page

Sunday, 24 May 2020

പെരുന്നാൾ ആശംസ ജൂത സൃഷ്ടിയോ ?

'#ഈദു_മുബാറക് ' എന്നാശംസിക്കുന്നത് ജൂതൻമാർ കടത്തിക്കൂട്ടിയതാണോ?
ചോദ്യം:

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതൻമാർ വഴി മതത്തിൽ കടന്നു കൂടിയ ആശയമാണെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അപകടകരമായ അപവാദമാണ്. പെരുന്നാൾ ആശംസിക്കുന്നത് തത്വത്തിൽ ഇസ് ലാം അനുവദിച്ചിട്ടുള്ളതാണ്. സ്വഹാബത് പെരുന്നാൾ നിസ്കാരാനന്തരം അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്.   "തഖബ്ബലള്ളാഹു മിന്നാ വമിൻകും" എന്ന വാചകമാണ് അവർ പരസ്പരം ആശംസിച്ചിരുന്നത്.

وفي سنن البيهقي: عَنْ خَالِدِ بْنِ مَعْدَانَ قَالَ: لَقِيتُ وَاثِلَةَ بْنَ الأَسْقَعِ فِي يَوْمِ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ، قَالَ وَاثِلَةُ: لَقِيتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ.
ഖാലിദ് ബ്നു മഹ്ദാൻ പറയുന്നു: ഞാൻ വാ സിലതു ബ്നുൽ അസ്ഖഇനെ ഒരു പെരുന്നാൾ ദിവസം കണ്ടപ്പോൾ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞു: ''അതെ! 'തഖബ്ബലള്ളാഹു മിന്നാ വമിൻക!!"
(ബൈഹഖി).

 "ഈദ് മുബാറക്" എന്ന വാക്ക് നിവേദനത്തിൽ വന്നിട്ടില്ലെങ്കിലും പറയൽ അനുവദനീയമാണെന്നാണ് എല്ലാ മദ്ഹബുകളുടെയും വീക്ഷണം. ശാഫിഈ മദ്ഹബിന്റെ വീക്ഷണം ചേർക്കാം.

ഇമാം റംലി(റ) ഉദ്ധരിച്ചിട്ടുള്ള ഒരു അഭിപ്രായത്തിൽ ഇമാം ഖമൂലി(റ) പറയുന്നു: "സാധാരണക്കാർ ചെയ്യാറുള്ളതു പോലെ മാസങ്ങൾ, ആണ്ടുകൾ, പെരുന്നാളുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആശംസയർപ്പിക്കുന്നത് സംബന്ധമായി നമ്മുടെ അസ്ഹാബിന്* എന്തെങ്കിലും വിശേഷാഭിപ്രായം ഉളളതായി ഞാൻ കണ്ടിട്ടില്ല.  എന്നാൽ, ഇതു സംബന്ധമായി ഹാഫിള് മഖ്ദസി (റ) മറുപടി പറഞ്ഞത് ഹാഫിളുൽ മുൻദിരി ഉദ്ധരിച്ചിട്ടുണ്ട്: "പണ്ഡിതൻമാർ ഇതു സംബന്ധമായി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ഞാൻ മനസ്സിലാക്കുന്നത് ഈ ആശംസ അനുവദനീയമാണെന്നാണ്; അതു സുന്നത്തോ ബിദ്അതോ അല്ല ".
قد نقل الرملي عن القمولي قوله: لم أر لأصحابنا كلاما في التهنئة بالعيد والأعوام والأشهر كما يفعله الناس ، لكن نقل الحافظ المنذري عن الحافظ المقدسي أنه أجاب عن ذلك بأن الناس لم يزالوا مختلفين فيه ، والذى أراه أنه مباح لا سنة فيه ولا بدعة.

തുടർന്ന് "ആശംസയർപ്പിക്കുന്നത് മതനിയമ വിധേയം തന്നെ" എന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി ഇമാം റംലി ഉദ്ധരിക്കുന്നുണ്ട്. ഇമാം ബൈഹഖി(റ) തന്റെ ഹദീസു സമാഹാരത്തിൽ "പെരുന്നാൾ ദിനത്തിൽ സ്വഹാബികളിൽ ചിലർ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചതിനെപ്പറ്റി" ഒരു അധ്യായം
 باب ما روي في قول الناس بعضهم لبعض في يوم العيد : تقبل الله منا ومنك
 എന്നു തന്നെ ചേർത്തിട്ടുണ്ട് എന്നതാണ് ഇബ്നു ഹജർ(റ) തെളിവാക്കി കാണിച്ചിട്ടുള്ളത്. തുടർന്ന് അനേകം ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അവ ദുർബലമായ നിവേദക പരമ്പരയിലൂടെ വന്നിട്ടുള്ളവയാണെങ്കിലും മൊത്തത്തിൽ ഇതുപോലെയുള്ള വിഷയങ്ങൾക്ക് അവലംബിക്കാവുന്നതാണ് എന്ന് ഇമാം റംലി (റ). നിരീക്ഷിക്കുന്നു. തുടർന്ന് അദ്ദേഹം രേഖപ്പെടുത്തുന്നത് ഇങ്ങനെ: എന്തെങ്കിലും അനുഗ്രഹം ലഭിച്ചാലോ ദുരന്തങ്ങൾ നീങ്ങിയാലോ നന്ദിയുടെ സൂജൂദ് ചെയ്യുന്നതിനും ആശ്വാസവചനങ്ങൾ കൊണ്ട് അഭിവാദനം ചെയ്യുന്നതിനും തബൂകിൽ പങ്കെടുക്കാതിരുന്ന കാരണം പശ്ചാത്തപിക്കാനിടയായ കഅബു ബ്നു മാലിക് (റ)വിന്റെ ചരിത്രം തെളിവായി സ്വീകരിക്കാവുന്നതാണ്.

തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്ന സന്തോഷ വൃത്താന്തം അറിഞ്ഞപ്പോൾ നബി സ്വ. അദ്ദേഹത്തെ കാണാനായി ചെന്നു! ത്വൽഹതു ബ്നു ഉബൈദില്ല(റ) അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇബ്നു ഹജർ (റ) പറഞ്ഞതായി ഖൽയൂബി രേഖപ്പെടുത്തി. "മാസങ്ങൾ, ആണ്ടുകൾ, ഈദുകൾ മുതലായ വേളകളിൽ ആശംസയർപ്പിക്കുന്നത് സുന്നത്താണ്." ബയ്ജൂരി (റ) പറയുന്നു: "ഇതു തന്നെയാണ് പ്രബല വീക്ഷണം".

അധിക വായനക്ക്:
نهاية المحتاج 2/391
مغني المحتاج 1/360
أسنى المطالب 1/283
قليوبي وعميرة 1/310
حاشية البيجوري 1/233

*ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻമാർ.