page

Monday, 13 July 2020

ഓർമകളിലെ ഒ ഖാലിദ്




സുന്നി യുവതയുടെ കണ്ണീരുകൊണ്ട് കുതിർന്ന കണ്ണോത്ത് പളളിയിലെ ആറടിമണ്ണിലേക്ക് നമ്മുടെ ഖാലിദ് യാത്രയായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

നമ്മുടെ പ്രകടനങ്ങളുടെയും പ്രക്ഷോപങ്ങളുടെയും മുൻനിരയിൽ കൊടിപിടിക്കാൻ ഖാലിദുണ്ടായിരുന്നു.
തോളിലൊരു തുണി സഞ്ചിയും അതിനകം നിറയെ അറിവിന്‍റെ കുറിപ്പടികളുമായി നമ്മുടെ വേദികളില്‍ പ്രസംഗിക്കാനും ഖാലിദുണ്ടായിരുന്നു.തലനിറയെ നമുക്കാർക്കും പിടികിട്ടാത്ത കർമ പദ്ധതികളുടെ മാർഗരേഖകൾ നിറച്ച് തെളിഞ്ഞ മുഖവും വിടർന്ന കണ്ണുകളുമായി നമ്മുടെ ചർച്ചകൾക്ക് നായകത്വമേകാൻ ഖാലിദ് ഇന്ന് നമുക്കൊപ്പമില്ല.

മൂന്ന് പതിറ്റാണ്ട് തികയാത്ത ഹ്രസ്വമായ കാലയളവുകൊണ്ട്
ഒരു പുരുഷായുസിന്‍റെ കർമാനുഭവങ്ങൾ മുഴുവന്‍ അനുഭവിച്ചു തീർത്തു ഖാലിദ്.
സംതൃപ്തിയോടെയാകണം പാരത്രിക ജീവിതത്തിന്‍റെ കവാടത്തിലേക്ക് ഖാലിദ് കാലൂന്നിയത്. ഭാഗ്യവാൻ.
നമ്മേക്കാൾ സമുന്നതരുടെ വരവേൽപു സ്വീകരിച്ചും ഖുർആനിന്‍റെയും തഹ്ലീലിന്‍റെയും അണമുറിയാത്ത ഹദ്,യകൾ സ്വീകരിച്ചും സുസ്മിതത്തോടെ മറുലോകത്തേക്ക് ഖാലിദ് കടന്നുവല്ലോ.

ഖാലിദ് നമ്മിലൊരുവനായിരു ന്നു. വെറുമൊരു കച്ചവടക്കാരനായ ഒതയോത്ത് അബൂട്ടിയുടെയും പത്നി സൈനബയുടെയും മൂത്തമകൻ.അതിലുപരി കുടുംബ മഹത്വത്തിന്‍റെ വേരുകളൊന്നുംഖാലിദിനില്ലായിരുന്നു.

നാട്ടിലെ മദ്റസയിൽ അഞ്ചാംതരം വരെ പഠിച്ച കുട്ടി. പക്ഷെ ആ കുട്ടി മദ്റസാ പഠന കാലത്തു തന്നെ മുട്ടോളമെത്തുന്ന വെളളത്തുണിയുടുത്ത് തലയിലൊരു തൂവാലക്കെട്ടുമായി പരപ്രേരണകളൊന്നുമില്ലാതെ SSFലേക്ക് കുട്ടികളെ ചേർക്കാൻ പരിസരങ്ങളിൽ സഞ്ചരിച്ചുവെന്നറിയുമ്പോൾ നാം ശ്രദ്ധിക്കുന്നു.നൻമയുടെ വഴിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് നാഥൻ തന്നെ വഴികാട്ടുന്നു. പിന്നെയെന്തിന് പരപ്രേരണ. ഖാലിദ് നൻമയുടെ പാതയിലായിരുന്നു.

"ഏതൊരാളിൽ അല്ലാഹു നൻമ ഉദ്ദേശിക്കുന്നുവോ അവരെ അവൻ ദീൻ പഠിപ്പിക്കുന്നു" എന്ന മുത്ത് നബി(സ)യുടെ തിരുവചനത്തിലേക്ക് നമ്മെ നയിക്കുന്നതാണ് ഖാലിദിന്‍റെ ജീവിതം.

ഖാലിദിന്‍റെ ജീവിതം തന്നെ പഠനമായിരുന്നു.ദീനും ദുനിയാവും അർഹമായ പ്രാധാന്യത്തോടെ പഠിച്ചു.
പാൻറ്സും ജുബ്ബയും ധരിച്ച എംഎക്കാരൻ പിന്നീട് സമുജ്ജ്വലമായി ദീൻ പ്രസംഗിക്കുന്ന കാഴ്ചകണ്ട് പിൻകാല സുഹൃത്തുകളൊക്കെ അസൂയപ്പെട്ടുപോയി.

ഖാലിദ്എസ്എസ്എഫുകാരനായിരുന്നു.പതിനൊന്നാം വയസ്സില്‍ തുടങ്ങിയ സംഘടനാബന്ധം. സംഘടന ഖാലിദിനെയും ഖാലിദ് സംഘടനയെയും ഒരുപോലെ വളർത്തി.

ഖാലിദ് നേതാവായിരുന്നു. ഒട്ടേറെപ്പേരെ തന്‍റെ പാതയിലൂടെ നയിച്ച മാതൃകാ യോഗ്യനായ നേതാവ്. പല വേദികളിലും ആവശ്യമായ ധൈര്യത്തോടെ ആ നേതാവ് തിളങ്ങി നിന്നു.

ഖാലിദ് വെറുമൊരു പ്രവർത്തകനായിരുന്നു.ചുളിഞ്ഞ വസ്ത്രവും ഉറക്കം തൂങ്ങുന്ന മുഖവുമായി കൊടികെട്ടിയും പോസ്റ്ററുകൾ പതിച്ചും നടന്ന പ്രവർത്തകൻ.

ഖാലിദ് ശാന്തനായിരുന്നു.
എസ്ബി.എസ് പ്രവർത്തകരുടെപോലും തോളിൽ കയ്യിട്ട്, പരിഹസിക്കുന്നവരോടുപോലും സഹതാപ പൂർവ്വം ചിരിച്ച് ഒന്നു മറിയാത്തവനെപ്പോലെ നടന്ന വെറുമൊരു പാവം. അതേ ഖാലിദ് തന്നെ ഗൗരവക്കാരനായ സമരനായകനുമായി. ചിലപ്പോള്‍ പ്രകടനങ്ങളുടെ മുൻനിരയിൽ മൂവർണ്ണക്കൊടിയേന്തി സർവർക്കും അഭിവാദ്യം നൽകിക്കൊണ്ട് നടക്കുന്ന ഖാലിദ്.ഏറ്റവും പിൻനിരയിൽ വിപ്ലവവീര്യംതുടിക്കുന്ന മുദ്രാവാക്യം വിളിച്ചു കൊടുത്ത് പ്രവർത്തകരെ ആവേശം കൊളളിക്കുകയും ചെയ്തു.
ഖാലിദ് പദ്ധതികളുമായി വരും. ചിലപ്പോഴാകട്ടെ,ചർച്ചകളിലെ വിമർശകനായും ഖാലിദിനെ നാം കണ്ടു.

ത്യാഗിയായിരുന്നു ഖാലിദ്. പ്രവർത്തകരുടെ മനസ്സറിഞ്ഞ് അവർക്കൊപ്പം ഇടകലർന്ന് ക്ലേശങ്ങൾ അനുഭവിക്കാനും അവരിലൊരാളായിത്തീരാനും അതിയായി ആഗ്രഹിച്ച കർമോത്സുകൻ. അതേസമയം ആരുടെയും ഭാരം സസന്തോഷം ഏറ്റെടുക്കാൻ സന്നദ്ധനായ സഹപ്രവർത്തകൻ.

ചിരിച്ചുകൊണ്ട് പ്രതിഷേധിക്കാനും പിഴവുകൾ തിരുത്തിക്കാനും പഠിച്ച തന്ത്രശാലി. സ്നേഹം കൊണ്ട് ധാരാളം സുഹൃത്തുക്കളെ നേടിയ ഹൃദയാലു. ആരാലും ശ്രദ്ധിക്കപ്പെടാൻ കൊതിക്കാതെ, അപരരുടെ നൻമയുടെ നേരിയ അംശങ്ങളെപ്പോലും ആവോളം പ്രകീർത്തിച്ചു നടന്ന നിഷ്കളങ്കൻ. പറഞ്ഞുവല്ലോ.
ഖാലിദ് ഒരു എസ്എസ്എഫുകാരനായിരുന്നു. അല്ലാ, ഖാലിദ് ആയിരുന്നു ഒരു എസ്എസ്എഫുകാരൻ.

ഖാലിദ് യാത്രയായിട്ട് രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴും മരിക്കാത്ത ഒന്നുണ്ടിവിടെ. ആ ഓർമ്മകൾ, കാലുഷ്യമറിയാത്ത, കാപട്യമില്ലാത്ത, ഒരിക്കലും കറുത്തുകാണാത്ത, സദാ പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ ആ മുഖം ആർക്കാണ് മറക്കാന്‍ കഴിയുക?

ചൊക്ലിക്കാരുടെ ഖാലിദ്കയായും, കേരളക്ക�രയുടെ ഒ.ഖാലിദായും ധർമ്മ സഖാക്കളുടെ ഖാലിദ് സാഹിബായും കത്തിജ്വലിച്ച ഖാലിദ് ഇന്നും ജീവിക്കുന്നു. അനേകായിരങ്ങൾക്ക് ധാർമ്മിക വഴികാട്ടിയായിക്കൊണ്ട്.

നാഥാ, നൻമ ചെയ്തു വളർന്ന, നൻമ ഞങ്ങളോടു പറഞ്ഞുതന്ന, നിന്‍റെ, ഞങ്ങളുടെ ഖാലിദിനെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണേ. നൻമ ചെയ്തവർക്ക് അവിടെ സ്ഥാനമുണ്ടല്ലോ. പിന്നെ ഒരിക്കൽ കൂടി ആ മുഖം കാണാൻ കൊതിക്കുന്ന ഞങ്ങളെയും. അവിടെ നീ ഒരുമിച്ചു കൂട്ടണേ നാഥാ, നിന്‍റെ പ്രവാചകനും മുത്തഖീങ്ങൾക്കുമൊപ്പം....