page

Friday, 1 January 2021

പോപ്പുലർ ഫ്രണ്ട് മുസ്‌ലിങ്ങളുടെ ശത്രു

 'കാമ്പസ് ഫ്രണ്ട്' എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു, കോളേജ് വളപ്പിൽ കൊല്ലപ്പെട്ട സംഭവം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അഖിലേന്ത്യാ സംഘടനയായി മാറിയ 'പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ'യുടെ (പി.എഫ്.ഐ.) ആശയത്തണലിൽ, കേരളത്തിലെ ഏതാനും വിദ്യാലയങ്ങളിൽ സാന്നിധ്യമുള്ള 'കാമ്പസ് ഫ്രണ്ടി'ന്റെ തനിനിറം എന്താണെന്ന് പലർക്കും മനസ്സിലായിരുന്നില്ല. പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്.ഡി.പി. ഐ.യും മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന കൃത്യമാണ് നടത്തുന്നത്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും അനുകൂലിക്കാനാവാത്ത ഹീനമാർഗത്തിലൂടെയാണ് ഇക്കൂട്ടർ സഞ്ചരിക്കുന്നത്.



അഭിമന്യു ഇന്ന് കേരളത്തിന്റെ നൊമ്പരമാണ്. നവാഗതരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കുന്ന എസ്.എഫ്.ഐ. പ്രവർത്തകർക്കുനേരെയാണ് 'കാമ്പസ് ഫ്രണ്ടു'കാർ പ്രകോപനമുണ്ടാക്കിയത്. 'എസ്.എഫ്.ഐ.-കാമ്പസ് ഫ്രണ്ട് സംഘർഷം' എന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്നീട് നൽകിയ വിശദീകരണം ശുദ്ധകളവാണ്. അത്തരം ഒരു സംഘർഷമുണ്ടായിരുന്നുവെങ്കിൽ, അപ്പുറത്ത് ഒരാൾക്കെങ്കിലും നിസ്സാരമായ ഒരു പരിക്കെങ്കിലും ഏൽക്കേണ്ടിയിരുന്നില്ലേ? തികച്ചും ആസൂത്രിതമായ കൊലപാതകം! പോപ്പുലർ ഫ്രണ്ടും എസ്. ഡി.പി.ഐ.യും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന 'കില്ലർ സ്ക്വാഡി'ന്റെ ഓപ്പറേഷൻ! കൊലയാളികളുടെ വരവും ആക്രമണത്തിന്റെ സ്വഭാവവും വിലയിരുത്തിയാൽ ഇതാർക്കും ബോധ്യമാവും. ഒരു ഭീകരപ്രസ്ഥാനത്തിനുമാത്രം ചെയ്യാൻ കഴിയുന്നതാണിത്. കേരളത്തിന് അടുത്ത കാലം വരെ അന്യമായിരുന്ന ഈ രീതി പ്രാവർത്തികമാക്കിയത് മുസ്ലിം തീവ്രവാദ ശക്തികളാണ്.


പോപ്പുലർ ഫ്രണ്ടിന്റെ പിറവി

നാഷണൽ ഡെവലപ്പ്മെന്റ് ഫ്രണ്ടിന്റെ (എൻ.ഡി.എഫ്.) പിൻഗാമിയായിട്ടാണ് 2006-ൽ പി.എഫ്.ഐ. പിറവിയെടുത്തത്. കേരളത്തിലെ എൻ.ഡി.എഫ്. തമിഴ്നാട്ടിലെ 'മനിത നീതിപസരൈ', 'കർണാടക ഫോറം ഫോർ ഡിഗ്നിറ്റി' (കെ.എഫ്.ഡി.) തുടങ്ങിയ തീവ്രവാദ സംഘടനകൾ ചേർന്നാണ് പി.എഫ്.ഐ. രൂപവത്കരിച്ചത്. സാമൂഹികനീതി, മനുഷ്യാവകാശസംരക്ഷണം തുടങ്ങിയ പ്രശ്നങ്ങളുയർത്തിയാണ് ഈ സംഘടന രംഗത്തുവന്നത്. ആർ.എസ്.എസിനെപ്പോലെ പോപ്പുലർ ഫ്രണ്ടിനും വിവിധ പോഷകസംഘടനകളുണ്ട്. അതിലൊന്നാണ് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം ഡൽഹിക്കടുത്ത നോയ്ഡയാണ്.


രൂപവത്കരണകാലംതൊട്ട് പോപ്പുലർ ഫ്രണ്ട് ഒട്ടേറെ മുസ്ലിം തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. ഒട്ടേറെ അക്രമങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിട്ടുണ്ട്. ഒരു ചോദ്യപ്പേപ്പറിൽ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞത്. 2013-ൽ വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനിന്ന് മാരകായുധങ്ങൾ, തോക്കുകൾ, ബോംബുകൾ, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തിരുന്നു. 

1977-ൽ രൂപംകൊണ്ട ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർഥിസംഘടനയായിരുന്ന സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) എന്ന തീവ്രവാദസംഘടനയുടെ പിന്മുറക്കാരാണ് പി.എഫ്.ഐ. 1979-ൽ ഇറാനിലുണ്ടായ 'ഇസ്ലാമിക'വിപ്ലവത്തിൽനിന്ന് ആവേശം കൊണ്ടാണ്, 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം സിമി ഉയർത്തിയത്. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികൾക്ക് വളരാനും മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാനും സിമി അവസരമൊരുക്കി. 1993-ൽ സിമി നിരോധിക്കപ്പെട്ടു. പരസ്യപ്രവർത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കൾക്കുകൂടി പങ്കുള്ള സംഘടനയാണ് പിന്നീട് രൂപംകൊണ്ട എൻ.ഡി.എഫ്. തുടർന്നാണ് പി.എഫ്.ഐ. രൂപം കൊള്ളുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ ചെയർമാൻ അബ്ദുൾ റഹ്മാൻ, സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. സംസ്ഥാനസെക്രട്ടറി അബ്ദുൾ ഹമീദ് മാസ്റ്റർ സിമിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്നു. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ താത്ത്വികാചാര്യന്മാരിൽ ഒരാളായ പ്രൊഫസർ കോയ (കോഴിക്കോട്) മുൻ സിമി നേതാവാണ്. സിമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പോപ്പുലർ ഫ്രണ്ടിന്റെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഇ. അബൂബക്കറാണ്.


കേരളത്തിലെ അക്രമങ്ങൾ

2013 ഏപ്രിലിൽ കണ്ണൂരിലെ നാറാത്ത് എന്ന സ്ഥലത്ത്, പോപ്പുലർ ഫ്രണ്ടിന്റെ ക്യാമ്പിൽ പോലീസ് നടത്തിയ പരിശോധനയിൽ അവരുടെ തീവ്രവാദബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകൾ കണ്ടെടുത്തു. 21 പ്രവർത്തകരെ അന്ന് പോലീസ് അറസ്റ്റുചെയ്തു. 'തണൽ ചാരിറ്റബിൾ ട്രസ്റ്റി'ന്റെ ഓഫീസ് കെട്ടിടത്തിലാണ് പോലീസ് റെയ്ഡ് നടന്നത്. ഈ സംഭവം സംബന്ധിച്ച് പിന്നീട് എൻ.ഐ.എ. അന്വേഷണം നടത്തിയിരുന്നു.2012-ൽ കേരളസർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സി.പി.എം., ആർ.എസ്.എസ്. സംഘടനകളിൽപ്പെട്ട 27 പേരെ, പോപ്പുലർ ഫ്രണ്ട് സംഘം കൊലപ്പെടുത്തിയതായി പറയുകയുണ്ടായി. ഇതിനു പുറമേ വർഗീയകൊലപാതകങ്ങൾ, 86 വധശ്രമങ്ങൾ, 106 വർഗീയ സംഘർഷങ്ങൾ എന്നിവയിലും പോപ്പുലർ ഫ്രണ്ട്-എൻ.ഡി.എഫ്. പ്രവർത്തകർക്ക് പങ്കുണ്ടെന്ന് 2014-ൽ കേരള സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ 'തേജസി'ന് സർക്കാർ പരസ്യങ്ങൾ നൽകുന്നില്ലെന്ന് ആക്ഷേപിച്ച് പത്ര മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് മറുപടിയായിട്ടാണ് സർക്കാർ ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. 2003-ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ സംഘമായിരുന്നു. കേരളത്തിൽ ഒരു സംഘടന നടത്തിയ ഏറ്റവും വലിയ ഈ കൂട്ടക്കൊലയിൽ എട്ട് ആർ.എസ്.എസുകാരാണ് കൊല്ലപ്പെട്ടത്. പ്രതികളുടെ കേസ് നടത്തിയതും അവർക്ക് സംരക്ഷണം നൽകിയതും പോപ്പുലർ ഫ്രണ്ടായിരുന്നു.


2005-ൽ ബേപ്പൂർ പോർട്ടിലെ ബോട്ടിൽ നടന്ന ബോംബ് സ്ഫോടനവും 2006-ൽ കോഴിക്കോട് ബസ്സ്റ്റാൻഡിലെ സ്ഫോടനവും പോപ്പുലർ ഫ്രണ്ട് നടത്തിയതായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തേക്കും തീവ്രവാദികളെ റിക്രൂട്ട് ചെയ്തയക്കുന്നതായും ഇവരെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. അങ്ങനെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്കയച്ച നാല് കേരളീയർ 2008-ൽ കശ്മീരിൽ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. തീവ്രവാദി റിക്രൂട്ട്മെന്റ് കേസിൽ 18 പേരെ പോലീസ് അറസ്റ്റുചെയ്തു. ലഷ്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തകനായ തടിയന്റവിട നസീർ മേഘാലയയിൽ അറസ്റ്റു ചെയ്യപ്പെട്ടു. കണ്ണൂർ സ്വദേശിയായ നസീർ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രധാന പ്രതിയാണ്. പോപ്പുലർ ഫ്രണ്ടും ഹുജി (ഹർക്കത്-ഇൽ-ജിഹാദ്-അൽ-ഇസ്ലാം) എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതിന്റെ തെളിവും പോലീസിന് ലഭിച്ചു.



മൊബൈൽഫോൺ വഴിയുള്ള സന്ദേശങ്ങളിലൂടെ ഭീതി പരത്തുകയും കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് പോപ്പുലർ ഫ്രണ്ട്. തെക്കേ ഇന്ത്യയിൽ ജോലിചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനക്കാരെ ഭയപ്പെടുത്തി, നാട്ടിലേക്ക് തിരിച്ചുപോകാൻ പ്രേരിപ്പിച്ച വാട്സാപ്പ് പ്രചാരണം ഇവർ സംഘടിപ്പിച്ചു. ജമ്മു കശ്മീരിലെ കഠുവയിലെ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കാൻ, കേരളത്തിൽ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഹർത്താൽ നടത്തിയതും പോപ്പുലർ ഫ്രണ്ടാണ്. മൊബൈൽ ഫോൺ വിൽപ്പന ഷോപ്പുകളിലെ നടത്തിപ്പുകാരിലും ജീവനക്കാരിലും ഒരു വിഭാഗം തീവ്രവാദികളുടെ സ്വാധീനത്തിലാണ്. ഇവരെ ഉപയോഗിച്ചാണ്, 'വാട്സാപ്പ്' പ്രചാരണം നടത്തുന്നത്.

കേരളത്തിൽ എൻ.ഡി.എഫ്.-പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ.- കൊലയാളി സംഘങ്ങൾ 1995 മുതൽ 2018 വരെ ആസൂത്രിതമായി കൊന്നത് 31 പേരെയാണ്. 2000-2018 കാലത്ത് 14 കൊലപാതകങ്ങളാണ് ഇവർ നടത്തിയത്. കൊല്ലപ്പെട്ടവരുടെ പട്ടിക പ്രത്യേകം കൊടുത്തിട്ടുണ്ട്.


ഗ്രീൻവാലിയും സത്യസരണിയും

മഞ്ചേരി 'ഗ്രീൻവാലി' പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ വിധ്വംസക പ്രവർത്തനങ്ങളുടെയും ആസൂത്രണ നിർവഹണകേന്ദ്രമാണ്. മഞ്ചേരിയിലെ പ്രമുഖ സി.ഐ.ടി.യു. നേതാവും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായ ഷംസുദീനെ, എൻ.ഡി.എഫ്. റൗഡികൾ വെട്ടിനുറുക്കി. ഈശ്വര നിഷേധിയാണെന്നാരോപിച്ചായിരുന്നു ആക്രമണം. തലനാരിഴ വ്യത്യാസത്തിനാണ് ഷംസുദീൻ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. മഞ്ചേരി ടൗണിലെ 'സദാചാര പോലീസാ'യി ഈ സംഘം പ്രവർത്തിക്കുന്നു. മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലെ വിദ്യാർഥി തസ്നിബാനു യുക്തിവാദിയായ കൊടവണ്ടി നാസറുമായി പ്രണയത്തിലേർപ്പെട്ടപ്പോൾ എൻ.ഡി.എഫ്. സംഘം ആ ബന്ധം ഉപേക്ഷിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ആ പെൺകുട്ടി വഴങ്ങിയില്ല. തുടർന്ന് തസ്നിബാനുവിന്റെ വീട്ടുകാരെ ഭയപ്പെടുത്തി കുട്ടിയെ വീട്ടുതടങ്കലിലാക്കി. ഒരു ദിവസം എങ്ങനെയോ രക്ഷപ്പെട്ട് പുറത്തുവന്ന തസ്നിബാനു നാസറുമായി രജിസ്റ്റർ വിവാഹം ചെയ്തു. ഈ വിവാഹത്തിന് സാക്ഷികളായ യുക്തിവാദി സംഘടനാ നേതാവായ ഇ.എ. ജബ്ബാറിനെയും ഭാര്യയെയും എൻ.ഡി.എഫ്. റൗഡികൾ വീട്ടിൽ കയറി തല്ലിച്ചതച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ക്രിമിനൽ സങ്കേതമായ 'ഗ്രീൻവാലി' പരിസരത്തുള്ള മുസ്ലിം വീടുകളിലെ പുരുഷന്മാരിൽ 'സുബ്ഹി' നമസ്കാരത്തിന് പള്ളിയിൽ പോകാത്തവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തലും പതിവാണ്. ഒരു തരം താലിബാനിസമാണ് ഇവർ നടപ്പാക്കുന്നത്.


മറ്റുമതങ്ങളിൽ നിന്നുമാറി ഇസ്ലാം മതം സ്വീകരിക്കുന്നവരെ മതം പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മഞ്ചേരിയിലെ ഇവരുടെ കേന്ദ്രമാണ് 'സത്യസരണി'. ഹാദിയ ഈ കേന്ദ്രത്തിൽ എത്തിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിനി അപർണ എന്ന പെൺകുട്ടിയെ മതംമാറ്റി മലപ്പുറത്തെ ആഷിക് എന്ന ആളുമായി വിവാഹം ചെയ്യിച്ചത് 'സത്യസരണി'യിൽ വെച്ചാണ്. പോലീസ് നടത്തിയ പരിശോധനയിൽ ഹിന്ദു-ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട എഴുപതോളം പേരെ മതപഠനത്തിനും മതപരിവർത്തനത്തിനുമായി 'സത്യസരണി'യിൽ എത്തിച്ചതായി കണ്ടെത്തി. മതപരിവർത്തനത്തിനുശേഷം, സുരക്ഷിതമായി താമസിക്കാനും ഇസ്ലാംമത പഠനത്തിനുമായി മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പാലക്കുഴി എന്ന സ്ഥലത്ത് പോപ്പുലർ ഫ്രണ്ട് പ്രത്യേകം വീടുകൾ നിർമിച്ചൊരുക്കിയിട്ടുണ്ട്.



എന്തിനും 'ഇര' പരിവേഷം

ഇസ്ലാം എന്നാൽ സമാധാനം എന്നാണർഥം. എന്നാൽ, പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ, ഒരു മുസ്ലിം തീവ്രവാദസംഘടനയും ആ ഇസ്ലാമിനെ അംഗീകരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടും കൂട്ടാളികളും അവരുടെ ബീഭത്സമുഖം മറച്ചുപിടിക്കാനും സംരക്ഷണത്തിനുമായി മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയർത്തും. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ 'ഇര' എന്ന പരിവേഷം ചാർത്തി ചില ശുദ്ധാത്മാക്കളെ തങ്ങൾക്കുചുറ്റും അണിനിരത്തും. ചില 'ബുദ്ധിജീവി'കളെ വിലയ്ക്കെടുക്കും. അവർ നടത്തുന്ന പത്രസ്ഥാപനങ്ങളുടെയും മറ്റും തലപ്പത്തിരുത്തി ഉയർന്ന പ്രതിഫലം നൽകും. ഈ തീവ്രവാദ സംഘം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും പോലീസ് നടപടി ഉണ്ടായാൽ 'മനുഷ്യാവകാശ' പ്രവർത്തകരായ ചിലരെ കവചമാക്കും. ഇതെല്ലാം ബോധപൂർവമായ തിരക്കഥയനുസരിച്ചാണ്.


ഇന്ത്യയിൽ ഹിന്ദുരാഷ്ട്രവാദമുയർത്തി മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരേ വിപുലമായ ഐക്യം കെട്ടിപ്പടുക്കാൻ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികൾ ശ്രമിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, മതപരമായ സ്പർധയും ഭിന്നതയും സൃഷ്ടിക്കുന്ന പോപ്പുലർ ഫ്രണ്ടുൾപ്പെടെയുള്ള തീവ്രവാദശക്തികളുടെ ലക്ഷ്യം ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും സംഘപരിവാറിന്റെ വർഗീയഭീഷണിക്കുമെതിരായ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുക എന്നതാണ്. ഇവർ മുസ്ലിങ്ങളുടെ ശത്രുക്കളാണ്. കേരളത്തിലെ മുസ്ലിം ജനതയിൽ 90 ശതമാനത്തിലധികം വരുന്ന സുന്നി മുസൽമാൻ ഇത്തരം തീവ്രവാദങ്ങളെ തുറന്നെതിർക്കുന്നത് ഈ സാഹചര്യത്തിലാണ്.

By: എളമരം കരീം

(സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവും രാജ്യസഭാ എം.പി.യുമാണ് ലേഖകൻ)

Mathrubhumi Malayalam News

https://www.mathrubhumi.com/mobile/news/in-depth/elamaram-kareem-says-about-popular-front-1.2955402