page

Sunday, 15 October 2017

ഇമാം ബുഖാരി [റ]

അങ്ങകലെ റഷ്യയിലെ പ്രമുഖ പണ്ഡിതനും സമ്പന്നനുമായിരുന്നു ഇസ്മാഇല്‍ എന്ന ചെറുപ്പക്കാരന്‍. തനിക്കൊരു കുഞ്ഞുണ്ടായി കാണാന്‍ അദ്ദേഹവും ഭാര്യയും യജമാനനോട് പ്രാര്‍ത്ഥിച്ചു. പ്രര്‍ത്ഥനാ ഫലമായി തന്റെ ഭാര്യ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ, കുട്ടി അന്ധനായതിനാല്‍ മാതാപിതാക്കള്‍ ദുഃഖിതരായി. അധികം താമസിച്ചില്ല. പിതാവ് ഇസ്മാഇല്‍ ഈ ലോകത്തോട് വിട പറഞ്ഞു.
ആരാധനാ നിരതയും ഭക്തയും ധാരാളം ബഹുമതികളുടെ ഉടമയുമായിരുന്ന മാതാവിന്റെ മടിത്തട്ടില്‍ ശ്രേഷ്ഠതയുടെ മുലപ്പാല്‍ ഈമ്പി ആ കുഞ്ഞ് വളര്‍ന്നു. ആ പിഞ്ചു ദൃഷ്ടികള്‍ക്കു മേല്‍ പ്രകാശമേകാന്‍ ആ ഉമ്മ നിരന്തരമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവന്നില്ല. പ്രാര്‍ത്ഥനക്കു ഉത്തരം ലഭിച്ചു.
ഒരു ദിവസം ആ മാതാവ് ഒരു സ്വപ്നം കണ്ടു. ഹസ്രത്ത് ഇബ്‌റാ ഹീം നബി(അ) തന്റെ അരികിലേക്കു വന്നു ഒരു സന്തോഷ വാര്‍ത്ത അറിയിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥനാഫലമായി മകന്റെ കണ്ണുകള്‍ക്കല്ലാഹു കാഴ്ച നല്‍കിയിരിക്കുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ മികവുറ്റ മിഴികളോടെ നിദ്രയില്‍നിന്നുണര്‍ന്ന കുഞ്ഞിനെയാണു മാതാവ് കണ്ടത്. സന്തോഷംകൊണ്ടു മഹതിയുടെ കണ്ണുകള്‍ നിറഞ്ഞു. റബ്ബിനെ സ്തുതിച്ചു, അല്‍ഹംദുലില്ലാഹ്!
അപാരമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു ആ കുട്ടി. മതവിജ്ഞാനം പഠിക്കാന്‍ മാതാവ് മകനോടു ഉപദേശിച്ചു. പത്തു വയസ്സ് പൂര്‍ത്തിയാവും മുമ്പേ ആ കുട്ടി വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി. തെറ്റുദ്ധാരണക്കും ആക്ഷേപത്തിനും ഇടം നല്‍കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചുകൊണ്ടു മതപഠനത്തില്‍ മുന്നേറി. സമ്പന്നനായ പിതാവിന്റെ അരുമമകനായിട്ടും വ്യക്തിജീവിതത്തില്‍ സൂക്ഷ്മതയും ലാളിത്യവും വിശുദ്ധിയും കാത്തുസൂക്ഷിച്ചു. ആ യുവപണ്ഡിതന്‍ വളര്‍ന്നു വിജ്ഞാനത്തിന്റെ സാഗരമായി അദ്ദേഹം ഉയര്‍ന്നു. മാതാവിന്റെ പ്രാര്‍ത്ഥനാഫലമായി കണ്‍കാഴ്ച ലഭിച്ച അദ്ദേഹം ചന്ദ്രപ്രകാശത്തിലാണ് ‘അത്തരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തിന്റെ കരട് കോപ്പി തയ്യാറാക്കിയത്. അത്രക്കും മാറ്റു നിറഞ്ഞ കാഴ്ചയുടെ ഉടമയാരാണ്? അവരാണു ഹദീസ് പണ്ഡിതരുടെ നേതാവായി അറിയപ്പെടുന്ന ഇമാം ഖുബാരി(റ).
കൂടുതല്‍ അറിവിന്റെ തീരം തേടിക്കൊണ്ടുള്ള കടല്‍യാത്ര ഒരിക്കല്‍ ഇമാം ബുഖാരി(റ) നടത്തി. യാത്രാചെലവിനായി ആയിരം ദീനാര്‍ കൈവശം വെച്ചിരുന്നു. കപ്പല്‍ യാത്രക്കാരില്‍ ഒരാള്‍ താല്‍പര്യപൂര്‍വം പരിചയപ്പെടുകയും അമിതമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതില്‍ വഞ്ചിതനായ ഇമാം ബുഖാരി(റ) സംസാരമധ്യേ കൈവശമുള്ള സംഖ്യയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. അയാള്‍ പിറ്റേ ദിവസം ഉറക്കത്തില്‍നിന്നു ചാടിയെഴുന്നേറ്റ് അട്ടഹസിക്കുവാനും മുഖത്തടിച്ചു കരയാനും തുടങ്ങി. ദയനീയമായ ഈ കാഴ്ച കണ്ട് അലിവ് തോന്നിയ സഹയാത്രികര്‍ കാരണം തിരക്കിയപ്പോള്‍ കൈവശമുണ്ടായിരുന്ന ആയിരം ദീനാറിന്റെ സഞ്ചി നഷ്ടപ്പെട്ടതായി സങ്കടപ്പെട്ടു. ഇമാം ബുഖാരി(റ)യെ കള്ളനാക്കാനും അതുമൂലം ബുഖാരി(റ)യുടെ കൈവശമുള്ള ആയിരം ദീനാര്‍ സ്വന്തമാക്കാനുമുള്ള കുതന്ത്രമാണദ്ദേഹം പയറ്റിയത്.
കപ്പലിലെ ഉദ്യോഗസ്ഥന്‍മാര്‍ യാത്രക്കാരെ ഓരോരുത്തരെയായി പരിശോധിച്ചു. ആരില്‍നിന്നും സംഖ്യ കാണാന്‍ കഴിയാതെ പരിശോധകരും യാത്രക്കാരും ആര്‍ത്തുവിളിച്ചവനെ അധിക്ഷേപിച്ചു. യാത്രക്കാരെല്ലാം കപ്പലില്‍ നിന്നിറങ്ങി കഴിഞ്ഞപ്പോള്‍, പ്രസ്തുത യാത്രക്കാരന്‍ ഇമാം ബുഖാരി (റ)യെ സമീപിച്ച് സംഖ്യ എന്താണു ചെയ്തതെന്ന് രഹസ്യമായി അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഞാനത് കടലിലേക്കെറിഞ്ഞു. ഇത്രയും വലിയ സംഖ്യ കടലിലേക്കെറിയാന്‍ താങ്കള്‍ക്കെങ്ങനെ കഴിഞ്ഞെന്നു ചോദിച്ചപ്പോള്‍ ഇമാം ബുഖാരി(റ) പറഞ്ഞു: ”എന്റെ ജീവിതം അന്ത്യപ്രവാചകര്‍ നബി(സ)യുടെ തിരുവചനങ്ങള്‍ സമാഹരിക്കാനും സൂക്ഷിക്കുവാനും നീക്കിവെക്കുകയും എന്റെ വിശ്വസ്തതയും സത്യസന്ധതയും ലോകം അംഗീകരിക്കുകയും ചെയ്തിരിക്കെ എന്നെ മോഷണ കുറ്റത്തിന്  പ്രതിയാക്കാന്‍ സമ്മതിക്കുമെന്ന് കരുതിയോ? വിശ്വസ്തത എന്ന അമൂല്യരത്‌നം നിസ്സാരമായ നാണയത്തുട്ടുകള്‍ക്ക് വേണ്ടി ഞാന്‍ നഷ്ടപ്പെടുത്തുകയോ?”
അധികാര വര്‍ഗത്തിന്റെ അരികുപറ്റി സുഖജീവിതം നയിക്കുവാനുള്ള അവസരങ്ങളുണ്ടായിട്ടും അതെല്ലാം തട്ടിക്കളയുകയും വലിച്ചെറിയുകയും ചെയ്ത ഒരു ധീര പണ്ഡിതനായിരുന്നു ഇമാം ബുഖാരി(റ).
ബുഖാറയിലെ ഗവര്‍ണര്‍ അമീര്‍ ഖാലിദുബ്‌നു അഹ്മദ് ഇമാം ബുഖാരി (റ)യോട് ഗ്രന്ഥങ്ങളുമായി തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടു. വിശ്വോത്തര ഗ്രന്ഥങ്ങളായ സ്വഹീഹുല്‍ ബുഖാരിയും താരീഖുല്‍ കബീറും തനിക്കും കുട്ടികള്‍ക്കും ക്ലാസ്സെടുത്തു കൊടുക്കുവാനായിരുന്നു ക്ഷണം. അമീറിന്റെ ദൂതനോടുള്ള ഇമാമിന്റെ മറുപടി വളരെ ധീരമായിരുന്നു. വിജ്ഞാനത്തെ അധികാര കവാടങ്ങളിലേക്ക് ആനയിച്ച് അതിനെ നിന്ദിക്കുവാന്‍ ഞാനാളല്ല. വിജ്ഞാനത്തില്‍ താല്‍പര്യമുള്ളവര്‍ പള്ളിയിലേക്കോ എന്റെ വീട്ടിലേക്കോ വരട്ടെ. അതോടെ അമീര്‍ ബഹുമുഖപീഡനങ്ങള്‍ ഇമാം ബുഖാരി(റ) ക്കെതിരെ അഴിച്ചുവിട്ടു. എന്നിട്ടും കലിതീരാതെ അയാള്‍ ബുഖാരിയെ നാടുകടത്തുകയും ചെയ്തു. അക്രമിയായ ഭരണാധിപനെതിരെ പ്രാര്‍ത്ഥിച്ചുകൊണ്ട് കദന കണ്ണീരോടെ ഇമാം ബുഖാരി(റ) ജന്മദേശം വിട്ടുപോയി. തല്‍ഫലമായി ഒരു മാസം കഴിയുന്നതിന്റെ മുമ്പ് തന്നെ അമീര്‍ സ്ഥാനഭ്രഷ്ടനാവുകയും നീചനായ രൂപത്തില്‍ അന്ത്യംവരിക്കുകയുമുണ്ടായി.
അബ്ദുല്‍വാഹിദുബ്‌നു അവാരിസ്(റ) പറയുന്നു: ഒരു ദിവസം ഞാന്‍ നബി(സ)യെ സ്വപ്നം കണ്ടു. കൂടെ ഏതാനും സ്വഹാബികളും. അവര്‍ ഒരു സ്ഥലത്ത് നില്‍ക്കുകയാണ്. എന്തിനാണിവിടെ നില്‍ക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. മുഹമ്മദ്ബ്‌നു ഇസ്മാഈലിനെ (ഇമാം ബുഖാരി)  കാത്തുനില്‍ക്കുകയാണ് എന്നായിരുന്നു നബി(സ)യുടെ മറുപടി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇമാം ബുഖാരി(റ)യുടെ മരണ വാര്‍ത്ത ലഭിച്ചു. ഞാന്‍ നബി(സ)യെ സ്വപ്നംകണ്ട അതേ ദിവസത്തിലായിരുന്നു മരണം.
മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള നിരന്തരമായ അധ്വാനങ്ങള്‍ക്കിടയില്‍ വിവാഹത്തെ കുറിച്ചോ, കുടുംബ ജീവിതത്തെ കുറിച്ചോ ചിന്തിക്കാന്‍ ഇമാം ബുഖാരി(റ)ക്കു  സമയം കിട്ടിയിട്ടില്ലെന്നു തോന്നുമാറ്, മഹാന്റെ വിവാഹത്തെ കുറിച്ചും സന്താനങ്ങളെ കുറിച്ചും ഒരു പരാമര്‍ശവും ചരിത്രത്തില്‍ കാണുന്നില്ല. ഇമാം ബുഖാരി(റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ത്വബഖാത്തുശ്ശാഫിയിലും മറ്റു ഒട്ടനവധി ഗ്രന്ഥങ്ങളിലും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിജ്‌റാബ്ദം 194 ശവ്വാല്‍ 14 വെള്ളിയാഴ്ച രാവില്‍ റഷ്യയിലെ ബുഖാറയില്‍ ഭൂജാതനായ ഇമാം ബുഖാരി(റ) തിരുസുന്നത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന  നിയോഗം ഏറ്റെടുത്ത് നീണ്ട 62 വര്‍ഷം ജീവിച്ചു. വിശുദ്ധ ഖുര്‍ആനിനു ശേഷം ഏറ്റവും ആധികാരികം എന്നു ഇസ്‌ലാമിക ലോകം വിധിയെഴുതിയ വിശുദ്ധ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിക്കു പുറമെ ഇരുപതില്‍പരം ഗ്രന്ഥങ്ങള്‍ വേറെയും രചിച്ച ഇമാം ബുഖാരി(റ) തന്റെ സ്മരണകളെ ശാശ്വതമാക്കി കൊണ്ട് ഹിജ്‌റാബ്ദം 256-ന് ഈദുല്‍ ഫിത്വറിന്റെ രാത്രി ശനിയാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു. സമര്‍ഖന്ദിന്റെ അടുത്ത പ്രദേശമായ ‘ഖറന്‍തന്‍ക്’ എന്ന സ്ഥലത്തുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
അവലംബം:
അല്ബിദായത്തു വന്നിഹായ:
മുഖദ്ദിമത്തു ഫത്ഹില്‍ ബാരി