page

Tuesday, 6 November 2018

നബി ദിനത്തിന്റെ ആധികാരികതയും ആവശ്യകതയും

1 . എന്താണ് നബിദിനം?
ഉ: മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ഥം ഇപ്രകാരം: ആളുകള്‍ ഒരുമിച്ച് കൂടുകയും ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങള്‍ അനുസ്മരിക്കുക. ധനധര്മങ്ങള്‍ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “മൌലിദ്” എന്ന് പറയുന്നു. (അല്‍ഹാവി 1/252)
ആധുനിക കാലഘട്ടത്തില്‍ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങള്‍, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുക, നബി(സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിടുകള്‍ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് നല്ല ഭക്ഷണവും കാശും നല്‍കുക തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
 2. പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്പ്പിക്കുന്നതിനു സദസ്സുകള്‍ സങ്കടിപ്പിക്കുന്നതിനു ഇസ്ലാമില്‍ അനുവാദമുണ്ടോ?
ഉ: അതെ, ഇത്തരം സദസ്സുകള്‍ സങ്കടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത്‌ മനോബലം നല്‍കാനും വിശ്വാസ ദാര്ഡത വരുത്താനും കാരണമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു: ” തങ്ങളുടെ ഹ്രദയത്തിനു സ്ഥിരത നല്‍കുന്നതിനു പ്രവാചകന്മാരുടെ വിര്ത്താന്തങ്ങള്‍ നാം തങ്ങള്‍ക്കു കഥയായി പറഞ്ഞു തരുന്നു” (ഹൂദ്‌:120)
പ്രവാചകന്മാരുടെ ചരിത്ര കഥകള്‍ ഖുരാനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി(സ)യുടെ മനസ്സിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോള്‍ നബി(സ)യുടെ ചരിത്ര കഥകള്‍ കേള്പ്പിക്കല്‍ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീര്‍ച്ചയാണല്ലോ.
3- പ്രവാചകന്മാര്‍ ജനിച്ച ദിവസത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ? ജന്മത്തിനല്ലല്ലോ പ്രാധാന്യം, കര്മത്തിനല്ലേ?
ഉ: കര്‍മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കര്‍മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങള്‍ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്ബെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ച് നബി(സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).
വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിര്‍മുദി, മുവത്വ) ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നല്കപ്പെട്ടുവെന്നു വിശുദ്ധ ഖുര്‍ആന്‍ (മര്‍യം: 33) വ്യക്തമാക്കുന്നു.
4- നബി (സ)യുടെ ആഗമനത്തില്‍ നാം സന്തോഷം പ്രകടിപ്പിക്കേണ്ടതുണ്ടോ?
ഉ: അതെ, വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നബിയെ പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (യുനസ്:58) അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ നബി(സ)യാണെന്ന് സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു.
ഖുര്‍ആന്‍ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ്‌(റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ മുഹമ്മദ്‌ നബി(സ) ആകുന്നു. (തഫ്സീര്‍ ദുര്രില്‍ മന്‍സൂര്‍ 7/668 )
5- നബി(സ)യുടെ ജനനത്തില്‍ സന്തോഷം രേഖപ്പെടുത്താന്‍ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്?
ഉ: ബദര്‍ ദിനം അനുസ്മരിക്കുന്നത്‌ ബദര്‍ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത്‌ ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങള്‍ ലോകമെമ്പാടും അനുസ്മരിക്കുന്നത്‌ ആ സംഭവങ്ങള്‍ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തില്‍ അനുസ്മരിക്കുന്നത്‌ മനുഷ്യ മനസ്സുകളില്‍ കൂടുതല്‍ സ്വാദീനം ചെലുത്താന്‍ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സല്‍കര്‍മങ്ങള്‍ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തനമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉല്‍ അവ്വല്‍ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്.
6- നബി(സ) തങ്ങളുമായി ബന്ധപ്പെട്ടു സന്തോഷം പ്രകടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തതിനു തെളിവുണ്ടോ?
ഉ: അതെ, നബി(സ) മക്കയില്‍ നിന്ന് പാലായനം ചെയ്ത് മദീനയില്‍ വന്നപ്പോള്‍ മദീന നിവാസികളായ സ്വഹാബികള്‍ ആഘോഷ പൂര്‍വമാണ് നബി(സ) തങ്ങളെ വരവെട്ടതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അനസ്(റ)വില്‍ നിന്നും നിവേദനം. നബി(സ) മദീനയില്‍ വന്നപ്പോള്‍ തങ്ങളുടെ ആഗമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാര്‍ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)
7- ഇസ്ലാമില്‍ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ?
ഉ: പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല്‍ ബാരി 2/443).
8- നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കര്മങ്ങളല്ലേ?
ഉ: അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കര്‍മങ്ങള്‍ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീര്‍ ഉണ്ട്, മറ്റു പ്രത്യേക ആരാധന കര്‍മങ്ങള്‍ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കര്മങ്ങളില്ല.
9- നബി(സ) ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചതിനാല്‍ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുവെന്ന്‍ പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര്‍ പറയുന്നു?
ഉ: ആ പറയുന്നത് ശരിയല്ല. സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നുണ്ട്.
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില്‍ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്‌(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്‌(റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല്‍ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല്‍ ബാരി 9/145)
10- നബി(സ) ജനിച്ച മാസത്തില്‍ പ്രത്യേക പരിപാടികള്‍ നടത്തുന്ന പതിവ് നബി(സ)യുടെയോ സ്വഹാബത്തിന്റെയോ കാലത്ത്തില്ലെന്നു പറയുന്നുണ്ടല്ലോ, അപ്പോള്‍ അത് ബിദ്അത്തല്ലേ?
ഉ: ഇസ്ലാം നിയമമാക്കിയ കാര്യങ്ങള്‍ പ്രാവര്ത്തികമാക്കാന്‍ പ്രത്യേക സമയവും രൂപവും നിര്‍ണ്ണയിച്ചു തന്നിട്ടില്ലെങ്കില്‍ അതിനു പ്രത്യേക സമയവും രൂപവും നിര്‍ണ്ണയിക്കുന്നതിനു ഇസ്ലാമില്‍ യാഹ്ടൊരു വിലക്കുമില്ല. ഖുര്‍ആന്‍, സുന്നത്ത് , അസാര്‍, ഇജ്മാഅ എന്നിവയ്ക്ക് എതിരായ വിധം പുതിയ കാര്യങ്ങള്‍ നിര്മിച്ചുണ്ടാക്കുന്നതിനു മാത്രമേ ശറഇന്‍റെ ദ്രിഷ്ടിയില്‍ ബിദ്അത്ത് (അനാചാരം) എന്ന് പറയൂ. (ഫത്ഹുല്‍ ബാരി 13/253).
11- ഇപ്രകാരം എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പ്രവാചകന്‍(സ)ക്ക് ശേഷം സ്വഹാബത്തോ മറ്റോ ചെയ്തതായി പറയാന്‍ കഴിയുമോ?
ഉ: ഖുര്‍ ആന്‍ ക്രോഡീകരണം നബി(സ) നടത്തിയിട്ടില്ല. നബി(സ) തങ്ങള്‍ അതിനു കല്പന നല്‍കിയിട്ടുമില്ല. തങ്ങള്‍ മൌനാനുവാദം നല്‍കിയിട്ടുമില്ല. ഖുര്‍ആന്‍ മുസ്ഹഫ് രൂപത്തില്‍ ക്രോഡീകരിച്ചത് ഒരു പുതിയ കാര്യമാണ്.
12- ഖുര്‍ ആന്‍ ക്രോഡീകരണം സ്വഹാബത്ത് ചെയ്ത പുതിയ കാര്യമാണ്. പില്‍ക്കാലത്ത് നബി(സ) ചെയ്ത് മാത്രക കാണിച്ചു തരാത്ത എന്തെങ്കിലും പുതിയ നല്ല സംവിധാനങ്ങള്‍ നാം ചെയ്യുന്നുണ്ടോ?
ഉ: ഉണ്ട്. ഇസ്ലാമിക പ്രബോധനാര്‍ത്ഥം നിശ്ചിത വര്‍ഷം കൂടുമ്പോള്‍ സംസ്ഥാന സമ്മേളനം കേരളത്തിലെ എല്ലാ മത സംഘടനകളും നടത്തി വരുന്നു. ഇതില്‍ പ്രവാചകരുടെയോ അനുചരന്മാരുടെയോ താബിഉകളുടെയോ മദ്ഹബിന്റെ ഇമാമുകളുടെയോ മാത്രക അറിയപ്പെട്ടിട്ടില്ല. ഇത് ബിദ്അത്തും അനാചാരമാണെന്ന് ഒരാളും ഇത് വരെ അഭിപ്രായപ്പെട്ടിട്ടില്ല.
13- പ്രമാണങ്ങള്‍ക്കെതിരല്ലാത്ത പുതിയ കാര്യങ്ങള്‍ ഉണ്ടാക്കമെന്നതിനു വല്ല തെളിവും ഉണ്ടോ?
ഉ: അതെ, നബി(സ) പറഞ്ഞു: ഇസ്ലാമില്‍ ഒരാള്‍ നല്ല മാത്രക ഉണ്ടാക്കിയാല്‍ അവനു അതിന്റെ പ്രതിഫലം ലഭിക്കും. പില്‍കാലത്ത് ആര് പ്രവര്‍ത്തിച്ചാലും അവരുടെ പ്രതിഫലം കുറയാതെ തത്തുല്യമായ പ്രതിഫലം ആദ്യം ആ മാത്രക സൃഷ്ടിച്ചവന് ലഭിക്കും. (മുസ്ലിം)
ഈ നബി വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു: നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാനും നല്ല മാത്രകകള്‍ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നല്‍കുന്നു. (ശറഹു മുസ്ലിം 7/104)
14- പുതുതായി ഏതു കാര്യമുണ്ടാക്കികിയാലും അത് തള്ളപ്പെടണമെന്നു ബുഖാരിയിലുണ്ടെന്നു ചിലര്‍ പറയുന്നുണ്ടല്ലോ, അത് ശരിയാണോ?
ഉ: ശരിയല്ല. അങ്ങനെ ഒരു ഹദീസ് ഉണ്ടെന്നു നബിദിനത്തെ എതിര്‍ക്കുന്നവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആനുകാലികങ്ങളില്‍ മാത്രമല്ല, ഈയിടെ കുവൈത്ത് കേരള ഇസ്ലാഹി സെന്റര് പ്രസിദ്ധീകരിച്ച ജന്മദിനാഘോഷം ഇസ്ലാമികമോ? എന്ന ലഘുലേഖയിലും ഇങ്ങനെ കണ്ടു. നബി(സ) ഉണര്‍ത്തി. നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടെണ്ടതാണ്. (ബുഖാരി മുസ്ലിം ) (ലഘുലേഖ പേ.2) ഈ അര്‍ഥം വരുന്ന ഒരു ഹദീസ് ബുഖരിയിലോ മുസ്ലിമിലോ ഇല്ല. ഹദീസ് ഇപ്രകാരമാണ്. നമ്മുടെ കാര്യത്തില്‍ (മതത്തില്‍) വല്ലവനും അതില്‍ പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടെണ്ടതാണ്. (ബുഖാരി മുസ്ലിം ).
നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. മതത്തില്‍ പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല്‍ എന്ന വാക്ക്. അപ്പോള്‍ മതത്തില്‍ ഉള്‍പെടുന്ന കാര്യം പുതുതായി ഉണ്ടാക്കിയാല്‍ തള്ളപ്പെടെണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചന നല്‍കുന്നു. എന്നാല്‍ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ തള്ളപ്പെടെണ്ടതാണ് എന്ന വ്യാജ അര്‍ത്ഥം നല്‍കി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ.
15- നല്ലവരായ മുന്ഗാമികളില്‍ ആരെങ്കിലും നബിദിനം നടത്തിയിട്ടുണ്ടോ?
ഉ: നല്ലവരായ മുന്ഗാമികളില്‍ പ്രമുഖരെല്ലാം നബി ദിനം നടത്തിയവരും പ്രോല്സാഹിപ്പിച്ചവരുമാണ്. ഹാഫിള്‍ ഇബ്നു ഹജറുല്‍ അസ്ഖലാനി (റ), ഇമാം ഇബ്നു കസീര്‍ (റ), ഇമാം സുയൂത്വി (റ), ഇമാം സഖാവി(റ), ഇമാം ഇബ്നുല്‍ ജൌസി(റ) തുടങ്ങിയവര്‍ ഉദാഹരണം.
16- ആധുനിക പണ്‍ഡിതന്മാര്‍ നബിദിനാഘോഷം ശരി വെക്കുന്നുണ്ടോ?
ഉ: അബുല്‍ ഹസ്സന്‍ അലി നദവി, ഡോ.യുസുഫുല്‍ ഖര്ളാവി, കേരളത്തിലെ മുജാഹിദ് സ്ഥാപക കാല നേതാക്കളായ കെ.എം.മൌലവി, ഇ.കെ.മൌലവി തുടങ്ങിയവരൊക്കെ നബിദിന പരിപാടികള്‍ ശരിവെക്കുകയും നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. മുജാഹിദ് വിഭാഗത്തിലെ ഇരു ഗ്രൂപുകളിലെ നേതാക്കളായ ഹുസൈന്‍ മടവൂരും, സുഹൈല്‍ ചുങ്കത്തറയും, ജമാഅത്ത് അമീര്‍ ആരിഫലിയും, തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് കീഴില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ പന്ത്രണ്ടു വരെ നടന്ന മീലാദ് പ്രഭാഷണത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഒരു വാക്ക് കൂടി.
പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീര്ത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്‍ക്കുന്ന മൌലിദിന്റെ ഈരടികള്‍ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികള്‍ കേള്‍ക്കുമ്പോള്‍ ഇതൊരു മുഅമിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാള്‍, മാതാപിതാക്കളേക്കാള്‍ , സര്‍വ്വ ജനത്തെക്കാള്‍, സ്വന്തത്തെക്കാള്‍ കൂടി നബി തിരുമേനി (സ)യെ സ്നേഹിക്കാന്‍ കഴിയാത്തവന്‍ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം.
പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കില്‍ ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകന്‍ തിരുമേനി (സ) ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥന്‍ ഉള്പെടുത്തട്ടെ…ആമീന്‍.

അറേബ്യയിലെ മക്കയിൽ (മുൻപ് ബക്ക എന്നറിയപ്പെട്ടിരുന്നു) ഖുറൈഷി ഗോത്രത്തിലെ ഹാശിം കുടുംബത്തിൽ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ്റക്ക് അൻപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്വാബ്ദം 570 ഏപ്രിൽ 26 റബ്ബീഉൽ അവ്വൽ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്.