page

Friday, 2 February 2018

പഴയ ഉമ്മമാരും പുതിയ ഉമ്മമാരും!

തമ്മില്‍ ഏറെ വ്യത്യാസങ്ങളുള്ള പഴയതും പുതിയതുമായ  ജീവിത രീതികളും പിന്നെ.. ഉമ്മയും  ബാപ്പയും..

പഴയ ഉമ്മയായിരിക്കും ഒരു വീട്ടില്‍ ആദ്യം എഴുന്നേല്‍ക്കുന്നതും,
എല്ലാവരും ഉറങ്ങിയ ശേഷം അവസാനം ഉറങ്ങുന്നതും..

ആ ഉമ്മയ്ക്ക് നേരം പുലര്‍ന്നത് മുതല്‍ പിടിപ്പതു പണിയായിരിക്കും .
മുറ്റമടിക്കണം,
ഭക്ഷണം ഉണ്ടാക്കണം ,
അടുപ്പില്‍ ഊതണം,
വിറക് ഉണ്ടാക്കണം,
ഓലക്കൊടി ശേഖരിച്ചു വെക്കണം  ,
നിലം തുടക്കണം ,
അലക്കണം ,
ഇസ്തിരിയിടണം,
ഇടിക്കണം ,
അരക്കണം ,
പൊടിക്കണം ,
വെള്ളം കോരണം ,
തൂത്തുവാരണം,
അങ്ങനെ തീരാത്ത പണികള്‍ ....
ഒന്ന് കഴിഞ്ഞു മറ്റൊന്ന്
നടു നിവര്‍ത്താന്‍ നേരമില്ല .
പോരാത്തതിന് കൊല്ലം കൊല്ലം പെറുകയും വേണം .
എന്നിട്ടും അന്നത്തെ ഉമ്മമാര്‍ക്ക് ഒരു പരാതിയും ഇല്ലായിരുന്നു .
കാര്യമായ രോഗങ്ങളും  ഇല്ലായിരുന്നു .
ആരോടും പരിഭവവും  പറയില്ലായിരുന്നു .

ഇന്നത്തെ ഉമ്മമാര്‍ക്ക്
ഭക്ഷണം ഉണ്ടാക്കാൻ   
കുക്കര്‍ സഹായിക്കും.. കൂടെ ഭർത്താവും സഹായിക്കും..
മുറ്റം അടിക്കേണ്ട ; മുറ്റത്തു കട്ട പതിച്ചതാണ് .
അടുപ്പില്‍ ഊതണ്ട ; 'ടക്' എന്ന ശബ്ദത്തില്‍ ഒന്ന് പൊട്ടിച്ചാല്‍ മതി . ഗ്യാസ് അടുപ്പ് കത്തുകയായി
അരക്കണ്ട ; അത് മിക്സി ചെയ്തോളും
പൊടിക്കേണ്ട ; അത് ഗ്രൈന്റര്‍ ചെയ്തോളും.
വെള്ളം കോരേണ്ട ; അത് മോട്ടോര്‍ ചെയ്തോളും .
നിലം തുടക്കേണ്ട ; അത് വേലക്കാരി  ചെയ്തോളും .
അലക്കേണ്ട ; അത് വാഷിംഗ് മെഷീന്‍ ചെയ്തോളും .
പ്രസവിക്കണം. പണ്ടത്തെ പോലെ വേണ്ട . ഒന്നോ രണ്ടോ .

എന്നിട്ടും പുതിയ ഉമ്മമാര്‍ക്ക് പരാതിയാണ് .
രാവും പകലും ഇവിടെ എന്തോരം പണികളാ ..
ഞാന്‍ നിങ്ങളെ വേലക്കാരി ആണോ ?
നടു വേദനിച്ചിട്ടു വയ്യ .
ഞാന്‍ ഇല്ലാതായി നോക്കണം അപ്പോള്‍ അറിയാം ബാപ്പാക്കും മക്കള്‍ക്കും
ഉമ്മയുടെയും ഭാര്യയുടെയും വില !!

ഇത് കൊണ്ടോക്കെയാവണം
പഴയ ഉമ്മമാരൊക്കെ കൂടുതലും മെലിഞ്ഞവരായിരുന്നു
പുതിയ ഉമ്മമാരൊക്കെ മിക്കവാറും തടിച്ചികളും .

*പഴയ ബാപ്പയും പുതിയ ബാപ്പയും*

പഴയ ബാപ്പ എല്ലാ നിലക്കും  കുടുംബ നാഥന്‍ ആയിരുന്നു .
വീട്ടിലെ അവസാന വാക്ക് ബാപ്പന്റെത്‌  മാത്രം .
ഭാര്യക്കോ മക്കള്‍ക്കോ കാര്യമായ വോയ്സ് ഒന്നുമില്ല .
മിക്ക ബാപ്പമാരെയും മക്കള്‍ക്ക്‌ പേടിയായിരുന്നു .
ബാപ്പയെ കാണുമ്പോള്‍  മാറി മറയുന്ന മക്കള്‍.
ബാപ്പയോട് നേരിട്ട് കാര്യങ്ങള്‍ പറയാന്‍ പറ്റില്ലായിരുന്നു മിക്ക മക്കള്‍ക്കും. ഉമ്മ മുഖേനയാണ് ആവശ്യങ്ങള്‍ ബാപ്പയില്‍ എത്തിച്ചിരുന്നത് .

ബാപ്പ  വീട്ടിലുണ്ടെങ്കില്‍ വീട് ശാന്തമായിരിക്കും .
ഒരു ഹെഡ് മാഷെ റോളിലും കൂടിയായിരുന്നു ബാപ്പ.
മിക്ക വീടുകളിലും ബാപ്പ നരിയും ഉമ്മ പൂച്ചയും ആയിരിക്കും .

വല്ല വഴക്കോ വക്കാണമോ ഉണ്ടായാല്‍ ബാപ്പന്റെ ശബ്ദം ഉയരും.
ഉമ്മ മിണ്ടാതെ നില്‍ക്കും. ഒരൊഴിഞ്ഞ കോണില്‍ കണ്ണീരൊഴുക്കി സങ്കടപ്പെടും . മറുത്തൊന്നും പറയില്ല .
ബാപ്പന്റെ ഒരു നിഴലായി ഉമ്മ ഓടി നടക്കും  .
സ്വന്തം കാര്യങ്ങള്‍ ഒക്കെ മറക്കും .

ബാപ്പ വലിയ ദേഷ്യക്കാരന്‍ ആവും . പുറത്തു നിന്ന് വരുമ്പോള്‍ ഉമ്മറത്ത്‌ കിണ്ടിയില്‍ വെള്ളം കണ്ടില്ലെങ്കില്‍ ഒച്ചയിടും .
വാതില്‍ തുറക്കാന്‍ അല്പം വൈകിയാല്‍, വിളക്ക്‌ കത്തിച്ചില്ലെങ്കിൽ..,  ഉമ്മയെ  ശകാരിക്കും
ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ പോലും അടുത്തടുത്തു ഇരിക്കില്ല .
ബസ്സില്‍ ഉമ്മ മുമ്പില്‍ കേറും. ബാപ്പ  പിന്നിലും .
കുട്ടികളെ ഒക്കത്തും കൈയ്യിലും ഉമ്മ തന്നെ  പിടിച്ചിട്ടുണ്ടാവും . ബാപ്പ കുട്ടിയെ എടുത്തു നടക്കുന്നത് അപൂര്‍വ്വം. നടന്നു പോവുമ്പോൾ ബാപ്പ രണ്ടു വാര മുന്നിലായിരിക്കും.  ഉമ്മ പിറകിലും.

ഉമ്മയെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും ബാപ്പന്റെ തീരുമാനം ആവും അവസാന വാക്ക് .
പ്രസവം / ഗര്‍ഭ ധാരണം പോലെയുള്ള കാര്യങ്ങളില്‍ പോലും ഉമ്മയ്ക്ക് മൌനം പാലിക്കാനേ പറ്റൂ .
വീട്ടിലെ അമ്മായിയമ്മ / നാത്തൂൻ പോര് തുടങ്ങി എല്ലാം ഉമ്മ സഹിക്കും . ബാപ്പയോട്  പറയില്ല . പറഞ്ഞാലും ഫലം ഇല്ല എന്ന് ഉമ്മയ്ക്ക് അറിയാം .

ബാപ്പയും  ഉമ്മയും ഒന്നിച്ചു ഭക്ഷണം കഴിക്കില്ല . വീട്ടില്‍ മറ്റെല്ലാവരും കഴിച്ചിട്ടേ ഉമ്മയ്ക്ക് കഴിക്കാന്‍ പറ്റൂ .
ചുരുക്കത്തില്‍ ഉമ്മ വെറും ബാപ്പാന്റെ നിഴല്‍  പോലെ ഒരു ഉപകരണം മാത്രം . 😔

*പുതിയ ബാപ്പ*

പുതിയ ബാപ്പ  ഏറെ വ്യത്യസ്തനാണ് .
പഴയ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി പല വീടുകളിലും ഉമ്മ പുലിയും ബാപ്പ എലിയും ആണ് .
കുടുംബ നാഥനുള്ള അത്ര പ്രാധാന്യം കുടുംബ നാഥയ്ക്കും ഉണ്ട് .
ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരായാതെ സ്വന്തം ഇഷ്ടപ്രകാരം ബാപ്പ ഒന്നും നടപ്പാക്കില്ല .
ബാപ്പയും  ഉമ്മയും സുഹൃത്തുക്കളെ പോലെയാണ്
മക്കൾക്ക്‌ ബാപ്പനെ പേടിയില്ല . തോളില്‍ കയ്യിട്ടു നടക്കാം . ഒന്നിച്ചിരുന്നു സംസാരിക്കാം . പൊട്ടിച്ചിരിക്കാം . ബാപ്പ ഉണ്ടെങ്കില്‍ വീട് ഉണരും .
ബഹളം ഉണ്ടാകും . ബാപ്പ ഇല്ലെങ്കില്‍ ആണ് വീട് ഉറങ്ങുക .

ബാപ്പയോട്  എന്തും പറയാന്‍ മക്കള്‍ക്ക്‌ ഒരു പ്രയാസവും ഇല്ല . എന്തും തുറന്നു പറയാം . തമാശ പോലും പറയാം . ഒന്നിച്ചിരുന്നു സിനിമ പോലും കാണാം.😍

ബാപ്പയും ഉമ്മയും ഒന്നിച്ചു ഒരു സീറ്റിലിരുന്നു യാത്ര ചെയ്യും . ഒന്നിച്ചു ഭക്ഷണം കഴിക്കും .
യാത്രക്കിടയില്‍ കുട്ടിയെ എടുക്കുന്നത് ബാപ്പ  ആയിരിക്കും . ഉമ്മ ചിലപ്പോള്‍ ബാഗും തൂക്കി നടക്കും . വേണമെങ്കില്‍ ഉമ്മയുടെ ബാഗ് അടക്കം ബാപ്പ  എടുത്തു തോളിലിട്ടു കൂടെ നടക്കും ! ബാപ്പ ചായക്ക്‌ ചോദിച്ചാൽ.. എനിക്ക് കൂടി ചായക്ക് പൊടിയിട്ടോളൂ എന്ന് പറയുന്ന പുതിയ ഉമ്മ. 
ബാപ്പയും  ഉമ്മയും വഴക്ക് കൂടുമ്പോള്‍ രണ്ടു പേരും ഒരു പോലെ ഒച്ചയിടും . രണ്ടാളും ചൂടാകും .
പറയാനുള്ളത് രണ്ടു പേരും പറയുകയും ചെയ്യും.  😇

അമ്മായിയമ്മ /  നാത്തൂൻ / തുടങ്ങിയവരുടെ 'വിളയല്‍' ഒന്നും ഇക്കാലത്ത് ഉമ്മയുടെ അടുത്ത് വിലപ്പോവില്ല .
പഴയ ബാപ്പ അടുക്കളയിലേക്കെ പോവില്ല .
പുതിയ ബാപ്പ  ചിലപ്പോഴൊക്കെ ഉമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ ചെല്ലും .
ഏറ്റവും പുതിയ ബാപ്പമാര്‍ സീരിയല്‍ സമയം കഴിയും വരെ അങ്ങാടിയില്‍ തന്നെ ഇരിക്കും. അതിനു മാത്രം വിശാല ഹൃദയരും ഉണ്ട് ! ഉമ്മയെ 'പേടിയുള്ള' ബാപ്പമാരും ഉണ്ട്' .😜

മെല്ലെ മെല്ലെ 'പഴയ ഉമ്മ'യുടെ സ്ഥാനത്തേക്ക് 'പുതിയ ബാപ്പയും'
'പഴയ ബാപ്പയുടെ  'സ്ഥാനത്തേക്ക് 'പുതിയ ഉമ്മയും' മാറുന്നുണ്ടോ എന്ന ഒരു ചോദ്യത്തോടെ ഈ താരതമ്യം അവസാനിപ്പിക്കുന്നു .😁