page

Wednesday, 24 February 2021

ഖിബ്-ല നോക്കുന്നതിലെ അപാകതകൾ !

 കുറച്ച് ചെറുപ്പക്കാർ പള്ളിയിൽ വരുന്നില്ല , അപ്പുറത്തെ പള്ളിയിലാണ് ജുമുഅക്ക് പോകുന്നത്, ഞങ്ങളുടെ പള്ളിയുടെ ഖിബ്‌ല തെറ്റാണെന്നാണ് അവർ പറയുന്നത് ;


ഇയ്യിടെ ഒരു മഹല്ല് കമ്മിറ്റിയുടെ ഭാരവാഹികൾ വന്ന് പറഞ്ഞ ആവലാതിയാണിത്, 


കുറച്ച് യുവാക്കൾ അവരുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച്  പള്ളിയുടെ ഖിബ്.ല പരിശോധിച്ചപ്പോൾ സ്മാർട്ട് ഫോൺ കാണിക്കുന്ന പോലെ അല്ല പളളിയുടെ ഖിബ് ല ദിശ,   

അവർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി, 


മഹല്ലിലെ ജനങ്ങൾ രണ്ട് ചേരിയായി, പള്ളിയിൽ വരുന്നവരും വരാത്തവരും!

എങ്ങനെയെങ്കിലും ഒരു പരിഹാരം ചെയ്ത് കൊടുക്കണമെന്നാണ് അവരുടെ ആവശ്യം.

ഒന്ന് രണ്ട് സ്മാർട്ട് ഫോണും കൂടെ  കരുതി നിശ്ചയിച്ച ദിവസം വിനീതൻ അവിടെ എത്തി, 

ആ ചെറുപ്പക്കാർ അടക്കം പള്ളിയിൽ ഒട്ടേറെ പേർ ഒത്ത് കൂടിയിട്ടുണ്ട്,


എന്റെ ആവശ്യ പ്രകാരം,

അവരുടെ ഫോണുകളിൽ രണ്ട് മൂന്നെണ്ണം  ഖിബ് ല യുടെ ആപ്പ് ഓപ്പൺ ചെയ്ത്  വ്യത്യസ്ത സ്ഥലങ്ങളിൽ  വെച്ചു. എന്റടുത്തുള്ള ഫോൺ ഞാനും വെച്ചു,

ഓരോ ഫോണും വ്യത്യസ്തമായ ഡിഗ്രിയിൽ ദിശ കാണിക്കുന്നു !!

ആ കൂട്ടത്തിലെ ഒരു ഫോൺ എടുത്ത് മറ്റൊരു സ്ഥലത്ത് വെച്ചപ്പോൾ ആദ്യത്തെതിന് വിരുദ്ധമായ ദിശ !!


എല്ലാവരും ആകെ അങ്കലാപ്പിയായി,

പ്രത്യേകിച്ച് പ്രസ്തുത യുവാക്കൾ ;

സാദാ Compass പുറത്ത് വെച്ച് പരിശോധിച്ചപ്പോൾ പള്ളിയുടെ ദിശ ശരിയാണെന്ന് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തു.


ഇതെന്താണ് ഉസ്താദേ ഇങ്ങനെ? എന്നായി ഒരാളുടെ ചോദ്യം;

നിങ്ങൾക്ക് ചെറിയ ഒരബദ്ധം പറ്റിയെന്ന് ബോദ്ധ്യപ്പെട്ടെങ്കിൽ ഞാൻ വിശദീകരിക്കാം.

എല്ലാവരും സമ്മദിച്ചു.


ചെറിയ ഒരു ഇരുമ്പിന്റെ കഷ്ണം എടുത്ത് ഫോണിന്റെ മുകളിലൂടെ ചലിപ്പിക്കുമ്പോൾ കാന്തിക ആകർഷണം മൂലം അതിലെ കോമ്പസ് കറങ്ങി കളിക്കുന്നത് ഞാൻ അവർക്ക് കാണിച്ച് കൊടുത്തു. 


ഇരുമ്പ് കമ്പികൾ നിറഞ്ഞ ഒട്ടേറെ പില്ലറുകളും  കോൺഗ്രീറ്റ് സ്ലാബുകളുമുള്ള കെട്ടിടത്തിനുള്ളിൽ വെച്ചോ മറ്റ് ലോഹ വസ്തുക്കൾ ഉള്ള സ്ഥലത്ത് വെച്ചോ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ദിശ നിർണ്ണയം നടത്തിയാൽ പിഴക്കാൻ സാദ്ധ്യത കൂടുതലാണ്,

വാഹനങ്ങൾക്കുള്ളിലും ട്രെയിനിനകത്തുമെല്ലാം ഈ പ്രശ്നം ഉണ്ടാകും.

വ്യാപകമായ ഒരു ധാരണ പിശക് ഉള്ള വിഷയമാണിത്. നല്ല നെറ്റ് കവറേജും മുന്തിയ ഫോണുമാകുമ്പോൾ പിഴക്കില്ലന്ന് ധരിച്ച് പോകും., 


ചില Qibla App കളിൽ 

keep your Device away from metal (നിങ്ങളുടെ ഡിവൈസിനെ ലോഹങ്ങളിൽ നിന്നും അകലെ സൂക്ഷിക്കുക)  എന്ന് പ്രത്യേകമായി നിർദ്ദേശിച്ചതായി കാണാം. 


സാധാരണ Compass കളിൽ താരതമ്യേന ഈ പ്രശ്നം കുറവാണ്.


ത്വാഹാ തങ്ങൾ കുറ്റ്യാടി

🪣🗑️🪣🗑️🪣🪣🗑️🪣🗑️🪣🗑️🪣🗑️🪣🗑️🪣🗑️