കോട്ടക്കല്‍ വെച്ച് ജിന്ന് ആകാശത്തേക്ക് കയറിപ്പോകുന്നത് കണ്ടവരും സാല്‍വേഷനില്‍ ജിന്ന് താത്ത വന്ന് സംസാരിച്ചത് കേട്ടവരും മുജാഹിദുകളുടെ കൂട്ടത്തിലുണ്ട്.
ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം, മുജാഹിദുകള്‍ മുസ്‌ലിംകളിലെ നവോത്ഥാന പ്രസ്ഥാനമാണെന്ന് കെ പി എ മജീദും ഡോ. എം കെ മുനീറുമൊക്കെ മത്സരിച്ച് പറയുന്നത് കേട്ടതാണ്. ഇങ്ങനെയൊക്കെ പറയുന്നതാണ് നവോത്ഥാനമെന്ന് പറയാനും വിശ്വസിക്കാനും ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മുസ്‌ലിം കേരളത്തെ അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളില്‍ കെട്ടിയിട്ട് മുന്നോട്ട് നീങ്ങാന്‍ സമ്മതിക്കാത്ത മുരടിപ്പിനെ നവോത്ഥാനമെന്ന് വിളിച്ചാല്‍ നമുക്കെന്താ ചേതം?
പക്ഷേ പ്രശ്‌നമതല്ല; കുത്തിവെപ്പും ഒരേ ഡോക്ടറെ കാണിക്കുന്നതും ബഹുദൈവ ആരാധനയാണെന്ന് മുജാഹിദുകള്‍/സലഫികള്‍ പരസ്യമായി പ്രസംഗിക്കുന്ന ഈ കാലത്താണ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ശരിയായ തൗഹീദ് കേരളത്തില്‍ പ്രചരിപ്പിച്ചത് മുജാഹിദുകളാണെന്ന് പ്രസംഗിച്ച് അവരുടെ സമ്മേളന പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് സുന്നീ ആചാരങ്ങളെ സൂചിപ്പിച്ച് ശിര്‍ക്ക്(ബഹുദൈവത്വ) ആരാപണം നടത്തിയതും ഇതേ ബഹുമാന്യനായ എം പി തന്നെയായിരുന്നു.
സര്‍, ഇതൊക്കെയാണ് ശരിയായ തൗഹീദ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? അപ്പോള്‍ വാക്‌സിനേഷന്‍ പരിപാടികള്‍ക്ക് കാര്‍മികത്വം നല്‍കുന്ന ഗവണ്‍മെന്റിന്റെ ഭാഗമായി നില്‍ക്കുന്നത് അത്രമേല്‍ ക്ഷന്തവ്യമാണോ? ഹോസ്പിറ്റലുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഫണ്ട് അനുവദിക്കുന്നത് ഗുണപരമാകുമോ? എത്രയെത്ര കൊടിയ ‘ശിര്‍ക്കു’കളാണ് അവിടങ്ങളില്‍ എല്ലാ ദിവസവും വാണരുളുന്നത്? ഇടക്ക് ഒരു സംശയം.
ഒരേ ഡോക്ടറെ കാണിക്കുന്നത് മാത്രമാണോ ശിര്‍ക്കിന്റെ പരിധിയില്‍ വരുന്നത്? ഒരേ മണ്ഡലത്തില്‍ മത്സരിക്കുന്നതും അങ്ങനെ തന്നെയല്ലേ? ഒരാളെത്തന്നെ മത്സരിപ്പിക്കുന്നതും ഒരാളെക്കൊണ്ട് തന്നെ പ്രസംഗിപ്പിക്കുന്നതും ഒരേ മരുന്ന് തന്നെ കഴിക്കുന്നതും…? ഇതൊന്നും ഒരു പ്രഭാഷകന്റെ പിശകല്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യനിര്‍മിത സലഫീ തൗഹീദിന്റെ പുതിയ വേര്‍ഷനാണ്. ‘തൗഹീദ് 2017.’ മുജാഹിദ് തൗഹീദ് നബിയും വലിയ്യും ബറകത്തും കണ്ണേറും ജിന്നും സിഹ്‌റും വാക്‌സിനും വിട്ട് ഇപ്പോള്‍ എവിടെയാ എത്തിനില്‍ക്കുന്നത് എന്നറിയുമോ? അസ്ബാബുകളെ(കാരണങ്ങളെ) അന്വേഷിക്കാനേ പാടുള്ളൂ. അവലംബിക്കാന്‍ പാടില്ല. ഏറ്റവും വലിയ ശിര്‍ക്ക് അതാണ്. എന്നുവെച്ചാല്‍, വിശന്നാല്‍ എവിടെയെങ്കിലും ഭക്ഷണം ഉണ്ടോ എന്ന് നോക്കാം. കിട്ടിയത് കഴിച്ച് വിശപ്പ് മാറിയോ എന്ന് പരീക്ഷിക്കാം. ഇന്നലെ മാറി, ഇനി നാളെയും മാറുമായിരിക്കും എന്ന് കരുതി നാളെ അതേ ഭക്ഷണം തന്നെ കഴിച്ചുകൂടാ. കഴിച്ചാല്‍ ശിര്‍ക്ക്.! സുബ്ഹാനല്ലാഹ്, ഇതാണ് നവോത്ഥാനം.!
ഇതൊന്നും ഒരുപക്ഷേ, കൃത്യാനന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ നമ്മുടെ മഹാനായ എം പി കേട്ടിട്ടുണ്ടായിരിക്കില്ല എന്ന് സമാധാനിക്കാം. പക്ഷേ, ബധിരര്‍ക്ക് പോലും കേള്‍ക്കാന്‍ കഴിയുമാറുച്ചത്തില്‍ തെരുവില്‍ നടക്കുന്ന തൗഹീദ് ഗ്രൂപ്പ് വഴക്കുകള്‍ ഇദ്ദേഹം കേള്‍ക്കാതിരിക്കുമോ? പല പരിപാടികളും ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും?
അപ്പോള്‍, തൗഹീദിന്റെ വൈരുധ്യാത്മകമായ വ്യത്യസ്ത വേര്‍ഷനുകള്‍ നല്‍കി കേരളത്തെ സമ്പന്നമാക്കിയത് മുജാഹിദ് പ്രസ്ഥാനമാണെന്നായിരിക്കുമോ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക? ആകാം. വൈരുധ്യമാണോ എന്നൊന്നും മൂപ്പര്‍ നോക്കിയിട്ടുണ്ടാകില്ല. ഇടക്കിടക്ക് തൗഹീദ്, തൗഹീദ്
എന്നൊക്കെ പറയുന്നുണ്ടല്ലോ. രാഷ്ട്രീയമൊക്കെ അങ്ങനെയല്ലേ? വൈരുധ്യങ്ങളാണെങ്കിലും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. സോറി. രാഷ്ട്രീയക്കാര്‍ മതം പറയുന്നത് ആ തറയില്‍ നിന്നുകൊണ്ടായിരിക്കാം എന്ന് മറന്നുപോയി.
അതല്ല, ഒരു പ്രത്യേക തൗഹീദിനെ ഉദ്ദേശിച്ച് കൊണ്ടാണ് പറഞ്ഞതെങ്കില്‍ അത് പറയണം. ആരുടെ തൗഹീദാണ് ശരിയായ തൗഹീദ്? കണ്ണേറും ബറകത്തും സംസം വെള്ളവും സിഹ്‌റ് -ജിന്ന് വിശ്വാസങ്ങളുമൊക്കെ ശിര്‍ക്കാക്കി ചിത്രീകരിക്കുന്ന, ഉമര്‍ മൗലവി പ്രചരിപ്പിച്ച് ഇപ്പോള്‍ സലാം സുല്ലമി വരെ എത്തിനില്‍ക്കുന്ന ആ പഴയ രിളവിയ്യ തൗഹീദാണോ? അതല്ല, ഇടക്കാലത്ത് കയറിവന്ന, ജിന്ന്- സിഹ്‌റ് സ്‌പെഷ്യലിസ്റ്റുകള്‍ നിര്‍മിച്ചെടുത്ത, ആഴക്കടലില്‍ വെച്ച് ജിന്നിനെ വിളിച്ച് സഹായം തേടിയാലും (ചില നിബന്ധനകളോടെ, അഥവാ ഹയ്യും ഖാദിറും ഹാളിറും മുസ്‌ലിമുമായ) ശിര്‍ക്കാകാത്ത ‘തൗഹീദ് 2007’ ആണോ? അതോ ‘തൗഹീദ് 2007’ല്‍ പതിയിരിക്കുന്ന അപകടം മനസ്സിലാക്കി, ജിന്നുകളെ പടിയടച്ച് പിണ്ഡം വെച്ച് ഔദ്യോഗിക മുജാഹിദുകള്‍ കെട്ടിപ്പടച്ചുണ്ടാക്കിയ ജിന്ന് വിമുക്ത (എന്നാല്‍, സിഹ്‌റും കണ്ണേറും ബറകത്തും അടങ്ങിയ) ‘തൗഹീദ് 2012’ ഓ? അതുമല്ല, 2001ല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വെച്ച് യോഗം ചേര്‍ന്നുണ്ടാക്കിയ, തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ട സലഫീ തൗഹീദോ? അതൊന്നുമല്ലാത്ത അമാനി മൗലവിയുടെയും വക്കം മൗലവിയുടെയും ‘സ്വിഫാത് രഹിത’ തൗഹീദോ? തീവ്രവാദ ആരോപണം വരികയും ലീഗ് പ്രലോഭിപ്പിക്കുകയും ചെയ്തപ്പോള്‍ സംഘടന കിട്ടുമെന്ന വ്യാമോഹത്താല്‍ മടവൂര്‍ വിഭാഗവും പ്രഭാഷകരെ കിട്ടുമെന്ന പൂതിയില്‍ ഔദ്യോഗിക വിഭാഗവും ആദര്‍ശങ്ങളില്‍ മാറ്റം വരുത്താതെ തന്നെ കോംമ്പ്രമെയ്‌സായ ‘തൗഹീദ് 2016’ ആകുമോ കവി ഉദ്ദേശിച്ചത്? അതുമല്ല, വാക്‌സിനേഷന്‍, ചികിത്സാ വിരുദ്ധ ലേറ്റസ്റ്റ് ‘തൗഹീദ് 2017’ ഓ?
ദമ്മാജികളുടെ ആട് തൗഹീദ് ഏതായാലും എം പിക്ക് അത്ര പിടിച്ചിട്ടുണ്ടാവില്ല എന്ന് നമുക്ക് സമാധാനിക്കാം.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി.
സിറാജ് ഡെയ്ലി 18-10-2017