page

Monday, 15 January 2018

വിവാഹം ആർഭാടമാവുമ്പോൾ

അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, നിയമങ്ങളും അവൻ നൽകി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം.വിവാഹം പ്രവാചകൻമാരുടെ ചര്യാണ്.വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്നത് സന്താന ലബ്ദിയും,സദാചാര നിഷ്ടയുമാണ്.ദീനിൻെറ മൂന്നിൽ രണ്ട് ഭാഗം എന്ന് വിശേഷിപ്പിക്കുന്ന വിവാഹം ഇന്ന് ആർഭാടത്തിൻെറയും,ധൂർത്തിൻെറയും ആകെത്തുകയാണ്.മതം അനുശാസിക്കുന്ന വിവാഹം വളരെ ലളിതമായ ചടങ്ങാണ്.നിക്കാഹ്,സദ്യ എന്നീ നിർബന്ധ കർമ്മങ്ങൾ ഉൾപ്പെടുന്ന വിവാഹത്തിൽ ഇന്ന് നിരവധി അനാചാരങ്ങൾ കടന്നു കൂടിയിരിക്കുന്നു.പവിത്രമായ വിവാഹ ആഘോഷങ്ങൾ,ഇന്ന് വിവാഹ മാമാങ്കങ്ങളായി പരിണമിച്ചിരിക്കുന്നു

സമൂഹത്തിൽ തൻെറ നിലയും,വിലയും,പ്രൗഡിയും വിളിച്ചോതുന്നതിനു പറ്റിയ ഒരവസരം എന്ന നിലക്ക് ചിലർ വിവാഹത്തെ കാണുന്നു.എന്നാൽ ആസ്വാദനത്തിൻെറയും ആർഭാടത്തിൻെറയും അതിരു കടക്കുമ്പോൾ എത്ര ഹറാമുകൾ അതിൽ വന്നു ചേരുന്നു എന്നു നാം മന: പൂർവ്വം മറക്കുന്നു ‘കല്യാണ സൊറ’ എന്ന് ഒാമനപ്പേരിട്ടു വിളിക്കുന്ന പുതു തലമുറയുടെ പുതിയ കണ്ടുപിടുത്തം വിവാഹത്തിൻെറ സുന്ദര മുഖം പലപ്പോഴും വികൃതമാക്കുന്നു.സ്ത്രീധനത്തിനും,വിവാഹധൂർത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്നവർ പോലും സ്വന്തം വീട്ടിലെ കാര്യം വരുമ്പോൾ കണ്ണടക്കുന്ന സ്ഥിതിയാണ് ഇന്ന് നാം കാണുന്നത്.പ്രസംഗങ്ങൾ പലപ്പോഴും പ്രാവർത്തികമാവാറില്ലലോ? കേരളത്തിലെ സ്വർണ്ണ വിപണി മലബാറിലെ മുസ്ലീം വിവാഹങ്ങളെ ആശ്രയിച്ചാണ് നില നിൽക്കുന്നതെന്ന റിപ്പോർട്ടുകൾ പത്ര മാദ്ധ്യമങ്ങളിൽ നാം കാണുകയുണ്ടായി.ഗൾഫ് പണത്തിൻെറ കുത്തൊഴുക്കും,പരസ്പരമുള്ള മത്സര ബുദ്ധിയും, ഇന്ന് ആർഭാടം ഒരു അത്യാവശ്യമായി മാറ്റിയിരിക്കുകയാണ്.

വിവാഹത്തിനു ദിവസങ്ങൾ മുന്നെ തുടങ്ങുന്ന ആഘോഷ ങ്ങൾക്ക് ലക്ഷങ്ങൾ മുതൽ കോടികൾ വരെ തെല്ലും മടിയില്ലാതെ പൊടിപൊടിക്കുമ്പോൾ വിവാഹം എന്നമോഹം സ്വപ്നം കണ്ട് ദാരിദ്രത്തിൻെറയോ,കഷ്ടപ്പാടിൻെറ പേരിൽ അത് ഒരു സ്വപ്നം മാത്രമായി നിലനിൽക്കുന്ന ഒരു പാട് സഹോദരിമാർ നമ്മൾക്കിടയിലുണ്ടെന്ന് നാം വിസ്മരിച്ചു കൂടാ.ജീവിതത്തിൻെറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്നവർ വിവാഹ കമ്പോളത്തിൽ ദയനീയമായി പരാജിതരാവുന്നു.ഇവർ ശപിക്കുന്നതും, പഴിക്കുന്നതും ഇസ്ലാമിലെ വിവാഹവ്യവസ്ഥിതിയെയല്ല മറിച്ചു പൊങ്ങച്ചത്തിൻെയും,ധാരാളത്തത്തിൻെറയും പളപളപ്പിൽ ഭ്രമിച്ചു,ഒാരോ ദിവസവും പുതിയരൂപത്തിലും ഭാവത്തിലും നാം പടച്ചുണ്ടാക്കുന്ന,ഇതുവരെ കേട്ടു കേൾവി പോലുമിലാത്ത ചടങ്ങുകളും,അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന വർത്തമാന സാമൂഹ്യ സാഹചര്യങ്ങളെയുമാണ്.കച്ചവടവൽക്കരിക്കപ്പെട്ട വിവാഹങ്ങളും,വിലപേശലുകളും ഒരു പാട് കുടുംബങ്ങളെ നിത്യ ദു:ഖത്തിലേക്കും ദാരിദ്രത്തിലേക്കും തള്ളി നീക്കുന്നു.

വിവാഹവും,വിവാഹാനന്തര ജീവിതവും നാം മാതൃകയാക്കേണ്ടത് നബി(സ)മിൽ നിന്നാണ്.അമ്പിയാക്കളുടെ ജീവിത ചര്യയിൽ പ്പെട്ട താണ് വിവാഹ ശേഷമു ള്ള സൽക്കാരം.ഖദീജാ ബീവി(റ)യുമായുള്ള വിവാഹത്തിനു നബി(സ) ഒരു ഒട്ട കത്തിനെ അറുത്ത് വിവാഹ സൽക്കാരം നടത്തിയിരുന്നു.എന്നാൽ മാറി വരുന്ന ഫാഷനുകൾക്കനുസരിച്ച് വിവാഹത്തെ ആധുനിക വൽകരിക്കുമ്പോൾ സൽക്കാരങ്ങളിൽ പോലും ഇന്നു ധൂർത്ത് പ്രകടമാവുന്നു.ഒരു പൻജനക്ഷത്ര ഹോട്ടലിലെ ഭക്ഷ്യമേളയെ ഒാർമ്മിപ്പിക്കുമാറ് വിഭവങ്ങൾക്കു മുകളിൽ വിഭവങ്ങളൊരുക്കി അതിനുമേമ്പൊടിയായി നൃത്തനൃത്ത്യങ്ങളും,ബാൻട് മേളങ്ങളും ആഘോഷങ്ങൾക്ക് കൊഴുപ്പേകുന്നു.വധൂവരൻമാരുടെ സ്വകാര്യ നിമിഷങ്ങൾ ഒപ്പിയെടുത്തു ,സിനിമാ സീരിയലുകളെ വെല്ലുന്ന തരത്തിൽ സി.ഡികളായി രൂപാന്തരപ്പെടുത്തുമ്പോൾ ഇസ്ലാമിലെ മഹനീയമംഗല്യസങ്കൽപ്പമെന്ന മുഖമുദ്രയാണ് തകർന്നടിയുന്നതു.

നാം അദ്ധ്വാനിച്ചുണ്ടാക്കുന്നതിൻെറ അവകാശികൾ നമ്മൾ തന്നെയാണ്.എന്നാൽ ധനം ദുർവ്യയം ചെയ്യുന്നവനെ പിശാചിൻെറ സഹോദരൻ എന്നാണ് ഖുർആൻ വിളിക്കുന്നതു(അൽ ഇസ്റാഅ്-27). അല്ലാഹുവിൽ നിന്ന് ഔധാര്യമായി ലഭിച്ച ധനം കരുതലോടെ സൂക്ഷിച്ചു അത്യാവശ്യങ്ങൾക്കു മാത്രം ചിലവ് ചെയ്യണം.ധാരാളിത്തവും,ധൂർത്തും
മാറ്റി നിർത്തി പണ്ഡിതൻമാരുടേയും,സാദാത്തുക്കളുടേയും ദുആയും മുതിർന്നവരുടെ അനുഗ്രഹങ്ങളും,കൂട്ടുകുടുംബാധികളുടെഒത്ത്ചേരലുമൊക്കെയായിനമ്മുടെ വിവാഹങ്ങൾ മാറേണ്ടിയിരിക്കുന്നു.സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം നിർധനരായ സഹോദരിമാരുടെ വിവാഹം നടത്തി നമ്മളിൽ തന്നെയുള്ളവർ മാതൃകയായിട്ടുണ്ട്.വിവാഹ ചിലവുകൾ ചുരുക്കുക വഴി ഒരു സഹോദരിയുടെയെൻകിലും കണ്ണീരൊപ്പാൻ നമ്മുക്കായാൽ, അതാവട്ടെ നമുക്കും,നമ്മുടെ കുടുംബത്തിനും ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും അമൂല്യമായ വിവാഹ സമ്മാനം