page

Thursday, 12 October 2017

ഹദ്ധാദ്[റ] ജീവിതവും സന്ദേശവും

ദുൽഖഅദ് ഏഴ്. അബ്ദുല്ല ഇബ്നു അലവി അൽ ഹദ്ദാദ് തങ്ങളുടെ വഫാത്തിൻ്റെ ദിനം. മഹാനവർകളെ ഓർക്കാതെ ഒരു ദിവസവും കേരളത്തിലെ വിശ്വാസികളുടെ ജീവിതത്തിന്റെ ഏടിൽ നിന്ന് കഴിഞ്ഞു കടക്കാറില്ല. ഹദ്ദാദ് പതിവാക്കുന്നവർക്ക് മഹാനവർകളെ പരിച്ചയ പെടുത്തേണ്ടതില്ല. പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ് റാത്തീബ്. ഹദ്ദാദ് റാത്തിബിൻ്റെ ക്രോഡീകരണ പശ്ചാത്തലവും അങ്ങനെ തന്നെയാണ്. ശീഈ വിഭാഗമായ സൈദിയ്യാക്കൾ ഹളറമൌത്തിൽ വന്ന് അവരുടെ ആദർശ പ്രചാരണം ആരംഭിച്ചപ്പോൾ ഹദ്ദാദ് തങ്ങളുടെ അടുക്കൽ പരാതിയെത്തി. ചില പണ്ഡിതർ മഹാനോട് പറഞ്ഞു : ശീഇയ്യ വിഭാഗത്തിന്റെ രംഗപ്രവേശവും അവരുടെ ആശയപ്രചാരണവും നാം ഭയക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഈ പരിസരത്തെ ജനങ്ങളുടെ അഖീദകള്‍ പിഴച്ചുപോകാനിടയുണ്ട്. ആയതിനാല്‍, ഈമാനു കാവല്‍ ലഭിക്കുന്നതിനായി ഹദീസുകളില്‍ വന്ന ദിക്ര്‍ ദുആകള്‍ അങ്ങ് ക്രോഡീകരിച്ചുതന്നാലും, എങ്കില്‍ ജനങ്ങളെ സമ്മേളിപ്പിച്ച് അത് പതിവാക്കിവരാമായിരുന്നു.” അങ്ങനെ അദ്ദേഹം ദിഖ്റുകൾ ക്രോഡീകരിച്ചു.
ഹിജ്റ 1071 ലായിരുന്നു ഈ സംഭവം. 1072ലെ ഒരു വെള്ളിയാഴ്ചരാവ് മുതല്‍ ഹളറമൗത്തിലെ ശൈഖിന്റെ പള്ളിയില്‍ വച്ച് ഹദ്ദാദ് റാത്തീബ് പതിവായി ചൊല്ലപ്പെടാന്‍ തുടങ്ങി. താമസിയാതെ, മക്ക, മദീന, യമന്‍, ശാം, ഇന്ത്യ തുടങ്ങി മുസ്‌ലിം ജനവാസമുള്ളിടത്തൊക്കെ പള്ളികളില്‍ ഹദ്ദാദ് പതിവാക്കാന്‍ തുടങ്ങി. പലപ്പോഴും അത്ഭുതത്തോടെ ചിന്തിക്കാറുണ്ട് ഒരു സാങ്കേതിക വിദ്യയും ഇല്ലാതിരുന്നിട്ടും ആ കാലത്തും ഹദ്ദാദ് എങ്ങനെ ഇത്ര സാർവത്രികമായതെന്ന്! തീർച്ചയായും അത് മഹാൻ്റെ കറാമത്ത് തന്നെയാണ്. അവരുടെ ഹദ്ദാദ്, വിറുദു ലത്തീഫ് തുടങ്ങിയ ഔറാദുകളുടെ സമാഹരണങ്ങളെ കുറിച്ച് ധാരണയുള്ളവരണ് നമ്മളെങ്കിലും ഭൂരിപക്ഷം പേരും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണ്.
ഹിജ്റ 1044ൽ സ്വഫർ അഞ്ചിനാണ് ആ മഹനീയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിതാവ് അലവി ബിന് മുഹമ്മദ് അൽ ഹദ്ദാദ് തങ്ങൾ വലിയ തഖ്വയുടെ ഉടമയും സമാധാന പ്രിയനുമായിരുന്നു. പിതൃമാതാവ് സൽമാ എന്നവരാകട്ടെ അറിവിന്റെ നിറകുടമായ സൂഫി വനിതയായയിരുന്നു അയതിനാൽ തന്നെ വിത്തു ഗുണം പത്തു ഗുണം എന്ന ചൊല്ല് മഹനവർകളിൽ അക്ഷരം പ്രതി പുലർന്നിട്ടുണ്ട്. മാതാവിന്റെ പേരും സൽമ എന്നു തന്നെയാണ്. ഉത്തമ പരമ്പരയിൽ പിറന്ന ഹദ്ദാദ് തങ്ങളും ആ പരമ്പരയുടെ പോരിശ വർധിപ്പിച്ചു. പേരും പ്രശസ്തിയും വാനോളമുയർത്തി. ജനിച്ചു അഞ്ചു വയസ്സു തികയുമ്പോയേക്ക് വസൂരിക്കാരണം മഹാനവർകളുടെ കാഴിച്ച നഷ്ട്ടപെട്ടു. എന്നാലിതിന് ആ വിജ്ഞാന കുതുകിയുടെ ജ്ഞാനാഭിനിവേശത്തിന് ഒരു കോട്ടവും വരുത്താൻ സാധിച്ചില്ല. തന്റെ സൂഹൃത്തിനെക്കൂട്ടി പള്ളിയിൽ ചെന്ന് ഖുർആൻ ഹൃദ്യസ്തമാക്കി. ഇരുന്നൂറിലധികം റക്അത്ത് ദിനംപ്രതി നിസ്കരിച്ചു. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. വളരെ ചെറു പ്രായത്തിൽ തന്നെ വിശുദ്ധ ഖുർആനോടൊപ്പം മറ്റനേകം ഗ്രന്ഥങ്ങളും മനപാടമാക്കി. പിന്നീട് നിരവധി പ്രശസ്ത ഗുരുക്കളുടെ കീഴിൽ പഠനം നടത്തി. ഏറ്റവും സ്വാധീനിച്ചതും സൂഫി സരണിയിലേക്ക് നയിച്ചതും മഹാനവർകളുടെ ഉസ്താദും പ്രശസ്ത പണ്ഡിതനുമായ ഉമർ ബിൻ അബ്ദു റഹ്മാൻ അൽ അത്താസ് എന്നവരാണ്. തലയെടുപ്പുള്ള പണ്ഡിതരുടെ ശിക്ഷണത്തിൽ മഹാൻ അറിവിന്റെ ലോകത്തെ മുടിചൂടാമന്നനായി.
ഹളറമൌത്ത് പൊതുവേ ശാന്തമാണ്. വിനയം കാരണം സ്വന്തത്തെ മറക്കുന്ന ആളുകളുള്ള നാട്. ഒരു ഹളറമൌത്തുക്കാരൻ മറ്റൊരാളോട് ആദരവു കാണിക്കാൻ ചെയ്യുന്ന പരാക്രമങ്ങൾ അവരുമായി ഇടപയകുന്നവർക്കറിയാം. വല്ലാതെ ആത്മിയോന്നതി നല്കുന്ന നാടാണത്.ഞാനവിടെ ചെന്നപ്പോഴെല്ലാം എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.
പ്രശസ്തമായ സംബൽ കബറിസ്ഥാനിവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹദ്ദാദ് തങ്ങളും ഫഖീഹിൽ മുഖദ്ദം തങ്ങളുമടക്കമുള്ള ആയിരക്കണക്കിന് പണ്ഡിതർ മറപെട്ടു കിടക്കുന്ന സ്ഥലമാണ് സംബൽ. പലപ്പോഴും അവിടെ പോകാൻ അവസരം ലഭിച്ചിട്ടുണ്ട്. സംബലിൽ മറപെട്ടു കിടക്കുന്ന സാദാത്തുക്കൾ ഇന്നും ആ നാടിന് നിശബ്ദത സാന്നിധ്യമായി ആത്മീയ നേതൃത്വം നല്കുന്നുണ്ട്. ഹളറമൌത്തിലെ അറിവിൻ്റെ ഗനികൾ തരീമിലാണുള്ളത്. ഇതേ തരീമിലാണ് നമ്മുടെ സ്മര്യ പുരുഷൻ ഹദ്ദാദ് തങ്ങൾ ജനിച്ചു വളര്‍ന്നതും. മഹാനവർകളുടെ പാദസ്പർശമേറ്റത് കൊണ്ടാകാം തരീമിന് ഇന്നും പഴമയുടെ മൊഞ്ച് കാത്തു സൂക്ഷിക്കാൻ സാധിക്കുന്നത്.
ആ നാട്ടുകാരുടെ ജീവിത ലാളിത്യം നമ്മൾ പറഞ്ഞു. ഹദ്ദാദ് തങ്ങളും ഇതിൽ നിന്ന് വ്യതിരിക്തനായിരന്നില്ല. സർവ്വരാലും അംഗീകരിക്കപെട്ടിട്ടും വല്ലാതെ വിനയം കാണിച്ച മഹാൻ പ്രശസ്തിയെ വല്ലാതെ വെറുക്കുന്ന വ്യക്തികൂടിയായിരുന്നു . ഒരിക്കൽ, വലിയ കറാമത്തുകളുടെ ഉടമയായ മഹാനവർകളുടെ അത്ഭുത സിദ്ധികളുടെ ക്രോഡീകരണം നടത്തിയ ശിഷ്യന്മാർ, രച്ചനയുടെ പ്രസിദ്ധീകരണാനുമതി വാങ്ങാനായി ഉസ്താദായ ഹദ്ദാദ് തങ്ങളുടെ സവിധത്തിലെത്തി. ഇതു കാണേണ്ട താമസം മഹാനവർകളുടെ മുഖം വിവർണമായി. ഉടനെ എഴുതിയെതെല്ലാം മായ്ച്ചു കളയണമെന്ന് ശിഷ്യന്മാർക്ക് ഉത്തരവു നൽകി. മറ്റൊരു തവണ ഒരാൾ പള്ളി നിർമിക്കാൻ അനുമതി തേടി ഹദ്ദാദ് തങ്ങളുടെ സവിധത്തിലെത്തി അവിടുന്ന് പറഞ്ഞു :പ്രശസ്തി ആഗ്രഹിക്കാതെ ഇഖ്ലാസുണ്ടെങ്കിൽ നിങ്ങൾക്കു നിർമിക്കാം. പള്ളിക്ക് ആരുടെ പേരുവെക്കാനണുദ്ദേശിക്കുന്നത്? മഹാനവർകൾ അയാളോട് ചോദിച്ചു. നിർമിക്കുന്നത് ഞാനാണ്, എൻ്റെ പേരല്ലാതെ മറ്റെന്തിടാനാണ്. അയാൾ പ്രതിവചിച്ചു. ഉടനെ വന്നു മഹാൻ്റെ മറുപടി :താങ്കൾ പള്ളി നിർമിക്കണമെന്നില്ല.
നല്ല ശരീര പ്രകൃതിയുള്ള വ്യക്തിയായിരുന്നു . നല്ല ഉയരമുള്ള വെളുത്ത ശരീരവും ഗാംഭീര്യം സ്ഫുരിക്കുന്ന മുഖഭാവവുമായിരുന്നു. പഠനക്കാലത്ത് അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം കണ്ടിട്ട് ഉസ്താദുമാർ പ്രത്യേക പരിഗണന നല്കിയിരുന്നു എന്ന് കിത്താബുകളിൽ കാണാം. പിൽകാലഘട്ടങ്ങളിൽ മഹാനവർകളുടെ സമുദ്ര സമാനമായ അറിവുകണ്ടിട്ട് ഉസ്താദുമാർ തന്നെ ഹദ്ദാദ് തങ്ങളുടെ സബ്ഖു(ക്ലാസ്) കളിൽ വന്നിരിക്കാറുണ്ടായിരുന്നു . അബ്ദുല്ല ഇബ്നു അഹ്മദുൽ ഫഖീഹ് എന്ന പ്രശസ്ത പണ്ഡിതനായിരുന്ന പഠനക്കാലത്തെ അടുത്ത കൂട്ടുക്കാരിലൊരാൾ. അദ്ദേഹം പറയുന്നു :ഞങ്ങളെല്ലാവരും ഒപ്പമാണ് വളർന്നത് എന്നാൽ ഹദ്ദാദ് തങ്ങളുടെ ആത്മീയ വളറച്ച ഞങ്ങളെ കവച്ചു വെക്കുന്ന തരത്തിലായിരുന്നു. ചെറുപ്പ കാലത്തു തന്നെ യാസീനേതാൻ തുടങ്ങിയാൽ മഹാനവർകൾ കരയുമായിരുന്നു. മറ്റൊരു സ്ഥലത്ത് ഹദ്ദാദ് തങ്ങൾ തന്നെ പറയുന്നു :ഞങ്ങൾ ആദ്യ കലങ്ങളിൽ മരിച്ചവരും(സിയാറത്ത്) ജീവിച്ചിരിക്കുന്നവരുമായ സജ്ജനങ്ങളെ അന്വഷിച്ചു നാടുകൾ കറങ്ങറുണ്ടായിരുന്നു. ഈ യാത്രകളത്രയും നടന്നു കൊണ്ടായിരുന്നു. അഥിതികളെ മഹാനവർകൾ പരിഗണിച്ച രീതികളിൽ നമുക്ക് പ്രത്യേക മാതൃകയുണ്ട്. തന്റെ സദസ്സിലുള്ള ഒരോരുത്തരുടെയും പേരെടുത്തുപറഞ്ഞും അവരെ അടുത്തേക്കു വിളിച്ചു കാര്യങ്ങളന്വാഷിച്ചും അവരുടെ വിശേഷങ്ങൾ പങ്കുവെച്ചുമായിരുന്നു സ്വീകരണ രീതികളിലൊന്ന്.ആത്മീയ നേതാക്കൾക്കെന്നപോലെ തന്നെ ഭൌതിക നേതാകൾക്കും മഹാനവർകൾ അർഹമായ പരിഗണന നല്കിയിരുന്നു. അവർ ഭൌതികരണെന്ന് കരുതി മാറ്റി നിർത്താറില്ലായിരുന്നു. അതേസമയം സദസ്സിലുള്ളവരും അപ്രകാരം തന്നെയായിരുന്നു. മഹാനവർകളുടെ സദസ്സിൽ അവർ സാകൂതം ഇടം വലം തിരിയാതെ ശ്രദ്ധയോടെ ഇരിക്കുമായിരുന്നു. ഏതവസ്ഥയിലാണങ്കിലും മഹാനവർകളുടെ അല്ലാഹുവുമായുള്ള സാമീപ്യത്തിന് ഒരുകുറവുമുണ്ടായിരുന്നില്ല. ഹദ്ദാദ് തങ്ങൾ പറയുന്നു :ഒരാൾ കാരണവും ഞാനും എൻ്റെ റബ്ബുമായുള്ള ബന്ധത്തിൽ ഒരു വീഴ്ച്ചയും വന്നിട്ടില്ല. പുഞ്ചിരി തൂകി ഹൃദ്യമായ രീതിയിൽ ആരെയും ആകര്‍ഷിക്കുന്ന അവിടുത്തെ സ്വഭാവമഹിമ മഹോന്നതമായിരുന്നു.
ചുരുക്കത്തിൽ. 1132 ദുൽഖഅദ് ഏഴ്ന് ആ മഹാമനീഷി ഇഹലോകവാസം വെടിഞ്ഞു. എകദേശം 88 വർഷക്കാലം ആ ജീവിതം ജീവിച്ചുതീർത്തതത്രയും മാതൃകകൾ മാത്രമായിരുന്നു. അവിടുന്ന് ക്രോഡീകരിച്ച ഹദ്ദാദ് റാത്തിബിനെ നമ്മൾ നെഞ്ചിലേറ്റി. ഇതുപോലെ അവിടുന്ന് ശീലമാക്കിയ ഇതര ശീലങ്ങളും നമ്മുടെ നിത്യ ജീവിതത്തിലേക്ക് പകർത്തിയാൽ തീർച്ചയായും നമ്മുടെ ജീവിതം സാർത്ഥകമാകും.
സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി കടലുണ്ടി