page

Friday, 13 April 2018

ബറാഅത്ത് രാവ് തഫ്സീറുകൾ പറയട്ടെ

പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരില്‍ ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. അതുപോലെ ചില മാസങ്ങളെയും സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ദിനരാത്രങ്ങളെയും ശ്രേഷ്ഠമാക്കിയിരിക്കുന്നു. അല്ലാഹു പ്രത്യേകമായി മാനിച്ചവയെ ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കര്‍ത്തവ്യമത്രെ. അത്തരത്തില്‍പ്പെട്ട ഒരു പുണ്യരാവാണ് ബറാഅത്ത് രാവ് എന്നപേരില്‍ പരക്കെ അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ശഅബാന്‍ പതിനഞ്ചാം രാവ്. ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു.
ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെ യും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4).
ഇക്രിമ(റ) തുടങ്ങിയ ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം മേലുദ്ധരിച്ച ആയത്തില്‍പറഞ്ഞ ലൈലതുന്‍ മുബാറക കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത് രാവ് എന്നത്രെ.
ഇമാം മഹല്ലി(റ) തന്റെ തഫ്സീറില്‍ പറയുന്നതിങ്ങനെയാണ്: “അത് (ലൈലതുന്‍ മുബാറക) ലൈലതുല്‍ ഖദ്റ് ആണ്. അല്ലങ്കില്‍ ശഅബാന്‍ പതിനഞ്ചാം രാവാണ്”(തഫ്സീറുല്‍ ജലാലൈനി 2/238) തഫ്സീര്‍ ബൈളാവി, റൂഹുല്‍ബയാന്‍, അബുസ്സുഊദ്, ലുബാബുത്തഅ്വീല്‍, മദാരിക്കുത്തന്‍സീല്‍ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട ഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.
എന്നാല്‍ താബിഈങ്ങളില്‍പെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു ‘അബ്ബാസ്(റ), ‘അബ്ദുല്ലാഹിബ്നു ‘ഉമര്‍(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്റാഹീമുന്നഖ’ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്രിമ(റ) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
ഖുര്‍ആനിനെ സംബന്ധിച്ചു ഞാന്‍ പറയുന്നത് മുഴുവനും ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നും പഠിച്ചതാണ് (അല്‍ ഇത്ഖാന്‍ 2/189).
ആ നിലക്ക് രമളാനിലെ ലൈലതുല്‍ഖദ്റില്‍ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്റെ അവതരണം ആരംഭിച്ചു എന്നും ബറാഅത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം. അങ്ങനെയായാല്‍ ഇക്രിമ(റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുര്‍ആനിന് വിരുദ്ധണാവുകയില്ല. അനുഗ്രഹീത രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിന് ലൌഹില്‍ മഹ്ഫൂള്വില്‍ നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമമാക്കിയിട്ടുമുണ്ട്.
എന്നാല്‍ ലൈലതുന്‍ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുല്‍ഖ്വദ്ര്‍ ആണ് എന്ന് സമര്‍ഥിച്ചവരും ബറാഅത് രാവിന് പുണ്യം കല്‍പ്പിക്കുന്നവര്‍ തന്നെയാണ്. ഈ ആയത്തില്‍ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ. ഇമാം ഇബ്നുല്‍ ഹാജ്(റ) പറയുന്നത് കാണുക: “ആകയാല്‍ ഈ രാത്രി ലൈലതുല്‍ഖ്വദ്റ് അല്ലെങ്കില്‍ക്കൂടി അതിന് മഹത്തായ ശ്രേഷ്ഠതയും വണ്ണമായ നന്മയുമുണ്ട്. മുന്‍ഗാമികള്‍ ഈ രാത്രിയെ ആദരിക്കുകയും അതിനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു (അല്‍ മദ്ഖല്‍, പേജ് 146).
ഹദീസില്‍ വ്യക്തമാക്കിയപോലെ ശ’അബാന്‍ പതിനഞ്ചാം രാവില്‍ ഫര്‍ഖ്വ് (വേര്‍തിരിച്ചെഴുത്ത്) നടക്കുമെന്നതില്‍ സംശയത്തിനവകാശമില്ല (മിര്‍ഖ്വാത്, 2/176).
ബറകതാക്കപ്പെട്ട രാവ് എന്നാണല്ലോ ഈ രാവിനെക്കുറിച്ചു ആയത്തില്‍ പറയുന്നത്. അഭിവൃദ്ധി, വളര്‍ച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനര്‍ഥം. ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും പല ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. സംസം വെള്ളം ഈ രാത്രിയില്‍ വ്യക്തമാം വിധം വര്‍ധിക്കുമെന്ന് ചില തഫ്സീറുകളില്‍ കാണുന്നു. റസൂല്‍(സ്വ)ക്ക് ശഫാ’അത്തിനുള്ള അധികാരം പൂര്‍ണമായും ലഭിച്ചത് ഈ രാത്രിയിലാണത്രെ. അതായത് നബി(സ്വ) ശ’അബാന്‍ പതിമൂന്നാം രാവില്‍ അവിടുത്തെ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാ ര്‍ഥിച്ചു. ആ രാവില്‍ അവിടുത്തേക്ക് ശിപാര്‍ശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവില്‍ മൂന്നില്‍ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവില്‍ മുഴുവന്‍ ഉമ്മത്തിനും ശിപാര്‍ശ ചെയ്യാനുള്ള പൂര്‍ണാധികാരവും നല്‍കപ്പെട്ടു’ (തഫ്സീര്‍ റാസി 27/238, ഗറാഇബുല്‍ ഖ്വുര്‍ആന്‍ 25/65, കശ്ശാഫ് 3/86, റൂഹുല്‍ബയാന്‍ 8/404).
ഈ രാത്രിയില്‍ അനേകം പേര്‍ക്ക് പാപമോചനം നല്‍കപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്നെല്ലാം ലൈലതുല്‍മുബാറക എന്ന രാത്രിയെ വിശേഷിപ്പിച്ചതിലുള്ള ഔചിത്യം വ്യക്തമാണ്. ‘ആ രാത്രിയില്‍ പ്രധാനമായ എല്ലാ കാര്യങ്ങളും വിവരിച്ചെഴുതപ്പെടുന്നതാണ്’. പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും ഒരു വര്‍ഷത്തേക്കുള്ള സ്ഥിതിവിവരക്കണക്കുകള്‍ അന്ന് തയ്യാറാക്കുന്നുവെന്നര്‍ഥം.
റമള്വാനിലെ ലൈലതുല്‍ഖ്വദ്റില്‍ ആണല്ലോ ഒരു വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്നത് എന്ന സംശയം ഇവിടെ സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ഇതിന് വ്യക്തമായ മറുപടിയുണ്ട്. ലൈലതുല്‍ഖ്വദ്റില്‍ അതത് കാര്യങ്ങളെ അവ നിര്‍വഹിക്കുന്നതിന് ചുമതലപ്പെടുത്തിയ മലകുകളെ ഏല്‍പ്പിക്കല്‍ മാത്രമാണ് ചെയ്യുക. അവ വിശദമായി രേഖപ്പെടുത്തലാകട്ടെ ബറാഅത്ത് രാവിലും. രണ്ട് രാവുകളിലും തഖ്വ്ദീര്‍(വിധിനിര്‍ണയം) നടക്കുന്നു എന്ന വൈരുദ്ധ്യത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ സമുന്നതനായ ഇബ്നു’അബ്ബാസ്(റ) തുടങ്ങിയ പണ് ഢിതശ്രേഷ്ഠരുടെ വിശദീകരണമാണ് മുകളില്‍ പറഞ്ഞത്. ഇബ്നു’അബ്ബാസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു
“ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു കാര്യങ്ങള്‍ വിധിക്കുകും റമള്വാനിലെ ലൈലതുല്‍ഖ്വദ്റില്‍ അവ നിര്‍വഹണോദ്യാഗസ്ഥരായ മലകുകളെ ഏല്‍പ്പിക്കുകയും ചെയ്യുന്നു” (ജമല്‍ 4/189). തഫ്സീര്‍ ഖ്വുര്‍ത്വുബിയില്‍ പറയപ്പെട്ട മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്.
“എല്ലാ കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ലൌഹുല്‍ മഹ്ഫൂളില്‍ നിന്ന്, ലൈലതുല്‍ ബറാഅത്തിന്റെയന്ന് ആ കൊല്ലത്തില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളുടെ പകര്‍പ്പ് എടുക്കല്‍ ആരംഭിക്കുകയും ലൈലതുല്‍ഖ്വദ്റില്‍ പകര്‍ത്തിയെടുക്കല്‍ അവസാനിക്കുന്നതുമാണ്. അനന്തരം ആഹാരങ്ങള്‍ പ്രതിപാദിക്കപ്പെട്ട പകര്‍പ്പ്, മീകാഈല്‍(അ)നെയും ആപത്ത്, മരണം ആദിവയുടെ പകര്‍പ്പ് ‘അസ്റാഈല്‍(അ)നെയും അപ്രകാരം ഓരോ കാര്യങ്ങളും അതതിന് പ്രത്യേകം നിശ്ചയിക്കപ്പെട്ട മലകുകളെയും ഏല്‍പ്പിക്കുന്നതുമാണ്.