page

Wednesday, 27 December 2017

ഈദ്ഗാഹ് മലപ്പുറം-യാഥാർത്ഥ്യമെന്ത്?


.
        *മലപ്പുറം ഈദ് ഗാഹ്*
*തെററിദ്ധരിപ്പിക്കുന്നവരോടും* *തെറ്റിദ്ധരിച്ചവരോടും*

*മുഹമ്മദ് മുസ്ലിയാർക്ക്*(മലപ്പുറം കോൽമണ്ണ സ്വദേശി ) *പറയാനുള്ളത്*
➖➖➖➖➖➖➖➖➖
സമുദായ ഐക്യം ചർച്ചയാവുമ്പോൾ ചിലർ തെറ്റിദ്ധരിപ്പിക്കുന്ന വിഷയമാണ് *മലപ്പുറത്തെ ഈദ്ഗാഹ്*

1970 ൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഗ്രൗണ്ടിൽ (അന്നത്തെ കവാത്ത്പറമ്പ്) ഒരു ഈദ് ഗാഹ് നടന്നെന്നും അന്ന് അവിടെ നിസ്കാരത്തിന്ന് നേതൃത്വം വഹിച്ചത് പാണക്കാട് PMSA പൂക്കോയ തങ്ങളാണെന്നും ഖുതുബ നിർവഹിച്ചത് PP അബ്ദുൽ ഗഫൂർ മൗലവിയാണെന്നും ഇത് സുന്നി - മുജാഹിദ് ഐകൃത്തിന്ന് തെളിവാണെന്നുമാണ് ചിലരുടെ തെറ്റിദ്ധരിപ്പിക്കൽ.......
ഈ വിഷയം പലപ്പോഴും സോഷ്യൽ മീഡിയയിലും മറ്റും ചർച്ചക്ക് വരാറുണ്ടെന്നും അറിയാൻ കഴിഞ്ഞു. എന്നാൽ എന്താണ് അതിന്റെ സത്യാവസ്ഥ എന്ന് അന്ന് അതിൽ സജീവമായി പ്രവർത്തിച്ച ഒരു വ്യക്തി എന്ന നിലക്ക് ഞാൻ വിശദീകരിക്കുകയാണ്.

*അന്ന് മലപ്പുറത്ത് ഈദ് ഗാഹ് ഉണ്ടാവാനുള്ള കാരണം* മലപ്പുറം കുന്നുമ്മൽ പഴയ ജുമുഅത്ത് പള്ളിയിലേക്ക് മാത്രമായി മഞ്ചേരി റോഡിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ നിന്നും ഉണ്ടായിരുന്ന ഒരു ഇടവഴി സഹോദര സമുദായത്തിൽ പെട്ട ചിലയാളുകൾ അത് പൊതുവഴിയാണെന്നും പള്ളിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിലൂടെ റോഡ് വെട്ടണമെന്നും വാദിച്ച് പ്രശ്നം സൃഷ്ടിക്കുകയും അന്നത്തെ ജനസംഘം അതേറ്റെടുക്കുകയും ചൈയ്തു. ഇത് അറിഞ്ഞ മലപ്പുറത്തെ അന്നത്തെ പ്രമാണിയായ കിളിയമണ്ണിൽ മൊയ്തു ഹാജി ഇതനുവദിക്കില്ലെന്നും പറഞ്ഞു. അങ്ങിനെ ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമായി ജനസംഘത്തിന്റെ ആളുകൾ മലപ്പുറം കുന്നുമ്മലുള്ള ശ്രിപുരാന്തക ക്ഷേത്ര പരിസരത്ത് ഒരുമിച്ച് കൂടി VT നാരായണൻകുട്ടി നായരുടെ നേതൃത്വത്തിൽ വൈകുന്നേരം 4 മണി സമയത്ത് ജാഥയായി മൂന്നാം പടിയിലൂടെ (ഇന്നത്തെ പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ മുന്നിലൂടെയുള്ള റോഡിലൂടെ ) പള്ളി പരിസരത്തേക്ക് വരുന്നത്.ആ സമയത്താണ് ധീരനായ കിളിയമണ്ണിൽ മൊയ്തു ഹാജി പള്ളിയുടെ മഞ്ചേരി റോഡിലുള്ള വഴിയുടെ മുന്നിൽ തന്റെ കാറിന്റെ ബോണറ്റിൽ കയറി ഇരിക്കുന്നത് ജാഥയിലെ മുന്നിൽ നിൽക്കുന്നവർ കാണുന്നത് .മൊയ്തു ഹാജിയുടെ ആ ഇരുത്തം കണ്ടപ്പോഴേക്കും വീരവാദവും ശബ്ദ കോലാഹലവും സൃഷ്ടിച്ച് വന്ന ജാഥയിലെ മുൻ നിരയിലുള്ളവരുടെ മുട്ട് വിറച്ചു. പള്ളി സ്ഥലം കയ്യേറാൻ ജാഥയായി വന്നവർ മൗനികളായി പള്ളിയുടെ മുന്നിലൂടെ കടന്ന് പോയി കുന്നുമ്മൽ ടൗണിൽ വച്ച് ജാഥ പിരിച്ച് വിട്ടു.പിന്നീട് മറു കക്ഷികൾ കേസുകളും മറ്റു മായി നേരിടാനാണ് ശ്രമം നടത്തിയത്. *ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറത്ത് മുസ്ലിംകളുടെ ശക്തി കാണിച്ച് കൊടുക്കണമെന്നും അതിന്ന് അടുത്ത് വരുന്ന ചെറിയ പെരുന്നാളിന്ന് മലപ്പുറത്തെയും പരിസരത്തെയും പള്ളികളിൽ നടക്കുന്ന പെരുന്നാൾ നിസ്കാരം ഒന്നിച്ച് കോട്ടപ്പടി കവാത്ത് പറമ്പിൽ (ഇന്നത്തെ സ്റ്റേഡിയം ഗ്രൗണ്ടിൽ) നടത്തണമെന്ന് കിളിയ മണ്ണിൽ മൊയ്തു ഹാജി അഭിപ്രായപ്പെടുകയും* അത് മലപ്പുറം കോട്ടപ്പടിയിലെ മലബാർ ഹോട്ടലിന്ന് മുകളിൽ വച്ച് യോഗം ചേർന്ന്  തീരുമാനമാവുകയും മലപ്പുറത്തെയും പരിസരത്തേയും 40 മഹല്ലുകൾ ഒരുമിച്ച് പെരുന്നാൾ നിസ്കാരം ഉണ്ടാക്കുകയും ചൈയ്തത്.അന്ന് കവാത്ത്പറമ്പ് ഗ്രൗണ്ടിൽ വിരിക്കാൻ താർപായ മലപ്പുറത്ത് കിട്ടാത്തത് കൊണ്ട് അന്നത്തെ മലപ്പുറത്തെ പ്രമുഖ കച്ചവടക്കാരനായ കൊന്നോല ബാപ്പുട്ടി ഹാജിയുടെ ബെൻസ് ലോറിയിൽ കോഴിക്കോട് പോയിട്ടാണ് താർപായ കൊണ്ട് വന്നത്. മാസമുറപ്പിച്ച ശേഷം രാത്രി 12 മണിയോടെ ഗ്രൗണ്ടിൽ (അന്ന് കേന്ദ്ര സർക്കാർ മിലിട്ടറി സേനയുടെ കൈവശമായിരുന്നു ഗ്രൗണ്ട്. മതപരമായ ചടങ്ങുകൾക്ക് ലഭിക്കൽ അസാധ്യമായ കാലത്ത് മൊയ്തു ഹാജിയുടെ സ്വാധീനത്താലാണ് അന്ന് ആ സ്ഥലം അനുവദിച്ച് കിട്ടിയത് ) താർപായ വിരിക്കാൻ തുടങ്ങി. പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് വിരിക്കാൻ തുടങ്ങിയത്. കിഴക്ക് ഭാഗത്ത് പോസ്റ്റിന്റെ അടുത്ത് എത്തുന്നതിന്റെ മുമ്പ് കോഴിക്കോട് നിന്ന് കൊണ്ട് വന്ന താർപായ തീർന്നു. ഈ വിവരം പടിഞ്ഞാറ് ഭാഗത്തെ പോസ്റ്റിന്റെ അടുത്ത് നിൽക്കുകയായിരുന്ന മൊയ്തു ഹാജിയുടെ അടുത്ത് വന്ന് പറയുകയും ഉടനെ അദ്ധേഹം MSP കേമ്പിൽ പോയി താർപായ കൊണ്ട് വരാൻ പറയുകയും, മൊയ്തു പറഞ്ഞതാണെന്ന് കമാണ്ടറോട് പറഞ്ഞാൽ മതി എന്ന് പറയുകയും ചൈയ്തു. അങ്ങിനെ രാത്രി 12 മണിക്ക് മൊയ്തു ഹാജിയുടെ കാറിൽ ഞങ്ങൾ (ഞാനും, മൊയ്തു ഹാജിയുടെ മകൻ ഫസലും, കാമ്പ്ര അബ്ദുറഹ്മാൻ ഹാജിയും, ട്രൈവറായി സൂപ്പിയും) കമാണ്ടറുടെ ബഗ്ളാവിൽ പോയി താർപായ കൊണ്ട് വന്നിട്ടാണ് ബാക്കി വിരിച്ചത്. (ഇതൊക്കെ മൊയ്തു ഹാജിയുടെ സ്വാധീനം കൊണ്ട് നേടിയെടുത്തതാണ്).
പിറ്റേന്ന് രാവിലെ വിവിധ മഹല്ലുകളിൽ നിന്ന് ധാരാളം ആളുകൾ വന്നെത്തി. *നിസ്കാരത്തിന്ന് മുസ്ലിംകളുടെ ആത്മീയ നായകൻ പാണക്കാട് PMSA പൂക്കോയ തങ്ങൾ നേതൃത്വം നൽകി.* രണ്ടാമത്തെ റകഅതിൽ പെരുന്നാൾ നിസ്കാരത്തിലെ പ്രത്യേക തക്ബീർ മറക്കുകയും പിന്നിലുള്ളവർക്ക് ചെറിയ ആശയ കുഴപ്പം വന്നതും ഇന്നും ഓർത്തു പോകുന്നു. *ശേഷം അറബിയിൽ ഖുതുബ നിർവഹിച്ചത് മൊയ്തു ഹാജിയുടെ അടുത്ത സുഹൃത്തായിരുന്ന PVS മുസ്തഫാ പൂക്കോയ തങ്ങളാണ്.* ഇവിടെയാണ് ചിലർ ഗഫൂർ മൗലവിയുടെ പേര് പറഞ്ഞ് അട്ടിമറി നടത്തുന്നത്.
*ഞാൻ തീർത്ത് പറയുന്നു.അവിടെ ഗഫൂർ മൗലവിയല്ല ഖുത്തുബ നിർവഹിച്ചത്. PVS മുസ്തഫ പൂക്കോയ തങ്ങളാണ്*
അന്ന് മലപ്പുറത്ത് മുജാഹിദുകൾ തീരെയില്ല എന്ന് തന്നെ പറയാം, അബൂ സാഹിബിന്റെ നേതൃത്വത്തിൽ കുറച്ച് ജമാഅതുകാർ ഉണ്ടെന്ന് മാത്രം.

*തെറ്റിദ്ധരിപ്പിക്കുന്നവർക്ക് പുനരാലോചന നടത്താനും, തെറ്റിദ്ധരിച്ചവർക്ക് സത്യം മനസ്സിലാക്കാനും ഉപകരിക്കട്ടെ എന്ന് കരുതി വിവരിച്ചതാണ്.*

എന്ന് ദുആ വസിയ്യത്തോടെ

*മുഹമ്മദ് മുസ്ലിയാർ (70 വയസ്സ്)*
Slo അബൂബകർ
പത്തായപുരക്കൽ ഹൗസ്
കോൽമണ്ണ,
Po.ഹാജിയാർ പള്ളി 676519
 മലപ്പുറം