page

Thursday, 18 March 2021

മുർത്തദ്ധ്-ഹനീഫ് കായക്കൊടിയുടെ രിദ്ദത്തും ഇസ്‌ലാം പറയുന്ന രിദ്ദത്തും

*ഹനീഫ് കായക്കൊടിയുടെ രിദ്ദത്തും ഇസ്‌ലാം പറയുന്ന രിദ്ദത്തും*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്നതും മതഭൃഷ്ഠനായി വിധിക്കപ്പെടുന്നതുമായ കാര്യങ്ങൾ 'രിദ്ദത്ത്' എന്ന പേരിൽ അറിയപ്പെടുന്നു. രിദ്ദത്തിനു പല കാരണങ്ങളുണ്ട്. മനസ്സാ-വാചാ-കർമ്മണാ രിദ്ദത്തു സംഭവിക്കാം. ഉദാഹരണത്തിന് ഒരാൾ പരിശുദ്ധ ഖുർആൻ ബോധപൂർവ്വം ചളിയിലേക്കെറിഞ്ഞുവെങ്കിൽ ആ പ്രവൃത്തി രിദ്ദത്താകുന്നു. *ശിർക്കും ഇബാദത്തും ദുആയും മാത്രമല്ല രിദ്ദത്തിന്റെ അധ്യായത്തിൽ വരുന്നത്.* നിസ്കാരം മൂന്നു വഖ്‌തേയുള്ളൂ, ഖാദിയാനി നബിയാണ്, എല്ലാ മതങ്ങളും മതനിരാസങ്ങളും സത്യമാണ് തുടങ്ങിയ വാദങ്ങളെല്ലാം രിദ്ദത്താണ്. 

രിദ്ദത്ത് സംഭവിച്ചെന്നുറപ്പായവൻ മുസ്‌ലിമാണോ? അല്ല. പിന്നെയോ? മുർതദ്ദാണ് അഥവാ കാഫിറാണ്. *ഒരു മുസ്‌ലിം, മുസ്‌ലിമായിരിക്കെ മുർതദ്ദാകില്ല. കാഫിർ, കാഫിറായിരിക്കെ മുഅ്മിനുമാകില്ല. ഒരു മുവഹ്ഹിദ്, മുവഹ്ഹിദായിരിക്കെ മുശ്‌രിക്കല്ല. മുശ്‌രിക്ക്, മുശ്‌രിക്കായിരിക്കെ മുവഹ്ഹിദുമല്ല.* മുർതദ്ദായൊരാൾ ആ നിമിഷം മാത്രം മുർതദ്ദും തൊട്ടടുത്ത നിമിഷം മുതൽ മുസ്‌ലിമുമാണ് എന്നാണോ? അല്ല. അവൻ ശഹാദത്തു കലിമ പുതുക്കി മടങ്ങിയാൽ മാത്രമേ മുസ്‌ലിമാകൂ. 

 *മറ്റൊരു മതത്തിന്റെ അടയാളങ്ങളായ ചില പ്രത്യേക മതചിഹ്നങ്ങൾ, പ്രത്യേക മതാചാരങ്ങൾ ഒരു മുസ്‌ലിം സ്വീകരിച്ചാൽ അയാൾ മുർതദ്ദാകും.* അഥവാ ആ നിമിഷം മുതൽ അയാൾ മുസ്‌ലിമല്ലാതാകും. ഇനി മുസ്‌ലിമാകാൻ അയാൾ ശഹാദത്തു കലിമ ചൊല്ലി മടങ്ങേണ്ടതുണ്ട്. അതിൽ പെട്ടതാണ് ശിർക്കിന്റെ വിഗ്രഹാലയത്തിൽ ചെന്ന് അവിടത്തെ ആചാരങ്ങൾ സ്വീകരിച്ച് വിഗ്രഹത്തിനു മുന്നിൽ വണങ്ങുന്നതും, വിഗ്രഹത്തോട് അപേക്ഷിക്കുന്നതും. അത് കേവലം ഒരു കല്ല് മാത്രമാണെന്നും ഇലാഹും റബ്ബുമൊന്നുമല്ലെന്നും വിശ്വസിക്കുന്നവനാണ് അത് ചെയ്തതെങ്കിലും പ്രത്യക്ഷത്തിൽ അവനിൽ കുഫ്റിന്റെ വ്യക്തമായ അടയാളം വന്നിരിക്കുന്നു. (അന്നേരം ഈ മഹാപാതകം ആഖിറത്തിലും രിദ്ദത്താണോ അല്ലയോ എന്നത് മറ്റൊരു കാര്യം.)

ഇത്രയും പറഞ്ഞത് കെഎൻഎം 'പണ്ഡിത' സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി എന്നയാൾ ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ കുറിപ്പിനെ പരിഹസിച്ചെഴുതിയ അബദ്ധ ജഢിലമായ പ്രതികരണം കണ്ടപ്പോളാണ്. ഹനീഫ് കായക്കൊടിയോടുള്ള മറുചോദ്യങ്ങൾ അയാളെയും അയാളുടെ പ്രസ്ഥാനത്തെയും കുഴപ്പിച്ചുകളയും, തീർച്ച. 

 *കായക്കൊടി:* 
 പ്രാർത്ഥിക്കപ്പെടുന്ന ശക്തി ഇലാഹാണെന്നോ റബ്ബാണെന്നോ സ്വയം ശക്തിയാണെന്നോ വിശ്വസിച്ചാൽ മാത്രമേ ആ കാര്യം ആരാധനയാകുകയുള്ളൂ എന്ന് ആരാണ് പഠിപ്പിച്ചത്?  

 *മറുചോദ്യം:* 
പ്രാർത്ഥന മാത്രമാണോ ആരാധന? പ്രാർത്ഥന ആരാധനയുടെ ഒരിനം മാത്രമാണെന്നറിയില്ലേ? താഴ്മയും വണക്കവും അങ്ങേയറ്റമാകുമ്പോഴാണ് ഇബാദത്തുണ്ടാകുക. എന്താണ് തൗഹീദും ശിർക്കും തമ്മിലുള്ള വ്യത്യാസം?  എന്തുകൊണ്ടാണ് നബിക്കും സഹാബത്തിനും മുശ്‌രിക്കുകളുടെ മർദ്ദനമേറ്റതും നാടുവിടേണ്ടി വന്നതും?  ഖുർആൻ പറയുന്നു:

ٱلَّذِینَ أُخۡرِجُوا۟ مِن دِیَـٰرِهِم بِغَیۡرِ حَقٍّ إِلَّاۤ أَن یَقُولُوا۟ رَبُّنَا ٱللَّهُۗ (الحج ٤٠)
 *"റബ്ബുനല്ലാഹ് - ഞങ്ങളുടെ റബ്ബ് അല്ലാഹു മാത്രം"* എന്ന് പറഞ്ഞതല്ലാത്ത മറ്റൊരു കാരണവുമില്ലാതെ തങ്ങളുടെ വീടുകളിൽ നിന്നും നാടുകളിൽ നിന്നും പുറത്താക്കപ്പെട്ടവരാണവർ. (അൽ ഹജ്ജ് - 40)

ഇതു വിശദീകരിച്ചു കൊണ്ട് ഇമാം ഖുർതുബി തഫ്സീറിൽ രേഖപ്പെടുത്തുന്നു. 

وَالْمَعْنَى عِنْدَهُ: الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ بِغَيْرِ حَقٍّ إِلَّا بِأَنْ يَقُولُوا رَبُّنَا اللَّهُ، أَيْ أُخْرِجُوا بِتَوْحِيدِهِمْ، أَخْرَجَهُمْ أَهْلُ الْأَوْثَانِ

( *ഞങ്ങളുടെ റബ്ബ് അല്ലാഹു മാത്രം എന്ന തൗഹീദ്* കാരണം മാത്രമാണ് ബിംബവിശ്വാസികൾ അവരെ പുറത്താക്കിയത്)

 മറ്റൊരു ആയത്തു കൂടി കണ്ടോളൂ:
أَتَقۡتُلُونَ رَجُلًا أَن یَقُولَ رَبِّیَ ٱللَّهُ - غافر ٢٨

( *എന്റെ റബ്ബ് അല്ലാഹു മാത്രം* എന്ന് പറഞ്ഞതിന് നിങ്ങൾ ഒരു മനുഷ്യനെ കൊല്ലുകയാണോ?)

ഇതിന്റെ തഫ്സീറിൽ ഇമാം റാസി എഴുതി:
أنَّ قَوْلَهُ: ﴿رَبِّيَ اللَّهُ﴾ إشارَةٌ إلى التَّوْحِيدِ،
 *(റബ്ബ് അല്ലാഹു മാത്രം എന്നത് തൗഹീദിലേക്കുള്ള സൂചനയാണ്.)* 

അപ്പോൾ ഇലാഹും റബ്ബുമായി അല്ലാഹുവല്ലാത്തതിനെ കല്പിക്കുമ്പോഴാണ് വണക്കം അതിനുള്ള ആരാധനയാകുന്നത്. അപ്പോഴാണ് അപേക്ഷ ഇബാദത്തിന്റെയിനമായ ദുആയാകുന്നത്. അതുകൊണ്ടാണ് ദുആയെ വിശദീകരിച്ചപ്പോൾ ഇമാം റാസി ഇപ്രകാരം നിർവ്വചിച്ചത്:
طلب العبد من ربه حوائجه
 *(അടിമ അവന്റെ റബ്ബിൽ നിന്ന് അപേക്ഷിക്കലാണ് ദുആ)* 

ഈ ഖുർആനിക ആയത്തുകളും, നിർവചനവും നിങ്ങൾ തള്ളിക്കളയുന്നുണ്ടോ? *'അഭൗതിക മാർഗ്ഗേണയുള്ള അർത്ഥനയാണ് പ്രാർത്ഥന, അതാണ് ആരാധന' എന്ന നിങ്ങളുടെ "കുഞ്ഞീതിയൻ തൗഹീദ്" നിങ്ങൾ പടച്ചുണ്ടാക്കിയതല്ലേ?* 

 *കായക്കൊടി:* 
 വിഗ്രഹങ്ങൾക്ക് മുന്നിൽ നിൽക്കുന്നയാൾ ഗുരുവായൂരപ്പനോ മറ്റോ ഇലാഹാണെന്ന് വിശ്വസിക്കുന്നുണ്ടോ? സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിലല്ലേ അത് ഫൈസിയുടെയടുക്കൽ  ആരാധനാകുകയുള്ളൂ. അപ്പോഴല്ലേ രിദ്ദത്തിന്റെ പ്രശ്നം വരികയുള്ളൂ? 

 *മറുചോദ്യം:* 
ക്ഷേത്രാങ്കണത്തിൽ ചെന്ന്  അവിടത്തെ സവിശേഷ മതചിഹ്നങ്ങളോ മതാചാരങ്ങളോ ഒരാൾ സ്വീകരിച്ചാൽ അയാൾ മുർതദ്ദാകുമെന്നാണ്. ('ക്ഷേത്ര ഭഗവാൻ' ഇലാഹാണ്, റബ്ബാണ് എന്ന ശിർക്കു വിശ്വാസമില്ലെങ്കിൽ, അയാൾ അല്ലാഹുവിന്റെയടുത്ത്  അഥവാ പരലോകത്തും മുർതദ്ദാണോ അല്ലയോ എന്നത് മറ്റൊരു ചർച്ചയാണ്) അതേസമയം മാതാപിതാക്കൾ, ഗുരുനാഥന്മാർ, മഹാന്മാർ പോലുള്ള ബഹുമാനിക്കപ്പെടാൻ അർഹതയുള്ളവരുടെ മുന്നിൽ ബഹുമാനാർത്ഥം മാത്രം ഒരാൾ സുജൂദ് ചെയ്തെന്നിരിക്കട്ടെ.  അയാൾ മുർതദ്ദാകുമോ? ഇല്ല. ആരാധനയുടെ ഏറ്റവും മൂർത്തമായ രൂപമാണല്ലോ സുജൂദ്. എന്നിട്ടും അതു ഇവിടെ ഹറാം മാത്രമാണ്. യൂസുഫ് നബി(അ)യുടെ മുന്നിൽ യഅ്ഖൂബ് നബി(അ)യും മക്കളും സുജൂദ് ചെയ്തല്ലോ. (അവരുടെ ശരീഅത്തുകളിൽ അത് അനുവദനീയമായിരുന്നുവെന്നാണ് ഇബ്നു കസീർ രേഖപ്പെടുത്തിയത്.) അതേസമയം, ക്ഷേത്രത്തിൽ പോയി ബിംബത്തിനു സുജൂദ് ചെയ്താൽ രിദ്ദത്താണല്ലോ. എന്താണ് വ്യത്യാസം? 

ക്ഷേത്രത്തിൽ പോയി അവിടെ ദൈവമായി പ്രതിഷ്ഠിച്ച കല്ലിനോട് അവിടത്തെ ആചാരങ്ങൾ സ്വീകരിച്ചുകൊണ്ട് അപേക്ഷിച്ചാൽ രിദ്ദത്തായി. അതേസമയം മൂസാ നബി(അ), ഓടുന്ന കല്ലിന്റെ പിറകിലോടി "കല്ലേ എന്റെ വസ്ത്രം തരൂ"  എന്ന് അപേക്ഷിച്ചത് സഹീഹുൽ ബുഖാരിയിലുണ്ടല്ലോ. അത് രിദ്ദത്തല്ല. എന്താണ് വ്യത്യാസം? 

 *കായക്കൊടി:* 
ഇവിടെ ഭഗവാൻ ഗുരുവായൂരപ്പൻ എന്നതിനുപകരം മടവൂർ ശൈഖ് എന്നോ മുഹ്‌യിദ്ദീൻ ശൈഖ് എന്നോ ആണെങ്കിൽ അമ്പലക്കടവിന്റെ അഭിപ്രായമെന്താണ്?

 *മറുചോദ്യം:* 
മേല്പറഞ്ഞ യുസുഫ് നബിയുടെയും മൂസാ നബിയുടെയും സംഭവങ്ങളും, വിഗ്രഹസുജൂദും എന്തുകൊണ്ട് വ്യത്യാസമായി? ഒരു മുസ്‌ലിമിൽ നിന്ന് ക്ഷേത്രാരാധനയായ ക്ഷേത്ര പ്രദക്ഷിണം സംഭവിച്ചാൽ കുഫ്ർ. അതേസമയം  കഅ്ബാലയത്തിലെ ആരാധനയായ ത്വവാഫ് കുഫ്‌റല്ല. രണ്ടും കാഴ്ച്ചയിൽ ഒരു പോലെയാണുതാനും. എന്താണ് വ്യത്യാസം?  
എന്തിനാണ് 'ക്ഷേത്രാങ്കണ ഭഗവാനെ'യും, അല്ലാഹുവിന്റെ ഔലിയാക്കളെയും, കായക്കൊടി മൗലവീ  നിങ്ങൾ സമമാക്കുന്നത്?  

 *കായക്കൊടി:* 
 അല്ലാഹുവിനോട് മാത്രം ഉള്ള പ്രാർത്ഥനയെ കെ.എസ്.ആർ.ടി.സിയിൽ ഉള്ള യാത്രയോടല്ലേ ഫൈസി ഉപമിച്ചത്!!

 *മറുചോദ്യം:* 
എന്തിനാണീ ഗീബൽസിയൻ നുണ നിങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കുന്നത്? അല്ലാഹുവിനോട് ദുആ ചെയ്യുന്നതിനെ കെഎസ്ആർടിസി യോട് ഫൈസി ഉപമിച്ചതെവിടെ? ജാഇസായ കാര്യങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ, അവയിൽ ചിലത് 
കെഎസ്ആർടിസി പോലെയും മറ്റുചിലത് ബെൻസ് കാർ പോലെയുമെന്നല്ലേ ഫൈസി പറഞ്ഞത്? അതിലെവിടെയാണ് അല്ലാഹുവിനോടുള്ള ദുആ കടന്നുവരുന്നത്? ഇതു എത്രയോ വട്ടം വ്യക്തമാക്കിയിട്ടും, നിങ്ങളെന്തിനാണീ പച്ച നുണ പിന്നെയും പടച്ചുവിടുന്നത്? 

 *കായക്കൊടി:* 
മടവൂരിലും ഏർവാടിയിലും അജ്മീറിലും എത്തി ചെരിപ്പ് അഴിച്ചു വെച്ച് കാണിക്ക അർപ്പിച്ചാൽ ഇല്ലാത്ത എന്തു കുഴപ്പമാണ്  ഗുരുവായൂരിൽ ഉണ്ടാകുന്നത് എന്ന് ഫൈസി വിശദീകരിക്കണം.

 *മറുചോദ്യം:* 
ചെരുപ്പഴിക്കുന്നതാണോ ശിർക്ക്? എങ്കിൽ നിങ്ങളുടെ ജംഇയ്യത്തുൽ ഉലമയിലും കെഎൻഎമ്മിലും ശിർക്കില്ലാത്ത വല്ലവരും ഉണ്ടാകുമോ? തബർറുകിനു വേണ്ടിയോ, അവിടെയുള്ളവർക്ക് വിതരണത്തിനോ കൊണ്ടുവരുന്നതിനെ കുറിച്ചാണോ നിങ്ങൾ 'ക്ഷേത്രകാണിക്ക'യെന്നു പറഞ്ഞത്? അങ്ങനെയെങ്കിൽ ദാനിയാൽ നബിയുടെ തിരുദേഹം സൂക്ഷിച്ചിരുന്ന പെട്ടിയിൽ ഉണ്ടായിരുന്ന കുപ്പിയിലെ നെയ്യ് രോഗ ശമനത്തിനുപയോഗിക്കാനും ബാക്കിയുള്ളത് തനിക്ക് കൊടുത്തയാക്കാനും അബൂമൂസൽ അശ്അരി(റ)യോട് ആവശ്യപ്പെട്ട അമീറുൽ മുഅ്മിനീൻ ഉമർ(റ) വിന്റെ നടപടിയെ നിങ്ങൾ  കുഫ്‌റാക്കുമോ? ആക്കില്ലെങ്കിൽ ക്ഷേത്രകാണിക്കയും ഇതും തമ്മിലെന്താണ് വ്യത്യാസം? 

 *കായക്കൊടി:* 
അത്തരം ജാറങ്ങളിൽ പ്രാർത്ഥനാ നിർഭരമായ മനസ്സുമായി നിന്നും ഇരുന്നും കിടന്നും കാണിക്കയർപ്പിക്കുന്നവരെ യഥാർത്ഥ മതവിശ്വാസികളായി കാണുന്ന ഫൈസി എങ്ങനെയാണ് ഇതിനെ എതിർക്കുന്നത്? 

 *മറുചോദ്യം:* 
ജാറങ്ങളിൽ മറമാടപ്പെട്ടയാളോടുള്ള പ്രാർത്ഥനാ നിർഭരമായ മനസ്സെന്ന് കായക്കൊടി എങ്ങനെ മനസ്സിലാക്കി? ജാറങ്ങളിലെ മഹത്തുക്കൾ റബ്ബാണെന്നാണ് ആളുകളുടെ മനസ്സിലുള്ളതെന്ന് കായക്കൊടിക്കെങ്ങനെ 'ഗൈബ്' കിട്ടി? വിശദീകരിക്കണം. മുഖത്തേക്കു പോലും നോക്കാതെ അദബോടെയും ബഹുമാനത്തോടെയും നബി(സ)യുടെ മുന്നിൽ സഹാബിമാർ നിന്നിട്ടില്ലേ?  നബിയുടെ അംഗസ്നാന വെള്ളവും സ്രവങ്ങളും അവർ ശരീരത്തിൽ പുരട്ടിയിട്ടില്ലേ? അഭൗതികമായി ഗുണം പ്രതീക്ഷച്ചതാണോ പ്രാർത്ഥന? എങ്കിലത്‌ നിങ്ങളുടെ 'കുഞ്ഞീതുതൗഹീദാ'ണ്. അത് "കെയെന്നെമ്മി"ന്റെ ഓഫീസിൽ വെച്ചാൽ മതി.

 *കായക്കൊടി:* 
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ജാറങ്ങളിൽ ആളുകൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളും കൈകൂപ്പലുകളും ത്വവാഫുകളും കണ്ണീരൊഴുക്കലുകളും നാം കാണുന്നതാണ്. ന്യായീകരണമാണ് ഇത്തരം ശിർക്കുകൾ ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത്. അതിന്റെ ബാക്കി പത്രമാണ് നാം ഈ കാണുന്നത്.

 *മറുചോദ്യം:* 
ജാറങ്ങളിൽ പേക്കൂത്തുകൾ നടക്കുന്നുണ്ടെങ്കിൽ അതെങ്ങനെയാണ് ശിർക്കാകുന്നത്? നിങ്ങളുടെ സലഫീ ഫെസ്റ്റുകളിലും മറ്റും പല പേക്കൂത്തുകളും നടക്കുന്നുണ്ടല്ലോ? അതെന്താ ശിർക്കാകാത്തത്? കൈകൂപ്പൽ, ത്വവാഫ് പോലുള്ള വല്ലതും നടക്കുന്നുണ്ടെങ്കിൽ അതെങ്ങനെ ശിർക്കാകും? നബി(സ)യോട് കരഞ്ഞു സങ്കടം പറഞ്ഞ സഹാബികൾ എന്തേ മുശ്‌രിക്കായില്ല? മൂസാ നബി(അ)യോട് ആളുകൾ മഴ ചോദിച്ചുവെന്ന് ഖുർആൻ. അവരെന്തേ മുശ്‌രിക്കായില്ല? ക്ഷേത്രാങ്കണത്തിൽ ചെന്ന് ക്ഷേത്രാചാരം സ്വീകരിക്കുന്നത് കുഫ്റിന്റെ അടയാളമാണ്. അതിനാലാണ് അത് രിദ്ദത്തായത്. അതുപോലെയാണോ ഔലിയാഇന്റെ സവിധങ്ങൾ? 

 *കായക്കൊടി:* 
മുസ്ലിം പേര് ആയാൽ കുഴപ്പമില്ലെന്നും അമുസ്ലിം പേര് ആയാൽ മാത്രമേ ശിർക്കാവുകയുള്ളൂ എന്നുമുള്ള ഫൈസിമാരുടെ വാദം ദുരുപയോഗം ചെയ്തു.

 *മറുചോദ്യം:* 
ആരാണ് എവിടെയാണ് ഇപ്രകാരം പറഞ്ഞത്? പച്ചനുണ പലവട്ടം പറഞ്ഞു സത്യമാക്കുകയോ?
 മുസ്‌ലിം പേരുള്ളവനാണോ മുസ്‌ലിം? ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് എന്ന സത്യസാക്ഷ്യം അംഗീകരിച്ചവനാണ് മുസ്‌ലിം. ആ മുസ്‌ലിം മുസ്‌ലിമായിരിക്കെ മുശ്‌രിക്കാകില്ല എന്നാണ് ഞങ്ങൾ പറഞ്ഞത്. അവൻ ഖുത്ബിയ്യത്തോ നാരിയ്യത്തു സ്വലാത്തോ ചൊല്ലിയാൽ മുശ്‌രിക്കാണ് എന്നല്ലേ നിങ്ങൾ ആരോപിക്കുന്നത്? യഥാർത്ഥത്തിൽ നിങ്ങളല്ലേ അട്ടിമറിക്കുന്നത്? ചോദിക്കട്ടെ,
 ആ ചൊല്ലുന്ന നിമിഷത്തിൽ മാത്രമാണോ മുശ്‌രിക്കായത്? അതിനു മുമ്പേ, ഖുത്‌ബിയ്യത്തിലും നാരിയ്യത്തു സ്വലാത്തിലും വിശ്വസിക്കുന്നവൻ മുശ്‌രിക്കാകാത്തതെന്താണ്? ചൊല്ലിക്കഴിഞ്ഞ ശേഷം മുശ്‌രിക്കല്ലാതെയാകുമോ?  വിശ്വാസമില്ലാതെ ചൊല്ലിയാൽ മുശ്‌രിക്കാക്കുമോ? ശിർക്കെന്നാൽ ഏതാനും നേരത്തേക്കുള്ളതാണോ?  *സാക്ഷാൽ ശിർക്കും അതിന്റെ ആചാരങ്ങളും നടക്കുന്ന ശിർക്കാലയത്തിൽ അവിടത്തെ ആചാരങ്ങൾ ശിർക്കിന്റെ പ്രത്യക്ഷ അടയാളമെന്ന നിലയ്ക്ക് രിദ്ദത്താണ്. എന്നുവെച്ചു മുസ്‌ലിം ആചാരങ്ങളെ ശിർക്കാക്കുന്നത് ഗുരുതര തെറ്റല്ലേ?* 

 *കായക്കൊടി:* 
നന്തിയും ദാറുൽ ഹുദയും അടക്കമുള്ള സ്ഥാപനങ്ങൾ നടത്താൻ വേണ്ടി ജാറങ്ങളിൽ നിന്നുള്ള പണം സ്വീകരിക്കുന്ന ഫൈസിയെ പോലെയുള്ള പണ്ഡിതന്മാർ ഒരിക്കൽ പോലും ഓർത്തിട്ടില്ലാത്ത പരലോകത്തെ കുറിച്ച് ഓർക്കാൻ രാഷ്ട്രീയക്കാരോട് ആഹ്വാനം ചെയ്യുന്നത് സങ്കടകരം എന്നല്ലാതെ മറ്റെന്തു പറയാൻ.

 *മറുചോദ്യം:* 
ഓർക്കുക എന്നത് മനസ്സിലെ പ്രവൃത്തിയാണല്ലോ.
ഫൈസി ഒരിക്കൽ പോലും പരലോകം ഓർത്തിട്ടില്ല എന്നെങ്ങനെ കായക്കൊടി അറിഞ്ഞു? മറ്റൊരാളുടെ മനസ്സിലുള്ളത് അറിയുമെന്ന് പറയുന്നത് ഗൈബാണെന്നും ശിർക്കാണെന്നുമല്ലേ നിങ്ങളുടെ ജല്പനം? പക്ഷേ സുന്നി മാത്രം മുശ്‌രിക്കും കായക്കൊടി മുശ്‌രിക്കാകാതിരിക്കുന്നതെങ്ങനെ? 
മഹാന്മാരുടെ ജാറങ്ങൾ ക്ഷേത്രങ്ങളാണെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? നിങ്ങളുടെയീ വിശ്വാസം നിങ്ങളുടെ 'കുഞ്ഞീതുവിൻ തൗഹീദി'നെ ബെയ്‌സ് ചെയ്തുകൊണ്ടല്ലേ? ആ തൗഹീദ് നിങ്ങൾ പടച്ചുണ്ടാക്കിയതല്ലേ? ഇസ്‌ലാമിക തൗഹീദുമായിട്ട് അതിനെന്താണ് ബന്ധം? *ശിർക്കിന്റെ കേന്ദ്രങ്ങളായ ക്ഷേത്രാങ്കണത്തിലെ  ക്ഷേത്രാചാരം രിദ്ദത്താണെന്നത് കായക്കൊടി ചെയ്താലും പറയേണ്ടിവരും. അതിനു ഇസ്‌ലാമിക കേന്ദ്രങ്ങളായ മഹാന്മാരുടെ മഖ്ബറകളെ വലിച്ചിഴക്കുന്നത് യുക്തിവാദികളിൽ നിന്ന് നിങ്ങൾ കടമെടുത്തതല്ലേ?* കാരണം, യുക്തി വാദികൾ പറയുന്നു: "കറുപ്പു മുണ്ടെടുത്ത് ശബരിമലയിൽ പോകുന്നതും, വെളുപ്പു മുണ്ടെടുത്ത് ഹജറുൽ അസ്‌വദിൽ ചെല്ലുന്നതും ഒന്നുതന്നെയാണ്. രണ്ടും വിഗ്രഹാരാധനയാണ്." ഇതേ ചോദ്യമല്ലേ നിങ്ങളും ചോദിക്കുന്നത്? 

 *കായക്കൊടി:* 
 ജാറങ്ങൾ കേന്ദ്രീകരിച്ചും അല്ലാതെയും നടക്കുന്ന പച്ചയായ ശിർക്കിനെ ന്യായീകരിച്ച പൗരോഹിത്യത്തിന്റെ ദുഷ്പ്രവൃത്തിയുടെ പ്രതികരണമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ശിർക്കും തൗഹീദും തിരിച്ചറിയാത്ത അപകടകരമായ പ്രവണത എന്ന് ഫൈസി അംഗീകരിച്ചേ മതിയാകൂ. രിദ്ദത്തിന്റെ ബാബ് ഓതുന്നതിന് മുമ്പ് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തൗഹീദ് പഠിക്കുകയും പഠിപ്പിക്കുകയുമാണ് ഫൈസി ചെയ്യേണ്ടത്.

 *മറുചോദ്യം:* 
'പച്ചയായ ശിർക്ക്' എന്നത് നിങ്ങളുടെ 'കുഞ്ഞീതുവിൻ തൗഹീദ'നുസരിച്ചല്ലേ? ആ ഇസ്‌ലാമിക വിരുദ്ധ തൗഹീദ് നിങ്ങൾക്ക് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ?  ഖുർആനും ഹദീസും പഠിപ്പിച്ച സാക്ഷാൽ തൗഹീദും അവരണ്ടും നിരാകരിച്ച യഥാർത്ഥ ശിർക്കും രിദ്ദത്തും, അതുരണ്ടും ആഴത്തിൽ പഠിച്ച സമുദ്ര സമാനാരായ ഇമാമുകളെ അവലംബിച്ചു മാത്രമേ ഞങ്ങൾ പറയുകയുള്ളൂ. ഇമാമുകളെ അവഗണിച്ചാൽ അജ്ഞന്മാരായ നിങ്ങൾക്ക് എങ്ങനെയും ഖുർആനും ഹദീസും വളച്ചൊടിക്കാനാവുമെന്ന ഗൂഢ ലക്ഷ്യമുള്ളതുകൊണ്ടല്ലേ നിങ്ങൾ ഇമാമുകളുടെ കിതാബുകളെ അവഗണിക്കാൻ പറയുന്നത്? 

 *ഹനീഫ് കായക്കൊടി മറുപടി പറയുമോ?* 

1-  ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഗുരുവായൂരപ്പനെ വണങ്ങുകയും അതിന് നിവേദിക്കുകയും ചെയ്യുന്നവനും, അജ്മീറിലും ഏർവാടിയിലും പോകുന്ന മുസ്‌ലിമും ഒരുപോലെയാണോ❓

2 - ആണെങ്കിൽ ഒന്നാമത്തെവനെ അമുസ്‌ലിമെന്നും, രണ്ടാമത്തെവനെ മുസ്‌ലിമെന്നും നിങ്ങൾ പറയുന്നത് വൈരുധ്യമല്ലേ❓

3- ഒന്നാമത്തവനോട് നിങ്ങൾ സലാം ചൊല്ലുന്നില്ല. രണ്ടാമത്തവനോട് നിങ്ങൾ സലാം ചൊല്ലുമെന്ന് പറയുന്നു. അതെന്തുകൊണ്ട്❓
 
4- ഒന്നാമത്തവനോട് നിങ്ങൾ വിവാഹ ബന്ധത്തിലേർപ്പെടുന്നില്ല. രണ്ടാമത്തവനോട്  നിങ്ങൾ വിവാഹ ബന്ധത്തിലേർപ്പെടുന്നു. എന്തുകൊണ്ട്❓

5- ഒന്നാമത്തെവന്റെ പിന്നിൽ നിങ്ങൾ തുടർന്നുനിസ്കരിക്കുന്നില്ല. രണ്ടാമത്തെവന്റെ പിന്നിൽ നിങ്ങൾ തുടർന്നുനിസ്കരിക്കുന്നു. അതെന്തുകൊണ്ട്❓

6- ഒന്നാമത്തവൻ മരിച്ചാൽ നിങ്ങൾ മയ്യിത്തുനിസ്കരിക്കുന്നില്ല. രണ്ടാമന്റെ മേൽ മയ്യിത്തുനിസ്കരിക്കുന്നു. വ്യത്യാസമെന്ത്❓

7- ഒന്നാമനോട് നിങ്ങൾ അനന്തരാവകാശ ബന്ധം പുലർത്തുന്നില്ല. രണ്ടാമനോട് പുലർത്തുന്നു. കാരണമെന്ത്❓

8- ഒന്നാമൻ അറുത്ത മാംസം നിങ്ങൾ ഭക്ഷിക്കുന്നില്ല. രണ്ടാമന്റേത് ഭക്ഷിക്കുന്നു. എന്താ കാരണം❓

9-  ഒന്നാമൻ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് അംഗീകരിക്കുന്നില്ല, രണ്ടാമൻ അംഗീകരിക്കുന്നുവെന്നാണോ വ്യത്യാസം. എങ്കിൽ ഖാദിയാനികൾ, ചേകനൂരികൾ പോലെയുള്ള  മുർതദ്ദുകളോട് നിങ്ങളുടെ നിലപാടെന്ത്‌❓അവർ മുസ്‌ലിമാണോ? അവരോട് നിങ്ങൾ തുടരുമോ❓ അവരറുത്തത് തിന്നുമോ? അവരുടെ മേൽ മയ്യിത്തുനിസ്കരിക്കുമോ❓ വിവാഹ ബന്ധം നടത്തുമോ❓........

10- രണ്ടാമന്മാർ നേതൃത്വം വഹിക്കുന്ന മുസ്‌ലിം ലീഗിൽ നിങ്ങളെന്തിനാണ് അണിനിരക്കുന്നത്? നിങ്ങളുടെ വിശ്വാസപ്രകാരം അതു കാഫിർലീഗല്ലേ❓

താഴെ ഹദീസ് നിങ്ങളുടെ തലയിലും നെഞ്ചിലും അടിച്ചിറക്കട്ടെ:
 [عن حذيفة بن اليمان عن النبي صلى الله عليه وسلم : إنَّ ما أتخوَّفُ عليكم رجُلٌ قرَأ القُرآنَ حتّى إذا رُئِيَتْ بهجتُه عليه وكان رِدْئًا للإسلامِ غيَّره إلى ما شاء اللهُ فانسلَخ منه ونبَذه وراءَ ظَهرِه وسعى على جارِه بالسَّيفِ ورماه بالشِّركِ) قال: قُلْتُ: يا نبيَّ اللهِ أيُّهما أَوْلى بالشِّركِ المَرْميُّ أم الرّامي؟ قال:(بلِ الرّامي) ----ابن حبان (ت ٣٥٤)، صحيح ابن حبان ٨١

 *(നബി(സ) പറഞ്ഞു. നിങ്ങളിൽ ഞാനേറ്റവും ഭയപ്പെടുന്നത് ഒരാളെ കുറിച്ചാണ്.അയാൾ ഖുർആൻ ഓതുന്നതാണ്. അങ്ങനെ അതിന്റെ പ്രസരിപ്പ് അയാളുടെ മുഖത്ത് കാണപ്പെടുകയും അയാൾ ഇസ്‌ലാമിന്റെ സഹായിയാണെന്ന് വരികയും ചെയ്യുമ്പോൾ അല്ലാഹു അവനെ കൊണ്ട് ഉദ്ദേശിച്ചതിലേക്ക് അവൻ ഖുർആനിനെ മാറ്റിമറിക്കും.എന്നിട്ട് ഖുർആനിൽ നിന്ന് ഊരിപ്പോരുകയും വലിച്ചെറിയുകയും ചെയ്യും.തുടർന്ന് തന്റെ അയൽവാസിക്കു നേരെ വാളെടുക്കുകയും ശിർക്കാരോപണം നടത്തുകയും ചെയ്യും.ഹുദൈഫ(റ) ചോദിച്ചു: നബിയേ, അവരിലാരാണ് ശിർക്കുമായി ഏറ്റവും ബന്ധപ്പെട്ടവൻ? ആരോപിതനോ, ആരോപകനോ? നബി(സ) പറഞ്ഞു: അല്ല, ആരോപകനാണ് ശിർക്കുമായി ഏറ്റവും ബന്ധപ്പെട്ടത്.)* 

 ഇബ്നു അബ്ദിൽ വഹ്‌ഹാബിനെയും വഹ്ഹാബികളെയുമല്ലേ ഈ ഹദീസിലൂടെ നബി(സ) ഭയപ്പെട്ടത്!

 *എംടി അബൂബക്ർ ദാരിമി* 
 *17/03/2021*