page

Sunday, 6 May 2018

ഇസ്തിഗാസയും ഉസൈമീന്റെ ഇബാദത്തും

കാലിക്കറ്റ് സർവകലാശാലയുടെ അഫ്.ളലുൽ ഉലമാ കോഴ്സിനുള്ള പാഠപുസ്തകമായി സഊദി അറേബ്യയിലെ സലഫീ പണ്ഡിതനും ആസ്ഥാന മുഫ്തിയുമായിരുന്ന മുഹമ്മദ് ബിൻ സാലിഹ് അൽ-ഉസൈമീന്റെ 'കിതാബുത്തൗഹീദ്' പാഠപുസ്തക സമിതിയുടെ ഒത്താശയോടെ പിൻവാതിലിലൂടെ രംഗപ്രവേശം ചെയ്യുകയും വിവാദമായപ്പോൾ മുൻവാതിലിലൂടെ പടിയിറങുകയും ചെയ്തിട്ട് അധികം ആയിട്ടില്ലല്ലോ

പിൻവലിക്കപ്പെടാൻ മാത്രം യോഗ്യത ഉള്ളതാണ് ഉള്ളടക്കം എന്നത് കൊണ്ട് തന്നെയാണല്ലോ വഹാബീ ചിന്താഗതിക്കാർക്ക് പോലും രണ്ടാമതൊന്നു ആലോചിക്കാതെ സ്വന്തം പാലം വലിക്കേണ്ടി വന്നത്. തൗഹീദിന്റെ പേരിൽ അണ്ഡകടാഹ മിസൈലുകളെ പോലും വെല്ലുവിളിക്കുന്ന "ഈമാൻ" ഊട്ടിയുറപ്പിച്ച പോരാളികൾ, പക്ഷെ, തങളുടെ ആശയധാരയുടെ ആണിക്കല്ലായ ഈ ഉട്ട്യോപ്യൻ തൗഹീദീ മാഗ്നാകാർട്ടയുടെ പിൻ.വാങൽ ഒഴിവാക്കാൻ വേണ്ടി വീറുറ്റ പ്രതിരോധവലയം തന്നെ സംഘടിപ്പിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും എല്ലാം വെറുതെയായി. അല്ലെങ്കിലും ആയുധശക്തിയും ധനസ്രോതസ്സുകളും വിലപോകാത്ത ഇടങളിൽ പിൻ.വാതിൽ പ്രബോധനം മാത്രമാണല്ലോ ഈ ഉട്ട്യോപ്യൻ തൗഹീദുകാരുടെ ഒരു രീതി. കേരളം തന്നെ ഒന്നാന്തരം സാക്ഷി.

എല്ലാ കാലത്തും പാഠപുസ്തകങൾ, വഖ്ഫ്, ഹജ്ജ് ആദിയായവ കൈകാര്യം ചെയ്യുന്ന ഗവണ്മെന്റ് ബോഡികളിൽ ശരിയായ പ്രാതിനിധ്യം വേണമെന്ന് ഒരു വിഭാഗം സുന്നികൾ നിരന്തരം ആവശ്യപ്പെടുന്നതിന്റെ ലക്ഷ്യം ഇത്തരം വഹാബിയൻ പൂഴിക്കടകന്മാരെ യഥാവിധി തടയുന്നതിനു തന്നെയാണ്. സുന്നികളായി അറിയപ്പെടുന്നവരുടെ പ്രാതിനിധ്യം അല്ല, മറിച്ച്, സുന്നീ താത്പര്യത്തെ കുറിച്ച് അവബോധമുള്ളവരുടെ പ്രാതിനിധ്യമാണ് ആവശ്യം. ഈ കുറിപ്പിന്റെ വിഷയം അതല്ലാത്തത് കൊണ്ട് അതിൽ ചുരുക്കുന്നു.

പിൻ.വലിക്കപ്പെടേണ്ടതും ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലെ വിദ്യാർഥികളുടെ മുന്നിൽ അവതരിപ്പിക്കപ്പെടാൻ യോഗ്യത ഇല്ലാത്തതും എന്ന് വഹാബിയൻ വക്താക്കൾ തന്നെ കരുതുന്ന പ്രസ്തുത കിതാബിൽ, പ്രശ്നവത്കരിക്കപ്പെടാൻ മാത്രം ഉള്ള എന്ത് സുന്നീ വിരുദ്ധതയാണ് രേഖപ്പെടുത്തപ്പെട്ടത് എന്നാണ് ചില ഒറ്റപ്പെട്ട ഓൺലൈൻ മസ്.ലഹത്ത് സുന്നികളുടെ ബാലിശമായ ചോദ്യം. കിതാബിൽ അവതരിപ്പിക്കപ്പെട്ട തൗഹീദ് പ്രകാരം ഈ ഭൂമിയിൽ ജീവിക്കാൻ തന്നെ അർഹതയില്ലാത്തവരാണ് ഈ ചോദ്യം ചോദിച്ച് സ്വന്തം ആരാച്ചാർക്ക് കയർ പിരിച്ചു കൊടുക്കുന്ന പണിയെടുക്കുന്നത് എന്നതാണ് കൗതുകകരം. കിതാബിലെ സുന്നീ വിരുദ്ധ ആശയങൾക്ക് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയ വരികളിലെ പരാമർശങളിൽ പിടിച്ചാണ് സംശയങൾ:

)))ولو فرض أن رجلا يقر إقرارا كاملا بتوحيد الربوبية والأسماء والصفاة لكن يذهب إلى القبر فيعبد صاحبه أو ينذر له قربانا يتقرب به إليه فإن هذا مشرك كافر مخلد في النار (((

"അപ്പോൾ ഒരാൾ നാമവിശേഷണങളിലെ തൗഹീദും റുബൂബിയ്യത്തിലെ തൗഹീദും (മുത്തലാഖ് പോലെ ഇവർക്ക് മുത്തൗഹീദ് ആണ്-അതിൽ രണ്ടെണ്ണമാണ് ഇവിടെ പറഞ്ഞത് :) ) സമ്പൂർണ്ണമായും അംഗീകരിക്കുന്നതോടൊപ്പം തന്നെ ഖബ്.റിടങളിലേക്ക് പോവുകയും ആ ഖബ്.റാളിയെ ആരാധിക്കുകയും ചെയ്യുകയോ അല്ലെങ്കിൽ തങളെ അടുപ്പിക്കാൻ വേണ്ടി ഖബ്.റാളിക്ക് നേർച്ച നേരുകയോ ചെയ്താൽ തീർച്ചയായും അയാൾ ബഹുദൈവ വിശ്വാസിയും കാഫിറും നരകത്തിലെ ശാശ്വതവാസിയും ആണ്." ഇതാണ് പ്രസ്തുത കിതാബിൽ നിന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ഒരു വിവാദ ഉദ്ധരണി. ഇതിൽ എവിടെയാണ് സുന്നത്ത് ജമാഅത്തിനു വിരുദ്ധമായി ഉള്ളത് എന്നാണ് പലർക്കും അറിയേണ്ടത്.

'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ' എന്നത് അത്ര ചീത്ത തിയറിയൊന്നും അല്ല. കീചകനെ കൊന്നത് ഭീമൻ തന്നെയായിരുന്നു. വഹാബികൾ തൗഹീദിനെയും ഖബ്റാരാധനയെയും പറ്റി എഴുതിയാൽ അവർ ഉദ്ദേശിക്കുന്നത് ആമസോൺ കാടുകളിലെ തുണിയുടുക്കാത്ത പാവം ആദിവാസികളെയൊന്നുമല്ല എന്നു സാമാന്യബുദ്ധിക്ക് മണ്ഡരി ബാധിക്കാത്ത ആർക്കും ബോധ്യമാവും. ഇസ്.ലാമിക ദൃഷ്ട്യാ ബഹുദൈവവിശ്വാസികളായ അന്യമതസ്തർക്ക് ആവട്ടെ അവരുടെ ആചാര്യന്മാരുടെ ഖബ്.റിടങൾ സന്ദർശിക്കലോ അവിടെ ആരാധനകൾ അർപ്പിക്കലോ ഇല്ല. അതിന്റെ പേരിലുമല്ല നാം അവരെ ബഹുദൈവവിശ്വാസികളായി കണക്കാക്കുന്നത്. അപ്പോൾ വിവാദ കിതാബിൽ പറയപ്പെട്ട കൂട്ടർ ഒന്നാന്തരം തൗഹീദ് ഉള്ള മുസ്.ലിംകൾ തന്നെയാണ്. മൂന്നിൽ രണ്ട് തൗഹീദും അംഗീകരിച്ചവർ എന്ന ഗ്രന്ഥകർത്താവിന്റെ വിശേഷണം അതിനെ ഒന്നു കൂടി ഉറപ്പിക്കുന്നു. അഥവാ സാക്ഷാൽ സുന്നികൾ തന്നെ.

റാഫിളുകളായ ഷിയാക്കളെ ഉദ്ദേശിച്ചായിക്കൂടെ എന്നത് ഒരു ന്യായമായ സംശയമായി തോന്നാം. കുഴപ്പമില്ല. ഷിയാക്കൾക്ക് ഖബ്.റിടങളിൽ ധാരാളം അത്യാചാരങളും അതിക്രമങളും ബിദ്.അത്തുകളും ഉണ്ട്. അതെല്ലാം മതത്തിൽ തനി നിഷിദ്ധമായ തോന്നിവാസങൾ മാത്രമാണ്. പക്ഷെ, യഥാർത്ഥ ഇസ്.ലാമിക പ്രമാണങൾ അതിന്റെ മാത്രം അടിസ്ഥാനത്തിൽ അവരെ കാഫിറായി പ്രഖ്യാപിക്കുവാൻ അനുവദിക്കുന്നില്ല. ഒരു ഇമാമും അങനെ പറഞ്ഞിട്ടുമില്ല.

ഖതാബിയ്യ, മൻസൂരിയ്യ തുടങി റാഫിളുകളായ ഷിയാക്കളിൽ പലരെയും ഇമാമുമാർ കാഫിറായി വിധിച്ചിട്ടുണ്ട്. അത് പക്ഷെ, തങളുടെ നേതാക്കൾക്ക് ഇമാമത്തും ഇലാഹിയ്യത്തും ഒരുമിച്ചു വാദിച്ചതിന്റെ പേരിലും മറ്റു വിശ്വാസവൈകല്യങളുടെ പേരിലും ആണ്. ഉസൈമീൻ എഴുതിയ കാരണങൾ കൊണ്ടല്ല. അഥവാ ഇമാമുമാർക്ക് ഇലാഹിയ്യത്ത് വിശ്വസിച്ചതോടു കൂടി ഷിയാക്കളിൽ ചില വിഭാഗങൾ മുശ്.രിക്കുകളും കാഫിറുകളും ആയി. എന്നാൽ അവർ എല്ലാവരും ദീനിൽ നിന്ന് പുറത്തല്ല. ഖബ്.റിടങളിൽ അവർ ചെയ്തു കൂട്ടുന്നത് ഏത് വിശ്വാസത്തിന്റെ പുറത്താണെന്ന് ഖണ്ഡിതമായി അറിയാത്തിടത്തോളം കാലം ആ പേരിൽ അവരെ കാഫിറാക്കാൻ നിർവാഹമില്ലെന്നർഥം.

അപ്പോൾ സുന്നികൾക്ക് പുറമേ ഷിയാക്കൾ കൂടി ഉസൈമീന്റെ വിധിയുടെ പരിധിയിൽ വരും എന്നേ പറയാവൂ. എന്നാലും സുന്നികൾ ഒഴിവാകുന്നില്ല. നമുക്ക് സുന്നികളുടെ കാര്യം മാത്രം പറയാം.  അതു മാത്രമാണ് നമ്മുടെ പ്രശ്നവും.

വാസ്തവത്തിൽ കിതാബുത്തൗഹീദ് ഉസൈമീന്റെ കൃതിയല്ല. വഹാബിസത്തിന്റെ സ്ഥാപകനായ ഇബ്നു അബ്ദിൽ വഹാബിന്റെ കൃതിയാണ്. പ്രസ്തുത കൃതിക്ക് വ്യാഖ്യാനം എഴുതുകയാണ് ഉസൈമീൻ ചെയ്തത്. വിവാദ പുസ്തകം ആ വ്യാഖ്യാനത്തിന്റെ ഒരു സംഗ്രഹം മാത്രമാണ്. ഇബ്നു അബ്ദിൽ വഹാബിന്റെ കിതാബുത്തൗഹീദ് ആകട്ടെ, ഹിജ്.റ എട്ടാം നൂറ്റാണ്ടുകാരനായ ഇബ്നു തൈമിയ്യയുടെ വിഷലിപ്ത ആശയങളുടെ പിൽക്കാല പതിപ്പ് ആണെന്ന് മാത്രം. മാളത്തിൽ ഇതിലും വലുത് വേറെ ഉണ്ട് എന്നർഥം. തത്ക്കാലം ഒരു സാമ്പിൾ ആവാം:

)))ومن إعتقد ان في النذر للقبور نفعا أو أجرا فهو ضال جاهل .... وأن من يعتقد أنها باب الحوائج إلى الله تعالى وأنها تكشف الضر وتفتح الرزق وتحفظ العمر فهو كافر مشرك يجب قتله (مجموعة الرسائل)(((

“ഖബ്.റുകൾക്ക് നേർച്ച നേരുന്നത് മുഖേന ഫലമോ പ്രതിഫലമോ കൈവരുമെന്ന് വിശ്വസിച്ചവൻ വിഡ്ഡിയും വഴിപിഴച്ചവനും ആണ്. അത് അല്ലാഹുവിലേക്ക് ആവശ്യങൾ സമർപ്പിക്കാനുള്ള കവാടം ആണെന്നും തന്മൂലം ബുദ്ധിമുട്ടുകൾ ഒഴിവാകുമെന്നും ഭൗതിക സൗകര്യങൾ കരസ്ഥമാകുമെന്നും ആയുസ്സ് സംരക്ഷിക്കപ്പെടുമെന്നും വിശ്വസിച്ചവൻ തീർച്ചയായും കൊല്ലൽ നിർബന്ധമായ കാഫിറും മുശ്.രിക്കും ആകുന്നു” (മജ്മൂഅ റസാഇൽ - ഇബ്നു തീമിയ്യ)

സുന്നികൾ മഹാന്മാരുടെ ഖബ്.റിടങൾ സന്ദർശിക്കുന്നത് ആ മഹാന്മാരുടെ ബറകത്ത് ഉദ്ദേശിച്ചും അവരെ ഇടയാളരാക്കി അല്ലാഹുവിനോട് ദുആ ചെയ്യുന്നതിനും പുറമേ അവരോട് നേരിട്ട് സഹായം തേടുന്നതിനും അഥവാ ഇസ്തിഘാസക്കും വേണ്ടിയാണല്ലോ? എന്നാൽ ഉസൈമീൻ എഴുതിയത് ഖബ്.റാളിയെ ആരാധിക്കുന്നവരെ കുറിച്ചാണല്ലോ? സുന്നികൾ ആണെങ്കിൽ അവരെ ആരാധിക്കുന്നുമില്ല. അപ്പോൾ പിന്നെ ഇതിന്റെ പേരിൽ സുന്നികൾ എന്തിനു പ്രശ്നമുണ്ടാക്കണം? ഇതാണ് ചില ശുദ്ധമനസ്കരുടെ സംശയം. എന്നാൽ ശുദ്ധത കൂടിപ്പോയത് കൊണ്ട് തന്നെ, വഹാബികൾ ആടിനെ പേപ്പട്ടി എന്നേ വിളിക്കൂ എന്ന വസ്തുത അവർ സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു. ആ വരികൾ സുന്നികളെ ഉദ്ദേശിച്ചാണെന്ന വസ്തുത ഒരു വഹാബിയും നിഷേധിക്കില്ല. ഖബ്.റിങ്കൽ പോയി ബറകത്ത് തേടലും തവസ്സുലും ഇസ്തിഘാസയും എല്ലാം വഹാബി പറ്റു പുസ്തകത്തിൽ ശിർക്കിന്റെ കോളത്തിൽ കരിക്കട്ട കൊണ്ട് എഴുതിയ ഇബാദത്തിന്റെ ഐറ്റങളിൽ പെട്ടതാണ് എന്നറിയാത്ത ഒരു സുന്നിയും ഉണ്ടാവില്ല, വഹാബിയും ഉണ്ടാവില്ല. നമ്മുടെ കഥാനായകൻ ഉസൈമീൻ ആവട്ടെ, ഒരു വളച്ചു കെട്ടും ഇല്ലാതെ തന്നെ, തന്റെ കൃതികളിൽ ഈ വാദം ഈമാനുള്ള ആരെയും ഞെട്ടിക്കുന്ന വിധത്തിൽ തന്നെ വരണ്ട അക്ഷരങളിൽ കോറിയിട്ടിട്ടുണ്ട്.

ഇമാം നവവി(റ)യുടെ 'അർബഊൻ' എന്ന ലഘു ഹദീസ് സമാഹാര കൃതിക്ക് ഇദ്ദേഹം എഴുതിയ വിശദീകരണത്തിൽ പറയുന്നു. ശഹാദത്ത് കലിമയിലെ രണ്ടാം ഭാഗം, അഥവാ റസൂലുല്ലാഹിയിലുള്ള വിശ്വാസം ആണ് വിവരിക്കുന്നത്:

)))السابع : أن نعتقد بأن النبي صلى الله عليه وسلم ليس له شيء من الربوبية أي أنه لا يدعى ولا يستغاث به إلا في حياة فيما يقدر عليه فهو عبدالله ورسوله قال تعالى (قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّـهُ ۚ) الأعراف 188 – وبهذا نعرف ضلال من يدعون رسول الله صلى الله عليه وسلم وأنهم ضالون في دينهم سفهاء في عقولهم إذ إن النبي صلى الله عليه وسلم لا يملك لنفسه نفعا ولا ضرا فكيف يملك لغيره ؟ ولهذا أمره الله أن يقول (قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿٢١﴾ قُلْ إِنِّي لَن يُجِيرَنِي مِنَ اللَّـهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٢﴾ الجن) أي أنه هو عليه الصلاة والسلام لو أراد الله به ما يريد ما إستطاع أحد من الناس أن يمنع إرادة الله فيه .

إذا كان كذلك فمن الضلال البين ان يستغيث أحد برسول الله صلى الله عليه وسلم بل هذا من الشرك فلو جاء إنسان مهموم مغموم إلى قبر النبي صلى الله عليه وسلم وقال : يا رسول الله أغثني فإني مهموم مغموم فيكون هذا مشركا شركا أكبر لأنه دعا رسول الله صلى الله عليه وسلم ودعوة الميت أن يغيثك أو يعينك شرك لأنه غير قادر فهو جسد وإن كانت الروح تصل بالجسد في القبر لكن هو جسد وهذا لا ينافي أن يكون حيا في قبره حياة برزخية لا تشبه حياة الدنيا . (شرح الأربعين النووية – محمد بن صالح العثيمين)(((

“ഏഴ്: നബി(സ)ക്ക് റുബൂബിയ്യത്തിന്റെ ഒരു അംശവും ഇല്ലെന്ന് നാം വിശ്വസിക്കലാണ്. അഥവാ ജീവിതകാലത്ത് തന്റെ കഴിവിൽ പെട്ട കാര്യങളിൽ ഒഴികെ ആ നബി പ്രാർഥിക്കപ്പെടുകയോ ആ നബി മുഖേന സഹായം തേടപ്പെടുകയോ (ഇസ്തിഘാസ) ഇല്ല. അവർ അല്ലാഹുവിന്റെ അടിമയും ദൂതരും ആകുന്നു. അല്ലാഹു തആലാ പറയുന്നു: “(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ.” (അൽ അഅറാഫ്–188). അതു കൊണ്ടാണ് അല്ലാഹുവിന്റെ റസൂൽ(സ)യോട് ദുആ ചെയ്യുന്നവർ പിഴവിലാണെന്ന് നാം മനസ്സിലാക്കുന്നത്. അക്കൂട്ടർ അവരുടെ ദീനിൽ വഴി പിഴച്ചവരും ബുദ്ധിനശിച്ചവരും ആകുന്നു. കാരണം നബി(സ) തന്നെ സ്വന്തത്തിൽ ഒരു ഉപകാരവും ഉപദ്രവവും വരുത്തുന്നില്ല. പിന്നെ എങനെ മറ്റുള്ളവർക്ക് വരുത്തും? അതു കൊണ്ടാണ് അല്ലാഹു തആലാ നബിയോട് ഇങനെ പറയാൻ കല്പിച്ചത്: “പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല. പറയുക: അല്ലാഹുവി (ന്‍റെ ശിക്ഷയി) ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല. (ജിന്ന് 21-22). അഥവാ, അല്ലാഹു തആലാ നബി(സ)യുടെ കാര്യത്തിൽ എന്തെങ്കിലും കാര്യം ഉദ്ദേശിച്ചാൽ ജനങളിൽ ആർക്കും തന്നെ അല്ലാഹു ഉദ്ദേശിച്ചത് തടയാൻ കഴിയില്ല”.

“കാര്യം അപ്രകാരം ആയ സ്ഥിതിക്ക്; അല്ലാഹുവിന്റെ റസൂൽ(സ)യോട് ഇസ്തിഘാസ ചെയ്യുക എന്നത് വ്യക്തമായ പിഴവ് ആണെന്ന് മാത്രമല്ല, ശിർക്കിൽ പെട്ടതും ആകുന്നു. അപ്പോൾ ദു:ഖിതനും നിരാശനുമായ ഒരു വ്യക്തി നബി(സ)യുടെ ഖബ്.റിടത്തിലേക്ക് ചെന്ന്, 'അല്ലാഹുവിന്റെ റസൂലേ, എന്നെ സഹായിക്കൂ; ഞാൻ ദു:ഖിതനും നിരാശനുമാണ്' എന്ന് പറഞ്ഞാൽ, അയാൾ വലിയ ശിർക്ക് അനുവർത്തിച്ച മുശ്.രിക്ക് ആയി. കാരണം അയാൾ അല്ലാഹുവിന്റെ റസൂലിനോട്(സ) പ്രാർഥിച്ചിരിക്കുന്നു. മയ്യിത്തിനോട് സഹായം തേടി പ്രാർഥിക്കൽ ശിർക്ക് ആണ്. കാരണം മയ്യിത്ത് കഴിവില്ലാത്ത ഒരു ശരീരം മാത്രമാണ്. ഇനി ആത്മാവ് ഖബ്.റിലെ ശരീരത്തിനോട് ചേർന്നാലും അത് ശരീരം മാത്രമാണ്. ദുൻ.യാവിലെ ജീവിതത്തിനോട് തുല്യമല്ലാത്ത ബർസഖീ ജീവിതം ഖബ്റിൽ അവർക്ക് ഉണ്ട് എന്നതിനു ഈ പറഞ്ഞത് എതിരല്ല." (ശറഹുൽ അർബഈന ന്നവവിയ്യ - മുഹമ്മദ് ബിൻ സാലിഹ് അൽ-ഉസൈമീൻ)

നോക്കൂ! എത്ര ധിക്കാരത്തോടെയാണ് ഇദ്ദേഹം അല്ലാഹുവിന്റെ റസൂൽ(സ) മയ്യിത്ത് ആണെന്ന് പറഞ്ഞത്?! അല്ലാഹുവിൽ അഭയം... വഹാബിസം എന്ന ബിദ്.അത്ത് തലക്ക് പിടിച്ചാൽ പിന്നെ എന്ത് അദബ്? എന്ത് താഴ്‌മ? അപ്പോൾ ഇനി കാര്യം തീരുമാനമാകാൻ എന്തിരിക്കുന്നു? ഉസൈമീനെ സംബന്ധിച്ചിടത്തോളം നബിയോടുള്ള ഇസ്തിഘാസ നബിക്കുള്ള ഇബാദത്ത് തന്നെയാണ്. അഥവാ ഇസ്തിഘാസ ചെയ്യുന്നവരെ കുറിച്ച് തന്നെയാണ് വിവാദ പുസ്തകത്തിൽ ഖബ്‌റാളിയെ ആരാധിക്കുന്നവർ എന്ന് പരാമർശിച്ചത്. ഇനിയും ഇത് തങ്ങളെ കുറിച്ചല്ല എന്ന് സമാധാനിക്കുന്ന സുന്നികൾ ഉണ്ടെങ്കിൽ അവർക്ക് സലാം.

ഉസൈമീന്റെ ഈ വിചിത്ര വാദപ്രകാരം ആദ്യം മുഷ്.രിക്ക് ആകുന്നത്, അദ്ദേഹം ആരുടെ കിതാബിന്റെ ശറഹ് ആണോ എഴുതിയത് അതെ ഇമാം, അഥവാ ഇമാം നവവി(റ) തന്നെയായിരിക്കും എന്നത് വഹാബിസത്തിന്റെ സ്വന്തമായ വിരോധാഭാസങ്ങളിൽ ഒന്ന് മാത്രം. കാരണം അല്ലാഹുവിന്റെ റസൂലിന്റെ(റ) ഖബ്ർ ശരീഫിൽ പോയി അവിടുത്തോടു ശഫാഅത്ത് തേടണം എന്ന് ഈ ഉമ്മത്തിനെ പഠിപ്പിച്ച ഇമാമാണ് ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം നവവി(റ). അല്ല, ഉസൈമീന്റെ മതപ്രകാരം, ഇമാം നവവിക്കും മുമ്പ് മുശ്‌രിക്ക് ആകുന്ന ഒരു സ്വഹാബി ഉണ്ട്. ഉഖ്ബത്ത് ബിൻ ആമിർ(റ). നബി(സ)യെ ബൈഅത്ത് ചെയ്ത സ്വഹാബി, അസ്.ഹാബുസ്സുഫ്ഫയിലെ അംഗം. മുസ്‌ലിം സൈന്യം ദമസ്കസ് കീഴടക്കിയ വിവരം ഉമർ(റ)നെ അറിയിക്കുവാൻ  യാത്ര തിരിച്ച അദ്ദേഹത്തിന് ഏഴു ദിവസം വേണ്ടി വന്നു മദീനയിൽ എത്താൻ. എന്നാൽ തിരിച്ചു ശാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ് റസൂൽ(സ)യുടെ ഖബ്ർ ശരീഫ് സന്ദർശിക്കുകയും ദുആ ചെയ്യുകയും അവിടുത്തെ ശഫാഅത്ത് തേടുകയും ചെയ്തതിന്റെ ഫലമായി രണ്ടു ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തി. ഇമാം നവവി(റ) തഹ്ദീബുൽ അസ്മാഇ വല്ലുഘാതിൽ രേഖപ്പെടുത്തുന്നു.

വെറുതെയല്ല, ഇമാം നവവി(റ) അല്ലാഹുവിലുള്ള വിശ്വാസത്തിൽ ഉറച്ചിട്ടില്ല എന്നും അദ്ദേഹത്തിന് അഖീദയിൽ ബിദ്അത്ത് സംഭവിച്ചിട്ടുണ്ട് എന്നുമൊക്കെ ഇതേ ഉസൈമീൻ അവർകൾ തന്നെ ഒരു മനഃസാക്ഷിക്കുത്തും ഇല്ലാതെ എഴുതിക്കളഞ്ഞത്. അതും ഇമാം നവവി(റ)യുടെ തന്നെ രിയാളു സ്സ്വാലിഹീൻറെ ശറഹിൽ. നഊദു ബില്ലാഹ്... ഇവർക്ക് എല്ലാം തികഞ്ഞവർ ഇവർ മാത്രമേ ഉള്ളൂ. ഇമാം നവവി(റ)യും ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി(റ)യും അശ്അരീ സരണി അംഗീകരിക്കുന്നവർ ആയത് കൊണ്ട് അവർ പിഴച്ച വിശ്വാസക്കാർ ആണെന്നും ഫത്ഹുൽ ബാരിയും ശറഹ് മുസ്‌ലിമും ചുട്ടു കരിക്കണമെന്നും ചില തീവ്ര സലഫികൾ കാമ്പയിൻ നടത്തിയപ്പോൾ അതിനോട് ഇദ്ദേഹം നടത്തിയ പ്രതികരണത്തിലാണ് ഈ ഉമ്മത്തിന്‌ ലോക പ്രശസ്ത ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങൾ സമർപ്പിച്ച അതുല്യരായ ആ രണ്ടു മുഹദ്ദിസുകളെയും ഇദ്ദേഹം നിരൂപണം ചെയ്തു സർട്ടിഫിക്കറ്റു നൽകിയത്.

അപ്പോൾ ഇമാമുമാർക്കൊന്നും മനസ്സിലാകാത്ത അഖീദയും ശിർക്കും തലയിലേറ്റിയിട്ടാണ് ഇവർ അവരുടെ കിതാബുകൾക്ക് വിശദീകരണങ്ങൾ എഴുതുന്നത്! വഹാബിസം തന്നെ ഒരു കഥയില്ലായ്മയാണ്. കഥയിൽ തന്നെ ചോദ്യം ഇല്ലെങ്കിൽ പിന്നെ കഥയില്ലായ്മയിൽ ആണോ ചോദ്യം?