page

Tuesday, 10 November 2020

ബുർദയും വഹാബികളുടെ/ അൽ ഇസ്ലാഹിൻ്റെ അജ്ഞതയും

 *روحي فداك يا رسول الله...ﷺ*


*ബുർദയുടെ പ്രാമാണികതയും*

*അൽ ഇസ്‌ലാഹിന്റെ അജ്ഞതയും*

""""""""""""""""""""""""'"""""""""''''''''"""""""""""""""""”"""""""

                പ്രവാചകാനുരാഗ സാഹിത്യങ്ങളിൽ ലോകപ്രചാരം നേടിയ കാവ്യാവിഷ്കാരമാണ് ഹിജ്റ 608 ൽ ജനിച്ച ഇമാം ബൂസ്വീരി (റ) യുടെ ഖസീദതുൽ ബുർദ: (അൽ കവാകിബുദ്ദുർറിയ ഫീ മദ്ഹി ഖൈരിൽ ബരിയ്യ ). അഹ്‌ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാർ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എഴുതി അംഗീകാരം നൽകിയ മഹാകാവ്യം. നൂറ്റി അറുപത് വരികളാണ് ബുർദയിലുള്ളത്. ബുർദ വിശ്വാസികൾക്കിടയിൽ നേടിയ സ്വാധീനം പുത്തൻ പ്രസ്ഥാനക്കാർക്ക് ഏറെ അലോസരമുണ്ടാക്കുന്നു. വരണ്ട ആത്മീയത മൂലം ഈ വിരോധം അവർ എന്നും പ്രകടിപ്പിക്കാറുമുണ്ട്. മറ്റു പലതിലുമെന്നപോലെ തങ്ങളുടെ ആദർശത്തിനു കടകവിരുദ്ധമായതും അതിലേറെ ബുർദയുടെ ആധികാരികത മനസ്സിലാക്കാനുള്ള പ്രാമാണികമായ അജ്ഞതയുമാണ് ഇതിനു പ്രധാന കാരണം.

                  2019 ജനുവരി ലക്കം അൽ-ഇസ്വ്‌ലാഹ് മാസികയിൽ പ്രസിദ്ധീകരിച്ച ബുർദയെ കുറിച്ചുള്ള വികല വീക്ഷണങ്ങളാണ് ഈ ലേഖനത്തിന് പ്രേരകം. അടിസ്ഥാനരഹിതമായ വാദഗതികളാണെന്ന് പത്രാധിപർക്ക് തന്നെ പൂർണ ബോധ്യമുള്ളതിനാൽ ലേഖനം തുടങ്ങുന്നതിനുമുമ്പ് *"ലേഖനത്തിന്റെ അവസാനഭാഗത്ത് പറഞ്ഞിട്ടുള്ള ബുർദയെ കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ ലേഖകന്റെ സ്വന്തം അഭിപ്രായമാണെന്നും അൽ-ഇസ്‌ലാഹിന്റെ അഭിപ്രായമല്ലെന്നും വായനക്കാർ മനസ്സിലാകുമല്ലോ"* എന്നെഴുതി പെട്ടിക്കോളത്തിലാക്കിയത് ഒരുതരം മുൻകൂർ ജാമ്യമാണെന്ന് ഏതു വായനക്കാരനും മനസ്സിലാകും.

                      തീർത്തും അടിസ്ഥാന രഹിതമായ വാദഗതികളാണ് അൽ ഇസ്‌ലാഹ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. അല്ലാമാ ബാജൂരി (റ), മഹാനായ ഇബ്നു ഹജറുൽ ഹൈതമി (റ) അടക്കമുള്ള വിശ്രുത പണ്ഡിതന്മാരെ ഒരു പ്രമാണത്തിന്റെയും പിൻബലമില്ലാതെ ലേഖനത്തിൽ വിമർശിക്കുന്നത് വഹാബികളുടെ പാരമ്പര്യം പരിഗണിച്ചു കൊണ്ടു തന്നെയാവണം. ഇതു കാണുക, *"വ്യാപകമായ ആപത്തുകൾ സംഭവിക്കുമ്പോൾ സൃഷ്ടികളിൽ അത്യുദാരനായവരെ, താങ്കളല്ലാതെ എനിക്ക് ആശ്രയമില്ല, എന്ന വരിയുടെ താല്പര്യം ഇഹത്തിലും പരത്തിലും താങ്കൾ ശിപാർശകൾക്ക് അർഹനാണെന്നൊക്കെ ബാജൂരിയെപ്പോലുള്ള വ്യാഖ്യാതാക്കൾ പറഞ്ഞൊപ്പിക്കുന്നത് കാണാം. എന്നാലൊരു വിഭാഗം തന്റെ കവിതയിലെ മുഴുവൻ പരാമർശങ്ങൾക്കും ദിവ്യ ഗ്രന്ഥത്തിന്റെ മഹത്വം കൽപിച്ച് അതിലെ (ബുർദയിലെ) വ്യതിയാനങ്ങൾക്ക് ബുദ്ധിക്കും പ്രമാണങ്ങൾക്കും നിരക്കാത്ത വ്യാഖ്യാനങ്ങൾ നൽകാൻ ധൃഷ്ടരാവുകയാണുണ്ടായത്. ശാഫിഈ നിയമജ്ഞനും സൂഫീ ചിന്തകനുമായ ഇബ്നു ഹജർ ഹൈതമി ഉദാഹരണം"*.


                     മതം കൈമാറിത്തന്ന പൂർവ സൂരികളെ അംഗീകരിക്കാത്തതു തന്നെയാണ് വഹാബീ ചിന്താധാരയുടെ ഏറ്റവും വലിയ അപചയം. അത് വിളിച്ചറിയിക്കുന്നതാണ് മേൽ വരികൾ. അൽ - ഇസ്‌ലാഹിലെ ബുർദയെകുറിച്ചുള്ള വാദഗതികൾ ഇത്തരത്തിലാണ്. ബൂസ്വീരി ഇമാം ബുർദ രചിക്കാനുള്ള പശ്ചാത്തലം വിശ്വാസികൾക്ക് പരിചിതമാണല്ലോ. മുൻകാല പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെച്ചതുമാണത്. എന്നാൽ *"ഇതെല്ലാം ശുദ്ധ കളവാണ്"* എന്നെഴുതി ലാഘവത്തോടെയാണ് തള്ളിക്കളയുകയുന്നത്. അനുയായികളെ തെറ്റിദ്ധരിപ്പിക്കാൻ കളവു പറയുകയല്ലാതെ വഹാബികൾക്ക് നിർവാഹമില്ല. ലോകത്ത് അഹ്‌ലുസ്സുന്ന  അംഗീകരിക്കുന്ന ഏതെങ്കിലും ഒരു പണ്ഡിതന്റെ വാക്കോ ചരിത്രപരമായ തെളിവോ ലേഖകന്റെ വിടു വായിത്തത്തിന് ഉപോൽബലകമായി ലേഖനത്തിൽ എവിടെയും കാണില്ല. ശരിക്കും ലേഖകന്റെ വാദമാണ് *ശുദ്ധ കളവ്* എന്നാർക്കും ബോധ്യമാകും.


                 പണ്ഡിതലോകം മഹാകാവ്യ രചനക്ക് ആധാരമായ സംഭവത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് നോക്കാം. ബുർദയുടെ വിശദീകരണത്തിൽ ഇമാം ബാജൂരി (റ) എഴുതുന്നു : " വൈദ്യന്മാർ ചികിത്സിക്കാൻ സാധിക്കാത്തവിധം പക്ഷവാതം പിടിപെട്ട് ശരീരത്തിന്റെ പകുതി ഭാഗത്തിന്റെയും ശേഷി നഷ്ടപ്പെട്ടപ്പോൾ രോഗം സുഖമാകണമെന്ന് ലക്ഷ്യംവെച്ചാണ് ഇമാം ബൂസ്വീരി (റ) ബുർദ രചിച്ചത്. രചന പൂർത്തിയായപ്പോൾ അദ്ദേഹം തിരുനെബി ﷺ യെ സ്വപ്നത്തിൽ ദർശിക്കുകയും തിരുകരം കൊണ്ട് ബൂസ്വീരി (റ) യുടെ ശരീരത്തിൽ തടവുകയും അവിടത്തെ പുത്തപ്പിൽ മഹാനെ ചുറ്റുകയും ചെയ്തു. അതേ തുടർന്ന് തൽക്ഷണം മഹാനാവർകളുടെ രോഗം സുഖമായി. അതുകൊണ്ടാണ് *ബുർദ* ("പുതപ്പ്" എന്നർത്ഥം ) എന്നപേരിൽ ഈ കാവ്യം പ്രസിദ്ധമായത്.

*(ഹാശിയതുൽ ബാജൂരി -പേ : 2)*


              ലേഖനത്തിലെ മറ്റൊരു അബദ്ധം കാണുക, *"നബിയുടെ പ്രകാശം മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം (ഇബ്നു ഹജറുൽ ഹൈതമി) വാദിക്കുന്നു. ഈ വിഷയത്തിലുള്ള നിവേദനങ്ങൾ എല്ലാം ദുർബലമാണ്"*.

                  തിരുനെബി ﷺ യുടെ പ്രകാശമാണ് മറ്റെല്ലാ വസ്തുക്കളെക്കാളും മുമ്പേ സൃഷ്ടിക്കപ്പെട്ടത് എന്ന വസ്തുത സൂഫീ കെട്ടുകഥയാണെന്ന് പറഞ്ഞു തള്ളുകയാണ് ലേഖകൻ. എന്നാൽ പ്രമാണങ്ങൾ പറയുന്നത് കാണുക, സൂറത്തുൽ അമ്പിയാഇന്റെ  നൂറ്റി ഏഴാം സൂക്തം വിവരിച്ച് അല്ലാമാ ആലൂസി എഴുതുന്നു: "സൃഷ്ടികളിൽ ഓരോന്നിന്റെയും യോഗ്യത പരിഗണിച്ച് അല്ലാഹുവിന്റെ ഔദാര്യം അവരിലേക്കെത്താനുള്ള മാധ്യമം എന്ന പരിഗണന വെച്ചാണ് തിരുനെബി ﷺ എല്ലാവർക്കും അനുഗ്രഹമായിത്തീർന്നത്. അതുകൊണ്ടാണ് അവിടുത്തെ പ്രകാശം ആദ്യ സൃഷ്ടിയായിത്തീർന്നതും. ജാബിറെ, പ്രഥമ സൃഷ്ടി താങ്കളുടെ പ്രവാചകന്റെ പ്രകാശമാണെന്ന് ഖബറിൽ (ഹദീസിൽ ) വന്നിട്ടുണ്ട്.

*(റൂഹുൽ മആനി 12/478)*


                    ഇമാം ഖസ്ത്വല്ലാനി (റ) യുടെ അൽമവാഹിബിൽ ജാബിർ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെ കാണാം, " ഞാൻ പറഞ്ഞു; അല്ലാഹുവിന്റെ റസൂലേ,  എല്ലാ വസ്തുക്കളെയും പടക്കുംമുമ്പ് അള്ളാഹു ആദ്യമായി സൃഷ്ടിച്ച വസ്തുവിനെപ്പറ്റി എനിക്ക് അവിടുന്ന് പറഞ്ഞുതന്നാലും. തിരുനെബി ﷺ പറഞ്ഞു; എല്ലാ വസ്തുക്കൾക്കും മുമ്പ് അല്ലാഹു സൃഷ്ടിച്ചത് താങ്കളുടെ പ്രവാചകന്റെ പ്രകാശമാണ്".

*(അൽമവാഹിബുല്ലദുൻയ -1/46)*


                      ഇതിനെല്ലാം പുറമേ.....

👉 ശാഫിഈ മദ്ഹബിലെ ലോകാംഗീകൃത പണ്ഡിതൻ ഇബ്നു ഹജറുൽ ഹൈതമി (റ) *(മിർഖാത് -1/341)*,

👉 ഹനഫീ പണ്ഡിതനായ മുല്ലാ അലിയ്യുൽ ഖാരി (റ) *(മിർഖാതുൽ മഫാതീഹ് -1/385)*,

👉 മാലികി പണ്ഡിതനായ ഇബ്നുൽ ഹാജ് (റ) *(അൽ മദ്ഖൽ- 2/34)*,

👉 ഹമ്പലി പണ്ഡിതനായ അബ്ദുൽ ഗനിയ്യുന്നാബൽസി (റ) *(അൽ ഹദീഖതുന്നദിയ്യ -പേ :269)*,

തുടങ്ങി അനേകം പണ്ഡിതന്മാർ *"ലോകം തന്നെ ഭവിച്ചതു തിരുനബി ﷺ യുടെ പ്രകാശത്തിൽ നിന്നാണ്"* എന്ന് ഉദ്ധരിച്ചതു കാണാം. ഇത് ബുർദയിൽ കാണുമ്പോൾ കൊട്ടും കുരവയുമായി ഇറങ്ങുന്ന വഹാബികൾ തിരു പ്രകാശത്തിന്റെ വസ്തുതയെക്കുറിച്ച് എന്നാണറിയുക(?).

                       

                                ലേഖകൻ പ്രകടിപ്പിക്കുന്ന മറ്റൊരു ജ്ഞാന ശൂന്യത പതിവ് പല്ലവി തന്നെയാണ്, ഇസ്തിഗാസ!.

"യാ അക്റമൽ ഖൽകി" കൊണ്ട് തുടങ്ങുന്ന വരിയാണ് മൗലവിയെ കൂടുതൽ ചൊടിപ്പിച്ചത്. ഈ വരിക്ക് ലേഖനത്തിന്റെ അവസാനം ബഹുദൈവാരാധനയുടെ വർണ്ണം ചാർത്താൻ  ശ്രമിക്കുന്നു. സത്യത്തിൽ, ഇമാം ബൂസ്വീരി (റ) വഫാതായ തിരുനെബി ﷺ യോട് ശിപാർശക്കു  അഭ്യർത്ഥിക്കുന്ന വരിയാണ് "യാ.. അക്റമ.....". ഇതിനു അനിസ്‌ലാമികതയുടെ ചാപ്പയടിക്കുന്നവരാരോ അവരാണ് തെളിവുദ്ധരിക്കേണ്ടത്. പക്ഷേ, അത് ലേഖനത്തിലെവിടെയും കാണില്ല. *"അന്ത്യ ദിനത്തിൽ എനിക്കും ശിപാർശ ചെയ്യണം നെബിയെ.."* എന്ന് അനസ് (റ) ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് മറുപടി നൽകിയത് *"അന ഫാഇലുൻ"* (ഞാൻ ചെയ്യാം) എന്നാണ് *(തിർമുദി - ഹ,ന : 2357)*.

അല്ലാതെ നീ ശിർക്ക് സംസാരിക്കരുത് എന്നല്ല. ഇനി വഫാത്തായ തിരുനെബി ﷺ യോട് തേടിയതാണ് വഹാബികൾക്ക് അരോചകമെങ്കിൽ "സൂറത്തുൽ ജാസിയ" പാരായണം ചെയ്താൽ മതി. അതിൽ "സജ്ജനങ്ങളുടെ ജീവിതവും മരണവും സമമാണ് " എന്ന് കാണാം. എന്നിട്ടും പ്രവാചകരുടെ കാര്യത്തിൽ സംശയിക്കുന്നവർ നജ്ദിയൻ വൈറസ് ബാധിതർ മാത്രമാണ്.


  فكن لي شفيعا يوم لا ذو شفاعة

              بمغن فتيلا عن سواد ابن قارب

മേൽവരികൾ മഹാനായ സവാദ് (റ) തിരു സവിധത്തിൽ വച്ചു പാടിയതാണ്.  ബൂസ്വീരി ഇമാമിന്റെ "യാ.. അക്റമ" യുടെയും ആശയവും  ഇതുതന്നെ. ഇത് പാടിയതിന് പ്രവാചകർ ﷺ സവാദി(റ)നെ വിമർശിച്ചിട്ടില്ല. "ജീവിച്ചിരിക്കുമ്പോൾ അനുവദനീയവും വഫാത്തായാൽ ശിർക്കും" എന്നു കേരള വഹാബികൾ പറയാതെ പറയുന്ന മാനദണ്ഡം  തിരുദൂതർ ക്ക് പോലും അജ്ഞാതമായതിനാൽ അവരത് തെളിയിച്ചു പറ്റൂ. അല്ലാത്ത പക്ഷം, ഇത്തരം വരികളും ആശയങ്ങളും മതത്തിൽ അതിർവരമ്പ് ലംഘിക്കുന്നതാണെന്ന് നാടുനീളെ പ്രസംഗിച്ചും എഴുതിയും സാധു മുജാഹിദുകളെ തുടർന്നും പറ്റിക്കാം എന്നതിലുപരി പ്രാമാണികമായ യാതൊന്നും അതിലില്ല.


                ലേഖനത്തിൽ എഴുപത്തഞ്ചു ശതമാനവും ബൂസ്വീരി ഇമാമിന്റെ പഴയകാല കവിതകളും അതിന്റെ വിവർത്തനവുമാണ് ലേഖകൻ നിരത്തുന്നത്. എന്തിനാണെന്നോ, പഴയകാലത്ത് അധർമ്മ കവിതയെഴുതിയ ആളായതിനാൽ ബൂസ്വീരി ഇമാമിന്റെ വരികൾക്ക് പ്രമാണങ്ങളുടെ പിൻബലം നൽകേണ്ടതില്ല എന്നു സമർത്ഥിക്കാൻ. ഇതിലും വലിയ അജ്ഞതയുണ്ടോ!?. ഇതിനു  ഒന്നാമത്തെ മറുപടി ഖസീദതുൽ ബുർദയുടെ  ഒമ്പതാം അദ്ധ്യായം മുതലെങ്കിലും (അല്ലെങ്കിൽ അവയുടെ സാരം) എല്ലാ വഹ്ഹാബീ കുഞ്ഞാടുകളും ഒന്ന് വായിക്കുക എന്നതാണ്. കാരണം, പോയകാലത്തെ അപഥ സഞ്ചാരത്തിൽ നിന്ന് പൂർണമായും വിരമിച്ചാണ് (പൂർണ ബോധത്തോടെ) ഞാനിതെഴുതുന്നത് എന്ന് ബൂസ്വീരി ഇമാം തന്നെ പറയുന്നുണ്ട്. രണ്ടാമത്തെ മറുപടി, കഅ്ബുബ്നു സുഹൈറിന്റെ സംഭവമാണ്. പ്രാചീന അറബികളുടെ ദൗർബല്യമായ അശ്ലീല കവിതകളുടെ കുലപതിയായിരുന്നു കഅ്ബുബ്നു സുഹൈർ(റ). മാത്രമല്ല, തിരുനെബി ﷺ യോടുള്ള വിരോധം കാരണം കവിതയിലുടനീളം കണക്കില്ലാതെ പ്രവാചകരെ ആക്ഷേപിച്ചതിനു "അവനെ കണ്ടുമുട്ടുന്നവർ വധിച്ചു കളയുക" എന്ന് പ്രവാചകർ ആജ്ഞ പുറപ്പെടുവിച്ച ആളും!!.

ആ സന്ദർഭത്തിലാണ് അദ്ദേഹം തിരു സവിധത്തിൽ വന്നു "ബാനത് സുആദ" (പ്രവാചകരെ പ്രകീർത്തിച്ചു കൊണ്ടുള്ള വരികൾ) ആലപിക്കുന്നത്. അന്നേരം തിരുനെബി ﷺ അദ്ദേഹത്തെ ആട്ടിയോടിക്കുന്നതിനു പകരം ആദരവിന്റെ  പുതപ്പ് സമ്മാനിക്കുകയാണ് ചെയ്തത്. എന്നിട്ടും ബൂസ്വീരീ ഇമാമിന്റെ പഴയകാല കവിതകൾ അങ്ങനെയായിരുന്നു എന്നുപറഞ്ഞ് പുതിയ (പ്രവാചകരെ പ്രകീർത്തിച്ചു കൊണ്ടുള്ള) കവിതകൾക്കു അനിസ്ലാമികതയുടെ മുദ്ര ചാർത്തുമ്പോൾ വഹാബീ ആദർശത്തിന്റെ വൈകല്യം ഒന്നുകൂടി വ്യക്തമാകുകയാണ്.

   

                          ബൂസ്വീരി ഇമാമിന്റെ ആത്മീയതയെ കുറിച്ച് തീരെ അറിയാത്തവരോടും അറിഞ്ഞിട്ടും അജ്ഞത നടക്കുന്നവരോടും ഒന്നേ പറയാനുള്ളൂ.., അദ്ദേഹത്തെക്കുറിച്ച് പൂർവിക മഹാന്മാർ രചിച്ച ഗ്രന്ഥങ്ങൾ മർക്കടമുഷ്ടി ഉപേക്ഷിച്ച് ഒരു വേള വായിച്ചു നോക്കിയാൽ നന്ന്...!!.


🖋 *Hyder Ali Amani Parladam*


*(2019 മാർച്ച്‌ 1-15 ലക്കം 'സുന്നി വോയിസ്‌' ൽ വന്ന ലേഖനം)*