page

Thursday, 9 April 2020

മറിയ ഹാറൂൻ വിമർശകർക്ക് പിഴച്ചതെവിടെ ?


#മറിയ_ഹാറൂൻ
#വിമർശകർക്കു_പിഴച്ചത്
▪️രിസാല 1381

ചോദ്യം: മറിയക്കും യോഹന്നാന്റെ മാതാവിനും അനേകം തലമുറകൾക്ക് മുൻപ് ജീവിച്ച മനുഷ്യനാണ് അഹറോൺ അഥവാ ഹാറൂൺ. ഒരിക്കലും സഹോദരൻ എന്ന സ്ഥാനത്ത് ആലങ്കാരികമായി പോലും പറയാനാകില്ല. ഒരുപക്ഷേ, പിതാവ് എന്ന് സംബോധന ചെയ്യാം. ഇവിടെ കൃത്യമായി ഖുർആനിൽ തെറ്റു വന്നിട്ടുണ്ട്. ഹാരൂണിന് സ്വന്തമായി മറിയ എന്ന സഹോദരി ഉണ്ട്. ആ മറിയയും യേശുവിന്റെ അമ്മയായ മറിയയും ഒന്നാണെന്നു ഖുർആൻ എഴുതിയ വ്യക്തിക്ക് ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്. ഇതൊരു ഭീമമായ ചരിത്രാബദ്ധമാണ്.

പ്രതികരണം:
വിശുദ്ധ ഖുർആനിന്റെ അമാനുഷികത നിഷേധിക്കുന്നതിനു അതിൽ ചരിത്രവങ്കത്തങ്ങൾ ഉണ്ടെന്നു വരുത്താൻ ക്രൈസ്തവ മിഷിണറി എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഉദ്ധരിക്കുന്ന ഒരു ചോദ്യമാണിത്. തീർത്തും അടിസ്ഥാന രഹിതമായ ഒരു ആരോപണം മാത്രമാണിത്.

വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായം ഇരുപത്തെട്ടാം വചനമാണ് ചർച്ച: "ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടപ്പുകാരിയും ആയിരുന്നില്ല". 

ഇവിടെ മർയം ബീവിയെ ഹാറൂനിന്റെ സഹോദരിയായി പരിചയപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത ഹാറൂൻ ആരാണെന്നതിനെ പ്രതി ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്. മൂസാനബിയുടെ സഹോദരനായ ഹാറൂൻ ആണെന്ന അഭിപ്രായവും അതിലുണ്ട്. വിമർശകർ ഉന്നം വെക്കുന്നത് അതായതിനാൽ അതിനെ കുറിച്ചു മാത്രം പറയാം.

യേശുവിന്റെ അമ്മയായ മറിയയും അവരുടെ എത്രയോ തലമുറകൾക്കു മുമ്പു ജീവിച്ച മോശെയുടെ സഹോദരനായ അഹരോനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണത്തിൽ നിന്ന് ആരംഭിക്കാം.

 #ആരാണ്_അഹറോൺ?
മോശെ കഴിഞ്ഞാല്‍ ന്യായപ്രമാണത്തിലെ നിറസാന്നിധ്യമാണ് അഹറോണ്‍. അദ്ദേഹത്തെയും മക്കളെയുമാണ് യിസ്രയേല്യരുടെ പുരോഹിതൻമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മോശെയോട് യഹോവ പറയുന്നു: 
"അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ" (പുറപ്പാട് 28/1). മുഖ്യപുരോഹിതൻമാരായി കരുതപ്പെട്ടു പോന്നിരുന്നത് അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും വംശപരമ്പരയേയുമാണ് (ലേവ്യ 1:7,സങ്കീ 115:10). അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന് ശുശ്രൂഷചെയ്യുവാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു (1 ദിന. 23/13).

ഈ പുരോഹിത കുടുംബത്തിൽ പെട്ട ഒരു പുരോഹിതനായിരുന്നു സ്‌നാപക യോഹന്നാന്റെ പിതാവായ സെഖര്യാവ് (ലൂക്കാ1:5-9).  അഥവാ, സെഖര്യാവ് അഹരോന്യനും ലേവ്യനും ആണ്.

സെഖര്യാവിന്റെ ഭാര്യയെ പറ്റി ലൂക്കോസ് പറയുന്നതിങ്ങനെ: ”അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ. ” (ലൂക്കാ1:5). മോശെയുടെ സഹോദരനായിരുന്ന അഹരോണിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞും എലിസബെത്ത് അഹരോണിന്റെ പുത്രി എന്നു വിളിക്കപ്പെട്ടു! സംശയിക്കേണ്ട, അവരും അഹരോന്റെ ഗൃഹത്തിൽ പെട്ടതാണു കാരണം.

 #വിമർശനത്തിന്റെ_പൂർണരൂപം
യേശുവിന്റെ മാതാവായ മറിയയെ അഹരോന്റെ സഹോദരി എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്നു നോക്കുന്നതിനു മുമ്പ് വിശുദ്ധ ഖുർആനിനും ആദരവായ നബിതിരുമേനിക്കും തെറ്റു പറ്റിയിട്ടുണ്ട് എന്ന് ക്രൈസ്തവ മിഷിനറി പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം. ആദ്യം മറിയയും അഹരോനും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ഗ്യാപ് ആയിരുന്നു പ്രശ്നം. ലൂക്കോസ് എലിസബെത്തിനെ അഹരോന്റെ പുത്രി എന്നു പറഞ്ഞിരിക്കുന്നുവല്ലോ എന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ വീണ്ടും ഗവേഷണങ്ങൾ നടന്നു. പുത്രി എന്നു പറയാം, സഹോദരി എന്നു പറഞ്ഞാലാണ് വങ്കത്തം എന്നായി തീർപ്പ്.

അതെങ്ങനെ? കടുത്ത ഇസ്‌ലാം വിമർശകനായ ഒരു ലേഖകനെ ഉദ്ധരിക്കാം: "ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!

നബി പറഞ്ഞത്‌ വീണ്ടും വായിക്കുക.
മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്‌ . സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ . ഒന്നുങ്കില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക്‌ തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കണം. രണ്ടാമതെതാണോ നബി ഉദ്ദേശിച്ചത്‌ എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ്‌ പരിശോധിക്കണം.

In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
"When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].

മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്‌. അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്."

വാസ്തവത്തിൽ, വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്നു ഒന്നു കൂടെ ഊട്ടിയുറപ്പിക്കുന്ന അത്ഭുതമാണ് മറിയ അഹരോന്റെ (പുത്രിയല്ല ) സഹോദരിയാണ് എന്ന പ്രയോഗം ! പറയാം.

അതിനു മുമ്പ് ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ, ലേഖകൻ ഉദ്ധരിച്ച സ്വഹീഹു മുസ്‌ലിമിന്റെ ഹദീസിൽ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്നു തീർപ്പു പറയാൻ പറ്റില്ല, അതൊരു സാധ്യത മാത്രമാണ്. മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കാം എന്ന സാധ്യതയെ ആ ഹദീസ് ഖണ്ഡിക്കുന്നില്ല. 

 #ഹദീസിന്റെ_അർഥമെന്ത്?
ഇമാം മുസ്‌ലിം, തിർമിദി, നസാഈ തുടങ്ങിയവരെല്ലാം നിവേദനം ചെയ്തിട്ടുള്ള പ്രസ്തുത ഹദീസിന്റെ അറബി മൂലവും മലയാളപ്പരിഭാഷയും എല്ലാവർക്കും വേണ്ടി വായിക്കാം:

عن المغيرة بن شعبة، قال: بعثني رسول الله ﷺ إلى أهل نجران، فقالوا لي: ألستم تقرءون ﴿يَاأُخْتَ هَارُونَ﴾ ؟ قلت: بلى وقد علمتم ما كان بين عيسى وموسى، فرجعت إلى رسول الله ﷺ، فأخبرته، فقال: "ألا أخْبَرْتَهُمْ أنَّهُمْ كانُوا يُسَمّونَ بأنْبِيائِهمْ والصَّالِحِينَ قَبْلَهُمْ".

മുഗീറതു ബ്നു ശുഅ്ബ റ. പറയുന്നു. ആദരവായ റസൂലുല്ലാഹി ﷺ ചില ആവശ്യങ്ങൾക്കായി എന്നെ നജ്റാൻകാരുടെ അടുത്തേക്ക് അയച്ചിട്ടുണ്ടായിരുന്നു. അന്നവരെന്നോടു ചോദിച്ചു: "ഓ ഹാറൂന്റെ സഹോദരീ" എന്നല്ലേ നിങ്ങളോതാറുള്ളത്? ഞാൻ പറഞ്ഞു: അതെ. "മോശെയുടെയും യേശുവിന്റെയും ഇടയിൽ എത്രയോ തലമുറകൾ ഉണ്ടെന്നു നിങ്ങൾക്കറിയാമല്ലോ" എന്നു അവരും പറഞ്ഞു. പിന്നീട് ഞാൻ അല്ലാഹുവിന്റെ ദൂതർ ﷺ യുടെ അരികിൽ തിരിച്ചെത്തിയപ്പോൾ ഇക്കാര്യം തിരുസവിധത്തിലുണർത്തി. അവിടുന്ന് ഉടനെ പറഞ്ഞു: താങ്കളെന്തു കൊണ്ട്  "യിസ്‌റയേല്യര്‍ പ്രവാചകന്മാരുടേയും മുൻഗാമികളായ സജ്ജനങ്ങളുടേയും പേരുകള്‍ തങ്ങളുടെ പേരുകളാക്കാറുണ്ട്" എന്ന മറുപടി പറഞ്ഞില്ല?"

ഈ ഹദീസിൽ മോശയുടെ സഹോദരനായ അഹരോനെ അല്ല ഖുർആൻ ഉദ്ദേശിച്ചത് എന്ന് പ്രത്യേകം പ്രസ്താവിച്ചിട്ടില്ല. മറിയയുടെ സമകാലികർ പ്രവാചകന്മാരുടെയും മുൻഗാമികളുടെയും പേര് സ്വീകരിക്കാറുണ്ട് എന്നു മാത്രമേ ഉള്ളൂ. ഇതിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ എടുത്താൽ മറിയക്ക് ഹാറൂന്‍ എന്നു പേരുള്ള ഒരു സഹോദരനുണ്ടായിരുന്നുവെന്ന വീക്ഷണത്തെ അതു നിരാകരിക്കുകയില്ല. അതു കൊണ്ടാണ് അങ്ങനെ ഒരു സാധ്യത അന്വേഷിച്ച വ്യാഖ്യാതാക്കളും ഇതേ ഹദീസിനെ അവലംബമാക്കിയത്. 

എന്നിട്ടും ഖുർആൻ വ്യാഖ്യാതാക്കൾ മോശെയുടെ സഹോദരനായ അഹറോനായിരിക്കാം സൂക്തത്തിലെ ഉദ്ദേശ്യമെന്ന നിഗമനത്തിലെത്തുന്നതു വേറെ രണ്ടു സാഹചര്യങ്ങളെ പരിഗണിച്ചാണ്. ഒന്ന്. ഹദീസിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നത് മറുപടി പറയാതിരിക്കുന്നതിനു പകരം ഇങ്ങനെ മറുപടി പറഞ്ഞിരുന്നെങ്കിൽ സന്ദേഹം ദൂരീകരിക്കാന്‍ കഴിയുമായിരുന്നു എന്നു മാത്രമാണ്. രണ്ട്. മറിയ കൈക്കുഞ്ഞിനെയും എടുത്തു യിസ്രയേൽ ജനത്തിനിടയിലേക്ക് ഇറങ്ങി വന്ന രംഗം ഒന്നാലോചിച്ചു നോക്കൂ. സമൂഹത്തില്‍ അതു വലിയ കോളിളക്കം സൃഷ്ടിച്ചതിന്റെ കാരണം അഹരോൻ എന്നു തന്നെ പേരുള്ള അപ്രശസ്തനായ ഒരു വ്യക്തിയുടെ കന്യകയായിരുന്ന സഹോദരി പിഴച്ചു പെറ്റു എന്നതായിരുന്നില്ലെന്ന് വ്യക്തം. പ്രത്യുത, യിസ്‌റയേല്യരിലെ ഏറ്റവും വിശുദ്ധ കുലത്തിന്റെ കുലപതിയായ അഹരോന്റെ കുടുംബത്തിലെ ഒരു സന്തതിക്കാണ് ഈ ഗതിയെത്തിയത് എന്നതു തന്നെയാകുന്നു. അതിനാലാണവർ മറിയക്കു ചുറ്റും ഓടിക്കൂടിയത്. "മറിയയേ, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ" എന്നു ശക്തമായ സ്വരത്തിൽ ആക്ഷേപിച്ചത്. "നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടപ്പുകാരിയും ആയിരുന്നില്ല" എന്നെല്ലാം പറഞ്ഞത്. മഹാപുരോഹിതന്റെ വിശുദ്ധ കുടുംബത്തിനു കളങ്കമേറ്റു എന്നവർ ഭയന്നിരിക്കണം. ഈ വസ്തുതകൾ പരിശോധിച്ചാൽ സൂക്തത്തിൽ വിവക്ഷിച്ചിരിക്കുന്നത് മോശെ പ്രവാചകന്റെ സഹോദരനായ അഹരോനെ തന്നെയായിരിക്കാം എന്നു മനസ്സിലാകുന്നു.

ഇനി ഖുർആനിന്റെ പ്രയോഗത്തിലേക്കു വരാം. ആദ്യം മറിയയും എലീസബെത്തും തമ്മിലുള്ള ബന്ധം നിർദ്ധാരണം ചെയ്യണം.

 #മറിയയും_എലിസബെത്തും
ബൈബിളിന്റെയും വിശുദ്ധ ഖുർആനിന്റെയും നിലപാടുകൾ പരസ്പരം വിരുദ്ധമാകാത്തിടത്തോളം ഇതേ സ്രോതസ്സുകളെ അവലംബിച്ചു മുന്നോട്ടു പോകാം.

മറിയ എലിസബെത്തിന്റെ ബന്ധുവായിരുന്നു എന്നു ബൈബിള്‍ സംസാരിക്കുന്നു: 

καὶ ἰδοὺ Ἐλεισάβετ ἡ συγγενίς σου καὶ αὐτὴ συνείληφεν υἱὸν ἐν γήρει αὐτῆς, καὶ οὗτος μὴν ἕκτος ἐστὶν αὐτῇ τῇ καλουμένῃ στείρᾳ·

നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞു വന്നവൾക്കു ഇതു ആറാം മാസം (ലൂ. 1/36).

ഇവിടെ ചർച്ചക്കാരത്തി, ബന്ധു എന്നെല്ലാം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് συγγενίς (syngenis) എന്ന ഗ്രീക്ക് പദമാണ്. ഹീബ്രു ബൈബിളിൽ קרובתך (ഖെറാബത്കി) എന്നും അറബിയിൽ نسيبتك (നസീബതുകി) എന്നും വിവർത്തനം ചെയ്തിട്ടുള്ള ഈ പദത്തിന്റെ കൃത്യമായ അർഥം എന്താണ് എന്ന കാര്യത്തിൽ ഇംഗ്ലീഷ് വിവർത്തകർ പല അഭിപ്രായക്കാരാണ്.

New International Version, New Living Translation, English Standard Version, New American Standard Bible, Holman Christian Standard Bible, International Standard Version എന്നിവയിൽ ഹീബ്രു, അറബിക് ബൈബിളിന്റെ നേരെ വിവർത്തനമായ your relative എന്നാണ് കൊടുത്തിട്ടുള്ളത്. ഏകദേശം സമാനമായ അർഥം തന്നെയാണ് Young's Literal Translation, English Revised Version, Darby Bible Translation, American Standard Version എന്നിവയിലുമുള്ളത്: thy kinswoman എന്ന്. relative എന്നോ kinswoman എന്നോ പറഞ്ഞതിന്റെ അർഥമാണ് ബന്ധു, ചാർച്ചക്കാരത്തി എന്നത്. അതാരുമാകാം. അടുത്ത ബന്ധുവോ അകന്ന ബന്ധുവോ അങ്ങനെ ആരു വേണമെങ്കിലും ആകാം.

എന്നാൽ King James Bible, Aramaic Bible in Plain English, American King James Version, Douay-Rheims Bible, Webster's Bible Translation എന്നിവർ കുറേക്കൂടി വ്യക്തമായ അർഥമാണ് കൊടുത്തിരിക്കുന്നത്: cousin എന്ന്. ഒരാള്‍ക്ക്‌ മാതാവിന്റെയോ പിതാവിന്റെയോ സഹോദര സന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്നതാണ് ആ പദം. ഒന്നു കൂടെ വ്യക്തമാക്കി പറഞ്ഞാൽ, അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ അല്ലെങ്കിൽ സഹോദരിയുടെ മകനോ മകളോ ആയാലാണ് ഈ പദം ഉപയോഗിക്കേണ്ടത്. അഥവാ, എലീസബെത്തിന്റെ പിതാവിന്റെയോ മാതാവിന്റെയോ സഹോദര പുത്രിയാണ് മറിയ എന്നാണ് വാച്യാർഥത്തിൽ നിന്ന് എത്തിച്ചേരുന്നത്. ഈ വചനം അവരുടെ ബന്ധം കൃത്യമായി  നിർവചിക്കുന്നില്ല. Jamieson-Fausset-Brown Bible Commentary അതു അങ്ങനെത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. "relative," but how near the word says not. ബന്ധുവാണ്, പക്ഷെ, എത്രത്തോളം അടുപ്പമുണ്ട് എന്നു ഈ പദം പറയുന്നില്ല.

ഇവിടെ, എലീസബെത്തിന്റെയും മറിയയുടെയും വംശാവലികൾ പരാമർശിക്കുന്നത് ഉചിതമായിരിക്കും.

എലീസബെത്തിന്റെ വംശാവലി: അബ്രഹാമിന്റെ പുത്രൻ യെസഹാഖ് (ഉ. 21: 1-3), യെസഹാഖിന്റെ പുത്രൻ യാക്കോബ് (ഉ. 25: 19-26), യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. മൂന്നാമൻ ലേവി, നാലാമൻ യെഹൂദാ (ഉ. 35:23), ലേവിയുടെ പുത്രൻ കഹാത് (പു. 6:16), കഹാതിന്റെ പുത്രൻ അമ്രാം (പു. 6:18), അമ്രാമിന്റെ പുത്രൻ അഹരോൻ (പു. 6:20). അഹരോന്റെ വംശാവലിയിൽ പിൽക്കാലത്ത് എലീസബെത്ത് ജനിക്കുന്നു.

മറിയയുടേതായി ഒരു വംശാവലി ബൈബിൾ പരാമർശിച്ചിട്ടില്ല. മറിയയുടെ മാതാപിതാക്കളുടെ പേരുകൾ പോലും കാനോനിക സുവിശേഷങ്ങളിലില്ല. യേശുവിന്റെ സഹോദരനായി പരിചയപ്പെടുത്തപ്പെടുന്ന യാക്കോബ് എഴുതിയ സുവിശേഷത്തിൽ നിന്നാണ് അവരുടെ പേരുകളെങ്കിലും നമുക്കു വായിക്കാനാവുന്നത്. മത്തായിയും ലൂക്കോസും പ്രസിദ്ധീകരിച്ചിട്ടുള്ള യേശുവിന്റെ വംശാവലിയാകട്ടെ അവളുടെ പ്രതിശ്രുത വരനായിരുന്ന യോസേഫിന്റേതാണ്. ഈ വിഷയത്തിൽ നമുക്കു ചെയ്യാവുന്നത് അബ്രഹാമിന്റെയും ദാവീദിന്റെയും കുടുംബത്തിലാണ് യേശു ജനിച്ചതെന്ന ക്രൈസ്തവ സഭകളിൽ ഏറെക്കുറെ പൊതുസമ്മതമുള്ള ആശയത്തെ അടിസ്ഥാനമാക്കി മറിയയുടെയും എലീസബെത്തിന്റെയും പൊതുവായ പിതൃവ്യൻ ആരാണെന്നു കണ്ടെത്തുകയാണ്. മത്തായിയുടെ ഒന്നാം അധ്യായവും ലൂക്കോസിന്റെ മൂന്നാം അധ്യായവും ഉദ്ധരിക്കുന്ന വംശാവലികൾ പ്രകാരം:

അബ്രഹാമിന്റെ പുത്രൻ യെസഹാഖ്, യെസഹാഖിന്റെ പുത്രൻ യാക്കോബ്, യാക്കോബിന്റെ പുത്രൻ യെഹൂദ, യെഹൂദയുടെ പുത്രൻ പെരസ്, പെരസിന്റെ പുത്രൻ ഹെസ്രോൻ ... അങ്ങനെ നീളുന്നു. 

അതായത് യാക്കോബിന്റെ പുത്രൻ ലേവിയുടെ വംശപരമ്പരയിൽ എലീസബെത്ത് ജനിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരനായ യഹൂദയുടെ വംശപരമ്പരയിൽ മറിയ ജനിക്കുന്നു. പിതാവു വഴി സഹോദരങ്ങളായ രണ്ടു പേരുടെ പുത്രിമാരാണ് ഇരുവരും എന്നർഥം!!

 #ബൈബിൾ_വ്യാഖ്യാതാക്കൾ_പറയുന്നത്
മറിയ അഹരോൻ വംശജയല്ലാത്തതിനാൽ എലീസബെത്തിന്റെ സഹോദരി എന്നു പറയാൻ പറ്റുമോ എന്ന ചോദ്യം വിഷയം കൂടുതൽ സങ്കീർണമാക്കുന്നു. തോറയിലെ בְּמִדְבַּר (ബെമിദ്ബാർ - സംഖ്യ) എന്ന പുസ്തകത്തിലെ ഒരു അനുശാസനം ഇങ്ങനെയാണ്: "യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ’.യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവനവന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം (സംഖ്യാപുസ്തകം 36:6,7)

നടേ ഉദ്ധരിച്ച ലൂ. 1/36 ന് വിവിധ ബൈബിൾ വ്യാഖ്യാതാക്കൾ നൽകിയിട്ടുള്ള വിശദീകരണങ്ങളിൽ ഈ വിഷയം  ചർച്ച ചെയ്തിട്ടുണ്ട്.

Matthew Poole's Commentary രേഖപ്പെടുത്തുന്നത് ഇങ്ങനെ: thy cousin Elisabeth. Here some make a question how Elisabeth, who was one of the daughters of Aaron, Luke 1:5, and consequently of the tribe of Levi, could be cousin to Mary, who was of the house of David, and consequently of the tribe of Judah, (as our evangelist proveth, Luke 1:3), because of the law, Numbers 36:6,7. But cousin may be taken in a large sense, as Paul calleth all the Jews his kinsmen, Romans 9:3; or they might be cousins in a strict sense, for the daughters of the tribe of Levi might marry into any other tribes, having no inheritance to carry away, to prevent which was the law, Numbers 36:1-13.

"ഈ വചനത്തിലെ thy cousin Elisabeth എന്ന പ്രയോഗം. ഇവിടെ സംഖ്യാപുസ്തകം 36:6,7 ലെ നിയമം കാരണമായി ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്: അഹരോന്റെ പുത്രിമാരിൽ ഒരാളായ (ലൂ.1:5), തദ്വാരാ, ലേവി വംശത്തിൽ പെട്ട എലീസബെത്ത് ദാവീദ് ഭവനത്തിൽ പെട്ട, അതുവഴി യഹൂദ വംശക്കാരിയായ (അങ്ങനെയാണല്ലോ നമ്മുടെ സുവിശേഷകനായ ലൂക്കോസ് 1:3 തെളിയിക്കുന്നത്) മറിയയുടെ സഹോദരി ആകുന്നതെങ്ങനെ? 

സഹോദരി എന്ന പദം, റോമർ 9:3ൽ എല്ലാ ജൂതൻമാരെയും തന്റെ ബന്ധുക്കൾ എന്ന് പൗലോസ് വിളിക്കുന്നതു പോലെ, വിശാലാർഥത്തിൽ എടുക്കാവുന്നതാണ്. അല്ലെങ്കിലിങ്ങനെ പറയാം: സഹോദരിമാർ എന്നു കണിശമായ അർഥതലത്തിൽ തന്നെയായിരിക്കണം. ഒരു പക്ഷെ, ഗോത്രത്തിന്റെ അവകാശം പുത്രിമാരിലൂടെ കൈമാറപ്പെടുന്നില്ല എന്ന കാരണത്താൽ - അതാണല്ലോ സംഖ്യ 36: 1 -13ലെ നിയമം - ലേവി ഗോത്രത്തിലെ പുത്രിമാരെ മറ്റേതു ഗോത്രത്തിലേക്കും വിവാഹം ചെയ്തു കൊടുക്കാൻ പറ്റുമായിരുന്നിരിക്കാം."

Gill's Exposition of the Entire Bible തരുന്ന വിശദീകരണം: For though Elisabeth was of the daughters of Aaron, or of the tribe of Levi by her father's side, yet might be of the tribe of Judah by her mother's side, and so akin to Mary. The Persic version calls her "aunt by the mother's side": intermarriages between the two tribes of Levi and Judah were frequent; nor were they at all contrary to the intention of that law, that forbid the tribes to intermarry, which was to preserve the inheritance in each tribe, since the tribe of Levi had none at all. Though she might be called her cousin in a more general sense; it being usual with the Jews to call all of their own nation their kinsmen and kinswomen, according to the flesh: but the former sense seems more agreeable.

"എലീസബെത്ത് അഹരോന്റെ പുത്രിമാരിൽ ഒരുവളാണെങ്കിലും അഥവാ, പിതാവു വഴി ലേവി ഗോത്രക്കാരിയാണ് എന്നു വെച്ചാലും മാതാവു വഴി യഹൂദ ഗോത്രക്കാരിയാകാൻ ഇടയുണ്ട്. അങ്ങനെ മറിയയുടെ സഹോദരിയാകുന്നു. പരീശേയരുടെ ബൈബിൾ പതിപ്പിൽ അവരെ "അമ്മ വഴിയുള്ള അമ്മായി" എന്നാണ് വിളിച്ചിരിക്കുന്നത്. ലേവി, യഹൂദ ഗോത്രങ്ങൾ തമ്മിൾ വിവാഹ ബന്ധത്തിലേർപ്പെടുന്നത് മിക്കവാറും പതിവായിരുന്നു. ഓരോ ഗോത്രത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഗോത്രങ്ങൾ തമ്മിലുള്ള വിവാഹത്തെ നിരോധിക്കുന്ന നിയമത്തിന്റെ താത്പര്യത്തിനു വിഘാതമായിരുന്നില്ല അത്. കാരണം ലേവ്യർക്ക് അങ്ങനെയൊന്നുണ്ടായിരുന്നില്ല. ഇനി, ഒരു വിശാലാർഥത്തിലാണ് അവളുടെ സഹോദരി എന്നു അവളെ വിളിച്ചതെന്നു വെക്കുകയാണെങ്കിൽ ജൂതൻമാർ തങ്ങളുടെ സമൂഹത്തിലെ എല്ലാവരെയും വെറും ജഡികാർഥത്തിൽ ചാർച്ചക്കാരൻ, ചാർച്ചക്കാരി എന്നു വിളിക്കാറുണ്ടെന്നു വെക്കണം. എങ്കിലും, ആദ്യം അവതരിപ്പിച്ച വീക്ഷണമാണ് കൂടുതൽ അംഗീകരിക്കാവുന്നതായി തോന്നുന്നത്".

Geneva Study Bible എഴുതുന്നു: Though Elisabeth was of the tribe of Levi, yet it was possible for her to be Mary's cousin: for whereas it was forbidden by the Law for maidens to be married to men of other tribes, there was an exception among the Levites, who could take for themselves wives out of any tribe: for the Levites had no portion allotted to them when the land was divided among the people.

"എലീസബെത്ത് ലേവി ഗോത്രക്കാരിയാണെങ്കിലും മറിയയുടെ സഹോദരിയാകാം. കാരണം, മറ്റു ഗോത്രത്തിലെ പുരുഷൻമാർക്ക് കന്യകമാരെ വിവാഹം ചെയ്തു കൊടുക്കുന്നത്  ന്യായപ്രമാണം മൂലം വിലക്കപ്പെട്ടതാണെങ്കിലും ലേവ്യർക്ക് അതിൽ നിന്ന് ഒഴിവുണ്ടായിരുന്നു. അവർക്ക് ഏതു ഗോത്രത്തിൽ നിന്നും ഭാര്യമാരെ സ്വീകരിക്കാമായിരുന്നു. കാരണം,  ദേശത്തിന്റെ അവകാശം യിസ്രായേൽ മക്കളുടെ ഇടയിൽ ഓഹരി വെച്ചപ്പോൾ ലേവ്യർക്ക് ഒന്നും അനുവദിച്ചിട്ടുണ്ടായിരുന്നില്ല".

ഒരു കാര്യം തീർച്ച, കൃത്യമായ ഒരു നിഗമനത്തിൽ എത്താൻ ബൈബിൾ പണ്ഡിതൻമാർക്കു സാധിച്ചിട്ടില്ല. ഇക്കാര്യം Vincent's Word Studies എന്ന വ്യാഖ്യാന പുസ്തകം തീർത്തു പറഞ്ഞിട്ടുണ്ട്: Cousin (συγγενής): The nature of the relationship, however, is unknown. The word is a general term, meaning of the same family.

"സഹോദരിമാർ: എന്തൊക്കെ ആയിരുന്നാലും അവർ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം അജ്ഞാതമാണ്. ഒരേ കുടുംബത്തിലെ അംഗം എന്ന പൊതു അർഥം മാത്രമേ ഈ പദത്തിനുള്ളൂ".

 #എത്തിച്ചേരാവുന്ന_നിഗമനം
ബൈബിൾ വ്യഖ്യാനങ്ങളിൽ നിന്ന് ഇതുവരെ അവതരിപ്പിക്കപ്പെട്ട സാധ്യതകളിൽ നിന്നു മനസ്സിലായ കാര്യങ്ങളിതാണ്:

1. മറിയയും എലിസബെത്തും യാക്കോബ് എന്ന 
പൊതുപൂർവ്വികനിൽ സന്ധിക്കുന്നു. ജ്യേഷ്ഠാനുജൻമാരുടെ മക്കൾ എന്ന അർഥത്തിൽ അവർ സഹോദരങ്ങളാണ്.
2. എലീസബെത് ലേവ്യ വംശജയും അഹരോന്റെ പുത്രിയുമാണ്.
3. മറിയ യഹൂദവംശക്കാരിയാണ്. ലേവ്യനായ അഹരോന്റെ പുത്രി അല്ല.
4. മറിയയും എലിസബെത്തും കസിൻസ് ആണ്. അഥവാ, അവർ രണ്ടു പേരുടെയും മാതാക്കൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഇവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളും ഇസ്‌ലാമിക ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുള്ളതു പ്രകാരം സെഖര്യാവിന്റെ ഭാര്യയായ എലീസബെത്തും മറിയയുടെ മാതാവ് ഹന്നയും സഹോദരികളാണ്.  ഹന്നയുടെ പേര് വിശുദ്ധ ഖുർആനിലില്ല, വ്യാഖ്യാന ഗ്രന്ഥങ്ങളിലുണ്ട്. തഥൈവ, നാലു കാനോനിക സുവിശേഷങ്ങളിലും ഇല്ല, അപൊക്രീഫൽ സുവിശേഷങ്ങളിൽ ധാരാളം പരാമർശിച്ചിട്ടുണ്ട്. 

മാലിക് ബ്നു അനസ് റ.വിൽ നിന്ന് സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസിൽ ഇസ്റാഅ്, മിഅ്റാജിനെ സംബന്ധിച്ചുള്ള കഥനം നടത്തുന്നതിനടക്ക് യഹ്'യ, ഈസ പ്രവാചകൻമാരെ കുറിച്ച് തിരുനബി ﷺ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: وهما ابنا خالة (വഹുമാ ഇബ്നാ ഖാലതിൻ). ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാൽ They two are cousins എന്നാണ് ഇതിന്റെ അർഥം. ഇബ്നു ഖാലത് / കസിൻ എന്ന പദം ഇംഗ്ലീഷിലും പൊതുവേ ഉപയോഗിക്കാറുള്ളതു പോലെ രണ്ടു തലമുറകളെയും സ്പർശിക്കുന്ന വിധമാണ് പ്രയോഗിച്ചിട്ടുള്ളത്. യഹ്'യ / യോഹന്നാന്റെ first cousin മാതൃസഹോദരിയുടെ പുത്രനാണ് ഈസ / യേശു. അദ്ദേഹത്തിന്റെ second cousin അഥവാ മാതാവിന്റെ മാതൃസഹോദരിയുടെ പുത്രനാണ് യഹ്'യ / യോഹന്നാൻ. ഇതിനെ ശരിവെക്കുന്ന ഒരു പ്രസ്താവന Bengel's Gnomen എന്ന ബൈബിൾ വ്യാഖ്യാനം ലൂ.1/36നെ കുറിച്ചെഴുതിയപ്പോൾ പറഞ്ഞിട്ടുണ്ട്: συγγενὴς, thy [cousin] kinswoman) Therefore John and Jesus also were kinsmen [cousins]. നിന്റെ [കസിൻ] ചാർച്ചക്കാരത്തി : അതിനാൽ യോഹന്നാനും യേശുവും ബന്ധുക്കൾ (കസിൻസ്) തന്നെ.

 #ഖുർആനിന്റെ_അമാനുഷികത
വിശുദ്ധ ഖുർആനിൽ ചരിത്രവങ്കത്തമുണ്ട് എന്നു സ്ഥാപിക്കുവാൻ എഴുന്നെള്ളിച്ച ഒരു ആരോപണം ഖുർആനിന്റെ അമാനുഷികത കൂടുതൽ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അഹരോന്റെ സഹോദരി എന്നു പറഞ്ഞത് തെറ്റാണ്, പ്രത്യുത, അഹരോന്റെ പുത്രി എന്നാണ് പറയേണ്ടത് എന്നാണ് ക്രൈസ്ത വിമർശനം. എന്നാൽ, ഉപര്യുക്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുത നേരെ മറിച്ചാണ്! 

യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത് എന്നാണല്ലോ ന്യായപ്രമാണത്തിലെ നിയമം. അതു പ്രകാരം മറിയയെ അഹരോന്റെ പുത്രി എന്നു വിളിച്ചാൽ നിയമ വിരുദ്ധവും ഭീമമായ ചരിത്രാബദ്ധവുമാണ്. കാരണം, മറിയ അഹരോൻ വംശജയല്ല. അഹരോന്റെ പിതൃവ്യനായ ലേവിയുടെ സഹോദരനായ യഹൂദയുടെ വംശക്കാരിയാണ്. അതുകൊണ്ട്, ഏതെങ്കിലും വിധത്തിൽ മറിയയെ അഹരോനോട് ചേർത്തു വിളിക്കുന്നെങ്കിൽ അഹരോന്റെ സഹോദരി എന്നു തന്നെ പറയണം!!!

ബിൻത് ഹാറൂൻ എന്നു പറയുന്നതിനു പകരം 'യാ ഉഖ്ത ഹാറൂൻ' എന്ന ഖുർആനിന്റെ പ്രയോഗത്തിൽ മറിയ സെഖര്യാവിന്റെ സംരക്ഷണത്തിലും പരിപാലനത്തിലും ജീവിക്കുന്നവളും അവർ ബന്ധുക്കളുമാണ് എന്നിരിക്കെ തന്നെ അവർ ഒരേ വംശക്കാരല്ല, പ്രത്യുത, സഹോദരവംശത്തിൽ പെട്ടവരാണ് എന്നു പ്രത്യേകം അറിയിക്കുന്നു!

അഹരോൺ ഭവനവുമായി മറിയയുടെ ബന്ധമെന്താണെന്നു കൃത്യമായി നിർവചിക്കാൻ ബൈബിളിനോ അതിന്റെ വ്യാഖ്യാതക്കൾക്കോ പോലും സാധിച്ചിട്ടില്ലെന്നിരിക്കെ നിരക്ഷരനായ നബിതിരുമേനി ﷺക്ക് എങ്ങനെ അറിവുകിട്ടി? വിശുദ്ധ ഖുർആൻ താൻ ചമച്ചുണ്ടാക്കിയതല്ല, അലൗകികമായ ഒരു സ്രോതസ്സിൽ നിന്നുള്ളതാണ് എന്നതാണ് ഉത്തരം. വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: "(നബിയേ), ഇവയെല്ലാം അദൃശ്യമായ വൃത്താന്തങ്ങളാകുന്നു. ദിവ്യബോധനത്തിലൂടെ നാം അത് അങ്ങേക്കു അറിയിച്ചു തരുന്നു. മര്‍യമിന്റെ രക്ഷാധികാരം ആര്‍ ഏറ്റെടുക്കേണമെന്ന് നിശ്ചയിക്കാന്‍, ക്ഷേത്ര പരികര്‍മികള്‍ അവരുടെ നാരായങ്ങള്‍ എറിഞ്ഞപ്പോള്‍ അങ്ങ് അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോഴും അങ്ങ് ഉണ്ടായിരുന്നില്ല ( ആലുഇംറാൻ : 44).

✍🏻 Muhammad Sajeer Bukhari