page

Sunday, 10 January 2021

അക്ബർ ജബ്ബാർ സംവാദ നാടകത്തിലെ ഒളി അജണ്ഡകൾ !

 *സലഫിസം ഇസ്‌ലാമിന്റെ വക്താക്കളാകുമ്പോൾ....*


യുക്തി വാദികളെയും സലഫികളെയും പ്രതിനിധീകരിച്ച് ജബ്ബാർ മാഷും എംഎം-അക്ബറും തമ്മിൽ നടന്ന സംവാദത്തിൻറെ ജയ പരാജയങ്ങൾ അവകാശപ്പെട്ട് സോഷ്യൽ മീഡിയകളിൽ തർക്കങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്, ആർക്കാണ് വിജയമെന്നോ പരാജയമെന്നോ എന്നൊന്നും ഞാൻ പറയുന്നില്ല, അതൊക്കെ ഓരോ ആളുകളുടെ വിശ്വാസത്തിനനുസരിച്ച് വ്യഖ്യാനിക്കാം നിരീക്ഷിക്കാം, പകരം സംവാദത്തോടെ ഉയർന്നു വരുന്ന ചില അപകടങ്ങളെ പറ്റി സൂചിപ്പിക്കുകയാണ് ഈ കുറിപ്പിൻറെ ലക്ഷ്യം.  

 

അതിൽ ഒന്നാമതായി നാം കാണ്ടേണ്ടത് സലഫീ ആശയക്കാരായ ഇസിസുകാർ പുണ്യ ഗ്രന്ഥമായി കാണുകയും അവരുടെ സ്വാധീന മേഖലകളിൽ വിതരണം ചെയ്യുകയും അതിൽ പറയുന്നത് നിർബന്ധമായും വായിക്കണമെന്നും വിശ്വസിക്കണമെന്നും പറയുന്ന വഹാബീ നേതാവായ ഇബിൻ അബ്ദുൽ വഹാബ് രചിച്ച "കിതാബ് തൗഹീദ്" എന്ന പുസ്തകത്തിലെ ഇതര മത വിദ്വേഷം പുലർത്തുന്ന ചില പാഠങ്ങൾ തന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നു എന്ന ആരോപണത്തിൻറെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ഉണ്ടായപ്പോൾ നാട് വിട്ട് വിദേശത്ത് മാസങ്ങളോളം താമസിച്ച് തിരിച്ചു വന്നു അറസ്റ്റും നടന്നു പുറത്തിറങ്ങിയതിന് ശേഷം പഴയത് പോലെ സ്റ്റേജ് പരിപാടികളിൽ സജീവമാകാതെ അതിനവസരം കിട്ടാതെ പൊതു ധാരയിൽ നിന്നും അകന്നു നിൽക്കേണ്ടി വന്ന ഒരാളായിരുന്നു സലഫീ വിഭാഗത്തെ പ്രതിനിധീകരിച്ചു സംവാദത്തിൽ പങ്കെടുത്ത അക്ബർ. 

 

സാകിർ നായിക്കിൻറെ കേരളാ പതിപ്പായ അക്ബർ ഇന്നലെ വരെ സലഫിസത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒരാളായിരുന്നെങ്കിൽ യുക്തിവാദികളുമായുള്ള സംവാദം ഒരു സമുദായത്തിൻറെ മൊത്തം പ്രതിനിധിയായി വാഴത്തപ്പെടുന്നതിലേക്ക് മാറാൻ അയാൾക്ക് സഹായകമാകാനും അങ്ങിനെ വരുത്തി തീർക്കാൻ അക്ബറിൻറെ ആരാധകർക്കും പറ്റി. 

 

അക്ബറും ജബ്ബാർ മാഷും തമ്മിൽ നടന്ന സംവാദങ്ങളുടെ ചർച്ചകൾക്കിടയിൽ സോഷ്യൽ മീഡിയകളിൽ ജബ്ബാർ മാഷിൻറെ വിമർശനങ്ങൾക്കെതിരെ പാരമ്പര്യ മുസ്ലിം സുന്നീ വിഭാഗത്തിൽ പെട്ട ചിലരുടെ പ്രസംഗങ്ങളും കാണുകയും കേൾക്കുകയും ചെയ്തു, വളരെ നല്ല നിലയിൽ വ്യക്തമായും കൃത്യമായും ജബ്ബാർ മാഷിൻറെ നീരീക്ഷണങ്ങൾക്കെതിരെ മത പരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തെളിവുകളടക്കം അവതരിപ്പിച്ചുള്ള പ്രസംഗങ്ങളായിരുന്നു അതെങ്കിലും യുക്തി വാദികളെ നിരീശ്വരവാദികളായി കാണുന്നത് പോലെ ആ പ്രസംഗം നടത്തിയ സുന്നികളെ ബഹുദൈവാരാധകരായി കാണുകയും അവരെ മുസ്ലിംകളായി അംഗീകരിക്കാത്തതുമായ തീവ്ര സലഫിസ്റ്റുകളും മൗദൂദിയൻ ചിന്താഗതിക്കാരും അവരോട് മാന്യമായി ആശയപരമായി ഏറ്റു മുട്ടിയിരുന്ന പാരമ്പര്യ സുന്നീ മുസ്ലിംകളുടെ ആശയ പോരാട്ടങ്ങൾ കാണാനും കേൾക്കാനും പ്രചരിപ്പിക്കാനും ഒരു താൽപര്യവും കാണിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. 

 

അതെ സമയം യുക്തി വാദികളെ പ്രതിനിധീകരിച്ചു വന്ന ജബ്ബാർ മാസ്റ്റർ അക്ബറിൻറെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ കൊണ്ട് വന്നതും കാണിച്ചതും അക്ബർ പ്രതിനിധീകരിക്കുന്ന അതെ പ്രസ്ഥാനത്തിലെ ആളുകൾ പരിഭാഷപ്പെടുത്തിയ ഖുർആൻ വ്യാഖ്യാനങ്ങളായിരുന്നു എന്നതിൽ നിന്നും വ്യക്തമാകുന്ന കാര്യം സലഫി പുസ്തകങ്ങളും ആശയങ്ങളും ഇസ്‌ലാമിനെ പറ്റി പഠിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്നതിലുപരി ആളുകളെ തീവ്ര വാദത്തിലേക്കും യുക്തിവാദത്തിലേക്കും നയിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ്. 

 

ആത്യന്തികമായി യുക്തി വാദി നേതാവ് ജബ്ബാറുമായുള്ള അഭിപ്രായ വ്യതാസം സംവാദത്തിലേക്ക് മാറ്റിയെടുക്കാൻ ശ്രമിച്ചതിലൂടെ അക്ബർ ലക്ഷ്യമിട്ടത് എന്താണോ അത് നടന്നിരിക്കുന്നു, തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളുടെയും അന്വേഷണങ്ങളുടേയുമൊക്കെ കാരണങ്ങളാൽ ഒറ്റപ്പെട്ടിരുന്ന അക്ബറിന് ഒരൊറ്റ സംവാദത്തിലൂടെ തീവ്ര ഇസ്‌ലാമിസ്റ്റുകളോടൊപ്പം പാരമ്പര്യ സുന്നികളുടെ ഇടയിൽ പോലും സ്വീകാര്യത ഉണ്ടാക്കാൻ പറ്റി എന്നതാണ് അക്ബറിനു കിട്ടിയ നേട്ടം, ആ അവസരം മുതലെടുത്ത് അക്ബറിനെ ആധുനീക പ്രവാചകനായും ഇസ്‌ലാമീക പ്രബോധകനായും വാഴ്ത്തി അക്ബറിൻറെ അനുയായികളും ആരാധകരും ശക്തമായി സോഷ്യൽ മീഡിയകളിൽ ഇടപെടാനും തുടങ്ങി. 

 

കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ഭാഗത്തും ഇസ്‌ലാം പ്രചരിച്ചതും മതത്തിലേക്ക് ആളുകൾ ആകർഷിക്കപ്പെട്ടതും സൂഫിസത്തിലൂടെയാണ് എന്നത് അജ്‌മീർ മുതൽ കേരളത്തിലെ മാലിക് ദീനാർ ചേരമാൻ പെരുമാൾ തുടങ്ങിയവരുടെ ചരിത്രത്തിലൂടെ നാം പഠിച്ചതാണ്, ഇന്നും അതെ സൂഫിസത്തിലൂടെ നിരവധി ആളുകൾ ഒരു പ്രലോഭനങ്ങളും ഇല്ലാതെ സ്വന്തം താൽപര്യ പ്രകാരം ഇസ്‌ലാമിലേക്ക് കടന്നു വരുന്നുണ്ട്, അതിൻറെ ഒരു ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് എആർ റഹ്‌മാൻറെയും കുടുംബത്തിൻറെയും മതം മാറ്റം. അതെ സമയം ഇസ്‌ലാമിനെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കാനും വിമർശിക്കാനുമുള്ള കാരണങ്ങൾ ഒരുക്കിയതും അതിനു നേത്രത്വം നൽകിയതും വഹാബികളായ സലഫികളാണ്, ആ സലഫികളാണ് മതത്തിന്റെ വക്താക്കളായും സ്വന്തക്കാരായും ഇപ്പോൾ വാഴ്ത്തപ്പെട്ടു കൊണ്ടിരിക്കുന്നതും എന്നത് യഥാർത്ഥ ഇസ്‌ലാം മത വിശ്വാസികളെ കൂടുതൽ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. 

 

കെ-ആർ കുമാർ