page

Tuesday, 9 June 2020

ജുമുഅ പുനരാരംഭിക്കാതെ, ളുഹ്ർ നിസ്കരിച്ചാൽ സാധുവാകുമോ ?

ഒരു നാട്ടിൽ സ്ഥിരവാസികളായ ചുരുങ്ങിയത് നാല്പതു മുകല്ലഫുകളായ പുരുഷൻമാരുണ്ടെങ്കിൽ അന്നാട്ടിന്റെ പരിധിക്കുള്ളിലായി ജുമുഅ സ്ഥാപിക്കൽ നിർബന്ധമാണ്. നാട്ടുകാർക്ക് -അവർ സ്ഥിരവാസികളല്ലെങ്കിലും- വെള്ളിയാഴ്ച ഉച്ചയോടെ, ജുമുഅയാണ് നിർബന്ധം. ളുഹ്റല്ല. ജുമുഅനിസ്കാരത്തിന്റെ സ്ഥാനത്ത്, ളുഹ്ർ നിസ്കരിച്ചാൽ സാധുവാകുന്നതല്ല. അസ്റിനു മുമ്പായി ഖുതുബയ്ക്കും ജുമുഅയ്ക്കും സമയമുണ്ടെങ്കിൽ ഒരിടത്ത് ഒരുമിച്ചുകൂടി ജുമുഅ തന്നെ നിർവ്വഹിക്കണം. അതിനു സമയമില്ലെന്നു ഉറപ്പാകുമ്പോഴോ, അന്നാട്ടിൽ കാലങ്ങളായി ജുമുഅ നടക്കാത്ത പതിവായതിനാൽ ജുമുഅയിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോളോ മാത്രമേ ജുമുഅയുടെ സ്ഥാനത്ത് ളുഹ്ർ നിസ്കാരം സാധുവാകൂ.

ഫത്ഹുൽ മുഈനിൽ പറയുന്നു:-
 لو كان في قرية أربعون كاملون لزمتهم الجمعة بل يحرم عليهم على المعتمد تعطيل محلهم من إقامتها والذهاب إليها في بلد أخرى وإن سمعوا النداء (فتح المعين ١٩٧) 

തുഹ്ഫയില്‍ പറയുന്നു.

وأنه ما دام الوقت متسعا لا تصح الظهر إلا أن وقع اليأس من الجمعة (تحفة المحتاج ٢ - ٤٢٩)
لو تركها أهل بلد لم يصح ظهرهم حتى يضيق الوقت عن واجب الخطبتين والصلاة  (تحفة المحتاج ٢ - ٤١٨)
لأنها الواجب أصالة المخاطب بها يقينا فلا يخرج عنها إلا باليأس يقينا (تحفة المحتاج ٢ - ٤١٨)
واكتفى شيخنا الشهاب الرملي أي والنهاية باليأس العادي بأن جرت العادة بعدم استينافها (الشرواني ٢ - ٤٢٩)

  കാരണം വെള്ളിയാഴ്ച, ജുമുഅ ഫർളു ഐനായ ഇബാദത്താണ്. ഇതര ജമാഅത്തുകൾ നാട്ടിൽ നടക്കൽ അന്നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഫർളു കിഫായയുമാണ്. മുസ്‌ലിമിന്റെ പരലോക വിജയത്തിന്റെ കാര്യങ്ങളാണവ രണ്ടും. അതിലുപരി ഇസ്‌ലാമിന്റെ നിലനിൽപ്പും നിശ്ശബ്ദ പ്രചരണ(ദഅവത്ത്)വുമാണ്. മുസ്‌ലിംകളുടെ കെട്ടുറപ്പിനു വേണ്ടി നടപ്പിലാക്കേണ്ടുന്ന മതചിഹ്നങ്ങളുമാണ്. അവരുടെ അഭിമാനകരമായ അസ്തിത്വത്തിന്റെ നിദർശനങ്ങളാണ്. ജുമുഅ മുടങ്ങാതെ നിലനിർത്തൽ നാട്ടുകാരുടെ നിർബന്ധ ബാധ്യതയാണ്. അല്ലാത്തപക്ഷം അല്ലാഹുവിന്റെയടുക്കൽ എല്ലാവരും കുറ്റക്കാരാകും.

എന്നാൽ രോഗം പോലുള്ള കാരണത്താൽ ജുമുഅയ്ക്ക് എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ളവർക്ക് ഉദ്‌റുള്ളതിനാൽ ജുമുഅ നിർബന്ധമില്ല. അവർക്ക് ജുമുഅയ്ക്കു പകരം ളുഹ്ർ നിസ്കരിക്കാവുന്നതാണ്. അഥവാ, ജുമുഅ നിസ്കരിക്കുന്നില്ലെങ്കിൽ ളുഹ്ർ നിസ്കരിക്കേണ്ടതാണ്. എന്നാൽ അവർ ജുമുഅയ്ക്ക് വന്നാൽ ജുമുഅ സഹീഹാകുന്നതും അവരെ കൊണ്ട് ജുമുഅ  കെട്ടുപെടുന്നതുമാണ്.

രാജ്യത്ത് കോവിഡ് -19 പശ്ചാതലത്തിൽ പൊതുയിടങ്ങളിൽ ജനജീവിതം സാധാരണ പോലെയാണെങ്കിൽ ആരാധനയിടങ്ങളിലും അപ്രകാരം തന്നെയാണ്. പൊതുയിടങ്ങളിൽ ആളുകൾക്ക് രോഗ ഭയമോ വ്യാപനമോ ഇല്ലെങ്കിൽ ആരാധനാലയങ്ങളിലും അതേ സ്ഥിതി തന്നെയാണ്. പൊതുജീവിതത്തിന്റെ ഭാഗം തന്നെയാണ് ജുമുഅ-ജമാഅത്തുകളും. ദീൻ കേവലം സ്വകാര്യമേഖലയല്ല. അതു സമഗ്ര സ്പർശിയാണ്. അതിനാൽ ആളുകൾ അങ്ങാടികളിലും മറ്റും ഒരുമിച്ചുകൂടുന്ന സാഹചര്യത്തിൽ ജുമുഅയ്ക്കു മാത്രം രോഗഭയം എന്ന ഉദ്‌റിനു നിർവ്വാഹമില്ല. ഭയമെന്നത്, ഉണ്ടാകുന്ന ഒന്നാണ്. വിവേചന ദൃഷ്ട്യാ, 'ഉണ്ടാക്കു'ന്ന ഒന്നല്ല. വീട്ടിൽ നിന്ന് അങ്ങാടിയിലേക്ക്, വിവാഹത്തിലേക്ക്, മറ്റിടങ്ങളിലേക്ക് പുറപ്പെടുമ്പോൾ നമുക്ക് ജാഗ്രതയുണ്ടെങ്കിലും ഭയമില്ല. ഭയം വേണ്ട, ജാഗ്രത മതി എന്ന് നാം തന്നെ പറയുന്നു. പക്ഷേ പള്ളിയിലേക്കു പുറപ്പെടുമ്പോൾ മാത്രം രോഗഭയം 'ഉണ്ടാക്കു'കയോ? പള്ളിയിലാകുമ്പോൾ ജാഗ്രത പോരാ, ഭയക്കുക കൂടി വേണമെന്നോ? കോഴിമുട്ട വാങ്ങണമെന്ന് തോന്നുമ്പോൾ ഭയമില്ലാതെ അങ്ങാടിയിൽ പോകുന്നു. മീൻ വാങ്ങാൻ തോന്നുമ്പോൾ ഭയമില്ലാതെ മാർകറ്റിൽ പോകുന്നു. വിവാഹത്തിന് ഭയമില്ലാതെ പോയി ആൾക്കൂട്ടത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു. ബസ്സിലും ബൈക്കിലും ആളുകളുടെ അടുത്തിരുന്നു ഭയമന്യേ പോകുന്നു. മൊബൈൽ ആവശ്യങ്ങൾ ഭയമില്ലാതെ നടത്തുന്നു. അതിനിടയിലാണ് പള്ളിയിൽ നിന്ന് ജുമുഅക്കും ജമാഅത്തിനും ബാങ്ക് കേൾക്കുന്നത്.  അപ്പോൾ മാത്രം ഒരു കോവിഡ് ഭയമെന്നോ?! മആദല്ലാഹ്, ഇതു വിചാരണ നാളിൽ അല്ലാഹുവിനോട് ഉത്തരം പറയാൻ പറ്റുന്ന ന്യായമാണോ മുഅമിനീങ്ങളേ?! അല്ലാഹു നമ്മെ അദാബിറക്കി പരീക്ഷിക്കാതിരിക്കട്ടെ.

ജാഗ്രതയോ നേരിയ ആശങ്കയോ 'ഭയം' എന്ന വകുപ്പിൽ ഉൾപെടുത്തരുത്. ഹജ്ജിനു നാം  വിമാനത്തിൽ പോകുന്നു. ആകാശ യാത്രയിൽ തെല്ലൊരു ഭയം എല്ലാവർക്കും ഇല്ലാതില്ല. പക്ഷേ നാം ജാഗ്രതയും സുരക്ഷാ ക്രമീകരണവും നടത്തുന്നു. അല്ലാതെ, ആ ഭയം കാരണം ഹജ്ജ് നിർബന്ധമില്ല എന്ന് പറഞ്ഞു ഹജ്ജ് ഒഴിവാക്കാമോ? കടൽ യാത്രയും ഇപ്രകാരം തന്നെ. കടൽ യാത്രയിൽ, ആശങ്ക ഉണ്ടാവാറുണ്ട്. പക്ഷേ, അപകടത്തെക്കാൾ സുരക്ഷയാണ് സാധാരണമെങ്കിൽ ഹജ്ജ് നിർബന്ധമാണ്. അപകടമാണ് സാധാരണമെങ്കിൽ നിർബന്ധമില്ല. ഇക്കാലത്തു വിമാന-കപ്പൽ യാത്രകളിൽ സുരക്ഷയാണ് കൂടുതൽ. അതിനാൽ ഹജ്ജ് നിർബന്ധമാണ്. സുരക്ഷാ മാനദണ്ഡങ്ങളും സംവിധാനങ്ങളും ഉണ്ടായിരിക്കെയുള്ള 'ഭയം' ഗൗരവമുള്ളതല്ല.
ഇസ്‌ലാമിക കർമ്മശാസ്ത്രം ഇതു വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം ഇബ്നു ഹജർ(റ) പറയുന്നു:-

(والأظهر وجوب ركوب البحر إن غلبت السلامة) وقت السفر فيه لأنه حينئذ كالبر الآمن بخلاف ما إذا غلب الهلاك أو استويا فيحرم ركوبه حينئذ للحج وغيره.... وخرج به الأنهار العظيمة كجيحون والنيل فيجب ركوبها قطعا لأن المقام فيها لا يطول والخوف لا يعظم وقول الأذرعي محله إذا كان يقطعها عرضا وإلا فهي في كثير من الأوقات كالبحر وأخطر مردود بأن البر فيها قريب أي غالبا ليسهل الخروج إليه  (تحفة المحتاج ٤ - ٢٣)

പൊതുസ്ഥലങ്ങളിൽ കോവിഡ് സാധാരണമായിട്ടില്ല, വ്യാപനമുണ്ടായിട്ടില്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നു. കേവല ഭയമുണ്ടെങ്കിൽതന്നെ മുൻകരുതലും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയാണ് വേണ്ടത്. അല്ലാതെ ജുമുഅ ഒഴിവാക്കുകയല്ല വേണ്ടതും ചെയ്യേണ്ടതും. മാനദണ്ഡങ്ങൾ സർക്കാരും ഉലമാക്കളും അറിയിച്ചിട്ടുണ്ട്. അതു പ്രാവർത്തികമാക്കി ജുമുഅ നടത്തൽ ഓരോ മഹല്ലുകാരനും ഫർളു ഐനാണ്. ഇല്ലെങ്കിൽ ജുമുഅയ്ക്ക് സമയമില്ലാത്ത വിധം അസ്റാകാനാകുമ്പോൾ മാത്രമേ ളുഹ്ർ സാധുവാകൂ. അല്ലെങ്കിൽ നിലവിലെ ജുമുഅ കഴിഞ്ഞ ശേഷമേ ളുഹ്ർ സാധുവാകൂ. അതുമല്ലെങ്കിൽ കാരണമില്ലാതെയും അന്നാട്ടുകാർ ജുമുഅ കാലങ്ങളായി നടത്താത്ത പതിവുണ്ടെങ്കിലേ നേരത്തെ ളുഹ്ർ സാധുവാകൂ. അല്ലാതെ ളുഹ്ർ നിസ്കരിച്ചിട്ടു കാര്യമില്ല. സഹീഹല്ലാത്ത നിസ്കാരം നിർവ്വഹിക്കാൽ ഹറാമാണ്.

രോഗവും 'രോഗഭയ'വും തമ്മിൽ വ്യത്യാസമുണ്ടെന്നു മനസ്സിലാക്കണം.

 പള്ളിയെന്നല്ല, എല്ലാ സ്ഥലത്തും രോഗഭയമുണ്ടെങ്കിൽ അത്തരക്കാർക്ക് വിശിഷ്യാ പ്രതിരോധ ശക്തി കുറഞ്ഞവർക്ക് രോഗഭയം (പുറത്തിറങ്ങിയാൽ സാധാരണ, വിഷമകരമായ അലർജിയുണ്ടാകുമ്പോലെ) കാരണം സ്വന്തത്തിൽ ജുമുഅ  ഒഴിവാക്കാൻ വകുപ്പുണ്ട്. പക്ഷേ അതു മറ്റുള്ളവർക്ക് ബാധകമല്ല. അതിനാൽ, നാട്ടിലെ ജുമുഅ നിർത്തിവയ്ക്കാൻ പാടില്ല. പ്രത്യുത, പകർച്ചരോഗം ബാധിച്ചവർ പള്ളിയിലും മറ്റും പ്രവേശിക്കുന്നത് തടയുകയാണ് വേണ്ടത്. മറ്റുള്ളവർ ജുമുഅ-ജമാഅത്ത് നിറുത്തിവയ്ക്കാൻ പാടില്ല.

ഇബ്നു ഹജർ (റ) രേഖപ്പെടുത്തുന്നു:

قال القاضي قال بعض العلماء ينبغي إذا عرف أحد بالإصابة بالعين أنه بجتنب ليحترز عنه وينبغي للسلطان منعه من اختلاط الناس ويأمره بلزوم بيته ويرزقه إن كان فقيرا فإن ضرره أشد من ضرر المجذوم الذي منعه عمر رضي الله عنه والعلماء بعده من اختلاط الناس قال النووي في شرح مسلم وهذا الذي قاله القائل صحيح متعين ولا يعرف عن غيره خلاف اه وبه يعلم أن سبب المنع في نحو المجذوم خشية ضرره وحينئذ فيكون المنع واجبا فيه وفي العائن كما يعلم من كلامهم بالأولى حيث أوجبوا على المعتمد خلافا لمن نازع فيه على المحتسب الأمر بنحو صلاة العيد ومنع الخونة من معاملة الناس لما في ذلك من المصالح العامة وأن المدار في المنع على الاختلاط بالناس فلا منع من دخول مسجد وحضور جمعة أو جماعة لا اختلاط فيه بهم  (الفتاوى الكبرى ١ - ٢١٢)

 എല്ലാവരും രോഗഭയം 'ഉണ്ടാക്കി' ജുമുഅ നിർത്തിവയ്ക്കുകയാണെങ്കിൽ ഏതു കാലത്തും അങ്ങനെയാവാമല്ലോ. കാരണം രോഗഭയം കോവിഡിന്റെ മാത്രം സ്വഭാവമല്ല. മിക്ക പകർച്ച രോഗങ്ങളുടെയും കാരണം പൊതുകേന്ദ്രങ്ങളിലെ സമ്പർക്കമാണ്. അപ്പോഴൊക്കെയും രോഗഭയം 'ഉണ്ടാക്കാ'മല്ലോ. അങ്ങനെ ജുമുഅ മുടക്കാനൊക്കുമോ?

അതേസമയം ഗവണ്മെന്റ് ലോക്ക്ഡൗൺ പോലുള്ള ശക്തമായ നിരോധനങ്ങൾ പ്രഖ്യാപിച്ചാൽ ജനജീവിതം മൊത്തത്തിൽ സ്തംഭിക്കുന്നതിന്റെ ഭാഗമായി നാട്ടിൽ  ഒരിടത്തും ജുമുഅ നടത്തൽ അസാധ്യമാകുന്ന(തഅദ്ദുർ) സ്ഥിതിവിശേഷം രൂപപ്പെടും. ഇതു ജുമുഅ ഒഴിവാകുന്ന വൈയക്തിക ഉദ്‌റാണോ അതോ ഒരു നാട്ടിൽ ജുമുഅ പലതാക്കാനുള്ള, ജുമുഅസ്ഥലവുമായി ബന്ധപ്പെട്ട കാരണമാണോ എന്നുള്ളതിൽ മദ്ഹബിൽ അവലംബിക്കാൻ പറ്റുന്ന അഭിപ്രായ വൈവിധ്യമുണ്ട്. ഇബ്നു ഹജർ (റ) തുഹ്ഫയിൽ ഒന്നാം അഭിപ്രായത്തെയും, ഇബ്നു ഹജർ തന്നെ ഫതാവൽ കുബ്റയിലും, റംലി(റ) നിഹായയിലും ശർബീനി(റ)  മുഗ്‌നിയിലും രണ്ടാം അഭിപ്രായത്തെയുമാണ് ബലപ്പെടുത്തിയിട്ടുള്ളത്.
ഇബ്നു ഹജർ (റ) തുഹ്ഫയിൽ രേഖപ്പെടുത്തുന്നു.
لو اجتمع في الحبس أربعون لم تلزمهم بل لم تجز لهم إقامة الجمعة فيه لقيام العذر بهم وأيده بأنه لم يعهد في زمن إقامتها في حبس مع أن حبس الحجاج كان يجتمع فيه العدد الكثير من العلماء وغيرهم فقول الأسنوي أنها تلزمهم لجواز التعدد عند عسر الاجتماع فعند تعذره أولى فيه نظر لأن الحبس عذر مسقط..... ولو قيل لو لم يكن بالبلد غيرهم وأمكنهم إقامتها بمحلهم لزمتهم لم يبعد لأنه لا تعدد هنا والحبس إنما يمنع وجوب حضور محلها. (تحفة المحتاج ٢ - ٤١٢)
(قوله فقول الأسنوي) اعتمده النهاية والمغني

അല്ലാമ അബ്ദുല്ലാഹ് ബൽഫഖീഹ് (റ) ഈ ഭിന്നതയുടെ അടിസ്ഥാനം വിവരിക്കുന്നു:-
اقتضى البحث فيه مقامين تأديب جانب العذر وتغليب عدمه..... فمن غلّب فيهم جانب العذر أطلق عدم لزوم الجمعة على أهله كسائر المعذورين وقال إنه عذر مسقط ومن غلّب منهم جانب العدم أطلق لزومها عليهم فإن أمكنهم الخروج إلى محلها لزمهم ولم يجز لهم إقامتها في الحبس إن أقيمت في بلدهم لعدم مسوغ التعدد..... وإن لم يمكنهم الخروج وتعذر حضورهم في محل إقامتها بالكلية لزمتهم في الحبس وكان مسوغ التعدد لهم حينئذ التعذر كما في مسألة الأنوار قياسا على عسر الاجتماع وهذا القياس واضح. (إتخاف الفقيه ١٤٧)

പക്ഷേ സമ്പൂണ്ണ ലോക്ക്ഡൗൺ കാലത്ത് രണ്ടു വീക്ഷണം കൊണ്ടും അമലു ചെയ്യാൻ നിർവ്വാഹമുണ്ടായിരുന്നില്ല. കാരണം ഒരിടത്തും അഞ്ചിലധികം ആളുകൾ ഒരുമിച്ചുകൂടൽ നിരോധിക്കപ്പെട്ടിരുന്നു.  ജുമുഅയ്ക്ക് ചുരുങ്ങിയത് നാല്പതാളുകൾ നിർബന്ധമാണല്ലോ. ലോക്ക്ഡൗണിൽ ഇളവുകൾ വന്നിരുന്നപ്പോഴും ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് റമസാൻ മാസത്തിൽ പള്ളി തുറക്കാത്തപ്പോൾ പിന്നെന്തിനാണ് ശവ്വാലിൽ തുറക്കുന്നത് എന്ന ചോദ്യം അർത്ഥ ശൂന്യമാണ്.

എന്നാൽ ജൂൺ എട്ടോടെ ആരാധനാലയങ്ങൾ തുറക്കാനും നിബന്ധനകളോടെ പരമാവധി 100 പേർക്ക് വരാനും അനുമതി ലഭിച്ചു. അതോടെ നിബന്ധനകൾ പാലിച്ചു മാത്രം പരമാവധി 100 പേരുടെ ജുമുഅ നടത്തൽ ഓരോ നാട്ടുകാർക്കും ഫർളാണ്, നിർബന്ധമാണ്.  100ൽ കവിഞ്ഞ ആളുകൾക്ക് നേരത്തെ പറഞ്ഞ 'തഅദ്ദുർ' അഥവാ ജുമുഅയിൽ ഒത്തുകൂടൽ   അസാധ്യമാവൽ ഉണ്ടാകും. തുഹ്ഫയനുസരിച്ച് അന്നേരം അവർ 'അവരിലുള്ള' ഉദ്‌റുള്ളവരായതിനാൽ അവർക്ക് ജുമുഅ ഒഴിവാകും. നൂറുപേരുടെ ജുമുഅയ്ക്കു പുറമെ  അവർ മറ്റൊരിടത്ത് ഒരുമിച്ചുകൂടി ജുമുഅ നിർവഹിക്കാനും പാടില്ല. എന്നാൽ മറുവീക്ഷണമനുസരിച്ചു അത് ഒരു നാട്ടിൽ പല ജുമുഅ അനുവദനീയമാക്കുന്ന കാരണമാണ്. അപ്പോൾ ആ കാരണം വച്ച് അവർക്ക് നിസ്കാരപ്പള്ളികളിലോ മറ്റോ സർക്കാറിന്റെ നിബന്ധനകളോടെ പരമാവധി 100 പേർ ചേർന്ന് ആവശ്യാനുസരണം മാത്രം ഇതര ജുമുഅകൾ നടത്താവുന്നതാണ്.

അങ്ങാടി, വിവാഹം, മരണം, ഓഫീസ് എന്നിങ്ങനെയുള്ള പൊതു മേഖലകളിൽ നാല്പതിലധികം ആളുകൾ അകലംപാലിച്ചും മാസ്ക്കുകൾ ധരിച്ചുമാണെങ്കിലും നിർബാധം സംഗമിക്കുന്ന നാടുകളിൽ ഗവണ്മെന്റ് അനുമതിയുടെ പശ്‌ചാത്തലത്തിൽ പള്ളിയും ജുമുഅയും തുറന്നു പ്രവർത്തിപ്പിക്കാനുള്ള ദീനീ ഉത്തരവാദിത്തം ഓരോ മഹല്ലിലെയും കൈകാര്യകർത്താക്കൾക്കുണ്ട്. ഖാസിയും കമ്മിറ്റിയും കൈകാര്യ കർത്താക്കളാണ്.  അവർ അതിനാവശ്യമായ മുൻകരുതലുകളും ക്രമീകരണങ്ങളും നടത്തുകയല്ലാതെ, അടച്ചിട്ടു നിഷ്ക്രിയരാകുന്നത് നിരുത്തരവാദപരമാണ്,  പാപമാണ്. ഒരു നിലക്കും നിയന്ത്രണങ്ങൾ അസാധ്യമാകുമ്പോഴേ, മറിച്ചു തീരുമാനിക്കാൻ പറ്റൂ.

ഭൗതിക കാര്യങ്ങൾ പോലെയല്ല പൊതു ആരാധനകളെന്നും, ഇതു മാറ്റിവയ്ക്കാവുന്നതും, അതു ഒഴിച്ചുകൂടാനാവാത്തതുമാണെന്നുമുള്ള ചില പരിഷ്കാരികളുടെ നിലപാട് നിരർത്ഥകമാണ്.
MT Aboobacker Darimi