page

Wednesday, 1 November 2017

വഹാബിസം - ഒറ്റുകാരുടെ നവോത്ഥാനം!

വഹാബികൾ ഒറ്റുകാരാണ് -നവോത്ഥാന നായകരല്ല
അഹ്‌ലുസ്സുന്നയുടെ ആദര്‍ശത്തിലധിഷ്ടിതവും സുശക്തവുമായ ഭരണസംവിധാനമായിരുന്നു ഇസ്‌ലാമിക ഖിലാഫത്ത്. തിരുനബി(സ)ക്ക് ശേഷം നാല് ഖലീഫമാരും തുടര്‍ന്ന് അമവികളും അബ്ബാസികളും ഉസ്മാനികളും നേതൃത്വം കൊടുത്ത ഖിലാഫത്ത് ആയിരത്തി മുന്നൂറിലേറെ കൊല്ലക്കാലം ഉജ്ജ്വലമായി തന്നെ ഇസ്‌ലാമിക ലോകം ഭരിച്ചു.
ബ്രിട്ടീഷുകാരുടെ കോളനിവത്കരണത്തിന് ഒരേയൊരു തടസ്സം ഈ സംവിധാനമാണെന്ന് തിരിച്ചറിഞ്ഞ അവര്‍, എന്തു വില കൊടുത്തും ഇതിനെ തകര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രം ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിക്കുന്നത്. പ്രധാനമായും നാല് തരത്തിലുള്ള ഭിന്നതകള്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ലക്ഷ്യമിട്ടു. ഭാഷ, ഗോത്രം, മതം, ദേശീയത ഇവയായിരുന്നു ആ നാല് കാര്യങ്ങള്‍.
മുസ്‌ലിം ലോകത്ത് ഇന്നും നിലനില്‍ക്കുന്ന കുര്‍ദുകളുടെ പ്രശ്‌നം ഭാഷാപരമായ ഭിന്നതയുടെ ബാക്കിപത്രമാണ്. ഇറാഖിലും അഫ്ഗാനിലുമെല്ലാം ആയുധമെടുത്ത ഗോത്രവര്‍ഗങ്ങളുടെ പോരാട്ടങ്ങളും സുന്നീ- ശീഈ സംഘര്‍ഷങ്ങളും സുന്നികളിലെ തന്നെ വഹാബി, മൗദൂദി, ഇഖ്‌വാനീ, തബ്‌ലീഗ് തുടങ്ങിയ കക്ഷികളിലൂടെ നിലനില്‍ക്കുന്ന ഭിന്നിപ്പുമെല്ലാം ബ്രിട്ടീഷുകാര്‍ അന്നുണ്ടാക്കിയ കുതന്ത്രത്തിന്റെ അലയൊലികളാണ്. ഒടുവില്‍ തുര്‍ക്കിയില്‍ മുസ്തഫ കമാല്‍പാഷയുടെ പുതിയ തുര്‍ക്കി ദേശീയത പ്രചരിപ്പിച്ചാണ് ആഗോള ഭരണസംവിധാനമായിരുന്ന ഇസ്‌ലാമിക ഖിലാഫത്തിനെ 1924ല്‍ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
തുടര്‍ന്ന് ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് അധിനിവേശം നടത്തിയ ബ്രിട്ടീഷുകാര്‍ മുസ്‌ലിം ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്താനാവശ്യമായ കൃത്യങ്ങളിലേര്‍പ്പെട്ടു. മുസ്‌ലിംകള്‍ ഏറെ ആദരിക്കുന്ന പ്രദേശമായ ഫലസ്തീനില്‍ ജൂതന്മാരെ കൊണ്ടുവന്ന് കുടിയിരുത്തി. മറ്റു ചില സ്ഥലങ്ങളില്‍ നാട്ടുമൂപ്പന്മാരെ പ്രതീകാത്മക ഭരണാധികാരികളാക്കി വാഴിച്ചു. റിമോട്ട് എന്നും ബ്രിട്ടീഷുകാരെ കൈകളിലായിരുന്നു.
മലബാറിലും സമുദായത്തെ ഭിന്നിപ്പിക്കാന്‍ ഇവര്‍ കരുക്കള്‍ നീക്കി. ആയിരത്തി മുന്നൂറിലധികം വര്‍ഷം പാരമ്പര്യമുള്ള ഇസ്‌ലാമിന്റെ അലകുംപിടിയും മാറ്റി അവതരിപ്പിക്കാന്‍ അവര്‍ വഹാബിസത്തെ തന്നെ കൂട്ടുപിടിച്ചു. മലയാള ഭാഷക്ക് ലിപിയുണ്ടായിട്ടില്ലാത്ത കാലത്ത് തന്നെ തങ്ങളുടെ സംസാര ഭാഷക്ക് അറബി ലിപിയുണ്ടാക്കി അറബിമലയാളം എന്ന ഒരു പുതിയ ഭാഷ സൃഷ്ടിക്കാനും ആ ഭാഷയില്‍ പതിനായിരക്കണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ച് സാധാരണക്കാര്‍ക്ക് വരെ മതകാര്യങ്ങളില്‍ ആഴത്തിലുള്ള അറിവുകള്‍ പകര്‍ന്നുനല്‍കാനും മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് സാധിച്ചിരുന്നു.
ഈ മാപ്പിള പാരമ്പര്യം തകര്‍ക്കുകയും അറബിമലയാള ഭാഷയെ കുഴിച്ചുമൂടുകയും ചെയ്യാതെ മുസ്‌ലിംകളെ പാരമ്പര്യ ഇസ്‌ലാമില്‍ നിന്ന് മാറ്റിയെടുക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ബ്രിട്ടീഷുകാര്‍ കേരളത്തിലെ വഹാബി മൗലവിമാരുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇത് സംബന്ധമായി ആദ്യകാല സലഫി നേതാവ് സി എന്‍ അഹ്മദ് മൗലവി തന്റെ മഹത്തായ മാപ്പിള പാരമ്പര്യം എന്ന പുസ്തകത്തില്‍ എഴുതുന്നത് കാണുക: ‘ബ്രിട്ടീഷുകാര്‍ക്ക് എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും അവര്‍ മികച്ച ഭരണതന്ത്രജ്ഞന്മാരായിരുന്നു. അവര്‍ സംഗതികളുടെ മര്‍മസ്ഥാനം സൂക്ഷിച്ചുമനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവര്‍ ഗ്രഹിച്ചു. പക്ഷേ, അത് തടയാനോ അതിനെതിരില്‍ ശബ്ദമുയര്‍ത്താനോ അവര്‍ നിന്നില്ല. അത് കൂടുതല്‍ അപകടകരമാണെന്ന് ആ ഭരണതന്ത്രജ്ഞന്മാര്‍ക്കറിയാമായിരുന്നു. അവര്‍ മറ്റൊരു വഴിക്ക് പ്ലാനിട്ട് പ്രവര്‍ത്തിക്കാന്‍ ഗൂഢമായി തീരുമാനിച്ചു.
1921ലെ സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് മാപ്പിള സമുദായത്തിന്റെ നട്ടെല്ലൊടിഞ്ഞുപോയി. അപ്പോള്‍, മാപ്പിളമാരെ എങ്ങനെ ‘നന്നാക്കി’യെടുക്കാം? ബ്രിട്ടീഷുകാരുടെ പല മണ്ഡലങ്ങളിലും ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ഒടുവില്‍ അടിയന്തരമായി ചില തീരുമാനങ്ങളെടുത്തു.
1. മാപ്പിളമാര്‍ക്ക് സ്‌കൂളില്‍ വെച്ച് മതം പഠിപ്പിക്കുക, മലയാള ലിപിയിലൂടെയായിരിക്കക. അതിന് വേണ്ട പുസ്തകങ്ങള്‍ വിദഗ്ധരെക്കൊണ്ട് തയ്യാര്‍ ചെയ്യിക്കുക. ആ ചുമതല ഒരേയവസരത്തില്‍ രണ്ട് കൂട്ടരെ ഏല്‍പ്പിച്ചു. ഒന്ന്, വി കുഞ്ഞിമയി ഹാജി മഞ്ചേരി. രണ്ട്, സയ്യിദ് അബ്ദുല്‍ ഗഫൂര്‍ഷാ സാഹിബ്.
2. ഈ പുസ്തകങ്ങള്‍ തയ്യാര്‍ ചെയ്തു പ്രസിദ്ധീകരിച്ച ഇതേ കൊല്ലം മറ്റൊരു പ്ലാന്‍ കൂടി ഗവണ്‍മെന്റ് തയ്യാറാക്കി. ‘ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കാന്‍ കഴിവുള്ള ഒരു മുസ് ലിം മതപണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും വാഗ്മിയുമായിരുന്ന പി എന്‍ മുഹമ്മദ് മൗലവി(പുളിക്കല്‍)യെ. എന്നിട്ട് മുസ്‌ലിം അധ്യാപകര്‍ക്ക് പരിശീലനം നല്‍കിപ്പോന്ന മലപ്പുറം ട്രൈനിംഗ് സ്‌കൂളില്‍ അദ്ദേഹത്തെ നിയമിച്ചു. മുസ്‌ലിം അധ്യാപകന്മാര്‍ക്ക് ‘ശരിയായ മതം’ പഠിപ്പിച്ചുവിട്ടാല്‍ അവര്‍ പിന്നീട് ജോലിക്ക് ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്‌ലിംകളില്‍ ഹൃദയപരിവര്‍ത്തനം വരുത്താന്‍ കഴിയുമല്ലോ. അതായിരുന്നു ലക്ഷ്യം.(പേജ് 76)
ഇവിടെ പറഞ്ഞ ശരിയായ മതം സലഫിസമാണ്. ഇത് പഠിപ്പിക്കാന്‍ മൗലവിമാരും ബ്രിട്ടീഷുകാരും കൈകോര്‍ത്തു പ്രവര്‍ത്തിച്ച കാര്യമാണ് സി എന്‍ അഹ്മദ് മൗലവി ഇവിടെ തുറന്നെഴുതിയത്. തുടര്‍ന്ന് അദ്ദേഹം നടത്തുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂടി വായിക്കുക: ‘പക്ഷേ, മാപ്പിള സമുദായത്തില്‍ വ്യാപകമായ ഒരു ചലനം സൃഷ്ടിക്കാന്‍ ഇതു മാത്രം പര്യാപ്തമല്ലെന്ന് ബ്രിട്ടീഷുകാര്‍ കണ്ടു. 1929ല്‍ മദിരാശിയില്‍ നിന്ന് ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദ് സാഹിബിനെ എഡ്യുക്കേഷന്‍ ഓഫീസറാക്കി മലബാറിലേക്കയച്ചു. ഒരു പ്രത്യേക സൂത്രവും പ്രയോഗിച്ചു. വെറും അബ്ദുല്‍ ഹമീദ് എന്നല്ല, മൗലവി അബ്ദുല്‍ ഹമീദ് എന്ന പേരില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങോട്ടയച്ചത്.
മതഭക്തരായ നമ്മുടെ ജനത ഇത് കേട്ട് തികച്ചും സംതൃപ്തരായി. അവസാനം ആള്‍ വന്നു നേരില്‍ കണ്ടപ്പോഴാണ് സംഗതി മനസ്സിലായത്. വളരെ വലിയ ബുദ്ധിമാന്‍, മനുഷ്യസ്‌നേഹി, മുസ്‌ലിംകളുടെ കാര്യത്തില്‍ അതീവ തത്പരന്‍, അവരുടെ ഉന്നമനത്തിന് എന്തും ചെയ്യാന്‍ സന്നദ്ധന്‍. പക്ഷേ, മൗലവിയല്ല, ഓക്‌സ്‌ഫോര്‍ഡില്‍ താമസിച്ച് ഉന്നത ബിരുദം നേടി തിരിച്ചുപോന്നപ്പോള്‍ ആ നാടിനോടും നാട്ടുകാരോടും വലിയ ഭക്തി പുലര്‍ത്തിപോന്ന ഒരു മാന്യനാണ്.
സുചിന്തിതമായ പ്ലാന്‍ അദ്ദേഹം നടപ്പാക്കാന്‍ തീരുമാനിച്ചു. അത് മറ്റൊന്നുമല്ല, മലബാറിലെ മുസ്‌ലിയാന്മാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രൈനിംഗ് സ്‌കൂളില്‍ പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട്, അവര്‍ക്ക് ‘ശരിയായ മതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തില്‍ എന്നെയാണ് ആ പോസ്റ്റില്‍ നിയമിച്ചത്. (പേജ് 76)
നോക്കുക, ബ്രിട്ടീഷ് ഭക്തനായ അബ്ദുല്‍ ഹമീദിനെ മൗലവി വേഷം കെട്ടിച്ചും സി എന്‍ മൗലവി എന്ന സലഫിയെ ട്രൈനറായി അഭിനയിപ്പിച്ചുമാണ് മുസ്‌ലിയാന്മാരെ ‘ശരിയായ മതം’ എന്ന സലഫിസം പഠിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമം നടത്തിയത്. എന്നിട്ട് തനിക്കുണ്ടായ അനുഭവം എന്തെന്ന് അദ്ദേഹം വിശദീകരിക്കുന്നത് കാണുക: 1931ല്‍ ക്ലാസ് സംഘടിപ്പിച്ച് നോക്കുമ്പോള്‍ 25 വയസ്സുള്ള എന്റെ ഇരട്ടി പ്രായമുള്ള ശിഷ്യന്മാര്‍ പോലും അക്കൂട്ടത്തിലുണ്ട്. മുദരിസുകളും ഖാസികളും മറ്റുംമറ്റുമായി ജോലി ചെയ്തവര്‍. അവരോട് മല്ലിടേണ്ടിവന്ന കഥ എനിക്കിന്നും ഓര്‍ത്തുകൂടാ. ഈ ശിക്ഷ ലഭിക്കാന്‍ തക്കവണ്ണം ദൈവമേ എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത് എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തുപോയിട്ടുണ്ട്. 1932ല്‍ ഞാന്‍ രോഗിയായി മാറി. പിന്നീട് എങ്ങനെയോ 14 വര്‍ഷം കഴിച്ചുകൂട്ടി. (പേജ് 76, 77)
ആലോചിക്കുക, പതിനാല് കൊല്ലം ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി മതം പൊളിച്ചെഴുതാന്‍ പാദസേവ ചെയ്ത സി എന്‍ അഹ്മദ് മൗലവിയെയാണ് ഇന്ന് ചില രാഷ്ട്രീയ നേതാക്കന്മാര്‍ നവോത്ഥാന നായകനായി പരിചയപ്പെടുത്തുന്നത്. ഇദ്ദേഹം എഴുതിയ ഖുര്‍ആന്‍ പരിഭാഷയില്‍ നിന്നാണത്രെ ഇവര്‍ മതം പഠിച്ചതും. കേരളത്തില്‍ സ്വഹാബത്ത് പഠിപ്പിച്ചതും മുന്‍ഗാമികള്‍ വിശ്വസിച്ച് ആചരിച്ചു വന്നതുമായ മതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ മതത്തെ തന്നെയണ് ബ്രിട്ടീഷുകാര്‍ സലഫികളിലൂടെ ഇവിടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
സുന്നികളെ സംബന്ധിച്ചുള്ള ഈ സലഫികളുടെ നിലപാട് കെ എന്‍ എം സംസ്ഥാന പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി തന്നെ എഴുതുന്നത് കാണുക:”സുന്നികള്‍ക്കെതിരെയുള്ള എന്റെ തൂലികാ സമരം ഒഴിവാക്കാന്‍ വിചാരിക്കുന്നില്ല. എന്റെ ഖബറിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. അതുകൊണ്ട് കഴിയുന്നിടത്തോളം നോക്കുക തന്നെ. സുന്നികള്‍ അപകടകാരികളാണ്…. സുന്നികളുടെ കാര്യം മഹാ പോക്കു തന്നെ. നരകത്തിന്റെ നടുവിലേക്ക്. ശഹാദത്ത് കലിമയുടെ അര്‍ഥം ശരിക്കു മനസ്സിലാക്കി ചൊല്ലി ഇസ്‌ലാമിലേക്കു കടന്നുവരുവിന്‍ സുന്നികളേ, അസ്‌ലിമൂ… തസ്‌ലമൂ……(സല്‍സബീല്‍ 1999 ഫെബ്രുവരി 20, പേജ് 9)
രോഗശയ്യയില്‍ കിടക്കുമ്പോള്‍ മര്‍ഹും ഇ കെ ഹസന്‍ മുസ്‌ലിയാര്‍ക്ക് അസ്‌ലിം, തസ്‌ലം (നീ മുസ്‌ലിമാവുക എങ്കില്‍ രക്ഷപ്പെടും) എന്ന് അറബിയില്‍ കത്തു കൊടുത്തയച്ച ഈ ഉമര്‍ മൗലവി തന്നെയാണ് ഇവിടെ മുഴുവന്‍ സുന്നികളോടും ‘നിങ്ങള്‍ കാഫിറുകളാണ്, ഞങ്ങള്‍ പറഞ്ഞു തരുന്നത് പോലെയുള്ള വിശ്വാസം സ്വീകരിച്ച് മുസ്‌ലിമാകുക എന്ന് ധിക്കാരപൂര്‍വം പച്ച മലയാളത്തില്‍ എഴുതിവിട്ടത്. ഈ ഉമര്‍ മൗലവി നയിച്ച പ്രസ്ഥാനമാണ് കേരളീയര്‍ക്ക് ശരിയായ തൗഹീദ് പഠിപ്പിച്ചതെന്ന് ജനാബ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് ഒരിക്കലും ആത്മാര്‍ഥമായിട്ടാകാന്‍ സാധ്യതയില്ല, അല്ലെങ്കില്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം.
രാഷ്ട്രീയക്കാരില്‍ തന്നെ രണ്ട് ജനുസുണ്ടല്ലോ. ഒന്ന് മഖ്യമന്ത്രി പിണറായിയെ പോലെ ഏത് വേദിയില്‍ ചെന്നാലും തന്റെ ആശയവും ആദര്‍ശവും തുറന്ന് പറയുന്നവര്‍. ഇവര്‍ വളരെ അപൂര്‍വമാണ്. മറ്റൊരു ജനുസ് വെള്ളം പോലെയുള്ളവരാണ്. വെള്ളം ഒഴിച്ചുവെക്കുന്ന പാ്രതത്തിന്റെ രൂപം സ്വീകരിക്കുന്ന പോലെ ഇവര്‍ വേദിക്കനുസരിച്ച് സംഘാടകരെ സുഖിപ്പിച്ചു സംസാരിക്കും.


സലഫികള്‍ അവരുടെ സമ്മേളനത്തിന്റെ ഭാഗമായിറക്കിയ ഡോക്യുമെന്ററിയിലേക്ക് ഒരാശംസ ചോദിച്ചു വന്നപ്പോള്‍, എപ്പോഴും തൗഹീദ്, ശിര്‍ക്ക്, സുന്നത്ത്, ബിദ്അത്ത് എന്നീ ഇട്ടാവട്ടത്തില്‍ കറങ്ങുന്നവരെ എന്തു പറഞ്ഞ് സുഖിപ്പിക്കാനാണ്? ഇ ടി ഒന്നും ആലോചിക്കാതെ പറഞ്ഞു: കേരളീയ മുസ്‌ലിംകള്‍ക്ക് ശരിയായ തൗഹീദ് പഠിപ്പിച്ച നവോത്ഥാന പ്രസ്ഥാനം. ഇത് ഇത്രമാത്രം വിവാദമാകുമെന്ന് ഇ ടി ആലോചിച്ചിട്ടുണ്ടാവില്ല. ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത് പരസ്യകമ്പനിക്കാരെ പോലെ വാചക വിപണനം നടത്തുന്ന ഇത്തരം രാഷ്ട്രീയക്കാരെ മാത്രമല്ല, മറിച്ച് കാക്ക കൂട്ടില്‍ മുട്ടയിട്ട് കാര്യം നേടാന്‍ ശ്രമിക്കുന്ന സലഫികളെകൂടിയാണ്.

റഹ്മത്തുള്ള സഖാഫി എളമരം-സിറാജ് ദിനപ്പത്രം [02-11-2017]