page

Friday, 15 December 2017

വസ്ത്രധാരണത്തിലെ നബി ദർശനം

കുപ്പായം ധരിക്കാതെ നബി(സ) തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അവിടുത്തേക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഖമീസ്(നീളക്കുപ്പായം) ആയിരുന്നുവെന്ന് ബീവി ഉമ്മുസലമ(റ) പറഞ്ഞിട്ടുണ്ട്. നബി(സ്വ) തല മറയ്ക്കാതെ നടക്കല്‍ അപൂര്‍വമായിരുന്നു. തൊപ്പി വെച്ച് അതിന് മുകളില്‍ തലപ്പാവ് ധരിക്കുക യായിരുന്നു പതിവ്.

മനുഷ്യരെ ഇതരജീവികളില്‍ നിന്ന് വ്യതിരിക്തനാക്കുന്ന ഒരു കാര്യമാണ് വസ്ത്രധാരണം. നാണം മറയ്ക്കുന്നതോടൊപ്പം, അഭിമാനം കാത്തുസൂക്ഷിക്കുന്നതിനും കൂടിയാണ് നാം വസ്ത്രം ധരിക്കുന്നത്. ഇതിലുപരി മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട അലങ്കാരവും വസ്ത്രം തന്നെയാണ്. ഉടയാടകളില്‍ വല്ല കറയോ പാടോ ചെളിയോ പുരണ്ടാല്‍ അത് മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും.


വസ്ത്രത്തിന് മനുഷ്യരുമായുള്ള ബന്ധം അഭേദ്യമാണ്. ജനിച്ച നാള്‍ മുതല്‍ ധരിക്കാന്‍ തുടങ്ങിയ വസ്ത്രം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും യാത്രയിലും നാട്ടിലും നമ്മോടൊപ്പമുണ്ടാകും. ഖബറകത്തെത്തിയാലും മറ്റെല്ലാവരും പിരിഞ്ഞുപോയാലും വസ്ത്രമാണ് കൂടെയുണ്ടാകുക. ഇതുകൊണ്ടാകണം, വസ്ത്രത്തിന്റെ കാര്യത്തിലും പ്രവാചകരുടെ കാഴ്ചപ്പാടുകള്‍ സമഗ്രവും ശാസ്ത്രീയവുമായി വിവരിക്കപ്പെട്ടത്.
വസ്ത്രത്തിന്റെ ഉപയോഗത്തില്‍ പ്രഥമ പരിഗണന നാണം മറയ്ക്കുക എന്നതിനാണ്. തൊഴില്‍ മേഖലയിലും മറ്റും നിരന്തരം ഇടപെടുന്ന പുരുഷന്‍ മുട്ടുപൊക്കിളിനിടയിലുള്ള ഭാഗങ്ങളാണ് നിര്‍ബന്ധമായും മറയ്‌ക്കേണ്ടത്. തുട മറയാത്ത നിക്കര്‍ ധരിച്ചാല്‍ മതിയാവില്ല. എന്നാല്‍, മാനവും കൂടി കാത്തുകൊണ്ടാകണം വസ്ത്രം ധരിക്കുന്നത്. അതിനാല്‍ പൂര്‍ണ വസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം പുരുഷന്മാര്‍ നിസ്‌കാരം പോലുള്ളവ നിര്‍വഹിക്കുന്നതും മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതും. കുപ്പായം ധരിക്കാതെ നബി(സ) തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അവിടുത്തേക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഖമീസ്(നീളക്കുപ്പായം) ആയിരുന്നുവെന്ന് ബീവി ഉമ്മുസലമ(റ) പറഞ്ഞിട്ടുണ്ട്. പുരുഷന്മാര്‍ ഞെരിയാണിക്ക് താഴെ വസ്ത്രം ഇറക്കുന്നതിനെ നബി(സ) ശക്തമായി നിരോധിച്ചിട്ടുണ്ട്. അഹങ്കാരത്തോടെ ഇത് ചെയ്താല്‍ ഹറാമാണെന്നാണ് പണ്ഡിതമതം. ഇതു മനുഷ്യന്റെ ആരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. നബി(സ)യുടെ കുപ്പായത്തിന്റെ കൈ മണികണ്ഠം വരെയായിരുന്നുവെന്ന് അസ്മാഅ് ബിന്‍ത് യസീദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ താഴേക്ക് നീളുന്നത് പുരുഷന്മാര്‍ക്ക് നിരോധിക്കപ്പെട്ടതാണ്.

സമുറത്ത് ബിന്‍ ജുന്‍ദുബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസില്‍ ഇങ്ങനെ കാണാം: ‘റസൂലുല്ലാഹി(സ്വ) പറഞ്ഞു: നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് വൃത്തിയുള്ളതും നല്ലതും. നിങ്ങളില്‍ നിന്ന് മരണപ്പെടുന്നവരെ അതില്‍ കഫന്‍ ചെയ്യുകയും ചെയ്യുക’ മാലിന്യങ്ങളും മറ്റും പെട്ടെന്ന് കണ്ടെത്താനാകുന്നതിനാല്‍ വെള്ള വസ്ത്രമാണ് ആരോഗ്യകരം. ഇതുകൊണ്ടാണ് രോഗികളെ പരിചരിക്കുന്ന നഴ്‌സിംഗ് മേഖലയിലുള്ളവരെല്ലാം വെള്ള വസ്ത്രം ധരിക്കുന്നത്. ഏത് നിറമുള്ള വസ്ത്രവും ധരിക്കാമെങ്കിലും ജുമുഅക്ക് പോകുമ്പോഴെങ്കിലും ഒരു വെള്ള വസ്ത്രം ധരിക്കുന്ന ശീലം നമുക്കുണ്ടാകണം.

നബി(സ്വ) തല മറയ്ക്കാതെ നടക്കല്‍ അപൂര്‍വമായിരുന്നു. തൊപ്പി വെച്ച് അതിന് മുകളില്‍ തലപ്പാവ് ധരിക്കുകയായിരുന്നു പതിവ്. ജുമുഅ നിസ്‌കാരത്തിനും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ തലപ്പാവിന് മുകളില്‍ തൈ്വലാസാന്‍ ധരിക്കുകയും തോളില്‍ രിദാഅ് പുതയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിലൂടെ ഓരോ പദവിയിലെത്തുമ്പോഴും അതിനോട് അനുയോജ്യമായ വസ്ത്രം ധരിക്കണമെന്ന സന്ദേശമാണ് നബി(സ്വ) കൈമാറിയത്. ഇറുകിയ പാന്റ്‌സും നിതംബം മറയാത്ത കുപ്പായവുമായി ഒരിക്കല്‍ പോലും നബി(സ്വ) മിമ്പറില്‍ കയറിയിട്ടില്ല.
ഇടുങ്ങിയ വസ്ത്രം ധരിക്കുന്നത് നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഇത് രക്തത്തിന്റെ സുഖകരമായ സഞ്ചാരം തടസ്സപ്പെടുത്തി വേദനയും കടച്ചിലുമുണ്ടാക്കും. ഇറുകിയ അടിവസ്ത്രം ധരിച്ചാല്‍ പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ വരെ അത് ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
സ്ത്രീ പുരുഷനെ അപേക്ഷിച്ച് ദുര്‍ബലയാണ്. പുരുഷന്‍ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് സാധാരണ കേള്‍ക്കാറുള്ളത്. മറിച്ചുള്ള വാര്‍ത്തകള്‍ അത്യപൂര്‍വമാണ്. അതുകൊണ്ട് സുരക്ഷയുടെ ഭാഗമായി സ്ത്രീ അവളുടെ ശരീരം പൂര്‍ണമായും മറച്ചായിരിക്കണം പുറത്തിറങ്ങേണ്ടതെന്ന് പ്രവാചകര്‍ പഠിപ്പിച്ചു. മാംസളമായ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞരമ്പ് രോഗികളെ ഇക്കിളിപ്പെടുത്തുന്നത് നല്ലതല്ലെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? ശരീരത്തിന്റെ സൗന്ദര്യം പ്രകടപ്പിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നതാണ് പ്രശ്‌നം.
പുരുഷന്മാര്‍ സ്ത്രീ കോലം ചമയുന്നതും സ്ത്രീകള്‍ പുരുഷ വേഷം ധരിക്കുന്നതും തിരുനബി(സ്വ) നിരോധിച്ചിട്ടുണ്ട്. പ്രകൃതിപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം വസ്ത്രത്തിലൂടെയും ജാതിമത രാഷ്ട്രഭേദമന്യേ ലോകം പ്രകടിപ്പിച്ചു പോന്നിട്ടുണ്ട്. സ്ത്രീകള്‍ പുരുഷ വേഷം ധരിക്കലാണ് സ്ത്രീ ശാക്തീകരണം എന്ന ചിന്ത മറ്റൊരു മനോരോഗം മാത്രമാണ്. ആഗോളീകരണ കാലത്തും, സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ഒഴുക്കിനെതിരെ നീന്താനുള്ള ആര്‍ജവമാണ് വസ്ത്രത്തിലും ഇസ്‌ലാമിന്റെ പ്രത്യേക രീതി ഉയര്‍ത്തിപ്പിടിക്കാനുള്ള സന്ദേശത്തിലൂടെ മുത്ത് നബി(സ്വ) നമുക്ക് കൈമാറിയത്.

അച്ചടക്കം, സമത്വം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി കലാലയങ്ങളിലും തൊഴില്‍ മേഖലകളിലുമെല്ലാം ഡ്രസ് കോഡുകളും യൂനിഫോമുകളും നിര്‍ദേശിച്ച് നടപ്പാക്കിയ ഇക്കാലത്ത്, മതം അച്ചടക്കത്തിന്റെ ഭാഗമായി നിര്‍ദേശിച്ച വസ്ത്രധാരണാ രീതി മാത്രം വലിച്ചെറിയാന്‍ അനാവശ്യ തിടുക്കം കൂട്ടുന്നവരുടെ ഉള്ളിലിരിപ്പ് ആര്‍ക്കും മനസ്സിലാകുന്നതാണ്.


റഹ്മത്തുറഹ്മത്തുല്ലാഹ് സഖാഫി എളമരം

 December 15, 2017