page

Tuesday, 30 January 2018

ചേകന്നൂരിസം

പ്രത്യക്ഷത്തില്‍ കാതിനിമ്പവും കണ്ണിനു കുളിര്‍മയും ഖല്‍ബിന് ആകര്‍ഷണീയതയും പകരുന്ന പ്രമേയങ്ങളാണ് എക്കാലത്തും മതനവീകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. ആഴത്തില്‍ ചിന്തിക്കുമ്പോള്‍ മാത്രമേ പലപ്പോഴും അവയുടെ അപകടം തിരിച്ചറിയാനാവൂ. നദ്‌വത്തുല്‍ മുജാഹിദിനും ജമാഅത്തെ ഇസ്‌ലാമിയും കേരളക്കരയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരും പൊതുസമൂഹത്തിനു ഇത്തരം ചില മരുന്നുകള്‍ സമര്‍പ്പിച്ചിരുന്നു. ഖുര്‍ആനും സുന്നത്തും ഓരോരുത്തര്‍ക്കും ഗവേഷണം ചെയ്ത് വിധിവിലക്കുകള്‍ കണ്ടെത്താവുന്ന വിധത്തിലാണുള്ളതെന്നും എല്ലാവരും അതില്‍ ഗവേഷണം നടത്തി സ്വന്തമായി കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കണമെന്നും അവര്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞു. പ്രമാണങ്ങള്‍ക്ക് മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാന വിശദീകരണങ്ങള്‍ അവലംബിക്കുന്നതും അവര്‍ ഗവേഷണ സപര്യയിലൂടെ കണ്ടെത്തിയ വിധിവിലക്കുകള്‍ പിന്തുടരുന്നതും അനുകരിക്കുന്നതും മഹാപാതകമാണെന്ന് വരുത്തിത്തീര്‍ത്തു.
നദ്‌വത്തിന്റെയും ജമാഅത്തിന്റെയും സമര്‍ത്ഥനങ്ങളില്‍ ആകൃഷ്ടരായ പലരും പ്രമാണങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കാനും സ്വതന്ത്രമായി ഗവേഷണ ഫലങ്ങള്‍ പുറത്തുവിടാനും ഒരുമ്പെട്ടു. അതിന്റെ ശേഷവിശേഷമെന്നോണം നിരവധി വിതണ്ഡ വാദങ്ങളും വികല ചിന്തകളും ഇസ്‌ലാമിന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ടു. ഇജ്തിഹാദിന്റെ കവാടം തള്ളിത്തുറന്ന് എല്ലാവര്‍ക്കും സൗജന്യ പ്രവേശം നല്‍കി. പ്രമാണങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഗവേഷണം നടത്താന്‍ കയറൂരിവിട്ടവര്‍ക്കു പോലും പിന്നീട് നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം അതിന്റെ ഫലങ്ങള്‍ പുറത്തുവന്നു. വഹാബിസത്തില്‍ ആകൃഷ്ടനായ സി.എന്‍. അഹ്മദ് മൗലവിയാണ് ഇജ്തിഹാദിന്റെ ആനുകൂല്യങ്ങളുപയോഗിച്ച് വഹാബി-മൗദൂദികള്‍ക്കു പോലും സ്വീകാര്യമല്ലാത്ത വാദങ്ങളുമായി രംഗത്തു വന്ന പ്രഥമ വ്യക്തി. 1953-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയിലുടനീളം നൂതന വാദങ്ങളും വികല നിലപാടുകളും എഴുന്നള്ളിക്കപ്പെട്ടു. മതത്തെ അടിമുടി പൊളിച്ചെഴുതുന്നവയായിരുന്നു അവയില്‍ പലതും. അതുകൊണ്ട് തന്നെ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ക്കുപോലും അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനായില്ല.
സി.എന്‍. അഹ്മദ് മൗലവിയുടെ ചിന്തകള്‍ പല മോഡേണിസ്റ്റുകളെയും ആകര്‍ഷിച്ചിരുന്നുവെങ്കിലും അതിനു സംഘടിത രൂപമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒറ്റപ്പെട്ടു കഴിയേണ്ടിവന്നു. എന്നാല്‍ 1969-ല്‍ ചേകന്നൂര്‍ എന്ന പി.കെ.എം. അബുല്‍ ഹസന്‍ മൗലവി, സി.എന്‍. മൗലവിയെ കവച്ചുവെക്കുന്ന മറ്റു ചില വാദങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ഓറിയന്റലിസ്റ്റുകളും മുഅ്തസിലുകളും അറബ് മോഡേണിസ്റ്റുകളുമെല്ലാം വിസര്‍ജിച്ച വികല ചിന്തകള്‍ പുതിയ കുപ്പിയിലിട്ട് മലയാളക്കരയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘നിരീക്ഷണം’ മാസികയിലൂടെ പ്രസ്തുത ചിന്തകളെല്ലാം ചേകന്നൂര്‍ മൗലവി പ്രചരിപ്പിച്ചു. മോഡേണിസം തലക്കു പിടിച്ച പല മുസ്‌ലിം നാമധാരികളെയും അതാകര്‍ഷിച്ചു. അവരെല്ലാം ചേര്‍ന്ന് ‘ഖുര്‍ആന്‍ ആന്റ് മോജേണ്‍ ഏജ് സൊസൈറ്റി’ എന്ന ഒരു സംഘടനക്കു രൂപം നല്‍കി. പിന്നീടത് ‘ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി’ എന്നാണ് അറിയപ്പെട്ടത്.
വിതണ്ഡ വാദങ്ങള്‍
ഇസ്‌ലാമിന്റെ അടിത്തറ മാന്തുന്ന വാദങ്ങളാണ് ചേകന്നൂര്‍ മൗലവി ഉയര്‍ത്തിയത്. തന്റെ പ്രസ്ഥാനത്തിന് ‘ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി’ എന്നു പേരിട്ടിരുന്നെങ്കിലും ഖുര്‍ആനുമായോ സുന്നത്തുമായോ യാതൊരു ബന്ധവും അതിനുണ്ടായിരുന്നില്ല. ഖുര്‍ആനിന്റെ മൗലികതയെ ചോദ്യം ചെയ്യുന്നതായിരുന്നു ചേകന്നൂരിന്റെ ഓരോ നീക്കങ്ങളും. സുന്നത്തിനോടാകട്ടെ, അയാള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഹദീസുകളെ മുഴുവന്‍ നിഷേധിച്ചു തള്ളി. ഹദീസുകള്‍ ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സ്വഹാബികളുടെ നീതിബോധത്തെ ചോദ്യം ചെയ്തു. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്ത അബൂഹുറൈറ(റ)യെ ജൂത ചാരനാക്കി ചിത്രീകരിച്ചു. സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള ഹദീസ് സമാഹാരങ്ങള്‍ കേവലം വാറോലകളാണെന്നു പരിഹസിച്ചു. തന്റെ വിതണ്ഡ വാദങ്ങള്‍ക്കു മുന്നിലെ ഏറ്റവും വലിയ പ്രതിരോധം ഹദീസുകളാണെന്നു മനസ്സിലാക്കി തന്നെയാണ് അദ്ദേഹം അതിനെതിരെ തിരിഞ്ഞത്.
ഖുര്‍ആനും സുന്നത്തും ഉയര്‍ത്തിപ്പിടിക്കുന്നവരെ വലയിലാക്കാനുള്ള ഒരു തന്ത്രമായിരുന്നു വാസ്തവത്തില്‍ ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി. ഖുര്‍ആനും സുന്നത്തുമില്ലാത്ത കേവല ജല്‍പനങ്ങള്‍ മാത്രമായിരുന്നു അതിന്റെ അടിത്തറ. ഇസ്‌ലാമില്‍ നിന്നു തെറിച്ചുപോകുന്ന അത്യന്തം അപകടകരമായ വാദങ്ങളാണതുയര്‍ത്തിയത്. ചില സാമ്പിളുകള്‍ കാണുക.
1. സര്‍വ്വമത സത്യവാദം: ഇസ്‌ലാം മാത്രമാണ് സത്യമാര്‍ഗമെന്നും അതല്ലാത്ത മറ്റു മതമോ ആദര്‍ശമോ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നുമുള്ള ഖുര്‍ആനിന്റെ (3:19,85) പ്രഖ്യാപനത്തെ ചോദ്യം ചെയ്തു. ചേകന്നൂരികള്‍ എഴുതുന്നു: ”മുസ്‌ലിംകള്‍ അന്ധമായി വിശ്വസിക്കുന്നത് ഇസ്‌ലാം മാത്രമാണ് സത്യമായ ഏക മതമെന്നാണ്. മറ്റു മതങ്ങളും മതഗ്രന്ഥങ്ങളുമെല്ലാം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടുകൂടി അസാധുവും കാലഹരണപ്പെട്ടതുമായി എന്ന് പൊതുവില്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം മതഗ്രന്ഥമായ ഖുര്‍ആനിനു വിരുദ്ധമാണ്.” (ചേകന്നൂര്‍ മൗലവി ജീവിതവും സന്ദേശവും. പേജ്: 83-എം.പി. മുഹമ്മദുണ്ണി മൗലവി)
2. പ്രവാചകരെ അനുസരിക്കേണ്ടതില്ല: അല്ലാഹുവിനെ അനുസരിക്കണമെന്നു കല്‍പിച്ചയിടങ്ങളില്‍ നബി(സ)യെയും അനുസരിക്കണമെന്നാണ് ഖുര്‍ആന്‍ (8:20,46, 4:59, 3:32, 3:132) പറയുന്നത്. എന്നാല്‍ നബി(സ)യെ അനുസരിക്കുന്നത് വിഡ്ഢിത്തവും അസംബന്ധവുമാണെന്നാണ് ചേകന്നൂരികളുടെ നിലപാട്. അവര്‍ എഴുതി: ”സ്രഷ്ടാവായ അല്ലാഹുവിന്റെ വാക്കുകളെ മാത്രമേ പിന്‍പറ്റാന്‍ പാടുള്ളൂ എന്നതാണ് നേര്. മറിച്ച് സൃഷ്ടിയായ നബിയെ ഇത്ത്വാഅത്ത് ചെയ്താല്‍ പല അബദ്ധങ്ങളും പറ്റുമായിരുന്നു.” (വിശുദ്ധ ഖുര്‍ആന്‍ ഒരേ ഒരു മാര്‍ഗരേഖ: 68) ഖുര്‍ആന്‍ മാത്രമേ സ്വീകരിക്കാവൂ എന്നു സമര്‍ത്ഥിച്ചുകൊണ്ട് അവര്‍ തുടരുന്നു: ”ചുരുക്കത്തില്‍ നബിയുടെ ഭരണകാലത്തെ വിധിവിലക്കുകള്‍ ഇത്വാഅത്ത് ചെയ്യണമെന്ന് പറയുന്നത് തനി വിഡ്ഢിത്തവും അസംബനധവുമായിരിക്കും.” (Ibid: 68)
3. ഖുര്‍ആന്‍ വിശദീകരിക്കാന്‍ പ്രവാചകന് അധികാരമില്ല: പ്രവാചകനെ അല്ലാഹു നിയോഗിച്ചതുതന്നെ ഖുര്‍ആന്‍ വിശദീകരിച്ചുകൊടുക്കാനാണെന്ന് ഖുര്‍ആന്‍ (16:64, 14:4, 5:15, 16:44) പറയുന്നു. ചേകന്നൂരികളാകട്ടെ ഖുര്‍ആന്‍ വിശദീകരിക്കാന്‍ പ്രവാചകന്റെ ആവശ്യമില്ലെന്നും പറയുന്നു. ”പ്രവാചകന്‍ തിരുമേനി ഖുര്‍ആന്‍ വ്യാഖ്യാനിച്ചുതരാമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടേയില്ല. നബി വിശദീകരിക്കേണ്ട ആവശ്യവുമില്ല.” (ഖുര്‍ആന്‍ ദര്‍ശനം 2003 മെയ് ലക്കം 31)
4. ഖുര്‍ആന്‍ മുഴുവനും ഒന്നിച്ചാണ് അവതരിച്ചത്: 23 വര്‍ഷത്തിനിടയില്‍ വിവിധ ഘട്ടങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് ഖുര്‍ആന്‍ (25:32, 5:101) തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അത് നിഷേധിക്കുകയും ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് അവതരിക്കുകയാണുണ്ടായതെന്നും വാദിക്കുകയാണ് ചേകന്നൂരികള്‍. അവര്‍ എഴുതുന്നു: ”ഘട്ടം ഘട്ടമായിട്ടാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന പാരമ്പര്യ വിശ്വാസത്തിനു ഖുര്‍ആനില്‍ തെളിവില്ലെന്നു മാത്രമല്ല, ഇത് ഖുര്‍ആനിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശത്രുക്കള്‍ പ്രചരിപ്പിച്ച ശുദ്ധ കളവുമാണ്.” (ഖുര്‍ആന്‍ ദര്‍ശനം, 2004 മാര്‍ച്ച് ലക്കം-19)
5. മുസ്‌ലിംകള്‍ രാമനിലും കൃഷ്ണനിലും വിശ്വസിക്കണം: ഹൈന്ദവ പുരാണങ്ങളിലെ ആരാധ്യ കഥാപാത്രങ്ങളായ ശ്രീരാമനിലും ശ്രീകൃഷ്ണനിലും വിശ്വസിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്‌ലിമെന്ന് ചേകന്നൂരികള്‍ വാദിക്കുന്നു. ”അപ്പോള്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിം ഏകദൈവത്തിലും ദൈവദൂതന്മാരായിരുന്ന ഈസാനബിയിലും കൃഷ്ണനിലും ശ്രീരാമനിലും വിശ്വസിക്കുന്നതോടൊപ്പം മുഹമ്മദ് നബി നമസ്‌കരിച്ചതുപോലെ നമസ്‌കരിക്കുന്നു.” (ഖുര്‍ആന്‍ ദര്‍ശനം 2002 ആഗസ്റ്റ് 11)
6. നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ നിര്‍ബന്ധമില്ല: മുസ്‌ലിംകള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനകളാണ് നമസ്‌കാരം (17:78, 11:114), നോമ്പ് (2:185,183) ഹജ്ജ് (2:196) മുതലായവയെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ അങ്ങിനെയൊന്ന് നിര്‍ബന്ധമേ ഇല്ലെന്നും അവയെല്ലാം പൗരോഹിത്യത്തിന്റെ സൃഷ്ടിയാണെന്നുമാണ് ചേകന്നൂരിയന്‍ ജല്‍പനം. ”അല്ലാഹു ഫര്‍ളാണെന്നു പറയാത്ത കേവല ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ ഹദീസുകളിലൂടെ ഫര്‍ളാക്കുകയും ഇവകൊണ്ട് സ്വര്‍ഗം ഉറപ്പാണെന്നും പറഞ്ഞ്, പാവം ജനത്തെ വിഡ്ഢികളാക്കി പുരോഹിതവര്‍ഗം മുതലാക്കുന്നു. എന്തൊരു ഖുര്‍ആന്‍ ധിക്കാരം.” (ഈ ഹദീസുകള്‍ ആര്‍ക്കു വേണ്ടി? 30)
7. നമസ്‌കാരത്തിനു പ്രത്യേക രൂപമില്ല. നിസ്‌കാരം ഉള്‍പ്പെടെ എല്ലാ ആരാധനാ കര്‍മ്മങ്ങളും നബി(സ) സമുദായത്തിനു ചെയ്തുകാണിച്ചു തന്നിട്ടുണ്ട്. എന്നാല്‍ ചേകന്നൂരികള്‍ പറയുന്നത് നമസ്‌കാരത്തിനു പ്രത്യേക രൂപമില്ലെന്നാണ്. ”പ്രാര്‍ത്ഥനയുടെ സത്ത ഭക്തിയാണ്. ഇത് തികച്ചും മനസ്സില്‍ നിന്നുണ്ടാകേണ്ടതാകയാല്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. ഏതവസ്ഥയിലും നിര്‍വഹിക്കാവുന്ന ഒരു നമസ്‌കാരമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.” (ഖുര്‍ആന്‍ ദര്‍ശനം 2004 ഫെബ്രുവരി 6)
8. നമസ്‌കാരത്തിന് വുളൂഅ് ആവശ്യമില്ല: നിസ്‌കരിക്കാന്‍ നില്‍ക്കുന്നവര്‍ വുളൂഅ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ (5:6) കല്‍പനയാണ്. എന്നാല്‍ ചേകന്നൂരീ മതത്തില്‍ വുളൂഇന്റെ ആവശ്യമില്ല. ”വുളു എടുക്കലോ തയമ്മം ചെയ്യലോ നമസ്‌കാരത്തിന്റെ ശര്‍ത്തോ നിബന്ധനയോ ആയി പരിഗണിക്കാന്‍ പാടുള്ളതല്ല. കാരണം അതു രണ്ടുമില്ലാതെ നമസ്‌കരിക്കാന്‍ പാടില്ലെന്നോ, അങ്ങനെ നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം ശരിയാവുകയില്ലെന്നോ ഉള്ള യാതൊരു സൂചനയും ഖുര്‍ആനിലില്ല.” (ഖുര്‍ആനിലെ നമസ്‌കാര രൂപം: 37, ചേകന്നൂര്‍ മൗലവി). തന്റെ മതത്തിലെ നമസ്‌കാര രീതി അദ്ദേഹം തന്നെ വിവരിക്കുന്നതിങ്ങനെ: ”കൈകാലുകളും മുഖവും കഴുകാതെ ആസനവും വായും കഴുകി ശുദ്ധിയാക്കി നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം ശരിയാകുമെന്നാണ് നമ്മുടെ മദ്ഹബ്. (Ibid: 34)
9. വാങ്കും ജമാഅത്തും ഖുര്‍ആനിനു വിരുദ്ധം: മുസ്‌ലിംകള്‍ അഞ്ചു നേരവും പള്ളിയില്‍ പോകണമെന്നും അവിടെ ജമാഅത്തായി നമസ്‌കരിക്കണമെന്നാണ് ഖുര്‍ആനും നബിതിരുമേനിയും പഠിപ്പിക്കുന്നത്. എന്നാല്‍ ഇതെല്ലാം മുനാഫിഖുകളുടെ ലക്ഷണമെന്നാണ് ചേകന്നൂര്‍ സിദ്ധാന്തിക്കുന്നത്. ”പകലിലെ നമസ്‌കാരം പോലും മറ്റുള്ളവര്‍ കാണത്തക്ക നിലയില്‍ നിര്‍വഹിക്കണമെന്നോ അതല്ലെങ്കില്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നടത്തണമെന്നോ ഖുര്‍ആനിലൊരിക്കലും സൂചിപ്പിച്ചതേയില്ല. എന്നല്ല നിത്യവും പള്ളിയില്‍ പോവുക എന്നത് പ്രായോഗികമേ അല്ലെന്നുവരെ ഖുര്‍ആന്‍ 9:122ലൂടെ അല്ലാഹു വ്യക്തമാക്കുകയാണല്ലോ ചെയ്തത്. നിത്യ നമസ്‌കാരം പരസ്യമാക്കി ചെയ്യല്‍ മുനാഫിഖുകളുടെയും ഖുര്‍ആന്‍ നിഷേധികളുടെയും സ്വഭാവമാണ്.” (ഖുര്‍ആന്‍ വിരുദ്ധ ബാങ്കും ജമാഅത്തും: 149, ചേകന്നൂര്‍ മൗലവി)
10. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം റമളാന്‍ നോമ്പ്: റമളാനില്‍ നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് ഖുര്‍ആന്‍ (2: 185) പറയുന്നു. എന്നാല്‍ ചേകന്നൂര്‍ പറയുന്നത് സമുദായം അധഃപതിക്കാന്‍ കാരണം റമളാന്‍ നോമ്പാണ് എന്നാണ്. ”സാക്ഷാല്‍ നാലാമത്തെ ഇസ്‌ലാം കാര്യമായി ഖുര്‍ആന്‍ പഠിപ്പിച്ച കരാര്‍ പാലനത്തെ ഇസ്‌ലാം കാര്യങ്ങളില്‍ നിന്ന് പറ്റെ പുറംതള്ളിയതും യാതൊരു പരോപകാരവുമില്ലാത്ത നോമ്പിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുക വഴി അതിന്നമിതമായ സ്ഥാനം കല്‍പിച്ചതുമാണ് നമ്മുടെ സമുദായം ഇത്രയും അധഃപതിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.” (തറാവീഹും തഹജ്ജുദും നബിക്കു മാത്രം: 64, ചേകന്നൂര്‍ മൗലവി).
ഖുര്‍ആനുമായി യാതൊരു ബന്ധവുമില്ലാത്ത വാദങ്ങള്‍ ഖുര്‍ആനിന്റെ പേരില്‍ എഴുന്നള്ളിച്ച് സ്വന്തമായി ഒരു മതം രൂപപ്പെടുത്തിയെടുക്കാനാണ് ചേകന്നൂര്‍ മൗലവി ശ്രമിച്ചതെന്ന് ഈ ഉദാഹരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഇതിനു പുറമെ അബദ്ധജഢിലമായ നിരവധി വാദങ്ങള്‍ ചേകന്നൂരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്ന് ഇവര്‍ തെറിച്ചുപോയിട്ടുണ്ടെന്ന് ഈ വിവരണത്തില്‍ നിന്നുതന്നെ വ്യക്തമാണല്ലോ.
ചേകന്നൂര്‍ നല്‍കുന്ന പാഠം
മതനവീകരണ ചിന്തകളെ കയറൂരിവിട്ടാല്‍ എവിടെയെത്തും എന്നതിന്റെ ഉദാഹരണമാണ് ചേകന്നൂര്‍ മൗലവി. ബാഖവീ പണ്ഡിത ബിരുദമുള്ള ഈ മനുഷ്യന്‍ ആദ്യമെത്തിപ്പെട്ടത് മുജാഹിദ് കൂടാരത്തിലാണ്. ഇജ്തിഹാദിന്റെ കവാടങ്ങള്‍ എല്ലാവര്‍ക്കു മുമ്പിലും തുറന്നിട്ട നദ്‌വത്തിന്റെ സ്ഥാപനങ്ങളില്‍ വെച്ചാണ് മൗലവി പലപ്പോഴും ‘ഗവേഷണ നിരീക്ഷണങ്ങ’ളിലേര്‍പ്പെട്ടത്. പക്ഷേ, അന്നതു തിരിച്ചറിയാന്‍ മുജാഹിദ് നേതൃത്വത്തിനായില്ല. സുന്നീ മുഖ്യധാരയെ തല്ലാനുള്ള ഒരു വടി എന്ന നിലയില്‍ അദ്ദേഹത്തെ തോളിലേറ്റി നടക്കുകയായിരുന്നു അവര്‍. മുജാഹിദ് വേദികളുപയോഗപ്പെടുത്തി സുന്നികള്‍ക്കനുകൂലമായ ഹദീസുകള്‍ മുഴുവന്‍ മൗലവി പരിഹസിച്ചുതള്ളിയപ്പോള്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാരെപോലുള്ള ക്രാന്തദര്‍ശികള്‍ അതിന്റെ ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്.
അന്ന് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചവര്‍ മൗലവിയുടെ ഉള്ളിലിരുപ്പ് തിരിച്ചറിഞ്ഞത് പിന്നീടാണ്. മുജാഹിദുകള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തവിധം മൗലവിയുടെ ഇജ്തിഹാദ് പുരോഗമിച്ചപ്പോള്‍, അദ്ദേഹത്തിന് നദ്‌വത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടിവന്നു. പിന്നീടദ്ദേഹം എത്തിപ്പെട്ടത് മുജാഹിദുകളേക്കാള്‍ വിശാലമായി ഇജ്തിഹാദ് നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രങ്ങളിലാണ്. അതിരുകളില്ലാത്ത മൗലവിയുടെ ഗവേഷണം പുരോഗമിച്ചപ്പോള്‍ അവര്‍ക്കും അദ്ദേഹത്തെ ഉള്‍കൊള്ളാനായില്ല. അങ്ങനെയാണദ്ദേഹം ഒരു പുതിയ സംഘടനയുമായി രംഗത്തു വരുന്നതും ‘ഗവേഷണ’ഫലങ്ങളെല്ലാം പൂര്‍ണമായി പരസ്യപ്പെടുത്തുന്നതും.
മുസ്‌ലിം മുഖ്യധാരയോടൊപ്പം നില്‍ക്കുന്നവര്‍ക്കൊന്നും അദ്ദേഹത്തിന്റെ പുത്തന്‍ ചിന്തകള്‍ തീരെ ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങളില്‍ ചേക്കേറുകയും മോഡേണിസം തലക്കു പിടിക്കുകയും ചെയ്ത ചിലരാണ് മൗലവിയുടെ സൊസൈറ്റിയില്‍ അംഗമായത്. പില്‍കാലത്ത് നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ടായി വന്ന ഒരു മൗലവി പോലും അതില്‍ സജീവമായിരുന്നു. ചേകന്നൂരിസം ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചതും ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കു തന്നെയാണ്. പാരമ്പര്യ മുസ്‌ലിം കുടുംബത്തില്‍ ജനിച്ചവര്‍ മതനവീകരണ വാദങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ആദ്യം മുജാഹിദ് പ്രസ്ഥാനത്തിലേക്കും അവിടെ നിന്നും ‘പുരോഗതി’ പ്രാപിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയിലേക്കും അവിടെ നിന്നും കൂടുതല്‍ പുരോഗമന ചിന്തയും ഗവേഷണ നിരീക്ഷണങ്ങളും വഴി ചേകന്നൂരിസത്തിലേക്കോ മോഡേണിസത്തിലേക്കോ ചേക്കേറുന്ന ഒരു ചിത്രമാണ് നാം ഇവിടെ കാണുന്നത്. നിബന്ധനകളും പരിമിതികളുമില്ലാതെ മതപ്രമാണങ്ങളില്‍ സ്വതന്ത്ര ഗവേഷണം നടത്താന്‍ സര്‍വ്വവിധ പ്രോല്‍സാഹനങ്ങളും നല്‍കുകയും മതനവീകരണ ചിന്തയെ കയറൂരിവിടുകയും ചെയ്തതിന്റെ ദുരന്തഫലമാണ് ചേകന്നൂരിസമെന്ന് ഉറപ്പിച്ചു പറയാം. ഹദീസ് നിഷേധത്തിന്റെ പുതിയ പാഠങ്ങള്‍ രചിച്ച് ബുഖാരിയിലും മുസ്‌ലിമിലുമെല്ലാം ദൗര്‍ബല്യം കണ്ടെത്തുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ സുല്ലമീ ലൈന്‍ ഈ വഴിയിലേക്കു തന്നെയാണ് നീങ്ങുന്നതെന്ന ആരോപണങ്ങള്‍ ഇതിനു ശക്തി പകരുന്നു.
മുഖ്യധാരാ മുസ്‌ലിംകളെ സ്വാധീനിക്കാനാകാത്തതുകൊണ്ടു തന്നെ തലയെടുപ്പുള്ള ഒരു പ്രസ്ഥാനമായി ഉയര്‍ന്നുവരാന്‍ ചേകന്നൂരിസത്തിനായില്ല. അതിനിടെ ചേകന്നൂര്‍ മൗലവിയുടെ നിരോധനമുണ്ടാവുകയും പ്രസ്ഥാനം കൂടുതല്‍ നിഷ്‌ക്രിയമാവുകയും ചെയ്തു. ഏതാനും ചില വ്യക്തികളില്‍ മാത്രം ഒതുങ്ങുന്ന ഒരു സൊസൈറ്റി മാത്രമാണിപ്പോള്‍ അത്.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനം സി.ബി.ഐ. ഉള്‍പ്പെടെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഇതുവരെ അതേകുറിച്ച് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിനു വലിയ താല്‍പര്യമൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സമുദായ ശത്രുക്കളാണ് ആ വിഷയത്തില്‍ മുന്നിട്ടിറങ്ങിയത്. സംഘ്പരിവാര്‍ സംഘടനയായ ബി.ജെ.പിയും യുക്തിവാദി സംഘവുമാണ് ചേകന്നൂര്‍ തിരോധാനത്തില്‍ ഏറെ സങ്കടപ്പെട്ടതും കണ്ണീരൊഴിക്കിയതും. സമുദായത്തിന്റെ ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു ചേകന്നൂരിസത്തിന്റെ ഓരോ ചുവടുവെപ്പുകളുമെന്നു ഇതില്‍ നിന്നും മനസ്സിലാക്കാം.