page

Saturday, 30 December 2017

മുസ്‌ലിം ലോകം- ഭൂരിപക്ഷവും സുന്നീധാര പിന്തുടരുന്നതിന്റെ കാരണം

🌹മുസ്‌ലിം ലോകം: ഭൂരിപക്ഷവും സുന്നീധാര പിന്തുടരുന്നതിലെ ന്യായം ❤

4.01. 2012-നു ഐക്യ രാഷ്ട്ര സഭയുടെ സെന്‍സസ് ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് 6.99 ബില്യനാണ് ഭൂമിയിലെ മൊത്തം ജനസംഖ്യ. അതിന്റെ നാലില്‍ ഒരു ഭാഗം (1.75 ബില്യന്‍) മുസ്‌ലിംകളാണ്. ഏറ്റവും കൂടുതലുണ്ടെന്നു പറയപ്പെടുന്ന കൃസ്ത്യാനികളും രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിംകളും തമ്മിലുള്ള സംഖ്യാ വ്യത്യാസം വെറും നാലു ശതമാനം മാത്രമാണ് (29-25). അഥവാ ലോകത്തൊരു ശക്തിക്കും അവഗണിക്കാനോ അഗണ്യതയിലേക്കു തള്ളികളയാനോ സാധിക്കാത്ത ജനവിഭാഗമാണ് മുസ്‌ലിംകള്‍. ലോകത്തെ 57 രാഷ്ട്രങ്ങളില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷം. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള പലരാജ്യങ്ങളെക്കാളും അംഗ സംഖ്യാപരമായി മുസ്‌ലിംകള്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളുണ്ട്. റഷ്യ, ചൈന, കിഴക്കന്‍ യൂറോപ്പ്, റഷ്യ, ബാള്‍ക്കന്‍ പ്രവിശ്യകള്‍ എന്നിവ ഉദാഹരണം. ജര്‍മനിയില്‍ ലബനോനിലേതിനെക്കാളും ചൈനയില്‍ സിറിയയിലേതിനെകാളും മുസ്‌ലിംകളുണ്ട്. മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 62%വും ഏഷ്യയിലാണ്. ലോകമുസ്‌ലിംകളില്‍ 12.7% വും ഇന്തോനേഷ്യയിലാണ്. അറബ് രാജ്യങ്ങളില്‍ മൊത്തം 20% മാത്രമേയുള്ളൂ.

മുസ്‌ലിംകള്‍ പ്രധാനമായും രണ്ടു ചേരികളായിട്ടാണ് അറിയപ്പെടുന്നത്. സുന്നികളും ശിയാക്കളും. തൊണ്ണൂറു ശതമാനം സുന്നികളും ബാക്കി ശിയാക്കളുമാണ്. ഖുര്‍ആന്‍, സുന്നത്ത് (പ്രവാചക ചര്യ), ഇജ്മാ (മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ ഏകാഭിപ്രായം) എന്നിവ മൂന്നും പ്രമാണങ്ങളായി അംഗീകരിക്കുന്നവരാണ് സുന്നികള്‍. ശീഇകളാകട്ടെ ഖുര്‍ആന്‍ പ്രമാണമായി അംഗീകരിക്കുന്നുണ്ടെങ്കിലും സുന്നത്ത്, ഇജ്മാഅ് എന്നിവ അംഗീകരിക്കുന്നില്ല. തങ്ങളംഗീകരിക്കുന്ന ഏതാനും ചിലരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകളൊഴികെയുള്ളവ അവര്‍ തള്ളികളയുന്നു. കുലൈനിയുടെ അല്‍ കാഫിപോലുള്ളവ മാത്രമാണ് അവരുടെ പ്രമാണം. പ്രവാചകന്റെ അനന്തിരവകാശിയായി അലി(റ)യെ സ്വഹാബികള്‍ തെരഞ്ഞെടുക്കാത്തതുകൊണ്ട് ഇജ്മാഇനെ അവര്‍ പണ്ടേ തള്ളികളഞ്ഞു. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിന്നിങ്ങനെ സ്വഹാബികളുടെ ഭൂരിപക്ഷം തിരഞ്ഞെടുത്ത ഖലീഫമാരുടെ മുന്‍ഗണനാക്രമം ശരിയായിരുന്നെന്നും അതില്‍ യാതെരു അബദ്ധവും സംഭവിക്കുകയില്ലെന്നുമുള്ള സുന്നീ നിലപാടിന്റെ അടിത്തറ ഇജ്മാഅ് ആയതുകൊണ്ടുതന്നെയാണവര്‍ അതിനെ തള്ളികളഞ്ഞത്. അപ്പോള്‍ സുന്നത്തിനെയും ജമാഅത്തി (ഇജ്മാഅ്)നെയും പ്രമാണങ്ങളായി അംഗീകരിക്കുന്നവര്‍ സുന്നികളും അല്ലാത്തവര്‍ ശിയാക്കളായും അറിയപ്പെട്ടു. നൂറ്റാണ്ടുകളായി ഈ വിഭജനം മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്നു.

സുന്നികള്‍ വിശ്വാസ വിഷയങ്ങളില്‍ അശ്അരീ, മാതുരീതി എന്നീ സരണികളിലൊന്നു സ്വീകരിക്കുകയും കര്‍മ കാര്യങ്ങളില്‍ ഹനഫീ, ശാഫിഈ, ഹമ്പലീ, മാലിക്കീ എന്നീ നാലു മദ്ഹബുകളിലൊന്ന് തിരഞ്ഞെടുക്കുകയും ഖാദിരീ, ചിശ്തി, രിഫാഈ തുടങ്ങിയ ആത്മീയ വഴികളെ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത കാലത്തായി സുന്നത്തിനെയും ജമാഅത്തിനെയും തത്വത്തില്‍ അംഗീകരിക്കുകയും പ്രയോഗത്തില്‍ തള്ളികളയുകയും സുന്നി എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ചില കക്ഷികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സലഫി, വഹാബി എന്നിങ്ങനെ അവര്‍ അറിയപ്പെടുന്നു. സ്വന്തം വാദങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരൂദ്ധമായ ഹദീസുകളെ നിഷ്‌കരുണം തള്ളികളയുകയോ ദൗര്‍ബല്യം ആരോപിച്ചു മാറ്റി നിര്‍ത്തുകയോ ചെയ്തുകൊണ്ട് സുന്നത്തിനെ നിന്ദിക്കുകയാണ് അവരുടെ ശീലം. എന്തിനുമേതിനും ഖുര്‍ആനിലുണ്ടോ സുന്നത്തിലുണ്ടോ എന്ന ചോദ്യമുയര്‍ത്തി അതുമാത്രം അംഗീകരിക്കുകയുള്ളൂ എന്നു വാദിക്കുകയും അതില്‍ ലിഖിത രൂപത്തില്‍ തെളിഞ്ഞു കാണാത്തവ മുഴുവന്‍ അനിസ്‌ലാമികവും അനാചാരവുമായി മുദ്രകുത്തുകയുമാണ് മറ്റൊരു ലക്ഷണം. ഇവര്‍ ഇജ്മാഉം ജമാഅത്തും പ്രമാണമാണെന്നു പറയുകയോ അത് അംഗീകരിക്കാന്‍ താല്‍പര്യം കാണിക്കുകയോ ചെയ്യാറില്ല. ഇവരെ എങ്ങനെയാണ് അഹ്‌ലു സുന്നത്തി വല്‍ ജമാഅ എന്നോ സുന്നി എന്നോ വിശേഷിപ്പിക്കുക?

ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളും എഴുതിപ്പിടിപ്പിച്ച മുഖ ലിഖിതങ്ങളും ആത്മാര്‍ഥമായിരുന്നെങ്കില്‍ അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍) എന്നതിനു പകരം, അഹ്‌ലുല്‍ ഖുര്‍ആനി വസുന്ന (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആളുകള്‍) എന്നായിരുന്നു അവര്‍ അവകാശപ്പെടേണ്ടിയിരുന്നത്. ഇടക്കിടെ തങ്ങള്‍ സുന്നികളാണെന്ന് അവകാശപ്പെടാന്‍ ശ്രമിക്കാറുള്ളതുകൊണ്ടുതന്നെ കാനേഷുമാരിയില്‍ സുന്നികളുടെ പട്ടികയിലാണ് പലരും ഇവരെ ഉള്‍പ്പെടുത്താറുള്ളത്. ഈ വിഭാഗങ്ങള്‍ ലോകമുസ്‌ലിം ജനസംഖ്യയില്‍ വെറും അഞ്ചു ശതമാനത്തില്‍ താഴെയാണ്. ഈ വിഭാഗങ്ങളെ മാറ്റി നിര്‍ത്തിയാലും 85 ശതമാനത്തിലധികം വരുന്ന വിശ്വാസികളും സുന്നത്തിനെയും ജമാഅത്തിനെയും പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിക്കുന്ന, അഖീദയില്‍ രണ്ടാലൊരു മദ്ഹബും ഫിഖ്ഹില്‍ നാലാലൊരു മദ്ഹബും അംഗീകരിക്കുന്ന തനി സുന്നികളാണ്. ഇവിടെയാണ് ഭിന്നസ്വരങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ കൂടെ നില്‍ക്കണമെന്ന പ്രവാചക വചനം പ്രസക്തമാകുന്നത്. നബി (സ) പറഞ്ഞു തീര്‍ച്ചയായും എന്റെ സമുദായം പിഴച്ച മാര്‍ഗത്തിന്റെ മേല്‍ ഏകോപിക്കുകയില്ല. ഭിന്നതകള്‍ കണ്ടാല്‍ നിങ്ങള്‍ ബഹുഭൂരിപക്ഷത്തെ പിന്തുടരുക(ഇബ്‌നു മാജ 3940).

സമുദായത്തിലെ മഹാഭൂരിഭാഗവും ആശയാദര്‍ശങ്ങളിലും വിശ്വാസാനുഷ്ഠാനങ്ങളിലും എക്കാലത്തും നേരിന്റെ പക്ഷത്തായിരിക്കുമെന്നും അവരോട് അരുചേര്‍ന്നു നിന്നാല്‍ രക്ഷപ്രാപിക്കാമെന്നും വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുകയാണ് ഇവിടെ മുഹമ്മദ് നബി(സ). പതിനാലു നൂറ്റാണ്ടുകാലത്തെ ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഇസ്‌ലാമിന്റെ പേരില്‍ വിവിധ കാലങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ നിരവധി പ്രസ്ഥാനങ്ങളും ചിന്താസരണികളും രൂപപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളുടെ കുടിലും കൊട്ടാരവും പള്ളിയും പള്ളിക്കൂടവും വിറപ്പിച്ചുനിര്‍ത്തിയവര്‍ പോലും അക്കൂട്ടരിലുണ്ട്. അധികാരത്തിന്റെ ദണ്ഡും ഭൗതിക സൗകര്യങ്ങളുടെയും സമ്പത്തിന്റെയും പച്ചിലകളും കാണിച്ചു ഉമ്മത്തിനെ കൂട്ടിനകത്താക്കാന്‍ ശ്രമിച്ചവരുണ്ടായിട്ടുണ്ട്. പക്ഷേ, മലപോലെ വന്നവരൊക്കെയും മഞ്ഞുപോലെ ഉരുകിത്തീരുകയായിരുന്നെന്നു ചരിത്രം. മുസ്‌ലിം മുഖ്യ ധാരയെ സ്വാധീനിക്കാനോ വിശ്വാസികളുടെ ഭൂരിപക്ഷത്തെ കൂടെക്കൂട്ടാനോ അവര്‍ക്കൊരിക്കലും സാധിച്ചില്ല. സാധിക്കുകയുമില്ല. അങ്ങനെ സംഭവിക്കുകയില്ലെന്നത് പ്രവാചക തിരുമേനി(സ) നല്‍കിയ ഉറപ്പാണല്ലോ.

മുസ്‌ലിം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസ്സ് കിട്ടിയ ബിദഈ പ്രസ്ഥാനമാണ് ശീഇസം. അഹ്‌ലുസുന്നത്തി വല്‍ ജമാഅ ഒരു പ്രതിരോധ പ്രസ്ഥാനമായി വരുന്നതിനും മുമ്പ് ശീഇകള്‍ ഉണ്ട്. പക്ഷേ, ഇക്കണ്ടകാലം പ്രവര്‍ത്തിച്ചിട്ടും വിപ്ലവങ്ങളും സമരങ്ങളും ഇളക്കിവിട്ടിട്ടും അവര്‍ക്ക് മുസ്‌ലിം മുഖ്യധാരയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ല. മുസ്‌ലിം രാജ്യങ്ങളിലിപ്പോള്‍ ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മാത്രമാണവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളത്. മറ്റുപലകക്ഷികളും മരിച്ചു മണ്ണടിഞ്ഞു പോയ ഇസ്‌ലാമിന്റെ ഇങ്ങനെ ഇത്രയും കാലം അവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ പറ്റിയതു തന്നെ അഹ്‌ലുല്‍ ബൈത്തിനോടുള്ള ഉമ്മത്തിന്റെ ആദരവും ബഹുമാനവും ചൂഷണം ചെയ്തതുകൊണ്ടാണ്.

ബിദ്അത്തിനെ പ്രതിരോധിക്കാന്‍ അഹ്‌ലുസുന്ന അശ്അരീ, മാതുരീതി എന്നിങ്ങനെ രണ്ടു സരണികളിലണിനിരന്നപ്പോള്‍ പിന്നീടുള്ള മുസ്‌ലിം മുഖ്യധാര അതംഗീകരിക്കുകയും അവിടെ ഉറച്ചുനില്‍ക്കുകയുമായിരുന്നു. ഇമാം ഖുര്‍ത്വുബി, ഹാഫിള് ഇബ്‌നു കസീര്‍, ഇബ്‌നുഅത്വിയ്യത്തുല്‍ ഉന്തുലുസി, അബൂഹയ്യാനുല്‍ ഉന്തുലുസി, ഫഖ്‌റുദ്ദീനു റാസി, ബഗ്‌വി, സമീനുല്‍ ഹലബി, ജലാലുദ്ദീന്‍ സുയൂത്വി, ഖത്വീബ് ശിര്‍ബീനി, മുഹമ്മദ് ശഅ്‌റാവി തുടങ്ങിയ മുഫസ്സിറുകളെയും ഇമാം ദാറഖുത്‌നി, അബൂനുഐം അസ്വബഹാനി, ഹാകിം, ബൈഹഖി, ഇബ്‌നു അസാകിര്‍, ഖത്തീബ് ബഗ്ദാദി, ഇമാം നവവി, മുന്‍ദിരി, ഇബ്‌നു ഹജറില്‍ അസ്ഖലാനി, സഖാവി, സുയൂത്വി, ഖസ്ത്വല്ലാനി തുടങ്ങിയ മുഹദ്ദിസുകളും ഹാഫിളുകളും ബാഖില്ലാനി, അബൂ ഇസ്ഹാഖ് ശീറാസി, ഇസ്വഫഹാനി, ജുവൈനി, ഗസ്സാലി, ഖുശൈരി, ഇസ്സുദ്ദീന്‍ ബിന്‍ അബ്ദിസ്സലാം, ഇബ്‌നുല്‍ അറബി തുടങ്ങിയ മഹാജ്ഞാനികളും ഖാള്വി ഇയാള്, ഹലബി, ഇബ്‌നുല്‍ ജൗസി, സുഹൈലി തുടങ്ങിയ ചരിത്ര പണ്ഡിതരും നൂറുദ്ദീന്‍ സങ്കി, സ്വലാഹുദ്ദീന്‍ അയ്യൂബി, മലികുല്‍ മുള്വഫര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍ തുടങ്ങിയ സമരനായകന്മാരും അശ്അരീ മാര്‍ഗത്തില്‍ അണിനിരക്കുകയും അതിന്റെ പ്രചരണത്തിനു വേണ്ടി യത്‌നിക്കുകയും ചെയ്ത ഉമ്മത്തിന്റെ നേതാക്കളായിരുന്നെന്ന് ചരിത്രത്തില്‍ കാണാം.

സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സിലബസ് പരിഷ്‌കരണം നടത്തിയതു മുതല്‍ കൈറോയിലെ ജാമിഉല്‍ അസ്ഹര്‍, തുനീഷ്യയിലെ സൈത്തുന യൂനിവേഴ്‌സിറ്റി തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളും ഡമാസ്‌കസിലെ വിശ്വവിഖ്യാതമായ ജാമിഉ ദിമിശ്ഖ് ഉല്‍പ്പെടെയുള്ള ആരാധനാ സമുച്ചയങ്ങളും നാളിതുവരെ അഹ്‌ലുസുന്നയുടെ സത്യസരണിയില്‍ വെളിച്ചം വീശിയവയാണ്. ബാക്കിയുള്ളവരും ബാക്കിവരുന്നവയും മാതുരീതി വഴിയും അംഗീകരിച്ചതു ചരിത്രത്തിലുണ്ട്. അഥവാ അശ്അരികളെയും മാതുരീതികളെയും മാറ്റിനിര്‍ത്തികൊണ്ട് മുസ്‌ലിം ലോകത്തിനൊരു ചരിത്രമില്ല. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രമെന്നത് ഈ മുഖ്യധാരയാണ്. അതിനോട് ജയിക്കാനുറച്ചു അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട വിഭാഗമാണ് വഹാബികള്‍. സലഫി, ഇസ്വലാഹി, അഹ്‌ലേ ഹദീസ്, അന്‍സ്വാറുസുന്ന എന്നിങ്ങനെയുള്ള വിവിധ ലേബലുകള്‍ ഉപയോഗിച്ചും ചിലപ്പോള്‍ സുന്നിയെന്ന് അവകാശവാദമുന്നയിച്ചും മുസ്‌ലിം ലോകം കീഴടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ അവര്‍ ശ്രമിച്ചു വരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ എട്ടുനൂറ്റാണ്ടു പിന്നിട്ട ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാനും അവര്‍ക്കു സാധിച്ചിട്ടുണ്ടെന്നത് ശരി. അതിന്റെ പ്രതിഫലമായി വിശുദ്ധ ഹിജാസിനെ വെട്ടിമുറിച്ചു സഊദി അറേബ്യ എന്നൊരു രാജ്യവും ബ്രിട്ടീഷുകാര്‍ അവര്‍ക്ക് ഒപ്പിച്ചുകൊടുത്തു. സൈദ്ധാന്തിക മേന്മയോ ആദര്‍ശ വിശുദ്ധിയോ ഇല്ലാതിരുന്നിട്ടും വഹാബിസം ഒരു പ്രസ്ഥാനമായി പിടിച്ചു നിന്നത് രണ്ടു കാരണങ്ങളാലാണ്. ഒന്ന്, മക്കയും മദീനയും ഉള്‍കൊള്ളുന്ന ഒരു രാജ്യത്തിന്റെ അധീശാധികാരം പിടിച്ചെടുക്കാനായി എന്നത്. വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനത്തിനും മറ്റും വരുന്ന വിശ്വാസികളെ വശീകരിക്കാനും തങ്ങളുടെ വികല ആശയങ്ങളും വികൃത ചിന്തകളും കയറ്റുമതി ചെയ്യാനും അതിലൂടെ അവര്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. മറ്റൊന്ന്, അവിടെ കണ്ടെത്തിയ പെട്രോാള്‍ സ്രോതസ്സും ഖനനവും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ വലിയ സാമ്പത്തിക ശക്തിയായി ആ രാജ്യത്തെ ഉയര്‍ത്തുകയും അതുപയോഗിച്ച് വഹാബീ ആശയ പ്രചരണത്തിനു ഭരണകൂടം വലിയതോതില്‍ ഫണ്ടും പണവും നല്‍കുകയും ചെയ്തു. ഈ രണ്ടു കാരണങ്ങളില്ലായിരുന്നെങ്കില്‍ നജ്ദിന്റെ വരണ്ട കുന്നിന്‍ മുകളില്‍ വെച്ചു തന്നെ അതെന്നോ വാടിപ്പോകുമായിരുന്നു.

മക്കയും മദീനയും ഉള്‍കൊള്ളുന്ന രാജ്യത്തിന്റെ ഔദ്യോഗിക മതമായി എന്നത് പല ശുദ്ധിഗതിക്കാരെയാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വഹാബിസത്തെ സഹായിച്ചു. അന്യദേശങ്ങളില്‍ വഹാബീ വിത്തു പാകാന്‍ ഇറങ്ങിതിരിച്ചവരെല്ലാം ആദ്യ കാലത്ത് തീര്‍ത്ഥാടനത്തിനു പോയപ്പോഴാണ് അതിന്റെ വലയില്‍ പെട്ടത്. ഇന്ത്യയില്‍ ആ വിഷച്ചെടി കൊണ്ടുവന്ന ഷാ ഇസ്മാഈല്‍ ദഹ്‌ലവിയും സര്‍സയ്യിദ് അഹ്മദ് ഖാനും (അദ്ദേഹം പിന്നീട് വഹാബിസവും വലിച്ചെറിഞ്ഞു സ്വന്തം വഴികണ്ടെത്തുകയായിരുന്നു) ഹജ്ജിനു പോയ ഘട്ടത്തിലാണല്ലോ അതില്‍ ആകര്‍ഷിക്കപ്പെട്ടത്. പെട്രോഡോളറിന്റെ ഊര്‍ജ്ജം വളരെ സമര്‍ഥമായിട്ടാണവര്‍ ഉപയോഗപ്പെടുത്തിയത്. ഹജ്ജിനു പോകുന്ന ഓരോ തീര്‍ത്ഥാടകനും പ്രാദേശിക ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത വഹാബീ ഗ്രന്ഥങ്ങള്‍ സൗജന്യമായി നല്‍കി. പഴയ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മുഴുവന്‍ ടിപ്പണി എഴുതി വികലമാക്കിയോ വരികള്‍ക്കിടയില്‍ കത്രിക വെച്ചോ പ്രസിദ്ധീകരിച്ചു. ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരിയിലെ സുന്നീ ആശയങ്ങളെ ടിപ്പണി എഴുതി വികൃതമാക്കിയ ഇബ്‌നുബാസിന്റെ ശൈലിയും തഫ്‌സീര്‍ സ്വാവിയിലെ വഹാബീ വിരുദ്ധ പരാമര്‍ശങ്ങളെ കഷ്ണിച്ചു നീക്കം ചെയ്തു പ്രസിദ്ധീകരിച്ച രീതിയും ഉദാഹരണം. എല്ലാത്തിനും പുറമെ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഫണ്ടും പണവും നല്‍കി പ്രോല്‍സാഹിപ്പിച്ചു.

1962 ല്‍ സ്ഥാപിതമായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ്)ന്റെ മറവില്‍ അവര്‍ ഇതിനെല്ലാം ചരടുവലിച്ചു. മദീനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയവരെ ഇസ്‌ലാമിക പ്രബോധനത്തിനെന്ന പേരില്‍ പലപ്പോഴും റാബിത്വ പറഞ്ഞയച്ചത് മുസ്‌ലിംകളില്‍ വഹാബിസം പ്രചരിപ്പിക്കാനായിരുന്നു. ഇബ്‌നു അബ്ദില്‍ വഹാബിന്റെ പിന്തുടര്‍ച്ചക്കാരനായ മുഫ്തി മുഹമ്മദ് ബിന്‍ ഇബ്‌റാഹീം അശ്ശൈഖിനെ പോലുള്ള സഊദിയുടെ മുഖ്യ മുഫ്തിമാര്‍ പലപ്പോഴും റാബിത്വയുടെ നായകത്വം വഹിച്ചിരുന്നു. മക്ക തന്നെ റാബിത്വയുടെ ആസ്ഥാനമായതും കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാക്കി. 1972 ല്‍ റിയാദ് ആസ്ഥാനമായി റാബിത്വയുടെ യുവജന ഘടകം വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) രൂപീകൃതമായപ്പോഴും അവരത് തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിച്ചു എന്നതാണ് വസ്തുത. മുസ്‌ലിം ലോകത്തിന്റെ ഐക്യവേദി എന്നു പേരിട്ടിരിക്കുന്ന സംഘടനയുടെ ബാനറിലാണ് വഹാബികള്‍ ഈ തന്ത്രങ്ങള്‍ മുഴുവന്‍ ആവിഷ്‌കരിക്കുന്നത് എന്ന നഗ്ന സത്യം അവരുടെ ചൂഷണത്തിന്റെ വികൃത മുഖമാണ് തുറന്നു കാട്ടുന്നത്.'

ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചിട്ടും മുസ്‌ലിം മുഖ്യധാരയെ സ്വാധീനിക്കാനോ അംഗസംഖ്യയില്‍ ശീഇകളുടെയെങ്കിലും അടുത്തെത്താനോ വഹാബിസത്തിനു സാധിച്ചിട്ടില്ല. സഊദി അറേബ്യ മാത്രമാണ് ഇപ്പോള്‍ വഹാബീ ആശയങ്ങള്‍ക്ക് ഔദ്യോഗിക മാനം നല്‍കിയ ഒരോഒരു രാജ്യം. അതാകട്ടെ ആലുസുഊദ് കുടുംബം എ.ഡി1760 ല്‍ ഇബ്‌നു അബ്ദില്‍ വഹാബുമായി ദര്‍ഇയ്യയില്‍ വെച്ചുണ്ടാക്കിയ കരാറിന്റെ ഭാഗവും. സഊദി അറേബ്യയുടെ ഭരണ നേതൃത്വം ഇബ്‌നു സഊദിനും പുത്ര പരമ്പരക്കും മത നേതൃത്വം ശൈഖ് നജ്ദിക്കും പരമ്പരക്കും എന്നതായിരുന്നു ആ കരാര്‍. അതിന്റെ ഭാഗമായിട്ടായിരുന്നു ഉസ്മാനികളില്‍ നിന്നു ഹിജാസ് പിടിച്ചടക്കി സഊദി അറേബ്യക്കു രൂപം നല്‍കിയപ്പോള്‍ അവിടെയുണ്ടായിരുന്ന സുന്നീ ആചാരങ്ങളും നടപടികളും നിര്‍ത്തല്‍ ചെയ്തതും ഒട്ടനവധി മഖ്ബറകളും മസാറുകളുമെല്ലാം പൊളിച്ചു നീക്കിയതും. ഇബ്‌നു സഊദിന്റെ മൂര്‍ച്ചയേറിയ വാളുകാണിച്ചാണ് വഹാബികള്‍ തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്. എന്നിട്ടും സഊദി അറേബ്യയെ പോലും പൂര്‍ണമായി ഒരു സലഫീ രാഷ്ട്രമാക്കാന്‍ അവര്‍ക്കു സാധിച്ചില്ല.

വഹാബികളുടെ ക്രൂരനടപടികളെ സധൈര്യം നേരിട്ട ഒട്ടനവധി പണ്ഡിതന്മാരും സാധാരണക്കാരും പിന്നെയും അവിടെ ശേഷിച്ചു. (സഊദിയിലേക്ക് തൊഴിലിനെത്തുന്ന നമ്മുടെ പ്രവാസികളികളില്‍ പലരും മക്കയിലും മദീനയിലും അങ്ങനെ ഇല്ലല്ലോ, ഇങ്ങനെ ഉണ്ടല്ലോ എന്നിങ്ങനെ സംശയിക്കുന്നത് ഈ പശ്ചാത്തലവും സഊദി അറേബ്യ കടന്നു വന്ന വഴിയും മനസ്സിലാക്കത്തതുകൊണ്ടാണ്). ഭരണ സ്വധീനം ഉപയോഗിച്ചു വഹാബിസം അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ ധീരമായ പ്രതിരോധിച്ച സഊദി പണ്ഡിതന്മാരില്‍ എടുത്തുപറയേണ്ട കുടുംബമാണ് ഡോ. സയ്യിദ് മുഹമ്മദ് ഇബ്നു അലവി മാലിക്കി (1944-2004) യുടേത്. അഞ്ചു തലമുറകളില്‍പ്പെട്ട സയ്യിദുമാര്‍ ഹറമിലെ മാലിക്കീ മദ്ഹബിന്റെ ഇമാമുകളായിരുന്നു . പിതാമഹന്‍ സയ്യിദ് അബ്ബാസ് മാലിക്കി സഊദീ സാമ്രാജ്യം സ്ഥാപിതമാകുന്നതുവരെ ഹറമിലെ മുഫ്തി, ഖാള്വി, ഇമാം, ഖത്തീബ് തുടങ്ങിയ പദവിഅലങ്കരിച്ചിരുന്നു എന്നത് മുസ്‌ലിം ലോകത്ത് ആ കുടുംബത്തിനുള്ള സ്ഥാനമാണ് വ്യക്തമാക്കുന്നത്. മക്കയിലെ റുസൈഫ ഡിസ്റ്റിക്കിലെ മാലിക്കീ സ്ട്രീറ്റിലെ പള്ളിയില്‍ നടന്നിരുന്ന ദര്‍സില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങളാണ് നിത്യവും പങ്കെടുത്തിരുന്നത്. പിതാവ് അലവി മാലിക്കി മരണപ്പെട്ടതിനുശേഷം 1970 ല്‍ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയിലെ ശരീഅ പ്രൊഫസര്‍ സ്ഥാനം രാജിവെച്ചു ദര്‍സീ രംഗത്തേക്കുവന്ന പുത്രന്‍ മുഹമ്മദ് മാലിക്കി വിശുദ്ധ മണ്ണില്‍ ആദര്‍ശ പോരാട്ടത്തിനു പിന്തുടര്‍ച്ച നല്‍കുകയായിരുന്നു.

മക്കയിലെ കുടുബ വീട്ടില്‍ കഴിച്ചു വരുന്ന മൗലിദ് പരിപാടികള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നബിദിനാഘോഷം സംഘടിപ്പിച്ചതിനും സുന്നീ ആശയങ്ങള്‍ പ്രാമാണികമായി സ്ഥാപിച്ചുകൊണ്ട് മഫാഹീം പോലുള്ള ഗ്രന്ഥങ്ങള്‍ രചിച്ചതിനും മറ്റും അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് ഹിവാറു മഅല്‍ മാലിക്കി ഫീ റദ്ദി മുന്‍കിറാതിഹി വള്വലാലാത്തിഹി (മാലിക്കിയുടെ വഴികേടുകള്‍ക്കെതിരെ തുറന്ന സംവാദം) എന്ന തലക്കെട്ടില്‍ സഊദി മതകാര്യ വകുപ്പ് എണ്‍പതുകളുടെ തുടക്കത്തില്‍ ഒരു പുസ്തം പുറത്തിറക്കുകയും ഹാജിമാര്‍ക്കും മറ്റും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. വഹാബീ ആശയക്കാരനായിരുന്ന ഇബ്‌നു മനീഅ് ആയിരുന്നു അതിന്റെ രചയിതാവ്. ആ ഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും കുവൈത്തിലെ മുന്‍ മന്ത്രിയുമായ ശൈഖ് യൂസുഫ് ഹാശിം രിഫാഈ യുടെ അദില്ലത്തു അഹ്‌ലി സുന്നതി വല്‍ ജമാഅ ഗ്രന്ഥവും തന്നെ വിമര്‍ശിച്ചവര്‍ക്കു മറുപടിയായി മാലിക്കിയുടെ തന്നെ ഖുല്‍ ഹാദിഹി സബീലീ (പറയൂ, ഇതാണന്റെ വഴി)യും പുറത്തിറങ്ങിയതോടെ വിമര്‍ശകര്‍ ഉള്‍വലിയുകയായിരുന്നു. സുന്നീ ആദര്‍ശ വീഥിയിലെ ഈ പോരാളി 2004 റമള്വാന്‍ 15 നു പരലോകം പ്രാപിച്ചപ്പോള്‍ സഊദിയിലെ പ്രാദേശിക റേഡിയോ നിലയം തുടര്‍ച്ചയായി മൂന്നു ദിവസം ഖുര്‍ആന്‍ പാരായണം പ്രക്ഷേപണം ചെയ്തിരുന്നു. മുൻ ഭരണാധികാരി അബ്ദുല്ല രാജാവ് അടക്കം അനേകായിരങ്ങള്‍ അദ്ദേഹത്തിന്റെ ജനാസ സംസ്‌കരണത്തില്‍ പങ്കാളികളായിരുന്നു. നൂറുവര്‍ഷത്തിനിടയില്‍ മക്ക അത്രവലിയൊരു ജനാസ സംസ്‌കരണത്തിനു സാക്ഷിയായിട്ടില്ലത്രെ. മാലിക്കിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിനും മുസ്‌ലിം ലോകം നല്‍കുന്ന ആദരവിന്റെ അടയാളം കൂടിയാണിത് കാണിക്കുന്നത്.

മുഹമ്മദ് അലവി മാലിക്കി ഒന്നിലധികം തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ, കാരന്തൂര്‍ മര്‍ക്കസ്, തിരൂര്‍ക്കാട് അന്‍വാര്‍ തുടങ്ങിയവ അദ്ദേഹം സന്ദര്‍ശിച്ച സ്ഥാപനങ്ങളില്‍ പെടുന്നു. മാലിക്കീ കുടുംബത്തിനു പുറമെ ആഗോള തലത്തില്‍ വഹാബിസത്തെ ശക്തമായി നേരിടുകയും അശ്അരീ, ശാഫിഈ ധാരകളെയും തസവ്വുഫിന്റെ കൈവഴികളെയും സംരക്ഷിച്ചു നിര്‍ത്തിയ ഒട്ടനവധി പണ്ഡിതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഹറമിലെ മുദര്‌രിസായിരുന്ന അല്ലാമാ സൈനി ദഹ്‌ലാന്‍, ബൈറൂത്തിലെ ചീഫ് ജസ്റ്റിസായിരുന്ന യൂസുഫ് അന്നബ്ഹാനി (1849-1932), ഇന്ത്യക്കാരനായ അഅ്‌ലാ ഹസ്‌റത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വി( 1856-1921), ജാമിഉല്‍ അസ്ഹറിലെ ലജ്‌നത്തുല്‍ ഫതാവാ മേധവിയായിരുന്ന ഹുസൈന്‍ മുഹമ്മദ് മഖ്‌ലൂഫ് (1890-1990), ജോര്‍ഡാനിലെ മുഹമ്മദ് സഈദ് കുര്‍ദി (1890-1972), സിറിയയിലെ മുഹമ്മദുല്‍ ഹാശിമി തല്‍മിസാനി (1881-1961), അബ്ദുറഹ്മാന്‍ ശാഗൂരി( 1914-2004), ലോക പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതന്‍ മുഹമ്മദ് മുതവല്ലി ശഅ്‌റാവി (1911 – 1998), സഊദിയിലെ അബ്ദുല്‍ ഖാദിര്‍ ബിന്‍ അഹ്മദ് അസ്സഖാഫ് (1913- 2010), മുന്‍ സഊദി സാംസ്‌കാരിക വകുപ്പ് മന്ത്രി മുഹമ്മദ് അബ്ദ യമാനി (1940-2010),ജോര്‍ഡാനിലെ ഗ്രാന്റ് മുഫ്തിയായിരുന്ന നൂഹുല്‍ ഖുള്വാത് (1939 – 2010) തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ അടുത്ത കാലത്ത് അഹ്‌ലു സുന്നക്കു വേണ്ടി ശബ്ദിക്കുകയും വഹാബിസത്തെ പ്രതിരോധിക്കുകയും ചെയ്ത ലോക പ്രശസ്ത പണ്ഡിതരാണ്. ഈ പണ്ഡിതന്മാരുടെ ആദര്‍ശ പ്രതിബദ്ധതയും ചങ്കുറപ്പും വഹാബിസത്തിന്റെ അധിനിവേശത്തില്‍ നിന്നു സമുദാത്തിന്റെ മണ്ണും മനസ്സും ഒരു പരിധിവരെ പ്രതിരോധിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ ഇന്നും ആ ദൗത്യം അവരുടെ പിന്മുറക്കാര്‍ മനോഹരമായി നിര്‍വഹിക്കുന്നു. അങ്ങനെ സുന്നീ പണ്ഡിതരായി അറിയപ്പെടുന്നരില്‍ ചിലരെ പരിചയപ്പെടാം. 1. അലി ജുമുഅ മുഹമ്മദ് അബ്ദില്‍വഹാബ്: 1952 മാര്‍ച്ച് 3 നു ജനനം. 2003 സപ്തംബര്‍ 28 മുതല്‍ ഈജിപ്തിന്റെ ഗ്രാന്റ് മുഫ്തി. അന്താരാഷ്ട്ര തലത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന അമ്പത് മുസ്‌ലിംകളില്‍ ഒരാളായി 2010ല്‍ തിരഞ്ഞെടുക്കപ്പെട്ടു. അമ്പതിലധിം ഗ്രന്ഥങ്ങളുടെ രചയിതാവ്. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഈജിപ്തില്‍ അധികാരത്തിലെത്താന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ടൂളാണ് മതമെന്നും ഇസ്‌ലാമിന്റെ രാഷ്ട്രീയ വശം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഇഖ്‌വാന്റെ നിലപാട് അപകടമാണെന്നും തുറന്നു പറയുന്നു. ഫിഖ്ഹില്‍ ശാഫിഇയും അഖീദയില്‍ അശ്അരിയ്യുമാണ്. 2 ഡോ. മുഹമ്മദ് സഈദ് ബൂത്വി. 1927 ല്‍ കുര്‍ദി വംശജനായി തുര്‍ക്കിയെ ബൗത്വാന്‍ ദ്വീപില്‍ ജനിച്ചു. 2004ല്‍ അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള ദുബൈ ഇന്റര്‍ നാഷണല്‍ ഖുര്‍ആന്‍ അവാര്‍ഡ് ജേതാവ്. കര്‍മ ധാര ശാഫിഇയും വിശ്വാസ ധാര അശ്അരിയും. അല്ലാ മദ്ഹബിയ്യ അക്ബറു ബിദഅത്തിന്‍ തുഹദ്ദിദു ശരീഅത്തല്‍ ഇസ്‌ലാമിയ്യ (മദ്ഹബ് നിരാകരണം ഇസ്‌ലാമിക ശരീഅത്തിനെ തകര്‍ക്കുന്ന ഏറ്റവും വലിയ നവീനവാദം), അസ്സലഫിയ്യ മര്‍ഹലത്തുന്‍ സമനിയ്യ വ ലൈസത്ത് മദ്ഹബല്‍ ഇസ്‌ലാമി തുടങ്ങിയ അറുപതില്‍ പരം രചനകള്‍. സിറിയയിലെ ഡമസ്‌കസ് യൂനിവേഴ്‌സിറ്റിയിലെ കുല്ലിയത്തു ശരീഅയില്‍ അഖീദ തലവനായ ബൂത്വി അവിടെയുള്ള ഇഖ്‌വാനികളുടെയും വിപ്ലവകാരികളുടെയും കണ്ണിലെ കരടാണ് .ഇദ്ധേഹത്തെ ഈയിടെ (2017) isis ഭീകരർ മസ്ജിദിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.3. ശൈഖ് യൂസുഫ് ഹാശിം രിഫാഈ. കുവൈത്തിലെ പ്രമുഖ പണ്ഡിത കുടുംബത്തില്‍ 1932 ല്‍ ജനിച്ചു. കുഴവത്ത് മന്ത്രി സഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. തസവ്വുഫും സൂഫിസവും ഖുര്‍നിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍, ശൈഖ് അഹ്മദ് ശീഫാഈ(റ) ചരിത്രം, അഹ്‌ലുസുന്നയുടെ അടിസ്ഥാനങ്ങള്‍ തുടങ്ങിയവ രചനകളാണ്. 4. ഉമര്‍ ഹഫീദ് . 1967 മെയ് 27നു യമനിലെ ഹളര്‍ മൗത്തിനടുത്തുള്ള തരീമില്‍ ജനിച്ചു. മതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് വംശത്തില്‍പ്പെട്ടയാള്‍. ഇവരെ അല്‍ ഹബീബ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തരീമിലെ ദാറുല്‍ മുസ്ത്വഫയുടെ സ്ഥാപകന്‍. കര്‍മ ധാര ശാഫിഇയും വിശ്വാസ ധാര അശ്അരിയും.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 5. ഹബീബ് അലി ജിഫ്‌രി. യമനില്‍ നിന്നുള്ള നബികുടുംബമായ ഹബീബ് വംശത്തിപ്പെട്ട പണ്ഡിതന്‍. 1972 ഏപ്രിലില്‍ സഊദിയിലെ ജിദ്ദയില്‍ ജനനം. ബാ അലവി സൂഫീ സരണിയുടെ പ്രചാരകന്‍. ഹിജാസ്, യമന്‍, ഈജിപ്ത് സിറിയ, മൊറോക്കോ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ മുന്നോറോളം പണ്ഡിതരുടെ ശിഷ്യത്വവും ഇജാസിയ്യത്തും സ്വീകരിച്ചു. അബൂദാബിയിലെ ഇസ്‌ലാമിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ത്വാബ ഫൗണ്ടേഷന്‍ സ്ഥാപകന്‍. തരീമിലെ ദാറുല്‍ മുസ്ത്വഫ ബോര്‍ഡ് മെമ്പര്‍. 2009ല്‍ ജോര്‍ജ്ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി നടത്തിയ 500 മുസ്‌ലിം പ്രമുഖരുടെ സര്‍വെയില്‍ 37-ാമത്തെവ്യക്തി. അഹ്‌ലുസുന്നയുടെ പ്രചരണത്തിനു ആധുനിക സംവിധാനങ്ങളും ടെലിവിഷന്‍ പ്രോഗ്രാമുകളുമെല്ലാം അലി ജിഫ്രിയുടെ നേതൃത്വത്തില്‍ നടക്കുന്നു. ഫിഖ്ഹില്‍ ശാഫിഇയും അഖീദയില്‍ അശ്അരിയ്യുമാണ്. 6. ശൈഖ് അബ്ദുല്ലാ ബിന്‍ ബയ്യാ. 1935ല്‍ മൗറിതാനിയയിലെ ഒരു പ്രമുഖ പണ്ഡിത കുടംബത്തില്‍ ജനിച്ചു. സഊദിയിലെ കിംങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അദ്ധാപകനായ ബിന്‍ ബയ്യ, ജിദ്ദയിലാണ് താമസം. ഫിഖ്ഹില്‍ മാലിക്കിയും അഖീദയില്‍ അശ്അരിയ്യുമാണ്. മൗറിത്താനിയന്‍ മന്ത്രി സഭയില്‍ ഇദ്ദേഹം വിദ്യാഭ്യാസവും നീതിന്യായവും കൈകാര്യം ചെയ്തിട്ടുണ്ട്. 7. അഹ്മദ് മുഹമ്മദ് അഹ്മദ് ത്വയ്യിബ്: 1946 ജനുവരി 6 നു ജനനം. 2010 മാര്‍ച്ച് 19 നു 43 മത് ശൈഖുല്‍ അസ്ഹറായി ചുമതലയേറ്റു. ഹുസ്‌നി മുബാറകിനെതിരെ ഈജിപ്തില്‍ നടന്ന വിപ്ലവങ്ങളിലും തുടര്‍ന്നു നടന്ന രാഷ്ട്രീയ മാറ്റങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിഖ്ഹില്‍ മാലിക്കിയും അഖീദയില്‍ അശ്അരിയ്യുമാണദ്ദേഹം. 8. അബ്ദുല്ലാ ഫദ്അഖ്: മക്കയിലെ അശ്അരീ ശാഫിഈ പണ്ഡിതന്‍. പിതാമഹന്‍ ഹസന്‍ ഫദ്അഖ് 1892 ല്‍ ഹറമിലെ ശാഫിഈ മദ്ഹബിന്റെ ഇമാമായിരുന്നു. 1921ല്‍ അദ്ദേഹം വീട്ടില്‍ ദര്‍സ് ആരംഭിക്കുകയും 1979 മരിക്കുന്നതുവരെ അത് തുടരുകയും ചെയ്തു. അന്നു മുതല്‍ 2001ല്‍ മരണപ്പെടുന്നതു വരെ പുത്രന്‍ മുഹമ്മദ് ഫദ്അഖും ഇപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാ ഫദ്അഖും ആ വിജ്ഞാന വേദിക്ക് നേതൃത്വം നല്‍കുന്നു. 9. അഖ്തര്‍ റസാഖാന്‍ ബറേല്‍വി: അഹ്മദ് റസാഖാന്റെ പുത്രന്‍ ഹാമിദ് റസാഖാന്റെ പൗത്രനായി 1943 നവംബര്‍ 23 നു ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ചു. ജോര്‍ഡാനിലെ റോയല്‍ ഇസ്‌ലാമിക് സൊസൈറ്റി നടത്തിയ സര്‍വെയില്‍ ആഗോള തലത്തില്‍ സ്വാധീനം സൃഷ്ടിച്ച മുസ്‌ലിംകളില്‍ അഖ്തര്‍ റസാഖാന്‍ 26 -ാം സ്ഥാനത്താണ്. 1963-1966 കാലത്ത് ജാമിഉല്‍ അസ്ഹറില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തിനു ലോകത്തിന്റെ നാനാഭാഗങ്ങളിലും ശിഷ്യഗണങ്ങളുണ്ട്.'

ലോകത്തെല്ലായിടത്തും മുസ്‌ലിം ഭൂരിപക്ഷം ആശയാദര്‍ശങ്ങളില്‍ അശ്അരീ, മാതുരീതി സരണി അനുസരിച്ചും അനുഷ്ഠാന കര്‍മങ്ങളില്‍ നാലാലൊരു മദ്ഹബ് സ്വീകരിച്ചും കഴിയുന്ന സുന്നീ സമൂഹമാണെന്നത് മുസ്‌ലിം ലോകത്തെ സമഗ്രമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാകും. മഹാത്മാക്കളുടെ മസാറുകള്‍, അവിടെങ്ങളിലേക്ക് സിയാറത്തിനെത്തുന്ന വിശ്വാസികള്‍, അതില്‍ നിന്നു സായൂജ്യവും സംതൃപ്തിയും നേടുന്നവര്‍, നബിദിനാഘോങ്ങള്‍ സംഘടിപ്പിക്കുന്നവര്‍, മൗലിദ് സദസ്സുകളൊരുക്കുന്നവര്‍, സൂഫീത്വരീഖകളെ അംഗീകരിക്കുന്നവര്‍, മദ്ഹബുകള്‍ക്കനുസരിച്ച് അനുഷ്ഠാനങ്ങളെ ചിട്ടപ്പെടുത്തിയവര്‍ …മുസ്‌ലിം ലോകത്തുടനീളം ഈ കാഴ്ച കാണാം. അതിനിടയില്‍ അപശബ്ദമായി പ്രത്യക്ഷപ്പെട്ടവര്‍ സമുദായത്തിലെ ന്യൂനപക്ഷങ്ങളായി പലയിടങ്ങളിലും അവശേഷിക്കുന്നുണ്ടെന്നു മാത്രം. ഇത് വെറും അവകാശവാദമല്ല. ലോകമുസ്‌ലിംകളുടെ മുപ്പത്തിയൊന്നു ശതമാനത്തിലധികം വസിക്കുന്നത് പാകിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഇന്ത്യാ ഉപഭൂഘണ്ഡത്തിലാണ്. ഈ രാജ്യങ്ങളിലെ മഹാഭൂരിപക്ഷം മുസ്‌ലിംകളും സുന്നീ ആശയങ്ങളില്‍ തീവ്രത പുലര്‍ത്തുന്ന ബറേല്‍വീ ചിന്താധാര അംഗീകരിക്കുന്നവരാണെന്ന് 30.09.2009നു ഇന്ത്യാടുഡേ പുറത്തുവിട്ട സര്‍വ്വെയിലും റിപ്പോര്‍ട്ടിലും പറയുന്നു.

ബ്രിട്ടനിലേക്ക് കുടിയേറിപ്പാര്‍ത്ത സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ മഹാഭൂരിക്ഷം മുസ്‌ലിംകളും ബറേല്‍വി ആശയങ്ങള്‍ അംഗീകരിക്കുന്നവരാണെന്ന് 26.04.2010 നു ലണ്ടനിലെ ടൈം മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും കാണാം. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മാലദീപ്, ഭൂട്ടാന്‍ എന്നീ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ അവസ്ഥ കൂടി ഈ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം. ഇവിടെ ദയൂബന്ദികളെയും അഹ്‌ലേ ഹദീസുകാരെയും പ്രതിരോധിച്ച റസാഖാനെ ചുറ്റിപറ്റിയുള്ള കണക്കുകള്‍ മാത്രമാണിത്. മുസ്‌ലിം ലോകത്തിന്റെ മൊത്തം 12 ശതമാനവും വസിക്കുന്ന ഇന്ത്യോനേഷ്യയുടെ സ്ഥിതിയും ഇതുതന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ (202.9 മില്യന്‍) താമസിക്കുന്ന ആ രാജ്യത്തെ മഹാഭൂരിഭാഗവും ശാഫിഈ മദ്ഹബുകാരും പാരമ്പര്യ സുന്നികളുമാണെന്നത് അവിടെ നിന്നു വരുന്ന കണക്കുകളെല്ലാം വ്യക്തമാക്കുന്നു. കേരളത്തെ പോലെ രാഷ്ട്രീയാധിനിവേശത്തിനു പകരം സൂഫീ ത്വരീഖകളിലൂടെ ഇസ്‌ലാം പ്രചരിച്ച ഈ നാട് ഇന്നും ആപാരമ്പര്യം നിലനിര്‍ത്തുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ്‌രിദ എന്നീ ത്രിമൂര്‍ത്തികളാല്‍ സ്വാധീനിക്കപ്പെട്ട മുഹമ്മദിയ്യാ മൂവ്‌മെന്റ് 1912മുതലല്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്യമ്പര്യത്തിന്റെ പ്രതരോധത്തെ ഇന്നോളം അവര്‍ക്ക് മറികടക്കാനായിട്ടില്ല. മുസ്‌ലിം ലോകത്തിന്റെ ഇരുപത് ശതമാനം വസിക്കുന്ന അറബ് രാജ്യങ്ങളിലെ ഭൂരിഭാഗവും പാരമ്പര്യ ഇസ്‌ലാമിന്റെ വഴിയില്‍ തന്നെയാണ്.

എന്റെ സമുദായം മാര്‍ഗഭ്രംശത്തില്‍ ഏകോപിക്കുകയില്ലെന്നും ഭിന്നതയുടെ കാലത്ത് സത്യം ഭൂരിപക്ഷത്തിന്റെ കൂടെയായിരിക്കുമെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ പ്രവചനത്തിന്റെ പ്രകടമായ സത്യപ്രകാശമാണീ കണക്കുകളും വസ്തുതകളും. ഈ ആശയത്തെ പിന്തുണക്കുന്ന നബിവചനങ്ങളില്‍ ചിലതുകൂടി ശ്രദ്ധിക്കുക. മുആദ് ബിന്‍ ജബലില്‍ നിന്നുദ്ധരണി. നബി(സ) പറഞ്ഞു :”ആട്ടിന്‍ കൂട്ടത്തിന്റെ ശത്രു ചെന്നായ ആയ പോലെ മനുഷ്യന്റെ ചെന്നായയാണ് പിശാച്. ഒറ്റപ്പെട്ടതിനെയും അകന്നുനില്‍ക്കുന്നതിനെയും വിഘടിച്ചുനില്‍ക്കുന്നതിനെയുമാണ് അത് പിടികൂടുക. പര്‍വ്വതഭാഗങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ ജമാഅയെയും പൊതു സമൂഹത്തെയും പിന്തുടരുക.” (അഹ്മദ്) ശിഥിലീകരണത്തില്‍ നിന്നും മാര്‍ഗ ഭ്രംശത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിശ്വാസ ദര്‍ശങ്ങളിലും ആചാര നടപടികളിലും ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിന്റെ കൂടെ നിലനില്‍ക്കാനുള്ള ആഹ്വാനമാണിവിടെ ഹദീസില്‍ കാണുന്നത്.

സമുദായത്തിന്റെ കാലുഷ്യങ്ങളും ശിഥിലീകരണങ്ങളും ശക്തി പ്രാപിക്കുമ്പോള്‍ ഞാനെന്തു ചെയ്യണം എന്ന ഹുദൈഫത്തുല്‍ യമാനി(റ)യുടെ ചോദ്യത്തിനു നബി(സ) നല്‍കിയ മറുപടി: ”മുസ്‌ലിംകളുടെ പൊതു സംഘത്തെയും അവരുടെ നേതൃത്വത്തെയും അനുഗമിക്കുക” (ബുഖാരി 7084) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: മൂന്ന് കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ഒരു മുസ്‌ലിമിന്റെ ഹൃദയം ചതിയില്‍ അകപ്പെടുകയില്ല. അനുഷ്ഠാനങ്ങളെല്ലാം അല്ലാഹുവിനുവേണ്ടി ആത്മാര്‍ത്ഥതയോടെയാകുക. മുസ്‌ലിംകളുടെ ഗുണകാംക്ഷിയാകുക, മുസ്‌ലിംകളുടെ പൊതു കൂട്ടായ്മയെ പിന്തുടരുക, കാരണം അവരുടെ പ്രാര്‍ത്ഥന പിന്‍മുറക്കാരെ കൂടി കാത്തുകൊള്ളുന്നതാണ്. (ബൈഹഖി). മാര്‍ഗഭ്രംശത്തിന്റെ ചതിക്കുഴികളില്‍ പെട്ടുപോകാതിരിക്കാന്‍ മുസ്‌ലിംകളുടെ പൊതുകൂട്ടായ്മ (ജമാഅത്ത്) യെ പിന്തുടരണമെന്നും അതില്‍ നിന്ന് വിഘടിച്ചുപോയവര്‍ക്ക് അവരുടെ പ്രാര്‍ത്ഥനയുടെ അനുഗ്രഹം ലഭിക്കുകയില്ലെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. സ്വഹാബത്തു മുതലുള്ള സത്യവിശ്വാസികളുടെ കൂട്ടായ്മയുടെ ഇടമുറിയാത്ത ഈ താവഴിയില്‍ മുഖ്യധാരയോടെപ്പം നമ്മുക്കും ചേര്‍ന്നു നില്‍ക്കാം.