page

Tuesday, 10 April 2018

പോപ്പുലർ ഫ്രണ്ടും സുന്നികളും

തേജസും സുന്നീ പോപ്പുലർ ഫ്രണ്ടുകാരും:

"ഒരു കാര്യത്തിൽ സംശയമില്ല - അല്ലാഹുവും അവന്റെ പ്രവാചകനും ഉദ്ദേശിച്ച ഇസ്ലാമല്ല ഇന്നിങ്ങനെ വെള്ളക്കുപ്പായവും വെള്ളത്തുണിയും വെള്ളത്തലേക്കെട്ടൊക്കെ ആയിട്ട് നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നത് എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട. അവിടെ യഥാർത്ഥത്തിലുള്ള ഇസ്‌ലാമിനെ വെളിച്ചത്തേക്ക് കൊണ്ട് വരാൻ വളരെ വലിയ ശ്രമം ആവശ്യമാണ്..." ഹുസ്സൈൻ മടവൂരോ ഉമർ സുല്ലമിയോ അബ്ദുല്ലക്കോയ മദനിയോ എം ഐ അബ്ദുൽ അസീസോ ആരിഫലിയോ മുജാഹിദ് ബാലുശേരിയോ അക്കൂട്ടത്തിലെ ആരെങ്കിലുമോ ആണ് ഈ വാക്കുകളുടെ ഉടമയെന്ന് ധരിച്ചെങ്കിൽ തെറ്റി. സമുദായത്തിലെ ആഭ്യന്തരമായ തർക്ക കുതർക്കങ്ങൾക്കപ്പുറത്ത് മുസ്ലിംകളുടെ പൊതുനന്മക്ക് വേണ്ടി ഐക്യം സാധ്യമാക്കാൻ പക്ഷം ചേരാതെ നിലനിൽക്കുമെന്ന മോഹനവാഗ്ദാനം സമുദായ യുവത്വങ്ങൾക്ക് പകർന്നു നൽകി കടന്നു വന്ന പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സമിതി അംഗവും ബുദ്ധിജീവിയും തേജസ്സ് ദ്വൈവാരികയിലെ സ്ഥിരം എഴുത്തുകാരനുമായ എ.സയീദിന്റെ കഴിഞ്ഞ മാസത്തെ ഒരു പ്രസ്താവനയാണിത്.

കേരളത്തിൽ വഹ്ഹാബീ പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകിയ എടവണ്ണ അലവി മൗലവിയുടെ മകനും മതപ്രമാണങ്ങളെ യുക്തിയുടെ അളവുകോൽ വെച്ച് തൂക്കിനോക്കി തന്റെ യുക്തിയിൽ തെളിയുന്നത് സ്ഥാപിക്കാൻ ഇമാമുകളുടെ ഗ്രന്ഥങ്ങളുടെ വാലും തലയും മുറിച്ചും ഇടയിൽ കൂട്ടിച്ചേർത്തുമൊക്കെ തെളിവുണ്ടാക്കി കേരള മുജാഹിദ് പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ സമാനമായ പുസ്തകങ്ങൾ രചിച്ചു സ്വന്തം സംഘടനയിൽ പോലും കുപ്രസിദ്ധനായ ഈയടുത്ത് മരണപ്പെട്ട അബ്ദുസ്സലാം സുല്ലമിയുടെ നേർ സഹോദരനുമായ സയീദ് രക്തത്തിലലിഞ്ഞ പാരമ്പര്യ സുന്നീ വിരുദ്ധതയെ എന്നും വിളിച്ചു പറഞ്ഞിട്ടുണ്ട്. സുന്നീ ഉലമാ സമൂഹത്തെ പുരോഹിതന്മാർ, പിന്തിരിപ്പന്മാർ, സമുദായത്തെ കാലഗതി പ്രാപിച്ച കർമ്മശാസ്ത്രത്തിൽ മുരടിപ്പിച്ചവർ എന്നൊക്കെ മുദ്രയടിക്കാൻ ഒരിക്കലും ഒരു ജാള്യതയും തോന്നാത്ത വ്യക്തിയാണദ്ദേഹം. പോപ്പുലർ ഫ്രണ്ടിന് തത്വശാസ്ത്രം പണിയുന്ന ആരും ഇതിൽ കുറവല്ല. പ്രൊഫസ്സർ കോയ മുമ്പ് ഫെയ്‌സ്ബുക്കിൽ കുറിച്ച സമുദായത്തെ ബാധിക്കുന്ന വലിയ പ്രശ്നം 'പേരില്ലാത്ത ഉസ്താദുമാർ' എന്നതാണ്. സുന്നികൾ അവരിലെ ഉസ്താദുമാരെ ആദരിക്കുന്നതിൽ തന്റെ കെറുവ് അത്യാവശ്യം കുറയാത്ത തരം 'സംസ്കാര സമ്പന്നമായ ഭാഷ'യിലെ സുന്നീ ഭത്സനം തന്നെ എഴുതിപ്പിടിപ്പിച്ചു. ഇവരൊക്കെയാണ് പോപ്പുലർ ഫ്രണ്ട് എന്ന സംഘത്തിന്റെ സീനിയർ നേതാക്കളും തേജസ്സ് എന്ന പ്രസിദ്ധീകരണത്തിലെ പ്രധാന സൈദ്ധാന്തിക എഴുത്തുകാരും! എങ്ങനെയുണ്ടാകും കഥ!

തേജസ്സ് ദ്വൈവാരിക പോപ്പുലർ ഫ്രണ്ടിന്റെ പ്രഖ്യാപിത പത്രമാണ്. ഓരോ ആഴ്ചയിലേയും പുസ്തകം എടുത്തു നോക്കിയാൽ ഏതെങ്കിലും ഒരു ലേഖനത്തിൽ എങ്കിലും നിറയെ സുന്നീ വിരുദ്ധതയും വഹ്ഹാബീ മൗദൂദിയൻ ആശയ പ്രചാരണവും കൃത്യമായി ഒരജണ്ട കണക്കെ നടത്തി വരുന്നത് കാണാം. അതൊക്കെ യാദൃശ്ചികമായി സംഭവിക്കുന്നതാണ് എന്ന ന്യായങ്ങളാണ് സാധാരണ കേൾക്കാറുള്ളത്. കൗതുകകരമായി തോന്നിയത് ഇത് വായിക്കുന്ന, അവരുടെ അണികളിൽ മൃഗീയ ഭൂരിപക്ഷമുള്ള സുന്നീ വിശ്വാസികൾ ഒരാൾ പോലും അതിനെതിരെ ഒരു പ്രതികരണം പോലും എഴുതി അയക്കുന്നത് കാണാനേ കിട്ടാറില്ല എന്നതാണ്. 2018 ഫെബ്രുവരി മാസത്തെ രണ്ടു ലക്കങ്ങളിലും സുന്നിയായ, കർമ്മശാസ്ത്രത്തിൽ നാലിൽ ഒരു മദ്ഹബ് അംഗീകരിച്ചു ജീവിക്കുന്ന വിവേകമുള്ള ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഓക്കാനം വരാൻ മാത്രം ദുർഗന്ധം കുത്തിനിറച്ചൊരു ലേഖനം ശ്രദ്ധയിൽ പെട്ടു. 'സ്ത്രീ - ഖുർആൻ സ്വാതന്ത്രയാക്കി, പൗരോഹിത്യം തടവിലാക്കി' എന്ന പേരിലൊരു ലേഖനം!. നാല് മദ്ഹബിലായി, അതിന്റെ ചർച്ചകളിൽ അമൂല്യമായ സംഭാവനകൾ അർപ്പിച്ചു കൊണ്ട് കഴിഞ്ഞു പോയവരും ജീവിതം മുഴുക്കെ വൈജ്ഞാനിക പ്രസരണ സപര്യയിലായി കഴിഞ്ഞു കൂടുകയും ചെയ്ത ഉലമാ സമൂഹത്തെ  ഇത്രയും മ്ലേച്ഛമായ ഭാഷയിൽ അധിക്ഷേപിക്കുന്ന ഒരു കുറിപ്പ് സമീപകാലത്ത് വേറെ ഒന്ന് കണ്ടിട്ടില്ല.

ഇമാം അബൂഹനീഫ, മാലിക്ക്, ശാഫിഈ, അഹ്മദ് (റ - ഹും) മുതലായവരുടെ വഴിയിലുള്ള ഉലമാക്കളഖിലവും (ഇമാം ഗസ്സാലിയുടെ പേരെടുത്ത് തന്നെ പറയുന്നുണ്ട്) ഇസ്‌ലാമിലെ സ്ത്രീയെ ബന്ധനനസ്ഥയാക്കിയത് വഴി ഹവയെ ഇലാഹാക്കുന്ന ശിർക്കിലേക്ക് ചേർന്നുവെന്നു പറയുകയും പകരം ലേഖകന്റെ ദീനും വ്യാഖ്യാനവും വഴി ഹസൻ തുറാബിയും ഹാഷിം കമാലിയും റാഷിദ് ഗനൂശിയും ഫാത്തിമ മെർണീസിയും അസ്മ ബർലാസും സ്ത്രീ പക്ഷ ഇസ്‌ലാം മുന്നോട്ടു വെച്ച വിപ്ലവകാരികളായി മാറുകയും ചെയ്യുന്ന മനോഹര കാഴ്ച! ഇമാം ത്വബ്'രിയും മറ്റു ക്ലാസ്സിക്കൽ തഫ്സീർ കർത്താക്കളും സ്ത്രീ വിരുദ്ധവും ക്രൈസ്തവ സ്വാധീനമുള്ളതുമായ 'ആദിപാപസങ്കല്പം പോലുള്ള  ഇസ്രായീലിയ്യത്ത്' മതത്തിനുള്ളിലേക്ക് സ്വാംശീകരിച്ചവരായപ്പോൾ അവർക്ക് പകരം ഖുർആനിന്റെ യഥാർത്ഥ സ്ത്രീ പക്ഷ ഇസ്‌ലാമിക വ്യാഖ്യാനം മുന്നോട്ട് വെക്കുന്നവരായി കടന്നു വരുന്നത് സയ്യിദ് മൗദൂദിയും ഖറദാവിയുമൊക്കെയാണ്!. ബഹുഭാര്യത്വം, സ്ത്രീകളുടെ സാക്ഷിത്വം, വിവാഹ മോചനാവകാശം.. അങ്ങനെയങ്ങനെ തനിക്കും സമകാലിക സമൂഹത്തിനും യുക്തമായി തോന്നുന്നതെല്ലാം ആധുനികരും മതപരിഷ്കരണ വാദികളുമായ എഴുത്തുകാർ അവിടവിടെ കുറിച്ച് വെച്ചതിൽ നിന്നും അടർത്തിയെടുത്ത് മദ്ഹബുകൾക്ക് ബദലായി സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് മുഴുക്കെ കണ്ടത്!.

സ്ത്രീക്ക് വിവാഹമോചനം നടത്താൻ പ്രവാചകർ നൽകിയ അവകാശം മദ്ഹബുകൾ തട്ടിമാറ്റുകയായിരുന്നു, ആദമിന്റെ വാരിയെല്ലിൽ നിന്നും ഹവ്വയെ സൃഷ്ടിച്ചു, ആദിപതനത്തിനു ആദമിനെ ഹവ്വ പ്രേരിപ്പിച്ചു, പുരുഷന് വേണ്ടിയാണ് സ്ത്രീയെ സൃഷ്ടിക്കപ്പെട്ടത് എന്നിങ്ങനെയുള്ള, സ്ത്രീ വിരുദ്ധതയുടെ അടിസ്ഥാനമെന്ന് ടിയാൻ പറയുന്ന 3 മിത്തുകൾ(?) പുരോഹിത വർഗ്ഗം തഫ്സീറുകൾ, സീറ, ഫിഖ്ഹ് എന്നിവയിലൂടെ  സന്നിവേശിപ്പിച്ചു! ഇതൊക്കെ ആരോപണങ്ങളിൽ ചിലതാണ്. ചേകന്നൂരിയൻ വാദങ്ങളിൽ നിന്നും ചോർത്തിയെടുത്ത നീചമായ മറ്റൊരു ആരോപണം കൂടെ മുന്നിൽ വെക്കുന്നുണ്ട്, മഹാന്മാരായ താബിഈ പ്രമുഖരും പൂർവ്വ വേദങ്ങളിൽ കൂടെ പാണ്ഡിത്യമുള്ളവരുമായ കഅബുൽ അഹ്ബാർ(റ), വഹബ് ഇബ്നു മുനബ്ബിഹ്(റ) എന്നീ മഹാന്മാർ ഇസ്‌ലാമിന് വിരുദ്ധവും യഹൂദ കഥകളും ആണെന്ന് ലേഖകൻ പുലമ്പുന്ന ഉദ്ധരണികൾ കടത്തിക്കൂട്ടിയതാണത്രേ, വ്യംഗ്യമായി ഈ മഹാന്മാരെ കുഫ്‌റിലേക്ക് ചേർക്കുന്ന പാതകം! തുടക്കം മുതൽ ഒടുക്കം വരെ തന്റെ പിഴച്ച ആശയങ്ങളുടെ തെളിവെന്നോണം ഖുർആൻ ആയത്തുകളുടെ നമ്പറുകൾ കുത്തിനിറച്ചത് കണ്ടാൽ വായിക്കുന്നവർക്ക് തോന്നുക ഈ ഖുർആൻ 1400 കൊല്ലമായി ആരും കാണാതെ ലേഖകനിലേക്ക് പുതിയതായി ഇറങ്ങിയതാണ് എന്നാണ്! കൂടുതൽ ഉദ്ധരിക്കാനില്ല, സ്വയം വായിച്ചു നോക്കി അതിന്റെ ക്വാളിറ്റി ഉറപ്പുവരുത്തുക.

തേജസിൽ ഈ ലേഖനം വന്ന ശേഷമുള്ള രണ്ട് ലക്കങ്ങളിലും പ്രതികരണം വായിച്ചു നോക്കി, ആദ്യ ലക്കത്തിലെ കാളകൂട വിസർജ്ജ്യങ്ങൾ അപ്പടി സേവിച്ച് ആസ്വദിച്ച ഒരു വിദ്വാന്റെ ആത്മരതി കൊള്ളൽ പ്രതികരണമല്ലാതെ ഇതിനെ എതിർത്ത് കൊണ്ടോ വിയോജിച്ചു കൊണ്ടോ ഒരാൾ പോലും ഒന്നും എഴുതിയത് കണ്ടില്ല! സഹതാപം തോന്നുന്നത് യഥാർത്ഥത്തിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുകയും തേജസ്സിന് വരിചേർത്തു കൊടുക്കുകയുമൊക്കെ ചെയ്യുന്ന സുന്നീ വിശ്വാസികളായവരോടാണ്. 14 നൂറ്റാണ്ട് കാലം ഇസ്‌ലാമിക ലോകത്തെ ധന്യമാക്കിയ വൈജ്ഞാനിക മഹാവെളിച്ചങ്ങളെ മുഴുക്കെ ഖുർആനിനും തിരുസുന്നത്തിനും വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിച്ചവരും സ്വേച്ഛക്ക് അനുസരിച്ച് വിശുദ്ധ ഖുർആനിനെ വ്യാഖ്യാനിച്ചവരും പ്രവാചകാധ്യാപനങ്ങളെ വ്യഭിചാരിച്ചവരുമായ മഹാപാപികളായി ചിത്രീകരിക്കുന്ന ഇത്തരം ലേഖനങ്ങൾ പ്രചരിപ്പിക്കുന്നതിന് സഹായിയായാൽ നിങ്ങൾക്ക് അല്ലാഹുവിന്റെ മുമ്പിൽ എന്ത് മറുപടി ബോധിപ്പിക്കാൻ കഴിയും? നിങ്ങൾ ഇതൊന്നും അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞു കൈകഴുകാൻ കഴിയുമോ? നിങ്ങളുടെ ചിലവിൽ ഇത്തരം ബിദഈ ചിന്തകൾ വായിക്കുന്ന ജനതയുടെ മുമ്പിൽ ഇസ്‌ലാമിന്റെ ആശയമായി ചെന്ന് പതിക്കുന്നതിൽ നിങ്ങളുടെ പങ്കിനെ റബ്ബിന്റെ കോടതിയിൽ നിഷേധിക്കാൻ കഴിയുമോ?

പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്ന സുന്നികൾ സ്വന്തത്തോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. സുന്നത്ത് ജമാഅത്ത് ഹഖാണ് എന്നും നാല് മദ്ഹബിന്റെയും ഇമാമീങ്ങളായ ഉലമാക്കൾ പഠിപ്പിച്ചത് യഥാർത്ഥ ഇസ്‌ലാമാണ് എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു എങ്കിൽ ഇത്തരം നിഷേധികളുടെ മൂഢ ചിന്തകളും മതയുക്തിവാദങ്ങളും കുത്തിനിറച്ചു വിടുന്ന പ്രസിദ്ധീകരണത്തെ കയ്യൊഴിയാനും അതിനെതിരെ പ്രതികരിക്കാനുമുള്ള ബാധ്യത നിങ്ങൾക്കില്ലേ? സമുദായത്തിന് നേരെ നടക്കുന്ന അക്രമങ്ങളെയും അനീതികളെയും പ്രതിരോധിക്കാനെന്ന പേരിൽ ഒരുമിച്ചു കൂടിയ നിങ്ങൾക്ക് സമുദായത്തിന്റെ അടയാളങ്ങളായ മുൻകാല മഹത്തുക്കളുടെ മേൽ അഴിച്ചു വിടുന്ന വൃത്തികെട്ട അധിക്ഷേപങ്ങളെ പ്രതിരോധിക്കാൻ കടമയില്ലേ? ഇത്തരം കുബുദ്ധികൾക്കെതിരെ സത്യത്തിന്റെ പക്ഷത്ത് നിന്ന് പ്രതികരിക്കാൻ നിങ്ങളുടെ കൂട്ടത്തിൽ റഷീദായ ഒരു ആൺകുട്ടി പോലുമില്ലേ?

നൗഫൽ കല്ലാച്ചി - നുസ്രത്തുൽ അനാം മാസിക - പ്രതികരണം പംക്തി. മാർച്ച്‌ 2018
 Noufal Abu Zahid