page

Thursday, 26 October 2017

പ്രവാചകൻമാരും പാപ സുരക്ഷിതത്വവും

മനുഷ്യസമൂഹത്തിന്മാര്‍ഗദര്‍ശകരായാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നത്. വിശുദ്ധജീവിതം നയിക്കാന്‍ പ്രബോധിതരെ ക്ഷണിക്കുകയാണ് അവരുടെ ദൌത്യം. അതിനാല്‍ അവര്‍ പാപസുരക്ഷിതരായിരിക്കും. സദാചാരപൂര്‍ണമായ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന മാതൃകാവ്യക്തിത്വങ്ങളായ പ്രവാചകന്മാര്‍, അവര്‍ പ്രചരിപ്പി ക്കുന്ന സന്ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവരായാല്‍ ജനങ്ങള്‍ എങ്ങനെയാണ് അവരെ പിന്‍പറ്റുക? എങ്ങനെയാണിവര്‍ മാതൃകാപുരുഷന്മാരാവുക? പ്രവാചകന്മാരാണെന്ന ഇവരുടെ വാദം പോലും എങ്ങനെയാണ് നാം അംഗീകരിക്കുക?  ചിന്തിക്കേണ്ട കാര്യമാണിത്. ചുരുക്കത്തില്‍ പ്രവാചകന്മാര്‍ പാപസുരക്ഷിതരായിരിക്കുകയെന്നത് പ്രവാചകത്വത്തിന്റെ തന്നെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്.
ഇസ്ലാമിക പ്രമാണങ്ങള്‍ പ്രവാചകര്‍ പാപ സുരക്ഷിതരാണെന്നു വ്യക്തമാക്കുന്നു. ഖുര്‍ആന്‍ പറയുന്നു: “തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു’‘(അല്‍ ഖലം 4). സല്‍സ്വഭാവം സര്‍വഗുണങ്ങളുടേയും ആകെത്തുകയാണ്.  ഇടക്കിടെ ദോഷ ങ്ങള്‍ ചെയ്യുന്ന വ്യക്തി ഈ മഹത്തായ വിശേഷണത്തിന് അര്‍ഹനല്ല. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക.
അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും ദാനം നല്‍കി. എല്ലാവരെയും നാം സന്മാര്‍ഗത്തിലാക്കി. അദ്ദേഹത്തിന്റെ (ഇബ്റാഹിം നബിയുടെ) മുമ്പ് നൂഹിനെയും അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) സന്താനങ്ങളില്‍ നിന്ന് ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂന്‍ എന്നിവരെയും നാം നേര്‍വഴിയിലാക്കി. ഇപ്രകാരം(ഇവര്‍ക്ക് പ്രതിഫലം കൊടുത്തതുപോലെ)സജ്ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നതാണ്. സകരിയ്യ, യഹ്യാ, ഈസാ, ഇല്‍യാസ്,(എന്നിവരെയും നാം സന്മാര്‍ഗത്തിലാക്കി)ഇവരെല്ലാം സദ്വ്യക്തികളില്‍ പെട്ടവരത്രെ. ഇസ്റാഈല്‍, അല്‍യ സഅ്, യൂനുസ്, ലൂത്വ് (എന്നിവരെയും നാം നേര്‍വഴിയിലാക്കി) ഇവരെയെല്ലാം ലോകരേക്കാള്‍(പ്രവാചകത്വം നല്‍കി)നാം ശ്രേഷ്ഠരാക്കി. അവര്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയാണെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളെല്ലാം നശിച്ചുപോകും. അത് അല്ലാഹുവിന്റെ സന്മാര്‍ഗമാണ്. തന്റെ ദാസന്മാരില്‍ ഉദ്ദേശിച്ചവരെ അതിലേക്കവന്‍ മാര്‍ഗദര്‍ശനം ചെയ്യും” (അല്‍അന്‍ആം, 84, 85, 86, 88).
പാപം ചെയ്യുന്നവരാണ് പ്രവാചകന്മാരെങ്കില്‍ അവരെ സംബന്ധിച്ച് അല്ലാഹു ഇങ്ങനെ വാഴ്ത്തിപ്പറയുമോ? ഇബ്ലീസിന്റെ ഒരു പ്രസ്താവന ഖുര്‍ആനില്‍ കാണുക.
തീര്‍ച്ചയായും അവരെ(മനുഷ്യരെ)മുഴുവന്‍ ഞാന്‍ പിഴപ്പിക്കും. നിന്റെ നിഷ്കളങ്കരായ അടിമകളെ ഒഴികെ‘ (അല്‍ ഹിജ്ര്‍ 39, 40). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതി:
“താന്‍ പിഴപ്പിക്കുന്നവരുടെ പട്ടികയില്‍ നിന്ന് നിഷ്കളങ്കരെ പിശാച് ഒഴിവാക്കി. അവര്‍ അമ്പിയാക്കളാകുന്നു. ഇബ്റാഹിം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ് (അ) എന്നിവരുടെ കാര്യത്തില്‍ അവരെ നാം മുഖ്ലിസ്വീങ്ങളാക്കി എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. യൂസുഫ് നബിയെക്കുറിച്ച് അദ്ദേഹം നമ്മുടെ ഇഖ്ലാസ്വുള്ള അടിമകളില്‍ പെട്ടവരായി രുന്നുവെന്നും അല്ലാഹു പറയുന്നു. ചില പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്നു സ്ഥിരപ്പെട്ടാല്‍ എല്ലാവരുടേയും കാര്യത്തില്‍ അത് ബാധകമാണെന്നും സ്ഥിരപ്പെടുന്ന താണ്. അങ്ങനെയല്ലെന്ന് ആരും പറയുന്നില്ല” (റാസി, 3/9).
അവര്‍ അല്ലാഹുവിന് വഴിപ്പെടാന്‍ വേണ്ടി മാത്രം അല്ലാഹു തിരഞ്ഞെടുത്ത വിഭാഗമാകുന്നു. തെറ്റുകളില്‍ നിന്ന് അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു”(അബുസ്സുഊദ് 1/452). സൂറത്തുല്‍ ബഖറഃയിലെ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം റാസി രേഖപ്പെടുത്തുന്നു:
“മേല്‍ സൂക്തം രണ്ടുനിലക്ക് പ്രവാചകരുടെ പാപസുരക്ഷിതത്വം വ്യക്തമാക്കുന്നുണ്ട്. ആയതില്‍ പരാമര്‍ശിക്കപ്പെടുന്ന കരാര്‍ കൊണ്ട് വിവക്ഷ നേതൃത്വം (ഇമാമത്) ആണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. എല്ലാ പ്രവാചകന്മാരും ഇമാമുകളാകുന്നു. ഇമാം മാതൃകാപുരുഷനാണ്. ഇമാമാകാന്‍ ഏറ്റം ബന്ധപ്പെട്ടത് പ്രവാചകനാകുന്നു. പാപിക്ക് ഇമാം ആയിക്കൂടെങ്കില്‍ പ്രവാചകര്‍ ഒരിക്കലും ദോഷം പ്രവര്‍ത്തിക്കുന്നവരാകാന്‍ പറ്റില്ലെന്നത് വളരെ വ്യക്തമായ കാര്യമാണ്”(റാസി വാ. 4, പേ. 49).
അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധമാണ് പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് മറ്റൊരു നിലക്കും വ്യാഖ്യാനിക്കുന്നില്ലതാനും. എന്നിട്ടും പ്രവാചകന്മാരെ സംശയത്തോടെ വിലയിരുത്തുന്നവര്‍ ഇസ്ലാമിന്റെ പേര് അവകാശപ്പെടുന്നത് അത്ഭുതം തന്നെ.
നബി (സ്വ) പറയുന്നു: “തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. ഞാന്‍ അവന് എതിര്‍ പ്രവര്‍ത്തിക്കുകയില്ല” (ബുഖാരി 7/216).
നബി (സ്വ) യെക്കുറിച്ച് അബൂബക്ര്‍ സ്വിദ്ദീഖ് (റ) നടത്തുന്ന പ്രസ്താവന ഇക്കാര്യ ത്തിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പര്യാപ്തമാണ്. അദ്ദേഹം പറയുന്നു: “നിശ്ചയം നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു. അവിടുന് ഒരിക്കലും അല്ലാഹുവിന് എതിരു ചെയ്യുകയില്ല” (ബുഖാരി വാ. 7/216).
(പ്രവാചകന്മാരുടെ പാപസുരക്ഷിതത്വത്തെക്കുറിച്ച് അതിവിപുലമായ ചര്‍ച്ച നടന്നി ട്ടുണ്ട്. അതിന്റെ ഒരു ലഘുചിത്രമാണ് ഇവിടെ നല്‍കിയത്. വിശദ പഠനത്തിന് ‘ശൈഖ് അബൂബക്ര്‍ അഹ്മദ്’ എഴുതിയ വിശുദ്ധ പ്രവാചകന്മാര്‍‘ എന്ന മലയാള ഗ്രന്ഥവും ‘ഇസ്വ്മതുല്‍ അമ്പിയാഅ്‘ എന്ന അറബിഗ്രന്ഥവും വായിക്കുക).