page

Tuesday, 13 April 2021

മാസപ്പിറവി-ഇന്നലേകളിൽ !

 പണ്ടൊക്കെ സുബ്ഹി നിസ്കാരം കഴിഞ്ഞാലോ ചിലപ്പോൾ അതിന് തൊട്ട് മുമ്പോ ആണ് നോമ്പ് - പെരുന്നാൾ മാസപ്പിറവിയെ കുറിച്ച് അറിവ് കിട്ടുക.

പള്ളിയിൽ നിന്നുള്ള തക്ബീറായിരുന്നു ഏക ആശ്രയം.

കോഴിക്കോട് ഖാളി ഉറപ്പിച്ചാൽ അതാണ് മലബാറിലുടനീളം ബാധകമാവുക.

1989ലാണെന്നാണ് ഓർമ്മ. നോമ്പ് 29ന് രാത്രി ജനങ്ങൾ മാസപ്പിറവിയെ കുറിച്ചുള്ള ആകാംക്ഷയിലാണ്. രാത്രി 11.05ൻ്റെ ആകാശവാണി ബുള്ളറ്റിൻ ചെവിയോർത്തു. കക്കാട് മെഡിക്കൽസിൻ്റെ മുന്നിൽ സുന്നി പ്രവർത്തകരോടൊപ്പം നില്ക്കുകയായിരുന്നു ആ സമയം. 

ആകാശവാണി വാർത്തകൾ വായിക്കുന്നത് .... കാപ്പാട് മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ പെരുന്നാളായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സിക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ഉറപ്പിച്ചു.

കേട്ടപാതി കേൾക്കാത്ത പാതി ലീഗു കേന്ദ്രങ്ങൾ വിമർശനത്തിന് മുതിർന്നു . ചിലേടങ്ങളിൽ സംഘർഷവുമായി.

സുബ്ഹിക്കടുപ്പിച്ച് കോഴിക്കോട് ഖാളിയുടെ പ്രഖ്യാപനം വന്നു. പെരുന്നാളാണെന്ന്. അതങ്ങനെ കഴിഞ്ഞു.

പിന്നീട് മറ്റൊരു കൊല്ലം കാപ്പാട് നുറുകണക്കിനാളുകൾ പിറകണ്ടു. 

ബേപ്പൂർ ഖാളി പി ടി അബ്ദുൽ ഖാദിർ മുസ്ല്യാർ മാസം ഉറപ്പിച്ചു.

നാട്ടുകാർ കോഴിക്കോട് ഖാളിയെ ചെന്നു വിവരമറിയിച്ചു.

അന്ന് മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഒഹാബികൾ പറഞ്ഞ ദിവസമായിരുന്നു. അതോ എന്തോ കോഴിക്കോട് ഖാളി തീരുമാനമെടുത്തില്ല. അത് മൂലം ശിഹാബ് തങ്ങളും പെരുന്നാൾ ഉറപ്പിച്ചില്ല. 

ജനം മർകസിൽ മഹാനായ എ പി ഉസ്താദിനെ കണ്ടു വിവരം പറഞ്ഞു.

ദൃക്സാക്ഷികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

എന്ത് ചെയ്യണമെന്ന് ചിന്തിച്ചു.

രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ചു.

സത്യം ഭൗതിക താത്പര്യങ്ങൾക്കായി മൂടി വെക്കുന്ന സാഹചര്യത്തിൽ ഹഖ് പറയുക തൻ്റെ ബാധ്യതയാണെന്ന് ആ സാത്വിക പണ്ഡിതൻ ഉറപ്പിച്ചു .അല്ലെങ്കിൽ താൻ കുറ്റക്കാരനാകുമെന്ന് ഭയപ്പെട്ടു. സംഘർഷമൊക്കെ മുന്നിൽ കണ്ടു. എല്ലാം അല്ലാഹുവിൽ അർപ്പിച്ചു.

നാളെ പെരുന്നാളായി ഉറപ്പിച്ചു.

അങ്ങനെ ആദ്യമായി പെരുന്നാൾ രണ്ടായി. ആയിരമാളുകൾ മാസപ്പിറവി ദർശിച്ചാലും ഖാളി കനിഞ്ഞില്ലെങ്കിൽ പെരുന്നാളാകാത്ത രാഷ്ട്രീയക്കാർക്കും ബിസിനസ്സുകാർക്കും ബിദ്അത്തുകാർക്കും വേണ്ടി പെരുന്നാൾ ദിവസം നോമ്പെടുപ്പിക്കുന്ന അവസ്ഥക്ക് ശൈഖുനാ കാന്തപുരം മാറ്റമുണ്ടാക്കി. സംസ്ഥാനത്തുടനീളം സത്യം നിർഭയം പറയുന്ന സംയുക്ത ഖാളിമാർ നിലവിൽ വന്നു.പിറ കണ്ടാൽ അംഗീകരിച്ചേ തീരൂ എന്ന അവസ്ഥ സംജാതമായി. കൽക്കത്തയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അന്ന് ചന്ദ്ര ദർശനം സാധ്യമാകുമെന്ന് വ്യക്തമാക്കിയ കാര്യങ്ങളൊക്കെ ചർച്ചയായി. ഒഹാബികളുടെ കണക്ക് കൂട്ടലും അവർക്കൊപ്പിച്ച് വിധി പറയുന്ന ഖാളിമാരെയൊക്കെ ജനം തിരിച്ചറിഞ്ഞു. മുൻകൂർ കണക്ക് നോക്കി പറയുന്ന ഹിലാൽ കമ്മിറ്റിയൊക്കെ പൊളിഞ്ഞ് പാളീസായി.

അങ്ങനെ എന്തൊക്കെ വിപ്ളവങ്ങളാണ് ഈ കുറഞ്ഞ കാലം കൊണ്ട് സുന്നി പ്രസ്ഥാനം സാധിതമാക്കിയത്. സ്തുതി നാഥന്. 

അല്ലാഹു ഉസ്താദിന് ആഫിയത് നല്കട്ടെ -

സലിം കക്കാട്