page

Thursday, 12 October 2017

മൻഖൂസ് മൗലിദ്

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്തുനബിയോട് പാപമോചനത്തിനായി[പാപം പൊറുത്ത് തരാൻ അല്ലാഹുവിനോട് നബി തങ്ങൾ ശുപാർഷ ചെയ്യണമെന്ന അഭ്യർത്ഥന] മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ ‘ഇസ്തിശ്ഫാഇ’നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം.നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ ‘സ്വലാത്ത്’ ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്.
ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്.  മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363)