page

Thursday, 19 October 2017

പെരുന്നാൾ ദിവസം ജുമുഅ നടത്തണമെന്ന് സൗദി

ബലിപെരുന്നാള്‍ ദിവസം ജുമുഅ നടത്തണമെന്ന് സഊദി മതകാര്യ മന്ത്രാലയം
റിയാദ്: ബലിപെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറമെ ജുമുഅ നിസ്‌കാരവും നിര്‍ബന്ധമായി നിര്‍വ്വഹിക്കണമെന്ന് സഊദി മതകാര്യ മന്ത്രാലയം രാജ്യത്തെ ഇമാമുമാരോടും ഖതീബുമാരോടും ഉത്തരവിട്ടു. രാജ്യത്തെ പള്ളികളിലെ മുഅദ്ദിന്‍, ഖത്തീബ്, ഇമാമുമാര്‍ എന്നിവര്‍ക്കയച്ച പ്രത്യേക സര്‍ക്കുലറിലൂടെയാണ് പെരുന്നാള്‍ ദിവസം ജുമുഅ നിര്‍വ്വഹിക്കുവാന്‍ ആവശ്യപ്പെട്ടത്.
പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായാല്‍ പെരുന്നാള്‍ നിസ്‌കാരം മാത്രം നിര്‍വ്വഹിച്ചു ജുമുഅ നിര്‍വ്വഹിക്കാതെ ഖതീബുമാര്‍ ഒഴിഞ്ഞുനില്‍ക്കുകയും ജനങ്ങള്‍ ളുഹ്ര്‍ നിസ്‌കരിക്കുന്ന അവസ്ഥയുമാണ് ഉണ്ടാകുന്നത്. ഇത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്. അതിനുപുറമെ ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ നല്‍കിയ ഫത്‌വക്കും എതിരാണെന്ന് മതകാര്യ വിഭാഗം വ്യക്തമാക്കി.
ഈ ദിവസത്തിലെ ജുമുഅ നിസ്‌കാരത്തെ ളുഹ്ര്‍ നിസ്‌കാരമായി പരിവര്‍ത്തിപ്പിക്കരുതെന്നും, പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിക്കാത്തവര്‍ക്ക് ജുമുഅ നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയും പ്രവാചക ചര്യയെ മാനിച്ചും ളുഹ്റിന്റെ സമയത്ത് ജുമുഅ നിര്‍വ്വഹിക്കപ്പെടാത്ത ചെറിയ പള്ളികള്‍ തുറന്നിടരുതെന്നും മതകാര്യ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.