page

Tuesday, 29 September 2020

സ്വലാത്തിലെ സയ്യിദ് പ്രയോഗം

സ്വലാത്ത് ചൊല്ലുമ്പോൾ 'മുഹമ്മദ്' എന്നതിന്റെ മുമ്പ് 'സയ്യിദിനാ' എന്ന് ചേർത്ത് ചൊല്ലൽ സുന്നത്താണ്. "ഞാൻ ആദം സന്തതികളുടെ സയ്യിദാണ്" എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇമാം റംലി(റ) എഴുതുന്നു... 

സാരം:
സയ്യിദ് എന്ന പദം കൊണ്ടുവരുന്നതാണ് കൂടുതൽ ഉത്തമം. ഇക്കാര്യം ഇബ്നു ള്വഹീറ(റ) പ്രസ്താവിക്കുകയും ഒരു കൂട്ടം പണ്ഡിതന്മാർ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കാരണം അത് കൊണ്ടു വരുന്നത്  നമ്മോട് കൽപ്പിച്ചകാര്യം നിറവേറ്റലും മര്യാദയുടെ ഭാഗമായി കാണാവുന്ന സത്യം തുറന്നു പറയലും ഉൾകൊള്ളുന്നു. അതിനാൽ അതുപേക്ഷിക്കുന്നതിനേക്കാൾ അത് കൊണ്ടുവരുന്നതാണ് കൂടുതൽ ശ്രേഷ്ഠമായത്. അത് കൂടുതൽ പുണ്യകരമാണെന്ന വിഷയത്തിൽ ഇമാം അസ്നവി(റ) സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ശരി. 'സ്വലാത്തിൽ എന്നെ നിങ്ങൾ സയ്യിദാക്കരുത്' എന്ന ഹദീസ് ബാത്വിലാണെന്നും അതിന് യാതൊരടിസ്ഥാനവുമില്ലെന്നും പിൽക്കാലക്കാരായ ഹാഫിളുകൾ പ്രഖ്യാപിച്ചതാണ്. അത് നിസ്കാരത്തെ ബാത്വിലാക്കുമെന്ന ത്വൂസിയുടെ പരാമർശം പിശകാണ്. 
(നിഹായ: 4/330)

പ്രസ്തുത ഹദീസിനെ കുറിച്ച് ഹാഫിള് ഇബ്നുൽ ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

 وحديث ((لا تسيدوني فى الصلاة)) لا أصل له (المقاصد الحسنة: ٢٤٠/١)

'സ്വലാത്തിൽ എന്നെ നിങ്ങൾ സയ്യിദാക്കരുത്' എന്ന ഹദീസിന്‌ യാതൊരടിസ്ഥാനവുമില്ല. (അൽമഖാസ്വിദുൽ ഹസന: 1/240)

ഇതേ ആശയം 'കശ്ഫുൽ ഖഫാഅ്': 2/355-ലും കാണാം.