page

Tuesday, 24 March 2020

ജമാഅത്തെ ഇസ്ലാമി- RSS ചർച്ച !

*മൗദൂദി ജമാഅത്ത് × ആർ എസ് എസ് നേതാക്കൾ തമ്മിലുള്ള ഐക്യചർച്ച പൂർണ രൂപം വായിക്കാൻ കഴിയാത്തവർക്കായി  ടൈപ് ചെയ്തു പോസ്റ്റുന്നു* :-
-------------------
ഭോപ്പാൽ. *ആർ എസ് എസിലെ ചില ഉത്തരവാദപ്പെട്ട വ്യക്തികൾ ഈയിടെ ജമാ അത്തെ ഇസ്ലാമി മദ്ധ്യപ്രദേശ് അമീർ മൗലാന ഇൻ ആമു റഹ്മാൻ ഖാനെ സന്ദർശിച്ചു ചില സുപ്രധാന വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തുകയുണ്ടായി*.
 *ആർ എസ് എസിൽ മുസ്ലിങ്ങളെ ചേർക്കുന്ന വിഷയവും ചർച്ചയിൽ പരാമർശിക്കപ്പെടുകയുണ്ടായി*. ഈ വിഷയത്തിൽ മുസ്ലിങ്ങളുടെ പ്രതികരണം എന്താണെന്നും മൗലാനക്കു നൽകാനുള്ള നിർദേശങ്ങൾ എന്താണെന്നും ആർ എസ് എസ് നേതാക്കൾ ആരാഞ്ഞു. മുസ്ലിങ്ങളുടെ പ്രതികരണത്തെ സംബന്ധിച്ച്  തനിക്കു കൂടുതലായൊന്നും അറിയില്ലെന്നു ഇൻ ആമുറഹ്മാൻ ഖാൻ മറുപടി പറഞ്ഞു. നിർദേശങ്ങളെ സംബന്ധിച്ച് മുസ്ലിങ്ങൾക്കുള്ളതോ ആർ എസ് എസിനുള്ളതോ എന്നു ചോദിച്ചപ്പോൾ ഇരുവിഭാഗങ്ങൾക്കുമുള്ള നിർദേശം എന്നായിരുന്നു അവരുടെ പ്രതികരണം. മുസ്ലിങ്ങൾക്കുള്ള നിർദേശത്തെ സംബന്ധിച്ചിടത്തോളം  അവരുമായി നേരിട്ട് ബന്ധപ്പെടേണ്ട പ്രശ്നമാണെന്നു മൗലാന മറുപടി പറഞ്ഞു. എങ്കിലും ആർ എസ് എസിൻ്റെ ഉത്തരവാദപ്പെട്ട വ്യക്തികൾ എന്ന നിലയിൽ ഇവ്വിഷയകമായി ചില മൗലിക കാര്യങ്ങൾ നിങ്ങളുടെ മുമ്പാകെ വെക്കാൻ സാധിക്കുമെന്നദ്ദേഹം പറഞ്ഞു. ആർ എസ് എസ് നേതാക്കൾ അതു കേൾക്കാൻ താല്പര്യം പ്രദർശിപ്പിച്ചപ്പോൾ മൗലാന ഇപ്രകാരം തുടർന്നു. “നിർമ്മാണാത്മകമായ ലക്ഷ്യം മുന്നിലുള്ള രചനാത്മകമായ അടിത്തറകളിൽ പ്രവർത്തിക്കുന്ന സംഘടനക്കേ ശക്തവും ഭദ്രവുമായ സംഘടനയായി നിലനിൽക്കാൻ സാധിക്കുകയുള്ളു.
ഈ രചനാത്മക ലക്ഷ്യത്തിൻ്റെ സന്ദേശം സങ്കുചിതമായിരിക്കരുത്. ഏതു വ്യക്തിക്കും ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കണം അത്. ഈ ലക്ഷ്യം എത്രമാത്രം വിശാലവും സമഗ്രവുമാണോ അത്രയും വിശാലമായിരിക്കും പ്രസ്തുത ലക്ഷ്യം ഉൾക്കൊള്ളുന്നവരുടെ സംഘടനയും.   ലക്ഷ്യം എത്രത്തോളം ഉന്നതമാണോ സംഘടനയും അത്രതന്നെ ഭദ്രമായിരിക്കുകയും ചെയ്യും. ലക്ഷ്യം എപ്പോഴും വളച്ചുകെട്ടില്ലാത്തതും ചില അടിസ്ഥാനമുള്ളതുമായിരിക്കണം. എന്നാൽ നിഷേധാത്മകമായ ലക്ഷ്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സംഘടനകളുടെ കാര്യം ഇതിൽനിന്നും ഭിന്നമാണു. ഏതെങ്കിലും ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ ശത്രുക്കളാക്കി അവർക്കെതിരിലുള്ള വിദ്വേഷത്തിൽ നിന്നു ശക്തി സംഭരിച്ച് അനുയായികളിൽ ആവേശം പകരുന്ന സംഘടനകൾക്ക് കുറച്ചു കാലം മുന്നോട്ടു പോകാൻ സാധിക്കുമെങ്കിലും പിന്നീടു നീർക്കുമിളകൾ കണക്കെ അവ തകർന്നു പോകാനാണു സാധ്യത. എന്തുകൊണ്ടെന്നാൽ വെറുപ്പും വിദ്വേഷവും മനുഷ്യപ്രകൃതിക്കു വിരുദ്ധമാണു. വിദ്വേഷത്തിനു ലാഘവം വരുന്നതോടെ വികാരങ്ങൾ തണുക്കുകയും സംഘടനയുടെ ചട്ടക്കൂട് ശിഥിലമാകാൻ തുടങ്ങുകയും ചെയ്യും.
ആർ എസ് എസ് ഈ അടിസ്ഥാന കാര്യങ്ങൾ വീക്ഷിച്ചിട്ടുണ്ടോ ഇല്ലേ എന്നു എനിക്കു പറയാൻ സാധ്യമല്ല. എങ്കിലും ഈ മൗലിക കാര്യങ്ങൾ മാറ്റി വെച്ചുകൊണ്ടു തന്നെ മറ്റു ചില വസ്തുതകളും പരിഗണനീയങ്ങളാണു.
ഏതൊരു സംഘടനക്കും പ്രസ്ഥാനത്തിനും ത്യാഗങ്ങളുടേതും പരീക്ഷണങ്ങളുടേതുമായ ഒരു ഘട്ടം കടന്നു പോകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ സംഘടനയില്വരുന്നവരാണു സംഘടനയുടെ യഥാർത്ഥ ശക്തിയും മൂലധനവും.  ഇവരുടെ പിൻ ബലമാണു സംഘടനയെ മുന്നോട്ടു നയിക്കുക. അവർ പ്രവർത്തിക്കുന്നതു ശരിയായ ലക്ഷ്യത്തിനു വേണ്ടിയാവട്ടെ തെറ്റായ ലക്ഷ്യത്തിനു വേണ്ടിയാവട്ടെ ,പ്രസ്ഥാനത്തിൽ ആദ്യമായി ചേരുന്ന ഈ ത്യാഗമനസ്കരുടെ പ്രവർത്തനഫലമായി സംഘടനയുടെ ശകടം പുരോയാനം ചെയ്യുമ്പോൾ അതിൽ സഞ്ചരിക്കാൻ ധാരാളമാളുകൾ വന്നുകൊണ്ടിരിക്കും. എന്നാൽ എന്തെങ്കിലും അപകടം മുമ്പിൽ കണ്ടാൽ ഉടൻ അവർ വണ്ടിയിൽനിന്നു ചാടിയിറങ്ങി ഒഴിഞ്ഞു പോകും. എൻ്റെ അഭിപ്രായത്തിൽ അമ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം ആർ എസ് എസ് ഇപ്പോഴത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈയൊരു ഘട്ടത്തിലാണു പ്രവേശിച്ചിരിക്കുന്നത്. തങ്ങളുടെ മുമ്പിൽ യാതൊരു ലക്ഷ്യവുമില്ലാത്തവരും സ്വന്തത്തോടല്ലാതെ മറ്റൊന്നിനോടും കൂറില്ലാത്തവരുമായ ആളുകളും ഇന്ന് ഈ സംഘടനയെ ആർത്തി പൂണ്ട ദൃഷ്ടികളോടെ നോക്കിക്കൊണ്ടിരിക്കുകയാണു.
ആർ എസ് എസിൻ്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ചിന്താഗതി എന്താണെന്നു എനിക്കറിഞ്ഞുകൂടാ. പക്ഷേ ഈ വിശകലനം ശരിയാണെങ്കിൽ സംഘത്തിൻ്റെ കണ്ണികൾ ഭദ്രമാക്കുന്നതാണു. അതിൽ അയവു വരുത്തുക എന്നതല്ല സന്ദർഭത്തിൻ്റെ താല്പര്യമെന്നു നിങ്ങൾക്കു സ്വയം ബോധ്യമാകും.”

*ജനസേവനം*

*ജനസേവനരംഗത്തു സംയുക്ത സംരംഭങ്ങൾ സംഘടിപ്പിക്കുന്ന വിഷയവും  ചർച്ചയിൽ പരാമൃഷ്ടമാവുകയുണ്ടായി. ഇതു സംബന്ധിച്ച് നിർദേശത്തിൽ യോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് അതിലും ചില അടിസ്ഥാനകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇൻ ആമുറഹ്മാൻ ഖാൻ  സാഹിബ് പറഞ്ഞു*. ഒന്നാമതായി സാധാരണഗതിയിൽ മനസ്സിലാക്കപെടുന്നതിനെക്കൾ സുപ്രധാനമായ സംഗതിയാണു ജനസേവനം. നമ്മളിരു കൂട്ടരും ചൂലും കൈക്കോട്ടുമെടുത്ത് കുറച്ചു സമയം തെരുവു വൃത്തിയാക്കുന്നതിലേർപ്പെടുകയും അതു സംബന്ധമായ വാർത്തയും ഫോട്ടോയും പത്രത്തിൽ വരുകയും ചെയ്യുക എന്നതു പ്രയാസമുള്ള കാര്യമല്ല. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുക എന്നതു മാത്രമാണു ഇത്തരം സാമൂഹ്യസേവനപ്രവർത്തനങ്ങളുടെ ലക്ഷ്യം. ജനസേവനത്തെ സംബന്ധിച്ച് ഇതിനെക്കാൾ ഉയർന്ന ഒരു വീക്ഷണം ഉണ്ടാവേണ്ടതുണ്ട്. “ദൈവത്തിൻ്റെ സൃഷ്ടികൾ ദൈവത്തിൻ്റെ കുടുംബാംഗങ്ങളാണു” (അൽ ഖൽഖു ഇയാലുള്ളാഹ്) എന്നതാണു ഞങ്ങളുടെ വിശ്വാസപ്രമാണം. ദൈവത്തിൻ്റെ സൃഷ്ടികൾക്കുള്ള സേവനം ദൈവത്തിനുള്ള ഉപാസനയാണെന്ന വികാരത്തോടും ബോധത്തോടും കൂടിയായിരിക്കണം നാം ചെയ്യേണ്ടത്. ഈ വീക്ഷണത്തിലൂടെ ചിന്തിക്കുമ്പോൾ സാമൂഹ്യസേവനപരിപാടികൾ  നടക്കേണ്ടത് ആവശ്യമാണെന്നു വ്യക്തമാവും. പക്ഷെ അതിനു മുമ്പായി ഓരോ പ്രവർത്തകൻ്റേയും മനസ്സിൽ ,തൻ്റെ അയൽക്കാരൻ പട്ടിണി കിടക്കുകയോ രോഗബാധിതനാകയോ ചെയ്യുകയാണെങ്കിൽ പട്ടിണിക്കാരൻ്റെ വിശപ്പു മാറുകയും രോഗിക്കു ശുശ്രൂഷ ലഭിക്കുകയും ചെയ്യുന്നതുവരെ ഉറക്കം ലഭിക്കാതിരിക്കുമാർ സഹാനുഭൂതിയുടെ വികാരം തുടിച്ചു നിൽക്കണം. ഇത്തരം വികാരങ്ങളൊന്നുമില്ലാതെ നാം എന്തെങ്കിലും സേവനം ചെയ്തൊപ്പിക്കുകയാണെങ്കിൽ അതുകൊണ്ട് കുറച്ചു ദിവസം സൃഷ്ടികളെ സന്തോഷിപ്പിക്കാൻ നമുക്കു കഴിഞ്ഞെന്നു വരാം.  എന്നാൽ ഈശ്വരനെ സന്തോഷിപ്പിക്കാൻ അതു വഴി നമുക്കു സാധ്യമാവില്ല.

*തെറ്റിദ്ധാരണകൾ നീങ്ങണം.*

ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ അതു പ്രവർത്തനക്ഷമം കൂടി ആയിരിക്കണം എന്നതാണു രണ്ടാമതായി പരിഗണിക്കേണ്ട വസ്തുത. *ഇന്നു ദൗർഭാഗ്യവശാൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ തെറ്റിദ്ധാരണകളുടെ അന്തരീക്ഷമാണു നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്. വിശിഷ്യാ ജമാ അത്തെ ഇസ്ലാമിക്കു ഹിന്ദുക്കളുടെ ഇടയിലും ആർ എസ് എസ്സിനു മുസ്ലിങ്ങൾക്കിടയിലും സല്പേരല്ല ഉള്ളത്. ഹിന്ദുക്കളുടെ ഇടയിൽ ജമാ അത്തിനെ പരിചയപ്പെടുത്താൻ ശ്രമിച്ചാൽ അവർക്കതിൽ വിശ്വാസം വരാൻ പ്രയാസമാണു. ആർ എസ് എസിനെ കുറിച്ചു മുസ്ലിങ്ങളോടു പറയുകയാണെങ്കില് അവരതു ശ്രദ്ധിക്കാൻ പ്രയാസമാണു. മാത്രമല്ല ആരെങ്കിലും അതിനു തുനിഞ്ഞിറങ്ങിയാൽ ഇരു വൃത്തങ്ങളിലും അവർ അനഭിമതരായിത്തീരുകയും ചെയ്യുന്നു.*

*രണ്ടു നിർദേശങ്ങൾ*

ഈ സ്ഥിതിവിശേഷത്തിനു ഒരു മാറ്റമുണ്ടാകണമെങ്കിൽ പ്രാഥമികമായി രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഇൻ ആമു റഹ്മാൻ ഖാൻ സാഹിബ് പറഞ്ഞു. *ഒന്നാമതായി ഈ വിഷയത്തിൽ താനും സംസ്ഥാനതലത്തിലുള്ള ആർ എസ് എസിൻ്റെ ഉത്തരവാദപ്പെട്ട ഏതെങ്കിലും വ്യക്തിയും തമ്മിൽ എഴുത്തുകുത്തുകൾ നടക്കുക. ഈ എഴുത്തുകുത്തുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടണം. മൈത്രിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുക എന്ന ഉദ്ദേശത്തോടെ ഇത്തരം എഴുത്തുകുത്തുകൾ നടക്കുകയാണെങ്കിൽ അതു നല്ല ഫലങ്ങൾ ഉളവാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു*.

*സാഹിത്യങ്ങൾ*

 പുനപരിശോധിക്കണം
ദേശീയതലത്തിൽ നടക്കേണ്ടതാണു രണ്ടാമത്തെ പ്രവർത്തനം.  *ഇരു സംഘങ്ങളും തങ്ങളുടെ സാഹിത്യങ്ങൾ പുനപരിശോധനക്കു വിധേയമാക്കി വെറുപ്പും വിദ്വേഷങ്ങളും ഉളവാക്കുന്ന പരാമർശങ്ങൾ അവയിൽനിന്നു നീക്കം ചെയ്ത് തൽസ്ഥാനത്തു മൈത്രിയും സൗഹൃദവും വളർത്തുന്ന കാര്യങ്ങൾ ചേർക്കുക എന്നതാണത്*. ഇങ്ങിനെ ചെയ്യുന്നതിൽ കൃത്രിമത്വത്തിൻ്റെയോ തെറ്റായ വിവരങ്ങളുടെയോ ആവശ്യമില്ലെന്ന് ഇൻ ആമുറഹ്മാൻ ഖാൻ സാഹിബ് വ്യക്തമാക്കി. യഥാർത്ഥത്തിൽ പ്രശ്നം വീക്ഷണത്തിൻ്റേതാണു. ഏതെങ്കിലും ഒരു വിഭാഗത്തെ നാം ശത്രുക്കളായി ഗണിച്ച് അവരുടെ ചലനങ്ങളും നടപടികളും വീക്ഷിക്കുകയാണെങ്കിൽ പല കാര്യങ്ങളും നമുക്കു വിമർശനാർഹമായി തോന്നും. അതു തെറ്റായിരിക്കുകയുമില്ല. അതുപോലെതന്നെ ആരെങ്കിലുമായി മൈത്രിയും സ്നേഹവും സ്ഥാപിക്കാൻ നാം ആഗ്രഹിക്കുകയാണെങ്കിൽ അവരിൽ അംഗീകാര യോഗ്യമായ പല കാര്യങ്ങളും നമുക്കു കണ്ടെത്താൻ കഴിയും. നമ്മുടെ ഈ നല്ല വശങ്ങൾ കാണുകയും കാണിച്ചു കൊടുക്കുകയും ചെയ്യുക എന്നതിൽ വ്യാജമായി ഒന്നുമുണ്ടാവില്ല. എന്തുകൊണ്ടെന്നാൽ ഏതൊരു മനുഷ്യവിഭാഗത്തിലും ചില ന്യൂനതകളുണ്ടാവും. നന്മയുടെ മൂർത്തീമൽ ഭാവമോ തിൻമയുടെ പ്രതീകമോ ആയ ഒരു മനുഷ്യസമൂഹവുമുണ്ടാകില്ല. മാലിന്യങ്ങളിൽ ഇരിക്കുന്ന ഇച്ചകളാവാനാണോ അതല്ല  പുഷ്പങ്ങളിൽൽനിന്നും മധുവുണ്ടാക്കുന്ന ശലഭങ്ങളാവാനാണോ നാം അഗ്രഹിക്കുന്നത് എന്നതാണു അടിസ്ഥാനപ്രശ്നം. പൂന്തോട്ടത്തിൽ മാലിന്യങ്ങളുണ്ടാകും; പൂക്കളുമുണ്ടാകും.
ഏതാണ്ട് ഒരു ചെറിയ പ്രഭാഷണരൂപത്തിൽ മുന്നോട്ടു നീങ്ങിയ ഈ സംസാരം ആർ എസ് എസ്സുകാർ താല്പര്യപൂർവ്വം ശ്രദ്ധിച്ചു കേട്ടു. ഇൻ ആമുറഹ്മാൻ ഖാൻ്റെ അഭിപ്രായങ്ങളോടു അവർ യോജിപ്പു പ്രകടിപ്പിക്കുക മാത്രമല്ല അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തങ്ങളുടെ ഹൃദയത്തിൻ്റെ ശബ്ദങ്ങളാണെന്നും പുതിയ ചില വസ്തുതകൾ അനാവരണം ചെയ്യാൻ കൂടി അവ സഹായകമായിട്ടുണ്ടെന്നും അവർ അറിയിച്ചു. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ  സംബന്ധിച്ച രണ്ടു നിർദേശങ്ങളും തങ്ങൾ സംഘത്തിൻ്റെ ഉന്നതനേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതാണെന്നു അവർ വാഗ്ദാനം ചെയ്തു.

*പ്രബോധനം 1978 ജനുവരി 14.*