page

Monday, 25 March 2019

ശർക്കര മൈലാഞ്ചി

*❓ശർക്കര മൈലാഞ്ചി ഇട്ടാൽ വുളൂഅ്, കുളി എന്നിവ ശരിയാകുമോ..?*

🔖 ശരീരത്തിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും വുളൂഇന്റെയോ കുളിയുടെയോ അവയവങ്ങളിൽ ഉണ്ടാവാൻ പാടില്ലാ എന്നത് വുളൂഅ് ശരിയാകാനുള്ള നിബന്ധനയാണ്. മൈലാഞ്ചിയിട്ടാൽ അതു കഴുകി കളഞ്ഞതിനു ശേഷം കേവലം നിറം മാത്രമാണ് ബാക്കിയാവുന്നത് എങ്കിൽ കുഴപ്പമില്ല. കാരണം തൊലിയുടെയും നഖത്തിന്റെയും നിറം മാറി എന്നു മാത്രമേയുള്ളൂ. തൊലിക്കും നഖത്തിനും മുകളിൽ വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും അവിടെ ഉണ്ടായിട്ടില്ല.

എന്നാൽ മൈലാഞ്ചി എന്ന പേരിലുള്ള പല വസ്തുക്കളും ശരീരത്തിൽ പുരട്ടിയാൽ അത് കഴുകി കളഞ്ഞതിനു ശേഷം പിന്നീട് ബാക്കിയാകുന്ന നിറവും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞു പോരുന്നുണ്ട്. അതിനർത്ഥം കേവലം തൊലിയുടെ നിറം മാറിയത് മാത്രമല്ല, മുകളിൽ മറ്റൊരു പാട വന്നു ചേർന്നതാണ്. ആ പാടയാണെങ്കിൽ വെള്ളം തൊലിയിൽ എത്തുന്നതിന് തടസ്സവുമാണ്. അതിനാൽ ഇത്തരം മൈലാഞ്ചിയിട്ടാൽ വുളൂഅ് ശരിയാവുകയില്ല.

എന്നാൽ നഖത്തിനു മുകളിൽ ഇത്തരം മൈലാഞ്ചി ആയാൽ അതിന്റെ നിറം പൊളിഞ്ഞു പോകാറില്ല എന്ന് പറയുന്നത് ഈ മൈലാഞ്ചി അനുവദനീയമാക്കാൻ ന്യായമല്ല. കാരണം, അതിനു മുകളിലുള്ള നിറം പൊളിഞ്ഞു പോകാതിരിക്കാൻ കാരണം അത് നഖത്തിന്റെ പ്രത്യേകതയാണ്. മറിച്ച് അത് തൊലിയിൽ ആണെങ്കിൽ പൊളിഞ്ഞു പോകുന്നുമുണ്ട്. ഇത്തരം മൈലാഞ്ചികൾ തൊലിയുടെയും നഖത്തിന്റെയും മുകളിൽ പാട കെട്ടുകയാണ് ചെയ്യുന്നത്. ആ പാട തൊലിപ്പുറത്ത് ആണെങ്കിൽ പൊളിഞ്ഞു പോരുകയും നഖത്തിന് മുകളിലാണെങ്കിൽ പൊളിഞ്ഞു പോകാതിരിക്കുകയും ചെയ്യുന്നു എന്നുമാത്രം.

ശർക്കര മൈലാഞ്ചിക്ക് ഈ സ്വഭാവം ആണ് ഉള്ളതെങ്കിൽ ആ മൈലാഞ്ചിയിട്ടാൽ ശരീരത്തിലേക്ക് വെള്ളം ചേരാതിരിക്കുകയും വുളൂഅ് ശരിയാവാതിരിക്കുകയും ചെയ്യും.
     
               
               ✍🏻ഷറഫുദ്ദീൻ അഹ്സനി ഊരകം.