page

Sunday, 3 December 2017

ഖവാരിജുകളും സലഫിസ്റ്റുകളും


ഇസ്‌ലാമിന്റെ ലേബലില്‍ തീവ്രനിലപാടുമായി പ്രത്യക്ഷപ്പെട്ട ആദ്യ സംഘം ഖവാരിജുകളാണ്. അവരുടെ ആശയങ്ങളും തീവ്രനിലപാടുകളുമുള്ള പ്രസ്ഥാനങ്ങള്‍ പല പേരുകളിലായി ലോകത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് അതേ ആശയത്തിലും തീവ്രവാദത്തിലും പ്രവര്‍ത്തിക്കുന്ന കക്ഷി സലഫിസ്റ്റുകളാണ്. ബഹുദൈവ വിശ്വാസികളെ കുറിച്ച് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഏകദൈവ വിശ്വാസികളുടെ മേല്‍ ചുമത്തി അവരെ കാഫിറും മുശ്‌രിക്കുമാക്കുക എന്നതായിരുന്നു ഖവാരിജുകളുടെ പ്രധാന ആശയം. സലഫിസത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദവും ഇതാണല്ലോ. സ്വഹാബികളെ വിശ്വാസത്തിലെടുക്കാന്‍ ഇരുകൂട്ടരും തയ്യാറല്ല. ഖവാരിജുകളുടെ മറ്റൊരു രീതി ഖുര്‍ആനിലെ മുതശാബിഹായ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിച്ച് തങ്ങളുടെ വാദഗതിക്ക് തെളിവ് കണ്ടെത്തുക എന്നതായിരുന്നു. ഇത് തന്നെയാണ് ആധുനിക സലഫിക ളുടെയും രീതി.


വാദം എന്നാല്‍, അഭിപ്രായം, നിലപാട് എന്നൊക്കെയാണ് അര്‍ഥം. ഒരു കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ അതിനെ ഭാഷാപരമായി തീവ്രവാദം എന്ന് പറയാം. ഈ ‘തീവ്രവാദം’ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഭീകരവാദം എന്നതിന്റെ പര്യായമായ തീവ്രവാദമാണ്. തന്റെ ആശയം നടപ്പിലാക്കാനോ ലക്ഷ്യം നേടാനോ മറ്റുള്ളവരെ ഭയപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുക എന്നതാണ് ഭീകരവാദം. ലക്ഷ്യം എത്ര നല്ലതാണെങ്കിലും മാര്‍ഗം അക്രമത്തിന്റേതായാല്‍ അത് തീവ്രവാദം തന്നെയാണ്.

സ്‌നേഹവും സമാധാനവുമാണ് ഇസ്‌ലാം ലോകത്തിന് നല്‍കിയത്. ഇസ്‌ലാം എന്ന പദം തന്നെ സൂചിപ്പിക്കുന്നത് വിനയം, വിധേയത്വം, സമാധാനം എന്നൊക്കെയാണ്. ‘മുസ്‌ലിം’ എന്നാല്‍, വിനയന്‍, വിനീതന്‍, സമാധാന പ്രിയന്‍ എന്നും, മുസ്‌ലിമിന്റെ അഭിവാദ്യം ‘അസ്സലാമു അലൈകും’- നിങ്ങള്‍ക്ക് സമാധാനം വരട്ടെ- എന്നുമാണ്. മുസ്‌ലിംകളുടെ സുപ്രധാന ആരാധനയായ നിസ്‌കാരത്തില്‍ നടത്തുന്ന പ്രാര്‍ഥന ‘അസ്സലാമുഅലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍’- എല്ല സദ്‌വൃത്തര്‍ക്കും അല്ലാഹുവിന്റെ ശാന്തി ലഭിക്കട്ടെ എന്നാണ്. നിസ്‌കാരത്തില്‍ നിന്ന് പിരിയുന്നതും വലത്തും ഇടത്തും തിരിഞ്ഞ് സമാധാനം നേര്‍ന്നുകൊണ്ടാണ്. നിസ്‌കാരം കഴിഞ്ഞാലുള്ള പ്രാര്‍ഥനയും സമാധാനത്തിന് വേണ്ടിയാണ്.

യുദ്ധം എന്നര്‍ഥമുള്ള ‘ഹര്‍ബ്’ എന്ന പദം വെറും ആറ് പ്രാവശ്യം മാത്രം ഖുര്‍ആനില്‍ പരാമര്‍ശിച്ചപ്പോള്‍ സമാധാനം എന്നര്‍ഥമുള്ള അസ്സലാം 140 പ്രാവശ്യവും സ്‌നേഹം, കാരുണ്യം എന്നൊക്കെ അര്‍ഥമുള്ള ‘റഹ്മത്ത്’ 315 തവണയുമാണ് പരാമര്‍ശിച്ചിട്ടുള്ളത്.

ഈ മതമാണ് ‘മുസ്‌ലിം തീവ്രവാദി’, ‘ഇസ്‌ലാമിക ഭീകരത’ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ വിമര്‍ശിക്കപ്പെടുന്നത്. ഇവിടെയാണ് തീവ്രവാദത്തിന്റെ പേരില്‍ ഇസ്‌ലാമിനെ പ്രതിരോധത്തിലാക്കിയവരാരാണെന്ന ചര്‍ച്ച പ്രസക്തമാകുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്ക് വടി കൊടുക്കുന്ന ഈ ദുഃശക്തികളെ തുറന്നുകാട്ടിയില്ലെങ്കില്‍ സമുദായം ഇനിയും വലിയ വില നല്‍കേണ്ടിവരിക തന്നെ ചെയ്യും.

ഇസ്‌ലാമിന്റെ ലേബലില്‍ തീവ്രനിലപാടുമായി പ്രത്യക്ഷപ്പെട്ട ആദ്യ സംഘം ഖവാരിജുകളാണ്. അലി(റ)യും മുആവിയ(റ) തമ്മിലുടലെടുത്ത രാഷ്ട്രീയ അഭിപ്രായവ്യത്യാസം രണ്ട് സഹാബിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പറഞ്ഞ് പരിഹരിച്ചപ്പോള്‍ അത് ഇഷ്ടപ്പെടാത്ത ചിലര്‍ ‘അല്ലാഹുവിന് മാത്രമേ വിധിതീര്‍പ്പ് നടത്താന്‍ അധികാരമുള്ളൂ’ എന്ന ആശയമുള്ള ഖുര്‍ആന്‍ വാക്യം ദുര്‍വ്യാഖ്യാനം ചെയ്ത് രംഗത്ത് വന്നു. അല്ലാഹുവിന്റെ അധികാരത്തില്‍ കൈകടത്തുക വഴി ശിര്‍ക്ക്(ബഹുദൈവത്വം) ചെയ്ത സ്വഹാബികള്‍ കാഫിറുകളായിപ്പോയി എന്നും ഈ സത്യനിഷേധികളോടാണ് ആദ്യം യുദ്ധം ചെയ്യേണ്ടതെന്നും ഈ വിഭാഗം നിലപാടെടുത്തു.

അതേസമയം തന്നെ, അലി(റ)വിനെ അമിതമായി വാഴ്ത്തുകയും ആദ്യ ഖലീഫയാകേണ്ടിയിരുന്നത് അദ്ദേഹമായിരുന്നുവെന്നും അബൂബക്കര്‍(റ) അടക്കമുള്ളവര്‍ അത് തട്ടിയെടുക്കുകയായിരുന്നുവെന്നും വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്ത് വന്നു. ഇവരാണ് പിന്നീട് ‘ശീഇകള്‍’ എന്നറിയപ്പെട്ടത്. ഇവര്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍ (റ) തുടങ്ങിയ സഹാബികളെയും അവരെ ബൈഅത്ത് ചെയ്തംഗീകരിച്ച മറ്റു സഹാബിമാരെയും കാഫിറുകളായി പ്രഖ്യാപിച്ചു. സ്വഹാബത്തിനെതിരെയാണ് ഈ രണ്ട് വിഭാഗവും രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ന് ഇസ്‌ലാമിക ലോകത്ത് പരസ്പരം ആയുധമെടുത്ത് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത് ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും ആശയധാരയിലുള്ളവരാണ്. ഖവാരിജുകളുടെ ആശയങ്ങളും തീവ്രനിലപാടുകളുമുള്ള പ്രസ്ഥാനങ്ങള്‍ പല പേരുകളിലായി ലോകത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് അതേ ആശയത്തിലും തീവ്രവാദത്തിലും പ്രവര്‍ത്തിക്കുന്ന കക്ഷി സലഫിസ്റ്റുകളാണ്.
ബഹുദൈവ വിശ്വാസികളെ കുറിച്ച് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഏകദൈവ വിശ്വാസികളുടെ മേല്‍ ചുമത്തി അവരെ കാഫിറും മുശ്‌രിക്കുമാക്കുക എന്നതായിരുന്നു ഖവാരിജുകളുടെ പ്രധാന ആശയം. ഇമാം ബുഖാരി(റ) ഇബ്‌നു ഉമര്‍(റ)നെ സംബന്ധിച്ച് ഉദ്ധരിക്കുന്നു: ഇബ്‌നു ഉമര്‍(റ) ഖവാരിജുകളെ ഏറ്റവും നാശകാരികളായ സൃഷ്ടികളായിട്ടായിരുന്നു കണ്ടിരുന്നത്. അവര്‍ സത്യനിഷേധികളുടെ മേല്‍ അവതരിപ്പിച്ച ആയത്തുകളെ സത്യവിശ്വാസികളുടെ മേല്‍ ചുമത്തുന്നവരായിരുന്നു. (ബുഖാരി)

സലഫിസത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദവും ഇതാണല്ലോ. മുന്നൂറ്റി അമ്പത്തി അഞ്ചോളം ദൈവങ്ങളില്‍ വിശ്വസിച്ച, ദൈവത്തിന്റെ പെണ്‍മക്കളാണ് മലക്കുകള്‍ എന്ന് പ്രചരിപ്പിച്ച, മുത്ത് നബിയെ ഭ്രാന്തനെന്നും മാരണക്കാരനെന്നും കെട്ടുഖിസ്സക്കാരനെന്നും പറഞ്ഞ് അധിക്ഷേപിച്ച, മരണശേഷം ഈ നുരുമ്പിയ എല്ലുകളെ ആര്‍ക്കാണ് പുനരുജ്ജീവിപ്പിക്കാന്‍ കഴിയുക എന്ന് വെല്ലുവിളിച്ച മക്കയിലെ മുശ്‌രിക്കുകളുടെ മേല്‍ അവതരിച്ച ആയതുകളെടുത്താണ് ഏക ഇലാഹിനെ മാത്രം ആരാധിക്കുന്ന, അവന്‍ ആദരിക്കാന്‍ പറഞ്ഞ അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരെ ബഹുമാനിക്കുന്ന വിശ്വാസികളുടെ മേല്‍ ചുമത്തി ഈ വിഭാഗം മുസ്‌ലിംകളെ കാഫിറാക്കുന്നത്.
ഇവരുടെ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഇബ്‌നുഅബ്ദില്‍ വഹാബിന്റെ ഉസ്താദ് ഇമാം സുലൈമാനുല്‍ ഖുര്‍ദി(റ) അയാള്‍ക്കയച്ച കത്തില്‍ ഇപ്രകാരം കാണാം: ഇബ്‌നു അബ്ദില്‍ വഹാബ്, ലോക മുസ്‌ലിംകളെ കറിച്ചുള്ള നിന്റെ അഭിപ്രായ പ്രകടനങ്ങളെ തൊട്ട് നിന്റെ നാവിനെ നീ സുക്ഷിക്കുക. മഹാത്മാക്കളോട് സഹായം ചോദിക്കുന്നവര്‍ അവര്‍ ഇലാഹാണെന്നും അവര്‍ക്ക് സ്വന്തമായി കഴിവുണ്ടെന്നും വിശ്വസിക്കുമ്പോഴാണ് അവര്‍ മുശ്‌രിക്കാകുക. ഇതൊന്നും ചിന്തിക്കാതെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളാക്കാന്‍ നിനക്കൊരു ന്യായവുമില്ല. എന്നാല്‍, ഭൂരിപക്ഷത്തില്‍ നിന്നും ഒറ്റപ്പെടുന്നവനെ കാഫിറാക്കലാണ് കൂടുതല്‍ ന്യായമായിട്ടുള്ളത്. (അല്‍ ഫുതൂഹുല്‍ ഇസ്‌ലാമിയ്യ- 2/215)

ഇതേ നിലപാട് തന്നെയാണ് കേരളാ വഹാബികളും സ്വീകരിച്ചത്. വിവിധ ദൈവങ്ങളുടെ പേരില്‍ ബലിദാനം നടത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ടവതരിച്ച ആയത്തുകള്‍, മുത്ത് നബി(സ) ഖദീജ (റ)യുടെ പേരില്‍ അറുത്തു ദാനം ചെയ്തിനെ മാതൃകയാക്കി ആത്മീയമായി സ്‌നേഹിക്കപ്പെടുന്നവര്‍ക്ക് സ്വദഖയായി മുസ്‌ലിംകള്‍ നടത്തുന്ന അറവിനെയും അന്നദാനത്തെയും ഉപമിച്ചുകൊണ്ട് മുസ്‌ലിംകളുടെ മേല്‍ ബഹുദൈവത്വമാരോപിക്കുന്നത് കാണുക: ”ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി. അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയറുക്കപ്പെടുന്നത് തിന്നുന്നതും അല്ലാഹു ഹറാമാക്കി. എന്നാല്‍, ഇവ രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അങ്ങനെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍ തന്നെയെന്ന് അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുമല്ലോ”(സല്‍സബീല്‍ 1985 ഡിസംബര്‍)

ഉമര്‍ മൗലവി തന്നെ 1982ല്‍ അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നു: ” പ്രവാചകരുടെ ആദര്‍ശം സ്വീകരിച്ചവര്‍ മുജാഹിദുകള്‍. അബൂജഹ്ല്‍ തുടങ്ങിയ മക്കാ മുശ്‌രിക്കുകളുടെ ആദര്‍ശം സ്വീകരിച്ചവര്‍ സുന്നികള്‍. അബൂജഹ്ല്‍ കക്ഷിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മൗദൂദികള്‍(ലഘുലേഖ പേജ് 2). നോക്കുക, ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ അബൂജഹ്‌ലിനെ പോലെയുള്ള മുശ്‌രിക്കുകളായി പ്രഖ്യാപിച്ച വിശ്വാസത്തെയാണോ ചില മാന്യന്മാര്‍ ശരിയായ തൗഹീദ് എന്ന് വിശേഷിപ്പിച്ചത്?
മൗലവി വീണ്ടും എഴുതി: ”അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്‍മാര്‍ വേണ്ട എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇത് പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹ്ല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതുകൊണ്ട്, അഊദിബില്ലാഹി മിനശ്ശൈത്വാനിര്‍റജീം, വമിനല്‍ ഉലമായിസ്സുന്നിയ്യീന്‍”- പിശാചില്‍ നിന്നും സുന്നീ ഉലമാക്കളില്‍ നിന്നും ഞാന്‍ അല്ലാഹുവോട് കാവലിനെ തേടുന്നു- എന്ന് എല്ലാവരും പറയുക(സല്‍സബീല്‍ 1977 ആഗസ്റ്റ് 20 പേജ് 29). മതം സഹിഷ്ണുതയാണെന്ന് പ്രചരിപ്പിക്കാനുള്ള എല്ലാ യോഗ്യതയും ഈ മുജാഹിദുകള്‍ക്കുണ്ടെന്ന് വ്യക്തമായില്ലേ?

ഖവാരിജുകളുടെ നിലപാടുള്ളതുകൊണ്ടാണ് സത്യനിഷേധികളെക്കുറിച്ചുള്ള സുക്തങ്ങള്‍ വിശ്വാസികളുടെ മേല്‍ വെച്ചുകെട്ടി അവരെ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഖവാരിജുകളുടെ നിലപാടും വഹാബിസത്തിന്റെ നയങ്ങളും താരതമ്യം ചെയ്തുകൊണ്ട് ഇബ്‌നു വഹാബിന്റെ സഹോദരനും പണ്ഡിതനുമായ സുലൈമാനു ബിന് അബ്ദില്‍ വഹാബ് എഴുതി: അലി(റ) വിന്റെ കാലത്ത് രംഗത്ത് വന്ന ഖവാരിജുകള്‍, അലി, ഉസ്മാന്‍, മുആവിയ(റ. അന്‍ഹും) എന്നിവരെയും അവരോടൊപ്പമുള്ളവരെയും അവിശ്വാസികളായി പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ രക്തവും സ്വത്തും ഹലാലാക്കുകയും മുസ്‌ലിം രാഷ്ട്രത്തെ ശത്രുരാജ്യമായും അവരുടെ രാഷ്ട്രത്തെ മാത്രം ഈമാനിന്റെ രാജ്യമായും പ്രചരിപ്പിച്ചു.

തങ്ങള്‍ ഖുര്‍ആനിന്റെ ആളുകളാണെന്നാണ് അവര്‍ വാദിച്ചിരുന്നത്. ഹദീസുകളില്‍ നിന്നും അവരുടെ വീക്ഷണത്തോട് യോജിച്ചത് മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. ഖുര്‍ആനിലെ മുതശാബിഹ് ആയ ആയത്തുകളെയാണ് അവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവായി ഉദ്ധരിച്ചിരുന്നത്. മുശ്‌രിക്കുകള്‍ക്കെതിരായി ഇറങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികളുടെ മേല്‍ അവര്‍ വെച്ചുകെട്ടി”(അസ്സ്വവാഇഖുല്‍ ഇലാഹിയ്യ പേജ് 12)
ഖവാരിജുകളുടെ ഈ പറഞ്ഞ മുഴുവന്‍ വാദങ്ങളും അധുനിക സലഫിസ്റ്റുകളില്‍ നമുക്ക് കാണാം. സ്വഹാബികളെ വിശ്വാസത്തിലെടുക്കാന്‍ ഇവര്‍ തയ്യാറല്ല. അവര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മഹാന്മാരായ ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരാണ് ഇസ്‌റാഈലി കള്ളക്കഥകള്‍ ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാന്‍ മദീനാ പള്ളിയില്‍ വേദിയൊരുക്കിയത് എന്നും തമീമുദ്ദാരി(റ) അബ്ദുല്ലാഹിബിന് സലാം (റ) തുടങ്ങിയ സ്വഹാബികളാണ് ഈ കള്ളക്കഥകള്‍ പള്ളിയില്‍ വെച്ച് പറഞ്ഞ് പ്രചരിപ്പിച്ചതെന്നും അവ പിന്‍ഗാമികള്‍ക്കായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇബ്‌നു അബ്ബാസ്(റ)യും അബൂഹുറൈറ(റ)യുമാണെന്നുമുള്ള കടുത്ത ആരോപണം കേരളത്തിലെ സലഫികളുടെ മുഖപത്രമായ അല്‍മനാര്‍ 1959 ഒക്‌ടോബര്‍ ലക്കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

നബി(സ) ഖുര്‍ആനും സുന്നത്തും ഏല്‍പ്പിച്ചുപോയത് സ്വഹാബികളെയാണ്. അവരും അവരെ പിന്തുടര്‍ന്നവരും സ്വര്‍ഗത്തിലാണെന്ന് പ്രഖ്യാപിച്ചത് അല്ലാഹുവാണ്. അവരെ വിശ്വാസത്തിലെടുക്കാത്തവര്‍ക്ക് അവരിലൂടെ ലഭിച്ച ഖുര്‍ആനിലും സുന്നത്തിലും എത്ര കണ്ട് വിശ്വാസമുണ്ടാകും? സ്വഹാബത്ത് അറബിയില്‍ മാത്രം ഖുതുബ നിര്‍വഹിച്ചു എന്നത് തെളിവല്ല എന്ന് വാദിച്ചുകൊണ്ട് എം ടി അബ്ദുര്‍റഹ്മാന്‍ മൗലവി എഴുതുന്നത് കാണുക:” കേരളത്തിലെ മുസ്‌ലിയാക്കള്‍ ചെയ്യുന്നതും ദീനില്‍ തെളിവല്ലാത്തതു പോലെ അതും (സ്വഹാബത്ത് ചെയ്യുന്നതും -ലേ) തെളിവല്ല. (ജുമുഅ ഖുതുബ മദ്ഹബുകളില്‍ പേജ് 84)

ഖവാരിജുകളുടെ മറ്റൊരു രീതി ഖുര്‍ആനിലെ മുതശാബിഹായ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിച്ച് തങ്ങളുടെ വാദഗതിക്ക് തെളിവ് കണ്ടെത്തുക എന്നതായിരുന്നു. ഇത് തന്നെയാണ് ആധുനിക സലഫികളുടെയും രീതി. അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതില്‍ ഭാഷക്കുള്ള പരിമിതിയെ മനസ്സിലാക്കാതെ ചില സുക്തങ്ങള്‍ക്ക് ഒരിക്കലും അല്ലാഹുവിനോട് യോജിക്കാത്ത അര്‍ഥകല്‍പ്പനകള്‍ നടത്തി ഒരു ജഡവത്കൃത ദൈവത്തെയാണ് അവരിന്ന് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ തന്നെ ഇവരുടെ മുന്‍ഗാമികള്‍ അല്ലാഹുവിന് ജഡമുണ്ടെന്ന് വിശ്വസിക്കുന്നതും ഭാഗം, സ്ഥലം, രൂപം മുതലായവ സങ്കല്‍പ്പിക്കുന്നതും കാഫിറായി പോകുന്ന ബിദ്അത്താണെന്ന് പഠിപ്പിച്ചിട്ടുള്ളതാണ്. (അല്‍മനാര്‍ 1952 ജനുവരി). എന്നാല്‍, ആധുനിക സലഫികള്‍ പൊട്ടിപ്പിളര്‍ന്നത് തന്നെ അല്ലാഹുവിന് ജഡമുണ്ടെന്ന വാദത്തിലുടക്കിയാണ്. അബ്ദുല്ലക്കോയ മദനിയുടെ ഗ്രൂപ്പ് അല്ലാഹുവിന് കൈയും കാലും കണങ്കാലും ഊരയും വലതു ഭാഗവും ഇടതു ഭാഗവും വലതു ഭാഗത്ത് തന്നെ രണ്ട് കൈയുമെല്ലാം ചാര്‍ത്തിക്കൊടുത്തപ്പോള്‍, ഖുര്‍ആനിലും സുന്നത്തിലും വന്ന ചില ആലങ്കാരിക പ്രയോഗങ്ങളെ ഈ വിധത്തില്‍ അര്‍ഥ കല്‍പന നടത്തുന്നത് തൗഹീദില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മറുഗ്രൂപ്പുകാര്‍ തുറന്നടിച്ചു. എന്നാല്‍ സലഫിസം തീവ്രവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലായപ്പോള്‍ ഈ ആശയപരമായ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയോ പരിഹരിക്കുകയോ ചെയ്യാതെ തടി കാക്കാന്‍ വേണ്ടി ഇവര്‍ ഐക്യപ്പെടുകയായിരുന്നു. ഇതുകൊണ്ടാണ് ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് വലിയൊരു വിഭാഗം വിസ്ഡം ഗ്രൂപ്പ് എന്ന പേരിലും മടവൂര്‍ ഗ്രൂപ്പില്‍ പെട്ട സലാം സുല്ലമിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും വേറിട്ടു പ്രവര്‍ത്തിക്കുന്നത്.

ചോരച്ചാലുകള്‍ തീര്‍ത്ത രക്ത പ്രസ്ഥാനം



സമാധാനവും അച്ചടക്കവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. അക്രമമുണ്ടാക്കുന്നതും അസമാധാനം വിതക്കുന്നതും മതം കഠിനമായി നിരോധിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ ഖുതുബയുടെ അവസാനമായി മുഴുവന്‍ സുന്നി പള്ളികളിലും ഉമറുബിന്‍ അബ്ദില്‍ അസീസി(റ)ന്റെ കാലം മുതല്‍ ഓതി കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ സാരമിതാണ്: തീര്‍ച്ചയായും അല്ലാഹു നീതി ചെയ്യാനും ഗുണം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ നല്‍കാനും കല്‍പ്പിക്കുന്നു. നീചവും നികൃഷ്ടവുമായ കാര്യങ്ങളെയും അക്രമ പ്രവര്‍ത്തനങ്ങളെയും അല്ലാഹു നിരോധിക്കുന്നു. നിങ്ങള്‍ ഉത്ബുദ്ധരാവാന്‍ വേണ്ടിയാണ് അല്ലാഹു ഉപദേശിക്കുന്നത്’

സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സിവിലിയന്‍മാര്‍ ആയുധമുപയോഗിക്കുന്നതില്‍ ഇസ്‌ലാം നിയന്ത്രണം കൊണ്ടുവന്നു. മക്കയില്‍ നബി(സ) പതിമൂന്ന് വര്‍ഷം പ്രബോധനം നടത്തിയപ്പോള്‍ കൊടിയ പീഡനങ്ങളും അക്രമങ്ങളും സഹിക്കേണ്ടിവന്നു. ബീവി സുമയ്യ(റ) അബൂജഹ്‌ലിന്റെ ക്രൂരതകളാല്‍ കൊലചെയ്യപ്പെട്ടു. പലരേയും കെട്ടിയിട്ടു നെഞ്ചില്‍ പാറക്കല്ലുകള്‍ കയറ്റിവെച്ചു. പഴുപ്പിച്ച ഇരുമ്പു ചീളുകളില്‍ മലര്‍ത്തിക്കിടത്തി പീഡിപ്പിച്ചു. മുത്ത് നബി(സ) യുടെ കുടുംബത്തെ മൂന്ന് കൊല്ലക്കാലം ഭക്ഷണം പോലും വിലക്കി ഉപരോധിച്ചു. ഈ ഘട്ടത്തില്‍ എഴുപതിലധികം സൂക്തങ്ങളിലൂടെ അക്രമത്തെ അക്രമം കൊണ്ട് നേരിടരുത് എന്ന നിര്‍ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയത്. കാരണം, സിവിലിയന്‍മാര്‍ ആയുധമെടുത്താല്‍ അത് സര്‍വനാശത്തിന് മാത്രമേ വഴിയൊരുക്കുകയുള്ളൂ.

മദീനയില്‍ സായുധ പ്രതിരോധം അനുവദിച്ചത് ഒരു ഭരണകൂടം രൂപപ്പെട്ടപ്പോഴാണ്. മക്കയിലെ ശത്രുക്കള്‍ നാനൂറോളം കിലോമീറ്ററുകള്‍ താണ്ടി സര്‍വായുധ വിഭൂഷിതരായി മദീനയെ ആക്രമിക്കാന്‍ ബദറില്‍ തമ്പടിച്ച സമയത്താണ്, അവരെ നേരിടാന്‍ അനുമതി നല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നത്.
ഒരു നാടിനെയും നാട്ടുകാരെയും അക്രമിച്ചു നശിപ്പിക്കാന്‍ വരുന്നവരില്‍ നിന്ന് ആ നാടിനെയും ജനങ്ങളെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണല്ലോ. ഇത് ലോകം അംഗീകരിക്കുന്ന ഒരു തത്വമാണ്. എല്ലാ രാഷ്ട്രങ്ങള്‍ക്കും പ്രതിരോധ മന്ത്രിമാരും സേനയും ആയുധങ്ങളുമുണ്ട്. ഇത് തീവ്രവാദമല്ല, സമാധാനത്തിന് വേണ്ടിയുള്ള വ്യവസ്ഥാപിത രീതി മാത്രമാണ്. ഇസ്‌ലാമിലെ സായുധ പ്രതിരോധങ്ങളെല്ലാം ഭരണകൂടത്തിന്റെ അനിവാര്യമായ ഘട്ടങ്ങളില്‍ നടത്തിയതാണെന്ന് ആര്‍ക്കും ബോധ്യമാകും.

എന്നാല്‍, അവാന്തര വിഭാഗമായ ഖവാരിജുകള്‍ സിവിലിയന്മാരെ ആയുധമണിയിച്ച് സ്വഹാബികള്‍ക്കും രാഷ്ട്രത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനായി ഖുര്‍ആന്‍ സൂക്തങ്ങള്‍ അവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. ഇവരാണ് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സ്വഹാബിയായ അബ്ദുല്ലാഹില്‍ ഖബ്ബാബ്(റ) നെ ആടിനെ അറുക്കും പോലെ തന്റെ ഭാര്യയുടെ മുമ്പില്‍ വെച്ചു അറുത്തുകളഞ്ഞു. പിന്നീട് ഭാര്യയെ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു. ഞാനൊരു സ്ത്രീയാണ്. എന്നെ നിങ്ങള്‍ വെറുതെ വിടുക. ആ ക്രൂരന്മാര്‍ പൂര്‍ണഗര്‍ഭിണിയായിരുന്ന ആ മഹതിയുടെ വയര്‍ കീറി ചോരക്കുഞ്ഞിനെ പുറത്തെടുത്തു. അവര്‍ ഒന്നിച്ചു പിടഞ്ഞുമരിച്ചു. അമിത ഭക്തി കാണിച്ച ഈ ഭീകരസംഘം ഇസ്‌ലാമിക ലോകത്ത് കാണിച്ച ഭീകരതക്ക് കണക്കില്ല. അവസാനം അലി(റ)വിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക സേന ഇവരെ അടിച്ചമര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്‌തെങ്കിലും പിന്നീട് പല പേരുകളിലും ഈ കക്ഷികള്‍ പല കാലത്തും രംഗത്തുവന്നുകൊണ്ടിരുന്നു.

ആധുനിക സലഫിസത്തിന് അടിത്തറ പാകിയ ഇബ്‌നു അബ്ദില്‍ വഹാബും തന്റെ കാലഘട്ടത്തിലെ മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിച്ചുകൊണ്ട് അവരോട് യുദ്ധം തുടങ്ങുകയായിരുന്നു. കേരളത്തിലെ മുജാഹിദുകള്‍ തന്നെ എഴുതി:” വഹാബി പ്രസ്ഥാനമെന്ന് എതിരാളികളും മുജാഹിദുകള്‍ എന്ന് അനുകൂലികളും വിളിക്കുന്ന ചിന്താധാരയേതോ അതിന്റെ പ്രഭവകേന്ദ്രമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് 1703ല്‍ നജ്ദില്‍ ഭൂജാതനായി. അര നൂറ്റാണ്ട് മുമ്പ് അന്തരിച്ച ഇബ്‌നുതൈമിയയുടെ ഗ്രന്ഥങ്ങള്‍ പഠിച്ച ഇബ്‌നുഅബ്ദില്‍ വഹാബിന്റെ ഉള്ളില്‍ ഗുരുവിനെപോലെ ജിഹാദ് ചെയ്യണമെന്ന ആവേശം ജ്വലിക്കുന്നു….ഇബ്‌നു വഹാബ് തന്റെ ചുറ്റും കണ്ണോടിക്കുമ്പോള്‍ കണ്ട കാഴ്ച എന്താണ്? മുസ്‌ലിംകള്‍ അവരുടെ അടിസ്ഥാന ദര്‍ശനമായ കലിമത്തുത്തൗഹീദില്‍ നിന്നും ബഹുദൂരം അകന്നുപോയിരിക്കുന്നു.(ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേജ് 13-14)

ലോക മുസ്‌ലിംകള്‍ മുഴുവനും ഇസ്‌ലാമില്‍ നിന്നും പിഴച്ചുപുറത്തുപോയിരിക്കുന്നതിനാല്‍ അവരോട് ‘ജിഹാദ്’ ചെയ്ത് തന്റെ കാഴ്ചപ്പാടിലുള്ള ഇസ്‌ലാമിനെ പുനഃസ്ഥാപിക്കാന്‍ ഇയാള്‍ പരിശ്രമമാരംഭിച്ചു. ബസ്വറയില്‍ വെച്ചാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും പണ്ഡിതന്മാര്‍ ഈ വിതണ്ഡ വാദത്തെ ചെറുത്തുതോല്‍പ്പിച്ചതിനാല്‍ ഹുറൈമിലയിലേക്ക് നീങ്ങി. അവിടെ ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ ഉയൈയ്‌ന എന്ന പ്രവിശ്യയിലെത്തി. ഖിലാഫത്തിന് കീഴില്‍ ഉയൈയ്‌ന ഭരിച്ചുകൊണ്ടിരുന്ന ഗവര്‍ണറായ ഉസ്മാനുബ്‌നു മുഅമ്മറിനെ സ്വാധീനിച്ചു. തുടക്കം മുതല്‍ രാഷ്ട്രീയത്തെ മറയാക്കിയാണ് വഹാബിസം പിടിച്ചു നിന്നത്. ഇവിടെ വെച്ച് ഇബ്‌നു വഹാബ് ഒരു പറ്റം ചെറുപ്പക്കാരെ തന്റെ ജിഹാദീ സംഘത്തില്‍ ചേര്‍ത്തു. അവര്‍ ആദ്യമായി നടത്തിയ ഭീകര പ്രവര്‍ത്തനത്തെ സംബന്ധിച്ച് വഹാബി പണ്ഡിതനായ അബ്ദുല്ല സ്വാലിഹ് ഉസൈമിന്‍ എഴുതി റിയാദില്‍ നിന്നും പുറത്തിറങ്ങിയ പുസ്തകത്തില്‍ പറയുന്നു: ” ഇബ്‌നു വഹാബും അനുയായികളും ആദ്യമായി ജനങ്ങള്‍ തവസ്സുലാക്കാന്‍ ഉപയോഗിച്ചിരുന്ന മരം വെട്ടിമുറിച്ചു. ജുബൈലയില്‍ ജനങ്ങള്‍ ബറക്കത്തെടുക്കുകയും നേര്‍ച്ച നല്‍കുകയും ചെയ്തിരുന്ന സൈദുബിന്‍ ഖത്താബി(റ)ന്റെ(ഉമര്‍ ബിന്‍ ഖത്താബിന്റെ സഹോദരന്‍) ഖബര്‍ തകര്‍ത്തു തരിപ്പണമാക്കി. സമൂഹത്തെ വിറപ്പിച്ച മറ്റൊരു കൃത്യം കൂടി അദ്ദേഹം നിര്‍വഹിച്ചു. അതൊരു സ്ത്രീയെ എറിഞ്ഞുകൊന്നതായിരുന്നു. ഇങ്ങനെയായിരുന്നു ഇബ്‌നു വഹാബ് തന്റെ ആദര്‍ശത്തെ പ്രയോഗ തലത്തിലേക്ക് കൊണ്ടുവന്നത്. (താരീഖ് മംമ്‌ലകത്തില്‍ അറബിയ്യ അസ്സഊദിയ്യ1/78)

ഒരു ഭരണകൂടത്തെ നോക്കുകുത്തിയാക്കി സായുധ സംഘം രൂപവത്കരിച്ച് തന്റെ ആദര്‍ശം നടപ്പാക്കാന്‍ പ്രസ്ഥാനനായകന്‍ തന്നെ തുടക്കം കുറിച്ചത് ഇത്തരം ഭീകര കൃത്യങ്ങളിലൂടെയാണ്. ഈ സായുധ സംഘം തെരുവില്‍ റോന്ത് ചുറ്റി. പള്ളിയില്‍ ജമാഅത്തിന് എത്താത്തവരെ കടുത്ത പീഡനത്തിനിരയാക്കി. അങ്ങനെ ഒരു പ്രദേശത്ത് വഹാബീ ആശയത്തിലുള്ള ഇസ്‌ലാമിക ഭരണം നടപ്പാക്കി. എന്നാല്‍, ഈ ഇസ്‌ലാമിനെ സഹിക്കാന്‍ നാട്ടുകാര്‍ക്കും ഭരണാധികാരിക്കും സാധിച്ചില്ല. ഗവര്‍ണര്‍ ഉസ്മാന്‍, ഇബ്‌നു വഹാബിനോട് വേഗം നാട് വിടാന്‍ കല്‍പ്പിച്ചു. അയാള്‍ നജ്ദിന്റെ ഭാഗമായ ദര്‍ഇയ്യയിലേക്ക് പുറപ്പെട്ടു. ദര്‍ഇയ്യയിലെ ഗവര്‍ണറായ ഇബ്‌നു സഊദിനോട് സ്വതന്ത്ര രാജപദവി പറഞ്ഞു മോഹിപ്പിച്ചു. എന്റെ കൂടെ ജിഹാദില്‍ പങ്കെടുത്താല്‍ വെട്ടിപ്പിടിക്കുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ നിയന്ത്രണം ഇയാള്‍ വാഗ്ദാനം ചെയ്തു. 1744ല്‍ ഇവര്‍ തമ്മിലുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് സ്വാലിഹ് ഉസൈമിന്‍ തന്നെ പറയട്ടെ: സാധ്യമാകുന്ന വിധം ഇസ്‌ലാഹീ പ്രബോധന വഴിയില്‍ രണ്ടുപേരും ഒന്നിച്ച് പ്രവര്‍ത്തിക്കുക. അങ്ങനെ വെട്ടിപ്പിടിക്കുന്ന പുതിയ രാജ്യത്തിന്റെ രാഷ്ട്രീയ കാര്യവും നിയന്ത്രണവും ഇബ്‌നു സഊദിനും കുടുംബങ്ങള്‍ക്കും നല്‍കുന്നതും ഈ രാഷ്ട്രത്തിലെ മതഡിപ്പാര്‍ട്ടുമെന്റ് ഇബ്‌നു അബ്ദില്‍ വഹാബിനും മക്കള്‍ക്കും ആജീവനാന്തം നല്‍കുന്നതുമായിരിക്കും… ഒപ്പം ഇബ്‌നു സഊദ് ഒരു നിബന്ധന കൂടി മുന്നോട്ട് വെച്ചു. ഇപ്പോള്‍ ജനങ്ങളില്‍ നിന്നും ഞാന്‍ വാങ്ങുന്ന വാര്‍ഷിക നികുതി നിങ്ങള്‍ വിലക്കാന്‍ പാടില്ല. ഇതിന് ഇബ്‌നു വഹാബിന്റെ മറുപടി അതിലും മെച്ചപ്പെട്ട യുദ്ധാര്‍ജിത സമ്പത്ത് നിങ്ങള്‍ക്ക് ലഭിക്കും എന്നായിരുന്നു”(താരീഖു മംമ്‌ലക… പേജ് 91)
തുടര്‍ന്ന് നജ്ദിന്റെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും ഗ്രാമീണരുടെ മൃഗങ്ങളെയും കാര്‍ഷികോത്പന്നങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. വഹാബിസം സ്വീകരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്തി.


വഹാബിസം -വാളെടുത്ത ശൈഥില്യം



നജ്ദിലെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും വഹാബിസം സ്വീകരിക്കാത്തവരെ അക്രമിക്കുകയും ചെയ്ത ശംഷം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ഭീകര സംഘം ശക്തി സംഭരിച്ച് നജ്ദിന്റെ പുറത്തേക്കും പടയോട്ടം തുടങ്ങി. ത്വാഇഫില്‍ ഇവര്‍ തീര്‍ത്ത ചോരച്ചാലുകളെ സംബന്ധിച്ച് ഹറമൈനിയുടെ ആധികാരിക ചരിത്രകാരനായ ശൈഖ് സൈനി ദഹ്‌ലാന്‍ എഴുതുന്നു: വഹാബികള്‍ ത്വാഇഫ് അധിനിവേശം നടത്തിയപ്പോള്‍ ജനങ്ങളെ വ്യാപകമായി കൊന്നു. മുതിര്‍ന്നവര്‍, കുട്ടികള്‍, ഭരണാധികാരികള്‍, പ്രജകള്‍, ഉന്നതര്‍, സാധാരണക്കാര്‍ തുടങ്ങി ഒരു വ്യത്യാസവും കാണിച്ചില്ല. ഉമ്മയുടെ ഉക്കത്തിരുന്ന കുരുന്നുകളെ വരെ അവര്‍ നിഷ്‌കരുണം വകവരുത്തി. വീടുകളില്‍ നിന്നും പുറത്തിറങ്ങാത്തവരെയും വീടുകള്‍ തകര്‍ത്തുകൊണ്ട് കൊന്നുതള്ളി. ത്വാഇഫിലെ മസ്ജിദില്‍ ദര്‍സ് നടത്തുകയായിരുന്ന മുദര്‍റിസിനെയും മുതഅല്ലിമുകളെയും മുഴുവന്‍ കൊന്നു. നിസ്‌കരിക്കുന്നവരെ റുകൂഇലും സുജൂദിലും അരിഞ്ഞുവീഴ്ത്തി. (ഖുലാസത്തുല്‍ കലാം)

പൊറുതി മുട്ടിയ ജനങ്ങള്‍ വഹാബികളെ നേരിടാന്‍ മക്കാ ഗവര്‍ണര്‍ ശരീഫിനെ സമീപിച്ചു. അദ്ദേഹം നജ്ദിയന്‍ തൗഹീദുകാര്‍ മക്കയില്‍ കടക്കുന്നത് വിലക്കി. ഇത് സംബന്ധമായി സ്വാതന്ത്ര്യ സമരസേനാനി ഇ മൊയ്തു മൗലവി എഴുതുന്നത് കാണുക: നജ്ദികളുടെ തീഷ്ണതയുള്ള വാദഗതികളോട് ഹറമിലെ ഉലമാക്കള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും ശരീഫിനെ സമീപിച്ചു. ശരീഫ് ഒരിക്കല്‍ കൂടി നജിദികള്‍ ഹിജാസില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. നജ്ദികള്‍ പഴയ പടി സാമ്പത്തിക ഉപരോധത്തിന് തുനിഞ്ഞു. ഇറാഖി, ഇറാന്‍ വ്യാപാര സംഘങ്ങളെ അലോസരപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഈ തീപൊരി മധ്യഇറാഖിലും ഇറാനിലുമെത്തി. ഹിജ്‌റ 1216ല്‍ ക്രിസ്തു വര്‍ഷം 1802ല്‍ കര്‍ബല, മുഅല്ല, ബലദു ഹുസൈന്‍ തുടങ്ങിയ രാജ്യങ്ങളെ നജ്ദുകാര്‍ ആക്രമിച്ചു. അവിടങ്ങളിലെ ധനങ്ങളും രത്‌നങ്ങളുമെല്ലാം പിടിച്ചെടുത്ത് അവ പട്ടാളക്കാരുടെ ഇടയില്‍ വിതണം ചെയ്തു. ഖബറുകളുടെ മേല്‍ പടുത്തുയര്‍ത്തിയിരുന്ന എടുപ്പുകള്‍ പൊളിച്ചുനീക്കി. (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേജ്, 67, 68)

കേരളത്തിലെ സലഫി നേതാവായിരുന്ന ഇ കെ മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന അല്‍ ഇത്തിഹാദ് മാസിക എഴുതി: ”1802 ഏപ്രില്‍ 30-ാം തീയതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ) മഖാം കൊള്ളയടിച്ചു അവിടേക്ക് അനറബികളായ സന്ദര്‍ശകന്‍മാര്‍ വഴിപാടു കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഖബറിന് വഴിപാട് കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേരെ ഉണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു.” (അല്‍ ഇത്തിഹാദ് പുസ്തകം 2, ലക്കം 7- 1955)
നോക്കൂ, എത്ര അഭിമാനത്തോടെയാണ് കേരളത്തിലെ വഹാബികള്‍ ഈ കൊടും ക്രൂരതയെ ഉദ്ധരിച്ചിരിക്കുന്നത്. കേരളത്തിന് സമാധാനവും സഹിഷ്ണുതയും പഠിപ്പിക്കാനുള്ള യോഗ്യത ഈ ഭീകര പ്രസ്ഥാനത്തിന് തന്നെയാണുള്ളത്.! ഈ ഭീകര പ്രവര്‍ത്തനത്തില്‍ നിന്നു ആവേശം കൊണ്ടും ഈ ആദര്‍ശ ധാരയുടെ പ്രചോദനത്തിലും തന്നെയാണ് ഇവര്‍ മുമ്പ് എടവണ്ണയിലേയും കുറ്റിയാടിയിലേയും ഖബറുകള്‍ തകര്‍ത്തതും ഇപ്പോള്‍ നാടുകാണിയില്‍ ഖബര്‍ പൊളിച്ചു തെങ്ങിന്‍ തൈ നട്ടതും. ഇറാഖിലും സിറിയയിലും കേള്‍ക്കുന്ന, ഈജിപ്തിലെ സനായില്‍ കാണുന്ന ക്രൂരതകള്‍ കേരളത്തിലും സംഭവിക്കാതിരിക്കണമെങ്കില്‍ ഈ തീവ്രവാദ പ്രസ്ഥാനത്തെ തിരസ്‌കരിക്കാന്‍ സമൂഹം തയ്യാറാകണം.

ഇത് 1920കളില്‍ തന്നെ ഈ നാട്ടുകാരെ ഉണര്‍ത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. എന്നാല്‍, ഇവിടെയും രാഷ്ട്രീയത്തിന്റെ മറവില്‍ പതിയിരുന്ന് ഈ വികലമായ ആശയത്തെ ഒളിച്ചു കടത്തുകയായിരുന്നു വഹാബികള്‍. പല രാഷ്ട്രീയ നേതാക്കളും അറിഞ്ഞോ അറിയാതെയോ ഇവരുടെ ഇരകളായിട്ടുമുണ്ട്.

1811-ല്‍ ഉസ്മാനിയ ഖലീഫ സുല്‍ത്താന്‍ മുഹമ്മദ് ഖാന്‍ 11-ാമന്റെ നിര്‍ദേശപ്രകാരം ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷ പതിനായിരം വരുന്ന ഒരു സൈന്യത്തെ വഹാബികളെ നേരിടാന്‍ നിയോഗിച്ചു. നീണ്ട എട്ട് വര്‍ഷത്തെ പോരാട്ടത്തിനു ശേഷം, ഹറമൈനിയും നജ്ദും കീഴടക്കി തുര്‍ക്കി പതാക വീണ്ടും നാട്ടി. അന്നത്തെ വഹാബി രാജാവ് അബ്ദുല്ലയെ തുര്‍ക്കിയിലെ ഉസ്താംബൂളിലെത്തിച്ചു വിചാരണക്ക് ശേഷം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് തൂക്കിലേറ്റി. പിന്നീട് ഒരു നൂറ്റാണ്ടോളം വഹാബികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നില്ല. ശേഷം 1914-18 കാലത്ത് ഒന്നാം ലോക യുദ്ധ സമയത്ത് തുര്‍ക്കിക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി അറബ് നാടുകളില്‍ നിന്നും ശത്രുക്കളെ സൃഷ്ടിച്ച് ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായി കേണല്‍ ടി എന്‍ ലോറന്‍സിനെ വഹാബികള്‍ക്ക് പരിശീലനം നല്‍കാനായി ബ്രിട്ടന്‍ അയച്ചുകൊടുത്തു. മുസ്‌ലിം ലോകം ഒന്നിച്ചുനിന്ന് ഖിലാഫത്തിന്റെ സംരക്ഷണത്തിനായി പോരാടിയപ്പോള്‍ വഹാബികള്‍ ബ്രിട്ടീഷുകാരില്‍ നിന്നും പണം വാങ്ങി ആഭ്യന്തര കലാപമുണ്ടാക്കുകയും നജ്ദില്‍ സ്വയം ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ബ്രിട്ടനെതിരെയുള്ള തുര്‍ക്കിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തി ബ്രിട്ടീഷ് ചാരന്മാര്‍ അറേബ്യയില്‍ സജീവമായി ഇടപെട്ടു. ജവഹര്‍ ലാല്‍ നെഹ്‌റു ഇതു സംബന്ധമായി എഴുതി:”അറേബ്യയില്‍ നിലവിലുണ്ടായിരുന്ന ദേശീയ ബോധത്തെ ബ്രിട്ടന്‍ ഉപയോഗപ്പെടുത്തുകയും പണവും സാധനങ്ങളും ഉദാരമായി കൈക്കൂലി കൊടുത്തു തുര്‍ക്കിക്കെതിരായി അറബികളുടെ ഒരു ലഹള സംഘടിപ്പിക്കുകയുണ്ടായി. അറേബ്യയിലെ ഒരു ബ്രിട്ടീഷ് ഏജന്റായ കോണല്‍ ടി ഇ ലോറന്‍സ് ആയിരുന്നു ഈ ലഹളയുടെ പ്രേണേതാവ്. ഏഷ്യയിലെ പല പ്രസ്ഥാനങ്ങളുടെയും തിരശ്ശീലകള്‍ക്ക് പിന്നില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു നിഗൂഢ വ്യക്തിയെന്ന ഒരു വിശ്രുതി തന്നെ ഇയാള്‍ പിന്നീട് ആര്‍ജിച്ചിട്ടുണ്ട്. (വിശ്വചരിത്രാവലോകനം വാള്യം 2, പേജ് 867)

ഈ ചാരനെ കേരള വഹാബികള്‍ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെഴുതി: ”അറബ് ഗോത്രങ്ങളെ സംബന്ധിച്ച് തങ്ങളുടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയിരുന്ന സഊദ് ഭരണകൂടം കേണല്‍ ലോറന്‍സിന്റെ സഹായം തേടി, സഊദി സൈനികര്‍ക്കദ്ദേഹം പരിശീലനം നല്‍കി. അറബികള്‍ക്കിടയില്‍ ‘ഡയനാമൈറ്റ് അമീര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ലോറന്‍സിനെ ഒരു ചാരനെന്നു വിളിക്കാമോ എന്നും സംശയമാണ്” (ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍, യുവത ബുക്‌സ് പേജ്, 67. ഡോ. ശൗക്കത്തിലി)
അങ്ങനെ നിര്‍ണായക ഘട്ടത്തില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്ന ഇവര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചരടുവലികള്‍ നടത്തി. നെഹ്‌റു തന്നെ എഴുതുന്നത് കാണുക: ലോക യുദ്ധ കാലത്ത് അറേബ്യ ബ്രിട്ടീഷ് ഗൂഢതന്ത്രത്തിന്റെ ഒരു കൂത്തരങ്ങായി തീര്‍ന്നു. വിവിധ അറബി പ്രധാനികളെ കോഴ കൊടുത്ത് സ്വാധീനിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ധനവും ഇന്ത്യന്‍ ധനവും അവിടെ ലോഭം കൂടാതെ ചെലവഴിക്കപ്പെട്ടു…. ഇബ്‌നു സഊദ് കൂടുതല്‍ സമര്‍ഥനായിരുന്നു. ഒരു സ്വതന്ത്ര രാജാവെന്ന തന്റെ നില അദ്ദേഹം ബ്രിട്ടീഷുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. മാസത്തില്‍ 5000 പവന്‍ (70000 രൂപ) അവരില്‍ നിന്നും വാങ്ങി, നിഷ്പക്ഷനായിരിക്കാനും അദ്ദേഹം സമ്മതിച്ചു. അങ്ങനെ മറ്റുള്ള ആളുകള്‍ അന്യോന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കെ ഇബ്‌നു സഊദ് ബ്രിട്ടീഷ് സ്വര്‍ണം കൊണ്ട് തന്റെ നില കൂടുതല്‍ ഭദ്രമാക്കി.” (വിശ്വചരിത്രാവലോകനം, വാള്യം- 2 പേജ് 1060)

ഇതിന്റെ ഫലമായി ആയിരത്തി മുന്നൂറിലേറെ വര്‍ഷക്കാലം ലോകത്തിന്റെ വൈജ്ഞാനിക, ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക പുരോഗതിക്കായി വലിയ സംഭാവനകളര്‍പ്പിച്ച ഏഷ്യക്കാരുടെ, വിശിഷ്യാ മുസ്‌ലിംകളുടെ ഏറ്റവും വലിയ സാമ്രാജ്യം തകര്‍ന്നടിഞ്ഞു. പിന്നീട് അറബ് ദേശത്തേക്ക് ഇരച്ചുകയറിയ ബ്രിട്ടീഷ് സേന ഇസ്‌ലാമിക രാഷ്ട്രത്തെ കോഴിമുട്ട വലിപ്പത്തില്‍ വെട്ടിനുറുക്കി വിവിധ നാട്ടുമൂപ്പന്‍മാര്‍ക്കും ഗോത്രത്തലവന്മാര്‍ക്കും വീതിച്ചുനല്‍കി. കണ്ണായ സ്ഥലങ്ങളില്‍ സൈനിക താവളങ്ങള്‍ സ്ഥാപിച്ചു. ഇനിയൊരിക്കലും യോജിക്കാനാകാത്ത വിധം ഭാഷ, ദേശീയത, ഗോത്രം, വിശ്വാസം എന്നിവയുടെ പേരില്‍ ജനങ്ങളെ അവര്‍ ഭിന്നിപ്പിച്ചു. ഹറമൈനി ഉള്‍ക്കൊള്ളുന്ന വലിയ ഒരു ഭാഗം ഇബ്‌നു സഊദ് കുടുംബത്തിന് നല്‍കിയപ്പോള്‍ മുസ്‌ലിംകളുടെ മറ്റൊരു സുപ്രധാന കേന്ദ്രമായ ഫലസ്തീന്‍ ജൂതന്മാരെ കൊണ്ടുവന്നു കുടിയിരുത്തി. ഒരു കാലത്തും മുസ്‌ലിംകള്‍ക്ക് സമാധാനം ലഭിക്കാതിരിക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്തുവെച്ചു.

എന്നാല്‍, സാമ്രാജ്യത്വ നുകത്തിന് കീഴില്‍ വഴങ്ങാത്ത ചിലഭരണാധികാരികള്‍ പിന്നീട് ഉയര്‍ന്നുവന്നു. ഇറാഖിലെ സദ്ദാം ഹുസൈനും ലിബിയയിലെ ഗദ്ദാഫിയും സിറിയയിലെ ബശര്‍ അല്‍ അസദുമൊക്കെ അവരില്‍ പ്രമുഖരായിരുന്നു. കുവൈത്ത് അധിനിവേശത്തിന്റെ മറവില്‍ സദ്ദാമിനെയും പിന്നീട് ലിബിയയിലേക്ക് തിരിഞ്ഞ് ഗദ്ദാഫിയെയും സ്ഥാനഭ്രഷ്ടനാക്കുകയും അവരെ വധിച്ചുകളിയകയും ചെയ്തു പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍. വര്‍ഷങ്ങളായി അവര്‍ സിറിയയെ അക്രമിച്ചുകൊണ്ടിരിക്കുകയാണ്.
സലഫിസ്റ്റുകള്‍ക്ക് സ്വാധീനമില്ലാതിരുന്ന ഈ രാജ്യങ്ങളില്‍ പ്രത്യേക അവസരം ഉപയോഗിച്ച് സാമ്രാജ്യത്വത്തിന്റെ രഹസ്യ പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു അബൂബക്കര്‍ അല്‍ ബഗ്ദാദി. എന്നാല്‍, ഇറാഖിന്റെ നല്ലൊരു ഭാഗം കൈയില്‍ വന്നതോടെ പാരമ്പര്യ വിശ്വാസികളെയും ഇസ്‌ലാമിന്റെ ചരിത്ര ചിഹ്നങ്ങളെയും മഹാന്മാരുടെ മഖ്ബറകളെയും ഇവര്‍ ഭീകരമായി തന്നെ ആക്രമിച്ചു. ഒപ്പം, അവരല്ലാത്തവരെ മുഴുവന്‍ നശിപ്പിക്കുക എന്ന തീവ്രവാദത്തിന്റെ പേരില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇവര്‍ ആക്രമണമാരംഭിച്ചു. ഇതോടെയാണ്, ഇറാഖിലെ ശിയാക്കള്‍ക്കെതിരെ ആദ്യം സലഫിസ്റ്റുകളെ പിന്തുണച്ചിരുന്ന പാശ്ചാത്യര്‍ ഐ എസിനെ എതിര്‍ക്കാന്‍ തുടങ്ങിയത്.

പുതിയ സാഹചര്യത്തില്‍ ഈ തീവ്രവാദത്തിലൂന്നിയ ആശയധാര ലോകത്തിന് അപകടമാണെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അധികാരം പിടിക്കാന്‍ നേരത്തെ ഇവരെ കൂട്ടുപിടിച്ചിരുന്ന സഊദി ഭരണകൂടമടക്കം ഇവരെ കുടഞ്ഞുകളയാനുള്ള ഒരുക്കത്തിലാണെന്നത് നല്ല സൂചനയാണ്. ഒപ്പം ഇസ്‌ലാമിന്റെ പാരമ്പര്യ മാര്‍ഗമായ അഹ്‌ലുസ്സുന്നയുടെ നവജാഗരണം ലോകത്ത് നടക്കുന്നുവെന്നതും സമ്പന്നമായ, പോയ കാല ചരിത്രകാലത്തിലേക്കുള്ള മുസ്‌ലിം ഉമ്മത്തിന്റെ തിരിച്ചുനടത്തമായി വേണം കരുതാന്‍.




തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' (എസ് വൈ എസ് ആദര്‍ശ ക്യാമ്പയിന്‍- ഡിസംബര്‍ 10-25)

റഹ്മത്തുല്ല സഖാഫി എളമരം

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി

Posted on: December 4, 2017 6:30 am | Last updated: Dec