page

Wednesday, 28 March 2018

നോമ്പും സ്ത്രീകളും

സ്ത്രീകളും നോമ്പും: സുപ്രധാന വിധികള്‍

നോമ്പുകാരണം തനിക്കോ തന്റെ കുഞ്ഞിനോ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്ന ഗര്‍ഭിണികളും മുലയൂട്ടുന്ന മാതാക്കളും ആ സമയത്ത് നോമ്പെടുക്കേണ്ടതില്ല. പിന്നീട് പരിഹരിച്ചാല്‍ മതി. കുട്ടിയുടെ ആരോഗ്യം മാത്രം പരിഗണിച്ചാണ് നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും 800 മി.ലി. ഭക്ഷണം ദാനം ചെയ്യുകയും വേണം.

സ്ത്രീകളുടെ ആരാധന

നോമ്പിന് സ്ത്രീകള്‍ക്ക് കൂടുതല്‍ അടുക്കള ജോലികളാണ് ഉണ്ടാവുന്നത് ആരാധന വര്‍ധിപ്പിക്കാന്‍ അവസരം ലഭിക്കാറില്ല. സ്ത്രീകള്‍ തങ്ങളുടെ പ്രവര്‍ത്തികളില്‍ സൂക്ഷ്മത കാണിക്കണം. ഏഷണിയും പരദൂഷണവും കളവും ഒഴിവാക്കി നല്ല സംസാരങ്ങള്‍ ഉണ്ടാവുകയും അടുക്കള ജോലിക്കിടയില്‍ അറിയാവുന്ന ദിക്‌റുകളും സ്വലാത്തും ചൊല്ലുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുക. നോമ്പ് തുറ ദിവസങ്ങള്‍ നോമ്പുകാര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കുന്നതില്‍ നോമ്പുകാരെ സഹായിക്കലുള്ളതിനാല്‍ അതിനും പ്രതിഫലം ലഭിക്കുന്നതാണ്.

ആര്‍ത്തവകാരി

ഒരു സ്ത്രീയുടെ പതിവുള്ള ഹൈള് നാളുകള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ രാത്രി രക്തം നിലക്കുംമുമ്പ് പിറ്റേദിവസത്തെ വ്രതത്തിന് നിയ്യത്ത് ചെയ്തുകൊണ്ട് അവള്‍ ഉറങ്ങി. സുബ്ഹിക്ക് മുമ്പ് രക്തം നിലച്ചുകണ്ടാല്‍ ആ നിയ്യത്ത് പ്രകാരം നോമ്പെടുക്കാം.

ആര്‍ത്തവ നിയന്ത്രണം

ഗുളികകള്‍ കഴിച്ച് ആര്‍ത്തവം നിയന്ത്രിച്ച് നോമ്പെടുത്താല്‍ നോമ്പ് സ്വഹീഹ് ആകും. പക്ഷേ, ഗുളികകള്‍ ഉപയോഗിക്കല്‍ ശരീരത്തിന് ഹാനികരമാണ്.

ആര്‍ത്തവം മുറിഞ്ഞാല്‍

പകല്‍ സമയത്ത് ഒരു സ്ത്രീയുടെ ആര്‍ത്തവം നിലച്ചാല്‍ ബാക്കിസമയം നോമ്പുകാരെപ്പോലെ നില്‍ക്കല്‍ സുന്നത്തും ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്.

കുടുംബം നോറ്റാല്‍ മതി

റമളാന്‍ 30 ദിവസവും വ്രതം നഷ്ടപ്പെട്ട ഒരു വ്യക്തി അത് നോറ്റ് വീട്ടുന്നതിന് മുമ്പ് മരണപ്പെട്ടുവെന്ന് കരുതുക. അയാളുടെ സ്വത്തില്‍ നിന്ന് ഓരോ ദിവസത്തേക്കും 600 മില്ലിഗ്രാം ഭക്ഷണസാധനം വിതരണം ചെയ്യുന്നതിനു പകരം കുടുംബാംഗങ്ങളും 30 ദിവസം അയാള്‍ക്കുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ തയ്യാറായാല്‍ അത് മതി.  മരണപ്പെട്ടയാളുടെ ബാധ്യത തീര്‍ക്കുന്ന നോമ്പ് കുടുംബത്തിലെ സ്ത്രീക്കും പുരുഷനും സമ്മതം ലഭിച്ച അന്യര്‍ക്കും നിര്‍വ്വഹിക്കാം.

സൂക്ഷിക്കുക

ഫര്‍ള് നോമ്പില്‍, വികാരമിളക്കുന്നവന് ഭാര്യയെ ചുംബിക്കല്‍ തഹ്‌രീമിന്റെ കറാഹത്താണ്. ഇളകാത്തവര്‍ക്കും ഉത്തമം ഉപേക്ഷിക്കലാണ്. ആലോചനയും ദര്‍ശനവും വഴി ഇന്ദ്രിയം സ്ഖലിച്ചാല്‍ നോമ്പ് മുറിയില്ല. ഒരു സംഘം പണ്ഡിതരുടെ അഭിപ്രായം അവരണ്ടും വികാരത്തോടെ ആവര്‍ത്തിക്കല്‍ ഹറാമാണെന്നാണ്.

ബ്ലീഡിംഗ്

ആര്‍ത്തവരക്തത്തിന്റെ പരമാവധി ദിവസമായ 15 ദിവസത്തിലേറെ രക്തംപോകുന്ന സ്ത്രീ ഇസ്തിഹാളത്തുകാരിയാണ്. അവള്‍ക്ക് ഹൈളുകാരിയുടെ നിയമമല്ല ഉള്ളത്. നോമ്പും നിസ്‌കാരവും ഒഴിവാക്കരുത്. ബ്ലീഡിംഗ്, രോഗിണിയായ സ്ത്രീ, നോമ്പിനു ശ്രദ്ധിക്കേണ്ടകാര്യമുണ്ട്. തുറക്കപ്പെട്ട അവയവത്തിലൂടെ വല്ല തടിയും അകത്ത് പ്രവേശിച്ചാല്‍ നോമ്പ് മുറിയും. റമളാനിലെ പകലില്‍ ഇസ്തിഹാളത്തുകാരി ഓരോ വഖ്ത് നിസ്‌കാരത്തിനും യോനിയില്‍ പരുത്തിപോലുള്ളവ നിറക്കുകയും ഭദ്രമായി മൂടിക്കെട്ടുകയും ചെയ്യുമ്പോള്‍ വ്രതം മുറിയാന്‍ കാരണമാകും. യോനിതുറക്കപ്പെട്ട അവയവമാണ്. പഞ്ഞി നിറക്കുന്നത് കൊണ്ട് നോമ്പ് മുറിയുമെങ്കിലും നിസ്‌കാരം സ്വഹീഹ് ആകാന്‍ ഇത് ചെയ്യുകയും വേണം. അപ്പോള്‍ ഇസ്തിഹാളത്തുകാരി നോമ്പിന് മുന്‍ഗണന നല്കുക. നോമ്പ്മുറിയുന്നത് ഒഴിവാക്കാന്‍ യോനിയില്‍ പഞ്ഞിനിറക്കുന്നത് പകല്‍സമയത്ത് ഒഴിവാക്കുക. ഭദ്രമായി കെട്ടിനിസ്‌കരിക്കുക. കാരണം ബ്ലീഡിംഗ് എന്ന് സുഖപ്പെടുമെന്നറിയില്ല. ചിലപ്പോള്‍ പിറകെ അത് ഖളാഅ് വീട്ടാനുള്ള കാലം കിട്ടിക്കൊള്ളണമെന്നില്ല.

 SirajDaily
July 16, 2013