page

Saturday, 3 March 2018

ജംഉം ഖസ്വ്‌റും

*✈️ജംഉം ഖസ്വ്‌റും 🚕*
🔹〰️〰️🔻〰️〰️🔹

🍇 ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് സമയത്തെ നിസ്കാരങ്ങൾ അവയിലൊന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിനാണ് ‘ജംഅ്’ എന്ന് പറയുന്നത്. (ഹനഫി മദ്ഹബ് പ്രകാരം ജംഅ്ഇല്ല)

ളുഹ്‌റ്, അസ്വ്‌റ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും ,മഗ്‌രിബ്, ഇശാഅ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും നിസ്കരിക്കാം. അപ്പോൾ അസ്വ്‌റിനെ മഗ്‌രിബിലേക്കോ, തിരിച്ചോ, ഇശാഇനെ സുബ്‌ഹിയിലേക്കോ, തിരിച്ചോ സുബ്‌ഹിയെ ളുഹ്‌റിലേക്കോ തിരിച്ചോ ജംആക്കാൻ പാടുള്ളതല്ല.

🍇 നാല് റക്‌അത്തുള്ള നിസ്കാരങ്ങളെ രണ്ട് റക്‌അത്തുകളായി ചുരുക്കി നിസ്കരിക്കുന്നതിന് ‘ഖസ്വ്‌റ്’ എന്നു പറയുന്നു. സുബ്‌ഹിയിലും മഗ്‌രിബിലും ഖസ്വ്‌റില്ല. അവ സാധാരണ പോലെതന്നെ നിസ്കരിക്കണം.

💥 ളുഹ്‌റ് , അസ്‌റ് എന്നിവ ളുഹറിന്റെ സമയത്തും മഗ്‌രിബ് , ഇശാ‍അ് എന്നിവ മഗ്‌രിബിന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘മുന്തിച്ച് ജംഅ് ആക്കുക’ എന്നു പറയുന്നു.

ളുഹ്‌റ് , അസ്വ്‌റ് എന്നിവ അസ്വ്‌റിന്റെ സമയത്തും , മഗ്‌രിബ് , ഇശാ‍അ് എന്നിവ ഇശാഇന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘പിന്തിച്ചു ജംആക്കുക’ എന്നും പറയുന്നു.

❓ജുമുഅയും അസ്വ്‌റും കൂടെ ജംആക്കുകയാണെങ്കിൽ മുന്തിച്ച് ജംഅ് ആക്കൽ മാത്രമേ സ്വഹീഹാകൂ. ജുമുഅയെ അസ്‌റിലേക്ക് ജംആക്കിയാൽ സാധുവാകുന്നതല്ല.

യാത്രക്കാർക്ക് അല്ലാഹു അനുവദിച്ച അനുകൂല്യങ്ങളാണ് ജംഉം, ഖസ്വ്‌റും. ഒരു മുസ്‌ലിം നിസ്കാരം നിർവ്വഹിക്കാതിരിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാവാതിരിക്കാനാണിത്.

ഇവയുടെ നിയമങ്ങൾ മുഴുവനും ഒത്തിണങ്ങിയാൽ ജംഉം ഖസ്വ്‌റുമാണ് യാ‍ത്രക്കാരന് ഉത്തമം

⚜ ജംഉം ഖസ്വ്‌റും അനുവദനീയമാകാൻ, ഹലാലായ യാത്രയായിരിക്കണം. 132 കി.മീറ്ററെങ്കിലും ദൈർഘ്യമുള്ള യാത്രയിലായിരിക്കുകയും വേണം. 82 കി.മി ഉണ്ടായാൽ മതി എന്ന അഭിപ്രായവുമുണ്ട്. ഈ ദൂരം ഏതാനും നിമിഷങ്ങൾ കൊണ്ട് പിന്നിടുന്നതായാലും ജംഉം ഖസ്വ്‌റും അനുവദനീയമാണ്. സ്വന്തം നാടിന്റെ അതിർത്തി പിന്നിട്ട ശേഷമേ ജംഉം ഖസ്വ്‌റും അനുവദനീയമാവുകയുള്ളൂ. തിരിച്ച് വരുമ്പോൾ സ്വന്തം നാടിന്റെ പരിധിയിലെത്തുന്നതോടെ ആനുകൂല്യം ഇല്ലാതാവുകയും ചെയ്യും.

*🌿മുന്തിച്ച് ജംഅ് ആക്കാനുള്ള നിബന്ധനകൾ*

1) തർതീബ് : ജംഅ് ആക്കപ്പെടുന്ന രണ്ട് നിസ്കാരങ്ങളിൽ ആദ്യത്തെത് തന്നെയാവണം ആദ്യം നിർവഹിക്കേണ്ടത്.

2) ആദ്യത്തെ നിസ്കാരം അവസാനിക്കുന്നതിനു മുന്നെ രണ്ടാ‍മത്തെ നിസ്കാരം ഇതിലേക്ക് ജംഅ് ആക്കി നിസ്കരിക്കുന്നു എന്ന് കരുതണം. ആദ്യ നിസ്കാരത്തിന്റെ നിയ്യത്തിൽ തന്നെ ഇങ്ങിനെ കരുതലാണ് ഉത്തമം. മറന്ന് പോയാൽ ആദ്യത്തെ നിസ്കാരത്തിന്റെ സലാം വീട്ടുന്നതിനു മുന്നെ മനസ്സിൽ കരുതിയാൽ മതി. സലാം വീട്ടുന്നത് വരെ കരുതിയില്ലെങ്കിൽ രണ്ടാമത്തെ നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.

3) ആദ്യത്തെ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക. രണ്ട് നിസ്കാരങ്ങളുടെ ഇടയിൽ കൂടുതൽ സമയ ദൈർഘ്യം ഉണ്ടാവാൻ പാ‍ടില്ല. അപ്പോൾ രണ്ടിനുമിടയിൽ മയ്യിത്ത് നിസ്കാരമോ മറ്റ് സുന്നത്തുകളോ നിസ്കരിക്കാൻ പാടില്ല. തയമ്മും, ഇമാമത്ത് കൊടുക്കൽ പോലുള്ള ദീർഘമല്ലാത്ത ഇടവേള പ്രശ്നമല്ല. രണ്ടിനുമിടയിൽ കൂടുതൽ സമയമുണ്ടായാൽ രണ്ടാം നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.

4) ഒന്നാമത്തെ നിസ്കാരത്തിൽ നിന്ന് വിരമിച്ച് രണ്ടാമത്തേതിൽ പ്രവേശിക്കുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക. അഥവാ അവസാനിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത്തേത് അതിന്റെ സമയത്ത് തന്നെ നിർവഹിക്കണം. രണ്ടാം നിസ്കാരത്തിനിടയിലോ അതിന്റെ ശേഷമോ ആണ് യാത്ര അവസാനിക്കുന്നതെങ്കിൽ പ്രശ്നമില്ല.

5) ഒന്നാം നിസ്കാരം സാധുവായിട്ടുണ്ടെന്ന് അയാ‍ൾക്ക് ധാരണയുണ്ടാകുക. ആദ്യത്തെ നിസ്കാരം കഴിഞ്ഞപ്പോൾ തന്നെ അത് ശരിയായിട്ടില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടാൽ അത് മടക്കി നിസ്കരിക്കണം. അതിനു ശേഷമേ രണ്ടാമത്തേത് നിർവഹിക്കാനാവൂ. രണ്ട് നിസ്കാരവും കഴിഞ്ഞതിനു ശേഷമാണ് ഒന്നാം നിസ്കാരം ബാത്വിലായിരുന്നുവെന്ന് ബോധ്യപ്പെട്ടതെങ്കിൽ രണ്ടും മടക്കി നിർവഹിക്കണം മടക്കി നിസ്കരിക്കലും ജംഅ് ആക്കിത്തന്നെ നിർവഹിക്കാം.

*🌿പിന്തിച്ച് ജംഅ് ആക്കുന്നതിന്റെ നിബന്ധനകൾ :*

1) ആദ്യ നിസ്കാരത്തിന്റെ സമയത്ത് ഈ നിസ്കാരത്തെ അടുത്ത നിസ്കാരത്തിന്റെ കൂടെ ജംഅ് ആക്കി നിസ്കരിക്കാൻ പിന്തിക്കുന്നു. എന്ന് കരുതുക

2) യാത്ര അവസാനിക്കുന്നതിനു മുമ്പ് രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക

*🌺 സുന്നത്തുകൾ*

പിന്തിച്ച് ജംഅ് ആക്കുമ്പോൾ തർത്തീ‍ബ് സുന്നത്തുണ്ട്. അഥവാ, ഒന്നാം നിസ്കാരം നിർവഹിച്ചതിനു ശേഷം രണ്ടാം നിസ്കാരം നിർവഹിക്കുക. അതിനു വിരുദ്ധം ചെയ്താലും നിസ്കാരം സാധുവാകും.

ഒന്ന് കഴിഞ്ഞയുടനെ മറ്റേത് നിർവഹിക്കലും സുന്നത്താണ്. ( ദീർഘമായ ഇടവേളയുണ്ടായാലും നിസ്കാരം സാധുവാകും ) ജംഅ് ആക്കുന്നു എന്ന് ഒന്നാം നിസ്കാരത്തിൽ കരുതലും സുന്നത്തുണ്ട്.

*🍀ഖസ്വ്‌റാക്കി നിസ്കരിക്കുന്നതിന്റെ നിബന്ധനകൾ :*

1) യാത്രയുടെ ദൂരം 132 കി.മീ. ഉണ്ടായിരിക്കുക.
2 ) യാത്ര ഹലാലായിരിക്കുക
3) പൂർത്തിയായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക (ഖസ്വ്‌റാക്കി നിസ്കരിക്കുന്നവനോട് പൂർത്തിയാക്കി നിസ്കരിക്കുന്നവന് തുടരാവുന്നതാണ് , ഇമാം സലാം വീ‍ട്ടിയതിനു ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കിയാൽ മതി)
4) നിയ്യത്തിൽ ഖസ്വ്‌റാക്കലിനെ കരുതുക.
5) നിസ്കാരം കഴിയുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക

*🌺 നിയ്യത്ത് :*

മുന്തിച്ച് ജംഅ് ആക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് :

ഉദാ :- അസ്‌ർ എന്ന ഫർള് നിസ്കാരത്തെ ളുഹ്‌റിലേക്ക് മുന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റായിട്ട് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു. ജമാ അത്താണെങ്കിൽ ‘ഇമാമിനോട് കൂടെ‘ എന്നും ചേർക്കുക.

പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് :
ഉദാ: - ളുഹർ എന്ന ഫർള് നിസ്കാരത്തെ അസറിനോട് കൂടെ പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു ( ജമാഅത്തായിട്ടാണെങ്കിൽ ‘ ഇമാമിനോട് കൂടെ’ എന്നും കൂടെ ചേർക്കുക )

*യാത്രക്കാരന്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ജംആക്കി നമസ്കരിക്കാന്‍ സാധിക്കുമോ?*

യാത്രക്കാരന്‍ യാത്ര തുടങ്ങി നാടിന്റെ പരിധി വിട്ടതിനു ശേഷം മാത്രമേ ജംഉം ഖ്സ്രും ആക്കാവൂ. ജംഓ ഖസ്റോ ആക്കാന്‍ സ്വന്തം മഹല്ലിന്‍റെ പരിധി വിട്ടുകടക്കേണ്ടതാണ്. അത് കൊണ്ട്, ചോദ്യത്തില്‍ പറഞ്ഞരൂപത്തില്‍, വീട്ടില്‍നിന്ന് യാത്ര പുറപ്പെട്ട് മഹല്ലിന്‍റെ പരിധി കടക്കുന്നതോടെ ഏതെങ്കിലും പള്ളിയില്‍ വെച്ച് ളുഹ്റും അസ്റും ഒന്നിച്ച് ജംഉം ഖസ്റും ആക്കി നിസ്കരിക്കാവുന്നതാണ്. സ്വന്തം മഹല്ലില്‍ വെച്ചാണ് ളുഹ്റ് നിസ്കരിക്കുന്നതെങ്കില്‍ അസ്റ് ജംആക്കാന്‍ പറ്റുന്നതല്ല.

*ഓഫീസില്‍ ജോലിയാണ്. ഉച്ചക്ക് കുറച്ചു സമയം ഒഴിവുണ്ട്. പക്ഷെ അസര്‍ സമയത്ത് ഒഴിവ് കിട്ടാറില്ല. അങ്ങനെയെങ്കില്‍ ളുഹറും അസറും ളുഹറിന്റെ സമയത്ത് ജംആക്കാന്‍ പറ്റുമോ ?*

ജോലി എന്നത് ജംആക്കാനുള്ള കാരണങ്ങളില്‍ പെട്ടതല്ല. യാത്ര, മഴ, രോഗം,രോഗം എന്നിവ മാത്രമേ ജംആക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണിയിട്ടുള്ളൂ. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നുമില്ലാതെ ആവശ്യത്തിന് വേണ്ടിയും ജംആക്കാമെന്ന് ചില പണ്ഡിതര്‍ ഉദ്ധരിച്ചതായി ഇമാം നവവി (റ) റൌദയില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ജംആക്കാമെന്നാണ് ശാഫീ മദ്ഹബുകാരനായ ഇബ്നുല്‍ മുന്‍ദിര്‍ (റ) പ്രബലമാക്കിയത്. അങ്ങനെ ജംആക്കാമെന്ന് പറഞ്ഞ പല പണ്ഡിതരും അതൊരു പതിവാക്കി മാറ്റരുതെന്ന് പറഞ്ഞത് കാണാം. ഈ അഭിപ്രായങ്ങള്‍ പിടിച്ച് ജംആക്കുകയാണെങ്കില്‍ തന്നെ അസ്റ് ളുഹ്റിനോടൊപ്പം മുന്തിച്ചാണ് ജംആക്കുന്നതെങ്കില്‍ അസ്വറ് ഖളാഅ് ആയി മടക്കി നിസ്കരിക്കുന്നത് നന്നാവും. കാരണം ഭൂരിപക്ഷം പണ്ഡിതരുടെയും വീക്ഷണത്തില്‍ ഇത്തരത്തില്‍ ഒരു ജംഅ് ഇല്ലെന്നാണല്ലോ.

മുറ പോലെ അനുഷ്ടിക്കണമെന്ന് വളരെ ഗൌരവത്തില്‍ കല്‍പിക്കപ്പെട്ടതാണല്ലോ നിസ്കാരം. യുദ്ധത്തിന്റെ അവസരത്തില്‍ പോലും അത് നിര്‍വഹിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. മനുഷ്യന് ബോധം നഷ്ടപ്പെടാത്ത കാലമത്രയും നിസ്കാരം നിര്‍വഹിക്കല്‍ നര്‍ബന്ധമാണ്. നിസ്കാരത്തിന്റെ ഒരു പ്രവര്‍ത്തനങ്ങളും യഥാവിഥി നിര്‍വഹിക്കാന്‍ സാധിക്കാത്തവനടക്കം നിസ്കരിക്കണമെന്നാണ് ഇസ്‍ലാമിന്റെ ശാസന. അത്തരത്തില്‍ കൃത്യമായി പാലിക്കാന്‍ കല്‍പിക്കപ്പെട്ട നിസ്കാരം നിര്‍വഹിക്കാന്‍ വയ്യാത്ത സാഹചര്യം നാം ഉണ്ടാക്കിത്തീര്‍ക്കരുതല്ലോ. ഏതെങ്കിലും നിലയില്‍ സമയത്ത് നിസ്കരിക്കാനുളള ഇട കണ്ടെത്തുകയോ അല്ലെങ്കില്‍ മറ്റു അനുയോജ്യമായ ജോലി കണ്ടെത്തുകയോ ചെയ്യുകയാണ് ഒരു മുസ്‍ലിമിന് കൂടുതല്‍ നല്ലത്.

*മഴ കാരണം നിസ്കാരം ജംഅ് ആക്കാമോ?*

മഴകാരണം മുന്തിച്ചു ജംഅ് ആക്കാവുന്നതാണ്. അതിനു സാധാരണ ജംഇന്‍റെ ശര്‍ഥുകളോടൊപ്പം താഴെ പറയുന്ന കാര്യങ്ങളും നിബന്ധനയാണ്. 1. ഒന്നാമത്തെ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. 2) നിസ്കാരം പള്ളിയിലോ മറ്റോ ജമാഅത്തായി നടത്താന്‍ ആഗ്രഹിക്കുകയും ആ സ്ഥലം വീടിനു ദൂരത്തായതിനാല്‍ അങ്ങോട്ടു നിസ്‍കാരത്തിനു പോയാല്‍ വസ്ത്രം നനഞ്ഞു പ്രയാസമാവുന്ന അവസ്ഥ ഉണ്ടാവുകയും വേണം.

*ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.*

ജുമുഅ നിസ്കാരത്തോട് അസ്വര്‍ നിസ്കാരത്തെ ജംഅ് ആക്കാമോ? മഗ്‍രിബും ഇശാഉം ജംഅ് ആക്കുമ്പോള്‍ സാധാരണ മഗ്‍രിബ് നിസ്കരിക്കുന്നവരൊടൊപ്പം ജമാഅതായി നിസ്കരിച്ച ശേഷം ഇശാഅ് ഒറ്റക്ക് നിസ്കരിക്കാമോ?

യാത്രക്കാരന്ന്, അസ്റ് നിസ്കാരം ളുഹ്റിന്‍റെ കൂടെ മുന്തിച്ച് ജംആക്കി നിസ്കരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസം ളുഹ്റ് നിസ്കാരത്തിന് പകരം ഉള്ളതാണല്ലോ ജുമുഅ. അത് കൊണ്ട് തന്നെ യാത്രക്കാരന്‍ ജുമുഅ നിസ്കരിക്കുകയാണെങ്കില്‍ അതിനോടൊപ്പം അസ്റിനെ മുന്തിച്ച് ജംഅ് ആക്കാവുന്നതാണ്.മഗ്‍രിബ് ജമാഅതായി മറ്റുള്ളവരുടെ കൂടെ നിസ്കരിച്ച് സലാം വീട്ടിയ ഉടനെ അതിനോട് ജംആക്കി ഇശാഅ് നിസ്കരിക്കുന്നതില്‍ തെറ്റില്ല.

*റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ജംഅ് ആക്കി നിസ്കരിച്ച് ഇറങ്ങാന്‍ പറ്റുമോ? അതോ യാത്ര പുറപ്പെട്ട ശേഷമേ അനുവദനീയം ആവുകയുള്ളൂ?*

യാത്രക്കാരനുള്ള നിസ്കാരത്തിലെ ആനുകൂല്യമാണ് ജംഉം ഖസ്റും. അത് കൊണ്ട് തന്നെ അവ രണ്ടും യാത്ര തുടങ്ങിയ ശേഷമേ അനുവദനീയമാവൂ. യാത്ര തുടങ്ങുക എന്നത് താമസിക്കുന്ന പ്രദേശം വിട്ട് കടക്കലാണ് എന്നാണ് പണ്ഡിതര്‍ പറയുന്നത്. അഥവാ, റൂമില്‍നിന്നോ വീട്ടില്‍നിന്നോ ജംഅ് ആക്കി നിസ്കരിച്ച് യാത്ര തുടങ്ങാവുന്നതല്ല എന്നര്‍ത്ഥം...
🔹〰️〰️〰️🔹🔸🔹〰️〰️〰️🔹