page

Thursday, 1 February 2018

സഹീഹുൽ ബുഖാരിയുടെ പ്രാമാണികത

മുസ്‌ലിം ലോകം സ്വഹീഹുല്‍ ബുഖാരിക്ക് നല്‍കിയ അംഗീകാരവും പ്രാധാന്യവും വളരെ വലുതാണ്‌. വൈജ്ഞാനിക സപര്യകളില്‍ സമശീര്‍ഷരില്ലാത്ത വിധം ഉന്നത പണ്ഡിതതനായിരുന്ന ഇമാം നവവി(റ) എഴുതുന്നു:

أجمعت الأمة على صحة هذين الكتابين ووجوب العمل بأحاديثهما - تهذيب الأسماء واللغات 1/73

“ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സ്വീകാര്യതയിലും, അതിലെ ഹദീസുകൾ കൊണ്ട് അമൽ ചെയ്യുന്നതിലെ അനിവാര്യതയിലും മുസ്‌ലിം സമുദായത്തിലെ ഗവേഷണ പാണ്ഡിത്യം ഉള്ള എല്ലാവരുടെയും അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ട്” (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത് 1 / 73 ).

ഇസ്‌ലാമിക ലോകത്ത് സുസമ്മതരും, തലയെടുപ്പുള്ളവരുമായ ഇത്തരം പൂര്‍വകാല അഇമ്മത്തിന്‍റെ നിലപാടുകളെ അവഗണിക്കാനും തള്ളിക്കളയാനും അവരുടെ സമകാലികരോ, പിൽകാലക്കാരോ ആയ ഒരാള് ഇതഃപര്യന്തം മുതിര്‍ന്നിട്ടില്ല എന്നും ഓര്‍ക്കുക. ഹദീസിനെക്കുറിച്ചും, അതിന്‍റെ വ്യത്യസ്തമായ നിവേദന പരമ്പരകളെക്കുറിച്ചും, നിവേദകരെപ്പറ്റിയും ആധികാരികമായി പറയാൻ യോഗ്യരായ ഇവരുടെ വിലയിരുത്തലുകളെയും നിലപാടുകളെയും വായിച്ചു തീര്‍ക്കാന്‍ പോലും അവസരം കിട്ടിയില്ലാത്ത ആധുനികരുടെ അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങള്‍ എന്ത് മാത്രം അന്യായവും അപരാധവുമാണ്!! പുത്തന്‍വാദികള്‍ക്ക് ഏറ്റവും സ്വീകാര്യനായ ഇബ്നു തീമിയ്യ പോലും പറയുന്നത് കാണുക:

ليس تحت أديم السماء كتاب أصح من البخاري ومسلم بعد القرآن مجموع الفتاوى 74/18

“പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ, ബുഖാരി, മുസ്ലിം എന്നിവയേക്കാള്‍ സത്യസന്ധമായ മറ്റൊരു ഗ്രന്ഥം ആകാശത്തിനു കീഴെ വേറെ ഇല്ല!!” (ഫതാവാ 18 / 73 )

ഇമാം ദാറഖുത്വ്­നിയുടെ വിമര്‍ശനവും പണ്ഡിതലോകത്തിന്‍റെ പ്രതികരണവും
ബുഖാരിയിലേയും മുസ്ലിമിലേയും ഇരുനൂറോളം ഹദീസുകളെ നിരൂപണം ചെയ്തു
ഇമാം ദാറഖുത്വ്­നീ (റ) الاستدراكات والتتبع (അല്‍ ഇസ്തിദ്റാകാത്തു വ തത്തബ്ബുഅ്) എന്ന പേരില്‍ പണ്ഡിതലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം ഉന്നയിക്കുന്ന വിമർശനങ്ങളെക്കുറിച്ച് ഇമാം നവവി(റ)യുടെ പ്രതികരണം ഇമാം ഇബ്നുഹജർ അസ്ഖലാനി (റ) ഉദ്ധരിക്കുന്നത്കാണുക.

وَقَالَ فِي مُقَدّمَة شرح البُخَارِيّ فصل قد استدرك الدَّارَقُطْنِيّ على البُخَارِيّ وَمُسلم أَحَادِيث فطعن فِي بَعْضهَا وَذَلِكَ الطعْن مَبْنِيّ على قَوَاعِد لبَعض الْمُحدثين ضَعِيفَة جدا مُخَالفَة لما عَلَيْهِ الْجُمْهُور من أهل الْفِقْه وَالْأُصُول وَغَيرهم فَلَا تغتر بذلك هـ فتح الباري لابن حجر (1/ 346(

“ബുഖാരിക്ക് വ്യഖ്യാനം എഴുതിയതിന്‍റെ ആമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ബുഖരിയിലെയും മുസ്ലിമിലെയും ചില ഹദീസുകളെ ദാറഖുത്വ്­നീ നിരൂപണ വിധേയമാക്കിയിട്ടുണ്ട്. അങ്ങനെ, ചിലതിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിമർശനങ്ങൾ കര്‍മശാസ്ത്ര വിശാരധരും നിധാനശാസ്ത്ര പണ്ഡിതരും അല്ലാത്തവരുമായ ഭൂരിപക്ഷം പേരുടെയും നിലപാടുകൾക്ക് വിരുദ്ധമായി ഏതാനും ചില മുഹദ്ദിസുകളുടെ തീരേ ദുർബലമായ മാനദണ്ഡങ്ങള്‍ക്കൊത്തു ചമക്കപ്പെട്ടവയാണ്. അതിനാൽ, അതിൽ വഞ്ചിതനാകേണ്ടതില്ല.”

ഇമാം ദാറഖുത്വ്­നീ (റ) എഴുതിയ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇമാം ഇബ്നുഹജർ അസ്ഖലാനി(റ) ബുഖാരിക്ക് എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഫത്ഹുല്‍ബാരിയുടെ ആമുഖത്തിലും ഇമാം ശിഹാബുദ്ധീനുല്‍ ഖസ്ത്വല്ലാനി(റ) എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഇര്‍ഷാദുസ്സാരിയുടെ ആമുഖത്തിലും വ്യക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ അൻവർ ഷാ കശ്മീരിയും തന്‍റെ ഫയ്­ളുല്‍ബാരിയില്‍ പ്രസ്തുത വിമര്‍ശനങ്ങളെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇമാം ദാറഖുത്വ്­നിയുടെ നിരൂപണത്തിനു പണ്ഡിത ലോകത്ത് അംഗീകാരം കിട്ടിയിട്ടില്ലെന്നര്‍ത്ഥം.

സ്വഹീഹുൽ ബുഖാരിക്കും സ്വഹീഹു മുസ്ലിമിനും ഇസ്‌ലാമിക ലോകം എത്രമാത്രം വില കല്‍പ്പിക്കുന്നുണ്ട് എന്നു ബോധ്യപ്പെടാന്‍ ഇനിയധികം പറയേണ്ടല്ലോ. ഇമാം നവവി (റ) തന്‍റെ റിയാളുസ്സ്വാലിഹീനിന്‍റെ ആരംഭത്തില്‍ എഴുതിയതു കൂടി ഉദ്ധരിക്കാം: هما أَصَحُّ الكُتبِ المصنفةِ വിരചിതമായ സകല ഗ്രന്ഥങ്ങളിലും വെച്ച് ഏറ്റവും പ്രബലമായത്.ഹദീസുകളിൽ, സ്വീകാര്യതയുടെ കാര്യത്തിൽ ഏറ്റവും അന്യൂനമായ നിവേദക പരമ്പരകളിലൂടെ സമാഹരിക്കപ്പെട്ട ബുഖാരിയിലെയോ മുസ്ലിമിലെയോ ഏതെങ്കിലും ഹദീസ് തള്ളിക്കളയാനോ, അതിന്റെ സ്വീകാര്യതയിൽ സംശയം പ്രകടിപ്പിക്കാനോ, ദുർബലതയാരോപിക്കാനോ വിശ്വാസികള്‍ക്ക് കഴിയില്ല.