page

Thursday, 27 August 2020

സിറാജ് ദിനപ്പത്രം


സിറാജ് അതിജീവനത്തിന്റെ വജ്രായുധം
----------------------------------------------------------------
ഒന്നുമില്ലായ്മയിൽനിന്നു നമ്മെ -സുന്നി പ്രസ്ഥാനത്തെ ഇന്നു കാണുന്ന പലതുമാക്കിയ അലാവുദ്ദീന്റെ അത്ഭുതവിളക്കാണു 'സിറാജ്.' ഇത് കേവലമൊരു പത്രമല്ല; ഭാഷാന്തരം പോലെ വെറുമൊരു വിളക്കുമല്ല; കാലത്തിന്റെ നെറുകയിൽ നാം സ്ഥാപിച്ച വിളക്കുമരമാണ്, ഒരു ജനതക്കു ദിശ നിർണയിച്ചുകൊടുത്ത 
വഴിവെളിച്ചം. നമ്മൾ ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. നമുക്കുകൂടി അവകാശപ്പെട്ടതെല്ലാം ഒരുകൂട്ടർ അന്യായമായി കൈയ്യടക്കി നിഷ്കരുണം നമ്മെ പുറന്തള്ളിയ കാലം. അന്നു നമുക്കു നഷ്ടപ്പെട്ടതെല്ലാം പിന്നീട്‌ നാം ഒറ്റയ്ക്കുനിന്നു പൊരുതി വീണ്ടെടുത്തു. ഈ വീണ്ടെടുപ്പിന്റെ ഊർജവും കരുത്തും പ്രകാശവും 'സിറാജാ'യിരുന്നു.

പത്രം ഒരു ജനതയുടെ നാക്കാണ്, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും തോക്കാണ്. നമ്മെ സംബന്ധിച്ചിടത്തോളം സിറാജ് ഇതു രണ്ടുമാണ്, ഇതിൽ കുറഞ്ഞ ഒന്നുമല്ല. 'സിറാജി'ല്ലായിരുന്നെങ്കിൽ നാമില്ല, ഇല്ല എന്നുപറഞ്ഞാൽ ഇല്ല എന്നുതന്നെ. കണ്ടു നടക്കുന്നവർക്കും കൊണ്ടു നടക്കുന്നവർക്കുതന്നെയും സിറാജിനെക്കുറിച്ചു പലതരം പരാതികളുണ്ട്, ഉവ്വ്;കുറ്റങ്ങളുണ്ട്, കുറവുകളുമുണ്ട്. എല്ലാം ശരിവച്ചുകൊണ്ടു പറയാം;കുറ്റങ്ങളും കുറവുകളുമെല്ലാമുള്ള 'സിറാജ്' നമ്മുടെ -സുന്നി പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ്. പ്രസ്ഥാനത്തിന്റെത് എന്നാൽ ഒരോ പ്രവർത്തകന്റെതും. 

നമ്മുടെ സംഘടനാ ഘടകങ്ങൾ, സ്ഥാപനങ്ങൾ, സേവന പ്രവർത്തനങ്ങൾ, പൊതു ഇടപെടലുകൾ, സമൂഹവുമായുള്ള വിനിമയങ്ങൾ... 'സിറാജി'ല്ലായിരുന്നെങ്കിൽ ഇതെല്ലാം തമസ്കരിക്കപ്പെട്ടു പോകുമായിരുന്നു, നമ്മുടെ മുന്നേറ്റങ്ങളെല്ലാം നമ്മിൽ തന്നെ അവസാനിച്ചുപോകുമായിരുന്നു. അന്നു സമുദായത്തിന് ഒരു പത്രമുണ്ടായിരുന്നു 
-പരസ്യക്കൂലി കൊടുത്തിട്ടും നമ്മുടെ വാർത്തകൾക്ക് ഇടം നൽകാൻ വിസമ്മതിച്ചവർ. ഒന്നു പറയാം; 'സിറാജി'ല്ലായിരുന്നെങ്കിൽ ശത്രുക്കൾ നമ്മെ പങ്കിട്ടെടുക്കുമായിരുന്നു, പട്ടണംപൊടി പോലെ മൂക്കിൽ വലിച്ചു കളയുമായിരുന്നു! സുന്നി അതിജീവനത്തിന്റെ വജ്രായുധമാണു 'സിറാജ്.'

മൂന്നരപ്പതിറ്റാണ്ടിനു ശേഷവും നിലനിൽകുന്നുവെന്നതാണ് 'സിറാജി'ന്റെ മഹത്വം. കോടികളുടെ ആസ്തിയുള്ള ദേശീയ രാഷ്ട്രീയപ്പാർട്ടികൾ മുതൽ പണച്ചാക്കുകളെ മുന്നിൽനിറുത്തി ചില വൻകിടക്കാർ ഇറക്കിയ ബിഗ്ബജറ്റ് പത്രങ്ങൾവരെ പൂട്ടിപ്പോയ നാടാണു കേരളം. പിടിച്ചുനിന്നു നമ്മൾ എല്ലാ കാറ്റിലും കോളിലും. ഒരോ പ്രവർത്തകനും അതിന്റെ ദണ്ഡം സഹിച്ചിട്ടുണ്ട്. മുപ്പത്തഞ്ചു വർഷം! കുറച്ചൊന്നുമല്ല നമ്മൾ സഹിച്ചത്. ഇപ്പോൾ സുന്നി പ്രസ്ഥാനത്തിന്റെ അഭിമാനാർഹമായ മുന്നേറ്റങ്ങൾ കാലവും സമൂഹവും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും തിളങ്ങുന്ന ആ ചരിത്രം കാലത്തിനു മുന്നിൽ തുറന്നുവച്ചത് 'സിറാജാ'ണ്. വക്രീകരിച്ചതും ചായം പിടിപ്പിച്ചതുമായ വാർത്താലോകത്ത് നേരിനൊപ്പം നിന്നു 'സിറാജ്.' കാലത്തിനുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് 'സിറാജ്' -മൂന്നരപ്പതിറ്റാണ്ട് അതിനു സാക്ഷി.

അതങ്ങനെയെ വരൂ. മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് വച്ച് 'സിറാജി'ന് തിരിതെളിയുമ്പോൾ കേരളംകണ്ട ഉന്നതശീർഷരായ പണ്ഡിതമഹത്തുക്കളും ആത്മീയ വ്യക്തിത്വങ്ങളുമായ നിരവധി പേർ അതിനു സാക്ഷിയായിരുന്നു. റഈസുൽ മുഹഖിഖീൻ മൗലാനാ കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ, ഉത്തരം ഉറപ്പിക്കാവുന്ന പ്രാർത്ഥനാ വചസ്സുകൾ കൊണ്ടാണ് ആ ചടങ്ങ് ആരംഭിച്ചത്. ശംസുൽ ഉലമാ ഇ.കെ ഉസ്താദായിരുന്നു അന്നത്തെ അധ്യക്ഷൻ, ശ്രദ്ധേയമായ പ്രകാശനച്ചടങ്ങിന്റെ ഉത്ഘാടകൻ ബഹുവന്ദ്യരായ കോട്ടുമല ഉസ്താദായിരുന്നു, വേദിയിലുള്ളതിലേറെ പണ്ഡിതന്മാരും സയ്യിദന്മാരും നേതാക്കളും സദസ്സിലുണ്ടായിരുന്നു. ഇത്രയേറെ ആത്മീയ വ്യക്തിത്വങ്ങൾ ഒത്തുചേർന്ന അനുഗൃഹീതമായ ആ വേദിയിൽ 'സിറാജ്' പ്രകാശനം എന്ന മഹത്തായ കർമത്തിനു വേണ്ടി എല്ലാവരും ചേർന്നു നിയോഗിച്ചത് കാലഘട്ടത്തിന്റെ ഇതിഹാസപുരുഷൻ താജുൽഉലമാ സയ്യിദ് അബ്ദുർറഹ്‌മാൻ അൽബുഖാരി അവർകളെയായിരുന്നു. ആ ഒറ്റ ചടങ്ങിൽനിന്നു തന്നെ നിലനിൽപിന്റെ ഊർജം 'സിറാജ്' നേടിക്കഴിഞ്ഞിരുന്നു.

വിളക്കണഞ്ഞാൽ പകരംവരുന്നത് ഇരുട്ടാണ്. അതുകൊണ്ട് ഈ പ്രകാശഗോപുരം 
കൺതുറന്നിരിക്കാൻ നമുക്ക് കാവൽക്കാരാകാം.
         omtharuvana Fb post -21-8-19