page

Thursday, 26 October 2017

മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും [ആദ്യ സൃഷ്ടി നബിയുടെ നൂർ]

ഹാഫിള് അബ്ദുറസാഖ്(റ)യുടെ അല്‍മുസ്വന്നഫില്‍ നിന്നാണ് പൂര്‍വ്വകാല പണ്ഢിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. ഇന്നു നിലവിലുള്ള മുസ്വന്നഫിന്റെ കോപ്പിയില്‍ നിന്ന് അ തു കാണിക്കാനായി ബിദഇകള്‍ വെല്ലുവിളിക്കാറുണ്ട്. അതിനാല്‍ അതു സംബന്ധമായി ചില വസ്തുതകള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ലോകം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പു തന്നെ അല്ലാഹു നബി(സ്വ)യുടെ നൂറിനെ സൃഷ്ടിച്ചു എന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ലെന്നും തനി അബദ്ധമാണെന്നും അവര്‍ പറയാറുണ്ട്. എന്നാല്‍ ഇത് സ്വഹീഹായ ഹദീസാണെന്ന് അബ്ദുല്‍ ഗനിയ്യിന്നാബില്‍സി(റ)യുടെ അല്‍ഹദീഖത്തുന്നദിയ്യ 2/37ലും അല്ലാ മാഅബ്ദുല്‍ ഹഖ്ഖിദ്ദഹ്ലവി(റ) മദാറിജുന്നുബ്ബുവ്വ2/2ലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നു കാണുന്ന മുസ്വന്നഫിന്റെ ചില കോപ്പികളില്‍ ഈ ഹദീസ് കാണാത്തതിനാല്‍ ഇങ്ങനെയൊരു ഹദീസ് തന്നെ ഇല്ലെന്ന വാദവുമായി വിഘടന വാദികള്‍ രംഗത്തു വന്നിട്ടുണ്ട്. അതിനുള്ള മറുപടി ഇന്നു കാണുന്ന മുസ്വന്നഫിന്റെ ആമുഖത്തില്‍ തന്നെ അത് പ്രിന്റ് ചെയ്ത് പുറത്തിറക്കാന്‍ മുന്‍കൈ എടുത്ത ഹബീബുറഹ്മാന്‍  അല്‍അ്ളമി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരം സംഗ്രഹിക്കാം.
“ഈ മുസ്വന്നഫ് അച്ചടിക്കാന്‍ വേണ്ടി അതിന്റെ പല കയ്യെഴുത്ത് കോപ്പികളും ഫോട്ടോ കോപ്പിയും ഞാന്‍ പരതി. അതില്‍ ഒരു കോപ്പിയല്ലാത്തതൊക്കെ അപൂര്‍ണമായിരുന്നു. ആ ഒരു കോപ്പിയില്‍ തന്നെ ഒന്നാം വാള്യത്തിന്റെ ആദ്യഭാഗത്ത് കുറേഭാഗവും അഞ്ചാംഭാഗത്ത് കുറേഭാഗവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കയ്യെഴുത്ത് പ്രതി അടിസ്ഥാനപ്പെടുത്തിയാണ് ഈ മുസ്വന്നഫ് (ഇന്ന് നിലവിലുള്ളത്) പ്രസിദ്ധീകരിക്കുന്നത്”.(മുഖദ്ദിമത്തുല്‍മുസ്വന്നഫ് 1/3). ഇന്നുകാണുന്ന മുസ്വന്നഫ് എന്ന ഗ്രന്ഥത്തിന്റെ ചില കോപ്പികളില്‍ ജാബിര്‍(റ) ന്റെ പ്രസ്തുത ഹദീസ് കാണുന്നില്ല എന്നതുകൊണ്ട് ഇങ്ങനെയൊരു ഹദീസ് ഇല്ലെന്ന് പറയാന്‍ പറ്റില്ലെന്ന് വ്യക്തം.
എന്നാല്‍ സത്യം ഒരിക്കല്‍ പുറത്തുവരാതിരിക്കില്ലല്ലോ? മുസ്വന്നഫു അബദുറസാഖിന്റെ ഇന്നു ലഭിക്കുന്ന പതിപ്പുകളില്‍ പ്രസ്തുത ഹദീസ് ഇല്ലെന്നു കാണിച്ച് ആ ഹദീസ് പാടേ നി ഷേധിക്കുന്നവര്‍ ആ ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുണ്ടെന്ന കാര്യം അറിഞ്ഞിരിക്കില്ല. ദീര്‍ഘവും ശ്രമകരവുമായ ഒരന്വേഷണത്തിനൊടുവില്‍ മുസ്വന്നഫിന്റെ ഒന്നാം വാള്യത്തില്‍ നിന്നും നഷ്ടപ്പെട്ട ഭാഗം കണ്ടെത്തിയ ദുബൈ മുന്‍ ഔഖാഫിന്റെ ജനറല്‍ഡയറക്ടറും ദുബൈയിലെ ഇമാം മാലിക് കോളേജിലെ പ്രിന്‍സിപ്പലുമായ ഡോ. ഈസബ്നു അബ്ദില്ലാഹി ബിന്‍ മുഹമ്മദ് ബിന്‍ മാനിഉല്‍ ഹമീരി പ്രസ്തുത ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട ഭാഗങ്ങള്‍ കണ്ടെത്താനായി അദ്ദേഹം തരണം ചെയ്ത കടമ്പകളെക്കുറിച്ച് അ ദ്ദേഹം വിശദീകരിക്കുന്നു: ധാരാളം പ്ഢിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ജാബിര്‍(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസ് (നബി(സ്വ)യുടെ നൂറിനെ സംബന്ധിച്ച ഹദീസ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സനദ് ആരും ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട്തന്നെ പ്രസ്തുത ഹദീസിന്റെ ബലാബലത്തെക്കുറിച്ച് അഭിപ്രായഭിന്നതകളുണ്ട്. മൌലാനാ ഹാഫിളുല്‍അസ്വ്റ് അഹ്മദുബ്നുസ്വിദ്ദീഖുല്‍ഗിമാരി(റ), അല്ലാമാ അശ്ശൈഖ് ഉമര്‍ ഹമദാന്‍(റ) എന്നിവരടക്കമുള്ള പണ്ഢിത ശ്രേഷ്ഠര്‍ വിവിധ സ്ഥലങ്ങളില്‍ ഈ ഹദീസ് കണ്ടെത്താനായി കഠിനമായ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. യമനില്‍ മുസ്വന്നഫിന്റെ ഒരു കയ്യെഴുത്ത് പ്രതിയുണ്ടെന്ന് കേട്ട അവര്‍ അങ്ങോട്ടുപോകാനുറച്ചു. പക്ഷേ, വടക്കന്‍ യമനിലേക്ക് പോകാനുള്ള തൌ ഫീഖ് അവര്‍ക്കുണ്ടായിരുന്നില്ല. അന്വേഷണപടുക്കളായ ധാരാളം പണ്ഢിതന്‍മാര്‍  കയ്യെഴു ത്തു പ്രതിയന്വേഷിച്ച് യമനിലേക്ക് യാത്രതിരിച്ചു. പക്ഷേ, അവര്‍ക്കൊന്നും അതു കണ്ടെത്താന്‍ കഴിഞ്ഞില്ല.
ധാരാളം സ്ഥലങ്ങളില്‍ വിശിഷ്യാ, ഇസ്തമ്പൂളിലെ ലൈബ്രറിയില്‍ പൂര്‍ണമായ കയ്യെഴുത്തുപ്രതിയുണ്ടോയെന്ന് പരതാന്‍ ഞാന്‍ പലരോടും അഭ്യര്‍ഥിച്ചിരുന്നു. മുസ്വന്നഫിന്റെ ഒരുപാട് കോപ്പികള്‍ അവര്‍ക്കുകാണാന്‍ കഴിഞ്ഞു. പക്ഷേ, അവയൊക്കെയും ഇന്നു നമ്മുടെ കൈകളിലുള്ള ശൈഖ് ഹബീബുറഹ്മാന്‍ അഅ്ളമിയുടെ ടിപ്പണിയോടുകൂടെയുള്ള അച്ചടിപ്പതിപ്പുപോലെ തന്നെ ആദ്യഭാഗവും മധ്യഭാഗവും നഷ്ടപ്പെട്ടവിധത്തിലായിരുന്നു”.
“ഞാനെന്റെ അന്വേഷണം നിര്‍ത്തിയില്ല. അനുഗ്രഹപൂരിതങ്ങളായ ദിനരാത്രങ്ങളില്‍ പുണ്യഭൂമികളില്‍ മഹാന്‍മാരുടെ സവിധത്തില്‍ വിശിഷ്യാ, നബി(സ്വ)തങ്ങളുടെ പുണ്യറൌളയില്‍ തങ്ങളോടഭിമുഖമായി നിന്നു ഞാന്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവസാനം ആ അപൂര്‍വ പ്രതികള്‍ എന്റെ കയ്യിലെത്തുകതന്നെ ചെയ്തു. ഇന്ത്യയിലുള്ള എന്റെ ആത്മ സുഹൃത്ത് ഡോ. അസ്സയിദ് മുഹമ്മദ് അമീന്‍ ബറകാത്തിയുടെ കരങ്ങളില്‍ നിന്നുമാണെനിക്കവ ലഭിച്ചത്”.
“അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ജാബിര്‍(റ)ല്‍ നിന്നുദ്ധരിക്കുന്ന പ്രസ്തുത ഹദീസ് സനദോടെ തന്നെ എനിക്കതില്‍ കാണാന്‍ കഴിഞ്ഞു. കയ്യെഴുത്തു പ്രതിയും ഇ ന്നു നമുക്കു ലഭിക്കുന്ന അച്ചടിച്ച കോപ്പിയും തുലനപ്പെടുത്തിയപ്പോള്‍ രണ്ടാമത്തേതില്‍ നിന്നു പത്തു അധ്യായങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കു ബോധ്യമായി(താരതമ്യം ചെയ്യുമ്പോള്‍ മാന്യവായനക്കാര്‍ക്കും അതു സുതരാം വ്യക്തമാകും). മാത്രമല്ല ഹാഫിള് അബ്ദുറസാഖ്(റ), മഅ്മര്‍ ഇബ്നുല്‍മുന്‍കദിര്‍(റ) എന്നിവര്‍ മുഖേന ജാബിര്‍(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസ് സ്വഹീഹാണെന്നും നമുക്കു ബോധ്യപ്പെട്ടു. ഹദീസ്: ജാബിര്‍(റ) പറയുന്നു. ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. അല്ലാഹു ആദ്യമായി സൃഷ്ടിച്ചതെന്താണ്? നബിതങ്ങള്‍ പ്രതിവചിച്ചു. അതു നിന്റെ നബിയുടെ നൂറാണു ജാബിര്‍”.
“പ്രസ്തുത കയ്യെഴുത്തുപ്രതി എഴുതിയത് ഇസ്ഹാഖ്ബ്നു അബ്ദുറഹ്മാന്‍ അസ്സുലയ്മാനി എന്നവരാണ്. അവസാന ഭാഗത്ത് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 933 റമളാന്‍ 9ന് തിങ്കളാഴ്ച ബഗ്ദാദില്‍ വെച്ചാണ് മഹാനിത് എഴുതിത്തീര്‍ത്തത്. ഹിജ്റ 10-ാം നൂറ്റാണ്ടില്‍ സര്‍വ്വസാധാരണമായിരുന്ന ലിപിയില്‍ 183 കടലാസുകളിലാണ് പ്രസ്തുത വാള്യം എഴുതപ്പെട്ടിട്ടുള്ളത്. 10-ാം നൂറ്റാണ്ടിലെഴുതപ്പെട്ട മറ്റു കിതാബുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടി ന്റെയും ലിപികള്‍ ഒരുപോലെയാണെന്നു മനസ്സിലാകും”.
“പ്രസ്തുത വാള്യത്തിന്റെ തുടക്കം നബി(സ്വ)യുടെ നൂറിന്റെ സൃഷ്ടിപ്പിനെക്കുറിച്ചാണ്. പി ന്നീട് വുളൂഅ്, വുളൂഇന്റെ രൂപം, വുളൂഇല്‍ താടികഴുകല്‍, താടി തിക്കകറ്റല്‍, തല തടവല്‍, തടവുന്നതിന്റെ രൂപം, ചെവി തടവല്‍, മുഴംകൈ കഴുകല്‍ എന്നീ ക്രമത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അവസാനം പറഞ്ഞ (മുഴംകൈ കഴുകുക) അധ്യായം മുതലാണ് ഇന്ന് അച്ചടിക്കപ്പെടുന്ന മുസ്വന്നഫ് ആരംഭിക്കുന്നത്. അതിനേക്കാള്‍ വളരെ കൃത്യതയോടെയാണ് കയ്യെഴുത്തു പ്രതിയിലെ ക്രമീകരണമെന്നു ബോധ്യമാവാന്‍ ഇതു ധാരാളം മതിയല്ലോ. മാത്രമല്ല, ഇന്നു ലഭിക്കുന്ന കോപ്പിയിലെ അവ്യക്തമായ ഭാഗങ്ങളെല്ലാം ആശയം അങ്ങേയറ്റം ദ്യോതിപ്പിക്കുമാറാണ് കയ്യെഴുത്തുപ്രതിയിലുള്ളത്. ഡോ. ഈസബ്നു  അബ്ദില്ല ധാരാളം ഉദാഹരണങ്ങള്‍ നിരത്തി പ്രസ്തുത ഗ്രന്ഥത്തിന്റെ ആദ്യത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രസ്തുത കയ്യെഴുത്തുപ്രതി വ്യാജമാണെന്ന് തോന്നിപ്പിക്കുമാറുള്ള എല്ലാവിധ സംശയങ്ങളെയും അദ്ദേഹം ദൂരീകരിക്കുന്നുണ്ട് (നോക്കുക: അല്‍ജുസ്ഉല്‍ മഫ്ഖൂദ്:5-7,10-13) ഇതോടെ പൂര്‍വ്വകാല പണ്ഢിതന്‍മാര്‍ ഈ ഹദീസ് മുസ്വന്നഫ് അബ്ദുറസാഖില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത് യാഥാര്‍ഥ്യമാണെന്നെത് സുവ്യക്തമായിക്കഴിഞ്ഞു. ഇനിയും അത് നിഷേധിക്കുന്നത്  അജ്ഞതയുടെ ആഴം അറിയിക്കാനെ ഉപകരിക്കൂ!.
ഇബ്നുല്‍ ഹാജ്ജ്(റ)
ഇബ്നുല്‍ ഹാജ്ജ്(റ) ഖത്വീബ് അബൂറബീഅ്(റ)വില്‍ നിന്നു ഉദ്ധരിക്കുന്നു: “അല്ലാഹു ആ ദം നബി(സ്വ)നെ സൃഷ്ടിച്ച ശേഷം അദ്ദേഹത്തിന്റെ മുതുകില്‍ നബി(സ്വ)യുടെ അംശത്തെ നിക്ഷേപിച്ചു. അപ്പോള്‍ ആദം(അ)ന് പക്ഷികളുടെ മര്‍മ്മരം പോലൊരു ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. ആദം(അ) അല്ലാഹുവിനോട് ചോദിച്ചു: “എന്റെ നാഥാ എന്താണീ ശബ്ദം?” അല്ലാഹു പറഞ്ഞു: “നിന്റെ മുതുകില്‍ നിന്നു നാം പുറത്തു കൊണ്ടുവരുന്ന അന്ത്യപ്രവാചകരായ മുഹമ്മദ്(സ്വ) തങ്ങളുടെ പ്രകാശം തസ്ബീഹ് ചൊല്ലുന്നതിന്റെ ശബ്ദമാണത്”. ‘പരിശുദ്ധകളായ സ്തീകളുടെ ഗര്‍ഭാശയത്തിലേക്കല്ലാതെ ഈ പ്രകാശത്തെ നിക്ഷേപിക്കുകയില്ല’ എന്നു താങ്കള്‍ എന്നോടു കരാറും ഉടമ്പടിയും ചെയ്യുക’. ആദം(അ) ആ നിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു: “നാഥാ, പരിശുദ്ധന്‍മാരായ പുരുഷന്‍മാരിലും പരിശുദ്ധമായ ഉദരങ്ങളിലുമല്ലാതെ ഞാനിതു നിക്ഷേപിക്കുകയില്ലെന്നു നിന്നോടു  കരാറും ഉടമ്പടിയും ചെയ്തു കൊണ്ട് ഞാനിതിനെ ഏറ്റെടുക്കുന്നു”.
“അങ്ങനെ മുഹമ്മദ് നബി(സ്വ) തങ്ങളുടെ  പ്രകാശം ആദം(അ)മില്‍ ശോഭിച്ചുകൊണ്ടിരുന്നു. മലകുകള്‍ ആദം(അ)ന്റെ പിന്നില്‍ അണിയായി നിന്നു നബി(സ്വ) തങ്ങളുടെ പ്രകാ ശം ദര്‍ശിച്ചു. തങ്ങള്‍ ദര്‍ശിക്കുന്നതിന്റെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് അവര്‍ അല്ലാഹുവിനെ വാഴ്ത്തി സുബ്ഹാനല്ലാഹ് എന്നു പറഞ്ഞു കൊണ്ടിരുന്നു”.
ഇതു കണ്ട് ആദം(അ) അല്ലാഹുവിനോട് ചോദിച്ചു: “എന്താണിവര്‍ക്ക്? ഇവരെന്റെ പിന്നില്‍ അണിയായി നില്‍ക്കുന്നുവല്ലോ”. “അങ്ങയുടെ മുതുകില്‍ നിന്നു പുറത്തു കൊണ്ടുവരുന്ന അന്ത്യപ്രവാചകരുടെ പ്രകാശത്തിലേക്കാണവര്‍ നോക്കുന്നത്” എന്ന് അല്ലാഹുപറഞ്ഞു..
അപ്പോള്‍ ആദം(അ)അല്ലാഹുവിനോട് “എനിക്ക് നീ ആ പ്രകാശത്തെ കാണിച്ചു തന്നാലും” എന്നാവശ്യപ്പെട്ടു.
അപ്പോള്‍ ആദം(അ)ന് ആ പ്രകാശത്തെ അല്ലാഹു കാണിക്കുകയുണ്ടായി. ആദം(അ) അപ്പോള്‍ നബി(സ്വ)യില്‍ വിശ്വസിക്കുകയും കൈകൊണ്ട് ആംഗ്യം കാണിക്കുകയും സ്വലാത്ത് ചൊല്ലുകയും ചെയ്തു. ഈ ആംഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിസ്കാരത്തില്‍ അത്തഹിയ്യാത്തില്‍ കൈ വിരലുയര്‍ത്തുന്നത്.
ആദം(അ) വീണ്ടും തന്റെ മറ്റൊരാഗ്രഹം ഇങ്ങനെ പ്രകടിപ്പിച്ചു: “നാഥാ, ആ പ്രകാശത്തെ നീ എന്റെ മുന്‍ ഭാഗത്താക്കേണമേ, എന്നാല്‍ മലകുകള്‍ എന്റെ മുന്നിലാവുമല്ലോ. അവ രെന്റെ പിന്നിലാവില്ലല്ലോ”.
അപ്പോള്‍ അല്ലാഹു ആ പ്രകാശത്തെ ആദം(അ)ന്റെ നെറ്റിയിലേക്ക് മാറ്റി സ്ഥാപിച്ചു. ആ കാ രണത്താല്‍ ആദം(അ)ന്റെ മുഖത്ത് സൂര്യനെപ്പോലെ വൃത്തത്തിലുള്ള, അല്ലെങ്കില്‍ പൂര്‍ണ്ണ ചന്ദ്രനെപ്പോലെയുള്ള ഒരു പ്രകാശം കാണാമായിരുന്നു.
മലകുകള്‍ ഈ പ്രകാക ദര്‍ശനത്തിനായി അദ്ദേഹത്തിന്റെ മുന്നില്‍ അണിയായി നില്‍ക്കു വാന്‍ തുടങ്ങി. ഈ മനോഹര ദൃശ്യത്തിന്റെ പേരില്‍ അവര്‍ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു.
“നാഥാ, ഈ പ്രകാശത്തെ എനിക്കു കൂടി കാണാനാവുന്ന ഭാഗത്താക്കിത്തരേണമേ’ എന്ന് ആദം(അ) വീണ്ടും അല്ലാഹുവിനോട് പ്രാര്‍ഥിച്ചു”.
അപ്പോള്‍ അല്ലാഹു ആ പ്രകാശത്തെ ആദം(അ)ന്റെ ചൂണ്ടുവിരലിലാക്കി. ആദം(അ) അതിലേക്കു നോക്കിക്കൊണ്ടിരുന്നു. പിന്നീട് ആദം(അ) അല്ലാഹുവിനോട് ചോദിച്ചു: “നാഥാ, ഈ പ്രകാശത്തില്‍ നിന്ന് വല്ലതും ഇനിയും എന്റെ മുതുകില്‍ അവശേഷിക്കുന്നുണ്ടോ?”. “അവിടെ മുഹമ്മദ് നബി(സ്വ)യുടെ അനുചരന്‍മാരുടെ പ്രകാശമുണ്ട്” എന്ന് അല്ലാഹു മറുപടി പറഞ്ഞപ്പോള്‍ ആദം(അ) ഇങ്ങനെ ആവശ്യപ്പെട്ടു: “നാഥാ, അവയെ നീ എന്റെ മറ്റു വിരലുകളില്‍ ആക്കേണമേ”.
അങ്ങനെ അബൂബക്ര്‍(റ)വിന്റെ പ്രകാശത്തെ നടുവിരലിലും ഉമര്‍(റ)വിന്റെ പ്രകാശത്തെ മോതിരവിരലിലും ഉസ്മാന്‍(റ)വിന്റെ പ്രകാശത്തെ ചെറുവിരലിലും അലി(റ)വിന്റെ പ്രകാശത്തെ തള്ളവിരലിലുമാക്കി”.
ആദം(അ) സ്വര്‍ഗഗത്തിലായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഈ പ്രകാശങ്ങള്‍ അദ്ദേഹത്തിന്റെ വിരലുകളില്‍ പ്രഭ പ്രസരിപ്പിച്ചുക്കൊണ്ടിരുന്നു. പിന്നീട് ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫ യായപ്പോള്‍  ആ പ്രകാശങ്ങളെല്ലാം മുതുകിലേക്കു തന്നെ നീങ്ങി”(അല്‍ മദ്ഖല്‍:2/250).
സംശയ നിവാരണം
ആദ്യസൃഷ്ടി നബി(സ്വ)യുടെ പ്രകാശമായിരുന്നോ? പ്രഥമസൃഷ്ടി ഖലമാണ് എന്നും അഖ് ലാണ് എന്നുമൊക്കെയുള്ള ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടല്ലോ. എന്നാല്‍ അബ്ദുറസ്സാഖ്(റ) വിന്റെ മുസ്വന്നഫില്‍ ഉദ്ധരിക്കപ്പെട്ട ഹദീസില്‍  പ്രവാചക പ്രകാശമാണ് ആദ്യ സൃഷ്ടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജാബിര്‍(റ) പറയുന്നു: “അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാപിതാക്കള്‍ അങ്ങേയ്ക്കു സമര്‍പ്പിതം!; ആദ്യമായി സൃഷ്ടിക്കപ്പെട്ടതിനെകുറിച്ച് എനിക്കു വിവരിച്ചു തന്നാലും എന്നു ഞാന്‍ നബി(സ്വ)തങ്ങളോട് ആവശ്യപ്പെട്ടു”.
അപ്പോള്‍  നബി(സ്വ) പറഞ്ഞു: “ജാബിര്‍, അല്ലാഹു എല്ലാ വസ്തുക്കള്‍ക്കും മുമ്പ് അവന്റെ പ്രകാശത്തിനാല്‍ നിന്റെ പ്രവാചകന്റെ നൂറിനെ സൃഷ്ടിച്ചു. അങ്ങനെ  അല്ലാഹു ഉദ്ദേശിച്ചത്ര കാലം ആ പ്രകാശം അവന്റെ ഖുദ്റത്തിനാല്‍ നിലനിന്നു. ആ സന്ദര്‍ഭത്തില്‍ ലൌഹോ ഖലമോ സ്വര്‍ഗമോ നരകമോ മലകുകളോ ആകാശമോ ഭൂമിയോ സൂര്യനോ ചന്ദ്രനോ മനുഷ്യനോ ജിന്നോ ഒന്നുമുണ്ടായിരുന്നില്ല”(മുസ്വന്നഫ്:ഉദ്ധരണം അല്‍മവാഹിബ്:1/71,72).
ഈ ഹദീസില്‍ നിന്ന് ആദ്യസൃഷ്ടി പ്രവാചക പ്രകാശമാണെന്നു വ്യക്തമായിരിക്കെ അതി നു ശേഷമുള്ള സൃഷ്ടി ഏതാണെന്നുള്ള കാര്യത്തിലേക്കാണ് ഇതര ഹദീസുകള്‍ ശ്രദ്ധ ക്ഷണിക്കുന്നതെന്ന നിലപാടാണ് ഖസ്ത്വല്ലാനി(റ) അവര്‍കള്‍ക്കുള്ളത്. ഇതു സംബന്ധമായ വ്യ ത്യസ്ത പരാമര്‍ശങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടു സദിയ്യ് എന്നവര്‍ കണ്ടെത്തിയ അഭിപ്രാ യം ഖസ്ത്വല്ലാനി(റ) ഉദ്ധരിക്കുന്നു. “ഖലം പ്രഥമ സൃഷ്ടിയാണെന്നു പറയുന്നത് നബി(സ്വ) തങ്ങളുടെ പ്രകാശവും അര്‍ശും ജലവും  അല്ലാത്തതിലേക്കു ചേര്‍ത്തി ആപേക്ഷികമായാണ്”. “ഓരോ വിഭാഗത്തിലെയും പ്രാഥമികത്വമാണിതു കൊണ്ടുദ്ദേശ്യം”. (അല്‍മവാഹിബ്: 1/74)
വെള്ളവും ഖലമുമാണ് പ്രഥമ സൃഷ്ടികളെന്നറിയിക്കുന്ന രണ്ടു ഹദീസുകള്‍ ഉദ്ധരിച്ച് ഇ ബ്നു ഹജര്‍(റ) പറയുന്നു: “ഈ രണ്ടു പരാമര്‍ശങ്ങളും നബി(സ്വ) തങ്ങളുടെ പ്രകാശമാ ണ് ആദ്യസൃഷ്ടി എന്നതിനോട് വിയോജിക്കുന്നില്ല. കാരണം. പ്രകാശമല്ലാത്തവയിലെ പ്രാ ഥമികത്വം ആപേക്ഷികമാണ്. നബി(സ്വ) തങ്ങളുടെ പ്രകാശത്തിന്റെ പ്രാഥമ്യം യാഥാര്‍ഥ്യവുമാണ്. അതിനാല്‍ തന്നെ  ഇക്കാര്യത്തില്‍ വൈരുദ്ധ്യമില്ല”(അല്‍മിനഹുല്‍മക്കിയ്യ: 1/139-140).