page

Saturday, 9 March 2019

സ്ത്രീ രക്തങ്ങൾ

#ഭാര്യ_ഭർത്താക്കന്മാർ_നിർബന്ധമായും_അറിഞ്ഞിരിക്കേണ്ട_ചില_കാര്യങ്ങൾ.

(വായിക്കുക, മനസ്സിലാക്കുക, മറ്റുള്ളവരിലലേക്ക് എത്തിക്കാൻ ശ്രമിക്കുക - അറിവ് മൂടി വെക്കാൻ ഉള്ളതല്ല..)

#സ്ത്രീ_രക്‌തങ്ങൾ

സ്ത്രീ , ഒരു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി رحمه الله പറയുന്നു. “ അല്ലാഹുവിന്റെ സൃഷ്ടികളിൽ അത്യൽഭുത വസ്തുവാണ് സ്ത്രീ” അവൾ പ്രപഞ്ചത്തിന്റെ കൌതുകമാണ്. നറുമണം പരത്തുന്ന ഇളം തെന്നലാണ്. എല്ലാ വിധത്തിലും ചാരുതയാർന്ന ശില്പ ഭംഗി സമ്മേളിച്ചവളാണവർ .അവൾ സമൂഹത്തിന്റെ അർദ്ധഭാഗവുമാണ്.

എങ്കിലും സ്ത്രീകളിൽ പ്രകൃത്യാ ചില ബലക്ഷയങ്ങൾ കാണാം അതിൽ സുപ്രധാനമാണ് ആർത്തവം. ഇതൊരു അനിവാര്യഘടകവുമാണ്.

വിശുദ്ധ ഇസ്‌ലാം ഇതിന്റെ ഗുണദോഷങ്ങളും ആർത്തവകാലഘട്ടത്തിൽ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും പാലിക്കേണ്ട മര്യാദകളും വിശദീകരിച്ച് ചർച്ച ചെയ്തിട്ടുണ്ട്.

ആർത്തവം , ബ്ലീഡിംഗ് (മെൻസസിനുശേഷമുള്ള) പ്പോലുള്ള സ്ത്രീരക്തങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും അവരുടെ മാതാക്കളും ഭർത്താക്കന്മാരും മറ്റും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്‌അലകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നാമിവിടെ ഉദ്ദേശിക്കുന്നത്. അല്പം പ്രയാസമുള്ള വിഷയമായത് കൊണ്ട് പ്രിയ വായനക്കാർ മനസ്സിരുത്തി പലവുരു വായിച്ച് കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുമല്ലോ. കഴിവിന്റെ പരമാവധി ബന്ധപ്പെട്ട സ്ത്രീ ജനങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുകയും നമ്മുടെ സൽ പ്രവർത്തനങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ മാപ്പാക്കിത്തരികയും ചെയ്യട്ടേ ആമീൻ.

അല്ലാഹു വിശുദ്ധ ഖുർ‌ആനിൽ പറയുന്നു.

وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّىَ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللّهُ إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ . نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُواْ لأَنفُسِكُمْ وَاتَّقُواْ اللّهَ وَاعْلَمُواْ أَنَّكُم مُّلاَقُوهُ وَبَشِّرِ الْمُؤْمِنِينَ

“ആർത്തവത്തെകുറിച്ചവർ താങ്കളോട് ചോദിക്കുന്നു. പറയുക ‘അതൊരു മാലിന്യമാണ്. അത് കൊണ്ട് ആർത്തവ കാലത്ത് നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നിരിക്കുക. ശുദ്ധരാകുന്നത് വരെ അവരെ നിങ്ങൾ സമീപിക്കരുത്. അവർ ശുദ്ധി ഉള്ളവരായിക്കഴിഞ്ഞാൽ അല്ലാഹു കല്പിച്ച മാർഗത്തിലൂടെ നിങ്ങൾ അവരുടെ അടുത്ത് ചെല്ലുക. നിശ്ചയമായും പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും സ്നേഹിക്കുന്നു.”

നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാൽ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്ത് നിങ്ങൾക്ക് ചെല്ലാം. നിങ്ങളുടെ നന്മയ്ക്കായി (സൽകർമ്മങ്ങൾ) മുൻ‌കൂട്ടി ചെയ്തുവെക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യുന്നവരാണെന്നറിയുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക. (അൽ-ബഖറ 222-223 )

عَنْ أَنَسٍ رضي الله عنه، أَنَّ الْيَهُودَ كَانُوا، إِذَا حَاضَتِ الْمَرْأَةُ فِيهِمْ، لَمْ يُؤَاكِلُوهَا وَلَمْ يُجَامِعُوهُنَّ فِي الْبُيُوتِ، فَسَأَلَ أَصْحَابُ النَّبِيِّ النَّبِيَّ صلى الله عليه وسلم. فَأَنْزَلَ الله تَعَالَى: {وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذىً فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ} إِلَى آخِرِ الآيَةِ (البقرة الآية: 222) فَقَالَ رَسُولُ اللّهِ صلى الله عليه وسلم: «اصْنَعُوا كُلَّ شَيْءٍ إِلاَّ النِّكَاحَ (مسلم

അനസ് رضي الله عنه പറഞ്ഞു: യഹൂദസ്ത്രീ ഋതുമതിയായിരിക്കുമ്പോൾ അവർ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയിൽ അവളുമാഇ ഇരിക്കുകയോ ചെയ്യുന്നില്ല അത്കൊണ്ട് സ്വഹാബാക്കൾ നബി صلى الله عليه وسلم യോട് ഇതിനെ സംബന്ധിച്ച് ചോദിക്കുകയും അല്ലാഹു അതിനുള്ള മറുപടിയായി ഖുർ‌ആൻ സൂക്തം അവതരിപ്പിക്കുകയും ചെയ്തു. ശേഷം അൽ-ബകറയിലെ ആയത്തുകളോതി അവിടുന്ന് പറഞ്ഞു. ‘സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക (മുസ്‌ലിം )

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക
عن عائشةَ رضي الله عنه قالت: كنتُ أغتَسِلُ أنا والنبيُّ صلى الله عليه وسلّم من إِناءٍ واحدٍ كلانا جُنبٌ. وكان يأْمُرُنِي فأتَّزِرُ، فيباشِرُني وَأَنا حائضٌ، وكانَ يخرجُ رَأْسَهُ إليَّ وَهُوَ مَعْتَكِفٌ، فَأَغْسِلُهُ وَأَنا حَائِضٌ. (صحيح البخاري

“ആഇശാ رضي الله عنها നിവേദനം ചെയ്യുന്നു. : ഞാനും നബിصلى الله عليه وسلم യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. അവിടുന്ന് ചിലപ്പോൾ ആർത്തവഘട്ടത്തിൽ എന്നോട് വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കും. എന്നിട്ടവിടുന്ന് എന്നോട് ചേർന്ന് കിടക്കും. അവിടുന്ന് ഇ‌അ്തികാഫ് ഇരിക്കുമ്പോൾ ശിരസ് എനിക്ക് നീട്ടിതരും. ഞാൻ അവിടുത്തെ ശിരസ് കഴുകികൊടുക്കും. ഞാൻ ഋതുമതിയായിരിക്കെ (ബുഖാരി )

സ്ത്രീകളിൽ നിന്ന് വരുന രക്തങ്ങൾ മൂന്ന് വിധമാണ്. 1.ആർത്തവ രക്‌തം
2. രോഗ രക്‌തം
3. പ്രസവ രക്‌തം എന്നിവയാണത്.

1) ആർത്തവ രക്‌തം (ഹയ്‌ള് )

സ്ത്രീയുടെ ഗർഭാശയാന്തർഭാഗത്ത് നിന്ന് പ്രത്യേക സമയങ്ങളിൽ വരുന്ന പ്രകൃതിപരമായ രക്തത്തിനാണ് ആർത്തവം അഥവാ ആർത്തവ രക്തം എന്ന് പറയുന്നത്

ഗർഭകാലത്തും ഇതുണ്ടാവാം. ഉണ്ടാകാവുന്ന കുറഞ്ഞ പ്രായം ചന്ദ്രവഷപ്രകാരം ഉദ്ദേശം ഒമ്പത് വയസ്സ് എങ്കിലും പൂർത്തിയാവാൻ പതിനാറു ദിവസത്തിനു തഴെയുള്ളപ്പോൾ കണ്ടാലും ആർത്തവമാണ്.

ഒമ്പത് വയസ് പൂർത്തിയാവാൻ 16 ദിവസത്തിൽ കൂടുതലുള്ളപ്പോൾ ഉണ്ടാകുന്ന രക്‌തം നിലച്ചത് പതിനാറു ദിനത്തിൽ കുറവുള്ള സമയത്താണെങ്കിൽ പതിനാറിനു മുമ്പുള്ളാത് രോഗരക്‌തവും ശേഷമുള്ളത് ആർത്തവവുമാണ്.

ആർത്തവത്തോടെ സ്ത്രീ പ്രായപൂർത്തിയായവളായി കണക്കാക്കപ്പെടും. ആർത്തവമുണ്ടായില്ലെങ്കിൽ പതിനഞ്ച് പൂർത്തിയാവുന്നതോടെ പ്രായപൂർത്തിയായവളാ‍യി കണക്കാക്കപ്പെടും. മരണം വരെ ഹയ്‌ളുണ്ടാവാം. എങ്കിലും അറുപത്തിരണ്ട് വയസ്സായാൽ അധികപേരിലും ഹയ്‌ള് നിലക്കും

തീരേ ആർത്തവമുണ്ടാകാത്ത സ്ത്രീകളുണ്ടാകാം. നബി صلى الله عليه وسلم യുടെ പ്രിയപുത്രി മഹതി ഫാത്വിമാ ബീവി رضي الله عنهاഈ ഗണത്തിൽ‌പെട്ടവരായിരുന്നു.

ആർത്തവം മനുഷ്യസ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം,കുതിര, മുയൽ, വവ്വാൽ തുടങ്ങിയ മറ്റു ചില ജീവികളിലും ആർത്തവം കണ്ടുവരുന്നുണ്ട്.

ചുരുങ്ങിയ ആർത്തവ സമയം ഇരുപത്തിനാലും മണിക്കൂറും സാധാരണ ആറോ ഏഴോ ദിവസവും വർധിച്ചാൽ പതിനഞ്ചു ദിവസവുമാണ്. പതിനഞ്ചു ദിവസം ആർത്തവമുണ്ടാകുന്ന സ്ത്രീക്ക് രക്‌തം നിരന്തരം പുറപ്പെടണമെന്നില്ല. പക്ഷെ 15 ദിവസം പുറപ്പെട്ട ആകെ രക്‌തത്തിന്റെ സമയം കൂട്ടിയാൽ 24 മണിക്കൂറിൽ കുറയാ‍തിരിക്കണം. അതിനേക്കാൾ കുറയുന്ന പക്ഷം അത് ആർത്തവമായി ഗണിക്കപ്പെടുകയില്ല.

എന്നാൽ ഒരു രാപ്പകൽ മാത്രം ആർത്തവം ഉണ്ടാകുന്ന സ്ത്രീക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പേടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്ത് വെച്ചാൽ രക്തം അതിൽ പുരണ്ടാൽ മതി. മനോഹരം ചെയ്യൽ (മൂത്രിച്ചാൽ കഴുകൽ) നിർബന്ധമായ സ്ഥലത്തേക്ക് രക്തം ഒലിക്കണമെന്നില്ല.

രണ്ട് ഹയ്‌ളുകൾക്കിടയിലെ ശുദ്ധസമയം കുറഞ്ഞത് 15 ദിവസമാണ്. കൂ‍ടിയാൽ മരണം വരെയാകാം.
വിവിധ സമയങ്ങളിൽ വന്ന രക്തം ഇരുപത്തിനാലു മണിക്കൂറുണ്ടായാൽ അതിന്റെ ഇടയിൽ വരുന്ന ശുദ്ധി സമയത്തിന് ആർത്തവത്തിന്റെ വിധിയാണ്. രക്തസ്രാവത്തിന്റെയും ശുദ്ധിയുടെയും എല്ലാ സമയവും കൂടി 15 ദിവസത്തിൽ കവിയാതിരികണമെന്ന നിബന്ധനയോടെ അഥവാ ,രക്തവും ശുദ്ധിയും കൂടി 15 ദിവസത്തിൽ അധികരിക്കാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറിൽ കുറയാതിരിക്കയും ചെയ്താൽ ഇടയിലുള്ള ശുദ്ധിസമയങ്ങളും ആർത്തവമായി പരിഗണിക്കപ്പെടും.

സാധാരണ ആറോ ഏഴോ ദിവസം രക്തസ്രാവം കാണുന്ന സ്ത്രീക്ക് ഒരു തവണ രണ്ട് ദിവസം കഴിഞ്ഞ് രക്തം നിലച്ചാൽ കുളിച്ച് നിസ്കാരം നോമ്പ് മുതലായവ നിർവഹിക്കണം.

ഒമ്പത് വയസ് പൂർത്തിയാവാൻ പതിനാറ് ദിവസത്തിലധികമുള്ള സമയത്ത് വന്ന രക്തവും ഇരുപത്തിനാല് മണിക്കൂർ തികയാത്ത രക്തവും പതിനഞ്ചു ദിവസത്തേക്കാൾ കൂടുതൽ വന്ന രക്തവും ഒരു ആർത്തവം കഴിഞ്ഞ് പതിനഞ്ച് ദിവസം പൂർത്തിയാവുന്നതിനു മുമ്പ് കണ്ട രക്തവും രോഗ ലക്ഷണമാണ്.

ആർത്തവം നിലക്കുകയോ രോഗ രക്തമെന്ന്ബോധ്യപ്പെടുകയോ ചെയ്താൽ നിസ്കാരം, നോമ്പ് തുടങ്ങിയവ ഉടനെ നിർവഹിക്കണം.

രക്തം നിലച്ചു എന്ന ധാരണയോടെ ആർത്തവം മുഖേന നിഷിദ്ധമാകുന്ന കാര്യങ്ങൾ നിർവഹിക്കുകയും പിന്നീട് രക്തം കാണുകയും ചെയ്താൽ ഹയ്‌ളാണെന്ന് അറിയാതെ ചെയ്ത കർമ്മങ്ങൾ പോലെതന്നെ കുറ്റമുണ്ടാവില്ല.

ആർത്തവകാരിക്കും നിഫാസുകാരിക്കും രക്‌തം നിലച്ച ശേഷം ഗുഹ്യസ്ഥാനം കഴുകലും ,ഉറക്കം,ഭോജനം, ദിക്‌ർ എന്നിവക്ക് വുളൂഅ് ചെയ്യലും സുന്നത്താണ്. വുളൂഅ് ഇല്ലാതെ പ്രസ്തുത കാര്യങ്ങൾ ചെയ്യൽ കറാഹത്താണ്. കുളിക്കുന്നതിനു മുമ്പ് നഖം, മുടി, രക്തം തുടങ്ങിയവ നീക്കം ചെയ്യൽ നല്ലതല്ല. നീക്കൽ ഹറാമില്ലതാനും.
നിസ്കാരം, ത്വവാഫ്, സുജൂദ്, മുസ്‌ഹഫ് വഹിക്കുകയോ സ്പർശിക്കുകയോ ചെയ്യൽ, പള്ളിയിൽ നിൽക്കൽ ,ഖുർ‌ആൻ പാരായണം, വ്രതം, വിവാഹ മോചനം എന്നിവ ഹ‌യ്‌ള് മുഖേന നിഷിദ്ധമാണ്.

ഖുർ‌ആനിലെ ദിക്‌റുകൾ ചൊല്ലൽ അനുവദനീയമാണ്. ഉദാഹരണമായി വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ചൊല്ലൽ സുന്നത്തായ ദിക്‌റുകളിൽ‌പെട്ട ആയത്തുൽ കുർസി ആർത്തവകാരിക്കും ചൊല്ലാവുന്നതാണ്.

സംഭോഗം (മറയോടെയാണെങ്കിലും) ഹറാമാണ്. മറയില്ലാതെ മുട്ടുപൊക്കിളിനിടയിലുള്ള ബന്ധപ്പെടലും ഹറാമാണ്. (വികാരമില്ലെങ്കിലും )

ആർത്തവം നിലച്ചാൽ കുളിക്ക് മുമ്പ്; നോമ്പ്, വിവാഹമോചനം എന്നിവ ആകാം. കുളിക്ക് ശേഷമേ സംഭോഗവും മുട്ടുപൊക്കിളുകൾക്കിടയിലുള്ള സമ്പർക്കവും അനുവദനീയമാവൂ.

പുരുഷന്റെ മുട്ടുപൊക്കിളുകൾ-ക്കിടയിലുള്ള ഭാഗം സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആർത്തവകാരിയായ ഭാര്യയ്ക്ക് തെറ്റില്ല.

ആർത്തവ നിയന്ത്രണവും നിർമാണവും ശരീരത്തിനു പ്രയാസമില്ലെങ്കിൽ അനുവദനിയവും മരുന്ന് ഉപയോഗിച്ചോ മറ്റോ ആർത്തവം നിറുത്തിയാൽ അവളെ ശുദ്ധിയുള്ളവളായും ആർത്തവം ഉണ്ടാക്കിയൽ ആർത്തവമുള്ളവളായും ഗണിക്കും. എന്നാൽ ആരോഗ്യത്തിനു വല്ല വിധവും ഹാനികരമെങ്കിൽ നിർത്തലും ഉണ്ടാക്കാലും ഹറാ‍മാണ്.

ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പുകൾ ഖളാ‌അ് വീട്ടൽ നിർബന്ധമാണ്. നിസ്കാരം ഖളാ‌അ് വീട്ടേണ്ടതില്ല. പക്ഷെ രക്തം അവസാ‍നിക്കുന്നത് ഏതെങ്കിലുമൊരു നിസ്കാര സമയത്താണെങ്കിൽ ആ നിസ്കാരത്തിന് ഒഴിവ് ബാധകമല്ല. അതെത്ര കുറഞ്ഞ സമയമാണെങ്കിലും
 
രക്‌തം മുറിഞ്ഞോ എന്നറിയാനായി പരുത്തിയോ വെളുത്ത ശീലകഷ്ണമോ യോനിയിൽ വെച്ച് പരിശോധിക്കേണ്ടതാണ്. അവക്ക് നിറമാറ്റമില്ലെങ്കിൽ രക്‌തം നിന്നു എന്ന് ഉറപ്പിക്കാവുന്നതാണ്.

നിസ്കാര സമയത്തിൽ നിന്ന് തക്‌ബീറത്തുൽ ഇഹ്‌റാമിന് മാത്രം വേണ്ട സമയം ബാക്കിയുള്ളപ്പോഴാണ് രക്തം മുറിഞ്ഞതെങ്കിൽ ആ നിസ്കാരവും അതോടേ ജം‌അ് ആക്കാവുന്ന നിസ്കാരവും നിർബന്ധമാകും. അസറിന്റെ സമയത്ത് രക്തം നിലച്ചാൽ അസറിനു പുറമെ ളുഹറും ഇശാഇന്റെ സമയത്ത് നിന്നാൽ ഇശാഇന് പുറമെ മഗ്‌രിബും നിസ്കരിക്കൽ നിർബന്ധമാണെന്ന് സാരം. അശ്രദ്ധമാവുന്ന ഈ സംഗതി സ്ത്രീകൾ പ്രത്യേകം പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ആർത്തവ കാലത്തെ നിസ്കാരം ഖളാ‌അ് വീട്ടൽ ഹറാമാണ്.

ആർത്തവകാരിക്ക് ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക, ബാങ്ക് കേൾക്കുമ്പോൾ മറുപടി വചനങ്ങൾ ചൊല്ലുക, നിത്യകൃത്യങ്ങൾക്കുള്ള മറ്റ് ദിക്‌റുകൾ ചൊല്ലുക, തിരു നബിصلى الله عليه وسلم യുടെ പേരിൽ സ്വലത്ത് ചൊല്ലുക, അല്ലാഹുവിനോട് ദുആ ചെയ്യുക എന്നിവ അനുവദനീയവും സുന്നത്തുമാണ്.

ആർത്തവ ദിവസങ്ങളിൽ അദ്ധ്വാനമുള്ള ജോലികൾ ചെയ്യുന്നതും, രാത്രി ഉറക്കമൊഴിക്കുന്നതും ,ശക്തിയായ എരുവ്, പുളി എന്നിവ ഉപയോഗിക്കുന്നതും ഗുണകരമല്ല.

ആർത്തവ കാലത്തോ രക്‌തം മുറിഞ്ഞ് കുളിക്കുന്നതിന്റെ മുമ്പോ ഭർത്താവുമായി സംയോഗത്തിലേർപ്പെടുന്നതിനാൽ സന്താനം ജനിക്കാനിടയുണ്ടായാൽ കുട്ടിക്ക് ഭ്രാന്തിനും ,പാണ്ട് രോഗത്തിനും സാധ്യതയുണ്ടെന്ന് പണ്ഡിതാഭിപ്രായമുണ്ട്. ഇത്തരം നിഷിദ്ധ ബന്ധങ്ങൾ ഉപേക്ഷിക്കാത്തതാ‍ണ് ജനിക്കുന്ന കുട്ടികളിൽ പലവിധ ന്യൂനതകളും വൈകല്യങ്ങളും കാണാനുള്ള കാരണങ്ങളിൽ ഒന്ന്.ഗർഭിണികളുടെ ആർത്തവം :

ബീജവും അണ്ഡവും സംയോജിച്ച് ഗർഭാശയത്തിൽ എത്തുന്നതിനാണ് ഗർഭധാരണം എന്ന് പറയുന്നത്. ഗർഭധാരണമുണ്ടായാൽ പിന്നെ ആർത്തവമുണ്ടാവൽ വളരെ അപൂർവ്വമാണ്. പക്ഷെ ശിശുവിന് ജീവൻ വരുന്നത് വരെ (4 മാസം വരെ ) യുള്ള രക്‌തം ഗർഭാശയഭിത്തിയിൽ കുട്ടിക്ക് /ഭ്രൂണത്തിന് മെത്തയായി നിലകൊള്ളും. അതിനു ശേഷമുള്ളത് കുട്ടിക്ക് ആഹാരമായി നൽകപ്പെടും. അല്ലാഹുവിന്റെ അത്യത്ഭുതമായ അനുഗ്രഹങ്ങളിൽ ഒന്നാണിത്. അല്ലാഹുവിന്റെ നമുക്ക് കൂട്ടമായി സ്മരിക്കാം.

سُبْحٰانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمْ

ഒരുപാട് പ്രയാസങ്ങൾ സഹിച്ച് നമ്മെ ഗർഭം ചുമന്ന ,കഠിന വേദന സഹിച്ച് പ്രസവിച്ച് വാത്സല്യത്തോടെ വളർത്തിയെടുത്ത പ്രിയപ്പെട്ട നമ്മുടെ ഉമ്മമാരെ എത്ര ആദരിച്ചാലും മതിയാകില്ല. അവർക്ക് എത്ര ഗുണം ചെയ്താലും അപൂർണ്ണമായിരിക്കും. അവരിൽ പലരും മണ്മറഞ്ഞുപോയി. അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവരുടെ പാപങ്ങൾ പൊറുത്തുകൊടുത്ത് സ്ഥാനങ്ങൾ വർദ്ധിപ്പിച്ചുകൊടുക്കട്ടെ. ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മമാർക്ക് അല്ലാഹു ആഫിയത്തോട്കൂടിയുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ.

ഗർഭിണിക്ക് ആർത്തവമുണ്ടാവൽ അപൂർവ്വമെങ്കിലും ഗർഭകാലത്ത് പുറപ്പെടുന്ന രക്‌തം ഗർഭഛിദ്രമല്ലെന്ന് ഉറപ്പാ‍യാൽ 24 മണിക്കൂർ കുറയാതിരിക്കുകയും 15 ദിവസത്തിൽ അധികരിക്കാതിരിക്കയും ചെയ്താൽ അത് ആർത്തവമായി കണക്കാക്കപ്പെടും.

പ്രസവ വേദനയോട്കൂടെയും ശിശു പുറം തള്ളപ്പെടുന്നതിനോട് കൂടെയും രണ്ട് കുട്ടികളെ പ്രസവിക്കുമ്പോൾ ഇടയ്ക്കുണ്ടാകുന്ന രക്‌തവും മുമ്പുള്ള ആർത്തവത്തിനോട് ചേർന്ന് വന്നാൽ ഇവയും ആർത്തവമായി പരിഗണിക്കും.
സ്ത്രീ രക്‌തങ്ങളിൽ രണ്ടമത്തേത് : നിഫാസ് രക്‌തം
പ്രസവാനന്തരം സ്ത്രികളുടെ യോനിയിൽ കൂടി (രക്‌തപിണ്ഡത്തെ പ്രസവിച്ചതാണെങ്കിലും) പുറപ്പെടുന്ന രക്‌തത്തിന് നിഫാസ് (പ്രസവ രക്‌തം) എന്നു പറയുന്നു.

ഗർഭാശയം മുഴുവൻ ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക. സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടർന്ന് നിൽക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഘ്യം ഒരു സെക്കന്റ് മാത്രമാണ്. ഏറിയാൽ 60 ദിവസം വരെ നീണ്ടുപോകാം.

പ്രസവിച്ച ഉടനെ രക്‌തം കാണാത്തവൾക്ക് നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവതല്ല. 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം, നോമ്പ് മുതലായവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസ്‌കാരിയായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം അനുഷ്ഠിച്ച ആരാധനകൾ നിഫാസ് കാലത്തായതിന് അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ ഖളാ‍‌അ് വീട്ടൽ നിർബന്ധവുമാണ്.

പ്രസവിച്ച് 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കിൽ അത് ആർത്തവ രക്തമാണ്. പ്രസവ രക്തമല്ല. പുറപ്പെട്ട്കൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങിവരുകയും ചെയ്താൽ അത് പ്രസവരക്ത തന്നെയായി കണക്കാക്കും. 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.

രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വിത്യാസമില്ലാതിരിക്കുകയോ വിത്യാസം രേഖപ്പെടുത്താതിരിക്കുകയോ ചെയ്താൽ മുൻപതിവനുസരിച്ച് ആരാധന നിർവഹിക്കണം. മുൻ പതിവ് ഓർമ്മിക്കുന്നില്ലെങ്കിൽ സൂക്ഷമത പാലിക്കണം.
ആദ്യമായി നിഫാസുണ്ടാകുന്ന സ്ത്രീയുടെ രക്തമാണ് അറുപത് ദിവസം വിട്ടു കടന്നതെങ്കിൽ ,ഒരു നിമിഷം നിഫാസും ബാക്കി മുഴുവൻ രോഗ രക്തവുമായി കണക്കാക്കും. ആ സമയത്തുള്ള നിസ്‌കാരവും നോമ്പും ഖളാ‍അ് വീട്ടണം.

60 ദിവസം കഴിഞ്ഞ ശേഷം അല്പസമയം രക്തം നിന്ന് വീണ്ടും പുറപ്പെട്ടാൽ അത് ആർത്തവ രക്തമായി കണക്കാക്കും.

വിത്യസ്തരൂപത്തിലാണ് സ്ത്രീകളിൽ നിഫാസിന്റെ കാലം. ചിലർക്ക് 28 നും 40 നും അതിൽ അധികരിച്ചും ചുരുങ്ങിയുമെല്ലാം രക്‌തം നിലക്കും. പ്രസവിച്ച് 40 ദിവസം കഴിഞ്ഞതിനു ശേഷമേ നിസ്കാരവും മറ്റും നിർബന്ധമാവൂ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സ്ത്രീകളെ പിടികൂടിയിട്ടുണ്ട്. ഇത് ശുദ്ധ വിവരക്കേടാണ്. തിരുത്തപ്പെടേണ്ടതുമാണ്.

ആർത്തവം മൂലം നിശിദ്ധമാകുന്ന കാര്യങ്ങൾ പ്രസവ രക്‌തം മൂലവും നിഷിദ്ധമാണ്. അശുദ്ധകാലത്തെ നിസ്കാരം ഖളാ‍അ് വീട്ടേണ്ടതില്ല. നോമ്പ് ഖളാ‍അ് വീട്ടണം.

പ്രസവം മൂലം കുളി നിർബന്ധമാകും. യാതൊരു ഈർപ്പവുമില്ലാതെ കുട്ടി പുറത്ത് വന്നാലും, മാംസ പിണ്ഡത്തെ പ്രസവിച്ചാലും കുളി നിർബന്ധമാണ്. ഓപ്പറേഷൻ മുഖേന കുട്ടിയെ പുറത്തെടുത്താലും പ്രസവത്തിന്റെ വിധിയാണ്.

സയാമീസ് ഇരട്ടകളിൽ രണ്ടും പൂർണ്ണമായി പുറത്ത് വന്നാലേ കുളി നിർബന്ധമാവുകയുള്ളൂ.
മൂന്ന് : ഇസ്തിഹാളത്ത് (രോഗ രക്തം )
സ്ത്രീ രക്തങ്ങളിൽ നിന്ന് ഹൈളിനെ കുറിച്ചും നിഫാസിനെ കുറിച്ചും വിശദീകരിച്ചു. ഇനി രോഗം കാരണത്താൽ സ്ത്രീകൾക്കുണ്ടാകുന്ന രക്തത്തിനെകുറിച്ചാണ് വിശദീകരിക്കുന്നത്. വളരെ ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കേണ്ട വിഷയമണത്. നല്ലവരായ വായനക്കാർ ശ്രദ്ധിയ്ക്കുമല്ലോ. !
ആർത്തവം അതിന്റെ പരമാവധി ദിവസമായ 15 വിട്ട് കടന്ന് നിലകൊള്ളുന്നതിന് ഇസ്തിഹാളത്ത് എന്നു പറയുന്നു. രക്തസ്രാവം, രക്തം പോക്ക്, ബ്ലീഡിംഗ് എന്നൊക്കെ സാധാരണ പറയപ്പെടുന്നു.

മൂത്രവാർച്ചപോലുള്ള ഒരു നിത്യ അശുദ്ധിയാണിത്. അല്ലാഹു അത്തരം രോഗങ്ങളിൽ നിന്ന് നമ്മുടെ കുടുംബത്തെയും ,സഹോദരിമാരെയും കാത്തു രക്ഷിക്കട്ടെ.. ആമീൻ.

രക്തം നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിന് ചികിത്സ അനിവാര്യമാണ്. അതോടൊപ്പം മതപരമായ നിയമങ്ങൾ പാലിക്കുകയും വേണം.

വേറെ നിവൃത്തിയില്ലാത്തതിനാൽ നോമ്പിനും നിസ്കാരത്തിനും ഇത് തടസ്സമല്ല. സമയം ആഗതമായിട്ടേ നിസ്കാരങ്ങൾക്ക് വുളൂ എടുക്കാൻ പാടുള്ളൂ. അത് തന്നെ ഗുഹ്യഭാഗം നല്ലവണ്ണം കഴുകിയ ശേഷം അവിടെ പഞ്ഞി നിറച്ച് ഒരു തുണികൊണ്ട് നീങ്ങിപ്പോകാത്ത വിധത്തിൽ കെട്ടിയശേഷം മാത്രമേ വുളൂഅ് ചെയ്യാവൂ.

ഇങ്ങിനെ ചെയ്തിട്ടും രക്തം നിലച്ചില്ലെങ്കിൽ അതിനു കുഴപ്പമില്ല. ഓരോ വഖ്ത്തിലും ഇങ്ങനെ ചെയ്യണം. നോമ്പുള്ളവർ ഇങ്ങിനെ യോനി (പഞ്ഞിവെച്ച് )നിറക്കരുത്. നോമ്പ് മുറിയും. പകരം പുറമെ കെട്ടിയാൽ മതി. കെട്ടുന്നത് കൊണ്ടോ പഞ്ഞിപോലുള്ളവ വെക്കുന്നത്കൊണ്ടോ സഹിക്കാനാകാത്ത വിധം വിഷമമുണ്ടായാൽ ഇക്കാര്യങ്ങൾ നിർബന്ധമില്ല. കെട്ടിയ ശേഷം ഉടൻ വുളു ചെയ്ത് നിസ്കരിക്കണം.
കെട്ടുന്നതിലോ, പഞ്ഞിപോലുള്ളവ നിറയ്ക്കുന്നതിലോ വീഴ്ച വന്നത്‌ കൊണ്ടോ തൽ‌സ്ഥാനത്ത്നിന്ന് നീങ്ങിപ്പോയത് കൊണ്ടോ രക്‌തവും മറ്റും വന്നാൽ വുളൂ‌അ് ബാത്വിലാകുന്നതാണ്.

ശൌച്യം ചെയ്യുന്നതിനും പഞ്ഞി, തുണിക്കഷ്ണം പോലുള്ളവ വെക്കുന്നതിനിടയ്ക്കും, വുളൂഅ് ചെയ്യുന്നതിനിടയ്ക്കും ,വുളൂഇന്റെ പ്രവർത്തനങ്ങൾക്കിടയിലും അത്കഴിഞ്ഞ് നിസ്കരിക്കുന്നതിനിടയിലും അനാവശ്യമായ ഇടവേള ഉണ്ടാവാൻ പാടില്ല. എല്ലാം പെട്ടെന്ന് ചെയ്യണം. അപ്പോൾ തിന്നുക, കുടിക്കുക, സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ട് ഇവക്കിടയിൽ താമസം വന്നാൽ വുളൂഅ് ബാത്വിലാകും. കഴുകലും പങ്ങിവെച്ച് കെട്ടലും വുളൂ‍ഉമെല്ലാം ആവർത്തിക്കേണ്ടതാണ്.

ഇരുന്ന് നിസ്കരിച്ചാൽ രക്ത വാർച്ച നിലക്കുമെങ്കിൽ ഇരുന്നു തന്നെ നിസ്കരിക്കൽ നിർബന്ധമാണ്. അത് പിന്നീറ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. തുണിക്കഷ്ണം കൊണ്ട് കെട്ടുന്നതിനു പകരം ട്യൂബുകളോ മറ്റോ ഉപയോഗിച്ചുകൂടാ. കാരണം ആ ട്യൂബിൽ നജസ് വന്ന് നിൽക്കുകയും നിസ്കാരട്ടിൽ അത് ചുമക്കാൻ നിർബന്ധിതരാകുകയും ചെയ്യും.

ഇസ്തിഹാളത്തുകാരി വുളൂ ചെയ്യുമ്പോൾ ശുദ്ധി വരുത്തുന്നുവെന്നോ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുന്നുവെന്നോ മാത്രം കരുതിയാൽ പോരാ.(അവളുടെ അശുദ്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ടന്നതാണ് കാരണം.) പകരം വുളൂ ചെയ്യാൻ കരുതി എന്നോ ,വുളൂഇന്റെ ഫർളിനെ വീട്ടാൻ ഞാൻ കരുതി എന്നോ , നിസ്കാരത്തെ ഹലാലാക്കാൻ ഞാൻ കരുതി എന്നോ കരുതണം. അശുദ്ധിയുയർത്തുന്നു എന്നും, മേൽപറഞ്ഞവയിലേതെങ്കിലുമൊന്നും ഒന്നിച്ചു കരുതലാണ് കൂടുതലുത്തമം.

ഇ വുളൂ മുഖേനെ ഇവൾക്ക് ഒരു ഫർള് നിസ്കാരമേ അനുവദനീയമാകൂ. സുന്നത്ത് നിസ്കാരങ്ങൾ എത്രയുമാവാം.

ഇവൾ ഗുഹ്യഭാഗങ്ങളും മറ്റും കഴുകി വൃത്തിയാക്കി പഞ്ഞിവെച്ചു തുണിക്കഷ്ണം കൊണ്ടോ മറ്റോ ഭദ്രമായി കെട്ടിയതിനു ശേഷം രക്തം പുറത്തുവരുന്നത് വുളുഇനു മുമ്പായാലും മുമ്പായാലും ശേഷമായാലും നിസ്കാരത്തിലായാലും കുഴപ്പമില്ല. ഇതിനു വസ്ത്രത്തിലും ശരീരത്തിലും വിട്ടുവീഴ്ച നൽകപ്പെടും. പക്ഷെ ഇത് ആ നിസ്കാരത്തിന് മാത്രമാണ്. അടുത്ത നിസ്കാരത്തിനായി ശരീരവും വസ്ത്രവും കഴുകണം. അമിത സ്രാവമുള്ള സ്ത്രീക്ക് പഞ്ഞിവെച്ച് കെട്ടുന്നതിന് തടസ്സം നേരിട്ടത് കൊണ്ട് അതൊഴിവാക്കിയാൽ അവളുടെ രക്തത്തിൽ നിന്ന് അധികമുള്ളതിനും വിട്ടുവീഴ്ചയുണ്ട്.
ഇനി ഇസ്തിഹാളത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ഹൈളിന്റെ പ്രായത്തില്‍ കാണുന്ന രക്തങ്ങള്‍ ഒരു രാപകല്‍ പിന്നിട്ടു , പതിനഞ്ചു ദിവസമാകാതിരിക്കുമ്പോള്‍ അവയെല്ലാം ഹയ്‌ള് തന്നെ. നിറമോ രൂക്ഷഗന്ധമോ കട്ടി കൂടുതലോ കുറവോ ആകുന്നത് അത് ആര്‍ത്തവ രക്തമാകുന്നതിന് തടസ്സമല്ല.

എന്നാല്‍ ശുദ്ധികാലം ബാക്കിനില്‍ക്കുമ്പോള്‍ കണ്ട രക്തം ആര്‍ത്തവമല്ല, രോഗ രക്തമാണ്. ഉദാ : ഒരു സ്ത്രീക്ക് മൂന്ന് ദിവസം രക്തമുണ്ടായി. അനന്തരം 12 ദിവസം രക്തം ഉണ്ടായില്ല. പിന്നീട് മുന്ന് ദിവസം രക്തം ഉണ്ടായി എങ്കില്‍ ഒടുവിലെ മൂന്ന് ദിവസം കണ്ടത് ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

ആര്‍ത്തവമുണ്ടാ‍യ സ്ത്രീക്ക് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാതെ വന്നാല്‍ ആദ്യത്തെ പതിനഞ്ച് ദിവസം തീര്‍ത്തും ഹയ്‌ളാകണമെന്നില്ല. അത്തരം ഘട്ടത്തില്‍ താഴെ പറയുന്ന വിശദീകരണത്തോടെ അത് ഹയ്‌ളും ഇസ്തിഹാളത്തും ആകും.

രക്തം വ്യത്യസ്ത രൂപത്തിലുള്ളതാണെങ്കില്‍ ശക്തിയുള്ള രക്തവും ശക്തി കുറഞ്ഞ രക്തവും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതാണ്. നിറം , മണം , കട്ടി എന്നിവയെല്ലാം ശക്തിയുടെ മാനദണ്ഡങ്ങളാണ്. ക്രമപ്രകാരം കറുപ്പ്, ചുമപ്പ്, തവിട്ടുനിറം , മഞ്ഞ കലര്‍ന്നത് എന്നിവ ശക്തിയുള്ളതാണ്. കട്ടിയുള്ളത് ഇല്ലാത്തതിനേക്കാള്‍ ശക്തം. ദുര്‍ഗന്ധമുള്ളത് ഇല്ലാത്തതിനേക്കാള്‍ ശക്തം.

ഇസ്തിഹാളത്തിന്റെ വിവിധ രൂപങ്ങള്‍

1. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാത്ത സ്ത്രീ. മുമ്പും ആര്‍ത്തവമുണ്ടായവളും രക്തത്തിന്റെ മുമ്പു പറഞ്ഞ വ്യത്യസ്ത രൂപങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കിയവളുമാണെങ്കില്‍ ഇവള്‍ മുമ്പ് രക്തം തിരിച്ചറിയാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡം തന്നെയാണ് ക്രമം തെറ്റി പുറപ്പെടുന്ന രക്തത്തിന്റെ വിഷയത്തിലും സ്വീകരിക്കേണ്ടത്. ശക്തിയുള്ള രക്തങ്ങള്‍ സ്രവിച്ച ദിവസമത്രെയും ഹ‌യ്‌ളും ശക്തി ക്ഷയിച്ചു സ്രവിച്ച ദിവസമത്രെയും ഇസ്തിഹാളത്തുമാണ്.
ഇനി അവളുടെ പതിവ് രക്തവും വകതിരിവും പരസ്‌പരം വിരുദ്ധമായാല്‍ വകതിരിവിന് സ്ഥാനം നല്‍കണം. ഉദാഹരണമായി, ഒരു സ്ത്രീയുടെ പതിവ്, മാസത്തില്‍ ആദ്യത്തെ അഞ്ചു ദിവസം ആര്‍ത്തവവും , ബാക്കി ശുദ്ധിയുമാണ്. പിന്നീട് ഈ ക്രമം തെറ്റി. അഥവാ ആദ്യം അഞ്ചു ദിവസം ചുവപ്പ് നിറത്തിലും തുടര്‍ന്നു അഞ്ചു ദിവസം കറുപ്പ് നിറത്തിലും രക്തം വന്നു. പിന്നെയും ചുവപ്പ് തന്നെ തുടര്‍ന്നു. എന്നാല്‍ കറുപ്പ് രക്തം പുറപ്പെട്ട ദിവസം ഹ‌യ്‌ളും ചുകപ്പ് രക്തം കണ്ട ദിവസം ശുദ്ധിയുമാകുന്നു. പതിവ് ഇവിടെ സ്വീകരിക്കില്ല.

2. ആര്‍ത്തവം ആദ്യമാണ്. അതുതന്നെ ക്രമം തെറ്റിക്കാണുകയും ശക്തമായ രക്തവും ബലഹീനമായ രക്തവും തമ്മില്‍ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നവളാണ്. രക്തമെല്ലാം സമാന സ്വഭാവത്തിലായിരുന്നു. ഒന്നുകില്‍ തീര്‍ത്തും ദുര്‍ഗന്ധമുള്ളത്, അല്ലെങ്കില്‍ തീര്‍ത്തും കട്ടിയില്ലാത്തത്. അതുമല്ലെങ്കില്‍ ഒരേ നിറത്തിലുള്ളത്, എന്നിങ്ങനെ സമാനതയുണ്ടായതുകൊണ്ടോ വ്യത്യസ്ത രൂപങ്ങളുണ്ടായിരുന്നെങ്കിലും അതു തിരിച്ചറിയാത്തത് കൊണ്ടോ ഈ ആര്‍ത്തവകാരി വിവേചിച്ചറിഞ്ഞില്ല. അതു തന്നെ പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും നിലച്ചിട്ടുമില്ല. അത്തരം ഘട്ടത്തില്‍ ഒരു രാപകല്‍ മാത്രം ഹയ്‌ളായും മറ്റു ദിനങ്ങളത്രയും ശുദ്ധിയായും ഗണിക്കണം.

അപ്പോള്‍ ഇവള്‍ മാസത്തിലെ പ്രഥമ ദിവസം ആര്‍ത്തവമാണെന്ന് വച്ച് കുളിച്ച് ശുദ്ധിയായി ബാക്കി ദിവസങ്ങളിലെല്ലാം നിസ്കാരം പോലുള്ള ആരാധനകള്‍ നിര്‍വ്വഹിക്കേണ്ടതാണ്. പതിനഞ്ച് ദിവസം കഴിയാന്‍ കാത്തിരിക്കേണ്ടതില്ല. ആദ്യമായി ആര്‍ത്തവമുണ്ടാകുന്ന അവസരത്തിലൊഴികെ. അപ്പോളവള്‍ നിസ്കാരവും മറ്റുമുപേക്ഷിച്ച് പതിനഞ്ച് ദിവസം വരെ കാത്തിരിക്കണം. പതിനാറാമത്തെ ദിവസത്തിലേക്ക് രക്തം വിട്ടുകടന്നാല്‍ ആദ്യത്തെ ഒരു ദിവസമല്ലാത്ത ദിവസങ്ങളിലെ എല്ലാ നിസ്കാരങ്ങളും അവള്‍ ഖളാ‌അ വീട്ടണം. രക്തം ഒരേ രൂപത്തില്‍ തുടരുകയാണെങ്കില്‍ മുപ്പത്തി ഒന്നാമത്തെ ദിവസം മറ്റൊരു ആര്‍ത്തവവും പിന്നീടുള്ള ഇരുപത്തിയൊമ്പത് ദിവസം ശുദ്ധികാലവുമായി പരിഗണിക്കും.
3. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാത്ത സ്ത്രീ , മുമ്പ് ആര്‍ത്തവമുണ്ടാകാത്തവളും എന്നാല്‍ ശക്തിയുള്ളതും അല്ലാത്തതും വേര്‍തിരിച്ചറിഞ്ഞവളുമാണെങ്കില്‍ , അവള്‍ ശക്തിയുള്ളത് ഹയ്‌ളും അല്ലാത്തത് ഇസ്തിഹാളത്തുമായി ഗണിക്കണം. പക്ഷേ അതിന് നാല് നിബന്ധനകളുണ്ട്.

1.ശക്തിയുള്ളത് ഒരു ദിവസത്തില്‍ - ഇരുപത്തിനാല് മണിക്കൂറില്‍ - ചുരുങ്ങാതിരിക്കുക

2.ശക്തിയുള്ളത് പതിനഞ്ച് ദിവസത്തേക്കാള്‍ കൂടാതിരിക്കുക

3.ബലഹീനമായ രക്തം ഏറ്റവും കുറഞ്ഞ ശൂദ്ധ കാലത്തേക്കാള്‍ ( 15 ദിവസത്തേക്കാള്‍ ) കുറയാ‍തിരിക്കുക.

4.ബലഹീനമായ രക്തം പതിനഞ്ച് ദിവസം ഇടവിടാതെ ഉണ്ടാകുക.

ശക്തിയായ രക്തം ആദ്യമായാലും മധ്യത്തിലായാലും അവസാനത്തിലായാലും ഉപര്യുക്ത നിബന്ധനകള്‍ ഉള്ളപ്പോള്‍ എല്ലാം ആര്‍ത്തവം തന്നെ. ബലഹീനമായ രക്തം വര്‍ഷങ്ങളോളം നീണ്ടു നിന്നാലു, ശുദ്ധി തന്നെ.

ഉദാഹരണമായി ഒരു സ്ത്രീക്ക് നാല് ദിവസം കറുത്ത രക്തവും , പിന്നെ മാസാവസാനം വരെ മുഴുവനും ചുവപ്പു രക്തവും കണ്ടു. അല്ലെങ്കില്‍ പതിനഞ്ച് ദിവസം ചുവപ്പ് രക്തവും പിന്നെ പിന്നെ പതിനഞ്ച് ദിവസം കുറുപ്പ് രക്തവും കണ്ടു. അതുമല്ലെങ്കില്‍ അഞ്ചു ദിവസം ചുകപ്പും പിന്നെ അഞ്ചു ദിവ്സം കറുപ്പും പിന്നെ മാസത്തിലെ ബാക്കി ദിവസം മുഴുവന്‍ ചുകപ്പും കാണുക. ഇപ്പറഞ്ഞ രീതിയില്‍ പുറപ്പെട്ട കറുപ്പ് രക്തങ്ങളെല്ലാം ഹയ്‌ളും ചുകപ്പ് രക്തങ്ങള്‍ ഇസ്തിഹാളത്തുമാണ്.

മുന്‍ വിവരിച്ച നാല് നിബന്ധനകളില്‍ ഒന്ന് ഇല്ലാതെയായാ‍ല്‍ അവളുടെ ആര്‍ത്തവം മാസത്തിൽ ഒരു ദിവസമാണെന്നും ബാക്കി ശുദ്ധി ദിവസമാണെന്നും വെക്കണം. ആ ദിവസങ്ങളില്‍ സ്രവിക്കുന്ന രക്തം ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

4. മുമ്പും ഹയ്‌ളുണ്ടായിട്ടുള്ള സ്ത്രീ, രക്തത്തിന്റെ നിറവും മറ്റും വിവേചിച്ചറിയാത്തവള്‍ , എന്നാല്‍ പതിവു പ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുണ്ട് താനും. എങ്കില്‍ അവളുടെ മുന്‍ പതിവനുസരിച്ച് ഹയ്‌ളും ശുദ്ധിയും കണക്കാക്കണം. ഏഴ് ദിവസമാണ് ഹയ്‌ളുണ്ടാകാറുള്ളതെങ്കില്‍ ഏഴ് ദിവസം ഹയ്‌ളായും ബാക്കി ദിനങ്ങള്‍ ഇസ്തിഹാളത്തായും ഗണിക്കണം .

5. ഇനി മുന്‍‌പതിവുള്ള സ്ത്രീ തന്നെ പതിനഞ്ചു ദിവസത്തിലധികം രക്തം വന്നപ്പോള്‍ അതു വിവേചിച്ചറിയാത്തവള്‍. മാത്രമല്ല, പതിവുപ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും മറന്നു പോകുകയും ചെയുതു. അവള്‍ ‘മുതഹയ്യിറത്താ’ണ്.

മുതഹയ്യിറത്തെന്നാല്‍ ഭാഷാര്‍ത്ഥത്തില്‍ പരിഭ്രാന്തയെന്നാണ്. മുമ്പ് ആര്‍ത്തവമുണ്ടായിട്ടുള്ള സ്ത്രീക്ക് ഒരു തവണ 15 ദിവസത്തിലധികം രക്തം വന്നു. രക്തനിറങ്ങളോ മറ്റോ അവള്‍ വിവേചിച്ചറിഞ്ഞതുമില്ല. മുന്‍ ആര്‍ത്തവ ദിനങ്ങളോ അതിന്റെ സമയമോ വേണ്ടപോലെ ഓര്‍ക്കുന്നുമില്ല. ഇത്തരം സ്തീകള്‍ക്ക് പറയുന്ന സാ‍ങ്കേതിക നാമമാണ് ‘മുതഹയ്യിറത്ത് ‘ .

ഇവള്‍ ത്വലാഖ്, നിസ്കാരം, നോമ്പ്, ത്വവാഫ് പോലുള്ളവയില്‍ ശുദ്ധിയുള്ളവളെപ്പോലെയും ഇവയല്ലാത്ത എല്ലാ വിഷയത്തിലും ഹയ്‌ളുകാരിയെപ്പോലെയുമാണ്. അപ്പോള്‍ സം‌യോഗം, മുട്ടുപൊക്കിളിനിടയിലുള്ള സുഖാസ്വാദനം , ഖുര്‍‌ആന്‍ തൊടലും ചുമക്കലും , നിസ്കാരത്തിലല്ലാതെ ഖുര്‍‌ആന്‍ ഓതല്‍ എന്നിവ നിഷിദ്ധങ്ങളാണ്. ഓരോ ഫര്‍ള് നിസ്കാരത്തിനും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്.

ഏത് നിസ്സാര രോഗങ്ങളും നിസ്കാരാദി ആരാധനകള്‍ ഒഴിവാക്കാനുള്ള ലൈസന്‍സായി കാണുന്നവരാണ് നാം. സ്ത്രീകളതില്‍ മുന്‍‌പന്തിയിലുമാണ്. ആശുപത്രിയിലെ നിസ്കാരം ആര്‍ക്കും ഓര്‍മ്മ പോലുമില്ല. ബ്‌ളീഡിം‌ഗ് പോലുള്ള വിപല്‍കര രോഗകാലത്തെ നിസ്കാരം നമ്മുടെ സ്ത്രീകള്‍ക്ക് പുതുമയായിരിക്കും. എന്നാല്‍ ഇവര്‍ക്ക് നിസ്കരിക്കല്‍ നിര്‍ബന്ധവും ഒഴിവാക്കല്‍ ഹറാമുമാണ്. പൂര്‍വ്വിക വനിതകളുടെ മാതൃക ഇക്കാര്യത്തിലും നമ്മുടെ വനിതകള്‍ സ്വീകരിക്കേണ്ടതുണ്ട്.

റമദാന്‍ വ്രതത്തിന് ഇത്തരക്കാരികള്‍ക്ക് പ്രത്യേക രീതിയുണ്ട്. റമദാന്‍ മാസം തീര്‍ത്തും നോമ്പ് പിടിക്കുന്നതോടൊപ്പം മറ്റൊരു മാസവും കൂടി തീര്‍ത്തും നോമ്പ് പിടിക്കണം. അപ്പോള്‍ മാസത്തില്‍ 15 ദിവസം ആര്‍ത്തവമാകുന്ന സങ്കല്‍പ്പ പ്രകാരം തന്നെ 14 ദിവസം ശുദ്ധി ലഭിക്കും. അതിനാല്‍ രണ്ട് മാസത്തിലും കൂടി 28 ദിവസത്തെ നോമ്പ് കരസ്ഥമാകും. രണ്ട് മാസം കഴിഞ്ഞതിന്റെ ശേഷം തുടരെയുള്ള പതിനെട്ട് ദിവസം തെരെഞ്ഞെടുത്ത് അതിലെ ആദ്യത്തെ മൂന്ന് ദിവസവും അവസാനത്തെ മൂന്ന് ദിവസവും നോമ്പ് അനുഷ്ഠിക്കണം. എന്നാല്‍ 18 ലെ ഒന്നാം ദിവസം ആര്‍ത്തവം തുടങ്ങി എന്ന നിഗമന പ്രകാരം തന്നെ 16 ന് അവസാനിക്കും. അപ്പോള്‍ 17, 18 നോമ്പ് സാധുവാകും. മൂന്നാം ദിവസം തുടങ്ങിയാല്‍ ഒന്നും രണ്ടും സ്വഹീഹാ‍കും. ഏത് സാധ്യതകള്‍ വകയിരുത്തിയാലും 18 ല്‍ രണ്ട് ദിനം ലഭിക്കുകയും അവളുടെ നോമ്പ് മുപ്പത് തികയുകയും ചെയ്യുന്നു.

6) മുതഹയ്യിറത്ത് തന്നെ പക്ഷെ, മുൻ ആർത്തവ സമയം അറിയാം, എത്ര ദിവസമായിരുന്നു എന്നറിയാത്തവൾ. ഉദാഹരണമായി, ആർത്തവം തുടങ്ങിയത് മാസാദ്യമാണെന്ന് അറിയാം. അതെത്ര ദിവസമുണ്ടായിരുന്നുവെന്നറിയില്ല. അങ്ങനെയെങ്കിൽ ഈ മാസത്തിലെ ആദ്യദിവസം ഉറപ്പായും ഹയ്‌ള് തന്നെ. മാസത്തിന്റെ രണ്ടാം പാതി ഇസ്തിഹാളത്താണെന്നുറപ്പാണ്. അഥവാ ശുദ്ധയാണ്. അതല്ലാത്ത ദിനങ്ങൾ അഥവാ മാസത്തിലെ രണ്ട് മുതൽ പതിനഞ്ചുവരെയുള്ള ദിവസങ്ങൾ ആർത്തവഘടകമാവാനും അത് നിലയ്ക്കാനും ഇസ്തിഹാളത്തിന്റേതാകാനും സാധ്യതയുണ്ട്. ഇവൾ ഈ ദിവസങ്ങളിൽ ആരാധനകളുടെ കാര്യത്തിൽ ഋതുമതിയല്ലാത്തവളും, ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വിഷയത്തിൽ, ആർത്തവകാരിയുമായിട്ടാ‍ണ് വർത്തിക്കേണ്ടത്. ഈ ദിവസങ്ങളിൽ ( 2-15 വരെയുള്ള ദിവസങ്ങളിൽ ) ഫർള് നിസ്കരിക്കാൻ വേണ്ടി കുളിക്കൽ നിർബന്ധമാണ്. മാസത്തിന്റെ രണ്ടാം പകുതിക്ക് ശേഷമുള്ള ദിവസങ്ങളിൽ സംഭോഗം അടക്കമുള്ള എല്ലാ വിഷയങ്ങളിലും അവൾ ശുദ്ധികാരിയെപ്പോലെയാകുന്നു.

7. മുത്തഹയ്യിറത്ത് തന്നെ പക്ഷെ മുൻ ആർത്തവത്തിന്റെ തിയ്യതി ഓർമ്മയില്ലാതിരിക്കലോട് കൂടി ദിവസത്തിന്റെ എണ്ണം ഓർമ്മയുള്ളവൾ. ഇവളെ സംബന്ധിച്ചിടത്തോളം ഹൈളാണെന്നുറപ്പുള്ളതിന് അതിന്റെ വിധിയും ഹൈളല്ലെന്നുറപ്പുള്ളതിന് അതിന്റെ വിധിയും ബാധകമാണ്. രണ്ടിനു സാധ്യതയുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം. ഉദാഹരണമായി, ഒരു സ്ത്രീയുടെ ആർത്തവം മാസത്തിലെ ആദ്യത്തെ പത്തിൽ 5 ദിവസമായിരുന്നു എന്നറിയാം. പക്ഷെ എന്നാണ് തുടങ്ങാറുള്ളത് എന്നറിഞ്ഞുകൂടാ. ഒന്നാം തിയ്യതി ശുദ്ധിയായിരുന്നു എന്നും ഓർമ്മയുണ്ട് എന്നാൽ ആറാം തിയ്യതി അവൾക്ക് ആർത്തവമാണെന്നും ഒന്നാം തിയ്യതിയും ഒടുവിലത്തെ രണ്ട് പത്തും ശുദ്ധിദിവസങ്ങളാണെന്നും അവൾക്ക് ഉറപ്പിക്കാം. രണ്ട് മുതൽ അഞ്ച്കൂടിയ ദിവസങ്ങളിൽ ആർത്തവകാരിയാകാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാൽ ഈ ദിവസങ്ങളിൽ ഓരോ ഫർള് നിസ്കാരത്തിനും വുളു എടുക്കണം. കുളിക്കണമെന്നില്ല. ഏഴ് മുതൽ പത്ത് വരെയുള്ള ദിവസങ്ങൾ ഓരോന്നും ആർത്തവം, ശുദ്ധി, ആർത്തവം അവസാനിക്കൽ എന്നിവക്കെല്ലാം സാധ്യതയുള്ളതിനാൽ പ്രസ്തുത ദിവസങ്ങളിൽ ഓരോ ഫർളിനും കുളിക്കൽ നിർബന്ധമാകുന്നു.

#വെള്ളപോക്ക്.

സ്തീകൾക്കുണ്ടാകുന്ന മറ്റൊരു രോഗമാണ് യോനീസ്രവം .ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടികൊണ്ടിരിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. ചില പ്രത്യേകതരം രോഗാണുക്കൾ യോനീനാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്.

സ്ത്രീകൾ മരുന്ന് കഴിക്കുമ്പോൾ പുരുഷന്മാർക്കും ചില മരുന്നുകൾ ആവശ്യമായി വരും. കാരണം ഔഷധം വഴി സ്ത്രീ രോഗമുക്തി നേടിയാലും ലൈംഗിംഗ ബന്ധത്തിലേർപ്പെടുമ്പോൾ ഭർത്താവ് വീണ്ടും ഭാര്യയ്ക്ക് രോഗം സമ്മാനിക്കുന്നു.

എരിവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ, വിരശല്യം, അണുബാധ, ആർത്തവത്തിന്റെ ക്രമക്കേടുകൾ മുതലായ പലകാരണങ്ങൾ കൊണ്ട് സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് വെളുപ്പ്, മഞ്ഞ, ഇളം‌പച്ച, ഇളം ചുവപ്പ് എന്നിങ്ങനെയുള്ള നിറത്തിൽ നേർത്തോ കുറുകിയോ നൂലുപോലെയോ ഉണ്ടാകുന്ന സ്രാവത്തിനാണ് ‘വെള്ളപോക്ക്’ എന്ന് പറയുന്നത്. തുടക്കത്തിൽ കഞ്ഞിതെളിപോലെയുള്ള നിറത്തിലും പിന്നീറ്റ് മഞ്ഞ നിറത്തിലുമായിരിക്കും.

ഇത് നജസാണ്. നിസ്കരിക്കാനും ത്വവാഫിനും മറ്റ് ശുദ്ധി നിർബന്ധമായ എല്ലാ ഇബാദത്തുകൾക്കും കഴുകൽ നിർബന്ധമാണ്.

ഇന്ദ്രിയമല്ലാത്ത ,ഗുഹ്യസ്ഥാനത്തിലൂടെ വരുന്ന എല്ലാ ദ്രാവകവും നജസാണെന്നാണ് വിധി.
രക്തസ്രാവവും വിധികളും

രക്‌ത സ്രാവവും അതുമായി ബന്ധപ്പെട്ട വിധികളും മനസ്സിലാക്കാൻ പ്രയാസമേറിയതായതിനാൽ ചുരുക്കി ഒന്നുകൂടെ വിശദീകരിക്കാം.

1) രക്തത്തിന്റെ വർണ്ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും കുറഞ്ഞതും വിവേചിച്ചറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കണക്കാക്കണം.

2) രക്തം ഒരേ രൂപത്തിലായതിനാൽ വിവേചിച്ചറിയാത്തവൾ : ഇവൾ മാസത്തിലൊരു ദിവസം ആർത്തവമായും ബാക്കിയുള്ള ദിവസങ്ങൾ ഇസ്തിഹാളത്തായും പരിഗണിക്കണം.

3) രക്തം പല രൂപത്തിലായതിനാൽ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കരുതണം.

4) ശക്തമായ രക്തവും അല്ലാത്ത രക്തവും വേർതിരിച്ചറിയാൻ സാധിക്കാതിരിക്കലോടു കൂടി മുൻ ആർത്തവത്തിന്റെ കണക്കും സമയവും ഓർമ്മയുള്ളവൾ. ഇവൾ പതിവനുസരിച്ച് ആർത്തവമുണ്ടാകാറുള്ള അത്രയും ദിവസം ആർത്തവമായും ബാക്കി രോഗ രക്തമായും പരിഗണിക്കണം.

5) കണക്കും സമയവും മറന്നവൾ. ഇവൾ ഒരേ ഫർള് നിസ്കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കൽ നിർബന്ധമാണ്.

6) സമയം അറിയാമെങ്കിലും കണക്ക് മറന്നവൾ

7) കണക്ക് ഓർമ്മയുണ്ടെങ്കിലും സമയം മറന്നവൾ. ഈ രണ്ട് ( 6,7 ) വിഭാഗത്തിൽ‌പെട്ട സ്ത്രീകളും ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നൽകുകയും രണ്ടിനും സാധ്യതയുള്ളതിനാൽ ഹിതമുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം.