page

Tuesday, 10 October 2017

മദ്ഹബ് എന്ത്?എന്തിന്

മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളെയും പറഞ്ഞു വെച്ച ഏക മതമാണ്‌ ഇസ്‌ലാം. മാനവന്റെ ഇഹപര വിജയത്തിന്‌ വേണ്ടി ജഗനിയന്താവ്‌ അവതരിപ്പിച്ചിട്ടുള്ള മതമാണത്‌. അത്‌ സമ്പൂര്‍ണ്ണവും സമഗ്രവുമാണ്‌. അല്ലാഹുവിന്റെ അടുത്ത്‌ സ്വീകാര്യമായതും അതു തന്നെ. അല്ലാഹു പറയുന്നു: ഇന്ന്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തരികയും എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തീ കരിച്ച്‌ തരികയും ഇസ്‌ലാമിനെ നിങ്ങള്‍ക്ക്‌ മതമായി ഞാന്‍ പൊരുത്തപ്പെട്ട്‌ തരികയും ചെയ്‌തിരിക്കുന്നു (അല്‍ മാഇദ:3), അല്ലാഹു വിങ്കല്‍ സ്വീകാര്യമായ മതം തീര്‍ച്ചയായും ഇസ്‌ലാമാകുന്നു(ആലു ഇംറാന്‍:19).
ആദം നബി(അ)മുതല്‍ അന്ത്യദൂതന്‍ മുഹമ്മദ്‌ നബി(സ) വരെ മുഴവന്‍ നബിമാരും പ്രബോധനം ചെയ്‌ത മതമാണിത്‌. നൂഹ്‌(അ)നോട്‌ നാം കല്‍പ്പിച്ചതും താങ്കള്‍ക്കു നാം ബോധനം നല്‍കുയതും ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ) എന്നിവരോട്‌ നാം കല്‍പ്പിച്ചതുമായ കാര്യം അതായത്‌ നിങ്ങള്‍ മതത്തെ നേരായ രീതിയില്‍ നിലനിര്‍ത്തണം. അതില്‍ ഭിന്നിക്കാതിരിക്കുകയും വേണമെന്ന കാര്യം അല്ലാഹു നിങ്ങള്‍ക്ക്‌ മതമായി നിശ്ചയിച്ചു തന്നിരിക്കുന്നു(അശ്‌ശുഅ്‌റാ:13).
മുഴുവന്‍ നബിമാരും പ്രബോധനം ചെയ്‌ത അടിസ്ഥാന സംജ്ഞ സംയോജ്യമെങ്കിലും യുഗത്തിനും സമൂഹത്തിനും സാഹചര്യത്തിനും അനുസൃതമായി അവര്‍ക്ക്‌ വിഭിന്ന ശരീഅത്തായിരുന്നു. നൂഹ്‌ നബി(അ)ന്റെ ശരീഅത്തായിരുന്നില്ല ഇബ്‌റാഹീം(അ)ന്‌, മൂസാ നബി(അ)ക്ക്‌ നല്‍കിയ നിയമസംഹിതയായിരുന്നില്ല ഈസാ നബി(അ)ക്ക്‌ ഇറക്കിക്കൊടുത്തത്‌. സാര്‍വ്വ കാലികമായ ഒരു നിയമ വ്യവസ്ഥിതി ഒരുക്കാന്‍ പ്രപഞ്ച നാഥന്‌ അസാധ്യമായത്‌ കൊണ്ടല്ല ശരീഅത്ത്‌ പുന:രാവിഷ്‌കരണം നടത്തിയത്‌. പാരമ്പര്യ അനുധാവനത്തില്‍ നിന്നും തെറ്റി, നിരുപാധികം അനുസരിക്കാന്‍ മാനവകുലം തയ്യാറുണ്ടോ എന്ന്‌ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
തിരുദൂതരെ, മുമ്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതായും അവക്ക്‌ സാക്ഷിയായും ഈ വേദഗ്രന്ഥത്തെ താങ്കള്‍ക്ക്‌ നാം സത്യപ്രകാരം അവതരിപ്പിച്ചിരിക്കുന്നു. അതിനാല്‍ അല്ലാഹു ഇറക്കിയതനുസരിച്ച്‌ അവര്‍ക്കിടയില്‍ താങ്കള്‍ വിധി കല്‍പ്പിക്കുക. താങ്കള്‍ക്ക്‌ വന്നു കിട്ടിയ സത്യത്തെ വിട്ട്‌ അവരുടെ ഇച്ഛകളെ പിന്‍പറ്റിപ്പോകരുത്‌. (സമുദായങ്ങളെ) നിങ്ങളിലോരോ സമുദായത്തിനും ഓരോ നിയമ ക്രമവും കര്‍മ്മ സരണിയും നാം നിശ്ചയിച്ചു തന്നിട്ടുണ്ട്‌. അല്ലാഹു ഉദ്ദേശിച്ചിരു ന്നുവെങ്കില്‍ നിങ്ങളെയെല്ലാം(ഒരേ നടപടിക്രമം സ്വീകരിക്കുന്ന) ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ വിഭിന്ന നിയമക്രമങ്ങളില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയാണ്‌ (അവന്‍ നിങ്ങളെ വിവിധ നിയമക്രമം സ്വീകരിക്കുന്ന വ്യത്യസ്‌ത സമുദായങ്ങളാ ക്കിയത്‌). അതിനാല്‍ നന്മകളില്‍ നിങ്ങള്‍ മന്നേറുക. അല്ലാഹുവിങ്ക ലേക്കെത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ അപ്പോള്‍ അവന്‍ നിങ്ങളോട്‌ സംസാരി ക്കുന്നതാണ്‌ (അല്‍ മാഇദ:48).
മുന്‍കാല നബിമാരുടെയൊക്കെയും ശരീഅത്തിന്റെ സനാതന സാരാംശം സമ്മേളിച്ച പൂര്‍ണ്ണമായ ശരീഅത്താണ്‌ അവസാന നബി മുഹമ്മദ്‌(സ) മുഖേന അവതരിപ്പിക്കപ്പെട്ടത്‌. മനുഷ്യകോലങ്ങള്‍ക്കപ്പുറം മാനവികമായ അടയാളങ്ങളൊന്നും കൈമുതലില്ലാത്ത ഒരു ജന സഞ്ചയത്തിലേക്കാണ്‌ മുഹമ്മദ്‌ നബി(സ) ഉത്‌കൃഷ്‌ട ശരീഅത്തുമായി നിയോഗിക്കപ്പെടുന്നത്‌.
വിശ്വാസവും കര്‍മ്മവും വകഭേദമില്ലാതെ ഇഴചേര്‍ന്ന്‌ വരുമ്പോള്‍ ഈ നിയമസംഹിത യഥാവിധി സാക്ഷാല്‍കൃതമാകുന്നു. അല്ലാഹുവിന്റെ ഏകത്വത്തെ സമ്പൂര്‍ണ്ണമായി അംഗീകരിക്കുന്നതോടൊപ്പം നിര്‍വ്വഹിക്കുന്ന അനുഷ്‌ഠാനങ്ങള്‍ക്കാണ്‌ ഇസ്‌ലാമില്‍ സ്വീകാര്യത യുള്ളത്‌. കര്‍മ്മങ്ങള്‍ നിഷേധിച്ച്‌ തൗഹീദ്‌ ദൃഢീകരിക്കുന്നത്‌ കൊണ്ട്‌ മതത്തില്‍ അയാള്‍ക്ക്‌ സ്ഥാനമില്ല. മറിച്ചാകുമ്പോഴും അങ്ങനെയന്നതില്‍ സന്ദേഹമില്ല.
ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനെ പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച്‌ നടുങ്ങുകയും അവന്റെ ദൃഷ്‌ടാന്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍. നിസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും നാം നല്‍കിയുട്ടുള്ളതില്‍ നിന്നും ചെലവഴിക്കുകയും ചെയ്യുന്നവര്‍. അവര്‍ തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്‌. പാപ മോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌ (അല്‍ അന്‍ഫാല്‍:2-4).

ഫിഖ്ഹ്

തൗഹീദിനെ ദൃഢീകരിക്കുന്നതില്‍ വ്യതിരക്തതക്കിടമില്ല. അനുബന്ധമായുണ്ടാകുന്ന അനുഷ്‌ഠാനങ്ങളാണ്‌ വിശ്വാസത്തിന്റെ ദൃഢതയും ഏറ്റക്കുറച്ചിലും അടയാളപ്പെടുത്തുന്നത്‌. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങളൊക്കെയും യഥാവിധിയും സ്വീകാര്യമുള്ളതുമായിരിക്കണം. അതിന്‌ നേര്‍രേഖ വരച്ചു തരുന്ന ശാഖയാണ്‌ ഇസ്‌ലാമിലെ കര്‍മ്മ ശാസ്‌ത്രം.
കര്‍മ്മശാസ്‌ത്രം(ഫിഖ്‌ഹ്‌)
ഫിഖ്‌ഹ്‌ എന്ന അറബി പദത്തിന്റെ സാമാന്യാര്‍ത്ഥമാണ്‌ കര്‍മ്മശാസ്‌ത്രം. അറിയല്‍, മനസ്സിലാക്കല്‍, ഒളിഞ്ഞതും തെളിഞ്ഞതും മനസ്സിലാക്കല്‍, ഒളിഞ്ഞത്‌ മനസ്സിലാക്കല്‍ തുടങ്ങിയവയാണ്‌ അതിന്റെ ഭാഷാര്‍ത്ഥം. വിശദമായ തെളിവുകളില്‍ നിന്ന്‌ നിര്‍ദ്ധാരണം ചെയ്‌തെടുത്ത കര്‍മ്മപരമായ ശറഈ വിധിവിലക്കുകളെ കുറിച്ചുള്ള ജ്ഞാനമെന്നാണ്‌ പണ്ഡിതന്‍മാരുടെ സാങ്കേതികാര്‍ത്ഥത്തിലുള്ള കര്‍മ്മ ശാസ്‌ത്രം. (ജംഉല്‍ ജവാമിഅ്‌:1/43). പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരാളുടെ പ്രവര്‍ത്തന മണ്ഡലം എങ്ങനെയായിരിക്കണം എന്നതാണ്‌ ഫിഖ്‌ഹിന്റെ പ്രതിപാദ്യ വിഷയം.
തിരുനബി(സ)യുടെ കാലത്ത്‌ ശരീഅത്തിന്റെ ഏത്‌ നിയമങ്ങള്‍ക്കും ഫിഖ്‌ഹ്‌ എന്നറിയപ്പെട്ടിരുന്നു. വിശ്വാസ കര്‍മ്മ വിധികളില്‍ വകഭേദമില്ലാത്ത ഉപയോഗം വന്നപ്പോള്‍ ശരീഅത്തിന്റെ പര്യായ പദമായി അതു മാറി. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും പ്രതിപാദിച്ച ഫിഖ്‌ഹിന്‌ പണ്ഡിതന്മാര്‍ ഈ വിശാലാര്‍ത്ഥം തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌. സത്യ വിശ്വാസികളില്‍ നിന്നൊരു വിഭാഗം ദീനില്‍ ഫിഖ്‌ഹ്‌ പഠിപ്പിക്കാന്‍ പുറപ്പെടുന്നില്ലേ? (അത്തൗബ:122) എന്ന ഖുര്‍ആന്‍ സൂക്തത്തിലെ ഫിഖ്‌ഹ്‌ എന്നത്‌ കൊണ്ടുളള ഉദ്ദേശ്യം ദീനിന്റെ സാകല്യ വിഷയത്തെ കുറിച്ചുമുള്ള ജ്ഞാനമാണ്‌. അല്ലാഹു ഒരാള്‍ക്ക്‌ നന്മ ഉദ്ദേശിച്ചാല്‍ അവനെ ഫഖീഹാക്കും എന്ന നബി വചനത്തിലും ഉദ്ധൃത അര്‍ത്ഥം തന്നെയാണ്‌ വിവക്ഷിക്കുന്നത്‌.
കര്‍മ്മശാസ്‌ത്ര മസ്‌അലുകളുടെയും വിധികളുടെയും സമാഹാരം എന്നൊരു നിര്‍വ്വചനം കൂടി ഫിഖ്‌ഹിനുണ്ട്‌. ഈ നിര്‍വ്വചനമനുസരിച്ചാണ്‌ കര്‍മ്മശാസ്‌ത്രവുമായി ബന്ധപ്പെട്ട സര്‍വ്വ വിധികള്‍ക്കും ഖണ്ഡിതമോ വ്യജ്ഞമോ ആവട്ടെ, തെളിവ്‌ അംഗീകൃതമോ അല്ലാത്തതോ ആവട്ടെ, ഗവേഷണത്തിന്‌ പൂര്‍ണ്ണയോഗ്യതയുള്ളവനോ അല്ലാത്തവനോ ആവട്ടെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പണ്ഡിതര്‍ നല്‍കുന്ന ഫത്‌വകള്‍ക്കും ഫിഖ്‌ഹ്‌ എന്ന്‌ പറയപ്പെടുന്നത്‌.

കര്‍മ്മശാസ്‌ത്രം വന്ന വഴി

മുഹമ്മദ്‌ നബി(സ)യുടെ മക്കാജീവിത കാലഘട്ടം മുതല്‍ മദീനാ ജീവിതത്തിലെ നല്ലൊരു ശതമാന കാലം വരെയാണ്‌ കര്‍മ്മശാസ്‌ത്ര ചരിത്രത്തിലെ സുപ്രധാന ദശ. മക്കയില്‍ വിരളമായ കര്‍മ്മ ശാസ്‌ത്ര നിയമങ്ങളെ നിലവില്‍ വന്നുവുള്ളുവെങ്കിലും ഹിജ്‌റ ആറാം ആണ്ടോടെ ഇസ്‌ലാമിക കര്‍മ്മശാസ്‌ത്ര നിയമം വ്യവസ്ഥാപിതമായി തുടങ്ങി. 23 സംവത്സരക്കാലത്തിനുള്ളില്‍ ശരീഅത്ത്‌ പൂര്‍ണ്ണരൂപം പ്രാപിച്ചു. നബി(സ)യുടെ കാലഘട്ടത്തിലെ കര്‍മ്മശാസ്‌ത്രമെന്നാല്‍ വഹ്‌യിലൂടെ വന്ന നിയമങ്ങളും വ്യവസ്ഥിതികളുമാണ്‌. അക്ഷരത്തിലും അര്‍ത്ഥത്തിലും വന്ന വഹ്‌യ്‌ ഖുര്‍ആനായും ആശയം മാത്രമായ ദിവ്യബോധനം തിരു സുന്നത്തായും ഗണിച്ചു. അഥവാ അടിത്തറ വഹ്‌യ്‌ തന്നെയായിരുന്നു.
നബി(സ)യുടെ ഹിജ്‌റക്കു ശേഷം മദീന ഇസ്‌ലാമിന്റെ കേന്ദ്രമായതോടെ രാഷ്‌ട്രീയ-സാമൂഹിക-സാമ്പത്തിക- വൈയക്തിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരങ്ങള്‍ ഏറെക്കുറെ നിലവില്‍ വരികയും ഭരണ-കാര്‍ഷിക നിയമങ്ങള്‍, ഇബാദത്തിന്റെയും ജിഹാദിന്റെയും വ്യസ്ഥിതികള്‍, സാമ്പത്തിക ഇടപാടിന്റെ ചിട്ടവട്ടങ്ങള്‍, വിവാഹം, കുടുംബം, അനന്തരാവകാശം, വിവാഹ മോചനം തുടങ്ങി വൈയക്തിക-സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട മതവിധികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്‌തു.
തിരുനബി(സ)യുടെ വിയോഗാനാന്തരം കര്‍മ്മശാസ്‌ത്ര വിധികള്‍ അനുചരന്മാരിലേക്ക്‌ നീങ്ങി. നബി തങ്ങളുടെ ചൊല്ലും ചെയ്‌തിയും അപ്പടി പകര്‍ത്തുകയായിരുന്നു അവരുടെ പതിവ്‌. അവരില്‍ പലരും അതിനായി തന്നെ ജീവിതം ഉഴിഞ്ഞു വെച്ചവരായിരുന്നു. കര്‍മ്മങ്ങളില്‍ ഫര്‍ളുകളും സുന്നത്തുകളുമെന്ന വിഭജനങ്ങളോ വിവരണങ്ങളോ അവര്‍ക്കിടയിലുണ്ടായിരുന്നില്ല. അനുഷ്‌ഠാനങ്ങളിലെ സാദ്ധ്യതകളെല്ലാം പരിശോധിച്ച്‌ സാധുവാണോ അസാധുവാണോ എന്നൊന്നും വിലയിരുത്തിയിരുന്നില്ല. അവയൊന്നും തിരുനബി(സ)യോട്‌ ചോദിച്ചിരുന്നുമില്ല. ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: നബി(സ)യുടെ സ്വാഹാബിമാരോളം ഉത്തമന്മാരെ ഞാന്‍ കണ്ടിട്ടില്ല. ഖുര്‍ആനില്‍ പതിമൂന്ന്‌ ചോദ്യങ്ങള്‍ നബി(സ)യോട്‌ ജനങ്ങള്‍ ചോദിക്കുന്നതായി യസ്‌അലൂനക എന്ന പദം കൊണ്ട്‌ പറയുന്നുണ്ട്‌. അവയിലൊന്ന്‌ പോലും നബി(സ) വഫാത്താകും വരെ സ്വാഹാബികള്‍ ചോദിച്ചിരുന്നതല്ല. അവര്‍ക്കുപകാരമുള്ളതു മാത്രമേ അവര്‍ ചോദിക്കുമായിരുന്നുള്ളൂ (സുനനു ദ്ദാരിമി).
നബി(സ)യുടെ പ്രഥമ ഖലീഫമാരുടെ വഴക്കവും ഇതു തന്നെയായിരുന്നു. ക്രമേണ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അവക്ക്‌ പരിഹാരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തല്‍ അനുപേക്ഷണീയവു മായി. യുദ്ധ വിജയങ്ങളെത്തുടര്‍ന്ന്‌ ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക്‌ ചേര്‍ക്കപ്പെട്ട പ്രദേശങ്ങളിലെ പൗരന്മാരും മുസ്‌ലിംകളും തമ്മില്‍ ഇടപഴകുകയും അമുസ്‌ലിംകള്‍ ഇസ്‌ലാമിലേക്ക്‌ ഒഴുകുകയും ചെയ്‌ത കാരണത്താല്‍ നവങ്ങളായ ഒത്തിരി മസ്‌അലകള്‍ക്ക്‌ നിവാരണം നിര്‍ദ്ദേശിക്കേണ്ടത്‌ ഖുലഫാക്കളുടെ ബാദ്ധ്യതയുമായി. അതിനവര്‍ ഖുര്‍ആനിലും സുന്നത്തിലും വിധികള്‍ തേടി. ഖണ്‌ഡിതമായി പറയാതിരുന്നപ്പോള്‍ ശേഷം വന്നവര്‍ ആദ്യകാല ഖുലഫാക്കളുടെ ജീവചരിത്രമാരാഞ്ഞു. അതിലും എത്തിക്കാതിരുന്നപ്പോള്‍ പരിഹാരത്തി നായി ശൂറ വിളിച്ചു ചേര്‍ത്ത്‌ ഇജ്‌മാഅ്‌ ഉണ്ടാക്കി. അങ്ങനെ പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടു.

ഒരിക്കല്‍ മാതാമഹിയുടെ അനന്തര സ്വത്തുസംബന്ധിച്ചു അബൂബക്കര്‍(റ)നോട്‌ ചോദ്യമുയര്‍ന്നു. അവിടുന്നു പറഞ്ഞു, നബിയില്‍ നിന്നും മാതാമഹിയെപ്പറ്റി ഞാനൊന്നും കേട്ടിട്ടില്ല. ളുഹ്‌ര്‍ നിസ്‌കാരാനന്തരം ജനങ്ങളെ അഭിമുഖീകരിച്ച്‌ അദ്ദേഹം ചോദിച്ചു: നിങ്ങളിലാരെങ്കിലും മാതാമഹിയുടെ കാര്യത്തില്‍ നബി(സ) പറഞ്ഞതായി വല്ലതും കേട്ടിട്ടുണ്ടോ? മുഗീറത്തുബ്‌നു ശുഅ്‌ബ(റ) പറഞ്ഞു: നബി(സ) അവര്‍ക്ക്‌ ആറിലൊന്ന്‌ വിഹിതം നല്‍കിയതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്‌. ഖലീഫ ചോദിച്ചു: മറ്റാരെങ്കിലും ഇതറിയുന്നവരുണ്ടോ? മുഹമ്മദുബ്‌നു മസ്‌ലമ എഴുന്നേറ്റു നിന്ന്‌, അത്‌ സത്യമാണ്‌. ഞാനതിന്‌ ഹാജറായിട്ടുണ്ട്‌ എന്ന്‌ പറഞ്ഞു. ഇതനുസരിച്ച്‌ അബൂബക്കര്‍(റ) മാതാമഹിക്ക്‌ ആറിലൊന്ന്‌ സ്വത്തു നല്‍കാന്‍ നിര്‍ദ്ദേശിച്ചു (താരീഖുല്‍ ഖുലഫാഅ്‌:98-99).
ഉമര്‍(റ) സ്വഹാബികളെ മദീനയില്‍ തന്നെ സ്ഥിരതാമസക്കാരാക്കാനാണ്‌ ആഗ്രഹിച്ചത്‌. ജിഹാദിനും മതാദ്ധ്യാപനത്തിനും വിധി പ്രഖ്യാപനത്തിനുമെല്ലാം ഇതര പ്രദേശങ്ങളിലേക്ക്‌ യാത്ര തിരിച്ചാല്‍ തന്നെ, ദൗത്യ നിര്‍വ്വഹണ ശേഷം ഉടന്‍ മദീനയില്‍ തിരിച്ചെത്തെണമെന്നായിരുന്നു ഓര്‍മ്മപ്പെടുത്തിയിരുന്നത്‌. കാരണം ഇസ്‌ലാമിക ഖിലാഫത്തിന്റെ സുസ്ഥിരതക്കും കൂടിയാലോചനക്കും അവര്‍ അനിവാര്യമായിരുന്നു.
എന്നാല്‍, ഉസ്‌മാന്‍(റ) ഖിലാഫത്ത്‌ ഏറ്റെടുത്തതോടെ അവര്‍ക്ക്‌ ലോകത്തിന്റെ നാനാതുറകളില്‍ പോയി താമസിക്കാനുള്ള അനുവാദം നല്‍കി. ഇസ്‌ലാമിന്റെ വ്യാപനവും വളര്‍ച്ചയും മുന്നില്‍ കണ്ടായിരുന്നു ഇത്‌. തല്‍ഫലമായി ഖുര്‍റാഉകള്‍(ഖുര്‍ആന്‍-ഫിഖ്‌ഹ്‌ പണ്ഡിതര്‍) വിജയം വരിച്ച രാജ്യങ്ങളിലേക്ക്‌ താമസം മാറ്റിത്തുടങ്ങി. കൂഫയിലും ബസ്വറയിലും മാത്രം മുന്നൂറിലധികം സ്വഹാബികള്‍ താമസിച്ചിരുന്നു. ഇങ്ങനെ ഈജിപ്‌തിലും സിറിയയിലും നിരവധി സ്വഹാബികള്‍ താമസിച്ചു തുടങ്ങി. അവര്‍ അവിടുത്തെ ഇമാമുമാരായി. നബി(സ)യുടെ കാലത്ത്‌ ഇല്ലാത്ത പല പ്രശ്‌നങ്ങളും പുതിയ മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ ഈ സ്വഹാബാക്കള്‍ അഭിമുഖീകരിച്ചു. അഭിപ്രായാധിഷ്‌ടിത ഗവേഷണത്തിന്റെ പുതിയ വാതിലുകള്‍ തുറക്കേണ്ടി വന്നു. സ്വാഭിപ്രായത്തിന്റെ മേല്‍ നടത്തിയ ഗവേഷണം സ്വാഭാവികമായും വിഭിന്ന വീക്ഷണങ്ങളുണ്ടാക്കി. അങ്ങനെയാണ്‌ സ്വാഹാബാക്കള്‍ക്കിടയില്‍ നിരവധി അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തത്‌.
മര്‍വാനു ബ്‌നുല്‍ ഹകം(റ)ല്‍ നിന്ന്‌: അദ്ദേഹം പറഞ്ഞു: അലി(റ)യെയും ഉസ്‌മാന്‍(റ)നെയും ഞാന്‍ കണ്ടു.അഥവാ ഉസ്‌മാന്‍(റ) തമത്തുഇനെയും ഹജ്ജും ഉംറയും ഒരുമിച്ച്‌ നിര്‍വ്വഹിക്കലിനെയും വിരോധിക്കുന്നു. (പക്ഷേ, അലി(റ) ഇതംഗീകരിക്കുന്നില്ല. അങ്ങിനെ അലി(റ) പറഞ്ഞു: നബി(സ) ചെയ്‌തു കാണിച്ച ഒരു പ്രവൃത്തി എതിര്‍ക്കുക എന്നതല്ലാതെ താങ്കള്‍ ഒന്നും ഉദ്ദേശിക്കുന്നില്ല.) ഇതിനു ശേഷം ഹജ്ജിനും ഉംറക്കും ഒരുമിച്ച്‌ ഇഹ്‌റാം കെട്ടിയ അലി(റ) പറഞ്ഞു: ലബ്ബൈക്ക ബി ഉംറത്തിന്‍ വ ഹജ്ജത്തിന്‍. ഒരാളുടെ വാക്കിന്‌ വേണ്ടി തിരുനബി(സ)യുടെ ചര്യ ഞാന്‍ ഉപേക്ഷിക്കുകയില്ല (ബുഖാരി:1/213).ഇത്തരം നിരവധി ഹദീസുകള്‍ സ്വഹാബാക്കള്‍ക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങളെയാണ്‌ സൂചിപ്പിക്കുന്നത്‌.
ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശം നല്‍കാത്ത വിഷയങ്ങളില്‍ സ്വഹാബിമാര്‍ ഒന്നടങ്കം അഭിപ്രായം പറഞ്ഞു എന്നാരും ധരിക്കരുത്‌. ഉമര്‍(റ), അലി(റ), അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ), ആയിശ(റ), സൈദുബ്‌നു സാബിത്‌(റ), അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) തുടങ്ങി ഏഴു പണ്ഡിതസ്വഹാബാക്കളായിരുന്നു കൂടുതല്‍ ഗവേഷണം നടത്തിയത്‌. ഇവര്‍ തിരുനബി(സ)യുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്നുവെന്നതില്‍ പക്ഷാന്തരമില്ല. സ്വഹാബാക്കളിലെ അഭിപ്രായ ഭിന്നതകളില്‍ ഇവരുടെ ഗവേഷണാഭിപ്രായമായിരുന്നു പണ്ഡിതര്‍ സ്വീകരിച്ചിരുന്നത്‌.
സ്വഹാബാക്കള്‍ക്ക്‌ ശേഷം വന്ന താബിഉകളും മുന്‍ഗാമികളുടെ പാത അക്ഷരംപ്രതി അനുധാവനം ചെയ്യുന്നവരായിരുന്നു. കാരണം ഖുര്‍ആന്‍ പഠിച്ചവരും ഫുഖഹാക്കളുമായ സ്വഹാബി വര്യന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു അവര്‍. അങ്ങനെ പ്രസിദ്ധ സ്വഹാബികള്‍ അതിവസിച്ച്‌ മതവിധി നല്‍കിയ പട്ടണങ്ങള്‍ ദീനിവിദ്യാഭ്യാസ ചലനത്തിന്റെ സിരാ കേന്ദ്രങ്ങളായി മാറി. നിര മുറിയാത്ത പണ്ഡിത പരമ്പര തന്നെ ഇവിടങ്ങളില്‍ ഉയിര്‍കൊണ്ടു.
സൈദുബ്‌നു സാബിത്‌(റ), അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ), സഈദ്‌ബ്‌നു മുസയ്യബ്‌(റ), ഉര്‍വത്‌ബ്‌നു സുബൈര്‍(റ), ഇബ്‌നു ശിഹാബുസ്സുഹ്‌രി(റ) മദീനയിലും മുആദുബ്‌നു ജബല്‍(റ), അബ്‌ദുല്ലാഹിബ്‌നു സുബൈര്‍(റ), ഇബ്‌നു അബ്ബാസ്‌(റ), മുജാഹിദുബ്‌നു ജബല്‍(റ), അത്വാഉബ്‌നു അബീറബാഹ്‌(റ), താഊസ്‌ കൈസാനി(റ) മക്കയിലും അലിയ്യ്‌ബ്‌നു അബീത്വാലിബ്‌(റ), അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ), അല്‍ഖമത്‌ബ്‌നു നഖഈ(റ), അസ്‌വദ്‌ബ്‌നു യസീദ്‌(റ), ഇബ്‌റാഹീമുന്നഖഈ(റ), മസ്‌റൂഖ്‌(റ), ശരീഹ്‌(റ), ശഅബി(റ), സഈദ്‌ബ്‌നു ജുബൈര്‍(റ) കൂഫയിലും അബൂമൂസല്‍ അശ്‌അരി(റ), അനസ്‌ബ്‌നു മാലിക്‌(റ), അബുല്‍ ഹസനുല്‍ ബസ്വരി(റ), മുഹമ്മദ്‌ബ്‌നു സീരീന്‍(റ) ബസ്വറയിലും മുആദ്‌ബ്‌നു ജബല്‍(റ), അബൂദര്‍ദാഅ്‌(റ), ഉബാദത്ത്‌ബുനു സ്വാമിത്‌ (റ), അബൂ ഇദ്‌രീസുല്‍ ഖൂലാനി(റ), മക്‌ഹൂലുദ്ദിമശ്‌ഖി(റ), ഉമര്‍ബ്‌നു അബ്‌ദില്‍ അസീസ്‌(റ) സിരിയയിലും. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്‌(റ), യസീദ്‌ബ്‌നു ഹുബൈബ്‌(റ), ലൈസുബ്‌നു സഅദ്‌(റ) ഈജിപ്‌തിലും എന്നിങ്ങനെയായിരുന്നു ആ പണ്ഡിത ശൃംഖല.
ഗവേഷണത്തിന്റെയും വീക്ഷണത്തിന്റെയും സൂക്ഷ്‌മാംശങ്ങളിലും വിശദാംശങ്ങളിലും വിസ്‌മയാവഹമായ സൂക്ഷ്‌മത പുലര്‍ത്തിയ ഇവ്വിധം ഒരു പറ്റം ഭുവന പ്രശസ്‌തരായ പണ്ഡിത പരമ്പരയിലൂടെയാണ്‌ കര്‍മ്മശാസ്‌ത്രം വളര്‍ച്ചയും വികാസവും പ്രാപിച്ചത്‌. ഇവരൊന്നും ഇച്ഛാനുസരണം ദീനില്‍ വിധി പറയുകയില്ലെന്നത്‌ സുവിദിതമാണ്‌.
പക്ഷേ, കര്‍മ്മശാസ്‌ത്രവിഷയങ്ങളില്‍ ഈ ബഹുമാന്യ ശൃംഖലയുടെ സസൂക്ഷ്‌മ ഫത്‌വകളും ഗവേഷണാഭിപ്രായങ്ങളും രേഖപ്പെടുത്തപ്പെടുകയോ മാര്‍ഗ്ഗരേഖയാക്കി ക്രോഡീകരിക്കപ്പെടുകയോ ചെയ്‌തില്ല. തന്നിമിത്തം പിന്‍തലമുറക്കാര്‍ക്ക്‌ ഭീതിലേശമന്യേ അനുധാവനം ചെയ്യാനുള്ള കര്‍മ്മ സരണി ലഭിക്കാതെ പോയി. എന്നിരുന്നാലും ശിഷ്യഗണങ്ങളിലൂടെ ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രം പുരോഗമിച്ചു കൊണ്ടിരുന്നു.
ഖിലാഫത്തില്‍ നിന്നും രാജവാഴ്‌ചയിലേക്ക്‌ മുസ്‌ലിം ഭരണവ്യവസ്ഥിതി നീങ്ങിയെങ്കിലും കര്‍മ്മശാസ്‌ത്ര നിയമങ്ങളുടെ വിഷയത്തില്‍ വിമുഖതയൊന്നും വന്നില്ല. നിയമങ്ങള്‍ യഥാവിധി നടപ്പാക്കുന്നതില്‍ ഭരണ കര്‍ത്താക്കള്‍ കൂടുതല്‍ ബദ്ധശ്രദ്ധരായിരുന്നു. അബ്ബാസീ ഖലീഫ അബൂ ജഅ്‌ഫരില്‍ മന്‍സൂറിന്റെ കര്‍മ്മശാസ്‌ത്ര ക്രോഡീകരണമുണ്ടാക്കുന്നതിലെ ജിജ്ഞാസ മതിയായ സാക്ഷ്യമാണ്‌.
ഖലീഫ അബൂജഅ്‌ഫരില്‍ മന്‍സൂര്‍ ഏല്‍പിച്ചതിനനുസരിച്ച്‌ ഇമാം മാലിക്‌(റ) പ്രസിദ്ധമായ അല്‍ മുവത്വ രചിച്ചപ്പോള്‍ ഖലീഫ അതിലുള്ള അഭിപ്രായങ്ങളും നിയമങ്ങളും രാഷ്‌ട്രീയ അധികാരമുപയോഗിച്ച്‌ ജനങ്ങളില്‍ നടപ്പാക്കാന്‍ശ്രമിക്കുകയുണ്ടായി. അഥവാ അല്‍ മുവത്വ എല്ലാവരും പിന്‍പറ്റേണ്ട രാഷ്‌ട്രത്തിന്റെ പൊതുനിയമമായി ഗണിക്കുവാനും മറ്റു ഗവേഷണാഭിപ്രായങ്ങള്‍ റദ്ദ്‌ ചെയ്യുവാനും അദ്ദേഹം ഉദ്ദേശിച്ചു. അങ്ങനെ ഹജ്ജിന്‌ പോയപ്പോള്‍ ഖലീഫ മന്‍സൂര്‍ ഇമാം മാലിക്‌(റ) നോട്‌ പറഞ്ഞു: താങ്കള്‍ രചിച്ച ഈ ഗ്രന്ഥത്തിന്റെ കോപ്പികള്‍ മുഴുവന്‍ മുസ്‌ലിം പട്ടണങ്ങളിലേക്ക്‌ അയക്കുവാനും അതനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുവാനും വിധിക്കുവാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഇമാം മാലിക്‌(റ) പറഞ്ഞു: അമീറുല്‍ മുഅ്‌മിനീന്‍! അങ്ങനെ ചെയ്യരുത്‌. ജനങ്ങള്‍ മുമ്പ്‌ പല അഭിപ്രായങ്ങളും ഹദീസുകളും കേട്ടിട്ടുണ്ടാകും. അവര്‍ പലതും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുമുണ്ടാകും. ഓരോ വിഭാഗവും മുമ്പ്‌ കിട്ടിയത്‌ സ്വീകരിച്ചിട്ടുമുണ്ടാകും. അങ്ങനെ ജനങ്ങള്‍ വ്യത്യസ്‌ത രീതിയില്‍ കര്‍മങ്ങള്‍ അനുഷ്‌ഠിച്ചു കൊണ്ടിരിക്കുകയായിരിക്കും. അതിനാല്‍ ജനങ്ങളെ വെറുതെ വിടുക, ഓരോരുത്തരും തെരഞ്ഞെടുത്തതെന്തോ അതനുവദിച്ച്‌ കൊടുക്കുക(അല്‍ ഇസ്‌ലാമു വല്‍ ഹളാറതുല്‍ അറബിയ്യ:2/10).
ഹാറൂന്‍ റഷീദിനോടാണ്‌ ഇമാം മാലിക്‌(റ) ഇപ്രകാരം പറഞ്ഞതെന്നും അഭിപ്രായമുണ്ട്‌. അല്‍ മുവത്വ കഅബയില്‍ കെട്ടിത്തൂ ക്കി അതിലെ നിയമങ്ങള്‍ ജനങ്ങള്‍ക്ക്‌ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച്‌ അഭിപ്രായമാരാഞ്ഞപ്പോള്‍ ഇമാം മാലിക്‌(റ) പറഞ്ഞു: അരുത്‌, ശാഖാപരമായ വിഷയങ്ങളില്‍ റസൂലിന്റെ അനുചരന്മാര്‍ ഭിന്നിച്ചിരുന്നു. കാലം കഴിയുന്തോറും അവര്‍ പല നാടുകളിലാവുകയാണ്‌ (ഹുജ്ജ തുല്ലാഹില്‍ ബാലിഗഃ:1/145).
ഇതിനിടെയാണ്‌, രാഷ്‌ട്രീയ സ്വാധീനം കര്‍മ്മശാസ്‌ത്രത്തില്‍ കടന്നുവരുന്നത്‌. അതോടെ കര്‍മ്മശാസ്‌ത്രത്തിന്റെ സൂക്ഷ്‌മതയില്‍ കളങ്കത്തിന്‌ ഇടമുണ്ടായി. ചുരുക്കം ചില ഖലീഫമാരുടെ അമാന്തതയും രാജവാഴ്‌ചയും ഇതിനു നിദാനമായി. വിശ്വാസവും കര്‍മ്മവും ഇഴചേര്‍ന്നു കൊണ്ടു നടന്ന ഒരു ജനതയിലേക്ക്‌ തക്കം പാര്‍ത്തു കഴിയുന്ന ശീഅ, മുഅ്‌തസിലഃ, ഖവാരിജ്‌ തുടങ്ങിയ അവാന്തര വിഭാഗങ്ങള്‍ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ വലിഞ്ഞുകേറി. വിശ്വാസ കാര്യങ്ങളിലാണിവര്‍ കൂടുതല്‍ ഇടപെട്ടതെങ്കിലും ശരീഅത്തിന്റെ മൂലപ്രമാണങ്ങളിലൊന്നായ ഹദീസില്‍ അവര്‍ക്കനുകൂലമായ കാര്യങ്ങളെ കടത്തിക്കൂട്ടുകയും പടച്ചുണ്ടാക്കുകയുമുണ്ടായി. അനുബന്ധമായി കര്‍മ്മശാസ്‌ത്രത്തിലും വികലത വരാനിടയായി…
                        ഇസ്‌ലാമിന്റെ വിശ്വാസ-കര്‍മ്മ ശാസ്‌ത്രത്തിന്റെ അസ്‌തിത്വത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നറിഞ്ഞ പണ്ഡിത സമൂഹം കൂടുതല്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചു. അങ്ങനെ വിശ്വാസ കാര്യങ്ങളില്‍ പുതിയൊരു വിജ്ഞാനശാഖ രൂപം കൊണ്ടു. അതാണ്‌ ഇല്‍മുല്‍ കലാം. ഈ ഒരു പരിസരത്തുനിന്നു തന്നെയാണ്‌ കര്‍മ്മശാസ്‌ത്രവും രൂപം കൊള്ളുന്നത്‌. ഇതിന്റെ നിര്‍മ്മിതിയില്‍ കൃത്യമായൊരു വ്യക്തിത്വത്തെ ചരിത്രം ചൂണ്ടിക്കാണിച്ചതായി കാണുന്നില്ല. എന്നിരുന്നാലും ചരിത്രപരമായ കാരണങ്ങളാല്‍ ബോധപൂര്‍വ്വം അത്‌ വികാസം പ്രാപിച്ചുവെന്നോ ഉത്ഭൂതമായെന്നോ വേണം പറയാന്‍.
             ജോര്‍ജ്‌ സൈദാന്‍ പറയുന്നു: താബിഉകളുടെയും മുജ്‌തഹിദുകളായ ഇമാമുകളുടെയും കാലഘട്ടം ഏകദേശം രണ്ട്‌ മൂന്ന്‌ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഫിഖ്‌ഹിന്റെ വൃത്തം കൂടുതല്‍ ബൃഹത്തായി. കാരണം, ഇസ്‌ലാമിക ലോകം കൂടുതല്‍ വിശാലമാവുകയും അനറബികളായ ധാരാളം പേര്‍ ഇസ്‌ലാമിലേക്ക്‌ കടന്നുവരികയും ചെയ്‌തപ്പോള്‍ പല പുതിയ പ്രശ്‌നങ്ങളും മുസ്‌ലിംകള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നു. പല ശാസ്‌ത്ര ശാഖകളും മറ്റു ഭാഷകളില്‍ നിന്ന്‌ മുസ്‌ലിം ലോകത്ത്‌ കടന്നു വന്നപ്പോള്‍ പല ഊഷ്‌മള ചര്‍ച്ചകളും പണ്ഡിതലോകത്തേക്ക്‌ അരങ്ങു തകര്‍ക്കുകയുണ്ടായി. ഇതെല്ലാം ശാസ്‌ത്രപരമായ ഗവേഷണത്തിന്റെ പുതിയ കവാടങ്ങള്‍ തുറക്കാന്‍ വഴിവെച്ചു. മാത്രമല്ല, വിശാലമായ ചര്‍ച്ചകളില്‍ വിദൂര ഭാവിയിലെങ്കിലും സാധ്യതയുള്ള സാങ്കല്‌പിക പ്രശ്‌നങ്ങള്‍ക്ക്‌ പോലും മതവിധികള്‍ കണ്ടെത്തുകയുണ്ടായി. ഈ ഘട്ടത്തില്‍ ഫിഖ്‌ഹ്‌ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെടുകയും അത്‌ ഗ്രന്ഥരൂപം പ്രാപിക്കുകയും ഒരു പ്രത്യേക വിജ്ഞാന ശാഖയായി മാറുകയും അത്‌ ഇല്‍മുല്‍ ഫിഖ്‌ഹ്‌ എന്ന നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്‌തു. അതോടെ പ്രസ്‌തുത വിഷയത്തില്‍ പ്രാവീണ്യം നേടിയ പണ്ഡിതര്‍ ഫഖീഹ്‌ എന്ന പേരില്‍ അറിയപ്പെട്ടു (അറബി സാഹിത്യ ചരിത്രം:1/234).
                എന്നാല്‍, മാലിക്‌ബ്‌നു അനസ്‌(റ) ആണ്‌ ആധുനിക കര്‍മ്മശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവെന്ന്‌ പറയപ്പെടാറുണ്ട്‌. അദ്ദേഹത്തിന്റെ വിശ്വപ്രശസ്‌ത ഗ്രന്ഥമായ അല്‍ മുവത്വ അതിന്‌ തെളിവ്‌ നല്‍കുന്നു. എന്നാല്‍ മുമ്പേ ജീവിച്ച അബൂ ഹനീഫ ഇമാം(റ) എന്ത്‌ കൊണ്ട്‌ ഉപജ്ഞാതാവായില്ലെന്ന ന്യായമായ ചോദ്യത്തിന്‌ അദ്ദേഹം ഇന്നത്തെ ഫിഖ്‌ഹ്‌ പ്രകാരം ക്രോഡീകരിച്ചില്ല എന്നതു തന്നെ മറുപടി.-ഇബാദത്ത്‌(ആരാധനാപരം), മുആമലാത്‌(വ്യവഹാരികം), മുനാകഹാത്‌(വൈവാഹികം), ജിനായാത്‌(ശിക്ഷാവിധികള്‍) എന്നിങ്ങനെ പ്രത്യേക അദ്ധ്യായങ്ങളും ഖണ്ഡങ്ങളും ഉപഖണ്ഡങ്ങളുമായിട്ടുള്ള അതി വിപുലമായ രീതി- അതാണ്‌ ക്രോഡീകരണം കൊണ്ടുള്ള ഉദ്ദേശ്യം. അദ്ദേഹത്തിന്റെ മദ്‌ഹബ്‌ ക്രോഡീകരിക്കപ്പെട്ടത്‌ ശിഷ്യന്‍മാരായ അബൂ യൂസുഫ്‌(റ)ഉം മുഹമ്മദ്‌(റ)ഉം ആയിരുന്നു.
ഓരോ കാലഘട്ടത്തിലും നിപുണരായ കര്‍മ്മശാസ്‌ത്ര പണ്ഡിതന്‍മാരുടെ രംഗപ്രവേശം ഈ ശാഖക്ക്‌ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും വികാസവും നല്‍കി. അവരില്‍ പലരും ഫിഖ്‌ഹിന്റെ അടിസ്ഥാന നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും സരണി രൂപപ്പെടുത്തി ക്രോഡീകരിക്കുകയും ചെയ്‌തു. അവയില്‍ പ്രശസ്‌തവും നിയമാനുസൃതം ക്രോഡീകൃതവുമായത്‌ ഇന്ന്‌ അറിയപ്പെടുന്ന നാലു മദ്‌ഹബുകളാണ്‌.
                ഇസ്‌ലാമിക കര്‍മ്മശാസ്‌ത്ര നിര്‍മ്മിതി ചതുര്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണുള്ളത്‌. ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിവയാണവ. ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനമാണെന്നതില്‍ മുസ്‌ലിം ലോകത്ത്‌ പക്ഷാന്തരമില്ല. എന്നാല്‍ ഇജ്‌മാഅ്‌, ഖിയാസ്‌ തെളിവാക്കുന്നതില്‍ ചിലരില്‍ അക്ഷന്തവ്യമുണ്ട്‌.
അല്ലാഹു പറയുന്നു: സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും നിങ്ങളില്‍ നിന്നുള്ള ഉലുല്‍ അംറി(അധികാരസ്ഥന്‍മാര്‍)നെയും അനുസരിക്കുക. വല്ല വിഷയത്തിലും നിങ്ങള്‍ അഭിപ്രായ വ്യത്യാസമുള്ളവരായാല്‍ അത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരായിട്ടുണ്ടെങ്കില്‍ അതാണ്‌ ഉത്തമവും ഏറ്റവും നല്ല അന്ത്യഫലം നല്‍കുന്നതും(അന്നിസാഅ്‌:59).
 ഈ സൂക്തത്തെ വ്യാഖ്യാനിച്ച്‌ ഇമാം റാസി(റ) പറയുന്നു: ഫുഖഹാക്കള്‍ പറയും പ്രകാരം ശരീഅത്തിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആന്‍, ഹദീസ്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിവ യഥാക്രമത്തില്‍ ഈ സൂക്തം ഉള്‍കൊള്ളിക്കുന്നുണ്ട്‌. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന്‌ പറഞ്ഞതില്‍ നിന്ന്‌ ഖുര്‍ആനും സുന്നത്തും ശരീഅത്തിന്റെ ലക്ഷ്യങ്ങളാണെന്ന്‌ തെളിഞ്ഞു. ഉലുല്‍ അംറിനെ അനുസരിക്കണമെന്ന കല്‍പനയില്‍ ഇജ്‌മാഉം വല്ല വിഷയത്തിലും നിങ്ങള്‍അഭിപ്രായ വ്യത്യാസമുള്ളവരായാല്‍ അത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക എന്ന ശാസന ഖിയാസിന്നും തെളിവാണെന്ന്‌ അറിയിക്കുന്നു(തഫ്‌സീറുല്‍ കബീര്‍:10/146). തഫ്‌സീര്‍ ഇബ്‌നു കസീറിലും(1/677,678) ഈ സാക്ഷ്യമുണ്ട്‌.
മുസ്‌ലിംകള്‍ നല്ലതായി എന്ത്‌ കാണുന്നുവോ അത്‌ അല്ലാഹുവിങ്കലും നല്ലതുതന്നെ, എന്റെ സമൂഹം വഴികേടില്‍ ഒരുമിക്കുകയില്ല, ആരെങ്കിലും സ്വര്‍ഗ്ഗത്തിന്‍ സുഗന്ധം ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ജമാഅത്ത്‌(സംഘം) പിന്‍തുടരട്ടെ. കാരണം, പിശാച്‌ ഒറ്റപ്പെട്ടവനൊപ്പവും രണ്ടാളില്‍ നിന്ന്‌ വളരെ വിദൂരതയിലുമാകുന്നു(മുഹമ്മദ്‌ അബൂ സുഹറയുടെ ഉസൂലുല്‍ ഫിഖ്‌ഹ്‌:199) ഇവ്വിധം നബി വചനങ്ങളൊക്കെയും ഇജ്‌മാഇന്റെ സാധുതയാണ്‌ അടയാളപ്പെടുത്തുന്നത്‌. സ്വഹാബാക്കളുടെ കാലത്ത്‌ ഒട്ടനവധി വിഷയങ്ങളില്‍ അവര്‍ക്ക്‌ ഇജ്‌മാഉണ്ടായിരുന്നുവെന്നും അവ എണ്ണിതിട്ടപ്പെടുത്താനാവാത്തത്രയുമാണെന്നും അബൂ സുഹ്‌റ തന്റെ ഉസൂലുല്‍ ഫിഖ്‌ഹി(201)ല്‍ പറയുന്നുണ്ട്‌.
ഖിയാസെന്നാല്‍ തുലനം ചെയ്യുന്നവന്റെ അടുക്കല്‍ വിധി അറിയപ്പെട്ടവയും അറിയപ്പെടാത്തവയും തമ്മില്‍ കാരണത്തില്‍ സാമ്യമുള്ളതിനാല്‍ വിധി അറിയപ്പെട്ടവയോട്‌ അറിയപ്പെടാത്തവയെ ചുമത്തുകയാണ്‌(ജംഉല്‍ ജവാമിഅ്‌:2/203).
              മുമ്പ്‌ പറഞ്ഞ സൂറത്തുന്നിസാഇലെ 59-ാം സൂക്തത്തില്‍ വല്ല വിഷയത്തിലും നിങ്ങള്‍ ഭിന്നിച്ചാല്‍ അത്‌ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക എന്ന വചനം തന്നെ സാക്ഷ്യമാക്കി ഖിയാസിനെതിരെ വാദിക്കുന്നവരുണ്ട്‌. ഇതിന്ന്‌ ഇമാം ഫഖ്‌റുദ്ദീനുല്‍ റാസി(റ) മറുപടി പറയുന്നു: വല്ല വിഷയത്തിലും നിങ്ങള്‍ ഭിന്നിച്ചാല്‍ അത്‌ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക എന്നത്‌ ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌ ഇവയില്‍ വ്യക്തമായ വിധിയിലേക്ക്‌ മടങ്ങുക എന്നതാണ്‌ ഉദ്ദേശമെങ്കില്‍ തികച്ചും ബാലിശമാണത്‌. കാരണം ഈ ഉദ്ദേശ്യം മുന്‍ ശാസനകളില്‍ നിന്ന്‌ വ്യക്തമായതാണ്‌. മറിച്ച്‌, ഇവയിലൊന്നും അതിന്റെ സ്ഥിതി സ്ഥിരീകരിക്കാതിരിക്കുകയും അതോടൊപ്പം അവയിലേക്ക്‌ മടങ്ങാന്‍ പറയുന്നതിന്റെയും ലക്ഷ്യം, വിധി സ്ഥിരീകരിക്കപ്പെട്ടവയോട്‌ സാമ്യമുള്ളവയ്‌ക്ക്‌ അവയുടെ ഹുക്‌മുകള്‍ നല്‍കുകയെന്നാണ്‌. അപ്പോള്‍ ഖിയാസ്‌ ആവശ്യമാണെന്ന്‌ ശാസിക്കുന്ന ആയത്താണിതെന്ന്‌ വ്യക്തമായി(റാസി:10/146).
             ഒരിക്കല്‍ നബി(സ)യോട്‌ ഒരാള്‍ ചോദിച്ചു: നോമ്പുകാരന്‍ ചുംബിച്ചാല്‍ നോമ്പ്‌ മുറിയുമോ നബിയേ, ഉടന്‍ നബി(സ) തിരിച്ച്‌ ചോദിച്ചു: വായില്‍ വെള്ളം കൊപ്ലിച്ചാല്‍ നോമ്പ്‌ മുറിയുമോ? ഖിയാസ്‌ രൂപത്തിലുള്ള നബി(സ)യുടെ മറുപടി അറിയിക്കുന്നത്‌ വായില്‍ വെള്ളം കൊപ്ലിച്ചാല്‍ നോമ്പ്‌ മുറിയാത്തത്‌ പോലെ ചുംബനവും നോമ്പിനെ മുറിക്കുകയില്ല(റാസി:10/151).  മദ്‌ഹബ്‌ എന്ന അറബി പദത്തിന്‌ വഴി, പാന്ഥാവ്‌, അടിസ്ഥാനം, വിശ്വാ സം എന്നൊക്കെയാണ്‌ ഭാഷാര്‍ത്ഥമുള്ളത്‌.  പോവുക എന്നതിന്റെ സ്ഥലനാമമാണത്‌. വീക്ഷണം, അഭിപ്രായം, അഭിമതം എന്നിങ്ങനെയാണ്‌ സാമാന്യമായി അര്‍ത്ഥം നല്‍കുന്നത്‌. സര്‍വ്വാംഗീകൃത ഗവേഷകന്മാര്‍ (മുജ്‌തഹിദുകള്‍) പ്രമാണങ്ങളില്‍ നിന്നും തെളിവുസഹിതം കണ്ടെത്തുന്ന മതവിധികളുടെ സമാഹാരമാണ്‌ മദ്‌ഹബിന്റെ പൊതുവെയുള്ള വിവക്ഷ(ഇആനത്ത്‌:1/15).
  ഗവേഷണം നടത്തി താന്‍ കണ്ടെത്തുന്ന വിധി, പ്രമാണം കൊണ്ടു തെളിയിക്കാന്‍ തയ്യാറാണെന്നവകാശപ്പെടുന്ന മുജ്‌തഹിദില്‍ നിന്നും മനസ്സിലാക്കപ്പെടുന്ന മതവിധികളുടെ സമാഹരണമാണ്‌ മദ്‌ഹബുകള്‍ എന്നാണ്‌ അല്ലാമാ മുഹമ്മദുല്‍ അസീസ്‌ ഫര്‍ഹാരി(റ) അര്‍ത്ഥം പറഞ്ഞത്‌(നിബ്‌റാസ്‌:25). എന്നാല്‍ മഹല്ലി ഇമാം പോലോത്തവര്‍ നിര്‍വ്വചിച്ചത്‌ ഏതൊരു മുജ്‌തഹിദിന്റെ മദ്‌ഹബും ആ ഗവേഷകനും അദ്ദേഹത്തിന്റെ സഹായികളും കണ്ടെത്തി പ്രഖ്യാപിച്ചിട്ടുള്ള മതവിധികളാണ്‌(മഹല്ലി:1/10).
              ചതുര്‍ പ്രമാണങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചട്ടക്കൂട്ടിനുള്ളില്‍ സമഗ്രതയും സര്‍വ്വകാലികതയും ഉറപ്പ്‌ വരുത്തി ആവിഷ്‌കരിച്ചെടുത്ത മദ്‌ഹബുകള്‍ ഒട്ടനവധിയുണ്ട്‌. അന്യൂനമായി ക്രോഡീകരിച്ചെടുത്തതും കൂടുതല്‍ സ്വീകാര്യമായതും പ്രശസ്‌തമായ നാലു മദ്‌ഹബുകളാണ്‌. ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ, എന്നിവയാണവ.
ഉത്ഭവം, സ്വീകാര്യത, നിക്ഷിപ്‌തത
            സ്വഹാബികളിലും താബിഉകളിലും മദ്‌ഹബുകളുണ്ടായിരുന്നുവെന്നതാണ്‌ വസ്‌തുത. മുസ്‌ലിം കേന്ദ്രപ്രദേശങ്ങളെ ആസ്ഥാനമാക്കി അവിടങ്ങളിലുണ്ടായ പണ്ഡിത ശ്രേണികളിലും അവരുടെ മദ്‌ഹബ്‌ നിലനിന്നിരുന്നു. പക്ഷേ, അവരാരും അത്‌ ക്രോഡീകരിച്ച്‌ ഗ്രന്ഥമായി സൂക്ഷിച്ചില്ല എന്നത്‌ കൊണ്ടു തന്നെ അവരുടെ ഗവേഷണാഭിപ്രായങ്ങളും വീക്ഷണങ്ങളും നമുക്ക്‌ സംശയലേശമന്യേ മദ്‌ഹബാക്കി സ്വീകരിക്കാനാവില്ല.
      ഇമാം സുബ്‌കി(റ) പറയുന്നു: സ്വഹാബികളുടെ മദ്‌ഹബുകള്‍ റിക്കാര്‍ഡാക്കപ്പെടാതിരുന്നത്‌ കൊണ്ടാണ്‌ അവ അനുകരിക്കാനാവാതെ വന്നത്‌. അല്ലാതെ അവരുടെ ഗവേഷണത്തിന്റെ വീഴ്‌ച കൊണ്ടായിരുന്നില്ല. എന്നാല്‍ നാലു ഇമുമാരുടെ മദ്‌ഹബുകള്‍ അപ്രകാരമല്ല. അവ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്‌(ജംഉല്‍ ജവാമിഅ്‌ മഅല്‍ അത്വാര്‍:2/396).
           വിശ്വ വിഖ്യാതമായ ഈ നാലു മദ്‌ഹബുകളുടെ ഉത്‌ഭവപശ്ചാത്തലം നിരീക്ഷിക്കുമ്പോള്‍, അന്ന്‌ കര്‍മ്മശാസ്‌ത്രമേഖലയില്‍ സജീവമായിരുന്ന അസ്‌ഹാബുല്‍ ഹദീസിന്റെയും അസ്‌ഹാബുറഅ്‌യിന്റെയും സ്വാധീനമറിയിക്കുന്നു. ഇമാം അബൂ ഹനീഫ(റ)യുടെ അനുയായികള്‍ അസ്‌ഹാബുറഅ്‌യ്‌(മറ്റൊരഭിപ്രായ പ്രകാരം അഹ്‌ലുറഅ്‌യ്‌) എന്നും ഇമാം മാലിക്‌(റ)ന്റെ അനുയായികള്‍ അസ്‌ഹാബുല്‍ ഹദീസ്‌(മറ്റൊരഭിപ്രായ പ്രകാരം അസ്‌ഹാബുല്‍ അസര്‍) എന്ന പേരിലും അറിയപ്പെട്ടു. ഈ ഇമാമുമാര്‍ ഇവയുടെ നേതാക്കളായിരുന്നു.
          ഇമാം റാസി(റ) പറയുന്നു: ഇമാം ശാഫിഈ(റ) രംഗത്തെത്തുന്നതിന്‌ മുമ്പ്‌ ജനങ്ങള്‍ രണ്ട്‌ വിഭാഗമായിരുന്നു. അസ്‌ഹാബുല്‍ ഹദീസ്‌, അസ്‌ഹാബുറഅ്‌യ്‌ എന്നിവയായിരുന്നു അത്‌. അസ്‌ഹാബുല്‍ ഹദീസ്‌ നബി(സ)യുടെ ഹദീസ്‌ ഹൃദിസ്ഥമാക്കിയിരുന്നു. പക്ഷേ, കൂടുതല്‍ ചിന്താ സമര്‍ത്ഥന വൈഭവം പ്രകടിപ്പിക്കാന്‍ അവര്‍ക്കായിരുന്നില്ല. അസ്‌ഹാബുല്‍ റഅ്‌യിന്റെ മുന്നില്‍ അവര്‍ പലപ്പോഴും പരിഭ്രമിക്കുമായിരുന്നു. അസ്‌ഹാബുറഅ്‌യ്‌ ആലോചിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഹദീസും അസറും ശേഖരിക്കുന്നതില്‍ കാര്യമായി ശ്രദ്ധിച്ചില്ല(അല്‍ അഇമ്മതുല്‍ അര്‍ബഅ:133).
           ഇമാം അബൂ ഹനീഫ(റ)യുടെ പ്രവര്‍ത്തന പരിസരം കൂഫയായിരുന്നു. ഇറാഖ്‌ അന്ന്‌ മദീനയെ അപേക്ഷിച്ച്‌ ഹദീസ്‌ വിരളമായി കിട്ടിയ ഇടമായിരുന്നു. ഇത്തരുണത്തില്‍ ഇമാം അബൂ ഹനീഫ(റ) ഖിയാസിന്റെ അടിസ്ഥാനത്തിലായിരുന്നു മതവിധികള്‍ അധികവും നടത്തിയിരുന്നത്‌. എന്ന്‌ വെച്ച്‌ ഖുര്‍ആനും ഹദീസും നീക്കിവെച്ചെന്ന്‌ ധരിക്കരുത്‌. ഇമാം അബൂ ഹനീഫ(റ) തന്നെ പറയട്ടെ: ഞാന്‍ അല്ലാഹുവിന്റെ കിതാബിനെ അവലംബിക്കുന്നു. അതിലില്ലാത്തതിന്‌ സുന്നത്തിനെ അവലംബിക്കുന്നു, കിതാബിലും സുന്നത്തിലും ലഭിക്കാത്തതിന്‌ സ്വഹാബി വചനങ്ങളെ അവലംബിക്കുന്നു.(അതില്‍) എനിക്ക്‌ ബോധിച്ചത്‌ ഞാന്‍ സ്വീകരിക്കും അല്ലാത്തത്‌ ഞാന്‍ തിരസ്‌കരിക്കും. അവരുടെ വാക്കല്ലാത്ത മറ്റൊരു വാക്കും ഞാന്‍ സ്വീകരിക്കില്ല. പിന്നെ (താബിഉകളില്‍ പെട്ട) ഇബ്‌റാഹീം(റ), ശഅബി(റ), ഇബ്‌നു സീരീന്‍(റ), ഹസന്‍(റ), അത്വാഅ്‌(റ), സഈദ്‌ബ്‌നു മുസയ്യബ്‌(റ) തുടങ്ങിയവരും വേറെ ചിലരും ഇജ്‌തിഹാദ്‌ നടത്തുകയുണ്ടായിട്ടുണ്ട്‌. അവര്‍ ഇജ്‌തിഹാദ്‌ നടത്തിയത്‌ പോലെ ഞാനും ഇജ്‌തിഹാദ്‌ നടത്തും(താരീഖു ബഗ്‌ദാദ്‌:13/368).
          എന്നാല്‍ ഇമാം മാലിക്‌(റ) ഹദീസിന്‌ കൂടുതല്‍ പരിഗണന നല്‍കിയതോടൊപ്പം തന്നെ മദീനാവാസികളുടെ പ്രവര്‍ത്തന രീതിയും പ്രമാണമാക്കിയിരുന്നു. ഈ രണ്ട്‌ വിഭാഗങ്ങളും ഒരേ കാലത്തെ സാന്നിദ്ധ്യമായത്‌ കൊണ്ട്‌ തന്നെ അധിക സംവാദങ്ങളും സംവേദനങ്ങളും നടന്നു. തല്‍ഫലമായി കര്‍മ്മസരണികള്‍ രേഖപ്പെടുത്തലും ഗ്രന്ഥമാക്കലുമുണ്ടായി.
ശേഷം വന്ന ഇമാം ശാഫിഈ(റ) വിജ്ഞാനം നേടിയതും ഹദീസ്‌ പഠിച്ചതും ഇമാം മാലിക്‌(റ)യില്‍ നിന്നായിരുന്നു. തന്നിമിത്തം മാലിക്‌(റ)ന്റെ സരണിയും അസ്‌ഹാബിന്റെ രീതിശാസ്‌ത്രവും അടുത്തറിയാന്‍ സാധിച്ചു. ശേഷം ബഗ്‌ദാദിലേക്കുള്ള യാത്രയിലൂടെ ഹനഫീ സരണിക്കാരെയും അറിയാനിടയുണ്ടാക്കി. ഈ അവസരത്തില്‍, ഉദാരമായ ഖിയാസ്‌ സമ്പ്രദായവും പഴുതുള്ള പ്രമാണ സമീപനവും സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ മഹാനവര്‍കള്‍ക്ക്‌ ബോധ്യമായി. ഇത്‌ ഒരു നിദാനശാസ്‌ത്ര നിര്‍മ്മിതിക്ക്‌ വഴിയൊരുക്കി. നിദാനശാസ്‌ത്രത്തിലെ ആദ്യത്തെ രചനയായ രിസാല ക്രോഡീകരിച്ചത്‌ ഇങ്ങനെയാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ശാഫിഈ മദ്‌ഹബുണ്ടായത്‌.
            കൂഫ, ബസ്വറ, ഹിജാസ്‌ തുടങ്ങിയ വൈജ്ഞാനിക ഭൂമികകളിലൂടെയുള്ള ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍(റ)ന്റെ യാത്ര മറ്റൊരു മദ്‌ഹബിന്നിടമുണ്ടാക്കി. മദീനയില്‍ വെച്ച്‌ ഇമാം ശാഫിഈ(റ)യുമായുള്ള സമാഗമത്തോടെയാണ്‌ ഹദീസിനെ ആസ്‌പദമാക്കിയുള്ള ഫിഖ്‌ഹിലേക്ക്‌ ഇമാമവര്‍കളുടെ ശ്രദ്ധ വന്നത്‌.
ക്രോഡീകൃതമായ മദ്‌ഹബുകള്‍ വേറെയുമുണ്ടായിരുന്നു. പതിനൊന്നോളം മദ്‌ഹബുകള്‍ ഗ്രന്ഥമാക്കപ്പെട്ടിട്ടുണ്ട്‌. സുഫ്‌യാനുസ്സൗരി(റ), സുഫ്‌യാനുബിന്‍ ഉയൈയ്‌ന(റ), ലൈസുബ്‌നു സഅദ്‌(റ), ഇസ്‌ഹാഖുബ്‌നു റാഹൂയ്യ(റ), ഇബ്‌നു ജരീര്‍(റ), ദാവൂദ്‌(റ), ഔസാഇ(റ) തുടങ്ങിയവയാണിവ. അവര്‍ക്കെല്ലാം സഹായികളും അനുകര്‍ത്താക്കളുമുണ്ടായിരുന്നു. അതിന്റെയെല്ലാം പണ്ഡിതരുടെ മരണത്തോടെ അസ്‌പഷ്‌ടത നിമിത്തമായി അഞ്ചാം നൂറ്റാണ്ടോടു കൂടി ആ മദ്‌ഹബുകളോരോന്നും തിരോഭവിച്ചു.
         ശാഹ്‌ വലിയുല്ലാഹിദ്ദഹ്‌ലവി(റ) പറയുന്നു: ഹിജ്‌റ നാനൂറിന്‌ മുമ്പ്‌ ഏതെങ്കിലും നിര്‍ണ്ണിത മദ്‌ഹബിനെ തഖ്‌ലീദ്‌ ചെയ്യണമെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരുന്നില്ല(ഹുജ്ജതുല്ലാഹില്‍ ബാലിഗ:1/152). എന്നാല്‍ നാലാം നൂറ്റാണ്ടിന്‌ ശേഷം നാലിലൊരു മദ്‌ഹബ്‌ അനുകരിക്കുന്നതില്‍ പണ്ഡിതര്‍ പൂര്‍ണ്ണമായും ഏകോപിച്ചു. ഇബ്‌നു സ്വലാഹ്‌(റ) പറയുന്നു: നാലു മദ്‌ഹബിന്റെ ഇമാമുകള്‍ അല്ലാത്തവരെ തഖ്‌ലീദ്‌ ചെയ്യാന്‍ പാടില്ലെന്നത്‌ ഇജ്‌മാആയിത്തീര്‍ന്നിരിക്കുന്നു(ബിഗ്‌യ:8). ശാഹ്‌ വലിയുല്ലാഹിദ്ദഹ്‌ലവി(റ) തന്റെ ഇഖ്‌ദുല്‍ജീദ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: അറിയുക, നിശ്ചയം ഈ നാലു മദ്‌ഹബുകള്‍ സ്വീകരിക്കുന്നതില്‍ വലിയ നന്മയുണ്ട്‌. അവ നിരാകരിക്കുന്നതില്‍ വലിയ വിപത്ത്‌ പതിയിരിക്കുന്നു. വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ട നാലു മദ്‌ഹബുകളല്ലാതെ വേറെ ഇല്ല.

മദ്‌ഹബുകളുടെ ഭിന്നത

 ജനതക്കിടയില്‍ ഭിന്നതകളുണ്ടാകുമെന്നത്‌ സാമൂഹിക ശാസ്‌ത്രത്തിന്റെ ന്യായമായ കണ്ടെത്തലാണ്‌. ഭൗതിക ജീവിതങ്ങളില്‍ അതിനേറെ കാഴ്‌ചകളുണ്ട്‌ താനും. എന്നാല്‍ കര്‍മ്മശാസ്‌ത്രങ്ങളില്‍ രൂപം കൊണ്ട സംവാദാത്മക ഭിന്നതകള്‍ ദീനിന്റെ ന്യൂനതയോ പോരായ്‌മയോ അല്ല അടയാളപ്പെടുത്തുന്നത്‌.
            മലക്കുകള്‍ അഭിപ്രായ ഭിന്നത പുലര്‍ത്തുക മാത്രമല്ല, പരസ്‌പരം തര്‍ക്കിക്കുകയും ചെയ്‌തതായി ഖുര്‍ആന്‍ പറയുന്നുണ്ട്‌: അത്യുന്നതങ്ങളില്‍ തര്‍ക്കം നടന്നപ്പോള്‍ അതിനെ കുറിച്ച്‌ എനിക്ക്‌ യാതൊരു വിവരവുമുണ്ടായിരുന്നില്ല(സ്വാദ്‌:69). നബിമാര്‍ക്കിടയിലും അഭിപ്രായ വിയോജിപ്പ്‌ ഉണ്ടായിട്ടുണ്ട്‌. മൂസാ നബി(അ)യും ഖിള്‌ര്‍(അ)ഉം (ഖിള്‌ര്‍ അല്ലാഹുവിന്റെ വലിയ്യാണെന്ന്‌ അഭിപ്രായമുണ്ട്‌) മൂന്ന്‌ വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന്‌ ഖിള്‌ര്‍(അ) മൂസാ നബി(അ)യെ യാത്രക്കിടെ തിരിച്ചയച്ചു. മതി, നിങ്ങളുമായുള്ള എന്റെ കൂട്ട്‌ അവസാനിച്ചിരിക്കുന്നു. നിങ്ങള്‍ക്കു ക്ഷമിക്കാന്‍ കഴിയാതെ പോയ സംഗതികളുടെ യാഥാര്‍ത്ഥ്യം ഇനി ഞാന്‍ വിവരിച്ചു തരാം(അല്‍ കഹ്‌ഫ്‌:78).
 ഒരാളുടെ കൃഷിയില്‍ മറ്റൊരാളുടെ ആടുകള്‍ ഇടയനില്ലാതെ കയറി മേഞ്ഞ കേസിലെ വിധി തീര്‍പ്പില്‍ ദാവൂദ്‌ നബി(അ)യും മകന്‍ സുലൈമാന്‍ നബി(അ)യും ഭിന്നിച്ചു. മകന്റെ നിലപാടായിരുന്നു ശരിയെന്ന്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ഇരുവരേയും ഖുര്‍ആന്‍ പുകഴ്‌ത്തുകയും ചെയ്‌തു. അന്നേരം സുലൈമാന്‌ നാം ശരിയായ വിധി മനസ്സിലാക്കി കൊടുത്തു. വിധി വിജ്ഞാനവും അറിവുമാകട്ടെ നാം ഇരുവര്‍ക്കും അരുളിയിട്ടുണ്ടായിരുന്നു(അല്‍ അമ്പിയാഅ്‌:79).
ഇത്തരം വീക്ഷണ വ്യത്യാസങ്ങളും അഭിപ്രായാന്തരങ്ങളും മലക്കുകള്‍ക്കിടയിലും നബിമാര്‍ക്കിടയിലും ഉണ്ടായെങ്കില്‍, പണ്ഡിതര്‍ക്കിടയിലെ അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും സ്വാഭാവികം മാത്രം.
സ്വഹാബികളിലും ഒട്ടനവധി ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അബൂബക്കര്‍(റ)ന്റെയും ഉമര്‍(റ)ന്റെയും സമീപനത്തിലെ ഭിന്നതകള്‍ തന്നെ വലിയ ഉദാഹരണമാണ്‌. ദാനധര്‍മ്മങ്ങളില്‍ തുല്ല്യത വേണമെന്നായിരുന്നു സിദ്ധീഖ്‌(റ)ന്റെ അഭിപ്രായം. എന്നാല്‍ ചിലര്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്നായിരുന്നു ഉമര്‍(റ)ന്റെ വീക്ഷണം. ഉമര്‍(റ) അങ്ങനെ നടപ്പാക്കുകയും ചെയ്‌തിട്ടുണ്ട്‌.
മുഹസ്സിബില്‍ ഇറങ്ങല്‍ ഹജ്ജിന്റെ സുന്നത്തില്‍ പെട്ടതാണെന്ന്‌ ഇബ്‌നു ഉമര്‍(റ) അഭിപ്രായപ്പെടുമ്പോള്‍, റസൂല്‍ (സ) അവിടെ ഇറങ്ങിയത്‌ ഒരു നിയമം എന്ന നിലക്കല്ല, സ്വാഭാവികമായാണെന്ന്‌ ഇബ്‌നു അബ്ബാസ്‌(റ) അഭിപ്രായപ്പെടുന്നു(അല്‍ ഇസ്‌ലാമു വല്‍ ഹളാറതുല്‍ അറബിയ്യഃ).
          താബിഉകള്‍ സ്വഹാബികളുടെ സ്വഭാവ മൂല്യങ്ങള്‍ ഉള്‍കൊണ്ടാണ്‌ പ്രവര്‍ത്തിച്ചിരുന്നതെന്നതു കൊണ്ട്‌ തന്നെ അഭിപ്രായ ഭിന്നത ഉണ്ടാവുമെന്നതില്‍ സംശയമില്ല. പട്ടണങ്ങളെ കേന്ദ്രീകരിച്ച്‌ ഇസ്‌ലാമിക പാഠശാലകള്‍ ഉയര്‍ന്നു വന്നിരുന്നുവെന്ന്‌ മുമ്പ്‌ പറഞ്ഞുവല്ലോ. ഇവര്‍ക്കിടയിലും അഭിപ്രായ വൈജാത്യം ഉണ്ടായിരുന്നു. നിസ്‌കാരത്തിലെ ഇരുത്തത്തിലെ കാര്യം ശ്രദ്ധക്കുക, അഹ്‌ലുല്‍ ഹിജാസ്‌ പറയുന്നു: ഇരുത്തത്തില്‍ വലതു കാല്‍ കുത്തി നിറുത്തി ഇടതു ചന്തിയില്‍ ഇരിക്കണം. എന്നാല്‍ കൂഫക്കാര്‍ പറയുന്നത്‌ ഇടതു കാലിനെ നാട്ടി വെച്ച്‌ ചന്തിയില്‍ ഇരിക്കുക(താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി:230).
മദ്‌ഹബുകളില്‍ വന്ന ഭിന്നതയും വിയോജിപ്പും ഇതിന്റെ താവഴി മാത്രമാകുന്നു. ഇന്ന്‌ അറിയപ്പെടുന്ന നാല്‌ മദ്‌ഹബുകള്‍ ഇബ്‌നു മസ്‌ഊദ്‌(റ), ഇബ്‌നു ഉമര്‍(റ), ഇബ്‌നു സുബൈര്‍(റ), ഇബ്‌നു അബ്ബാസ്‌(റ) എന്നിവരില്‍ നിന്നും ലഭിച്ചതാണെന്ന്‌ പറഞ്ഞ പണ്ഡിതരുണ്ട്‌.
ഭിന്നതക്കുള്ള കാരണങ്ങള്‍
ദീനിന്റെ അവലംബനീയ സ്രോതസ്സ്‌ ഖുര്‍ആനും സുന്നത്തുമെന്നതില്‍ പക്ഷാന്തരമില്ല. എന്നിരിക്കെ, മദ്‌ഹബുകള്‍ക്കിടയിലെ ഭിന്നിപ്പിന്റെ പ്രധാന കാരണം ഗവേഷണാഭിപ്രായങ്ങളിലെ വൈവിധ്യമാണെന്നുറപ്പാണ്‌. ഖുര്‍ആനും സുന്നത്തും മനസ്സിലാക്കുന്നതിലും, ഖണ്ഡിത പ്രമാണങ്ങളില്ലാത്ത വിഷയങ്ങളില്‍ ഗവേഷണം നടത്തി നിയമ നിഷ്‌പാദനം നടത്തുന്നതിലും വന്ന ഭിന്നതകളാണത്‌.
അനുബന്ധ കാരണങ്ങളും ഭിന്നതക്കിടവന്നിട്ടുണ്ട്‌. ഖുര്‍ആനും ഹദീസും നല്‍കുന്ന വിശാലാര്‍ത്ഥം വ്യാഖ്യാനിക്കുന്നതിലൂടെയാകാവുന്നതാണിത്‌. ഒന്നിലധികം അര്‍ത്ഥമുള്ള പദങ്ങള്‍, ആലങ്കാരിക പ്രയോഗങ്ങള്‍, വാച്യാര്‍ത്ഥത്തെ കുറിക്കുന്നത്‌, ഗ്രാഹ്യാര്‍ത്ഥത്തെ കുറിക്കുന്നത്‌, പൊതുപ്രയോഗം, പ്രത്യേകമായി പറഞ്ഞത്‌, പരിധിയുള്ളതും ഉപാധിയില്ലാത്തതും ഇങ്ങനെ അറബി ഭാഷയുടെ മുഴുവന്‍ സംജ്ഞയും ഖുര്‍ആനിലും ഹദീസിലും അധികം വരുന്നുണ്ട്‌. ഇവയൊക്കെ വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന അഭിപ്രായാന്തരം സഹജമാണ്‌. വുളൂഇന്റെ കല്‍പന വന്ന സൂക്തം തന്നെ ഉദാഹരണമായി നോക്കുക:
വിശ്വസിച്ചവരെ, നിങ്ങള്‍ നിസ്‌കാരത്തിനൊരുങ്ങിയാല്‍ മുഖങ്ങളും മുട്ട്‌ വരെ കൈകളും കഴുകേണ്ടതാകുന്നു. തല തടവുകയും വേണം. ഞെരിയാണി വരെ കാലുകളും കഴുകേണ്ടതാണ്‌(അല്‍ മാഇദ:6). ഈ വചനത്തിന്റെ കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അനേകം അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്‌. ഓരോരുത്തരും ഖുര്‍ആന്‍ സൂക്തം മനസ്സിലാക്കിയതില്‍ വന്ന വ്യത്യാസങ്ങളാണവ. കഴുകേണ്ടതും തടവേണ്ടതുമായി പറഞ്ഞ നാലു അവയവങ്ങള്‍ സൂക്തത്തില്‍ പറഞ്ഞ മുന്‍ഗണനാ ക്രമത്തില്‍ തന്നെ കഴുകുകയും തടവുകയും ചെയ്യേണ്ടത്‌ നിര്‍ബന്ധമാണോ? അല്ലേ? വചനത്തിലെ ഖുംതും എന്നത്‌ കൊണ്ട്‌ നിയ്യത്ത്‌ ആണോ ഉദ്ദേശിക്കുന്നത്‌? ആണെങ്കില്‍ എപ്പോള്‍ നിയ്യത്ത്‌ ചെയ്യണം? മുട്ടു വരെ എന്നും ഞെരിയാണി വരെ എന്നും പറഞ്ഞതില്‍ മുട്ടും ഞെരിയാണിയുമുള്‍പെടെയാണോ? അല്ലേ? ബിറുഊസികും എന്നതിലെ ബി കൊണ്ട്‌ അല്‍പഭാഗം എന്ന്‌ അര്‍ത്ഥം വെക്കേണ്ടതില്ലേ? ഇവ്വിധം അഭിപ്രായാന്തരങ്ങളാണുള്ളത്‌.
    സ്വഹാബികളില്‍ വന്ന അഭിപ്രായാന്തരങ്ങളുടെ അടിവേരു തേടുമ്പോള്‍ മനസ്സിലാകുന്നത്‌, നബി(സ) തങ്ങളുടെ പ്രവര്‍ത്തികള്‍ മനസ്സിലാക്കുന്നതില്‍ ചിലര്‍ക്കു പിണയുന്ന ഓര്‍മ്മക്കുറവ്‌, ആശയം മനസ്സിലാക്കുന്നതിലെ കൃത്യതയില്‍ വന്ന വ്യത്യാസങ്ങള്‍, പ്രവര്‍ത്തിയുടെ പശ്ചാത്തലം നിരീക്ഷിക്കുന്നതിലെ ഭിന്നത, വൈരുദ്ധ്യാധിഷ്‌ഠിത പ്രമാണങ്ങള്‍ യോജിപ്പിക്കുന്നതിലുള്ള വൈജാത്യം തുടങ്ങിയവയാണ്‌. പ്രകൃതി വൈജാത്യങ്ങളും ഭിന്നതക്കിടയാക്കാറുണ്ട്‌. മനുഷ്യരില്‍ ചിലര്‍ കര്‍ക്കശ നിലപാട്‌ സ്വീകരിക്കുന്നവരാണെങ്കില്‍ മറ്റു ചിലര്‍ ലാഘവ സമീപനം കൈക്കൊള്ളുന്നവരാണ്‌. ചിലര്‍ തുറന്ന പ്രകൃതക്കാരാണെങ്കില്‍ വേറെ ചിലര്‍ അന്തര്‍മുഖരായിരിക്കും.
അബൂബക്കര്‍(റ)ന്റെ സമീപനവും ഉമര്‍(റ)ന്റെ നിലപാടും വ്യത്യസ്ഥമായിരുന്നു. അബൂബക്കര്‍(റ)ല്‍ മൃദുലതയും കാരുണ്യവും ആധിക്യം കണ്ടപ്പോള്‍ ഉമര്‍(റ)ല്‍ കാര്‍ക്കശ്യവും ശക്തിയുമാണ്‌ അധികമുണ്ടായിരുന്നത്‌. ബദ്‌റിലെ തടവുകാരുടെ കാര്യത്തില്‍ ഇരുവരും സ്വീകരിച്ച നിലപാട്‌ ഇതിനു സ്‌പഷ്‌ടമായ ഉദാഹരണമാണ്‌.
അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ)ന്റെയും അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ(റ)യും വീക്ഷണവ്യത്യാസവും ഉദാഹരണമായെടുക്കാം. ഇബ്‌നു ഉമര്‍(റ) കുട്ടികളെ അടുപ്പിക്കില്ലായിരുന്നു. കാരണം, അവരുടെ വായിലെ കേല(തേന്‍) നജസാവാമെന്ന നിഗമനം കൊണ്ടായിരുന്നു അത്‌. എന്നാല്‍ ഇബ്‌നു അബ്ബാസ്‌(റ) കുട്ടികളെ എടുത്ത്‌ നടക്കുകയും നാം വാസനിക്കേണ്ട സുഗന്ധമാണവര്‍ എന്ന്‌ പറയുകയും ചെയ്‌തിരുന്നു.
നബി(സ)യുടെ പ്രവൃത്തി ചില പ്രത്യേക സാഹചര്യത്തിലുണ്ടായതാണെന്ന്‌ വിധിയെഴുതിയതിന്നുദാഹരണം നോക്കുക: ഹജ്ജ്‌ വേളയിലെ റംല്‌ നടത്തം(കാലടുപ്പിച്ച്‌ വെച്ച്‌ വേഗത്തിലുള്ള ഒരു തരം നടത്തം) സുന്നത്തു കര്‍മ്മമായി ബഹുഭൂരിപക്ഷവും വിധിയെഴുതുന്നു. എന്നാല്‍ ചില പ്രത്യേക പരിതസ്ഥിതിയില്‍ നബി(സ) അന്നു ചെയ്‌തതാണതെന്നും സ്ഥിരം ഏറ്റെടുക്കേണ്ട സുന്നത്തല്ലതെന്നും ഇബ്‌നു അബ്ബാസ്‌(റ) നിരീക്ഷിക്കുന്നു.
           ഇത്തരം അഭിപ്രായാന്തരങ്ങള്‍ കര്‍മ്മശാസ്‌ത്രവിഷയങ്ങളില്‍ മാത്രമായിരുന്നു. വിശ്വാസാദര്‍ശ കാര്യങ്ങളിലെന്നും അവര്‍ കര്‍ക്കശവും കാര്യസ്ഥതയും പുലര്‍ത്തിയിരുന്നു. ഇബ്‌നു ഖയ്യിം പറയുന്നു: സ്വഹാബികള്‍ ഒട്ടനവധി വിധികളാല്‍ ഭിന്നാഭിപ്രായക്കാരായിരുന്നുവെങ്കിലും വിശ്വാസപരമായ കാര്യങ്ങളില്‍ അവര്‍ ഒന്നായിരുന്നു(അല്‍ ഇസ്‌ലാമു വല്‍ ഹളാറതുല്‍ ഇസ്‌ലാമിയ്യ:8).

ഭിന്നതയിലെ ഹിക്‌മത്‌

മുജ്‌തഹിദുകളായ പണ്ഡിതന്മാരുടെ അഭിപ്രായഭിന്നത അനുപേക്ഷണീയവും അനുഗ്രഹവുമാണ്‌. ഗവേഷണാഭിപ്രായങ്ങളുടെ വൈവിധ്യം കര്‍മ്മശാസ്‌ത്രത്തിന്റെ സമ്പുഷ്‌ടതക്കും വിശാലതക്കും പരിസരം ഒരുക്കുന്നു. കാരണം, ഖുര്‍ആനിന്റെയും റസൂലിന്റെയും വാക്കും ഭാഷയും ഇതിന്‌ അവസരം കൊടുക്കാനുതകുന്നതായിരുന്നു.
മുജ്‌തഹിദുകളായ പണ്ഡിതന്മാക്കിടയില്‍ ഒരഭിപ്രായ ഭിന്നതയും ഉണ്ടാകരുതെന്ന്‌ നിര്‍ബന്ധമുണ്ടെങ്കില്‍ അല്ലാഹു ഒരിക്കലും അവന്റെ ഖുര്‍ആനില്‍ മുതശാബിഹാത്‌ പറയില്ലായിരുന്നു, മുഴുവനും മുഹ്‌കമാതാകുമായിരുന്നു. ചില വിഷയങ്ങളില്‍ ഖണ്ഡിത വിധി നല്‍കാതെ മൗനം ഭുജിച്ചത്‌ ബോധപൂര്‍വ്വമാണെന്നും സമുദായത്തിന്റെ ആയാസരഹിതവും ആവശ്യവും ഉദ്ദേശിച്ചാണെന്നും മനസ്സിലാക്കാവുന്നതാണ്‌.
           ഉമറുബ്‌നു അബ്‌ദില്‍ അസീസ്‌(റ) പറയുന്നു: സ്വഹാബാക്കള്‍ക്ക്‌ വീക്ഷണ വ്യത്യാസമുണ്ടയിരുന്നുവെന്നത്‌ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അവര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസമില്ലായിരുന്നുവെങ്കില്‍ നമുക്ക്‌ ഇളവുകള്‍ ലഭിക്കാതെ പോയേനെ(ബൈഹഖി).
മദ്‌ഹബിന്റെ വികേന്ദ്രീകൃത സ്വഭാവം സമുദായത്തെ കുഴക്കുകയല്ല ചെയ്യുന്നത്‌. അവര്‍ക്ക്‌ ആശ്വാസം നല്‍കുകയാണ്‌. വ്യത്യസ്‌ത നബിമാര്‍ക്ക്‌ വിഭിന്ന ശരീഅത്തുകള്‍ നല്‍കിയത്‌ പോലെയാണത്‌. ഉഷ്‌ണ മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക്‌ വെള്ളത്തിന്റെ ദൗര്‍ലഭ്യത കൂടുതല്‍ അനുഭവപ്പെടുമെന്നത്‌ കൊണ്ടുതന്നെ കഴുകലിന്റെയും തടവലിന്റെയും കാര്യത്തില്‍, സുലഭമായി വെള്ളം ലഭിക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരേക്കാള്‍ ഇളവുകളും എളുപ്പവും നല്‍കുന്ന ശരീഅത്തായിരിക്കും ആ ഉമ്മത്തിന്‌ നല്‍കിയിരിക്കുക. ബനൂ ഇസ്‌റാഈലിലെ നബിമാരെ പോലെയാണ്‌ എന്റെ ഉമ്മത്തിലെ ഉലമാഅ്‌ എന്ന നബിവചനം ഭിന്ന മദ്‌ഹബുകള്‍ വ്യത്യസ്‌ത ശരീഅത്തിനെ പ്രതിനിധീകരിക്കുന്നുണ്ടെന്നറിയിക്കുന്നു.
        അല്ലാമ ശൈഖ്‌ മര്‍ഇ അല്‍ഹമ്പലി പറയുന്നു: ഈ സമുദായത്തില്‍ വിവിധ മദ്‌ഹബുകളുണ്ടെന്നത്‌ ഒരു വലിയ ദൈവാനുഗ്രഹവും ശ്രേഷ്‌ഠതയുമാണ്‌. അതിന്റെ പിന്നിലെ രഹസ്യം വിവരമുള്ളവര്‍ക്ക്‌ മനസ്സിലാക്കാനാവും. വിഡ്‌ഢികള്‍ക്ക്‌ മനസ്സിലാക്കാനാവില്ല. അഭിപ്രായാന്തരങ്ങള്‍ ഈ സമുദായത്തിന്റെ സവിശേഷ സിദ്ധിയാണ്‌. അതുവഴി ശരീഅത്തില്‍ വിശാലത ലഭിച്ചിരിക്കുന്നു(ഉംദതുത്തഹ്‌ഖീഖ്‌:37).
                 മൗലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി കടഞ്ഞെടുക്കുന്നതിലെ ഇത്തരം അഭിപ്രായാന്തരങ്ങളെ അഭിപ്രായ അനൈക്യം എന്നു പറയാന്‍ തന്നെ പണ്ഡിതര്‍ വൈമനസ്യം കാണിച്ചു. ഒരാള്‍ പണ്ഡിതന്‍മാര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങളെ കുറിച്ച്‌ ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ ഇമാം അഹ്‌മദ്‌(റ) അദ്ദേഹത്തോട്‌ പറഞ്ഞു: അതിന്‌ കിതാബുല്‍ ഇഖ്‌തിലാഫ്‌(അഭിപ്രായ വ്യത്യാസത്തിന്റെ ഗ്രന്ഥം) എന്നതിനു പകരം കിതാബുസ്സുന്ന(സുന്നത്തിന്റെ ഗ്രന്ഥം) എന്ന്‌ നാമകരണം ചെയ്യുക.
അല്ലാഹു പറയുന്നു: ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു പ്രയാസവും അവന്‍ ഉണ്ടാക്കിവെച്ചിട്ടില്ല(അല്‍ ഹജ്ജ്‌:78).
അല്ലാഹു നിങ്ങള്‍ക്ക്‌ എളുപ്പമാണ്‌ ഇച്ഛിക്കുന്നത്‌, ഞെരുക്കമാഗ്രഹിക്കുന്നില്ല(അല്‍ ബഖറ:185).