page

Sunday, 30 August 2020

ഓണാഘോഷം ഇസ്ലാമിൽ !


എന്താണ് ഓണം?

തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം ആഘോഷിക്കപ്പെടുന്നത്.
ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്.

വിഷ്ണു പല വേഷങ്ങളില്‍ അവതരിക്കുമെന്ന് ഹൈന്ദവര്‍ കരുതുന്നു.
പ്രധാനപ്പെട്ട അവതാരങ്ങള്‍ പത്താണ്. അവരില്‍ അഞ്ചാമനാണ് മഹാബലിയെ വഞ്ചിച്ച വാമനന്‍. ധര്‍മത്തിനു ഹാനി വരുമ്പോള്‍, അധര്‍മത്തെ അടിച്ചമര്‍ത്താനാണ് അവതാരങ്ങളെന്ന് ഭഗവത്ഗീത(4:4,7) വ്യക്തമാക്കുന്നുണ്ടെങ്കിലും, നല്ലവനായ മഹാബലിയെ എന്തിനു ചവിട്ടിത്താഴ്ത്തിയെന്ന പ്രസക്തമായ ചോദ്യം ബാക്കിയാണ്.

മുസ്ലിംകൾക് ഓണമില്ല.

ഓണാഘോഷം മതപരമായി മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല. ഓണാഘോഷം മഹാബലിയെന്ന മഹാനായ ഒരു നാടുവാഴിയുടെ ഓര്‍മ്മ പുതുക്കുന്നതാണ്. ഈ ഐതിഹ്യ കഥകളും വാമനനും മതകീയ വിഷയങ്ങളായിട്ടാണ് കേരളീയര്‍ ആഘോഷിക്കുന്നത്.
 അതത് മതവിഭാഗങ്ങള്‍ക്ക് അത്തരം ആഘോഷങ്ങള്‍ നടത്താനുള്ള അവകാശവുമുണ്ട്.
 എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികള്‍ നിലവിലുണ്ട്. അതിന്നപ്പുറത്ത് പോകാന്‍ മതം അനുവദിക്കുന്നില്ല.
 എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല. ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന വാദം ശരിയല്ല.
 ദ്രാവിഡ സംസ്‌കാരം ഹിന്ദു ദര്‍ശനങ്ങളിലധിഷ്ഠിതമാണ്.
അതിനാൽ ഓണം ആഘോഷിക്കുന്നതും ഓണക്കളം വരച്ച് പൂവിടുന്നതും, ഓണാശംസ നേരുന്നതും അന്യമത ആചാരങ്ങളുടെ ഭാഗമായതിനാൽ മുസ്ലിംകൾ അതിൽ നിന്ന് മാറി നിൽക്കേണ്ടതാണ്.
കേരളത്തിലെ ആധികാരിക മതപണ്ഡിത സഭ ഇത് മുമ്പ് വ്യക്തമാക്കിയതാണ്.





ഓണം ഒരു വിശ്വാസമാണ്...

“തിരുവോണം വിഷ്ണുവിന്‍റെ ജന്മ നാളായി വിശ്വസിച്ചു വരുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയെ വിഷ്ണു പാതാളത്തിലേക്കയച്ച പുരാവൃത്തമാണ് ഓണത്തിനനുബന്ധമായി പരക്കെ പറയാറുള്ളത്. ബ്രാഹ്മണരുടെ അനുസരണയില്ലായ്മ നിമിത്തം നാടുവിട്ട പരശുരാമന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ദിവസമായും പറയാറുണ്ട്... ദേവി ഭര്‍ത്താവിനെ കാണാന്‍ വരുമെന്ന് ഭദ്രകാളി പ്പാട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ ദേവിയുടെ വരവിനായി ഓണ പ്പൂക്കളമൊരുക്കി മനുഷ്യര്‍ കാത്തിരിക്കുന്നു.”

“..അത്തം പത്ത് ഓണമെന്ന്‌ പഴമൊഴി. ചിങ്ങത്തിലെ അത്തം സൂര്യ ദേവന്‍റെ ജന്മനാള്‍ ആകയാല്‍ അത്തത്തിന് പ്രാമുഖ്യവുമേറി...”

“പൂക്കളം മണ്ണ് കൊണ്ട് വൃത്താകൃതിയില്‍ തട്ടുകളായി നിര്‍മ്മിക്കണം. മുകളിലേക്ക് വരും വിധം പത്തു തട്ടുകളാണ്‌ വേണ്ടത്. ഓരോ തട്ടിലും ഓരോ ദേവതയുടെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നു. ഒന്നാം തട്ടില്‍ വിഷ്ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്‍, മൂന്നാമത്തേതില്‍ അഷ്ടദിക് പാലകര്‍, നാലാമത്തേതില്‍ ഗുരുക്കള്‍, അഞ്ചാമാത്തെതില്‍ പഞ്ച ഭൂതങ്ങള്‍, ആറാമത്തതില്‍ ഷണ്മുഖന്‍ (സുബ്രഹ്മണ്യന്‍), എഴാമാത്തതില്‍ ബ്രഹ്മാവ്‌, എട്ടാമത്തതില്‍ ശിവന്‍, ഒമ്പതാമത്തതില്‍ ദേവി, പത്താമത്തതില്‍ ഗണപതി എന്നിങ്ങനെയാണ് വിശ്വാസം. തട്ടുകളിലെ ദേവതാ സങ്കല്പങ്ങളില്‍ ചില വ്യത്യാസങ്ങളും പറയാറുണ്ട്... പൂക്കളത്തിനു സമീപം തൃക്കാക്കരയപ്പനെയും മാതാവരെയും പ്രതിഷ്ഠിക്കണം. ശിവാരാധനയില്‍ പ്രധാനമായ തുമ്പപ്പൂവ് ഓണപ്പൂക്കളത്തിലും പ്രധാനമാണ്... വൈഷ്ണവമെന്നു വിശേഷിപ്പിക്കുന്ന ഓണത്തില്‍ പ്രധാനം ശിവന് പ്രിയപ്പെട്ട തുമ്പപ്പൂവാണ്...

“..തിരുവനന്തപുരം ജില്ലയില്‍ അത്തപ്പൂക്കളത്തിന് സമീപം ഗണപതിയുടെ ശിരസ്സില്‍ മത്തപ്പൂ വേണം കുത്താന്‍... ചെമ്പരത്തി ഭദ്രകാളിക്ക് മുഖ്യമായ പുഷ്പമാകയാല്‍ ഓണവും കാളി സങ്കല്‍പവുമായി അടുപ്പം വരുന്നു. അതുപോലെ ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ അത്തപ്പൂക്കളത്തിന് നടുവില്‍ മണ്ണുകൊണ്ട് ശിവലിംഗം പോലെ ഉണ്ടാക്കി ഓണത്തപ്പനായി സങ്കല്‍പ്പിച്ച് അതിന് ചുറ്റും പൂക്കളമൊരുക്കും. ഇതും ഭദ്രകാളി ഭര്‍ത്താവിനെ കാണാനുള്ള വരവെന്ന ഓണസ്സങ്കല്‍പ്പത്തില്‍ പ്രധാനമാണ്. തിരുവോണത്തിന് അത്തമിളക്കുംപോള്‍ അടയുണ്ടാക്കി നിവേദിക്കുന്ന ചടങ്ങുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇത് നിര്‍ബന്ധമാണ്‌. അത് അമ്പെയ്ത് എടുക്കുകയാണ് രീതി. ദേവിക്കുള്ള നിവേദ്യമായി അടയെ മനസ്സിലാക്കുമ്പോള്‍ ഓണം ദേവിയുടെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു.. ഇപ്രകാരം ഭദ്രകാളി സങ്കല്‍പവുമായി ഓണത്തിനുള്ള ബന്ധം ശ്രദ്ധേയമാണ്..”

“മദ്ധ്യകേരളത്തില്‍...ഓണത്തപ്പനെ മൂടാനായി ശൈവരാധനയില്‍ പ്രധാനമായ തുമ്പക്കുടം വേണം...”

(ഡോ. എന്‍ അജിത്‌ കുമാര്‍/ കേരള സംസ്കാര പഠനങ്ങള്‍/ എഡി പ്രൊഫ പന്മന രാമചന്ദ്രന്‍ നായര്‍/ കറന്റ്‌ ബുക്സ്)