page

Sunday, 27 January 2019

ദ്രവിക്കാത്ത മയ്യിത്തും വഹാബികളുടെ ദ്രവിച്ച തൗഹീദും !





*നുരുമ്പാത്ത_മയ്യിത്തും_അച്ചായന്റെ_ഡയലോഗും_പരിഷ്കരണ_വാദികളുടെ_ഫിർഔൻ_നവോത്ഥാനവും...❗*

''മാർപാപ്പ വന്നിട്ടെഴുന്നേറ്റിട്ടില്ല പിന്നെയാ മാത്തച്ചൻ പാപ്പൻ''...ഏതാണ്ട് ഏഴ് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയിൽ കോട്ടയംകാരൻ അച്ചായനിൽ നിന്ന് കേട്ട മാസ് ഡയലോഗാണിത്.അച്ചായന്റെ ഭാവവർണനകളും കൂടി ആയപ്പോൾ കംപാർട്ട്മെന്റിൽ മുഴുവൻ കൂട്ടച്ചിരി...!

 കാസർഗോഡ് ബേക്കൽ രിഫാഇയ്യാ ജുമുഅ മസ്ജിദിൽ 13 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടയാളുടെ ശരീരം ,പള്ളിയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട കൺസ്ട്രക്ഷൻ വർക്കിനിടയിൽ യാതൊരു കേടും കൂടാതെ പൊതു ജനം ദർശിച്ച സംഭവത്തെ നവോത്ഥാനത്തിന്റെ ആട്ടിൻതോലണിഞ്ഞ മൗലവിമാർ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അച്ചായന്റെ പഴയ ഡയലോഗാണ് ഓർമ വരുന്നത്.വിശ്വാസികളുടെ ശരീരം ജീർണിക്കാതെ പുറത്ത് ദർശിക്കപ്പെടുന്നത് പുതിയ സംഭവമല്ല. കേരളത്തിൽ തന്നെ കൊല്ലം ജില്ലയിലെ തട്ടാമല, ഇടുക്കി തൊടുപുഴ ഉടുമ്പന്നൂരിലെ വലിയ വീട്ടിൽ മഖാം തുടങ്ങിയ ഒരു പാട് സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്.ശരീരം ജീർണിക്കാതിരിക്കുക എന്നത് അല്ലാഹു വിശ്വാസിക്ക്  നൽകുന്ന ആദരവിന്റെ ഭാഗമായ   അനുഗ്രഹമാണ്.  ശരീരം കേട് പറ്റാതെ അവശേഷിക്കുന്ന വിശ്വാസികളെല്ലാം വിലായത്തിന്റെ പദവിയുള്ളവരാണെന്ന്  സുന്നികൾക്ക് വാദമില്ല.അല്ലാഹുവിന്റെ ഇത്തരം ആദരവുകൾ കാണുമ്പോൾ- ഖബർ വ്യവസായം, സുജൂദ് ചെയ്യൽ തുടങ്ങിയ ദുരാരോപങ്ങൾ ഉന്നയിച്ച് വിഷയം മാറ്റി-സ്വന്തം അണികളെപ്പോലും വിദഗ്ദമായിട്ട് പറ്റിക്കുന്ന മൗലവിമാരുടെ രക്ഷ-കുഞ്ഞാടുകളുടെ വിവരമില്ലായ്മയാണ്.

.ശഹീദായവരോ അല്ലാഹുവിനെ ഭയപ്പെട്ട് സൂഷ്മതയോടെ ജീവിച്ചവരോ ആണ് ഇതിന്റെയൊക്കെ കാതലായ വിഷയം എന്നതുകൊണ്ട് പുരോഗമനക്കാർക്കിതൊട്ടും ഉൾക്കൊള്ളാനാവുന്നില്ല. ഭയഭക്തിയോടെ ജീവിക്കുന്ന മഹത്തുക്കളെ കാണുമ്പോൾ തന്നെ തൗഹീദഴിഞ്ഞ് വീഴുന്ന ഉൽപതിഷ്ണുക്കൾക്കെങ്ങിനെ ഇത്തരം വിഷയങ്ങൾ ദഹിക്കും.മുസ്ലിം ലോകത്തിന്റെ നേതാവ് തിരുനബി തങ്ങളുടെ തിരുശരീരം പോലും ജീർണിക്കുമെന്ന് ഉളുപ്പില്ലാതെ എഴുതി വിട്ടവരും തിരു നബിയെപ്പോലും വെറുതെ വിടാത്തവരും അവിടുത്തെ സമുദായത്തിലെ ആരെയെങ്കിലും വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ...?.അച്ചായന്റെ കോമഡി, മാർപാപ്പയിൽ അവസാനിപ്പിച്ചെങ്കിലും ഉത്പതിഷ്ണുക്കളുടെ 'മതബോധ കോമഡി' തിരുനബിയെ വരെ അവഹേളിച്ചു എന്നതാണ് ചൊക്കടാ നവോത്ഥാനക്കമ്മിറ്റിക്കാരുടെ ഏറ്റവും വലിയ പോരിഷ...!

പടച്ചവൻ കൊടുത്ത ബഹുമാനമാണ് ശരീരം കേടാകാതിരിക്കാൻ കാരണമെങ്കിൽ  ഫിർഔനിന്റ ശരീരം കേടുകൂടാതെയുണ്ട് എന്നതാണ് വിമർശകരുടെ ഇമ്മിണി ബെല്യ 'വജ്രായുധം'.ഫിർഔനിനെ പടച്ചവൻ ബഹുമാനിച്ചോ എന്ന എമണ്ടൻ ചോദ്യവും ,ചേരുവയായി-ഖുറാഫി ഖുബൂരി ജൂത വിളികളും...!.ഫിർഔനിനെ നൈൽ നദിയിൽ മുക്കിക്കൊന്ന സംഭവത്തിൽ ഖുർആൻ പറഞ്ഞ- ''വടികൊണ്ടടിച്ചപ്പോൾ നൈൽ നദി രണ്ടായി പിളർന്ന'' - മൂസാ നബിയുടെ മുഅജിസത്ത് നിശേധിച്ച്- വേലിയേറ്റമായവതരിപ്പിച്ച റഷീദുരിളയെ വഹാബീ നവോത്ഥാന നായകനാക്കിയവരിൽ നിന്ന് ഫിർഔനിന്റ ഉപമ ഇത്തരത്തിൽ കിട്ടിയതിൽ അത്ഭുതപ്പെടാനില്ല.തിരുനബിയുടെ തിരുശരീരം ജീർണിക്കില്ലെന്ന് വിശ്വാസികൾ പറയുമ്പോളും വഹാബീ ജമാഅത്തുകാർ ഫിർഔനിനെ പൊക്കിക്കൊണ്ടുവന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു.ഓരോരുത്തരും അവരവർക്കിഷ്ടമുള്ളവരെ പൊക്കിക്കൊണ്ട് വരട്ടെ...അതല്ലേ അതിന്റെ ശെരി... ഏതോ കന്യകാസ്ത്രീയുടെ കേട് പറ്റാത്ത ജഡത്തിന്റെ വാർത്തയുമായാണ് മറ്റൊരു കൂട്ടം പുത്തൻവാദികൾ രംഗത്തെത്തിയത്. വരും കാലങ്ങളിൽ- തിരുനബിയുടെ തിരു ശരീരം ദ്രവിക്കില്ലെന്ന ചർച്ച വരുമ്പോളും ഇത്തരം വാർത്തകൾ ഉയർത്തിക്കാട്ടി പ്രതിരോധിക്കാൻ അണികളെ പഠിപ്പിച്ച മുറി മൗലവിമാരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.ദജ്ജാൽ മരിച്ചവരെ ജീവിപ്പിക്കും എന്നതു കൊണ്ട് ഈസാ നബി മരിച്ചവരെ ജീവിപ്പിച്ച കാര്യം നിശേധിക്കാൻ മുസ്ലിംകൾക്കാകില്ലല്ലോ.തങ്ങളുടെ പൊട്ട വാദങ്ങൾ സമർത്ഥിക്കാൻ യുക്തിവാദികളുടെ ലൈൻ സ്വീകരിക്കുന്ന മൗലവിമാർ അണികളെ തെളിക്കുന്നതെങ്ങോടെന്ന് ആരോട് ചോദിക്കാൻ ...!.

തിരു നബിയുടെ ശരീരത്തെക്കുറിച്ച് പണ്ടെഴുതിയത് ആരും കാണാതെ ഏതെങ്കിലുമെലിപ്പൊത്തിലൊളിപ്പിക്കാൻ വെല്ല്യ മൗലവിമാർ പെടാപാടുപെടുമ്പോൾ ,അവരിൽ നിന്ന് മുറിയൻ തൗഹീദു പഠിച്ച ഹൈടെക് കുഞ്ഞാടുകൾ ,ഇത്തരം വിഷയങ്ങളിൽ യുക്തിവാദത്തെ കൂട്ടു പിടിച്ച്-പഠിച്ചത് തുറന്നു പറയുന്നു എന്ന് മാത്രം. തിരു നബിയുടെ ശരീരം കേട് പറ്റില്ലെന്ന വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വഹാബിയുടെ അൽമനാറും ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനവും വരികൾക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും എഴുതിക്കലിപ്പ് തീർത്തത് അധികമാരും മറന്നിട്ടില്ല.

“പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം മാസിക- 1987 ജനുവരി, പേജ്-53-54)

പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്രവിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നിസ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം?

നബി തങ്ങൾ തന്നെ പറയുന്ന സ്വഹീഹായ ഹദീസ് കാണുക:
عن أ   بن أوس ، رضي اللَّه عنْهُ قال : قالَ رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « إنَّ مِن أَفْضلِ أيَّامِكُمْ يَوْمَ الجُمُعةِ ، فَأَكْثِرُوا عليَّ مِنَ الصلاةِ فيه ، فإنَّ صَلاتَكُمْ معْرُوضَةٌ علَيَّ » فقالوا : يا رسول اللَّه ، وكَيْفَ تُعرضُ صلاتُنَا عليْكَ وقدْ أرَمْتَ ؟، يقولُ :بَلِيتَ ،قالَ:«إنَّ اللَّه حَرم على الأرْضِ أجْساد الأنْبِياءِ » .

رواهُ أبو داود بإسنادٍ صحيحِ .

 ഔസ്ബ്നു ഔസ് (റ)പറയുന്നു :
നബി (സ്വ )പറഞ്ഞു :
നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രഷ്ടമായാത് വെള്ളിയാഴ്ച ദിവസമാണ് .അത് കൊണ്ട് ആ ദിവസത്തിൽ എൻറെ മേൽ നിങ്ങൾ സ്വലാത്ത് അധികരിപ്പിക്കുക .നിശ്ചയം നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുന്നതാണ് .
അപ്പോൾ സ്വഹാബത്ത് പറഞ്ഞു തങ്ങൾ മണ്ണിൽ ദ്രവിച്ചു പോയാൽ എങ്ങിനെയാണ് ഞങ്ങളുടെ സ്വലാത്ത് തങ്ങളുടെ മേൽ വെളിവാക്കപ്പെടുക?നബി (സ്വ )തങ്ങൾ പറഞ്ഞു :നിശ്ചയം അല്ലാഹു ഭൂമിയുടെ മേൽ അമ്പിയാക്കളുടെ ശരീരം ഹറാമാക്കിയിരിക്കുന്നു .
സ്വഹീഹായ പരമ്പരയോട് കൂടി അബൂ ദാവൂദ് (റ)റിപ്പോർട്ട് ചെയ്തിരിക്കുന്നു
(തിർമുദി, ഇബ്നുമാജ, ഫത്ഹുൽ ബാരി )

ഇത്തരം സംഭവം നടന്നിട്ട് ഒരാൾ പോലും സെൽഫി എടുത്തില്ല എന്ന് പറഞ്ഞാണ് ചില സലഫിക്കുട്ടികൾ ഓൺലൈനിൽ തലതല്ലിക്കരയുന്നത്.ഫോട്ടോ ചോദിച്ച് തൊള്ള പൊട്ടിക്കുന്ന കേരളാ വഹാബികളെ -'ചില ശുഹദാക്കളുടെയും സ്വലിഹീങ്ങളുടെയും
സ്വാദിഖീങ്ങളുടെയും ശരീരം ,അല്ലാഹു കൊടുക്കുന്ന ആദരവിന്റ ഭാഗമായി മണ്ണ് തിന്നുകയില്ല' എന്ന് പറഞ്ഞ് [ലിഖാഉൽ ബാബുൽ മഫ്തൂതൂഹ് 10:204]സലഫികളുടെ ഗൾഫ് പണ്ഡിതൻ ഇബ്നു ഉസൈമീൻ, ഓടിച്ച് അറബിക്കടലിൽ ചാടിക്കുന്നത് വഹാബീ നവോത്ഥാനത്തിന്റെ മറ്റൊരു കോമഡി മാത്രം...!

യുക്തി വാദം തലക്ക് പിടിച്ച പുത്തൻ വാദികൾക്കെന്ത് പ്രമാണം...എന്ത് സ്വന്തം നേതാവ്...!.ഇവരുടെ ചെറിയ ബുദ്ധിക്കും മനസിനും ഇണങ്ങുന്നില്ലെന്നു കണ്ടാൽ പ്രമാണം തള്ളി ,തൊള്ളയിൽ തോന്നിയത് പറയുക തന്നെ ... ആ അളവുകോൽ വച്ച് എത്രയോ മുസ്ലിംകളെ മുശ്രിക്കാക്കി നരകത്തിൽ തള്ളി ഇക്കൂട്ടർ...ഇക്കൂട്ടരുടെ വരട്ടു നവോത്ഥാനത്തിനു മുന്നിൽ എതിർ ഗ്രൂപ്പിലെ വഹാബീ മൗലവിമാർക്ക് പോലും രക്ഷയില്ല.പിന്നെയാണ്  തിരുനബിയും അവിടുത്തെ ഉമ്മത്തികളായ   പാവപ്പെട്ട മുസ്ലിംകളും...!.സമുദായത്തെ കണ്ണ് കെട്ടി പറ്റിക്കാൻ വേണ്ടി ഇപ്പോൾ ഒപ്പം കൂട്ടുന്ന ശൈഖ് ജീലാനി[റ]യെ ,പഴയ വഹാബീ തൗഹീദനുസരിച്ച് ശങ്കരാചാര്യരോടൊപ്പം കൂട്ടിക്കെട്ടിയതും കപട നവോത്ഥാനത്തിന്റെ എണ്ണമറ്റ എപ്പിസോഡുകളിലൊന്നു മാത്രം.പുരോഗമനം ഭൗതികം തുടങ്ങിയ പല കോലങ്ങളിലുമുറഞ്ഞു തുള്ളുന്ന ജമാഅത്തെ ഇസ്ലാമി മുജാഹിദ് തുടങ്ങിയ   നവോത്ഥാന വേഷം കെട്ടുകാരുടെ പിന്നിലണിനിരക്കുന്ന സാധാരണക്കാർ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്...നന്നാകണമെന്ന് എന്നെങ്കിലും തോന്നിയാൽ ഉപകാരപ്പെട്ടെങ്കിലോ...!
✍ഖുദ്സി
24-1-2019